Home Blog Page 2117

ഇന്ന് വലിയ ശബ്ദം കേട്ട് ആരും പേടിക്കരുത്: കളക്ടർ

‘കവചം’ ദുരന്തമുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ ദുരന്തനിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള സൈറണുകളുടെ പ്രവര്‍ത്തനപരീക്ഷണം ഇന്ന് രാവിലെ 11നും 11.30നും ഇടയില്‍ നടത്തും. പരീക്ഷണസമയത്ത് ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍  എന്‍. ദേവിദാസ് അറിയിച്ചു. വാളത്തുങ്കല്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,  കുരീപ്പുഴ സര്‍ക്കാര്‍ യു പി സ്്കൂള്‍, വെള്ളിമണ്‍ സര്‍ക്കാര്‍ യു പി സ്‌കൂള്‍, കുളത്തൂപ്പുഴ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അഴീക്കല്‍ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച  സൈറണുകളിലാണ് ട്രയല്‍ റണ്‍ നടത്തുക.

70 വയസ് കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ: രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു

70 വയസ് കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ആയുഷ്മാൻ ഭാരത് ആരോ​ഗ്യ പരിരക്ഷയ്ക്കുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. ആയുഷ്മാൻ ആപ്പിലൂടെയും beneficiary.nha.gov.in എന്ന വെബ് പോർട്ടലിലൂടെയുമാണ് രജിസ്ട്രേഷൻ നടത്താനാവുക.

ആപ്പിലും വെബ്സൈറ്റിലും രജിസ്ട്രേഷനായി പ്രത്യേക മൊഡ്യൂൾ തയാറാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം അഡീഷനൽ സെക്രട്ടറി എൽ എസ് ചാങ്‌സാൻ സംസ്ഥാനങ്ങൾക്ക് കത്തിയച്ചു.
വർഷം മുഴുവൻ രജിസ്ട്രേഷനു സൗകര്യമുണ്ട്. അടുത്തമാസം പദ്ധതി പ്രാബല്യത്തിലാകും. ആധാറാണ് രജിസ്ട്രേഷനു വേണ്ട ഏക രേഖ. ഇതിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വയസ്സു നിശ്ചയിക്കുക. ഒരു കുടുംബത്തിലെ മുതിർന്ന ആളുകൾക്ക് 5 ലക്ഷം രൂപ വരെയാണു സൗജന്യ ചികിത്സയ്ക്ക് അർഹത.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മറ്റ് ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിലുള്ള ഗുണഭോക്താക്കൾക്ക് ഇരട്ടിപ്പു ഒഴിവാക്കാൻ അവരുടെ നിലവിലെ പദ്ധതിയോ ആയുഷ്മാൻ പരിരക്ഷയോ തെരഞ്ഞെടുക്കാൻ ഒറ്റത്തവണ ഓപ്ഷൻ നൽകും. സ്വകാര്യ ആരോഗ്യ പരിരക്ഷ, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് പദ്ധതി എന്നിവയുടെ ഭാഗമായവർക്ക് ആയുഷ്മാൻ ഭാരത് ആരോഗ്യപദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് അഡീഷനൽ സെക്രട്ടറി പറഞ്ഞു.

ആടിനെ മേയ്ക്കുന്നതിനിടെ രണ്ട് പെൺകുട്ടികൾ ട്രെയിനിടിച്ച് മരിച്ചു; ദാരുണമായ അപകടം ലക്നൗ-വരാണസി റൂട്ടിൽ

ലക്നൗ: ഉത്തർപ്രദേശിൽ ട്രെയിനിടിച്ച് രണ്ട് പെൺകുട്ടികൾ മരിച്ചു. ലക്നൗ – വരാണസി റൂട്ടിൽ തിങ്കളാഴ്ചയായിരുന്നു അപകടമെന്ന് യുപി പൊലീസ് അറിയിച്ചു. കാസൈപൂർ ഗ്രാമവാസികളായ റാണി (15), പൂനം (16) എന്നിവരാണ് മരിച്ചത്. സുൽത്താൻപൂർ ജില്ലയിലെ ഛന്ദ പൊലീസ് സ്റ്റേഷൻ പരിധിയിലെ റെയിൽവെ ട്രാക്കിൽ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

