ശാസ്താംകോട്ട : രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിലെ സ്പോർട്സ് ഡേ ആഘോഷമായി നടന്നു. ശാസ്താം കോട്ടജംഗ്ഷനിൽ നിന്നും ബ്രൂക്ക് ഡയറക്ടർ ഫാദർ. ഡോ. ജി. എബ്രഹാം തലോത്തിൽ കൊളുത്തിവിട്ട ദീപശിഖയുമായി സ്കൂളിലെ നാലു ഹൌസുകളിലെ കുട്ടികൾ ബാൻഡ് സെറ്റിന്റെയും എൻ. സി. സി. യുടെയും അകമ്പടിയോടെ പ്രയാണമാരംഭിച്ചതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. സ്കൂളിൽ നടന്ന കായികദിനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കുട്ടികളുടെ മാർച്ച് ഫാസ്റ്റിന്റെ സല്യൂട്ട് സ്വീകരിച്ചുകൊണ്ട് ശാസ്താംകോട്ട ഡി വൈ. എസ്. പി.ശ്രീ ജലീൽ തോട്ടത്തിൽ നിർവ്വഹിച്ചു. വിവിധ ഇനങ്ങളിലായി ഓട്ടമത്സരങ്ങൾ, ഷോട്ട് പുട്ട്, ലോംഗ്ജമ്പ്, വടംവലി ഉൾപ്പെടെ നിരവധി കായിക ഇനങ്ങളിലായി നടന്ന കായിക മാമാങ്കത്തിൽ റെഡ് ഹൗസ് ചാമ്പ്യൻമാരായി. ബ്രൂക്ക് ഡയറക്ടർ ഫാദർ. ഡോ. ജി. എബ്രഹാം തലോത്തിൽ സമ്മാനദാനം നിർവ്വഹിച്ചു.
കുന്നത്തൂർ കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത മണൽ വാരൽ;കർശന നടപടിയെന്ന് താലൂക്ക് വികസന സമിതി
ശാസ്താംകോട്ട:കല്ലടയാറ്റിൽ കുന്നത്തൂർ പഞ്ചായത്ത് കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത മണൽ വാരലിനെതിരെ നടപടി സ്വീകരിക്കുന്നതിന് കുന്നത്തൂർ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു.താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിലാണ് തീരുമാനം.താലൂക്കില പഞ്ചായത്തുകളിൽ ടേക്ക് എ ബ്രേക്ക് കെട്ടിടങ്ങൾ ഉടൻ തുറന്ന് പ്രവർത്തിപ്പിക്കുന്നതിന് എല്ലാ പഞ്ചായത്ത് സെക്രട്ടിറിമാർക്കും,ആഞ്ഞിലിമൂട് പള്ളിക്ക് സമീപം അപകടഭീഷണിയായി നില്ക്കുന്ന മരങ്ങൾ അടിയന്തിരമായി മുറിച്ചുമാറ്റുന്നതിന് ശാസ്താംകോട്ട സെക്രട്ടറിക്കും നിർദ്ദേശം നല്കി.കുന്നത്തൂർ സബ് ആർറ്റിഒ ഓഫീസിന് സ്ഥലം കൈമാറുന്ന വിഷയം ഒക്ടോബർ 19ന് എംഎൽഎയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടറുമായി ചർച്ച ചെയ്യും.തകർന്ന് കിടക്കുന്ന
ശാസ്താംകോട്ട റെയിൽവെ സ്റ്റേഷൻ-കുറ്റിയിൽമുക്ക്-കോട്ടയ്ക്കകത്ത് മുക്ക്- കിഴക്കടത്ത് മുക്ക് റോഡ് നിർമ്മാണത്തിന് ഒരു കോടി രൂപ അനുവദിച്ചതായി എംഎൽഎ അറിയിച്ചു.കരുനാഗപ്പള്ളിയിൽ നിന്നും രാത്രി 7.30 കഴിഞ്ഞ് കുന്നത്തൂർ മേഖലയിലേക്ക് ബസ് സർവ്വീസ് ഇല്ലാത്തതിനാൽ കെഎസ്ആർടിസി
ബസ് സർവ്വീസ് ആരംഭിക്കുന്നതിന് ഗതാഗതവകുപ്പ് മന്ത്രിയുമായി കൂടികാഴ്ച്ച നടത്തുന്നതിന് തീരുമാനിച്ചു.മൈനാഗപ്പള്ളി റെയിൽവെ ഓവർ ബ്രിഡ്‌ജ് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് വികസന സമിതിയിൽ ആവശ്യം ഉയർന്നു.താലൂക്കിലെ പട്ടയ അപേക്ഷകളിൽ അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദ്ദേശം നല്കി.
