പൂജവയ്പുമായി ബന്ധപ്പെട്ട് 11ന് സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉടൻ ഉത്തരവിറക്കും.
സാധാരണ ദുർഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പുസ്തകം പൂജയ്ക്ക് വയ്ക്കുക. ഇത്തവണ രണ്ടു ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്ക് വരുന്ന 10ന് വൈകീട്ടാണ് പൂജവയ്പ്. ഇതിന്‍റെ അടിസ്ഥാനത്തിൽ 11ന് അവധി നല്‍കണമെന്നാവശ്യപ്പെട്ട് അധ്യാപക സംഘടനയായ എന്‍ടിയു മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.
പൂജവയ്പ്, 11ന് സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി… ഉത്തരവ് ഉടൻ
നടൻ ഗോവിന്ദയ്ക്ക് വെടിയേറ്റു… മുംബൈയിലെ ക്രിട്ടിക്കല്‍ കെയര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
നടനും ശിവസേന നേതാവുമായ ഗോവിന്ദയ്ക്ക് വെടിയേറ്റു. വീട്ടില്‍ വെച്ച് സ്വന്തം തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. രാവിലെ 4.45 ഓടെയായിരുന്നു സംഭവം.
കാലിന് പരിക്കേറ്റ ഗോവിന്ദയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ക്രിട്ടിക്കല്‍ കെയര്‍ ആശുപത്രിയിലാണ് ഗോവിന്ദയെ പ്രവേശിപ്പിച്ചിരിക്കുന്നത്. വീട്ടില്‍ നിന്നും യാത്ര പുറപ്പെടും മുമ്പ് തോക്ക് പരിശോധിക്കുന്നതിനിടെ വെടി പൊട്ടുകയായിരുന്നു എന്നാണ് വിവരം.
വീടിനുള്ളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ ഇടിമിന്നലേറ്റ് മൂന്ന് പേർക്ക് പൊള്ളലേറ്റു
വീടിനുള്ളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ ഇടിമിന്നലേറ്റ് മൂന്ന് പേർക്ക് പൊള്ളലേറ്റു. കൊച്ചി അങ്കമാലി എടത്തോട് ചിറയപറമ്പിൽ വീട്ടിൽ ഷൈജൻ(48) മകൻ ഷാൻ (25), ഷാനിന്റെ ഭാര്യ സോന (22) എന്നിവർക്കാണ് പൊള്ളലേറ്റത്.
ഞായറാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവമുണ്ടായത്. ഷൈജനും ഷാനിനും ചെറിയ രീതിയിലാണ് പൊള്ളലേറ്റത്. കാര്യമായി പൊള്ളലേറ്റ സോനയെ അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഇവരുടെ രണ്ട് കുഞ്ഞുങ്ങൾ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു.
ഷൈജനും കുടുംബവും എടത്തോട് വാടകയ്ക്കാണ് താമസിക്കുന്നത്. ഇടിമിന്നലേറ്റ് വീട്ടിലെ ഗൃഹോപകരണങ്ങൾക്കും കനത്ത നഷ്ടം സംഭവിച്ചു.
ഇന്ന് വലിയ ശബ്ദം കേട്ട് ആരും പേടിക്കരുത്: കളക്ടർ
‘കവചം’ ദുരന്തമുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ ദുരന്തനിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള സൈറണുകളുടെ പ്രവര്‍ത്തനപരീക്ഷണം ഇന്ന് രാവിലെ 11നും 11.30നും ഇടയില്‍ നടത്തും. പരീക്ഷണസമയത്ത് ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു. വാളത്തുങ്കല്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കുരീപ്പുഴ സര്‍ക്കാര്‍ യു പി സ്്കൂള്‍, വെള്ളിമണ്‍ സര്‍ക്കാര്‍ യു പി സ്‌കൂള്‍, കുളത്തൂപ്പുഴ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അഴീക്കല്‍ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച സൈറണുകളിലാണ് ട്രയല്‍ റണ്‍ നടത്തുക.
70 വയസ് കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ: രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു
70 വയസ് കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ആയുഷ്മാൻ ഭാരത് ആരോഗ്യ പരിരക്ഷയ്ക്കുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. ആയുഷ്മാൻ ആപ്പിലൂടെയും beneficiary.nha.gov.in എന്ന വെബ് പോർട്ടലിലൂടെയുമാണ് രജിസ്ട്രേഷൻ നടത്താനാവുക.
ആപ്പിലും വെബ്സൈറ്റിലും രജിസ്ട്രേഷനായി പ്രത്യേക മൊഡ്യൂൾ തയാറാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം അഡീഷനൽ സെക്രട്ടറി എൽ എസ് ചാങ്‌സാൻ സംസ്ഥാനങ്ങൾക്ക് കത്തിയച്ചു.
വർഷം മുഴുവൻ രജിസ്ട്രേഷനു സൗകര്യമുണ്ട്. അടുത്തമാസം പദ്ധതി പ്രാബല്യത്തിലാകും. ആധാറാണ് രജിസ്ട്രേഷനു വേണ്ട ഏക രേഖ. ഇതിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വയസ്സു നിശ്ചയിക്കുക. ഒരു കുടുംബത്തിലെ മുതിർന്ന ആളുകൾക്ക് 5 ലക്ഷം രൂപ വരെയാണു സൗജന്യ ചികിത്സയ്ക്ക് അർഹത.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മറ്റ് ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിലുള്ള ഗുണഭോക്താക്കൾക്ക് ഇരട്ടിപ്പു ഒഴിവാക്കാൻ അവരുടെ നിലവിലെ പദ്ധതിയോ ആയുഷ്മാൻ പരിരക്ഷയോ തെരഞ്ഞെടുക്കാൻ ഒറ്റത്തവണ ഓപ്ഷൻ നൽകും. സ്വകാര്യ ആരോഗ്യ പരിരക്ഷ, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് പദ്ധതി എന്നിവയുടെ ഭാഗമായവർക്ക് ആയുഷ്മാൻ ഭാരത് ആരോഗ്യപദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് അഡീഷനൽ സെക്രട്ടറി പറഞ്ഞു.
ആടിനെ മേയ്ക്കുന്നതിനിടെ രണ്ട് പെൺകുട്ടികൾ ട്രെയിനിടിച്ച് മരിച്ചു; ദാരുണമായ അപകടം ലക്നൗ-വരാണസി റൂട്ടിൽ
ലക്നൗ: ഉത്തർപ്രദേശിൽ ട്രെയിനിടിച്ച് രണ്ട് പെൺകുട്ടികൾ മരിച്ചു. ലക്നൗ – വരാണസി റൂട്ടിൽ തിങ്കളാഴ്ചയായിരുന്നു അപകടമെന്ന് യുപി പൊലീസ് അറിയിച്ചു. കാസൈപൂർ ഗ്രാമവാസികളായ റാണി (15), പൂനം (16) എന്നിവരാണ് മരിച്ചത്. സുൽത്താൻപൂർ ജില്ലയിലെ ഛന്ദ പൊലീസ് സ്റ്റേഷൻ പരിധിയിലെ റെയിൽവെ ട്രാക്കിൽ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
ആടിനെ മേയ്ക്കാൻ വേണ്ടി പോയ കുട്ടികൾ റെയിൽവെ ട്രാക്കിനടുത്തേക്ക് പോവുകയായിരുന്നുവെന്നും ട്രെയിൻ വന്നപ്പോൾ അപകടത്തിൽ പെട്ടെന്നുമാണ് അധികൃതർ നൽകുന്ന വിവരം. മരിച്ച റാണി ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും പൂനം പത്താം ക്ലാസ് വിദ്യാർത്ഥിയുമാണ്. ഛന്ദ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു.
1968ലെ വിമാനാപകടം: രാജ്യചരിത്രത്തിലെ ദൈർഘ്യമേറിയ തെരച്ചിൽ; മലയാളി ഉൾപ്പെടെ 4 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു
ന്യൂഡൽഹി: മറവിയിൽ പുതഞ്ഞ ഓർമകൾക്ക് 56 വർഷത്തിനു ശേഷം തിരിച്ചുവരവ്. ഹിമാചൽപ്രദേശിലെ റോത്തങ് പാസിൽ 1968ലുണ്ടായ സൈനിക വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട ഇലന്തൂർ സ്വദേശിയും കരസേനയിൽ ക്രാഫ്റ്റ്സ്മാനുമായിരുന്ന തോമസ് ചെറിയാൻ ഉൾപ്പെടെ നാല് പേരുടെ മൃതദേഹങ്ങളാണ് രാജ്യചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ തെരച്ചിൽ ദൗത്യത്തിലൂടെ കണ്ടെടുത്തത്.
102 സൈനികരും മറ്റു സാമഗ്രികളുമായി ചണ്ഡിഗഡിൽ നിന്നു ലേയിലേക്കു പോയ എഎൻ–12 വിമാനം 1968 ഫെബ്രുവരി ഏഴിനാണു കുളു ജില്ലയിലെ റോത്തങ് പാസിൽ മഞ്ഞുമലയിൽ കാണാതായത്. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചെങ്കിലും ഒൻപതു പേരുടെ മൃതദേഹങ്ങൾ മാത്രമേ ഇതു വരെ കണ്ടെടുത്തിട്ടുള്ളു. തോമസ് ചെറിയാൻ, മൽഖാൻ സിങ്, ശിപായി നാരായൺ സിങ് എന്നിവരുടെ മൃതദേഹങ്ങളാണ് ഇപ്പോൾ കണ്ടെടുത്തത്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇലന്തൂർ ഈസ്റ്റ് ഒടാലിൽ പരേതനായ ഒ.എം.തോമസ് – ഏലിയാമ്മ ദമ്പതികളുടെ അഞ്ച് മക്കളിൽ രണ്ടാമനായിരുന്ന തോമസ് ചെറിയാന് കാണാതാകുമ്പോൾ 22 വയസ്സായിരുന്നു.
