Home Blog Page 2061

കൊച്ചിയില്‍ നാളെ കുടിവെള്ളം മുടങ്ങും

കൊച്ചി. കൊച്ചിയില്‍ നാളെ കുടിവെള്ളം മുടങ്ങും. ഉച്ചയ്ക്ക് രണ്ടു മുതൽ വിശാല കൊച്ചി പ്രദേശങ്ങളിലേക്കുള്ള പമ്പിങ് മുടങ്ങി. തകരാർ ഇതുവരെ കണ്ടുപിടിക്കാൻ ആയിട്ടില്ല. ആലുവ സബ്സ്റ്റേഷനിൽ നിന്നും ശുദ്ധജല പ്ലാന്റിലേക്കുള്ള അണ്ടർ ഗ്രൗണ്ട് കേബിളിൽ ആണ് തകരാർ. കെഎസ്ഇബി പരിശോധന തുടരുന്നു

പടക്ക നിര്‍മ്മാണം നടന്ന വീട്ടില്‍ സ്ഫോടനം,പിഞ്ചുകുഞ്ഞ് ഉൾപ്പടെ മൂന്ന് പേർ മരിച്ചു

തിരുപ്പൂര്‍. പടക്ക നിര്‍മ്മാണം നടന്ന വീട്ടില്‍ സ്ഫോടനം. ഒൻപത് മാസം പ്രായമായ കുഞ്ഞ് ഉൾപ്പടെ മൂന്ന് പേർ മരിച്ചു. സംഭവം പൊന്നമ്മാൾ നഗറിൽ. സ്ഫോടനമുണ്ടായത് അനധികൃതമായ പടക്കമുണ്ടാക്കുന്ന വീട്ടിൽ. രണ്ട് വീടുകൾ പൂർണമായും നശിച്ചു. അഞ്ച് വീടുകൾക്ക് കേടുപാടുകളുണ്ടായി

ആർഎസ്എസ് കൂടിക്കാഴ്ചയിലും,പി ആർ വിവാദത്തിലും മറുപടിയില്ലാതെ സർക്കാർ

തിരുവനന്തപുരം. എ.ഡി.ജി.പി ആർഎസ്എസ് കൂടിക്കാഴ്ചയിലും,പി ആർ വിവാദത്തിലും നിയമസഭയിൽ കൃത്യമായ മറുപടിയില്ലാതെ സർക്കാർ.സംഘപരിവാർ ബന്ധം യു.ഡി.എഫിനാണെന്ന് ആണെന്ന് പറഞ്ഞ് പ്രതിരോധിക്കാനായിരുന്നു ഭരണപക്ഷ
ശ്രമം.പി.ആർ വിവാദത്തിൽ മുഖ്യമന്ത്രി
വാർത്താസമ്മേളനത്തിൽ പറഞ്ഞതിനപ്പുറം ഒന്നും സർക്കാർ വിശദീകരിച്ചില്ല.രാവിലെ സഭയിൽ ഉണ്ടായിരുന്നെങ്കിലും പിന്നീട് ശബ്ദ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചെന്ന കാരണത്താൽ മുഖ്യമന്ത്രി സഭയിൽ നിന്നും
വിട്ടു നിന്നു.

അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതും,അഭിമുഖ വിവാദവുമായിരുന്നു പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസ്.പ്രതിപക്ഷത്തിന് പ്രതിരോധം
തീർത്തു ചർച്ച ആകാമെന്നു മുഖ്യമന്ത്രി.

എന്നാൽ ചർച്ച ആരംഭിച്ച 12 മണിക്ക് മുഖ്യമന്ത്രി സഭയിൽ ഉണ്ടായിരുന്നില്ല.
മുഖ്യമന്ത്രിക്ക് പനി കാരണം ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചെന്നു സ്പീക്കർ വിശദീകരിച്ചു.എം.ആർ അജിത്കുമാറിനെ സർക്കാർ സംരക്ഷിക്കുകയാണെന്നു പ്രമേയാവതാരകനായ എൻ.ഷംസുദ്ദീൻ ആരോപിച്ചു

ആർഎസ്എസ് നേതാക്കളെ അജിത്കുമാർ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് ആവർത്തിച്ചു.
ഇന്‍റലിജന്‍സ് റിപ്പോർട്ട് 2023 മേയില്‍ തന്നെ കിട്ടിയിട്ടും മുഖ്യമന്ത്രി ചോദിച്ചില്ല.അഭിമുഖം നടക്കുന്നതിനിടെ ഒരാൾ വന്നു എന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞതിന് പ്രതിപക്ഷ നേതാവിന്റെ പരിഹാസം.വിവാദ ഭാഗം എഴുതി ചേർത്തവർക്കെതിരെ നടപടി എടുക്കുമോ എന്നും ചോദ്യം.

പ്രതിപക്ഷ നേതാവ് പറഞ്ഞത് പോലെയൊരു സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ഇല്ലെന്നും ഉണ്ടെങ്കിൽ നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കാനും മുഖ്യമന്ത്രിക്ക് വേണ്ടി സംസാരിച്ച
എം.ബി രാജേഷിന്റെ വെല്ലുവിളി.പി.ആർ വിവാദത്തിൽ ഹിന്ദു ദിനപത്രം നൽകിയ തെറ്റ് തിരുത്തൽ വാചകത്തിൽ മാത്രം പിടിച്ചായിരുന്നു ഭരണപക്ഷത്തിന്റെ പ്രതിരോധം

മലപ്പുറം വിവാദത്തിലൂടെ സംഘപരിവാറിന് ഉപയോഗിക്കാനുള്ള ആയുധമാണ് നൽകിയതെന്നു പി കെ കുഞ്ഞാലികുട്ടി.മലപ്പുറം ജില്ലയെ കുട്ടി പാകിസ്ഥാൻ എന്നു കോൺഗ്രസ്സ് വിളിച്ചുവെന്നു കെറ്റി ജലീൽ പറഞ്ഞതോടെ സഭയിൽ ബഹളം

വാക്കൗട്ട് പ്രസംഗത്തിനിടെ ഭരണപക്ഷം ബഹളം ഉണ്ടാക്കിയതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജനസംഘടനകൾ നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

തിരുവനന്തപുരം.മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജനസംഘടനകൾ നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസിന് നേരെ കല്ലെറിഞ്ഞ പ്രവർത്തകർ, ജലപീരങ്കിയുടെ ഗ്ലാസ് തകർത്തു. പ്രവർത്തകർക്കുനേരെ നേരെ നിരവധിതവണ പോലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും , യുത്ത് ലീഗ് നേതാവ് പി കെ ഫിറോസ് അടക്കം 20 പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
അടിയന്തര പ്രമേയ ചർച്ചയിൽ നിയമസഭയ്ക്കുള്ളിൽ ചൂടേറിയ വാക്പോര് നടക്കുമ്പോൾ പുറത്ത് യുവജന സംഘടനകളുടെ കനത്ത പ്രതിഷേധം. സമാധാനപരമായി തുടങ്ങിയ മാർച്ച് ഉദ്ഘാടനത്തിന് ശേഷം രൂപംമാറി.
ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർ പൊലീസിന് നേർക്ക് കല്ലും, കമ്പും, കുപ്പിയും എറിഞ്ഞു.

സമരാനുകൂലികൾ പിന്തിരിയാത്തതോടെ പൊലീസ് പല തവണ ജലപീരങ്കി പ്രയോഗിച്ചു.

പ്രതിഷേധം അണയാത്തതോടെ പൊലീസ് മൂന്ന് തവണ ടിയർ ഗ്യാസും പൊട്ടിച്ചു. രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റു. ഇതിനിടെ യൂത്ത് കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെയും , യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇതോടെ പ്രവർത്തകർ എംജി റോഡ് ഉപരോധിച്ചു.

റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. സംഭവത്തിൽ രാഹുൽ മാങ്കൂട്ടം, പി കെ ഫിറോസ് ഉൾപ്പടെ 20 പേരെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം ഉൾപ്പടെയുള്ള ആരോപണങ്ങൾ ഉയർത്തിയാണ് പ്രതിപക്ഷ യുവജനസംഘടനകള്‍ നിയമസഭ മാര്‍ച്ച് സംഘടിപ്പിച്ചത്.

സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള ആരോപണം,ഗവർണറെ കണ്ട് തെളിവുകൾ കൈമാറി പി വി അൻവർ

തിരുവനന്തപുരം. സർക്കാരിനെ പ്രതിരോധത്തിൽ ആക്കിയ സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള ആരോപണങ്ങളുമായി ഗവർണറെ കണ്ട് പി വി അൻവർ. തന്റെ കൈവശമുള്ള തെളിവുകൾ കൈമാറിയെന്നും കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പിന്നീട് പറയാം എന്നും അൻവർ പ്രതികരിച്ചു. നിയമസഭയിൽ പ്രത്യേക ബ്ലോക്ക് വേണമെന്ന് നിലപാടും അൻവർ ആവർത്തിച്ചു

നേരത്തെ അനുമതി വാങ്ങി വൈകിട്ട് 4.15 ന് ആയിരുന്നു ഗവർണറുമായി പിവി അൻവറിന്റെ കൂടിക്കാഴ്ച. സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള മുൻ ആരോപണങ്ങളിലായിരുന്നു ചർച്ച. സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടത് കൊണ്ടാണ് ഗവർണറെ കണ്ടതെന്നും കൂടുതൽ തെളിവുകൾ കൈമാറും എന്നും അൻവർ.അതേസമയം നിയമസഭയിൽ സ്വതന്ത്ര സീറ്റ് വേണമെന്ന് നിലപാട് അൻവർ ഇന്നും ആവർത്തിച്ചു

പ്രതിപക്ഷത്തിരിക്കാൻ താല്പര്യമില്ലെന്ന് അൻവർ പറയുമ്പോഴും ഇക്കാര്യത്തിൽ സ്പീക്കറുടെ നിലപാടാണ് അന്തിമമാവുക

കൊണ്ടോട്ടി ഇ എം ഇ എ കോളേജിൽ ഇരുമ്പ് ഗോവണി തകർന്ന് വീണ് 10 വിദ്യാർത്ഥികൾക്ക് പരിക്ക്

representational image

മലപ്പുറം. കൊണ്ടോട്ടി ഇ എം ഇ എ കോളേജിൽ ഇരുമ്പ് ഗോവണി തകർന്ന് വീണ് 10 വിദ്യാർത്ഥികൾക്ക് പരിക്ക്

കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംവാദം കേൾക്കാൻ നിന്നിരുന്ന പെൺകുട്ടികൾക്കാണ് വീണ് പരിക്കേറ്റത്.കാലിനും കൈെക്കും പരിക്കേറ്റ വിദ്യാർത്ഥിനികളെ
കൊണ്ടാട്ടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല

പ്രവാസികൾക്ക് സ്പെഷൽ സെമി സ്ലീപ്പർ എയർ കണ്ടീഷണർ കെഎസ്ആർടിസി ബസുകൾ; സർവീസ് ഉടൻ

അജ്മാൻ: കേരളത്തിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് പ്രവാസികളായ യാത്രക്കാർക്കുവേണ്ടി സെമി സ്ലീപ്പർ എയർ കണ്ടീഷണർ ബസുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉടൻ സർവീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.

ഇതിനായി 16 ബസുകൾ തയാറായിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് സർവീസ് ആരംഭിക്കുക. ഇവിടെ നിന്ന് കോഴിക്കോട്, കോട്ടയം, തിരുവല്ല ഭാഗങ്ങളിലേയ്ക്കാണ് ആദ്യ സർവീസ്. പ്രധാനപ്പെട്ട സ്ഥലങ്ങളിൽ നിന്നെത്തുന്ന വിമാനങ്ങളിലെ യാത്രക്കാരുടെ സൗകര്യാർഥമാണ് സർവീസ്. ബാഗേജ് വയ്ക്കാൻ ബസിന് താഴെ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് മറ്റു വിമാനത്താവളങ്ങളിൽ നിന്നും ഈ ബസുകൾ സർവീസ് നടത്തും.

വിമാനത്താവളങ്ങളിലെത്തുന്ന പ്രവാസികളെ സുരക്ഷിതമായും സുഖകരമായും അവരുടെ വീടുകളിലെത്തിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് ആധുനിക സജ്ജീകരണങ്ങളോടെയുള്ള എസി സൂപ്പർ ഫാസ്റ്റ് ആരംഭിക്കുമെന്നും ഇതിനായി 40 ബസുകൾ ഒരുക്കിയിട്ടുണ്ടെന്നും ഡ്രൈവിങ് ലൈസൻസ് പൂർണമായും ഡിജിറ്റലാക്കുമെന്നും അദ്ദേഹം അജ്മാനിൽ പറഞ്ഞു. കെയർ ചിറ്റാർ ഓണാഘോഷത്തിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദഹം.

കായംകുളത്ത് കാറിൻ്റെ പിൻസീറ്റിൽ മൃതദേഹം: 52കാരൻ മരിച്ചത് മദ്യപിച്ച് ഉറങ്ങിയപ്പോൾ സംഭവിച്ച ഹൃദയാഘാതം മൂലം

ആലപ്പുഴ: കായംകുളം പള്ളിക്കൽ- മഞ്ഞാടിത്തറയിൽ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങി. മരിച്ച വാത്തികുളം സ്വദേശി 52 വയസ് പ്രായമുണ്ടായിരുന്ന അരുൺ ലിവർ സിറോസിസ് ബാധിതനായിരുന്നുവെന്നും അമിതമായി മദ്യപിച്ചതിനെ തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നും പൊലീസ് വ്യക്തമാക്കി.

സുഹൃത്തുക്കളുമായി മദ്യപിച്ച ശേഷം സുഹൃത്തിന്റെ കാറിൽ തന്നെ കിടക്കുകയായിരുന്നു അരുൺ. ഉറക്കത്തിനിടെയാണ് മരണം സംഭവിച്ചത്. കുറത്തികാട് പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടം നടത്തി. കാറിന്റെ പിൻസീറ്റിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

ചുണ്ട് വരണ്ട് പൊട്ടുന്നുണ്ടോ? എങ്കിൽ ഇവയൊന്ന് പരീക്ഷിച്ച് നോക്കൂ

ചുണ്ട് വരണ്ട് പൊട്ടുന്നത് ഇന്ന് പലരിലും കാണുന്ന പ്രശ്നമാണ്. തണുപ്പ് കാലാവസ്ഥയിലാണ് ഈ പ്രശ്നം രൂക്ഷമാകുന്നത്. ചുണ്ട് പൊട്ടുന്നത് തടയാൻ ലിപ് ബാമുകൾ നാം ഉപയോ​ഗിക്കാറുണ്ട്. എന്നാൽ അതൊന്നുമല്ലാതെ വീട്ടിലെ തന്നെ ചില ചേരുവകൾ ഉപയോ​ഗിച്ച് ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാം.

വെള്ളരിക്കയുടെ നീര് ചുണ്ടിൽ പുരട്ടുന്നത് ചുണ്ടിൽ ഉണ്ടാവുന്ന എല്ലാ തരത്തിലുള്ള പ്രശ്നങ്ങൾക്കുള്ള ഉത്തമപ്രതിവിധിയാണ്. ചുണ്ട് വിണ്ടുകീറൽ, തൊലി അടർന്നു പോകൽ, ഫംഗസ് തുടങ്ങിയവെല്ലാം ഒഴിവാക്കാൻ വെള്ളരിക്കാ നീര് സഹായിക്കും. ദിവസവും വെള്ളരിക്ക നീര് ഉപയോ​ഗിച്ച് ചുണ്ട് മസാജ് ചെയ്യുന്നത് വരൾച്ച് അകറ്റും.

രാത്രിയിൽ കിടക്കുന്നതിന് മുമ്പ് ആൽമണ്ട് ക്രീമോ ആൽമണ്ട് ഓയിലോ ചുണ്ടിൽ പുരട്ടാം. ഇതും ചുണ്ട് പൊട്ടുന്നത് തടയും.

ചുണ്ടുകൾക്ക് ഈർപ്പവും തണുപ്പും നൽകാൻ മികച്ചതാണ് കറ്റാർവാഴ ജെൽ. കറ്റാർവാഴ ജെൽ ചുണ്ടിൽ നേരിട്ട് പുരട്ടുന്നത് നല്ലതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇത് ഇടാം.

പാൽപ്പാട ചുണ്ടിൽ പുരട്ടുന്നത് ചുണ്ടുകളെ ലോലമാക്കാനും വരൾച്ച അകറ്റാനും സഹായിക്കും. പാൽപ്പാടയിൽ അൽപം നാരങ്ങാനീര് കൂടി ചേർത്ത് പുരട്ടുന്നത് ഏറെ നല്ലതാണ്.

ഒലിവ് ഓയിലിൽ നിരവധി ആന്റി ഓക്സിഡന്റുകളുണ്ട്. ചുണ്ടിന് ആവശ്യമായ പോഷണം നൽകാൻ ഇത് സഹായിക്കും. ചുണ്ടിൽ ഒലിവ് ഓയിൽ പുരട്ടുന്നത് ഫിനിഷിങ് നൽകാനും ചുണ്ട് മനോഹരമായി ഇരിക്കാനും സഹായിക്കും.

ചുണ്ടിന് ആവശ്യമായ പരിപോഷണം നൽകാൻ നെയ്യ് സഹായിക്കുന്നു. നെയ്യ് ചുണ്ടിൽ പുരട്ടി മസാജ് ചെയ്യുന്നത് ചുണ്ടിന്റെ നിറം നൽകാൻ ഫലപ്രദമാണ്.

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. അടുത്ത അഞ്ച് ദിവസം ശക്തമായ മഴ്യ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.മലപ്പുറം കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിൽ യല്ലോ അലർട്ട്.
തിരുവനന്തപുരം, കൊല്ലം ആലപ്പുഴ എറണാകുളം മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ ജില്ലകളിൽ നാളെ യല്ലോ മുന്നറിയിപ്പ്
നൽകിയിട്ടുണ്ട്.മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.