ആടിനെ മേയ്ക്കാൻ വേണ്ടി പോയ കുട്ടികൾ റെയിൽവെ ട്രാക്കിനടുത്തേക്ക് പോവുകയായിരുന്നുവെന്നും ട്രെയിൻ വന്നപ്പോൾ അപകടത്തിൽ പെട്ടെന്നുമാണ് അധികൃതർ നൽകുന്ന വിവരം. മരിച്ച റാണി ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും പൂനം പത്താം ക്ലാസ് വിദ്യാർത്ഥിയുമാണ്. ഛന്ദ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു.

1968ലെ വിമാനാപകടം: രാജ്യചരിത്രത്തിലെ ദൈർഘ്യമേറിയ തെരച്ചിൽ; മലയാളി ഉൾപ്പെടെ 4 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

ന്യൂഡൽഹി: മറവിയിൽ പുതഞ്ഞ ഓർമകൾക്ക് 56 വർഷത്തിനു ശേഷം തിരിച്ചുവരവ്. ഹിമാചൽപ്രദേശിലെ റോത്തങ് പാസിൽ 1968ലുണ്ടായ സൈനിക വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട ഇലന്തൂർ സ്വദേശിയും കരസേനയിൽ ക്രാഫ്റ്റ്സ്മാനുമായിരുന്ന തോമസ് ചെറിയാൻ ഉൾപ്പെടെ നാല് പേരുടെ മൃതദേഹങ്ങളാണ് രാജ്യചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ തെരച്ചിൽ ദൗത്യത്തിലൂടെ കണ്ടെടുത്തത്.

102 സൈനികരും മറ്റു സാമഗ്രികളുമായി ചണ്ഡിഗഡിൽ നിന്നു ലേയിലേക്കു പോയ എഎൻ–12 വിമാനം 1968 ഫെബ്രുവരി ഏഴിനാണു കുളു ജില്ലയിലെ റോത്തങ് പാസിൽ മഞ്ഞുമലയിൽ കാണാതായത്. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചെങ്കിലും ഒൻപതു പേരുടെ മൃതദേഹങ്ങൾ മാത്രമേ ഇതു വരെ കണ്ടെടുത്തിട്ടുള്ളു. തോമസ് ചെറിയാൻ, മൽഖാൻ സിങ്, ശിപായി നാരായൺ സിങ് എന്നിവരുടെ മൃതദേഹങ്ങളാണ് ഇപ്പോൾ കണ്ടെടുത്തത്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇലന്തൂർ ഈസ്റ്റ് ഒടാലിൽ പരേതനായ ഒ.എം.തോമസ് – ഏലിയാമ്മ ദമ്പതികളുടെ അഞ്ച് മക്കളിൽ രണ്ടാമനായിരുന്ന തോമസ് ചെറിയാന് കാണാതാകുമ്പോൾ 22 വയസ്സായിരുന്നു.

മൽഖാൻ സിങ്ങിന്റെയും നാരായൺ സിങ്ങിന്റെയും വസ്ത്രങ്ങളിൽനിന്ന് ലഭിച്ച രേഖകളാണ് തിരിച്ചറിയാൻ സഹായിച്ചത്. തോമസ് ചെറിയാന്റെ ശരീരത്തിൽ നിന്ന് അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളുടെ വിവരങ്ങളും ലഭിച്ചു. മഞ്ഞുമലയിൽ‍ നിന്ന് മൃതദേഹത്തിന്റെ അവശിഷ്ടം കിട്ടിയ വിവരം ഇന്നലെ ആറന്മുള പൊലീസാണ് വീട്ടിൽ എത്തി സഹോദരൻ തോമസ് തോമസിനെ അറിയിച്ചത്. പിന്നീട് കരസേന ആസ്ഥാനത്തു നിന്ന് സന്ദേശം എത്തി.

