Home Blog Page 2013

പ്രിയങ്കയുടെ പത്രിക സമർപ്പണം ആഘോഷമാക്കാൻ കോൺഗ്രസ്, വയനാട്ടിൽ റോഡ് ഷോ, ചേലക്കരയിലും ഇന്ന് പത്രിക സമർപ്പണം

കൽപ്പറ്റ: വയനാട്ടിൽ പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. വമ്പൻ റോഡ് ഷോയോടെയാവും പത്രികാ സമർപ്പണം. പത്രികാ സമ‍ർപ്പണം ആഘോഷമാക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. രാവിലെ 11 മണിക്ക് കൽപ്പറ്റ ന്യൂ ബസ് സ്റ്റാൻഡിൽ നിന്ന് റോഡ് ഷോ തുടങ്ങും. സമാപന വേദിയിൽ പ്രിയങ്ക ഗാന്ധി പ്രവർത്തകരെ അഭിസംബോധന ചെയ്യും. റോഡ് ഷോയ്ക്കുശേഷം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാകും പത്രികാ സമർപ്പണം.

പ്രിയങ്കയ്ക്ക് ഒപ്പം, സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെയും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും റോഡ് ഷോയിൽ പങ്കെടുക്കും. സോണിയക്കും റോബർട്ട് വദ്രയ്ക്കും മക്കൾക്കും ഒപ്പമാണ് കന്നി അങ്കത്തിനായി പ്രിയങ്ക ഇന്നലെ വൈകിട്ട് വയനാട്ടിലെത്തിയത്. രാഹുലും ഖർഗെയും ഇന്ന് രാവിലെ എത്തും.

അതേസമയം, ചേലക്കരയിൽ മൂന്ന് മുന്നണികളുടേയും സ്ഥാനാർത്ഥികൾ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ പത്ത് മണിക്കാണ് ഇടത് സ്ഥാനാർഥി യു.ആർ. പ്രദീപ് പത്രിക സമർപ്പിക്കുക. വടക്കാഞ്ചേരി താലൂക്ക് ഓഫീസിലേക്ക് പ്രകടനമായി ഇടത് സ്ഥാനാർത്ഥി എത്തും. എൻഡിഎ സ്ഥാനാർഥി കെ.ബാലകൃഷ്ണൻ പതിനൊന്നര മണിക്കും യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് ഉച്ചകഴിഞ്ഞ് ഒന്നരയോടെയും പത്രിക നൽകും.

വാഹനാപകടത്തിൽ അഞ്ചുപേർക്ക് ദാരുണാന്ത്യം…ലോറി ഡ്രൈവർ കസ്റ്റഡിയിൽ

പാലക്കാട്: വാഹനാപകടത്തിൽ അഞ്ച് യുവാക്കൾക്ക് ദാരുണാന്ത്യം. പാലക്കാട് – കോഴിക്കോട് ദേശീയപാതയിലെ കല്ലടിക്കോട് അയ്യപ്പൻകാവിനുസമീപമുണ്ടായ വാഹനാപകടത്തിൽ ആണ് 5 യുവാക്കളും മരിച്ചത്. ഇന്നലെ രാത്രി 11നായിരുന്നു അപകടം. കോഴിക്കോടു ഭാഗത്തേക്കു പോവുകയായിരുന്ന കാറും മണ്ണാർക്കാട്ടുനിന്ന് പാലക്കാട്ടു ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയുമാണു കൂട്ടിയിടിച്ചത്.
അഞ്ചു പേരാണ് കാറിലുണ്ടായിരുന്നത്. ഇവരിൽ മൂന്നു പേർ തൽക്ഷണം മരിച്ചു. രണ്ടു പേരെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ചു. കോങ്ങാട് മണ്ണാന്തറ കീഴ്‌മുറി വീട്ടിൽ കെ.കെ. വിജേഷ് (35), മണ്ണാന്തറ തോട്ടത്തിൽ വീട്ടിൽ വിഷ്ണു (29), വീണ്ടപ്പാറ വീണ്ടക്കുന്ന് രമേഷ് (31), മണിക്കശ്ശേരി എസ്റ്റേറ്റ് സ്റ്റോപ്പിൽ മുഹമ്മദ് അഫ്സൽ (17) എന്നിവരാണ് മരിച്ചത്.
വിജേഷും വിഷ്ണുവും കോങ്ങാട് ടൗണിലെ ഓട്ടോഡ്രൈവർമാരാണ്. മരിച്ച അഞ്ചാമനെ തിരിച്ചറിഞ്ഞിട്ടില്ല. കാർ ലോറിയുടെ അടിയിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു. പൊലീസും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. കനത്ത മഴയിൽ കാർ നിയന്ത്രണം തെറ്റി ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി വിഘ്നേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ലക്ഷ്യമിട്ടത് എഡിഎമ്മിന് എതിരായ അച്ചടക്കനടപടി; ഉദ്യോഗസ്ഥന്റെ വിടുതൽ 10 ദിവസത്തോളം വൈകിച്ച് കലക്ടർ

തിരുവനന്തപുരം: പെട്രോൾ പമ്പിന് നിരാക്ഷേപപത്രം (എൻഒസി) നൽകുന്നതുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചവർ ലക്ഷ്യമിട്ടത് കണ്ണൂർ എഡിഎം കെ.നവീൻ ബാബുവിന് എതിരായ അച്ചടക്കനടപടി. യാത്രയയപ്പു യോഗത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പരസ്യമായി എഡിഎമ്മിനെതിരെ ആക്ഷേപം ഉന്നയിക്കുകയും പിന്നാലെ പരാതി നൽകുകയും ചെയ്താൽ അതു വിവാദമാകുമെന്നും ഉദ്യോഗസ്ഥനെതിരെ അന്വേഷണം വരുമെന്നുമായിരുന്നു നിഗമനം.

ഇത്തരം ആരോപണങ്ങൾ ഉയരുമ്പോൾ ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുന്നതാണു പതിവ്. വകുപ്പുതല നടപടികൾ ആറ് മാസത്തിലേറെ നീളും. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ സർവീസിന്റെ അവസാന മാസങ്ങൾ വരെ സസ്പെൻഷനിൽ തുടരാൻ എഡിഎം നിർബന്ധിതനായേനെ. വിരമിക്കാൻ ഏതാനും മാസം മാത്രമാണ് അദ്ദേഹത്തിനു ബാക്കിയുണ്ടായിരുന്നത്.

നവീന് പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റത്തിനുള്ള ഉത്തരവ് ഇറങ്ങിയ ശേഷമാണ് പമ്പിന് എൻഒസി ലഭിക്കുന്നത്. 10 ദിവസത്തോളം ഉദ്യോഗസ്ഥന്റെ വിടുതൽ കലക്ടർ വൈകിച്ചെന്നും പിന്നീടു വ്യക്തമായി. ഇതിനിടെ നടന്ന സംഭവങ്ങൾ എന്തെല്ലാമാണെന്ന് പൊലീസിന്റെ വിശദ അന്വേഷണത്തിലൂടെയേ വ്യക്തമാകൂ.

എഡിഎമ്മിന്റെ മരണത്തിനു കാരണമായ ആക്ഷേപങ്ങളിന്മേൽ വകുപ്പുതല അന്വേഷണം നടത്തിയ ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ.ഗീത ഇന്നു റവന്യു വകുപ്പിനു റിപ്പോർട്ട് സമർപ്പിച്ചേക്കും.

സെപ്റ്റംബറില്‍ ഇന്ത്യന്‍ സിനിമക്ക് 1,066 കോടി വരുമാനം; ടോപ്പ് 10’ല്‍ രണ്ട് മലയാള ചിത്രങ്ങള്‍

ചെന്നൈ: ബോളിവുഡ് സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് കഷ്ടകാലമായിരുന്നെങ്കിലും പൊതുവില്‍ നല്ല വര്‍ഷമമായിരുന്നു ഇന്ത്യന്‍ സിനിമക്ക് 2024. ബോളിവുഡിന് കരുതിയപോലുള്ള വിജയക്കുതിപ്പ് കാര്യമായി സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ക്ക് സംഭവിച്ചില്ലെങ്കിലും മറുഭാഷാ സിനിമാ വ്യവസായങ്ങളില്‍ പ്രത്യേകിച്ചും തെന്നിന്ത്യന്‍ ചിത്രങ്ങള്‍ക്ക് മികച്ച വിജയമാണ് വര്‍ഷം സമ്മാനിച്ചത്.

സെപ്റ്റംബര്‍ മാസത്തെ ഇന്ത്യന്‍ സിനിമയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍ സംബന്ധിച്ച പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. മൊത്തം കളക്ഷന്‍ നോക്കിയാല്‍ ഹിന്ദി സിനിമയെ വെല്ലാന്‍ ഇപ്പോഴും മറ്റ് ഭാഷാ ചലച്ചിത്ര വ്യവസായങ്ങള്‍ക്ക് സാധിച്ചിട്ടില്ലെന്നതാണ് പരമാര്‍ഥം.

ഈ വര്‍ഷം ഇതുവരെയുള്ള കണക്ക് പരിശോധിച്ചാല്‍ ഏറ്റവും മികച്ച മൂന്നാമത്തെ കളക്ഷന്‍ ലഭിച്ച മാസം. പല ഭാഷകളില്‍ നിന്നായി സെപ്റ്റംബറില്‍ റിലീസ് ചെയ്യപ്പെട്ട ഇന്ത്യന്‍ സിനിമകള്‍ ഇന്ത്യയില്‍ നിന്നു തന്നെ ആകെ നേടിയ ഗ്രോസ് കളക്ഷന്‍ 1,066 കോടി വരും!. പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ദേവര പാര്‍ട്ട് 1 ആണ് സെപ്റ്റംബറില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ഇന്ത്യന്‍ സിനിമ. ആഭ്യന്തര ബോക്‌സ് ഓഫീസില്‍ നിന്ന് 337 കോടിയാണ് ചിത്രം നേടിയത്.

രണ്ടാം സ്ഥാനത്ത് വിജയ് നായകനായ ഗോട്ട് ആണ്. 293 കോടിയാണ് ചിത്രത്തിന്റെ ഇന്ത്യന്‍ കളക്ഷന്‍. മൂന്ന്, നാല് സ്ഥാനങ്ങളില്‍ മലയാള ചിത്രങ്ങളാണെന്നത് മലയാളികള്‍ക്ക് അഭിമാനമാണ്. ഈ രണ്ടു ചിത്രങ്ങളും ഓണം റിലീസുകളായെത്തിയവയാണ്. അജയന്റെ രണ്ടാം മോഷണമാണ് മൂന്നാം സ്ഥാനത്ത്. റിപ്പോര്‍ട്ട് പ്രകാരം ചിത്രത്തിന്റെ ഇന്ത്യന്‍ കളക്ഷന്‍ 76 കോടിയാണ്. നാലാം സ്ഥാനത്ത് കിഷ്‌കിന്ധാ കാണ്ഡവും 49 കോടിയാണ് പ്രസ്തുത റിപ്പോര്‍ട്ട് പ്രകാരം കിഷ്‌കിന്ധാ കാണ്ഡം ഇവിടെ നിന്ന് നേടിയത്.

ധനികയായ ഇന്ത്യന്‍ നടിമാരില്‍ ഇപ്പോഴും തൊണ്ണൂറുകളിലെ രോമാഞ്ചം;പുതുമുഖ നടികളെല്ലാം പട്ടികയില്‍ എത്രയോ പിന്നില്‍

മുംബൈ: ഇന്ത്യയിലെ ഏറ്റവും ധനികയായ നടിയാരാണ്. പരസ്യങ്ങളിലും സിനിമികളിലും നിറഞ്ഞു നില്‍ക്കുന്ന പ്രിയങ്കാ ചോപ്രയുടെയും ദീപിക പദുകോണിന്റെയും ആലിയ ഭട്ടിന്റെയും പേരുകളാണ് നാവിന്‍ തുമ്പിലുള്ളതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. പത്ത് വര്‍ഷമായി വെള്ളിത്തിരയില്‍ കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിക്കാത്ത എന്നാല്‍ തൊണ്ണൂറുകളിലെ ലേഡി സൂപ്പര്‍ സ്റ്റാറായ ആ താരത്തിന്റെ ആസ്ഥി 4,600 കോടി രൂപയാണ്. തന്റെ അടുത്ത സുഹൃത്തും ബിസിനസ് പാര്‍ട്ണറുമായ ഷാറൂഖ് ഖാന്‍ കഴിഞ്ഞാല്‍ രണ്ടാമത്തെ ധനികയായ ഇന്ത്യന്‍ ആക്ടറുകൂടിയാണ് ഈ താരം. അത് മറ്റാരുമല്ല ജൂഹി ചൗളയാണ്.

സിനിമാ നിര്‍മാണ രംഗത്തെ റെഡ് ചില്ലീസ് ഗ്രൂപ്പിലെ നിര്‍ണായക വ്യക്തിത്വമായ ജൂഹി ഐ പി എല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സഹ ഓണറും കൂടിയാണ്. അഭിനയ കാലത്ത് തന്നെ നിരവധി ബിസിനസ് സംരംഭങ്ങളിലും ജൂഹി ശ്രദ്ധ ചെലുത്തിയിരുന്നു. ഇതിന്റെ ഫലമാണ് പുതുമഖങ്ങളെ പിന്‍തള്ളി ഇത്തരമൊരു സ്ഥാനത്ത് അവര്‍ക്ക് ഇപ്പോഴും ഇരിക്കാന്‍ കഴിയുന്നത്.

ഈ വര്‍ഷത്തെ ഹുറുണ്‍ റിച്ച് ലിസ്റ്റിലാണ് ജൂഹി ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാമത്തെ ധനികയായ നടി ഐശ്വര്യ റായിയാണ്. 850 കോടിയാണ് അവരുടെ ആസ്ഥി. 650 കോടിയുമായി പ്രിയങ്കാ ചോപ്രയാണ് പട്ടികയില്‍ മൂന്നാമത്. ആലിയ ഭട്ടും ദീപികയുമാണ് നാലും അഞ്ചും സ്ഥാനത്ത്.

എൻ ഒ സി നൽകുന്നതിന് നവീന്‍ബാബു ബോധപൂർവ്വമായ കാലതാമസം ഉണ്ടാക്കിയിട്ടില്ലെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്

കണ്ണൂര്‍. എൻ ഒ സി നൽകുന്നതിന് നവീന്‍ബാബു ബോധപൂർവ്വമായ കാലതാമസം ഉണ്ടാക്കിയിട്ടില്ലെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. പെട്രോൾ പമ്പ് അനുമതിയുമായി ബന്ധപ്പെട്ട് ടൗൺ പ്ലാനിങ് ഓഫിസർ എ ഡി എമ്മിന് കൈമാറിയ നിർണായക രേഖകൾ ആണ് പുറത്തായത്.

പെട്രോൾ പമ്പ് നിർമ്മിക്കുന്ന സ്ഥലത്ത് സംസ്ഥാന പാതയിൽ നിന്നുള്ള സൈറ്റ് ഡിസ്റ്റൻസ് ഉണ്ടായിരുന്നില്ല. സ്ഥലം പുനക്രമീകരിക്കണമെന്നും അതിന് ശേഷം അപേക്ഷ പുനപരിശോധിക്കണമെന്നും ടൗൺ പ്ലാനിങ് ഓഫിസർ മറുപടി നൽകി. പൊതുമരാമത്ത് വകുപ്പ് നിർദ്ദേശപ്രകാരം സ്ഥലം പുനക്രമീകരിച്ചു. ഇതിന് ശേഷം ടൗൺ പ്ലാനിങ് ഓഫിസർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആറു ദിവസം കൊണ്ട് എ ഡി എം എൻഒസി നൽകി.

ടൗൺ പ്ലാനിങ് ഓഫീസറുടെ ആദ്യ റിപ്പോർട്ടിലെ തടസം പരിഹരിക്കാൻ പ്രശാന്തിനെ നിയമപരമായി സഹായിച്ചത് നവീൻ ബാബുവെന്ന് എഡിഎം ഓഫീസിലെ ജീവനക്കാരുടെ മൊഴി. ലാന്റ് റെവന്യൂ ജോയിന്റ് കമ്മീഷണർ എ.ഗീതക്കാണ് മൊഴി നൽകിയത്

NOC നൽകാൻ വൈകിയിട്ടില്ലെന്ന റവന്യു വകുപ്പിന്റെ റിപ്പോർട്ട്, ജീവനക്കാരുടെ മൊഴി പരിഗണിച്ച്. സ്ഥലം പുനക്രമീകരിച്ചതിന് ശേഷം ആറ് പ്രവർത്തി ദിവസത്തിനകം NOC നൽകിയിട്ടുണ്ട്.

മദ്രസകളുടെ കാര്യത്തിൽ മാത്രം ഇത്ര ആശങ്ക എന്തിന്, ചീഫ് ജസ്റ്റിസ്‌

ന്യൂഡെല്‍ഹി. മദ്രസകൾക്കെതിരെയുള്ള വാദങ്ങളിൽ വിമർശനവുമായി സുപ്രീംകോടതി.മതപഠന സ്ഥാപനങ്ങൾ മതേതരത്വത്തിന്റെ ലംഘനമല്ലെന്ന് സുപ്രീംകോടതി. മദ്രസകളുടെ കാര്യത്തിൽ മാത്രം ഇത്ര ആശങ്ക എന്തിനെന്നും ചീഫ് ജസ്റ്റിസ്‌. മദ്രസകൾ പൂട്ടണമെന്ന ബാലവകാശ കമ്മീഷന്റെ നിർദ്ദേശത്തിനും വിമർശനം. മദ്രസയിലെ സിലബസ് പഠിച്ചിട്ടുണ്ടോ എന്ന് കോടതിയുടെ ചോദ്യം.

ഉത്തർപ്രദേശ് ബോർഡ് ഓഫ് മദ്രസ എജ്യുക്കേഷൻ ആക്ട്, 2004 റദ്ദ് ചെയ്യാനുള്ള അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുള്ള ഒരുകൂട്ടം ഹർജികൾ പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ പരാമർശങ്ങൾ. ജീവിക്കുകയും ജീവിക്കാൻ അനുവദിക്കുകയും ചെയ്യുന്നതാണ് മതേതരത്വമെന്ന് സുപ്രീംകോടതി പറഞ്ഞു. സംസ്കാരങ്ങളുടെയും മതങ്ങളുടെയും സംഗമഭൂമിയാണ് ഇന്ത്യ. മറ്റ് മതങ്ങൾക്കും മതപഠന കേന്ദ്രങ്ങൾ ഉണ്ട്. മദ്രസകളുടെ കാര്യത്തിൽ മാത്രം ഇത്ര ആശങ്ക എന്തിനെന്നും സുപ്രീംകോടതി ചോദിച്ചു.മതപഠനത്തെ പൊതുവിദ്യാഭ്യാസമായി കാണേണ്ടതില്ലെന്ന് ബാലവകാശ കമ്മീഷന്റെ നിർദ്ദേശത്തിനെതിരെയും സുപ്രീംകോടതി രൂക്ഷ വിമർശനം നടത്തി. ബാലവകാശ കമ്മീഷന്റെ നിർദ്ദേശം എല്ലാ മതവിഭാഗങ്ങൾക്കും ബാധകമാണോ എന്ന് ചീഫ് ജസ്റ്റിസ്. എല്ലാ മതവിഭാഗങ്ങൾക്കും ബാധകമാകുന്ന രീതിയിൽ മാതൃക നിർദ്ദേശങ്ങൾ പുറപ്പെടുവച്ചിട്ടുണ്ടോ എന്നും മദ്രസയിലെ സിലബസ് കമ്മീഷൻ പഠിച്ചിട്ടുണ്ടോ എന്നും സുപ്രീംകോടതി ചോദിച്ചു. ഹർജികളിൽ വാദം പൂർത്തിയാക്കിയ സുപ്രീംകോടതി വിധി പറയാനായി മാറ്റി.

ബംഗളൂരുവിൽ കനത്ത മഴ, ആറു നില കെട്ടിടം ഇടിഞ്ഞുവീണു

ബംഗളൂരു. കനത്ത മഴ, ആറു നില കെട്ടിടം ഇടിഞ്ഞുവീണു. ഹെന്നൂറിനടുത്തുള്ള ബാബുസപാളയത്ത് നിർമ്മാണത്തിലിരുന്ന് ആറു നില കെട്ടിടം ആണ് ഇടിഞ്ഞുവീണത്. ഒരാള്‍ മരിച്ചു.ബിഹാര്‍ സ്വദേശിയായ നിര്‍മ്മാണതൊഴിലാളിയാണ് മരിച്ചത്.കെട്ടിടത്തിനടിയിൽപെട്ട 12 പേരെ ആശുപത്രിയിലെത്തിച്ചു. 5 പേർ ഇനിയും കുടുങ്ങികിടക്കുന്നതായി തൊഴിലാളികൾ.കെട്ടിടത്തിൽ ഉണ്ടായിരുന്നത് 20 പേർ.

പതിനഞ്ചോളം തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സൂചന. യെളഹങ്കയിൽ അപ്പാർട്ട്മെന്റിലുള്ളവർ കുടുങ്ങി. ശാന്തിനഗറിൽ നൂറിൽ അധികം വീടുകളിൽ വെള്ളം കയറി.സ്കൂളുകൾക്കും അംഗനവാടികൾക്കും നാളെ അവധി. കോളേജുകൾക്ക് അവധി ബാധകമല്ല

സി എസ് സുബ്രഹ്മണ്യൻ പോറ്റി സ്മാരക സാഹിത്യ പുരസ്ക്കാരം നിഷ അനിൽ കുമാറിന്

കരുനാഗപ്പള്ളി -സി.എസ്.സുബ്രഹ്മണ്യൻ പോറ്റി സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ സാഹിത്യ പുരസ്ക്കാരം നിഷ അനിൽകുമാറിൻ്റെ അവധൂതരുടെ അടയാളങ്ങൾ എന്ന നോവലിന് ലഭിച്ചു.
25,000 രൂപയും, പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം. ഡോ.സി. ഉണ്ണികൃഷ്ണൻ, ഡോ.സുരേഷ് മാധവ്, ഡോ.നിസാർ കാത്തുങ്ങൽ എന്നിവരടങ്ങിയ ജൂറിയാണ്.അവാർഡ് കൃതി തെരഞ്ഞെടുത്തത്.നവംബർ ഒന്നിന് വൈകിട്ട് 4ന് കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ നടക്കുന്ന സി.എസ്.സുബ്രഹ്മണ്യൻ പോറ്റി അനുസ്മരണ പരിപാടിയിൽ വെച്ച് പുരസ്ക്കാരം സമ്മാനിക്കും.
പത്രസമ്മേളനത്തിൽ അഡ്വ.എൻ.രാജൻ പിള്ള, പ്രൊഫ.ആർ.അരുൺകുമാർ, എ. ഷാജഹാൻ, ഇടക്കുളങ്ങര ഗോപൻ, എസ്.ശിവകുമാർ ,എൻ.എസ്.അജയകുമാർ, എൻ അജികുമാർ, സജിത നായർ എന്നിവർ പങ്കെടുത്തു.

കേന്ദ്രീയ വിദ്യാലയത്തിനായി അധിക ഭൂമി, പ്രക്ഷോഭം ഊർജിതമാക്കാൻ കൊടിക്കുന്നിൽ സുരേഷ് എംപി

നൂറനാട്. ഐടിബിപി ക്യാമ്പിൽ അനുവദിച്ച കേന്ദ്രീയ വിദ്യാലയത്തിനായി അധികമായി ആവശ്യമുള്ള 1.73 ഏക്കർ ഭൂമി സാനിറ്റോറിയം വളപ്പിൽ തന്നെ ലഭ്യമാക്കുന്നതിനായി മാവേലിക്കര താലൂക്ക് തലത്തിൽ പ്രക്ഷോഭം ഊർജിതപ്പെടുത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. നൂറനാട് കേന്ദ്രീയ വിദ്യാലയം സ്ഥാപിതമായാൽ ഏറ്റവും കൂടുതൽ പ്രയോജനം കിട്ടുന്ന മാവേലിക്കര താലൂക്കിലെ വിരമിച്ച സൈനികരുടെ കൂട്ടായ്മകൾ, കേന്ദ്ര സംസ്ഥാന സർക്കാർ സർവീസിൽ നിന്ന് വിരമിച്ചവരുടെ സംഘടനകൾ, നിലവിൽ സർവീസിൽ ഉള്ളവരുടെ കുടുംബാംഗങ്ങൾ, പ്രദേശവാസികൾ തുടങ്ങിയവരുമായി ഈ വിഷയത്തിൽ ആശയവിനിമയം നടത്തുമെന്നും ജനകീയ ആക്ഷൻ കൗൺസിൽ രൂപീകരിച്ച കേന്ദ്രീയ വിദ്യാലയത്തിനായുള്ള പ്രക്ഷോഭം മുന്നോട്ടു കൊണ്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്രീയ വിദ്യാലയത്തിനായി സാനിറ്റോറിയം വളപ്പിൽ തന്നെ അനുയോജ്യമായ ഭൂമി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ സൈനിക കൂട്ടായ്മകളുടെ പ്രതിനിധികൾ, പ്രാദേശിക ജനപ്രതിനിധികൾ എന്നിവരുടെ പ്രതിനിധി സംഘവുമായി ഏറ്റവുമടുത്ത ദിവസം തന്നെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു അതോടൊപ്പം കാര്യത്തിന്റെ ഗൗരവം പറഞ്ഞു മനസ്സിലാക്കുന്നതിനായി ആരോഗ്യമന്ത്രി, റവന്യൂ മന്ത്രി, ജില്ലയുടെ ചുമതലയുള്ള മന്ത്രി ജില്ലയിൽ നിന്നുള്ള മന്ത്രി, ചീഫ് സെക്രട്ടറി എന്നിവരെയും നേരിൽ കാണുമെന്ന് എം പി കൂട്ടിച്ചേർത്തു.

കഴിഞ്ഞദിവസം നൂറനാട് സംഘടിപ്പിച്ച ജനസഭയിലൂടെ നാടിന്റെ വികാരം എന്താണെന്ന് വ്യക്തമായി കഴിഞ്ഞു, കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കുന്നതിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിക്കഴിഞ്ഞ ഭൂമി നിർദ്ദേശിച്ച എംഎൽഎ ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കണമെന്ന് കൊടിക്കുന്നിൽ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തരമായി അനുകൂല നടപടി ഉണ്ടാകാത്തപക്ഷം ജനകീയ സമരസമിതി രൂപീകരിച്ച് സത്യാഗ്രഹമടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും നൂറനാട് ഐടിബിപി ക്യാമ്പിൽ കേന്ദ്രീയ വിദ്യാലയത്തിനായി അനുയോജ്യമായ ഭൂമി ലഭിക്കുന്നത് വരെ സമരപരിപാടികൾക്ക് താൻ നേതൃത്വം നൽകുമെന്നും കൊടിക്കുന്നിൽ പറഞ്ഞു