Home Blog Page 2016

യാത്രയയപ്പ് ചടങ്ങിന് മുമ്പ് പിപി ദിവ്യ ഫോണിൽ വിളിച്ചിരുന്നു; എന്നാൽ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ലെന്ന് കണ്ണൂർ ജില്ലാ കലക്ടർ

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കലക്ടർ അരുൺ കെ വിജയൻ. ദിവ്യ എത്തുന്നത് അറിഞ്ഞിരുന്നില്ല. ചടങ്ങിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്നും കലക്ടർ പറഞ്ഞു. എന്നാൽ ചടങ്ങിന് മുമ്പ് പി പി ദിവ്യ ഫോണിൽ വിളിച്ചിരുന്നുവെന്നും കലക്ടർ വ്യക്തമാക്കി.
നവീൻ ബാബുവിന്റെ യാത്രയയപ്പ് ദിവസം പി പി ദിവ്യ ഫോൺ ചെയ്തിരുന്നു. കോൾ റെക്കോർഡ് അടക്കമുള്ള കാര്യങ്ങൾ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. പി പി ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല എന്ന് തന്നെയാണ് മൊഴി നൽകിയത്. മൊഴിയിൽ പറഞ്ഞ കാര്യങ്ങൾ പുറത്തു പറയാനാകില്ലെന്നും കലക്ടർ പറഞ്ഞു.
യാത്രയയപ്പിന് ശേഷം നവീൻ ബാബുവുമായി സംസാരിച്ചിരുന്നോ എന്ന ചോദ്യത്തിന് അത് അന്വേഷണത്തിന്റെ ഭാഗമെന്നായിരുന്നു കലക്ടറുടെ വിശദീകരണം. അക്കാര്യം പുറത്തുപറയാൻ ബുദ്ധിമുട്ടുണ്ട്. നല്ല ബന്ധമായിരുന്നു എഡിഎമ്മുമായി ഉണ്ടായിരുന്നതെന്നും കലക്ടർ പറഞ്ഞു.

നവീൻബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല;പെട്രോൾ പമ്പിന് എൻഒസി നൽകിയത് നിയമപരമായെന്ന് കണ്ടെത്തൽ

തിരുവനന്തപുരം:
ജീവനൊടുക്കിയ കണ്ണൂർ എഡിഎം നവീൻബാബു ചെങ്ങളായിയിലെ പെട്രോൾ പമ്പിന് എൻഒസി നൽകിയത് നിയമപരമായെന്ന് ലാൻഡ് റവന്യു ജോയന്റ് കമ്മീഷണറുടെ അന്വേഷണത്തിൽ കണ്ടെത്തൽ. ഫയൽ ബോധപൂർവം വൈകിപ്പിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ തെളിവില്ല. അന്വേഷണ റിപ്പോർട്ട് ഇന്നോ നാളെയോ സർക്കാരിന് കൈമാറാണ് സാധ്യത.

പിപി ദിവ്യയെ എഡിഎമ്മിന്റെ യാത്രയയപ്പിലേക്ക് താൻ ക്ഷണിച്ചിട്ടില്ലെന്ന് കണ്ണൂർ കലക്ടർ മൊഴി നൽകിയിട്ടുണ്ട്. കൈക്കൂലി നൽകിയെന്ന് ആരോപണം ഉന്നയിച്ച പ്രശാന്തനിൽ നിന്ന് മൊഴിയെടുത്തിരുന്നു. എന്നാൽ റവന്യു വകുപ്പ് സംഘത്തിന് മുന്നിൽ മൊഴി നൽകാൻ പി പി ദിവ്യ തയ്യാറായിട്ടില്ല.
അതേസമയം നവീൻബാബു ജീവനൊടുക്കിയിട്ട് ഇന്നേക്ക് ഒരാഴ്ച തികയുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് നവീൻബാബു മരിച്ചത്. സംഭവത്തിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസെടുത്തെങ്കിലും പിപി ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.ഇവരുടെ മുൻകൂർ ജാമ്യഹർജി വ്യാഴാഴ്ച കോടതി പരിഗണിക്കും.

കോൺഗ്രസിനുള്ളിലെ സംഘടനാ പ്രശ്‌നങ്ങൾ എൽഡിഎഫിന് ഗുണം ചെയ്യുമെന്ന് കെ രാധാകൃഷ്ണൻ എം പി

തൃശൂർ:
കോൺഗ്രസിലെ സംഘടനാപ്രശ്‌നങ്ങൾ ചേലക്കരയിൽ എൽഡിഎഫിന് ഗുണം ചെയ്യുമെന്ന് കെ രാധാകൃഷ്ണൻ എം പി. മണ്ഡലത്തിൽ എൽഡിഎഫ് മികച്ച വിജയം നേടും. ചേലക്കരയിലും പാലക്കാടും യുഡിഎഫിനകത്ത് പ്രശ്‌നങ്ങളുണ്ട്

തെരഞ്ഞെടുപ്പ് സമയത്ത് പോലും ഒറ്റക്കെട്ടായി നിൽക്കാൻ യുഡിഎഫിന് കഴിയുന്നില്ലെന്നത് ജനം വിലയിരുത്തും. അതിന്റെ പ്രതിഫലനം ഇടതുപക്ഷത്തിന് ഗുണകരമായി മാറുമെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു

അന്തി മഹാകാളൻ ക്ഷേത്രത്തിലെ വെടിക്കെട്ട് പ്രശ്‌നത്തിൽ ഇടപെട്ടില്ലെന്ന പ്രചാരണം തെറ്റാണ്. പെസോ ചട്ടങ്ങൾ പാലിച്ചതാണ് വെടിക്കെട്ട് നടക്കാതിരിക്കാൻ കാരണമെന്നും രാധാകൃഷ്ണൻ പറഞ്ഞു

കോൺഗ്രസിന് അടുത്ത തലവേദന: സരിന് പിന്നാലെ ഷാനിബും പാലക്കാട് മത്സരിക്കും

പാലക്കാട്:
പി സരിന് പിന്നാലെ കോൺഗ്രസ് വിട്ട യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബും പാലക്കാട് മത്സരിക്കും. വിഡി സതീശന്റെയും ഷാഫി പറമ്പിലിന്റെയും ഏകാധിപത്യ നിലപാടുകൾക്കെതിരെയാണ് തന്റെ മത്സരമെന്ന് ഷാനിബ് പറഞ്ഞു.
നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്ന ഷാനിബിനെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇതോടെ രണ്ട് മുൻ കോൺഗ്രസുകാർ തന്നെ മത്സരത്തിന് ഇറങ്ങുന്നത് കോൺഗ്രസിന് തലവേദന സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.
ഷാനിബും സരിനും പാലക്കാട് ജില്ലക്കാരാണ്. കോൺഗ്രസിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചാണ് ഷാനിബ് പാർട്ടി വിട്ടത്.

പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയാക്കാം എന്നപേരില്‍ പീഡിപ്പിച്ചു, ആള്‍ വീണ്ടും സിപിഎം ലോക്കല്‍ സെക്രട്ടറി

ആലപ്പുഴ. പുന്നമട ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് എതിരായ ലൈംഗീക പീഡന കേസ്. ഇരയുടെ മൊഴി പുറത്ത്. ലൈംഗീകാക്രമണം നേരിട്ടത് കഴിഞ്ഞ വർഷം ആഗസ്ത് 30 ന് ഒരാഴ്ച്ച മുമ്പുള്ള ദിവസം. പാട്യം ജംഗ്ഷനിലെ പാർട്ടി ഓഫീസിനുള്ളിൽ വെച്ച് LC സെക്രട്ടറി എസ് എം ഇക്‌ബാൽ ശരീരത്തിൽ കടന്നുപിടിച്ചു

പിന്നിൽ നിന്ന് വന്നാണ് ശരീരത്തിൽ സ്പർശിച്ചത്. കുതറി മാറാൻ ശ്രമിച്ചിട്ടും പിടിവിട്ടില്ല.എല്‍ സി സെക്രട്ടറിയാക്കാം എന്ന് പറഞ്ഞായിരുന്നു ലൈംഗീകാതിക്രമം. പൊലീസിൽ പരാതി നൽകാൻ വൈകിയത് പാർട്ടിയിൽ നിന്ന് നീതികിട്ടുമെന്ന് കരുതി. പ്രതിഷേധം ശക്തം.

ആരോപണവിധേയനായ ഇക്‌ബാലിലെ വിണ്ടും സിപിഐഎം എല്‍സി സെക്രട്ടറിയായി തിരഞ്ഞെടുത്തതിൽ പ്രതിഷേധം ശക്തം. അതിക്രമത്തിനിരയായ സ്ത്രീ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ രണ്ട്‌ തവണ സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. എംവി ഗോവിന്ദന്റെ നിർദ്ദേശാനുസരണം രണ്ട്‌ തവണയും അന്വേഷണ കമ്മീഷനെ വെച്ചെങ്കിലും റിപ്പോർട്ട് സമർപ്പിക്കപ്പെട്ടില്ല

സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകിയത് 2023 ആഗസ്ത് 30 ന്. പാർട്ടി പ്രവർത്തകയായ ഇരയെ താത്കാലിക ജോലിയിൽ നിന്ന് പിരിച്ചുവിടാനും ഇടപെടൽ നടത്തിയെന്ന് ആരോപണം. തുടർന്നാണ് പോലീസിനെ സമീപിച്ചത്. CPIM പുന്നമട ലോക്കൽകമ്മറ്റി സെക്രട്ടറിയാണ് ഇക്ബാൽ. ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ നേതാവാണ് ഇര

മേയര്‍ ആര്യാ രാജേന്ദ്രനും ഡ്രൈവര്‍ യദുവും തമ്മിലുള്ള തര്‍ക്കത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാതെ പൊലീസ്

തിരുവനന്തപുരം. മേയര്‍ ആര്യാ രാജേന്ദ്രനും ഡ്രൈവര്‍ യദുവും തമ്മിലുള്ള തര്‍ക്കത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാതെ പൊലീസ്. ആര്യക്കും ഭര്‍ത്താവ് സച്ചിന്‍ ദേവ് എം.എല്‍.എയ്ക്കുമെതിരെ കുറ്റപത്രം നല്‍കേണ്ടിവരുമെന്നതിനാല്‍ ഡ്രൈവര്‍ യദുവിനെതിരായ കുറ്റപത്രവും പൂഴ്ത്തി. നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് അടിച്ചുമാറ്റിയത് ആരാണെന്ന അന്വേഷണവും നിലച്ചു. ഇതിൽ മൂന്ന് കേസാണ് എടുത്തിട്ടുള്ളത്. ഒന്ന് മേയറെ അശ്ളീല ആംഗ്യം കാണിച്ചതിന് ഡ്രൈവര്‍ യദുവിനെതിരെ. അടുത്തത് ബസ് തടഞ്ഞതിന് മേയര്‍ക്കും ഭര്‍ത്താവായ സച്ചിന്‍ദേവ് എം.എല്‍.എയ്ക്കുമെതിരെ. അടുത്തത് ഈ രണ്ട് കേസിലെയും നിര്‍ണായക തെളിവായ കെ.എസ്.ആര്‍.ടി.സി ബസിലെ മെമ്മറി കാര്‌ഡ് കാണാതായതില്‍. യദു അശ്ളീല ആംഗ്യം കാണിച്ചെന്ന് പൊലീസ് ഏതാണ്ട് ഉറപ്പിക്കുകയും കുറ്റപത്രം നല്‍കാന്‍ തീരുമാനിച്ചതുമാണ്. അപ്പോഴാണ് അങ്ങനെ ചെയ്താല്‍ ബസ് തടഞ്ഞതിന് മേയര്‍ക്കും എം.എല്‍.എയ്ക്കുമെതിരെയും കുറ്റപത്രം നല്‍കേണ്ടിവരുമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചത്. രാഷ്ട്രീയസമ്മര്‍ദം വന്നതോടെ തല്‍ക്കാലം രണ്ട് കുറ്റപത്രവും പൂഴ്ത്തി. ഫൊറന്‍സിക് ഫലങ്ങളൊക്കെ ലഭിക്കാനുള്ളതിനാല്‍ അന്വേഷണം തീര്‍ന്നിട്ടില്ലെന്ന ക്യാപ്സൂളും പൊലീസ് രംഗത്തിറക്കി.ഇന്ന് തിരുവനന്തപുരം മജിസ്ട്രേറ്റ് മൂന്നാം നമ്പർ കോടതിയിൽ ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. കോടതിയുടെ നിർദ്ദേശത്തിലാണ് അന്വേഷണ സംഘത്തിന് റിപ്പോർട്ട് സമർപ്പിക്കേണ്ടത്.

കേരളത്തിൽ അടുത്ത ഒരാഴ്ച ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത ഒരാഴ്ച ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നാളെ വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ലഡാക്കിനായി നിരാഹാരം; 16 ദിവസത്തെ സമരം അവസാനിപ്പിച്ച് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്

ന്യൂ‍ഡൽഹി: 16 ദിവസം നീണ്ടുനിന്ന നിരാഹാര സമരം അവസാനിപ്പിച്ച് ലഡാക്കിലെ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്. ലഡാക്കിന് വേണ്ടി മുന്നോട്ടു വച്ച ആവശ്യങ്ങളില്‍ ചര്‍ച്ച നടത്താമെന്ന ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ ഉറപ്പിലാണ് തീരുമാനം.

ലഡാക്കിന് സംസ്ഥാന പദവിയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡൽഹിയിലെ ലഡാക്ക് ഭവനില്‍ സോനം വാങ്ചുക് സമരമിരുന്നത്. തന്‍റെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്നോട്ട് പോകില്ലെന്നായിരുന്നു പ്രഖ്യാപനം. ജന്തര്‍ മന്ദിറില്‍ പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതോടെ സമര വേദിയായി ലഡാക്ക് ഭവന്‍ മാറി. സമരം തുടങ്ങിയതിന് പിന്നാലെ പിന്തുണയറിയിച്ച് നിരവധി പേര്‍ ലഡാക്ക് ഭവനിലെത്തി. കൂടുതല്‍ ആളുകള്‍ എത്തിയതോടെ സമരക്കാരില്‍ ചിലരെ കസ്റ്റഡിയിലെടുത്തു മാറ്റി.

സമരം കൂടുതല്‍ ശക്തമായതോടെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍. ഇന്നലെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ചര്‍ച്ച നടത്തി. ഉന്നയിച്ച ആവശ്യങ്ങളില്‍ ഡിസംബര്‍ മൂന്നിന് ചര്‍ച്ച നടത്താമെന്ന് ഉറപ്പ് നല്‍കി. ഉറപ്പിനെ തുടര്‍ന്ന് സമരം പിന്‍വലിക്കുകയാണെന്ന് സോനം വാങ്ചുക് അറിയിച്ചു.

ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് യുവതി മരിച്ചു

ഓച്ചിറ :
ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് യുവതി മരിച്ചു. കരുനാഗപ്പള്ളി പറയകടവ് അരയശ്ശേരി പൊന്നപ്പൻ ബേബി ദമ്പതികളുടെ മകൾ അടൂർ പ്ലാന്റേഷൻ ഹോസ്പിറ്റലിലെ നേഴ്സ് ആയി ജോലി ചെയ്യുന്ന ബിൻസിയ ( 34 ) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടം. ചങ്ങൻകുളങ്ങര ജംഗ്ഷനിലൂടെ ഭർത്താവ് സുധീഷും ബിൻസിയും ബൈക്കിൽ സഞ്ചരിക്കവേ അടിപ്പാതയിൽ നിന്നും നാഷണൽ ഹൈവേയിലേക്ക് കയറിയ മറ്റൊരു ബൈക്ക് ഇവരെ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ എതിരെ സഞ്ചരിച്ച ഒരു കാറിൽ ഇടിക്കുകയും ആണ് ഉണ്ടായത്.സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ബിൻസി മരിച്ചു. ഭർത്താവ് സുധീഷ് സാരമായ പരിക്കുകളോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.മക്കൾ ആദീവ്, ഐയറ’

കെഎസ്ആര്‍ടിസി ബസിലെ സ്വര്‍ണ്ണ കവര്‍ച്ച, 3 പ്രതികൾ പിടിയിൽ

മലപ്പുറം. എടപ്പാളിലെ കെഎസ്ആര്‍ടിസി ബസിലെ സ്വര്‍ണ്ണ കവര്‍ച്ച. 3 പ്രതികൾ പിടിയിൽ.പള്ളുരുത്തി സ്വദേശികളായ നിസാർ, നൗഫൽ, കോഴിക്കോട് സ്വദേശിയായ ബാബു എന്നിവരാണ് പിടിയിലായത്. തൃശ്ശൂരിലെ ജ്വല്ലറി ജീവനക്കാരനായ ജിബിന്‍റെ ബാഗിൽ നിന്ന് സ്വർണ്ണം കവർന്ന ശേഷം കടന്നു കളയുകയായിരുന്നു