കോട്ടയം ഇത്തിത്താനം കപ്പപ്പറമ്പിൽ കെ.കെ. രാജപ്പൻ, ആർമി സർവീസ് കോറിൽ ശിപായിയായിരുന്ന എസ്. ഭാസ്കരൻ പിള്ള, മെഡിക്കൽ കോറിന്റെ ഭാഗമായിരുന്ന പി.എസ്. ജോസഫ്, ബി.എം. തോമസ്, ക്രാഫ്റ്റ്സ്മാനായിരുന്ന കെ.പി. പണിക്കർ എന്നീ മലയാളികൾ ഉൾപ്പെടെയുള്ളവർ വിമാനത്തിലുണ്ടായിരുന്നു.

2003ലാണ് ആദ്യമായി വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തത്. 2005, 2006, 2013, 2019 വർഷങ്ങളിൽ വിമാനത്തിന്റെ പല ഭാഗങ്ങളും കണ്ടെത്തിയിരുന്നു. 2019ലെ തെരച്ചിലിൽ അഞ്ച് പേരുടെ ശരീരഭാഗങ്ങൾ കണ്ടെടുത്തിരുന്നു.

സിലിണ്ടറിന്റെ വില കൂട്ടി

വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. അതേസമയം ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.
ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1740 രൂപയായി. മുംബൈയില്‍ 1692 രൂപയും കൊല്‍ക്കത്തയില്‍ 1850 രൂപയും ചെന്നൈയില്‍ 1903 രൂപയുമായാണ് വില ഉയര്‍ന്നത്. 1749 രൂപയാണ് കൊച്ചിയിലെ പുതുക്കിയ വില.

കിയ കാർണിവൽ, ഥാർ; പൾസർ സുനിയുടെ സഞ്ചാരം കാൽകോടിയോളം വിലയുളള ആഢംബര വാഹനങ്ങളിൽ, സഹായം ആര്? അന്വേഷണം തുടങ്ങി

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ സുപ്രീംകോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങിയ പൾസർ സുനിയുടെ സഞ്ചാരം ആഡംബര വാഹനങ്ങളിൽ. ഇടത്തരം സാമ്പത്തിക പശ്ചാത്തലത്തിലുള്ള സുനിൽ വിചാരണയ്ക്കായി അടക്കം കോടതിയിലെത്തുന്നത് കാൽകോടി രൂപയോളം വിലവരുന്ന വാഹനങ്ങളിലാണ്. ജാമ്യത്തിലിറങ്ങിയ പ്രതിയുടെ സാമ്പത്തിക ഉറവിടത്തെപ്പറ്റി സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.

വിചാരണയിലെ കാലതാമസം പിടിവള്ളിയാക്കിയാണ് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസ‌ർ സുനി സുപ്രീംകോടതിയിൽ നിന്ന് ജാമ്യത്തിലിങ്ങിയത്. എറണാകുളം സബ് ജയിലിൽ നിന്ന് ഏഴരവർഷത്തിന് ശേഷം ഇക്കഴിഞ്ഞ 20 ന് 2 ലക്ഷം രൂപയുടെ ആൾജാമ്യത്തിലാണ് തിയതി പുറത്തിറങ്ങിയത്.

സെപ്റ്റംബർ 26 ന് എറണാകുളം ജില്ല മജിസ്ട്രേറ്റ് കോടതിയിൽ രണ്ടാം ഘട്ട വിചാരണയ്ക്കായി പൾസർ സുനിയെത്തിയത് കിയ കാർണവൽ എന്ന വില 30 ലക്ഷം വിലവരുന്ന ആഢംബര കാറിലായിരുന്നു. തൊട്ടടുത്ത ദിവസം ഥാർ ജീപ്പിലെത്തി. 16 മുതൽ 20 ലക്ഷം രൂപ വിലയുളള ഈ വാഹനം (KL 66D 4000) കുട്ടനാട് ആർടിഒ രജിസ്ട്രേഷനിൽ കുഞ്ഞുമോളെന്ന വ്യക്തിയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇടത്തരം സാമ്പത്തിക പശ്ചാത്തലത്തിലുള്ള സുനിക്ക് എവിടെ നിന്നാണ് ഈ ആഢംബര വാഹനങ്ങൾ ലഭിക്കുന്നത്?

പെരുമ്പാവൂരിലെ കോടനാടുള്ള സുനിലിന്റെ വീട്ടിൽ പൊലീസ് നിരീക്ഷണമുണ്ട്. ഒരൊറ്റ സിം മാത്രം ഉപയോഗിക്കണമെന്ന വ്യവസ്ഥ സുനിൽ പാലിക്കുന്നുണ്ടോ എന്നതിലും പൊലീസ് പരിശോധന തുടങ്ങി. അടുത്ത ബന്ധുവിന്റെ പേരിലുള്ള സിമ്മിൽ നിന്ന് സുനിൽ പലരെയും ബന്ധപ്പെടുന്നുണ്ടെന്നാണ് വിവരം. നേരത്തെ ചില അഭിനേതാക്കളുടെ ഡ്രൈവറായിരുന്ന സുനിലിന്റേത് വളരെ സാധാരണ കുടുംബ പശ്ചാത്തലമാണ്. ഏഴര വർഷത്തിനിടെ ലീഗൽ സർവ്വീസസ് അതോറിറ്റി സഹായത്തിലല്ല സ്വന്തം അഭിഭാഷകൻ വഴിയാണ് ഓരോ തവണയും സുനിൽ ജാമ്യാപേക്ഷയുമായി കോടതിയിലെത്തിയത്. പത്താം തവണയും അപേക്ഷ തള്ളിയ ഹൈക്കോടതി തുടർച്ചയായി ജാമ്യഹർജി ഫയൽ ചെയ്തതിന് 25,000 രൂപയും സുനിലിന് പിഴയും ചുമത്തി. സാമ്പത്തിക സഹായവുമായി സുനിലിന് പിന്നിൽ ആരൊക്കെയോ ഉണ്ടെന്ന ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ പരാമർശവും ചർച്ചയായി. ഇതിന് പിന്നാലെയാണ് വിചാരണ വൈകുന്നതിലെ ആനുകൂല്യത്തിൽ പ്രതിക്ക് സുപ്രീം കോടതി ജാമ്യം നൽകിയത്.

ഏത് സാമ്പത്തിക അവസ്ഥയിലുള്ള ഒരു പ്രതിക്ക് അഥവാ കുറ്റാരോപിതന് നിയമപോരാട്ടത്തിനുള്ള എല്ലാ അവകാശങ്ങളുമുണ്ട്. എന്നാൽ നിയമനടപടികൾ സുതാര്യമാണോ, ലക്ഷങ്ങൾ ചിലവാക്കി പ്രതിക്ക് പിന്നിൽ അണിനിരക്കുന്നവരുടെ ഉദ്ദേശം എന്ത്. ഇക്കാര്യത്തിലാണ് പരിശോധന വേണ്ടത്.

പി വി അൻവറിനെതിരെ വീണ്ടും വിമർശനവുമായി എം വി ഗോവിന്ദൻ

തിരുവനന്തപുരം. പി വി അൻവറിനെതിരെ വീണ്ടും വിമർശനവുമായി സിപിഎം. അൻവർ സിപിഎമ്മിനെയും എൽഡിഎഫിനെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് എം വി ഗോവിന്ദൻ. അൻവറിന് സ്ഥാപിത താൽപര്യം

അൻവർ ഉന്നയിച്ചതിൽ ചിലത് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ. സാമാന്യ മര്യാദ പാലിക്കാതെയാണ് അൻവർ പരസ്യപ്രസ്താവന നടത്തിയത്. പാർട്ടിക്കും, മുഖ്യമന്ത്രിക്കും, ഇടതുപക്ഷത്തിനും, എതിരെ നീങ്ങുകയാണ് അൻവർ. ഇതൊന്നും കൊണ്ട് പാർട്ടിയേയും സർക്കാരിനെയും തകർക്കാൻ ആവില്ല. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് എം വി ഗോവിന്ദന്റെ വിമർശനം

രജനീകാന്ത് ആശുപത്രിയിൽ

സൂപ്പർതാരം രജനീകാന്ത് ആശുപത്രിയിൽ. തിങ്കളാഴ്ച അർധരാത്രിയോടെയാണ് 73–കാരനായ രജനീകാന്തിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയറുവേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ഇത് സംബന്ധിച്ച് ഔദ്യോ​ഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇന്ന് താരത്തെ മെഡിക്കൽ ചെക്കപ്പിന് വിധേയമാക്കുമെന്നും റിപ്പോർട്ടുണ്ട്. അതിനിടെ താരത്തിന്റെ ആരോ​​ഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയുടെ ഷൂട്ടിങ്ങിനായുള്ള യാത്രയ്ക്കിടെയാണ് താരത്തിന് വയറുവേ​ദനയുണ്ടാകുന്നത്. തുടർന്ന് കൂടുതൽ പരിശോധനയ്ക്കായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

‘ടാർഗറ്റ് തികയ്ക്കാൻ ഭീഷണി, ഉറക്കമില്ലാതായിട്ട് 45 ദിവസം’; ജോലി സമ്മർദത്തിന് പിന്നാലെ മരണം വരിച്ച് ഉദ്യോഗസ്ഥൻ

ലഖ്നൗ ∙ കടുത്ത ജോലി സമ്മർദവും മേലുദ്യോഗസ്ഥരുടെ പീഡനവും കാരണം ഉത്തർപ്രദേശിലെ ഝാൻസിയിൽ ബജാജ് ഫിനാൻസ് ഏരിയ മാനേജരായ തരുൺ സക്സേന (42) ആത്മഹത്യ ചെയ്തു.

45 ദിവസമായി ഉറങ്ങാൻ കഴിഞ്ഞിട്ടില്ലെന്ന് അഞ്ച് പേജുള്ള ആത്മഹത്യക്കുറിപ്പിൽ തരുൺ വെളിപ്പെടുത്തി. വാർത്തയോട് ബജാജ് ഫിനാൻസ് പ്രതികരിച്ചിട്ടില്ല. നവാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മഹാറാണാ പ്രതാപ് നഗറിലെ വീട്ടിലാണ് തരുണിനെ മരിച്ച നിലയിൽ കണ്ടത്. ഭാര്യ മേഘയെയും മക്കളായ യഥാർഥ്, പിഹു എന്നിവരെ മറ്റൊരു മുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി.

വായ്പകളുടെ തവണ (ഇഎംഐ) പിരിച്ചെടുക്കുന്ന ജോലിയാണ് തരുൺ ചെയ്തിരുന്നത്. ഇവിടെ ഭൂരിഭാഗവും കർഷകരാണ്. കാർഷിക വിള നാശം മൂലം പലർക്കും വായ്പ തിരിച്ചടയ്ക്കാൻ കഴിഞ്ഞിരുന്നില്ല.

ടാർഗറ്റ് തികയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ പിരിച്ചുവിടുമെന്ന ഭീഷണിയുണ്ടായിരുന്നതായി ഭാര്യയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തിൽ പറയുന്നു. ‘ഞാൻ ഉറങ്ങിയിട്ട് 45 ദിവസമായി. ഭക്ഷണം കഴിക്കാൻ വയ്യാതായി. കടുത്ത സമ്മർദമാണ്. ടാർഗറ്റ് തികയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ രാജിവയ്ക്കാനാണ് മേലുദ്യോഗസ്ഥർ പറയുന്നത്. എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല. ഞാൻ പോകുന്നു–’ കുടുംബാംഗങ്ങളോട് ക്ഷമ ചോദിച്ചുകൊണ്ട് തരുൺ എഴുതി.

കുട്ടികളുടെ ഈ വർഷത്തെ ഫീസ് മുഴുവൻ അടച്ചിട്ടുണ്ടെന്നും കത്തിലുണ്ട്. രണ്ട് മേലുദ്യോഗസ്ഥരുടെ പേരുകൾ എടുത്തുപറഞ്ഞ് അവർക്കെതിരെ പൊലീസിൽ പരാതി നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. പല സഹപ്രവർത്തകർക്കും സ്വന്തം കയ്യിൽ നിന്ന് പണമെടുത്ത് ഇഎംഐ അടയ്ക്കേണ്ടി വന്നതായും കത്തിൽ പറയുന്നു.

രാവിലെ നടന്ന വിഡിയോ കോൺഫറൻസിലും മേലധികാരികൾ ഭീഷണിപ്പെടുത്തിയെന്ന് തരുണിന്റെ ബന്ധുവായ ഗൗരവ് സക്സേന പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയശേഷം നടപടിയെടുക്കുമെന്ന് പൊലീസ് ഓഫിസർ വിനോദ് കുമാർ ഗൗതം അറിയിച്ചു.

അതിർത്തി കടന്ന് സൈന്യം ലെബനനുള്ളിൽ


ലെബനന്‍. അതിർത്തി കടന്ന് സൈന്യം ലെബനനുള്ളിൽ എത്തി. ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയുള്ള കരയുദ്ധം ആരംഭിക്കുമെന്ന് ഇസ്രയേൽ അമേരിക്കയെ അറിയിച്ചു. ഇറാൻ തിരിച്ചടിക്കുമെന്ന കണക്ക്‌ കൂട്ടലിൽ കൂടുതൽ യു എസ്‌ സൈനീകർ പശ്ചിമേഷ്യയിൽ എത്തുമെന്ന് പെന്റഗൺ

-കരയുദ്ധം തുടങ്ങിയെന്ന് അറിയിച്ച് ഇസ്രയേൽ പ്രതിരോധസേനയുടെ ട്വീറ്റ്.-ബെയ്റൂത്തിന്റെ തെക്കൻ ഭാഗങ്ങളിൽ ആക്രമണം.മേഖലയിലുള്ളവരോട് ഒഴിഞ്ഞുപോകാൻ നിർദേശം. തിരിച്ചടിക്കാൻ തയ്യാറാണെന്ന് ഹിസ്ബുല്ല

  • ഇന്നലെയുണ്ടായ വ്യോമാക്രമണത്തിൽ മാത്രം 95 പേർ കൊല്ലപ്പെട്ടു. ഹിസ്ബുല്ല കേന്ദ്രങ്ങൾ മാത്രം ലക്ഷ്യമിട്ടുള്ള പരിമിതമായ ആക്രമണമെന്ന് IDF. അതിർത്തിയോട് ചേർന്ന ലെബനൻ ഗ്രാമങ്ങളെയാണ് ലക്ഷ്യമിടുന്നതെന്ന് ഇസ്രയേൽ.
  • അതിനിടെ സിറിയയുടെ തലസ്ഥാനമായ ദമാസ്കസിലും ആക്രമണം. ആക്രമണത്തിന് പിന്നിൽ ഇസ്രയേൽ ആണെന്ന് സിറിയൻ മാധ്യമങ്ങൾ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു.