Home Blog Page 2156

റോഡിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുന്നത് കെഎസ്ആർടിസി സ്വിഫ്റ്റിലെ ഡ്രൈവർമാർ എന്ന് മന്ത്രി

തിരുവനന്തപുരം. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിലെ ജീവനക്കാർക്ക് ശാസനയുമായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. നിലവിൽ റോഡിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുന്നത് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിലെ ഡ്രൈവർമാർ എന്ന് മന്ത്രി പറഞ്ഞു. മര്യാദയ്ക്ക് വണ്ടി ഓടിക്കണമെന്നും മന്ത്രിയുടെ താക്കീത്. 500ൽ താഴെ ബസ് ഓടുന്ന സ്വിഫ്റ്റ് ഇടിച്ചാണ് കൂടുതൽ പേർ മരിക്കുന്നത്. കെ.എസ്.ആർ.ടിസിയിലെ ജീവനക്കാർക്കുള്ള മര്യാദ സ്വിഫ്റ്റ്ലെ കണ്ടക്ടർമാരും ഡ്രൈവർമാരും പാലിക്കണമെന്നും മന്ത്രി പറഞ്ഞു. പരാതി വന്ന് അത് തെളിഞ്ഞാൽ അതിതീവ്രമായ നടപടി ഉണ്ടാകുമെന്നും ഗണേഷ് കുമാർ മുന്നറിയിപ്പ് നൽകി.

ശാസ്താംകോട്ട താലൂക്ക് ആശുപത്രിക്ക് 80 സെന്റ് ഭൂമി വിട്ടുനല്‍കി റവന്യൂ ഉത്തരവ്

ശാസ്താംകോട്ട. താലൂക്ക് ആശുപത്രിക്ക് 80 സെന്റ് ഭൂമി വിട്ടുനല്‍കി റവന്യൂ ഉത്തരവ്. ആഴ്ച ചന്തപ്രവര്‍ത്തിക്കുന്ന ഭാഗമാണ് വിട്ടുനല്‍കിയത്. ബ്‌ളോക്ക് 13ല്‍ റീസര്‍വേ 47-1 ല്‍പ്പെട്ട ഭൂമിയാണ് നല്‍കുന്നത്. താലൂക്ക് ആശുപത്രിക്ക് നിലവില്‍ 83സെന്റ് ഭൂമി മാത്രമാണുള്ളതെന്നും അവിടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലമില്ലെന്നും ഉള്ള നിവേദനം പരിഗണിച്ചാണ് നടപടി. ചന്തയുടെ ഭൂമിയുടെ കൈവശാവകാശം പഞ്ചായത്തില്‍ ആയിരുന്നതിനാല്‍ അതു സംബന്ധിച്ച നിയമപ്രശ്‌നങ്ങള്‍ ഉണ്ടായി.

ഇതിനിടെ 50സെന്റ് ഭൂമിമാത്രം നല്‍കാന്‍ രഹസ്യനീക്കം നടന്നുവെന്ന് ബ്‌ളോക്ക് പഞ്ചായത്ത് അംഗം തുണ്ടില്‍ നൗഷാദ് പറഞ്ഞു. ഇതിനെതിരെ താലൂക്ക് വികസന സമിതിയിലും അതുവഴി സര്‍ക്കാരിലും നൗഷാദ് നിവേദനം നല്‍കിയിരുന്നു. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ വിഷയത്തില്‍ ഇടപെട്ട് തടസങ്ങള്‍ നീക്കിയാണ് നിലവില്‍ സര്‍ക്കാര്‍ ഉത്തരവായത്.
ഭൂമി ആശുപത്രി വികസനത്തിനല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കരുതെന്നും അനുവദിക്കുന്ന തീയതിമുതല്‍ ഒരു വര്‍ത്തിനകം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും കയ്യേറ്റം ുണ്ടാകാതെ ആരോഗ്യവകുപ്പ് സംരക്ഷിക്കണമെന്നും തുടങ്ങി നിരവധി നിബന്ധനകളോടെയാണ് ഭൂമി വിട്ടുനല്‍കിയത്. തുടര്‍ നടപടികള്‍ക്ക് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

തിളച്ച പാല്‍ ദേഹത്ത് വീണ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

തിളച്ച പാല്‍ ദേഹത്ത് വീണ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. കോഴിക്കോട് താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നില്‍ താമസിക്കുന്ന നസീബ്-ജസ്‌ന ദമ്പതികളുടെ മകന്‍ അസ്ലന്‍ അബ്ദുള്ളയാണ് മരിച്ചത്. ഒരുവയസ്സായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ ദേഹത്ത് തിളച്ചപാല്‍ മറിഞ്ഞത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

നടന്‍ സിദ്ദിഖ് സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

യുവ നടിയുടെ പീഡന പരാതിയിൽ നടന്‍ സിദ്ദിഖ് സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് സിദ്ദിഖ് സുപ്രീം കോടതിയെ സമീപിച്ചത്. അഭിഭാഷക രഞ്ജിത റോത്തഗിയാണ് സിദ്ദിഖിനിയായി മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തത്.
സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കുന്നതിന്റെ ഭാഗമായി ഇന്നലെ മുതിര്‍ന്ന അഭിഭാഷകരുമായി സിദ്ദിഖുമായി അടുപ്പമുള്ളവര്‍ ചര്‍ച്ച നടത്തിയിരുന്നു. അതിനിടെ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട്, പരാതിക്കാരിയായ നടി സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി നല്‍കിയിട്ടുണ്ട്. സിദ്ദിഖിനെതിരെ സര്‍ക്കാരും തടസ്സ ഹര്‍ജിയുമായി കോടതിയെ സമീപിക്കുമെന്ന് സൂചനയുണ്ട്.
ഹെക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തളളിയതിന് പിന്നാലെ അന്വേഷണം വ്യാപിപ്പിച്ചിട്ടും സിദ്ദിഖ് എവിടെയാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടില്ല.

ഓച്ചിറ കാളകെട്ട്  ഉത്സവം: സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ കാളകെട്ട് ഉത്സവം സുരക്ഷിതമായി നടത്തുന്നത് സംബന്ധിച്ച് ക്ഷേത്ര ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ജില്ലാ കളക്ടർ എൻ. ദേവിദാസിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്നു. ഉത്സവ ദിവസത്തെ സുരക്ഷാ ക്രമീകരണങ്ങൾ, ഗതാഗതനിയന്ത്രണം, പൊതുജനങ്ങൾക്ക് പരമാവധി ബുദ്ധിമുട്ടുണ്ടാകാത്ത വിധം ഉത്സവം നടത്തുന്നതിനുള്ള സജ്ജീകരണങ്ങൾ, ശുചിത്വം ഉറപ്പാക്കുന്നതിനുള്ള നടപടികൾ എന്നിവ വിലയിരുത്തി. ഒക്ടോബർ 12ന് ആണ് ഉത്സവം നടക്കുക. എ ഡിഎം ജി. നിർമൽ കുമാർ, സബ്കളക്ടർ നിശാന്ത് സിൻഹാര, തദ്ദേശഭരണ സ്ഥാപന പ്രതിനിധികൾ, ക്ഷേത്ര ഭരണസമിതി അംഗങ്ങൾ, കാളകെട്ട് സമിതി അംഗങ്ങൾ, പോലീസ്, ഫയർഫോഴ്സ്, റവന്യൂ, കെഎസ്ഇബി, എക്സൈസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

‘മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ’: അര്‍ജുന്‍റെ സ്മരണയില്‍ മഞ്ജു വാര്യര്‍

കൊച്ചി: ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍റെ ഭൗതിക ശരീരവും ലോറിയും എഴുപത് ദിവസത്തിന് ശേഷം ഇന്നാണ് കണ്ടെത്തിയത്. ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയില്‍ അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി. അര്‍ജുനെ കാണാതായിട്ട് ഇന്നേയ്ക്ക് 72 ദിവസം പൂര്‍ത്തിയായിരിക്കവേയാണ് ഈ കണ്ടെത്തല്‍.

അര്‍ജുന്‍റെ വാര്‍ത്തയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയ വഴി പ്രതികരിച്ച് നടി മഞ്ജു വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പിലാണ് മഞ്ജു. അർജുൻ, ഇനി നിങ്ങൾ മലയാളികളുടെ മനസ്സിൽ ജീവിക്കും എന്ന് പറയുന്നത്.

“മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ. ഒരു പിടി ചാരമാകാനെങ്കിലും ഒരോർമ. പ്രിയപ്പെട്ട അർജുൻ, ഇനി നിങ്ങൾ മലയാളികളുടെ മനസ്സിൽ ജീവിക്കും” മഞ്ജു വാര്യര്‍ തന്‍റെ പോസ്റ്റില്‍ പറയുന്നു.

ഗംഗാവലി പുഴയുടെ അടിത്തട്ടിലാണ് ലോറി ഉണ്ടായിരുന്നത്. ലോറി അര്‍ജുന്‍റേത് തന്നെയെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. ജൂലൈ 16നാണ് അർജുനെ കാണാതായത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തെരച്ചില്‍ തുടര്‍ന്നു കൊണ്ടിരുന്നത്. ശക്തമായ മഴയും അടിയൊഴുക്കും മൂലം തെരച്ചില്‍ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇപ്പോള്‍ ലോറിയും അര്‍ജുന്‍റെ മൃതദേഹവും കണ്ടെത്തിയിരിക്കുന്നത്. നാവികസേനയും ഈശ്വര്‍ മല്‍പേയുള്‍പ്പെടെയുള്ളവര്‍ തെരച്ചിലില്‍‌ പങ്കാളികളായിരുന്നു.

അര്‍ജുന്‍റെ സഹോദരി അഞ്ജുവും ഭർത്താവ് ജിതിനും കഴിഞ്ഞ ദിവസം ഷിരൂരിൽ തെരച്ചിൽ നടത്തുന്ന സ്ഥലത്തെത്തിയിരുന്നു. പിന്നീട് അവർ തിരികെ പോയി. തെരച്ചിലിൽ പങ്കാളികളായിരുന്ന നാവിക സേനയും ഇന്നലെയാണ് മടങ്ങിപ്പോയത്. തുടര്‍ന്ന് ഇന്നും തെരച്ചില്‍ നടത്തിയിരുന്നു.

മരണരഹസ്യം ഒളിഞ്ഞിരിക്കുന്ന വൈരനെക്‌ലസ് ലേലത്തിന്; ആഭരണത്തിലുള്ളത് ഗോൽക്കൊണ്ട വജ്രങ്ങളോ?

ഫ്രഞ്ച് രാജ്ഞി മാരി ആന്റോണെറ്റുമായി ബന്ധമുണ്ടെന്നു കരുതുന്ന പതിനെട്ടാം നൂറ്റാണ്ടിലെ നെക്‌ലസ് ലേലത്തിനെത്തുന്നു. 500 വജ്രങ്ങൾ പതിച്ച നെക്‌ലസ് പ്രമുഖ ഫൈൻ ആർട്ട് കമ്പനിയായ സോതെബീസ് ആണ് വിൽപനയ്ക്ക് എത്തിക്കുന്നത്. നെക്‌ലസിന് 24 കോടിയോളം രൂപയാണ് വിൽപനത്തുക പ്രതീക്ഷിക്കുന്നത്.

ഈ നെക്‌ലസിനെ കുറിച്ച് ചില കഥകളും പ്രചരിച്ചിരുന്നു. ഫ്രഞ്ച് രാജ്ഞി മാരി ആന്റോണെറ്റിന്റെ മരണവുമായി ബന്ധമുണ്ടെന്നു കരുതുന്നതാണ് ഈ നെക്‌ലസ്. നവംബറിലാണ് ലേലം നടക്കുക. ഏഷ്യയിലെ സ്വകാര്യ ശേഖരത്തിലുള്ള ആഭരണം നവംബർ 11ന് ജനീവയിലെത്തും. ഒക്ടോബർ 25 മുതൽ ആഭരണത്തിന്റെ ഓൺലൈൻ ലേലം ആരംഭിക്കും. മൂന്ന് നിരകളിലായി വജ്രങ്ങൾ പതിച്ച രീതിയിലാണ് നെക്‌ലസിന്റെ ഡിസൈൻ. ‌നെക്‌ലസിന്റെ അറ്റത്ത് വജ്രങ്ങൾ കൊണ്ടുള്ള മനോഹരമായ അലുക്കുകളും ഉണ്ട്.

1937ൽ ജോർജ് നാലമന്റെയും 1953ൽ എലിസബത്ത് രാജ്ഞിയുടെയും കിരീടധാരണ ചടങ്ങിൽ മാത്രമാണ് ഈ ആഭരണം പൊതുയിടത്തിൽ അണിഞ്ഞിട്ടുള്ളതെന്നാണ് സൂചന. ഗോൽക്കൊണ്ട വജ്രഖനിയിൽ നിന്നുള്ളതാണ് നെക്‌ലസിലെ വജ്രങ്ങളെന്നു കരുതുന്നു.

‌അൻപതു വർഷങ്ങൾക്കു ശേഷമാണ് ആഭരണം പൊതുയിടത്തിൽ പ്രദർശനത്തിനെത്തുന്നത്. ഫ്രഞ്ച് വിപ്ലവത്തിനു മുൻപാണ് ഇതിന്റെ നിർമാണമെന്നാണ് നിഗമനം. ഈ നെക്‌‌ലസ് ഇപ്പോഴും മനോഹരമാണ്. സാധാരണയായി ഇത്രയും പഴക്കമുള്ള ആഭരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാറുണ്ടെന്നും എന്നാൽ ജോർജിയൻ കാലഘത്തിലെ ഈ നെക്‌ലസ് ഇപ്പോഴും മനോഹരമായിരിക്കുന്നത് അദ്ഭുതമാണെന്ന് ലേലം നടത്തുന്ന കമ്പനി അറിയിച്ചു. ഇത്രയും മൂല്യമുള്ള ആഭരണം ഏതെങ്കിലും രാജകുടുംബത്തിനു വേണ്ടി മാത്രമായിരിക്കും നിർമിച്ചിരിക്കുന്നതെന്നാണ് സോതെബീസ് കമ്പനി പറയുന്നത്.

മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തെന്ന പരാതി; സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല

തൃശൂർ: മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല. സംഭവത്തില്‍ നിയമ നടപടികൾ സ്വീകരിക്കേണ്ട വകുപ്പ് ഇല്ലെന്ന് പൊലീസ് അനിൽ അക്കരയെ അറിയിച്ചു. തൃശൂർ എസിപി ആയിരുന്നു അനിൽ അക്കരയുടെ പരാതി അന്വേഷിച്ചത്.

മാധ്യമപ്രവർത്തകരുടെ മൊഴിയെടുക്കുകയും തൃശൂർ രാമ നിലയത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. തുടർന്നാണ് കേസെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയതെന്നും പൊലീസ് അറിയിച്ചു. കോൺഗ്രസ് നേതാവ് അനിൽ അക്കര ആയിരുന്നു കേസിലെ പരാതിക്കാരൻ. കേസെടുക്കാത്തത് പിണറായി-ബിജെപി ഡീലിന്‍റെ ഭാഗമാണെന്ന് അനിൽ അക്കര പ്രതികരിച്ചു.

ഹേമ കമ്മിറ്റി റിപ്പോ‍ർട്ട് വിവാദവുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകര്‍ക്ക് നേരെ കൈയ്യേറ്റം ചെയ്ത സുരേഷ് ഗോപിയുടെ പെരുമാറ്റത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ജനാധിപത്യ രീതിയിലല്ലാത്ത പ്രതികരണമാണ് സുരേഷ് ഗോപിയിൽ നിന്നും ഉണ്ടായതെന്നായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളെ ശാരീരികമായി നേരിടാനുള്ള കേന്ദ്രമന്ത്രിയുടെ ശ്രമം ഞെട്ടിക്കുന്നതാണെന്ന് കെയുഡബ്ല്യുജെ വിമര്‍ശിച്ചു. ലോകത്ത് എവിടെയും ഒരു പരിഷ്കൃത സമൂഹവും അംഗീകരിക്കുന്ന നടപടിയല്ലിത്. ജനാധിപത്യ മര്യാദയുടെ പ്രഥാമിക പാഠം അറിയുന്ന ഒരു നേതാവും ഇത്തരത്തിൽ പെരുമാറില്ല. തെറ്റ് അംഗീകരിച്ച് പരസ്യമായി മാപ്പ് പറയാൻ സുരേഷ് ഗോപി തയ്യാറാവണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടിരുന്നു.

സൗദിയിൽ ഡ്യൂട്ടിക്കിടയിൽ കുഴഞ്ഞു വീണ മലയാളി നഴ്സ് അന്തരിച്ചു

റിയാദ്: സൗദിയിൽ മലയാളി നഴ്സ് അന്തരിച്ചു. തൃശൂർ നെല്ലായി വയലൂർ ഇടശ്ശേരി ദിലീപിന്‍റെയും ലീന ദിലീപിന്‍റെയും മകൾ ഡെൽമ ദിലീപ് (26) ആണ് മരിച്ചത്. സൗദി അറേബ്യയിലെ മദീന മൗസലാത്ത് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു

ഡ്യൂട്ടിക്കിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. സംസ്കാരം പിന്നീട്. സഹോദരി: ഡെന്ന ആന്‍റണി..

ന്യൂനമർദം ചക്രവാതച്ചുഴിയായി; കേരളത്തിൽ 7 ദിവസം മഴയ്ക്കു സാധ്യത

തിരുവനന്തപുരം: ആന്ധ്രാ – ഒഡീഷ തീരത്തിനു സമീപം ബംഗാൾ ഉൾക്കടലിനു മുകളിലായി രൂപപ്പെട്ട ന്യുനമർദം ഛത്തിസ്ഗഡിനു മുകളിൽ ചക്രവാതച്ചുഴിയായി ശക്തി കുറഞ്ഞുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത ഏഴു ദിവസം കേരളത്തിൽ നേരിയ / ഇടത്തരം മഴയ്ക്കു സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 25, 29 തീയതികളിൽ ശക്തമായ മഴ കിട്ടും. ബുധനാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ടാണ്. ഞായറാഴ്ച എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെലോ അലർട്ടുണ്ട്.

മത്സ്യബന്ധനത്തിന് പോകരുത്

കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ 25ന് മത്സ്യബന്ധനത്തിനു പോകരുതെന്നു കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ഉയർന്ന തിരമാല ജാഗ്രതാ നിർദേശം

തമിഴ്‌നാട് തീരത്ത് 26ന് ഉച്ചയ്ക്ക് 2.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം