Home Blog Page 2039

ഹെർണിയ ഓപ്പറേഷനിടെ 10 വയസ്സുകാരന്റെ ഞരമ്പ് മാറിമുറിച്ചു, സീനിയർ സർജനെതിരെ കേസ്

കാഞ്ഞങ്ങാട്. കാസര്‍കോഡ് ജില്ലാ ആശുപത്രിയിൽ ഹെർണിയ ഓപ്പറേഷനിടെ 10 വയസ്സുകാരന്റെ ഞരമ്പ് മാറിമുറിച്ച സംഭവത്തിൽ സീനിയർ സർജൻ ഡോ. വിനോദ് കുമാറിനെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ പിതാവ് അശോകൻ നൽകിയ പരാതിയിലാണ് ഹോസ്ദുർഗ് പോലീസ് ഡോക്ടർക്ക് എതിരെ കേസെടുത്തത്.

സെപ്റ്റംബർ 19 ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ഓപ്പറേഷനെത്തിയ പുല്ലൂർ പെരളം സ്വദേശി ആദിനാഥിന്റെ ഞരമ്പാണ് ഡോക്ടർ മാറിമുറിച്ചത്. രക്ഷിതാക്കളുടെ പരാതിയിൽ ആദ്യഘട്ടത്തിൽ പോലീസ് കേസെടുക്കാൻ തയ്യാറായില്ല. ഡിഎംഒ യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാം എന്നായിരുന്നു പോലീസിന്റെ മറുപടി. എന്നാൽ ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിൽ സംഭവം അന്വേഷിക്കാൻ മെഡിക്കൽ ബോർഡ് യോഗം ചേർന്നെങ്കിലും ആരോപണ വിധേയനായ സീനിയർ സർജൻ ഡോക്ടർ വിനോദ് കുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് ആരോഗ്യവകുപ്പ് കൈക്കൊണ്ടത്. ഇതോടെയാണ് കുട്ടിയുടെ പിതാവ് അശോകന്റെ പരാതിയിൽ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തത്.
ഉടൻതന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നും , കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ നിന്നും കുട്ടിയെ ചികിത്സിച്ച രേഖകൾ ശേഖരിക്കാനാണ് പോലീസിന്റെ തീരുമാനം. മെഡിക്കൽ ബോർഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പോലീസ് തുടർനടപടികൾ സ്വീകരിക്കുക. ഇതുവരെ സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറാൻ ജില്ലാ മെഡിക്കൽ ഓഫീസർ തയ്യാറായിട്ടില്ല. ഇതിനിടെ കുട്ടിയെ ചികിത്സിച്ച ഡോക്ടർ വിനോദ് കുമാറിനെതിരെ അഴിമതി ആരോപണങ്ങൾ വ്യാപകമാവുകയാണ്.

പുനലൂരിൽ സുഹൃത്തിന്റെ വീട്ടിൽ കയറി ഭാര്യയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

പുനലൂര്‍. സുഹൃത്തിന്റെ വീട്ടിൽ കയറി ഭാര്യയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. പുനലൂർ സ്വദേശി അരുൺ ആണ് പിടിയിലായത്. വീട്ടമ്മയുടെ പരാതിയിലാണ് നടപടി.

വട്ടപ്പടയിലുള്ള സുഹൃത്തിന്റെ വീട്ടിൽ രാത്രി അതിക്രമിച്ചു കയറിയായിരുന്നു അരുണിന്റെ അതിക്രമം. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന സുഹൃത്തിന്റെ ഭാര്യയെ ഇയാൾ കടന്നു പിടിക്കുകയായിരുന്നു.പിന്നാലെ യുവതി ശബ്ദം വെച്ചതോടെ വീട്ടിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച അരുണിനെ യുവതിയുടെ ഭർത്താവും നാട്ടുകാരും ചേർന്നാണ് പിടികൂടിയത്.പിന്നീട്
ഇയാളെ പുനലൂർ പോലീസിന് കൈമാറി. വീട്ടമ്മയുടെ പരാതിയിൽ പീഡനശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ആ സ്ഥാനത്തുനിന്ന് നീക്കണം,വി ഡി സതീശന്‍

തിരുവനന്തപുരം. എഡി എമ്മിൻ്റെ മരണം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് വിഷയം സഭയുടെ ശ്രദ്ധയിൽ പെടുത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്യോഗസ്ഥനെ അപമാനിച്ചു. അപമാന ഭാരത്താലാണ് എഡിഎം മരിച്ചത്

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആരാണ് ഇങ്ങനെയൊക്കെ പറയാൻ, ” അവർ ആരാണ് ” സതീശന്‍ചോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ആ സ്ഥാനത്തുനിന്ന് നീക്കണം. പാർട്ടിയിൽ നിന്ന് പുറത്താക്കണോ എന്ന് നിങ്ങൾ തീരുമാനിച്ചാൽ മതി

തമിഴ്നാട്ടിൽ വിവിധയിടങ്ങളിൽ ശക്തമായ മഴ

ചെന്നൈ. തമിഴ്നാട്ടിൽ വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുന്നു..4 ജില്ലകളിൽ റെഡ് അലർട്ടും പന്ത്രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. പന്ത്രണ്ട് വിമാനങ്ങൾ റദ്ദ് ചെയ്തു. അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

വടക്കൻ ജില്ലകളിലാണ് രാവിലെ മുതൽ ശക്തമായ മഴപെയ്യുന്നത്. ചെന്നൈ, ചെങ്കൽപട്ട്, കൂടല്ലൂർ, കാഞ്ചീപുരം ജില്ലകളിൽ ഇടവേളയില്ലാതെ മഴ തുടരുന്നു. നാലിടത്തും ഇന്നും നാളെയും റെഡ് അലർട്ടാണ്. 12 ഇടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച കാലാവസ്ഥാ നിരീക്ഷണകേന്ദ്രം രാത്രിയിൽ മഴ കനക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു. വെള്ളക്കെട്ടിനെ തുടർന്ന് അഞ്ച് സബ് വേകൾ അടച്ചിട്ടുണ്ട്. പ്രധാനറോഡുകളിലടക്കം മുട്ടറ്റം വെളളമുണ്ട്. മുൻകരുതലിന്റെ ഭാഗമായി ചിലരെ ക്യാമ്പുകളിലേക്ക് മാറ്റി. ചെന്നൈയിലേക്ക് എത്തേണ്ട 6 വിമാനങ്ങളും പുറപ്പെടേണ്ട ആറ് വിമാനങ്ങളും റദ്ദ് ചെയ്തു. എല്ലാ വിമാനങ്ങളും വൈകിയാണ് പുറപ്പെടുന്നത്. മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും മഴബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ഏത് സാഹചര്യവും നേരിടാൻ സർക്കാർ സംവിധാനങ്ങൾ പൂർണ സജ്ജമാണെന്ന് ഉദയനിധി പറഞ്ഞു

മൂന്ന് ദിവസം കൂടി കനത്ത മഴയുണ്ടാകുമെന്നാണ്
കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെയും റെഡ് അലർട്ട് ഉള്ള ജില്ലകളിലെ സ്കൂളുകൾക്ക് അവധിയാണ്. എല്ലാ ജില്ലകളിൽ കണ്ട്രോൾ റൂം തുറന്നിട്ടുണ്ട്. ഫയർഫോഴ്സ്, ആംബുലൻസ്, ഡോക്ടേഴ്സ്. എൻഡിആർഎഫ് തുടങ്ങിയ സംഘങ്ങളും സജ്ജമാണ്.

മൂന്നാറിൽ നിന്നും അടൂരിലേക്ക് വന്ന കെ എസ് ആർ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു

വാളറ.കൊച്ചി ധനുഷ്ക്കോടി ദേശിയപാതയിൽ വാളറ ആറാംമൈലിന് സമീപം
കെ എസ് ആർ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു.മൂന്നാറിൽ നിന്നും അടൂരിലേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസാണ് അപകടത്തിൽപ്പെട്ടത്. 18 യാത്രക്കാരായിരുന്നു. പരുക്കേറ്റ 10 യാത്രക്കാരെ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട് മറിഞ്ഞ ബസ് മരത്തിൽ തങ്ങി നിന്നതിനാൽ വലിയ അപകടം ഒഴുവായി

തൂണേരി ഷിബിൻ വധക്കേസിൽ മുസ്‌ലിം ലീഗ് പ്രവർത്തകരായ ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്

കൊച്ചി. തൂണേരി ഷിബിൻ വധക്കേസിൽ മുസ്‌ലിം ലീഗ് പ്രവർത്തകരായ ഏഴ് പ്രതികൾക്ക് ഹൈക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകനായ 19 വയസുകാരൻ ഷിബിനെ വടകരയിലെ തൂണേരിയിൽ വച്ച് കൊലപ്പെടുത്തിയ കേസിലാണ് വിധി. ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മയിൽ കീഴടങ്ങിയിട്ടില്ല.

ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മയിൽ, തെയ്യമ്പാടി മുനീര്‍, സിദ്ധീഖ്, മുഹമ്മദ് അനീസ്, ഷുഹൈബ്, ജസീം, അബ്ദുല്‍ സമദ് എന്നിവർക്കാണ് ജീവപര്യന്തം കഠിനതടവ് വിധിച്ചത്.
അഞ്ച് ലക്ഷം രൂപ പ്രതികള്‍ ഷിബിന്റെ കുടുംബത്തിനും , ഒരുലക്ഷം രൂപ വീതം കേസിലെ സാക്ഷികള്‍ക്കും നഷ്ടപരിഹാരമായി നല്‍കണം. പെട്ടെന്നുണ്ടായ തർക്കത്തിൽ നിന്നും ഉണ്ടായ കൊലപാതകം എന്നത് കണക്കിലെടുത്തുവെന്ന് വ്യക്തമാക്കിയ കോടതി അതുകൊണ്ടാണ് കുറഞ്ഞ ശിക്ഷ നൽകുന്നതെന്നും ചൂണ്ടിക്കാട്ടി.
9 വർഷമായി ഈ ദിനത്തിനായി കാത്തിരിക്കുകയാണെന്ന് വിധി കേട്ട ശേഷം ഷിബിന്റെ പിതാവ് പ്രതികരിച്ചു.

ഹൈക്കോടതി വിധി സന്തോഷകരമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ.

ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മയിൽ ഒഴികെ എല്ലാവരും ഇന്ന് കോടതിയിൽ ഹാജരായിരുന്നു. 2015 ലാണ് ഷിബിൻ കൊല്ലപ്പെട്ടത്. ഷിബിൻ വധക്കേസിലെ മൂന്നാം പ്രതി അസ്‌ലം 2016 ൽ കൊല്ലപ്പെട്ടിരുന്നു. ഈ കേസിൽ സിപിഐഎം പ്രവർത്തകരാണ് പ്രതികൾ.

മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാനും ചെറുപ്പം കാത്തുസൂക്ഷിക്കാനും സഹായിക്കുന്ന രണ്ട് പഴങ്ങള്‍

മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. മുഖത്തെ ചുളിവുകൾ, വരകൾ, ചർമ്മം തൂങ്ങൽ തുടങ്ങിയ മുഖത്ത് പ്രായക്കൂടുതല്‍ തോന്നുന്നതിന്‍റെ ലക്ഷണങ്ങളെ തടയാന്‍ കൊളാജന്‍, വിറ്റാമിന്‍ സി തുടങ്ങിയവ സഹായിക്കും. അത്തരം രണ്ട് പഴങ്ങളെ പരിചയപ്പെടാം.

  1. ബ്ലൂബെറി

ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണ് ബ്ലൂബെറി. കൂടാതെ ഇവയില്‍ വിറ്റാമിന്‍ സിയും കെയും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ചര്‍മ്മത്തിലെ ഇലാസ്തികത നിലനിര്‍ത്താനും പ്രായമാകുന്നതിന്റെ ലക്ഷണങ്ങളായ ചുളിവുകള്‍, വരകള്‍ എന്നിവയെ തടയുന്നതിനും ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കും. അതിനാല്‍ ബ്ലൂബെറി ഡയറ്റില്‍ ഉള്‍പ്പെടുത്താം. ചര്‍മ്മം ഈര്‍പ്പമുള്ളതാക്കാനും ഇവ സഹായിക്കും.

ഫൈബറിനാല്‍ സമ്പന്നമായ ബ്ലൂബെറി ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ആന്‍റി ഓക്‌സിഡന്‍റുകളുടെ പവര്‍ഹൗസായ ബ്ലൂബെറി ഹൃദയാഘാതം, പക്ഷാഘാതം, എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ബ്ലൂബെറി പതിവായി കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

  1. നെല്ലിക്ക

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ സഹായിക്കും. നെല്ലിക്കയിലെ വിറ്റാമിന്‍ സി കൊളാജന്‍ ഉല്‍പ്പാദിപ്പിക്കാനും ചര്‍മ്മത്തിലെ ഇലാസ്തികത നിലനിര്‍ത്താനും ചര്‍മ്മം ആരോഗ്യമുള്ളതാക്കാനും സഹായിക്കും.

വിറ്റാമിൻ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്ക രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ നെല്ലിക്കയും ദഹനം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും. പ​തി​വാ​യി നെ​ല്ലി​ക്കാ ജ്യൂസ് കുടിക്കുന്നത് കൊ​ള​സ്ട്രോ​ൾ കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും അ​തു​പോ​ലെ​ത​ന്നെ ഹൃദയാരോഗ്യം മികച്ചതാക്കാനും സഹായിക്കും. വിറ്റാമിനുകളും മറ്റും അടങ്ങിയ നെല്ലിക്ക തലമുടിയുടെ ആരോഗ്യത്തിനും നല്ലതാണ്.

‘ഐ മിസ് യു’, യുവതിക്ക് ഗര്‍ഭനിരോധന ഗുളികയുടെ പരസ്യ സന്ദേശം; വിമർശനം, ഒടുവില്‍ ക്ഷമാപണവുമായി കമ്പനി

ഇ കൊമേഷ്യൽ പ്ലാറ്റ്ഫോമുകളിൽ നിന്നും ഓഫറുകളും മറ്റും അറിയിച്ച് കൊണ്ടുള്ള സന്ദേശങ്ങൾ, ഉപഭോക്താക്കൾക്ക് വേണമെങ്കിലും വേണ്ടെങ്കിലും ഫോണില്‍ ലഭിക്കുന്നത് ഇന്നത്തെ കച്ചവട സംസ്കാരത്തില്‍ സാധാരണമാണ്. അരോചകമെന്ന് തോന്നിയാലും നമ്മളാരും ഇതിനെതിരെ പരാതിപ്പെടാറില്ല. ഇത്തരം സന്ദേശങ്ങളിൽ ഭൂരിഭാഗവും ഓട്ടോ ജനറേറ്റഡ് സംവിധാനത്തിലൂടെയാണ് അയക്കപ്പെടുന്നത്. എന്നാൽ, അടുത്തിടെ ഇത്തരത്തിൽ സന്ദേശം അയച്ച ഒരു കമ്പനി കുഴപ്പത്തിലായിയെന്ന് മാത്രമല്ല, ഒടുവിൽ ഉപഭോക്താവിനോട് പരസ്യമായി ക്ഷമാപണവും നടത്തി. ബെംഗളൂരു ആസ്ഥാനമായുള്ള ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സെപ്റ്റോയാണ് ഇത്തരത്തിൽ ഒരു അബദ്ധത്തിൽപ്പെട്ടത്.

ബെംഗളൂരുവിൽ നിന്നുള്ള പല്ലവി പരീഖ് എന്ന യുവതിക്കാണ് സെപ്റ്റോയിൽ നിന്ന് അനുചിതവും താൻ ഒരിക്കൽ പോലും ആവശ്യപ്പെട്ടിട്ടില്ലാത്തതുമായ ഒരു വസ്തുവിന്‍റെ പ്രമോഷണൽ മെസ്സേജ് കിട്ടിയത്. “ഞാൻ നിന്നെ മിസ് ചെയ്യുന്നു പല്ലവി – ഐ-പിൽ എമർജൻസി ഗർഭനിരോധന ഗുളിക” എന്നായിരുന്നു യുവതിക്ക് ലഭിച്ച സന്ദേശം. ഇതോടൊപ്പം മൂന്ന് കണ്ണുനീർ ഇമോജികൾ കൂടി ചേർത്തിരുന്നു. ഉടൻ തന്നെ പല്ലവി തനിക്ക് ലഭിച്ച സന്ദേശത്തിന്‍റെ സ്‌ക്രീൻഷോട്ട് എടുക്കുകയും അതിനെ വിമർശിച്ച് കൊണ്ട് ലിങ്ക്ഡ്ഇനിൽ കുറിപ്പെഴുതുകയും ചെയ്തു.

‘താൻ ഒരിക്കൽ പോലും സെപ്റ്റോയിൽ നിന്ന് ഒരു എമർജൻസി ഗുളിക ഓർഡർ ചെയ്തിട്ടില്ലന്നും ഇനി അങ്ങനെ ചെയ്താൽ തന്നെ എന്തിനാണ് തനിക്ക് ‘മിസ്സ് യൂ’ സന്ദേശം അയക്കുന്നതെന്നും സെപ്‌റ്റോയെയും സെപ്‌റ്റോ കെയേഴ്‌സിനെയും ടാഗ് ചെയ്ത് കൊണ്ട് പല്ലവി തന്‍റെ സമൂഹ മാധ്യമത്തിലൂടെ അതൃപ്തി അറിയിച്ചു. ജോലി സ്ഥലത്തെ ലൈംഗിക പീഡനം തടയുന്നതിനുള്ള ഡൈവേഴ്‌സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ (ഡിഇഐ) പ്രൊഫഷണലായ പല്ലവി, ഈ പ്രവര്‍ത്തിയിലൂടെ കമ്പനിയുടെ സമീപനം അതിരുകടന്നതായി വിമർശിച്ചു. ഒരു സന്ദേശം അയക്കുമ്പോൾ അതിന് എന്തെങ്കിലും യുക്തിയുണ്ടെങ്കിൽ മാത്രമേ അയക്കാവൂ എന്നും അവർ കൂട്ടിച്ചേർത്തു. അല്ലാത്തപക്ഷം നിങ്ങളിൽ നിന്ന് അകലം പാലിക്കാൻ മാത്രമേ ആ സന്ദേശങ്ങൾ ഉപകരിക്കു എന്നും അവർ വ്യക്തമാക്കി.

വിമർശനങ്ങൾക്കിടയിലും, താൻ ആപ്പിനെ ഇഷ്ടപ്പെടുന്നുണ്ടെന്നും ഈ പോസ്റ്റ് കമ്പനിയുടെ പിഴവ് ഉയർത്തിക്കാട്ടാൻ ആണെന്നും അവർ കൂട്ടിചേര്‍ത്തു. ഒപ്പം താൻ, ഐ-പിൽ പ്രൊമോയ്‌ക്കോ ലഭ്യതയ്‌ക്കോ എതിരല്ലന്നും പല്ലവി വ്യക്തമാക്കി. പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടതോടെ ക്ഷമാപണവുമായി സെപ്റ്റോ രംഗത്തെത്തി. ഈ തെറ്റ് ഇനി ആവർത്തിക്കില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് കൃത്യമായി പരിശീലനം നൽകാൻ തീരുമാനിച്ചതായും സെപ്റ്റോ വ്യക്തമാക്കി.

‘ഇളം പച്ച ഷർട്ടിട്ട് മാസ്ക് അണിഞ്ഞു നിൽപ്പുണ്ട്, വിശ്വസിക്കാനാകുന്നില്ല നവീനേ’; നോവുന്ന കുറിപ്പുമായി ദിവ്യ

തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ നോവുന്ന കുറിപ്പുമായി ഡോ. ദിവ്യ എസ് അയ്യർ ഐഎഎസ്. പത്തനംതിട്ട കളക്ടാറായി സേവനം അനുഷ്ടിക്കുന്ന സമയത്ത് എന്നും ഞങ്ങൾക്ക് ഒരു ബലം ആയിരുന്നു തഹസീൽദാർ എന്ന നിലയിൽ റാന്നിയിൽ നവീന്റെ പ്രവർത്തനമെന്ന് ദിവ്യ എസ് അയ്യർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഏതു പാതി രാത്രിയും, ഏതു വിഷയത്തിലും കർമ്മനിരതനായി, ഈ ചിത്രങ്ങളിൽ എന്നപോലെ ഗോപ്യമായി, സൗമ്യനായി, നവീൻ എന്ന പ്രിയപ്പെട്ട മികച്ച സഹപ്രവർത്തകൻ ഉണ്ടാകും. വിയോഗം വിശ്വസിക്കാനാവുന്നില്ലെന്ന് ദിവ്യ എസ് അയ്യർ പറയുന്നു.

‘പത്തനംതിട്ടയിൽ എന്റെ തഹസീൽദാരായി റാന്നിയിൽ സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് പകർത്തിയ ഈ ചിത്രത്തിൽ നിങ്ങൾ ആദരണീനായ റവന്യു മന്ത്രി കെ രാജൻ, റാന്നി എം എൽ എ പ്രമോദ് നാരായണൻ എന്നിവരെ തിരിച്ചറിയുന്നുണ്ടാകും. ആദ്യ ചിത്രത്തിൽ വലതു വശം എന്റെ പുറകെ ഇളം പച്ച ഷർട്ട്‌ ഇട്ടു മാസ്ക് അണിഞ്ഞു നവീൻ നിൽപ്പുണ്ട്. രണ്ടാം ചിത്രത്തിലും പുറകിൽ പിങ്ക് ഷർട്ടും മാസ്കും അണിഞ്ഞു നവീൻ നിൽക്കുമ്പോൾ റവന്യു മന്ത്രി വിസിറ്റഴ്‌സ് നോട്ട് ഇൽ അഭിനന്ദനക്കുറിപ്പ് എഴുതുന്നു.

എന്നും ഞങ്ങൾക്ക് ഒരു ബലം ആയിരുന്നു തഹസീൽദാർ എന്ന നിലയിൽ റാന്നിയിൽ നവീന്റെ പ്രവർത്തനം. ഏതു പാതി രാത്രിയും, ഏതു വിഷയത്തിലും കർമ്മനിരതനായി, ഈ ചിത്രങ്ങളിൽ എന്നപോലെ ഗോപ്യമായി, സൗമ്യനായി, നവീൻ എന്ന പ്രിയപ്പെട്ട മികച്ച സഹപ്രവർത്തകൻ ഉണ്ടാകും. ഇനി എന്നെന്നേക്കുമായി കാണാമറയത്തു പോയെന്നോർക്കുമ്പോൾ. അമ്മ മരണപ്പെട്ട തരുണത്തിൽ ഞാൻ നവീന്റെ വീട്ടിൽ പോയിരുന്നു. എത്ര മാത്രം തന്റെ അമ്മയെ ആദരിച്ചിരുന്ന മകൻ ആയിരുന്നു നവീൻ എന്നു അന്നു ഞാൻ തിരിച്ചറിഞ്ഞു. മഞ്ജുഷയെയും കുഞ്ഞുങ്ങളെയും ആശ്വസിപ്പിക്കാൻ വാക്കുകളില്ല. ദുഃഖം പേറുവാൻ ഞങ്ങളും ഒപ്പമുണ്ട്’- ദിവ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഇന്ന് രാവിലെയാണ് കണ്ണൂർ എഡിഎം നവീൻ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ ലഭിച്ച അദ്ദേഹം ഇന്ന് പത്തനംതിട്ടയിലേക്ക് ട്രെയിനിൽ ജോലിക്ക് പോകേണ്ടതായിരുന്നു. എന്നാൽ ഇന്ന് രാവിലത്തെ ട്രെയിനിൽ കയറിയില്ലെന്ന് കണ്ട് ബന്ധുക്കൾ കണ്ണൂരിൽ വിവരമറിയിക്കുകയായിരുന്നു. താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. എഡിഎം നവീൻ ബാബുവിനെതിരെ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇന്നലെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇന്നലെ എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ വെച്ചാണ് ക്ഷണിക്കാതെയെത്തിയ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പിപി ദിവ്യ അഴിമതിയാരോപണമുന്നയിച്ചത്. ഇതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് വിവരം.

മയക്കുമരുന്ന് കലർത്തിയത് ഫ്ലാസ്ക്കിലെ വെള്ളത്തിലോ, ശാസ്ത്രീയ പരിശോധന നടത്തും; ട്രെയിനിലെ കവർച്ചയിൽ അന്വേഷണം

ചെന്നൈ: ട്രെയിനിൽ ദമ്പതികളെ ബോധം കെടുത്തിയുള്ള കവർച്ചയില്‍ ശാസ്ത്രീയ പരിശോധനകൾ തുടരുന്നു. മയക്കുമരുന്ന് കലർത്തിയെന്ന് കരുതുന്ന ഫ്ലാസ്ക്കിലെ വെള്ളം ശാസ്ത്രീയ പരിശോധനയ്ക്കായി എറണാകുളത്ത് നിന്നുള്ള റെയിൽവേ പൊലീസ് സംഘം കൊണ്ടുപോയി. തമിഴ്നാട്ടിലെ ഹുസൂരിലെ ദമ്പതികളുടെ വീട്ടിലെത്തി പൊലീസ് സംഘം മൊഴിയുമെടുത്തു.

ഹുസൂരിൽ താമസിക്കുന്ന രാജുവിനും ഭാര്യ മറിയാമ്മയ്ക്കുമാണ് ​ദുരനുഭവമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി എട്ടരക്കാണ് ഇരുവരും കായംകുളത്ത് നിന്ന് ട്രെയിനിൽ കയറിയത്. ഉറങ്ങാൻ സമയം മറിയാമ്മ ഫ്ലാസ്കിൽ നിന്ന് അൽപം വെള്ളം കുടിച്ചതേ ഓർമയുള്ളൂ. പിന്നീട് എന്താണ് സംഭവിച്ചതെന്നറിയില്ല. സ്വർണവും പണവുമെല്ലാം കൂടെ യാത്ര ചെയ്തിരുന്നയാൾ മോഷ്ടിച്ചുവെന്നാണ് നി​ഗമനം.

യാത്രക്കിടെ രാത്രി ഒമ്പതോടെ ഇരുവരും ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നു. രാത്രി 11ഓടെ മറിയാമ്മ ചുമച്ചു. വെള്ളം കുടിക്കാനായി ഇരുവരും എഴുന്നേറ്റു. കൈയിൽ കരുതിയ ഫ്ലാസ്കിലെ വെള്ളം മറിയാമ്മയും രാജുവും കുടിച്ചു. പിന്നാലെ ഇരുവരും ബോധരഹിതരായി. ട്രെയിനിൽ ഒരാൾ ഇരുവരെയും പരിചയപ്പെട്ടിരുന്നു. ബിസിനസുകാരനാണന്ന് പറഞ്ഞാണ് പരിചയപ്പെട്ടത്. ഇവരുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. ഇയാൾ വെള്ളത്തിൽ എന്തോ കലർത്തിയെന്നാണ് സംശയിക്കുന്നത്.

ജോലാർപേട്ടിൽ ട്രെയിൻ ഇറങ്ങേണ്ട ഇരുവരയെും കാണാതായതോടെ മകൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ ഇരുവരെയും ബോധരഹിതരായി കണ്ടെത്തി കട്പാടി സ്റ്റേഷനിൽ ഇറക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജുവിന്റെ വാച്ച് രണ്ട് മോതിരം, മറിയാമ്മയുടെ മാല, വള, രണ്ട് മോതിരം എന്നിവടക്കം 12 പവനോളം സ്വർണവും 10000 രൂപയുമാണ് മോഷ്ടിക്കപ്പെട്ടതെന്നും രാജു പറയുന്നു. ബാ​ഗും കൊണ്ടുപോയി. ആശുപത്രിയിൽ എത്തിയ ശേഷമാണ് ഇരുവരുടെയും ബോധം തെളിഞ്ഞത്.