Home Blog Page 2050

പിണറായി പൊലീസ് സ്റ്റേഷനില്‍ അധിക തസ്തിക,കര്‍ഷക പെന്‍ഷന്‍,ശമ്പള പരിഷ്കരണം മന്ത്രിസഭാ തീരുമാനങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം. ചെറുകിട നാമമാത്ര കര്‍ഷക പെന്‍ഷന്‍

ചെറുകിട നാമമാത്ര കര്‍ഷക പെന്‍ഷന്‍ പദ്ധതിയില്‍ അര്‍ഹരായ 6201 പുതിയ ഗുണഭോക്താക്കളെ കൂടി ഉള്‍പ്പെടുത്തും. മറ്റേതെങ്കിലും പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് അര്‍ഹതയുണ്ടാവില്ല.

തസ്തിക

കണ്ണൂര്‍, പിണറായി പോലീസ് സ്റ്റേഷന്‍റെ അധിക ജോലിഭാരവും സ്റ്റേഷന്‍ പരിധിയുടെ വ്യാപ്തി വര്‍ധിപ്പിച്ചതും കണക്കിലെടുത്ത് ഒരു ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, അഞ്ച് സിവില്‍ പോലീസ് ഓഫീസര്‍ എന്നീ തസ്തികകള്‍ കൂടി സൃഷ്ടിക്കും.

11 -ാം ശമ്പള പരിഷ്ക്കരണ ആനുകൂല്യം

അനര്‍ട്ടിലെ 28 അംഗീകൃത തസ്തികകളില്‍ ജോലി ചെയ്യുന്ന 96 റഗുലര്‍ ജീവനക്കാര്‍ക്ക് കൂടി 11 -ാം ശമ്പള പരിഷ്ക്കരണ ആനുകൂല്യങ്ങള്‍ അനുവദിക്കും. മനേജിങ് ഡയറക്ടര്‍ എന്ന പദത്തിന് പകരം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എന്ന് ഭേദഗതി വരുത്തും.

2025ലെ പൊതു അവധികള്‍

2025 വര്‍ഷത്തെ പൊതു അവധികളും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ് ആക്ട് പ്രകാരമുള്ള അവധികളും അംഗീകരിച്ചു.

തൊഴിൽ നിയമം-ഇൻഡസ്ട്രിയൽ ഡിസ്‌പ്യൂട്ട്സ് ആക്ട്‌സ്, കേരള ഷോപ്പ്സ് & കൊമേഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്ക് കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്മെൻ്റ് (നാഷണൽ & ഫെസ്റ്റിവൽ ഹോളിഡേയ്‌സ്) നിയമം 1958 -ന്റെ കീഴിൽ വരുന്ന അവധികൾ മാത്രമേ ബാധകമായിരിക്കുകയുളളൂ .

14.03.2025 (വെള്ളിയാഴ്ച) ഹോളിദിനത്തിൽ ന്യൂഡൽഹിയിൽ പ്രവർത്തിയ്ക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുളള സംസ്ഥാനസർക്കാർ ഓഫീസുകൾക്ക് പ്രാദേശികാവധി അനുവദിക്കും.

കലാവധി ദീര്‍ഘിപ്പിച്ചു

കേരള റബ്ബര്‍ ലിമിറ്റഡിന്‍റെ ചെയര്‍പേഴ്സണ്‍ & മാനേജിങ് ഡയറക്ടറായ ഷീല തോമസ് ഐ എ എസിന്‍റെ സേവന കാലാവധി ഒരു വര്‍ത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു.

കെ എസ് ഐ ടി എല്‍ മനേജിങ് ഡയറക്ടര്‍ തസ്തികയില്‍ കാരാര്‍ വ്യവസ്ഥയിലും കെഫോണ്‍ എം ഡി, ഐ കെ എം എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്നീ തസ്തികകളുടെ അധിക ചുമതലയും വഹിക്കുന്ന ഡോ. സന്തോഷ് ബാബു ഐ എ എസിന് ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം ദീര്‍ഘിപ്പിച്ചു നല്‍കും.