പോരുവഴി പട്ടികജാതി ഉന്നതി ഗ്രാമത്തിൽ താമസ്സിക്കുന്ന ജനറൽ വിഭാഗത്തിന് പട്ടയം നല്കുന്ന വിഷയം സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചു.ചക്കുവള്ളി ചന്തയില രൂക്ഷമായ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് പോരുവഴി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.ഭരണിക്കാവിലെ സിഗ്നൽ ലൈറ്റ് ട്രഫിക്ക് റഗുലേറ്ററി കമ്മിറ്റി യോഗം കൂടി ഉടൻ പ്രവർത്തിപ്പിക്കുന്നതിനും,താലൂക്കിലെ റോഡ് നിർമ്മാണം പൂർത്തിയാക്കുന്നതിന് ജലജീവൻ മിഷൻ,കിഫ്ബി,എൻ.എച്ച്, പിഡബ്ലൂഡി എന്നിവരുമായി മീറ്റിംഗ് നടത്തുന്നതിന് തീരുമാനിച്ചു.ശാസ്താംകോട്ട മുതൽ ആഞ്ഞിലിമൂട് വരെയുള്ള പാതയോരത്തെ അനധികൃത കച്ചവടങ്ങൾ ഒഴിപ്പിക്കുന്നതിന് പിഡബ്ല്യൂഡി,പോലീസ്,പഞ്ചായത്ത്
എന്നിവരെ ചുമതലപ്പെടുത്തി.കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്
ആർ.സുന്ദരേശൻ,ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ ബിനു മംഗലത്ത് (പോരുവഴി),ഡോ.സി ഉണ്ണികൃഷ്ണൻ(പടിഞ്ഞാറെ കല്ലട),വർഗ്ഗീസ് തരകൻ (മൈനാഗപ്പള്ളി), വൽസലകുമാരി (കുന്നത്തൂർ),വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ തുണ്ടിൽ നഷാദ്,പ്രൊഫ.എസ്.അജയൻ,കാരാളി വൈ.എ സമദ്,സാബു ചക്കുവള്ളി,പുത്തൂർ സനിൽ,ഗ്രിഗറി യോഹന്നാൻ,ബിജു മൈനാഗപ്പള്ളി വിവിധ വകുപ്പു മേലധികാരികൾ,കൊല്ലം ഡെപ്യൂട്ടി കളക്ടർ(എൽ.ആർ) തഹസിൽദാർ,ഭൂരേഖ തഹസിൽദാർ എന്നിവർ പങ്കെടുത്തു.ശാസ്താംകോട്ട താലൂക്ക് ആശുപത്രി വികസനത്തിന് 80 സെൻ്റ് റവന്യൂ ഭൂമി ലഭ്യമാക്കാൻ പരിശ്രമം നടത്തിയ കോവൂർ കുഞ്ഞുമോൻ എംഎൽഎയെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുന്ദരേശൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം തുണ്ടിൽ നൗഷാദ് എന്നിവർ യോഗത്തിൽ അനുമോദിച്ചു.
വിദ്യാരംഗം കലാസാഹിത്യവേദി ചവറ ഉപജില്ലാ സര്‍ഗോത്സവം ഒക്ടോബര്‍ 14 ന് പന്മന മനയിൽ ഗവ.എൽ.പി സ്‌കൂളില്‍
ചവറ . വിദ്യാരംഗം കലാസാഹിത്യവേദി ചവറ ഉപജില്ലാ സര്‍ഗോത്സവം, സാഹിത്യ ശില്‍പശാല ഒക്ടോബര്‍ 14 തിങ്കളാഴ്ച പന്മന മനയിൽ ഗവ.എൽ.പി സ്‌കൂളില്‍ വെച്ച് നടക്കും.
ഏഴ് സാഹിത്യ മേഖലകളിലായി ഉപജില്ലയിലെ എൽ.പി.,യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ നിന്ന് ആയിരത്തോളം വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുക്കുന്ന പരിപാടിയുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു.
പന്മന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പന്മന ബാലകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അനിത ടി കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജോർജ്ജ് ചാക്കോ , രാജീവ് കുഞ്ഞുമോൻ , എച്ച്.എം. ഇൻ ചാർജ്ജ്
വീണാറാണി ,വിദ്യാരംഗം കൺവീനർ
രാജ്ലാൽ തോട്ടുവാൽ , ജില്ലാ പ്രതിനിധി സിമി വൈ. ബുഷ്റ , രഞ്ജു മുരളീധരൻ ,രാജിമോൾ കെ , ബിജു ഡാനിയൽ , വരുൺലാൽ. എസ് ,റോജാ മാർക്കോസ് , വിദ്യാ.വി എന്നിവർ പ്രസംഗിച്ചു.
റോഡിന് കുറുകെ കടപുഴകി വീണ മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം
പരവൂര്‍: റോഡിന് കുറുകെ കടപുഴകി വീണ മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം. പൂതക്കുളം വയലില്‍ക്കര പുത്തന്‍ വീട്ടില്‍ സുരേന്ദ്രന്‍പിള്ള-ബിന്ദു ദമ്പതികളുടെ മകന്‍ സോനു (22) ആണ് മരിച്ചത്. പരവൂര്‍-പാരിപ്പള്ളി റോഡില്‍ പുത്തന്‍കുളം അമ്മാരത്തു മുക്കിലാണ് സംഭവം. വെള്ളിയാഴ്ച രാത്രി 10ന് സോനുവും സുഹൃത്തായ സുജിത്തും കൂടി ഇരുചക്ര വാഹനത്തില്‍ ജോലിക്കുപോയി തിരികെ വരുമ്പോഴാണ് അപകടം ഉണ്ടായത്.
കഴിഞ്ഞ ദിവസം പെയ്ത മഴയിലും ശക്തമായ കാറ്റിലും ചുവട് ദ്രവിച്ചു നിന്ന പാഴ്മരം കടപുഴകി വീഴുകയായിരുന്നു. ഇതറിയാതെ വന്ന സോനുവും സുഹൃത്തും മരത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. സോനു സംഭവ സ്ഥലത്തു തന്നെ മരിച്ചു.
സുഹൃത്ത് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പരവൂര്‍ പൊലീസ് കേസെടുത്തു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു. സോനുവിന്റെ സഹോദരന്‍ സുജിത്ത്.
എഡിജിപി തെറിക്കുമോ? ഇരിക്കുമോ ? നാളെ അറിയാം
തിരുവനന്തപുരം:എഡിജിപി എംആർ അജിത് കുമാർ രണ്ട് ഉന്നത ആർഎസ് എസ് നേതാക്കളെ കണ്ടതിലെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഡിജിപിയുടെ നിലപാട്. റിപ്പോർട്ട് മുഖ്യമന്ത്രിയുടെ കൈയ്യിലെത്തിയാൽ പരിശോധിച്ച് നടപടി എടുത്തേക്കും. നാളെ വൈകിട്ടോടെ ഇക്കാര്യത്തിൽ മുഖ്യമന്ത്രി നടപടി പ്രഖ്യാപിച്ചേക്കും. എന്തായാലും അജിത്ത് കുമാറിന് സ്ഥാനചലനമുണ്ടാകുമെന്ന് ഏറെകുറെ ഉറപ്പാണ്. ഏതെങ്കിലും കോർപ്പറേഷൻ തലപ്പത്തേക്ക് മാറ്റി ചുമതല നൽകാനും സാധ്യതയുണ്ട്.നിയമസഭാ സമ്മേളനം തിങ്കളാഴ്ച വീണ്ടും ആരംഭിക്കുമ്പോൾ പ്രതിപക്ഷത്തിൻ്റെ കൈയ്യിലെ ഏറ്റവും നല്ല വടിയാകും എഡിജിപി വിവാദം.
