Home Blog Page 2115

പിവി അന്‍വര്‍ മുസ്ളിം ലീഗിലും വിവാദം

മലപ്പുറം.പിവി അൻവറിൻറെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കെഎം ഷാജി പങ്കെടുക്കേണ്ട പരിപാടി നേതൃത്വം മുടക്കിയെന്ന് മുസ്ലിം ലീഗിൽ വിവാദം. വിശദീകരണ സമ്മേളനം മുടക്കിയത് ഇടതുപക്ഷവും മായുള്ള ഒത്തുതീർപ്പിന്റെ ഭാഗമെന്നാണ് അണികളിൽ നിന്ന് വിമർശനം. ഇതാണ് പിവി അൻവർ പറഞ്ഞ നക്സസ് എന്നും സോഷ്യൽ മീഡിയയിൽ അണികൾ പരസ്യമായി പ്രതികരിച്ചു. അതേസമയം പി കെ കുഞ്ഞാലിക്കുട്ടി ഇന്ന് വൈകിട്ട് മാധ്യമങ്ങളെ കണ്ടേക്കും.

നിലമ്പൂർ മണ്ഡലം ലീഗ് കമ്മിറ്റിയാണ് മുസ്ലിംലീഗിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്നു വൈകീട്ട് നിലമ്പൂരിൽ തീരുമാനിച്ചത്. കെഎം ഷാജിയെ മുഖ്യപ്രഭാഷകനായി തീരുമാനിച്ചു. പിവി അൻവറിൻ്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ആയിരുന്നു മണ്ഡലം കമ്മിറ്റിയുടെ തീരുമാനം. എന്നാൽ ഈ പരിപാടി മുസ്ലിം ലീഗ് നേതൃത്വം ഇടപെട്ട് മുടക്കി എന്നാണ് വിമർശനം. ലീഗ് സോഷ്യൽ മീഡിയ ഇടങ്ങളിൽ വിവാദം പുകയുകയാണ്. എന്നാൽ പോസ്റ്ററുകൾ വ്യാജമെന്നും പരിപാടി പ്രഖ്യാപിച്ചിട്ടില്ലെന്നും ആണ് ലീഗ് നിലമ്പൂർ മണ്ഡലം കമ്മിറ്റിയുടെ വിശദീകരണം.

byte tele

പരിപാടി റദ്ദാക്കിയത് ഇടതുപക്ഷവും മായുള്ള ഒത്തുതീർപ്പിന്റെ ഭാഗം എന്നാണ് അണികളുടെ രൂക്ഷ വിമർശനം. എല്ലാ പാർട്ടിയുടെ നേതൃത്വങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് പിവി അൻവർ ആരോപിച്ചിരുന്നു. ഈ കാണുന്നത് തന്നെയാണ് പൊളിറ്റിക്കൽ നെക്സസ് എന്ന് അണികൾ വിമർശിക്കുന്നുണ്ട്. നേരത്തെ പി വി അൻവറിനെ മുസ്ലിം ലീഗ് നിലമ്പൂർ മണ്ഡലം പ്രസിഡൻറ് ഇഖ്ബാൽ മുണ്ടേരി ലീഗിലേക്ക് സ്വാഗതം ചെയ്തത് വിവാദമായിരുന്നു.

എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പിന് നിരീക്ഷണ സമിതിയെ നിയോഗിച്ച് ഹൈക്കോടതി

കൊച്ചി. എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പിന് നിരീക്ഷണ സമിതിയെ നിയോഗിച്ച് ഹൈക്കോടതി. റിട്ട. ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ അഞ്ചംഗ സമിതിയെയാണ് നിരീക്ഷണത്തിന് നിയോ​ഗിച്ചത്. ജസ്റ്റിസ് കെ. രാമകൃഷ്ണന്റെ അധ്യക്ഷതയിലാണ് സമിതി.
യോഗം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രോഡീകരിച്ച അംഗത്വ പട്ടിക എസ്എൻഡിപി നിരീക്ഷണ സമിതിക്ക് നൽകണമെന്നും ഇത് രണ്ടാഴ്ചക്കുള്ളിൽ കൈമാറണമെന്നും ഹൈക്കോടതി നിർദേശിച്ചു.
അംഗങ്ങളുടെ ഐഡി കാർഡ് ഉപയോഗിച്ച് തയാറാക്കിയ പട്ടികയാണ് സമിതിക്ക് നൽകേണ്ടത്. പട്ടിക പരിശോധിച്ച് നിരീക്ഷണ സമിതി ഒരു മാസത്തിനകം ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകണം. പ്രൊഫ. എം.കെ സാനുവിൻ്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമ വാർഷിക ദിനത്തിൽ  ആദരമർപ്പിച്ച്  നാട്