രജിസ്ട്രേഷന്‍ ഫീസ് ഇളവ്

ബി ഇ എം എല്‍ ലിമിറ്റഡിന്‍റെ നോണ്‍ കോര്‍ സര്‍പ്ലസ് അസറ്റ്, ബി ഇ എം എല്‍ ലാന്‍റ് അസറ്റ് ലിമിറ്റഡിന്‍റെ പേരിലേക്ക് മാറ്റി രജിസ്റ്റര്‍ ചെയ്യുന്നതിന് രജിസ്ട്രേഷന്‍ ഫീസ് ഇനത്തില്‍ ഇളവ് നല്‍കും. തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്നത് പോലെ പരമാവധി 30,000 രൂപ എന്നതിന് വിധേയമായി 2% രജിസ്ട്രേഷന്‍ ഫീസായി നിശ്ചയിക്കും.

ഉത്തരവില്‍ ഭേദഗതി

തിരുവനന്തപുരം കിഴക്കേകോട്ട റോഡ് വികസനത്തിന്‍റെ ഭാഗമായി കുടിയൊഴിക്കപ്പെട്ട 20 തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന് പുറപ്പെടുവിച്ച ഉത്തരവില്‍ ഭേദഗതി വരുത്തും. കമ്പോളവിലയുടെ 5% നിരക്കിൽ എന്നത് കമ്പോളവിലയുടെ 2% എന്നാക്കി മാറ്റും. ഉത്തരവ് തീയതി മുതൽ ഒരു വർഷത്തിനകം നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന വ്യവസ്ഥയിൽ മാറ്റം വരുത്തും. ബന്ധപ്പെട്ട വ്യക്തികൾക്ക് ഭൂമി കൈമാറിയ 05.10.2023 മുതൽ ഒന്നര വർഷം എന്ന മാറ്റം വരുത്തും. 29.12.2020 ലെ ഉത്തരവ് പ്രകാരമാണ് റോഡ് വികസനത്തിന്‍റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ട തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന് വഞ്ചിയൂര്‍ വില്ലേജില്‍ 1.18 ആര്‍ ഭൂമി വീതിച്ചു നല്‍കി കമ്പോള വിലയുടെ 5 % നിരക്കില്‍ ഈടാക്കി പട്ടത്തിന് അനുവദിച്ചത്.

പരിഭാഷ സെല്‍

ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പില്‍ പരിഭാഷ സെല്‍ രൂപീകരിക്കും.

കരട് അംഗീകരിച്ചു

കേരള ഇന്‍റസ്ട്രിയില്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്പ്മെന്‍റ് (ഭേദഗതി) ബില്‍ 2024ന്‍റെ കരട് അംഗീകരിച്ചു.

പട്ടിക വര്‍ഗ്ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും

കേരളത്തിലെ പട്ടിക വര്‍ഗ്ഗ ലിസ്റ്റില്‍ കളനാടി സമുദായത്തെ ഉള്‍പ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാരിന് കൈമാറി.

കെയർഹോം സ്ഥാപിക്കുന്നതിന് അനുമതി

2008ലെ കേരള നെല്‍വയല്‍ – തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ജലസംരക്ഷണ നടപടികള്‍ക്ക് മാറ്റിവെച്ച ഭൂമിയുടെ സ്ഥാനം മറ്റൊരു ഭാഗത്തേക്ക് മാറ്റി നല്‍കണമെന്ന പത്തനംതിട്ട, തിരുവല്ല സ്വദേശികളായ വര്‍ക്കി എബ്രഹാം, ബിജു മാത്യു എന്നിവരുടെ അപേക്ഷ അംഗീകരിച്ചു. മൂന്ന് വ്യത്യസ്ത നടപടികൾക്കായി ഉത്തരവുകളിലൂടെ ജലസംരക്ഷണ നടപടികള്‍ക്കായി മാറ്റിവെച്ച 19.06 ആർ ഭൂമിയുടെ സ്ഥാനം, തങ്ങളുടെ കൈവശമുള്ള ആകെ ഭൂമിയുടെ ഏതെങ്കിലും ഭാഗത്തേയ്ക്ക് ഒരുമിച്ചാക്കി നൽകണമെന്നായിരുന്നു അപേക്ഷ. ഇത് പ്രത്യേക കേസായി പരിഗണിച്ച് ഭൂമി മുതിർന്ന പൗരന്മാർക്കുള്ള കെയർഹോം സ്ഥാപിക്കുന്നതിന് അനുവദിക്കാന്‍ അനുമതി നൽകി.