എഡിജിപി എം ആർ അജിത്ത് കുമാറിനെതിരായ പരാതികളിൽ ഡിജിപിയുടെ റിപ്പോർട്ട് ഇന്ന് രാത്രി 8 മണിയോടെയാണ് സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് നൽകിയത്. റിപ്പോർട്ട് കഴിഞ്ഞ ദിവസം സമർപ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും റിപ്പോർട്ട് അന്തിമമാക്കാൻ സമയം എടുത്തതാണ് വൈകാൻ കാരണമെന്നായിരുന്നു ഒടുവിൽ ലഭിച്ച വിവരം. ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് എഡിജിപി നൽകിയ വിശദീകരണം തള്ളിക്കൊണ്ടാണ് ഡിജിപി അന്തിമ റിപ്പോർട്ട് തയ്യാറാക്കിയതെന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു.
എഡിജിപി എംആർ അജിത് കുമാർ രണ്ട് ഉന്നത ആർഎസ് എസ് നേതാക്കളെ കണ്ടതിലെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഡിജിപിയുടെ നിലപാട്. എന്നാൽ മാമി തിരോധാനമടക്കം അൻവർ ഉന്നയിച്ച കേസുകളിൽ അജിതിന് വീഴ്ചയുണ്ടായെന്ന വിലയിരുത്തൽ റിപ്പോർട്ടിലുണ്ടാകില്ലെന്നാണ് സൂചന. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ ഉപസമിതിയോഗത്തിലും അജിത്തിനെ മാറ്റാതെ പറ്റില്ലെന്ന നിലപാടാണ് ഘടകക്ഷിയായ സിപിഐ സ്വീകരിച്ചത്. വിവാദ നായകൻ എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടി വൈകുന്നത് പ്രതിച്ഛായയെ ബാധിക്കില്ലേയെന്നും നേരത്തെ തന്നെ നടപടി എടുക്കണമായിരുന്നുവെന്നും ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന കമ്മിറ്റിയിലും അഭിപ്രായമുണ്ടായി.
എഡിജിപിക്ക് വീഴ്ചയുണ്ടെന്നാണ് വിലയിരുത്തലെന്നും എന്നാൽ നടപടിയെടുക്കുന്നത് ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ആകുമെന്നാണ് പ്രഖ്യാപിത നിലപാടെന്നും നേതൃത്വം വ്യക്തമാക്കുന്നു. സമ്മർദ്ദത്തിന് വഴങ്ങി മാറ്റിയെന്ന തോന്നലുണ്ടാക്കുന്നത് ഗുണം ചെയ്യില്ലെന്നും നേതൃത്വം നിലപാടെടുത്തു. ഡിജിപിയുടെ അന്വേഷണ
റിപ്പോർട്ട് കയ്യിൽ കിട്ടട്ടെ, അതുവരെ കാത്തിരിക്കാമെന്നാണ് എംവി ഗോവിന്ദൻ സംസ്ഥാന കമ്മിറ്റിയെ അറിയിച്ചത്. ഇതിനൊക്കെ ഒടുവിലാണ് ഇന്ന് ഡിജിപിയുടെ അന്തിമ റിപ്പോർട്ട് സർക്കാറിലേക്ക് എത്തിയത്.ഇനി എല്ലാ കണ്ണുകളും മുഖ്യമന്ത്രിയിലേക്കാണ്.
കൊല്ലം – എറണാകുളം മെമ്മുവിന് മൺറോതുരുത്തിലും പെരിനാടും സ്റ്റോപ്പ്
ശാസ്താംകോട്ട:പുതുതായി ആരംഭിക്കുന്ന കൊല്ലം – എറണാകുളം മെമ്മു സർവീസിന് മൺറോതുരുത്തിലും പെരിനാടും സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.ആദ്യഘട്ടത്തിൽ സ്റ്റോപ്പുകൾ പ്രഖ്യാപിച്ചപ്പോൾ ഇരു സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിച്ചിരുന്നില്ല.ഹാൾട്ട് സ്റ്റേഷനിൽ കൂടി സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സ്ഥിരം യാത്രക്കാർ എം.പിയെ സമീപിച്ചിരുന്നു.ദക്ഷിണ റെയിൽവേയുടെ ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ട് മാനേജരുമായി എം.പി നടത്തിയ ചർച്ചയിൽ വേണാട് എക്സ്പ്രസ് നിർത്താത്തതും യാത്രക്കാരുടെ എണ്ണം കൂടുതൽ ഉള്ളതായ സ്റ്റേഷനുകളിൽ കൂടി നിർത്തണമെന്ന് ശക്തമായി ആവശ്യപ്പെടുകയായിരുന്നു.തുടർന്ന് രാവിലെ 6.15ന് പകരം 5:55 ആയി ട്രെയിൻ പുറപ്പെടുന്ന സമയം ക്രമീകരിച്ച് മൺറോതുരുത്തിലും പെരിനാടും സ്റ്റോപ്പ് അനുവദിക്കുകയായിരുന്നു.
പശ്ചിമ ബംഗാളിൽ നാലാം ക്ലാസ് വിദ്യാർത്ഥിയെ ബലാൽ സംഗം ചെയ്തു കൊലപ്പെടുത്തി
കൊല്‍ക്കൊത്ത. പശ്ചിമ ബംഗാളിൽ നാലാം ക്ലാസ് വിദ്യാർത്ഥിയെ ബാലാൽ സംഗം ചെയ്തു കൊലപ്പെടുത്തി. മൃതദേഹം ഗംഗ തീരത്തു നിന്നു കണ്ടെത്തി. നാട്ടുകാരുടെ പ്രതിഷേധം അക്രമാസക്തമായി. പ്രദേശത്തെ പോലീസ് ഔട്ട് പോസ്റ്റിനു തീവച്ചു. പ്രതിഷേധവുമായി ബിജെപി യും സിപിഐ എമും രംഗത്ത്.
പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസിലെ ജയ്‌നഗറിലാണ് സംഭവം.ഇന്നലെ വൈകീട്ട് ട്യൂഷൻകഴിഞ്ഞു മടങ്ങിയ 9 വയസ്സുകാരി വീട്ടിൽ എത്തിയില്ല.കുട്ടിയെ കാണാതായതായി രാത്രി 9 മണിയോടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു.ഇന്ന് രാവിലെ പെൺകുട്ടിയുടെ വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെ മഹിസ്മാരിയിൽ ഗംഗ തീരത്തു നിന്നും മൃതദേഹം കണ്ടെത്തി.
കുട്ടി യെ ക്രൂര ബാലാൽ സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതാണെന്നും, പോലീസിന്റെ ഭാഗത്ത് നിന്നും അനാസ്ഥയുണ്ടായെന്നും ആരോപിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.രോഷാകുലരായ നാട്ടുകാർ മഹിസ്മാരി പോലീസ് ഔട്ട്‌പോസ്റ്റ് അടിച്ചുതകർക്കുകയും പോലീസ് വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു.
വാഹനഗതാഗതം തടസ്സപ്പെടുത്തിയ നാട്ടുകാർ പോലീസുമായി ഏറ്റുമുട്ടി. ആശുപത്രിയിൽ മൃതദേഹം കാണാൻ എത്തിയ തൃണമൂൽ കോണ്ഗ്രസ് എം എൽ എ ഗണേഷ് മൊണ്ഡലിനെ നാട്ടുകാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.
സംഘർഷ സാഹചര്യം നിലനിൽക്കുന്ന പ്രദേശത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
എന്നാൽ പരാതി ലഭിച്ച ഉടൻ അന്വേഷണം ആരംഭിച്ചതായും ഒരാളെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.
ബിജെപി നേതാവ് അഗ്നിമിത്ര പാലും സിപിഐ എം നേതാവ് മീനാക്ഷി മുഖർജിയും ജയ്നഗറിലെ ആശുപത്രിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.
ആലത്തൂർ എസ്എൻ കോളേജിലെ കെഎസ് യൂ പ്രവർത്തകന് എസ്എഫ്ഐ നേതാവിന്റെ ഭീഷണി
പാലക്കാട്. ആലത്തൂർ എസ്എൻ കോളേജിലെ കെഎസ് യൂ പ്രവർത്തകന് എസ്എഫ്ഐ നേതാവിന്റെ ഭീഷണി,ക്യാമ്പസിൽ അനതികൃതമായി പ്രവേശിച്ച എസ്എഫ്ഐക്കാരുടെ ചിത്രം പകർത്തിയതിന് മുട്ടുകാൽ തല്ലി ഓടിക്കുമെന്നാണ് ഭീഷണി,സംഭവത്തിൽ ആലത്തൂർ പോലീസ് കേസെടുത്തു,വിക്ടോറിയ കോളേജിൽ തിരഞ്ഞെടുപ്പിനെ ചൊല്ലി കെഎസ്‌യു എസ്എഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായ തർക്കത്തിനിടെ അധ്യാപകരെയും കയ്യേറ്റം ചെയ്തു
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പാണ് രണ്ട് ക്യാമ്പസിലെയും തർക്കങ്ങൾക്കാധാരം,എസ്എൻ കോളേജിൽ തിരഞ്ഞെടുപ്പിനിടെ ക്യാമ്പസിൽ പ്രവേശിച്ച എസ്എഫ്ഐക്കാരുടെ ചിത്രം പകർത്തിയതാണ് പ്രകോപനകാരണം,കെഎസ് യൂ പ്രവർത്തകൻ അഫ്സലിനെയാണ് ചിത്രം പകർത്തിയതിന് എസ്എഫ്ഐ നേതാവ് തേജസ് ഭീഷണിപ്പെടുതിയതിന്റെ ശബ്ദസന്ദേശമാണ് പുറത്തായത്,
പാലക്കാട് വിക്ടോറിയ കോളേജിൽ തിരഞ്ഞെടുപ്പിനിടെയാണ് കെ എസ് യൂ, എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായത്,അധ്യാപകരെ കയ്യേറ്റം ചെയ്തതായും പരാതിയുയർന്നു,തിരഞ്ഞെടുപ്പ് ആട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് എബിവിപി ആരോപിച്ചു
ന്യൂസ് അറ്റ് നെറ്റ് BlG BREAKING എഡിജിപിയ്ക്കെതിരായ റിപ്പോർട്ട് കൈമാറി
2024 ഒക്ടോബർ 05 ശനി 8.40 PM
?എഡിജിപി എം ആർ അജിത്ത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് ഡിജിപി ആഭ്യന്തര സെക്രട്ടിക്ക് കൈമാറി.
? ഇന്ന് തന്നെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചേക്കും.
നാളെ വൈകിട്ടോടെ റിപ്പോർട്ടിൻമേൽ നടപടി ഉണ്ടായേക്കും.
?ഇന്ന് നടന്ന ശബരിമല അവലോകന യോഗത്തിൽ നിന്ന് എഡിജി പി യെ ഒഴിവാക്കിയിരുന്നു. റിപ്പോർട്ടിൽ എന്ത് നടപടി മുഖ്യമന്ത്രി സ്വീകരിക്കും എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
ഭൂതത്താൻകെട്ടിൽ സിനിമ ചിത്രീകരണത്തിനിടെ ഓടിപ്പോയ നാട്ടാന പുതുപ്പള്ളി സാധു കാടിറങ്ങി
കോതമംഗലം . ഭൂതത്താൻകെട്ടിൽ സിനിമ ചിത്രീകരണത്തിനിടെ ഓടിപ്പോയ നാട്ടാന പുതുപ്പള്ളി സാധു കാടിറങ്ങി. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി നടത്തിയ തിരച്ചിലിനൊടുവിലാണ് ആനയെ കണ്ടെത്തിയത്. ആന പൂർണ ആരോഗ്യവാനാണ്.
തെലുങ്ക് സൂപ്പർതാരം വിജയ് ദേവരകൊണ്ട നായകനാകുന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. ചിത്രീകരണത്തിന് കൊണ്ടുവന്നത് അഞ്ച് ആനകളെ. ചിത്രീകരണം അവസാനഘട്ടത്തിലെത്തിയപ്പോൾ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ട്വിസ്റ്റുണ്ടായത്. തടത്താവിള മണികണ്ൻ എന്ന ആന പുതുപ്പള്ളി സാധുവിന്റെ പിന്നിൽ കുത്തി. വിരണ്ടോടിയ സാധു കാട്ടിൽ മറഞ്ഞു.
ഇന്നലെ രാത്രി ഏറെ വൈകിയും തിരച്ചിൽ നടത്തി. ആനയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്ന് പുലർച്ചെ ഫോറസ്റ്റ് വാച്ചർമാർ കാൽപ്പാടുകൾ പിന്തുടർന്ന് പോയപ്പോഴാണ് തുണ്ടം ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കാട്ടിൽ ആനയെ കണ്ടത്.
പഴവും മധുര പലഹാരവും നൽകി ആനയെ തളച്ച പാപ്പാൻമാർ വാഹനത്തിൽ കയറ്റി പുതുപ്പള്ളിയിൽ എത്തിച്ചു. ആനയ്ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല





