തിരുവനന്തപുരം.സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമ വാർഷിക ദിനത്തിൽ  ആദരമർപ്പിച്ച്  നാട്. വീട്ടിൽ  സ്ഥാപിച്ച കോടിയേരിയുടെ  വെങ്കല പ്രതിമ മുഖ്യമന്ത്രി പിണറായി വിജയൻ അനാച്ഛാദനം ചെയ്തു. കോടിയേരിയെ ഇനിയും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് അന്ത്യയാത്രാ വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തോട് ഭാര്യ വിനോദിനി ബാലകൃഷ്ണൻ പ്രതികരിച്ചു.

പ്രതിസന്ധികളിൽ  ഉലയാതിരുന്ന  ചിരി നിറച്ച നേതൃ ചാതുരിയുടെ കോടിയേരിക്കാലം മരിക്കാത്ത ഓർമ്മ. പയ്യാമ്പലത്തെ സ്മൃതി കുടീരത്തിൽ  പുഷ്പാർച്ചന, അനുസ്മരണയോഗം. നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും കോടിയേരിയുടെ കുടുംബവും പങ്കെടുത്തു.

ഏതു വിഷയത്തിലും  കോടിയേരിക്ക് മാത്രം സ്വന്തമായ ശൈലി ഉണ്ടായിരുന്നുവെന്ന്‌ അനുസ്മരിച്ച് എം വി ഗോവിന്ദൻ.   പാർട്ടിക്ക്  നികത്താനാകാത്ത വിടവ്.

വീട്ടിൽ സ്ഥാപിച്ച കോടിയേരിയുടെ അർധകായ വെങ്കല പ്രതിമ മുഖ്യമന്ത്രി പിണറായി വിജയൻ അനാച്ഛാദനം ചെയ്തു.

തകർന്ന ട്രാക്കിലൂടെ കേരള എക്സ്പ്രസ്സ്, രക്ഷപ്പെട്ടത് വൻ അപകടത്തിൽ നിന്ന്



ലളിത്പൂർ. തകർന്ന ട്രാക്കിലൂടെ കേരള എക്സ്പ്രസ്സ്, രക്ഷപ്പെട്ടത് വൻ അപകടത്തിൽ നിന്ന്.കേരള എക്സ്പ്രസ് ട്രെയിൻ തകർന്ന ട്രാക്കിലൂടെ ഓടി.സംഭവം ഉത്തർപ്രദേശ് ലളിത്പൂരിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ.പരാതി നൽകി യാത്രക്കാർ.


കഴിഞ്ഞ ഞാറാഴ്ച തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട കേരള എക്സ്പ്രസ്സ്‌ ആണ് ഉത്തരപ്രദേശിൽ വൻ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.ഇന്ന് പുലർച്ചെ ലളിത്പൂർ സ്റ്റേഷന് സമീപം ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്നു.ഈ സമയത്താണ് കേരള എക്സ്പ്രസ്സ്‌ ആ വഴി എത്തിയത്. അപകടം തിരിച്ചറിഞ്ഞ റെയിൽവേ ഉദ്യോഗസ്ഥർ ചുവന്ന കൊടി ട്രെയിനിനു നേരെ വീശി. ഇത് കണ്ട് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്താൻ ശ്രമിച്ചെങ്കിലും മൂന്ന് കോച്ചുകൾ തകർന്ന ട്രാക്കിലൂടെ കടന്നു പോയിരുന്നു.

നിർത്തിയിട്ട ട്രെയിൻ ഒടുവിൽ സാവധാനം ട്രാക്കിലൂടെ കടത്തിവിടുക ആയിരുന്നു.അതിനിടെ ത്സാൻസി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ പരാതി നൽകി. സംഭവത്തിൽ ആരുടെ ഭാഗത്താണ് വീഴ്ച എന്നത് അവ്യക്തമാണ്. വീഴ്ച പരിശോധിച്ച നടപടി എടുക്കും എന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചത്. സംഭവത്തിൽ എല്ലാ യാത്രക്കാരും സുരക്ഷിതരാണ്.

സീൻ എടുക്കുമ്പോൾ നടിമാരുടെ അനുവാദം ചോദിക്കാറില്ല,സിനിമയിൽ പുരുഷ മേധാവിത്തം,പത്മപ്രിയ


സിനിമയിൽ പുരുഷ മേധാവിത്തമെന്ന് നടി പത്മപ്രിയ. ഒരു സീൻ എടുക്കുമ്പോൾ പോലും നടിമാരുടെ അനുവാദം ചോദിക്കാറില്ല. 2016 യിൽ മിരുഗം സിനിമയുടെ ലൊക്കേഷനിൽ വച്ച് തനിക്ക് ദുരനുഭവം ഉണ്ടായി. സംവിധായകൻ സാമി തന്നെ അടിച്ചെങ്കിലും വാർത്ത വന്നത് താൻ സംവിധായകനെ അടിച്ചു എന്ന് തരത്തിലാണ്.

ജൂനിയർ ആർട്ടിസ്റ്റുകൾ നേരിടുന്നത് വലിയ വിവേചനം എന്നും പത്മപ്രിയ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ ‘അതേ കഥകൾ തുല്യതയുടെയും നീതിയുടെയും പുതിയ കാഴ്ചപ്പാടിൽ’ – എന്ന വിഷയത്തിൽ കോഴിക്കോട് മടപ്പള്ളി കോളേജിൽ സംസാരിക്കുകയായിരുന്നു പത്മപ്രിയ. 

റോഡിലെ കുഴി മനുഷ്യനിർമ്മിത ദുരന്തമായി ജില്ലാ കളക്ടർമാർ കണക്കാക്കണം,ഹൈക്കോടതി

. കൊച്ചി.സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഏതൊരു ജീവനും മൂല്യമുള്ളതാണെന്നും അത് റോഡിൽ പൊലിയേണ്ടതല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.  നിരവധി എഞ്ചിനീയർമാർ ഉണ്ടായിട്ടും റോഡുകൾ എങ്ങനെ ശോചനീയാവസ്ഥയിലെത്തിയെന്നും ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

കുന്നംകുളം റോഡിന്‍റെ അവസ്ഥയെന്തെന്ന് കോടതി ചോദിച്ചു. റോഡ് തകർന്ന് കിടക്കുകയാണെന്ന് എവിടെയെങ്കിലും ബോർഡ് വച്ചിട്ടുണ്ടോയെന്നും എന്നിട്ടാണ് ഹെൽമെറ്റില്ലാത്തതിന്‍റെ പേരിലും ഓവർ സ്പീഡിനും ഫൈൻ പിടിക്കുന്നതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. റോഡുകളുടെ കാര്യത്തിൽ ജില്ലാ കളക്ടര്‍മാര്‍ ഇടപെടാത്തതെന്തെന്ന് കോടതി ചോദിച്ചു. റോഡിലെ കുഴി മനുഷ്യനിർമ്മിത ദുരന്തമായി ജില്ലാ കളക്ടർമാർ കണക്കാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

ആയിക്കുന്നത്ത് വിറക് ശേഖരിക്കുന്നതിനിടെ സെപ്റ്റിക്ക് ടാങ്കിൻ്റെ സ്ലാബ് തകർന്ന് വീട്ടമ്മ വീണു


ശാസ്താംകോട്ട:ശൂരനാട് തെക്ക് ആയിക്കുന്നത്ത് വിറക് ശേഖരിക്കുന്നതിനിടെ സെപ്റ്റിക്ക് ടാങ്കിൻ്റെ സ്ലാബ് തകർന്ന് വീട്ടമ്മ വീണു.ശൂരനാട് തെക്ക് പഞ്ചായത്ത് ഒൻപതാം വാർഡ് സുശീല സോമൻ(55) ആണ് 20 അടി താഴ്ചയുള്ള കക്കൂസ് കുഴിയിൽ അകപ്പെട്ടത്.ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

വിവരമറിഞ്ഞ് ശാസ്താംകോട്ടയിൽ നിന്നും എത്തിയ ഫയർഫോഴ്സ് യൂണിറ്റിലെ എഫ്ആർഒ മാരായ രാജേഷ്,അരുൺ എന്നിവർ ലാഡറിൽ ഇറങ്ങി സാഹസികമായി സുശീലയെ കരയ്ക്ക് എത്തിക്കുകയായിരുന്നു.പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി.ലീഡിങ് ഫയർമാൻ നിയാ സുധിൻ,ഷാനവാസ്,സുജാതൻ, വാമദേവൻ,ഉണ്ണികൃഷ്ണപിള്ള രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

നടി ശ്വേത മേനോനെതിരെ അപകീര്‍ത്തി പരാമര്‍ശം; ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

നടി ശ്വേത മേനോനെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍. യൂട്യൂബ് ചാനലിലൂടെ ശ്വേത മേനോനെ അപകീര്‍ത്തിപ്പെടുത്തിയ കേസിലാണ് എറണാകുളം നോര്‍ത്ത് പൊലീസ് ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. രാവിലെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഒരാഴ്ച മുമ്പാണ് നടി ശ്വേതാമേനോനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ സ്വന്തം യൂട്യൂബ് ചാനലിലൂടെ ക്രൈം നന്ദകുമാര്‍ വീഡിയോ പ്രചരിപ്പിച്ചത്. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി നടി പരാതി നല്‍കിയിരുന്നു. ഇയാള്‍ക്കെതിരെ ഐടി ആക്ട് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. സമൂഹമാദ്ധ്യമങ്ങളില്‍ നിന്നും വീഡിയോ നീക്കം ചെയ്യാനും പൊലീസ് നിര്‍ദേശിച്ചു.

.

കാണ്‍പൂര്‍ ടെസ്റ്റ് ഇന്ത്യക്ക് 7 വിക്കറ്റ് ജയം

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 7 വിക്കറ്റ് ജയം. മഴമൂലം മൂന്ന് ദിവസത്തെ കളി ഏതാണ്ട് പൂര്‍ണമായും നഷ്ടമായിട്ടും വെറും രണ്ട് ദിവസം കൊണ്ടാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ആദ്യ ദിനം 35 ഓവര്‍ മാത്രം മത്സരം നടന്ന ടെസ്റ്റില്‍ രണ്ടും മൂന്നും ദിനങ്ങളില്‍ ഒറ്റ പന്തുപോലും എറിയാനാകാതെ പൂര്‍ണമായും നഷ്ടമായിരുന്നു. പിന്നീട് നാലും അഞ്ചും ദിവസങ്ങളില്‍ ബംഗ്ലാദേശിനെ രണ്ട് വട്ടം പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ വിജയലക്ഷ്യമായ 95 റണ്‍സ് അഞ്ചാം ദിനം ലഞ്ചിന് ശേഷം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ(8), ശുഭ്മാന്‍ ഗില്‍(6), യശസ്വി ജയ്‌സ്വാള്‍(51) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. റിഷഭ് പന്തും(4), വിരാട് കോലിയും(29) പുറത്താകാതെ നിന്നു. ജയത്തോടെ രണ്ട് മത്സര പരമ്പര 2-0ന് തൂത്തുവാരിയ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കി. സ്‌കോര്‍ ബംഗ്ലാദേശ് 233, 146, ഇന്ത്യ 285-9, 98-3.

കരുനാഗപ്പള്ളി എന്‍എസ്എസ് യൂണിയന് 7 കോടി 9 ലക്ഷം രൂപയുടെ ബഡ്ജറ്റ്

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന്റെ 84-ാമത് വാര്‍ഷിക ബഡ്ജറ്റ് പൊതുയോഗം സംഘടിപ്പിച്ചു. എന്‍എസ്എസ് ട്രഷറര്‍ അഡ്വ. എന്‍.വി. അയ്യപ്പന്‍ പിള്ള അധ്യക്ഷനായി. 2023-24 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ്-ചെലവ് കണക്കും സപ്ലിമെന്ററി ബഡ്ജറ്റും മുതല്‍കടം സ്റ്റേറ്റ്മെന്റും 2024-25 വര്‍ഷത്തേക്കുള്ള ബജറ്റും യൂണിയന്‍ സെക്രട്ടറി അരുണ്‍ ജി. നായര്‍ അവതരിപ്പിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് അഡ്വ. വി. ഉണ്ണിക്കൃഷ്ണ പിള്ള, ഇന്‍സ്പെക്ടര്‍ വി. ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
7 കോടി 9 ലക്ഷം രൂപയുടെ ബഡ്ജറ്റ് ആണ് അവതരിപ്പിച്ചിരിക്കുന്നത്. സാമൂഹ്യക്ഷേമ പദ്ധതി പ്രകാരം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കരയോഗങ്ങള്‍ക്ക് വിവാഹം, ചികിത്സാ ധനസഹായം എന്നിവ നല്‍കുന്നതിന് 2 ലക്ഷം രൂപ വീതവും ഹ്യൂമന്‍ റീസോഴ്സ് സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 2 ലക്ഷം രൂപ, എന്‍ഡോവ്മെന്റ് സ്‌കോളര്‍ഷിപ്പ്, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുള്ള ധനസഹായം, പ്രതിഭകളെ ആദരിക്കല്‍ എന്നിവയ്ക്ക് 20 ലക്ഷം രൂപ, ദുരിതാശ്വാസ നിധി സംഭാവന ഇനത്തില്‍ 3 ലക്ഷം രൂപ, മന്ദിര നിര്‍മാണത്തിനായി 4 കോടി രൂപ, അധ്യാന്മിക പഠന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 3 ലക്ഷം രൂപ, സര്‍വീസ് ദ്വൈവാരികയ്ക്ക് 5 ലക്ഷം രൂപ എന്നിവ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.