മൽഖാൻ സിങ്ങിന്റെയും നാരായൺ സിങ്ങിന്റെയും വസ്ത്രങ്ങളിൽനിന്ന് ലഭിച്ച രേഖകളാണ് തിരിച്ചറിയാൻ സഹായിച്ചത്. തോമസ് ചെറിയാന്റെ ശരീരത്തിൽ നിന്ന് അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളുടെ വിവരങ്ങളും ലഭിച്ചു. മഞ്ഞുമലയിൽ നിന്ന് മൃതദേഹത്തിന്റെ അവശിഷ്ടം കിട്ടിയ വിവരം ഇന്നലെ ആറന്മുള പൊലീസാണ് വീട്ടിൽ എത്തി സഹോദരൻ തോമസ് തോമസിനെ അറിയിച്ചത്. പിന്നീട് കരസേന ആസ്ഥാനത്തു നിന്ന് സന്ദേശം എത്തി.
കോട്ടയം ഇത്തിത്താനം കപ്പപ്പറമ്പിൽ കെ.കെ. രാജപ്പൻ, ആർമി സർവീസ് കോറിൽ ശിപായിയായിരുന്ന എസ്. ഭാസ്കരൻ പിള്ള, മെഡിക്കൽ കോറിന്റെ ഭാഗമായിരുന്ന പി.എസ്. ജോസഫ്, ബി.എം. തോമസ്, ക്രാഫ്റ്റ്സ്മാനായിരുന്ന കെ.പി. പണിക്കർ എന്നീ മലയാളികൾ ഉൾപ്പെടെയുള്ളവർ വിമാനത്തിലുണ്ടായിരുന്നു.
2003ലാണ് ആദ്യമായി വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തത്. 2005, 2006, 2013, 2019 വർഷങ്ങളിൽ വിമാനത്തിന്റെ പല ഭാഗങ്ങളും കണ്ടെത്തിയിരുന്നു. 2019ലെ തെരച്ചിലിൽ അഞ്ച് പേരുടെ ശരീരഭാഗങ്ങൾ കണ്ടെടുത്തിരുന്നു.
സിലിണ്ടറിന്റെ വില കൂട്ടി
വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. അതേസമയം ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.
ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1740 രൂപയായി. മുംബൈയില്‍ 1692 രൂപയും കൊല്‍ക്കത്തയില്‍ 1850 രൂപയും ചെന്നൈയില്‍ 1903 രൂപയുമായാണ് വില ഉയര്‍ന്നത്. 1749 രൂപയാണ് കൊച്ചിയിലെ പുതുക്കിയ വില.
കിയ കാർണിവൽ, ഥാർ; പൾസർ സുനിയുടെ സഞ്ചാരം കാൽകോടിയോളം വിലയുളള ആഢംബര വാഹനങ്ങളിൽ, സഹായം ആര്? അന്വേഷണം തുടങ്ങി
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ സുപ്രീംകോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങിയ പൾസർ സുനിയുടെ സഞ്ചാരം ആഡംബര വാഹനങ്ങളിൽ. ഇടത്തരം സാമ്പത്തിക പശ്ചാത്തലത്തിലുള്ള സുനിൽ വിചാരണയ്ക്കായി അടക്കം കോടതിയിലെത്തുന്നത് കാൽകോടി രൂപയോളം വിലവരുന്ന വാഹനങ്ങളിലാണ്. ജാമ്യത്തിലിറങ്ങിയ പ്രതിയുടെ സാമ്പത്തിക ഉറവിടത്തെപ്പറ്റി സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.
വിചാരണയിലെ കാലതാമസം പിടിവള്ളിയാക്കിയാണ് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി സുപ്രീംകോടതിയിൽ നിന്ന് ജാമ്യത്തിലിങ്ങിയത്. എറണാകുളം സബ് ജയിലിൽ നിന്ന് ഏഴരവർഷത്തിന് ശേഷം ഇക്കഴിഞ്ഞ 20 ന് 2 ലക്ഷം രൂപയുടെ ആൾജാമ്യത്തിലാണ് തിയതി പുറത്തിറങ്ങിയത്.
സെപ്റ്റംബർ 26 ന് എറണാകുളം ജില്ല മജിസ്ട്രേറ്റ് കോടതിയിൽ രണ്ടാം ഘട്ട വിചാരണയ്ക്കായി പൾസർ സുനിയെത്തിയത് കിയ കാർണവൽ എന്ന വില 30 ലക്ഷം വിലവരുന്ന ആഢംബര കാറിലായിരുന്നു. തൊട്ടടുത്ത ദിവസം ഥാർ ജീപ്പിലെത്തി. 16 മുതൽ 20 ലക്ഷം രൂപ വിലയുളള ഈ വാഹനം (KL 66D 4000) കുട്ടനാട് ആർടിഒ രജിസ്ട്രേഷനിൽ കുഞ്ഞുമോളെന്ന വ്യക്തിയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇടത്തരം സാമ്പത്തിക പശ്ചാത്തലത്തിലുള്ള സുനിക്ക് എവിടെ നിന്നാണ് ഈ ആഢംബര വാഹനങ്ങൾ ലഭിക്കുന്നത്?
പെരുമ്പാവൂരിലെ കോടനാടുള്ള സുനിലിന്റെ വീട്ടിൽ പൊലീസ് നിരീക്ഷണമുണ്ട്. ഒരൊറ്റ സിം മാത്രം ഉപയോഗിക്കണമെന്ന വ്യവസ്ഥ സുനിൽ പാലിക്കുന്നുണ്ടോ എന്നതിലും പൊലീസ് പരിശോധന തുടങ്ങി. അടുത്ത ബന്ധുവിന്റെ പേരിലുള്ള സിമ്മിൽ നിന്ന് സുനിൽ പലരെയും ബന്ധപ്പെടുന്നുണ്ടെന്നാണ് വിവരം. നേരത്തെ ചില അഭിനേതാക്കളുടെ ഡ്രൈവറായിരുന്ന സുനിലിന്റേത് വളരെ സാധാരണ കുടുംബ പശ്ചാത്തലമാണ്. ഏഴര വർഷത്തിനിടെ ലീഗൽ സർവ്വീസസ് അതോറിറ്റി സഹായത്തിലല്ല സ്വന്തം അഭിഭാഷകൻ വഴിയാണ് ഓരോ തവണയും സുനിൽ ജാമ്യാപേക്ഷയുമായി കോടതിയിലെത്തിയത്. പത്താം തവണയും അപേക്ഷ തള്ളിയ ഹൈക്കോടതി തുടർച്ചയായി ജാമ്യഹർജി ഫയൽ ചെയ്തതിന് 25,000 രൂപയും സുനിലിന് പിഴയും ചുമത്തി. സാമ്പത്തിക സഹായവുമായി സുനിലിന് പിന്നിൽ ആരൊക്കെയോ ഉണ്ടെന്ന ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ പരാമർശവും ചർച്ചയായി. ഇതിന് പിന്നാലെയാണ് വിചാരണ വൈകുന്നതിലെ ആനുകൂല്യത്തിൽ പ്രതിക്ക് സുപ്രീം കോടതി ജാമ്യം നൽകിയത്.
ഏത് സാമ്പത്തിക അവസ്ഥയിലുള്ള ഒരു പ്രതിക്ക് അഥവാ കുറ്റാരോപിതന് നിയമപോരാട്ടത്തിനുള്ള എല്ലാ അവകാശങ്ങളുമുണ്ട്. എന്നാൽ നിയമനടപടികൾ സുതാര്യമാണോ, ലക്ഷങ്ങൾ ചിലവാക്കി പ്രതിക്ക് പിന്നിൽ അണിനിരക്കുന്നവരുടെ ഉദ്ദേശം എന്ത്. ഇക്കാര്യത്തിലാണ് പരിശോധന വേണ്ടത്.
പി വി അൻവറിനെതിരെ വീണ്ടും വിമർശനവുമായി എം വി ഗോവിന്ദൻ
തിരുവനന്തപുരം. പി വി അൻവറിനെതിരെ വീണ്ടും വിമർശനവുമായി സിപിഎം. അൻവർ സിപിഎമ്മിനെയും എൽഡിഎഫിനെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് എം വി ഗോവിന്ദൻ. അൻവറിന് സ്ഥാപിത താൽപര്യം
അൻവർ ഉന്നയിച്ചതിൽ ചിലത് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ. സാമാന്യ മര്യാദ പാലിക്കാതെയാണ് അൻവർ പരസ്യപ്രസ്താവന നടത്തിയത്. പാർട്ടിക്കും, മുഖ്യമന്ത്രിക്കും, ഇടതുപക്ഷത്തിനും, എതിരെ നീങ്ങുകയാണ് അൻവർ. ഇതൊന്നും കൊണ്ട് പാർട്ടിയേയും സർക്കാരിനെയും തകർക്കാൻ ആവില്ല. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് എം വി ഗോവിന്ദന്റെ വിമർശനം






