തൃശൂർ പൂരം കലക്കൽ വിവാദം,ആർഎസ്എസ് നിയമനടപടിക്ക്

തിരുവനന്തപുരം. തൃശൂർ പൂരം കലക്കൽ വിവാദത്തില്‍ ആർഎസ്എസ് നിയമനടപടിക്ക് നീങ്ങുന്നു. തൃശൂർ പൂരം കലക്കിയതിന് പിന്നിൽ ആർഎസ്എസാണെന്ന പരാമർശത്തിനെതിരെയാണ് നീക്കം. നിയമസഭയിൽ നടത്തിയ ആരോപണങ്ങളിലാണ് നടപടി

മന്ത്രിയും , എം എൽ എയും , പ്രതിപക്ഷ നേതാവും നടത്തിയ പരാമർശങ്ങൾ അപലപനീയം. വിഷയത്തിൽ ഗവർണറെയും സ്പീക്കറെയും കാണും. രാഷ്ട്രീയ നേട്ടത്തിന് ആർഎസ്എസിന്റെ പേര് വലിച്ചിഴയ്ക്കരുതെന്ന് മുന്നറിയിപ്പ്. ആരോപണങ്ങൾ ഉത്സവങ്ങളെ സംഘർഷത്തിലേക്കും വിവാദത്തിലേക്കും എത്തിക്കുന്ന ആസൂത്രിത പ്രവർത്തനങ്ങളുടെ തുടർച്ച. ഉത്തരകേരള പ്രാന്ത കാര്യവാഹ് പി.എൻ. ഈശ്വരൻ്റെതാണ് പ്രസ്താവന.

പിണറായി വിജയന്‍ തന്നെ സിപിഎമ്മിലേക്ക് ക്ഷണിച്ചിരുന്നു എന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

പിണറായി വിജയന്‍ തന്നെ സിപിഎമ്മിലേക്ക് ക്ഷണിച്ചിരുന്നു എന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ‘പറ്റില്ല വിജയേട്ടാ’ എന്ന് താന്‍ പറഞ്ഞു. ‘ചങ്കുറ്റം ഉണ്ടെങ്കില്‍ ഇല്ലെന്ന്’ പറയട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളജിലെ പൂര്‍വിദ്യാര്‍ത്ഥി സംഘടനയുടെ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാന്‍ ലീഡര്‍ കെ.കരുണാകരന്റെയും ഇ.കെ. നായനാരുടെയും നല്ല മകനായിരുന്നു. ജീവിച്ചിരിക്കുന്ന ടീച്ചര്‍ അത് പറയാനായി സാക്ഷിയാണ്. ആ സമയത്ത് രാഷ്ട്രീയം ഒട്ടുമുണ്ടായിരുന്നില്ല. ഇവരുടെയെല്ലാം നേതാക്കള്‍ ചേര്‍ന്നാണ് തന്നെ രാഷ്ട്രീയത്തില്‍ ഇറക്കിയതെന്ന് വേദിയിലിരിക്കുന്ന എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയെയും സിപിഎം എംഎല്‍എ എം. നൗഷാദിനെയും ചൂണ്ടികാണിച്ച് സുരേഷ് ഗോപി പറഞ്ഞു.

നാഷണൽ കോൺഫ്രൻസിന്റെ നിയമസഭ കക്ഷി നേതാവായി ഒമർ അബ്ദുള്ളയെ തെരഞ്ഞെടുത്തു

ശ്രീനഗര്‍. ജമ്മു കാശ്മീരിൽ നാഷണൽ കോൺ ഫ്രൻസിന്റെ നിയമ സഭ കക്ഷി നേതാവായി ഒമർ അബ്ദുള്ളയെ തെരഞ്ഞെടുത്തു. ഇന്ന് ചേർന്ന നിയമസഭ കക്ഷി യോഗത്തിലാണ് തീരുമാനം.നാലു സ്വതന്ത്ര എം എൽ എ മാരും ഒമർ അബ്ദുള്ള ക്ക്‌ പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ നിയമസഭയിൽ നാഷണൽ കോൺഫ്രൻസ് ഒറ്റക്ക്‌ കേവല ഭൂരിപക്ഷം ഉറപ്പിച്ചു.

നാഷണൽ കോൺഫറൻസിന്റെ സംസ്ഥാന ആസ്ഥാനമായ ശ്രീ നഗറിലെ നവ ഇ സുബഹിൽ ഇന്ന് ചേർന്ന നിയമസഭാ കക്ഷി യോഗത്തിലാണ് നേതാവായി ഔപചാരികമായി തെരഞ്ഞെടുത്തത്. പാർട്ടി അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള യോഗം ഐകകണ്ഠമായി അംഗീകരിച്ചു. സഖ്യകക്ഷി കളുമായി എന്ന യോഗത്തിനുശേഷം മാത്രമേ മുഖ്യമന്ത്രിയായി ഒമർ അബ്ദുള്ളയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കൂ.

അതേ സമയം നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ഏഴു സ്വതന്ത്ര എംഎൽഎമാരിൽ നാലു പേരും നാഷണൽ കോൺഫറൻസിന് പിന്തുണ പ്രഖ്യാപിച്ചു.

ഇതോടെ 90 അംഗ നിയമസഭയിൽ പാർട്ടിക്ക് 46 എംഎൽഎമാരുടെ പിന്തുണയായി.
ഉപമുഖ്യമന്ത്രിപദവിക്കുസമ്മർദ്ധം ചേലുത്താനുള്ള കോണ്ഗ്രസ് നീക്കത്തിനു ഇതോടെ മങ്ങലേറ്റു, എന്നാൽ ലഫ്. ഗവർണർ നാമനിർദേശംചെയ്യുന്ന 5 പേർ കൂടി വരുമ്പോൾ കേവല ഭൂരിപക്ഷം 48 ആയി ഉയരും.

അഭിമന്യുവിൻറെ സ്മാരകം പൊളിക്കേണ്ടെന്ന് ഹൈക്കോടതി

കൊച്ചി. മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ആയിരുന്ന അഭിമന്യുവിൻറെ സ്മാരകം പൊളിക്കേണ്ടെന്ന് ഹൈക്കോടതി. കെ എസ് യു നൽകിയ ഹർജിയാണ് തള്ളിയത്. ഹർജിയിൽ പൊതുതാൽപര്യമില്ല.ഉള്ളത് സ്വകാര്യ താൽപര്യം
സ്മാരകം അക്കാദമിക അന്തരീക്ഷത്തെ ബാധിക്കുമെന്ന് വാദം കോടതി തള്ളി.

ഭവികാ ലക്ഷ്മിക്ക്ബാലപ്രതിഭ പുരസ്കാരം

ശാസ്താംകോട്ട.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള കുട്ടി പ്രതിഭകൾക്ക് ഡോക്ടർ എപിജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ നൽകുന്ന ദേശീയ ബാലപ്രതിഭ പുരസ്കാരം നാലാം ക്ലാസുകാരിയായ ഭവിക ലക്ഷ്മിക്ക് ലഭിച്ചു. ദേശീയ വിദ്യാർത്ഥി ദിനമായ ഒക്ടോബർ 15ന് തിരുവനന്തപുരത്ത് വച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങും. ശൂരനാട് വടക്ക് നടുവിലെമുറി എൽപിഎസിലെ നാലാം ക്ലാസുകാരിയായ ഭവിക പാഠ്യപാഠ്യേതര വിഷയങ്ങളിൽ ഒരുപോലെ മികവ് പുലർത്തി വരുന്ന കുട്ടി പ്രതിഭയാണ്. നാളിതുവരെയുള്ള തന്റെ പിറന്നാൾ ആഘോഷങ്ങൾ സമൂഹത്തിലെ ദുരിതമനുഭവിക്കുന്നവരോടും സഹജീവികളോടൊപ്പവുമാണ് ആഘോഷിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ പിറന്നാളാഘോഷത്തിന്റെ ചിലവ് വയനാട് ദുരിതമനുഭവിച്ച സഹോദരങ്ങൾക്ക് വേണ്ടി ജില്ലാ കളക്ടർക്ക് സമർപ്പിച്ചിരുന്നു. കഴിഞ്ഞവർഷം കൊല്ലം ജില്ല ശിശുക്ഷേമ സമിതി നടത്തിയ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ
വിവിധ മത്സരങ്ങൾക്ക് എ ഗ്രേഡ് കൂടി മികച്ച വിജയം കൈവരിച്ചിരുന്നു. മൂന്നാം ക്ലാസിലെ പഠനയാത്ര റിപ്പോർട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വീ ശിവൻ കുട്ടി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തിരുന്നു. വ്യത്യസ്തമാർന്നതും തനിമയാർന്നതുമായ അഭിനയത്തിലൂടെ സോഷ്യൽ മീഡിയയിലെ മിന്നും താരം കൂടിയാണ് ഗൗരിക്കുട്ടി എന്ന ഭവികാ ലക്ഷ്മി.
അധ്യാപകനായ എൽ സുഗതൻ അച്ഛനും റവന്യൂ ജീവനക്കാരി വിഎസ് അനൂപ മാതാവുമാണ്. പ്ലസ് ടു വിദ്യാർത്ഥിയായ ഭവിൻ സുഗതൻ ഏക സഹോദരനാണ്.

കല്ലട ജലോത്സവം ശനിയാഴ്ച

ശസ്താംകോട്ട:കല്ലടയാറ്റിലെ ഓളപ്പരപ്പുകളിൽ വർണ വിസ്മയം സൃഷ്ടിച്ച് വള്ളംകളി പ്രേമികളിൽ ആവേശം വിതയ്ക്കാൻ കല്ലട ജലോത്സവം ശനിയാഴ്ച പകൽ 2മുതൽ നടക്കും.കല്ലടയാറ്റിലെ മുതിരപ്പറമ്പ്- കാരൂത്രക്കടവ് നെട്ടായത്തിലാണ് ജലോത്സവം നടക്കുന്നത്.മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിക്കും.ജലോത്സവ കമ്മിറ്റി ചെയർപേഴ്സണും മൺറോതുരുത്ത് പഞ്ചായത്ത് പ്രസിഡൻ്റുമായ മിനി സൂര്യകുമാർ പതാക ഉയർത്തും.ജലഘോഷയാത്രയുടെ ഉദ്ഘാടനം പി.സി വിഷ്ണുനാഥ് എംഎൽഎയും ശിക്കാരവള്ളങ്ങളുടെ ഘോഷയാത്ര ഉദ്ഘാടനം സി.ആർ മഹേഷ് എംഎൽഎയും നിർവഹിക്കും.മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ, മുൻ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ എന്നിവർ വിശിഷ്ടാതിഥികളാകും.വൈകിട്ട് 4 മുതൽ ഫൈനൽ നടക്കും.5.30ന് സമ്മാനദാനവും ബോണസ് വിതരണവും കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിക്കും.

പാടത്ത് മീൻ പിടിക്കാൻ പോയ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം – പ്രതി അറസ്റ്റിൽ

ആലപ്പുഴ. പാലമേൽ ഉളവക്കാട് പാടത്ത് രാത്രി മീൻ പിടിക്കാൻ പോയ രാഹുൽരാജ് (32)എന്ന യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. പാടത്തെ കൃഷിവിളകൾ സംരക്ഷിക്കാൻ ഗോപകുമാർ എന്ന ആൾ സ്ഥാപിച്ചിരുന്ന വൈദ്യുത വേലിയിൽ നിന്നാണ് രാഹുൽ രാജിന് ഷോക്കേറ്റത്. കൂട്ടുകാരോടൊപ്പം രാത്രിയിൽ മീൻ പിടിക്കാൻ പോകുന്ന വഴിയിൽ ഷോക്കേറ്റ് വീണ രാഹുൽ രാജിനെ രക്ഷിക്കുവാൻ സുഹൃത്തുക്കൾ ശ്രമിച്ചുവെങ്കിലും രാഹുൽ സ്ഥലത്ത് വച്ച് മരണപ്പെടുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് വയലിലെ കൃഷി കാട്ടുപന്നിയുടെ ശല്യത്തിൽ നിന്നും സംരക്ഷിക്കുന്നതിന് പ്രദേശവാസിയായ ഗോപകുമാർ തന്റെ വീട്ടിലെ വൈദ്യുതി കണക്ഷനിൽ നിന്നും അനധികൃതമായി വയർ വലിച്ച് കൃഷിയിടത്തിലെ കമ്പിവേലിയിൽ വൈദ്യുതി പ്രസരിപ്പിച്ചിരുന്നതാണ് എന്ന് ബോധ്യമായിരുന്നു.

ഈ സംഭവത്തിന് നൂറനാട് പോലീസ് സ്റ്റേഷനിൽ കൃഷി ഉടമക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റർ ചെയ്തു. സംഭവം നടന്ന ഉടൻ തന്നെ ഒളിവിൽ പോയ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനായി ചെങ്ങന്നൂർ DySP എം.കെ ബിനുകുമാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. പ്രതിയായ ഗോപകുമാർ (45), ഗോപ ഭവനം ഉളവുക്കാട്, പാലമേൽ എന്നയാളെ ഇന്നലെ ചെങ്ങന്നൂർ മുളക്കുഴ ഭാഗത്തെ ഒളിയിടത്തിൽ നിന്നും കസ്റ്റഡിയിലെടുത്തു. പ്രതിയെ ഇന്ന് മാവേലിക്കര JFMC II കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നൂറനാട് പോലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ SI സുഭാഷ് ബാബു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സിജു എച്ച്, രജീഷ്.ആർ, അനീഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

നോണ്‍സ്റ്റിക് പാത്രത്തിന്റെ കോട്ടിങ് പോയാല്‍ വാഴയിലകൊണ്ട് ഒരു വിദ്യയുണ്ട്….

അധികം എണ്ണ ഉപയോഗിക്കാതെ തന്നെ വെറുക്കാനും പൊരിക്കാനും എല്ലാം നോണ്‍സ്റ്റിക് പാത്രങ്ങള്‍ നമ്മളെ സഹായിക്കും എന്നത് സംശയമൊന്നുമില്ല. പക്ഷേ പാത്രങ്ങളുടെ കോട്ടിങ് ഇളകിയാല്‍ പിന്നെ പണി പാളും. ഇങ്ങനെ സംഭവിക്കുമ്പോള്‍ നമ്മള്‍ സാധാരണയായി ആ പാത്രങ്ങള്‍ മാറ്റിവയ്ക്കാറാണ് പതിവ്. എങ്കില്‍ ഇനി അങ്ങനെ ചെയ്യണ്ട വേറെ വഴിയുണ്ട്.
കോട്ടിങ് ഇളകിപ്പോയ നോണ്‍സ്റ്റിക് പാത്രങ്ങളില്‍ വാഴയില ഒരു കോട്ടിങ്ങായി പ്രവര്‍ത്തിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ. വറ പൊരി ഐറ്റംസ് ഉണ്ടാക്കുന്ന സമയത്ത് വാഴയില നോണ്‍സ്റ്റിക് പാത്രത്തില്‍ വയ്ക്കാം. അതിനായി വാഴയില പാത്രത്തിന്റെ ആകൃതിയില്‍ വെട്ടിയെടുക്കണം. ശേഷം ഈ ഇല ഒന്ന് വാട്ടിയെടുത്ത് തണുക്കാന്‍ വയ്ക്കാം. വാട്ടിയ വാഴയില പാനില്‍ വച്ച് എണ്ണയൊഴിച്ചതിനുശേഷം നിങ്ങള്‍ക്ക് ആവശ്യമുള്ളത് വറുത്തെടുക്കാം.
നോണ്‍സ്റ്റിക് പാനുകളില്‍ വറക്കാന്‍ വളരെ കുറച്ച് എണ്ണ മതി എന്നതു പോലെ തന്നെയാണ് വാഴയിലയിലും കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മാത്രവുമല്ല വാഴയിലയില്‍ പാകം ചെയ്യുമ്പോള്‍ അതിന് രുചി കൂടുമെന്നതും ഉറപ്പ്. ഈ വിദ്യ ഒന്ന് പ്രയോഗിച്ചു നോക്കൂ.

കരുനാഗപ്പള്ളി കെ എസ് ആർ ടി സി സൗകര്യം മെച്ചപ്പെടുത്താൻ തീരുമാനം

കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഗ്രാമീണ മേഖലയിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ഗതാഗത വകുപ്പ് മന്ത്രികെ ബി ഗണേഷ്‌കുമാർ ന്റെ അധ്യക്ഷതയിൽ സി ആർ മഹേഷ്‌ എം എൽ എ യുടെ സാന്നിധ്യത്തിൽ യോഗം ചേർന്നു.
കരുനാഗപ്പള്ളി-മാവേലിക്കര -കോട്ടയം -വഴി തൃശൂർ ഫാസ്റ്റ് പാസഞ്ചർ ബസ് സർവ്വീസ് ആരംഭിക്കാൻ തീരുമാനമായി.
എസ് വ്വി എച്ച് എസ് ക്ലാപ്പന -കരുനാഗപ്പള്ളി,
തഴവ ഗവആർട്സ് ആൻഡ് സയൻസ് കോളേജ് കരുനാഗപ്പള്ളി ഐ എച് ആർ ഡി എഞ്ചിനിയറിങ് കോളേജ് , മഠത്തിൽബി ജെ എസ് എം സ്‌കൂൾ എന്നിവടങ്ങളിലേക്കു ബസ് സർവീസ് ഒരു മാസത്തേക്ക് ട്രയൽ റൺ നടത്താൻ തീരുമാനിച്ചു. ലാഭകരമായാൽ സർവീസ് തുടരും .
കരുനാഗപ്പള്ളി കെ എസ് ആർ ടി സി വക സ്ഥലത്തു അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഷോപ്പിങ് മന്ദിരം നിർമിക്കാൻ തീരുമാനമായി .ആയതിന്റെ പരിശോധനക്കായി കെ എസ് ആർ ടി സി മാനേജിങ് ഡയറക്ടർ ഒക്ടോബർ 17നു കരുനാഗപ്പള്ളി ഡിപ്പോയിൽ സന്ദർശനം നടത്തും.
KSRTC കരുനാഗപ്പള്ളി ഡിപ്പോ സ്മാർട്ട് ആക്കുന്നതിനു 7.25 ലക്ഷം രൂപ എം.എൽ.എ.ഫണ്ട് അനുവദിച്ച വിവരം എം.എൽ.എഗതാഗത വകുപ്പ് മന്ത്രിയെ അറിയിച്ചു .
മിനി ബസ് വരുന്നതോടു കൂടി കൂടുതൽ ഗ്രാമീണ സർവീസുകൾ അനുവദിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയതായി സി ആർ മഹേഷ് എംഎൽഎ അറിയിച്ചു. കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ പ്രമോദ് ശങ്കർ, എക്സിക്യൂട്ടീവ് ഡയറക്ടർ പ്രദീപ്, എ ടി ഒ അബ്ദുൽ നിഷാർ, ആനന്ദക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു