Home Blog Page 2010

ബംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: കനത്ത മഴ തുടരുന്നതിനിടെ ബെംഗ്ലൂരിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് മൂന്ന് പേർക്ക് ദാരുണാന്ത്യം. 17 ഓളം തൊഴിലാളികൾ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുന്നതായാണ് സൂചന. ബെംഗളൂരുവിലെ ബാബുസാ പള്ളിയയിലാണ് സംഭവം.

അഗ്‌നിരക്ഷാസേനയും പൊലീസും നടത്തിയ തെരച്ചിലിലാണ് മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. മറ്റ് മൂന്ന് പേരെ രക്ഷപ്പെടുത്തി. കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. വിഷയത്തിൽ പോലീസ് ഒദ്യോഗിക വിശദീകരണം നടത്തിയിട്ടില്ല.

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും രക്ഷപ്പെട്ട യുവാവ് അപകടത്തെ കുറിച്ച് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. സംഭവത്തിന് പിന്നാലെ ഡിസിപി ദേവരാജുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവർ ഫോണിൽ സംസാരിച്ചിരുന്നു.

തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിനായി ശീലമാക്കേണ്ട അഞ്ച് കാര്യങ്ങൾ

തൈറോയ്ഡിന്റെ ആരോഗ്യത്തെ കാത്തുസൂക്ഷിക്കേണ്ടത് ശരീരത്തിന്റെ വളർച്ചയ്ക്കും ഉപാപചയ പ്രവർത്തനങ്ങൾക്കും ഏറെ പ്രധാനമാണ്. കുട്ടികളിലെ വളർച്ചയ്ക്ക് തൈറോയ്ഡ് പ്രധാനമാണ്. തലച്ചോറിൻ്റെ വളർച്ചയിൽ കാര്യമായ പങ്ക് വഹിക്കുന്നു. തൈറോയ്ഡിന്റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.

ധാരാളം വെള്ളം കുടിക്കുക

ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. ശരിയായ ഉപാപചയ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായ വെള്ളം കുടിക്കുന്നത് തൈറോയ്ഡ് ആരോഗ്യത്തിന് പ്രധാനമാണ്. കാരണം വെള്ളം കുടിക്കുന്നത് ഊർജ്ജ നില നിലനിർത്തുകയും നിർജ്ജലീകരണം തടയുന്നതിനും സഹായിക്കുന്നു.

നന്നായി ഉറങ്ങുക

തൈറോയ്ഡ് രോഗിയാണെങ്കിൽ ആവശ്യത്തിന് ഉറങ്ങണം. ആവശ്യത്തിന് ഉറക്കം ലഭിക്കുന്നത് സ്ട്രെസ് ഹോർമോണുകൾ കുറയ്ക്കാനും ഊർജ്ജ നില വർദ്ധിപ്പിക്കാനും ഉപാപചയം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഉറക്കക്കുറവ് തൈറോയ്ഡ് പ്രവർത്തനത്തെ മോശമാക്കാമെന്ന് ജേർണൽ ഓഫ് ക്ലിനിക്കൽ എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

അയോഡിൻ അടങ്ങിയ ഭക്ഷണങ്ങൾ

തൈറോയ്ഡ് പ്രവർത്തനത്തിൽ അയോഡിൻ ഒരു പ്രധാന പങ്ക് വഹിക്കുന്നതിനാൽ തൈറോയ്ഡ് ഗ്രന്ഥിക്ക് അയോഡിൻ കഴിക്കുന്നത് അത്യന്താപേക്ഷിതമാണ്. ഇത് രോഗപ്രതിരോധ പ്രവർത്തനത്തെ സന്തുലിതമാക്കുന്നു.

സമ്മർദ്ദം ഒഴിവാക്കൂ

തൈറോയ്ഡ് രോഗികൾ സമ്മർദ്ദം ഒഴിവാക്കണം. കാരണം ഇത് തൈറോയ്ഡ് പ്രവർത്തനത്തിലും മൊത്തത്തിലുള്ള ഹോർമോൺ ബാലൻസിലും നേരിട്ട് സ്വാധീനം ചെലുത്തും. സമ്മർദ്ദം ഒഴിവാക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താനും തൈറോയിഡിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കും.

വ്യായാമം പതിവാക്കൂ

വ്യായാമം ചെയ്യുന്നത് തൈറോയ്ഡ് ആരോഗ്യത്തിന് പല തരത്തിൽ ഗുണം ചെയ്യും. പ്രത്യേകിച്ച് തൈറോയ്ഡ് തകരാറുള്ള രോഗികൾക്ക്. യോഗ, സൈക്ലിംഗ്, നീന്തൽ, നടത്തം എന്നിവ ശീലമാക്കാം. മിതമായ വ്യായാമം തൈറോയ്ഡ് ഹോർമോണുകളുടെ അളവ് മെച്ചപ്പെടുത്തുമെന്ന് ജേണൽ ഓഫ് ക്ലിനിക്കൽ എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായ അഞ്ചുപേരുടെ പോസ്റ്റ്‌മോർട്ടം ഇന്ന്

പാലക്കാട്‌ .കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായ അഞ്ചുപേരുടെ പോസ്റ്റ്‌മോർട്ടം ഇന്ന് പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ നടക്കും,മണ്ണാന്തറ സ്വദേശികളായ വിജേഷ്,വിഷ്ണു,വീണ്ടപ്പാറ സ്വദേശി രമേശ്‌ എന്നിവരാണ് മരിച്ചത്,അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് അപകടം നടന്നത്,അമിത വേഗതയിലായിരുന്ന കാർ പാലക്കാട്‌ ഭാഗത്ത് നിന്ന് വരികയായിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു,ഏറെ പ്രയാസപ്പെട്ടാണ് യുവാക്കളെ കാറിൽ നിന്ന് പുറത്തെടുത്തത്,നാല് പേര് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു,ആശുപത്രിയിൽ എത്തിച്ച ശേഷമാണ് ഒരാൾക്ക് ജീവൻ നഷ്ടമായത്,

ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ

സംസ്ഥാനത്ത് ഇന്ന്സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഇന്ന് ഏഴ് ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം കൊല്ലം പത്തനംതിട്ട കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂർ ജില്ലകളിലാണ് യല്ലോ അലർട്ട്.
മലയോരമേഖലകളിൽ മഴ ശക്തമായേക്കും.
മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. ബംഗാൾ ഉൾകടലിലെ തീവ്ര ന്യുന മർദ്ദം അടുത്ത മണിക്കൂറുകളിൽ ദാന ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യത. ദാന ചുഴലിക്കാറ്റ് നാളെ രാത്രിയൊ / വെള്ളിയാഴ്ച അതിരാവിലെയോടെയൊ തീവ്ര ചുഴലിക്കാറ്റായി മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വേഗതയിൽ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്ത് പുരിക്കും സാഗർ ദ്വീപിനും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

മുലയറുത്ത നങ്ങേലി, ശില്‍പം സ്ഥാപിച്ചു

കണ്ണൂര്‍. കണ്ണൂർ സർവ്വകലാശാലയുടെ ചരിത്ര പൈതൃക മ്യൂസിയത്തിൽ നങ്ങേലി ശില്പം സ്ഥാപിച്ചു. ശില്പി ഉണ്ണി കാനായിയാണ്  നങ്ങേലിയുടെ ശില്പം ഒരുക്കിയത്. നങ്ങേലിക്കഥയുടെ ചരിത്ര സാധ്യതകളെയും വിവേചന വിരുദ്ധ പോരാട്ടങ്ങളെയും പഠന വിധേയമാക്കുന്നതിന്റെ ഭാഗമാണ് ശില്പം.

അനീതിക്കെതിരായ ജീവത്യാഗത്തിന്റെ കഥ. മുലക്കരം എന്ന നികുതിപിരിവിനെതിരെ മുലയറുത്ത നങ്ങേലി. ചരിത്രമാണോ  മിത്താണോ നങ്ങേലി.? ഗവേഷണ പഠനങ്ങളിലൂടെ തേടേണ്ട ചോദ്യവും ഉത്തരവും. സ്പിരിറ്റഡ് ഹീറോയിൻസ് എന്ന ഇൻഡോ-സ്വിസ് ഡോക്യുമെൻ്ററി നിർമ്മാണ കമ്പനിയിലെ മരിയയും സതീന്ദർ ബേദിയുമാണ് കണ്ണൂർ സർവകലാശാലാ  ചരിത്ര വിഭാഗത്തിന് ശില്പം സംഭാവന ചെയ്തത്.  ചരിത്ര സാധ്യതകളെ തേടുന്ന പഠന വഴിയെന്ന്  മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ ചരിത്രവിഭാഗം മേധാവി ഡോ. മാളവിക ബിന്നി.

ചരിത്ര വിദ്യാർഥികൾക്ക് നങ്ങേലിക്കഥയുടെ ഉറവിടത്തെക്കുറിച്ചുള്ള പഠനങ്ങൾക്ക് പ്രചോദനം പകരുന്നതാണ് ശില്പം.

വിമാനങ്ങൾക്ക് ബോംബ് ഭീഷണിതുടരുന്നു, 24 മണിക്കൂറിൽ ഭീഷണി ലഭിച്ചത് 50 ലേറെ വിമാനങ്ങൾക്ക്

ന്യൂഡെല്‍ഹി. വിമാനങ്ങൾക്ക് ബോംബ് ഭീഷണിതുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ ഭീഷണി ലഭിച്ചത് 50 ലേറെ വിമാനങ്ങൾക്ക്.13 വീതം ഇൻഡിഗോ – എയർ ഇന്ത്യ വിമാനങ്ങൾക്ക് ഉൾപ്പെടെയാണിത്.ഒരാഴ്ചയിൽ ഭീഷണി ലഭിച്ചത് 180 ഓളം വിമാനങ്ങൾക്ക്.

9 ദിവസത്തിനുള്ളിൽ വിമാനക്കമ്പനികൾക്ക് ഉണ്ടായ നഷ്ടം 600 കോടി രൂപയിലേറെയാണ്.ഭീഷണികൾ ലഭിച്ചത് സമൂഹ മാധ്യമങ്ങളിലൂടെ. ഭീഷണി സന്ദേശം അയക്കുന്ന ശൈലി മാറ്റിയതായി അന്വേഷണ ഏജൻസികൾ. നേരത്തെ ഒരുഹാൻഡിൽ ഒന്നിലേറെ എയർലൈനുകൾക്ക് ഭീഷണികൾ അയച്ചിരുന്നു. നിലവിൽ ഭീഷണികൾ ലഭിക്കുന്നത് വ്യത്യസ്ത ഹാൻഡിലുകളിൽ നിന്നും.

ഭീഷണികൾ ആസൂത്രിതമെന്ന് പ്രാഥമിക നിഗമനം. ഭീഷണികൾക്ക് സാമ്പത്തിക താല്പര്യമുണ്ടോ എന്നും പരിശോധിക്കും. വിമാനത്താവളങ്ങളിലെ സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കൻ നിർദ്ദേശം. ബോഡി സ്കാനറുകൾ ഉൾപ്പെടെ സ്ഥാപിക്കാൻ നടപടികൾ ആരംഭിച്ചു

സുധിയെ വിറ്റ് കാശാക്കുന്നുവെന്ന് ജനങ്ങൾക്കും തോന്നും: ലക്ഷ്മി നക്ഷത്ര വിഷയത്തിൽ സാജു നവോദയ

കൊല്ലം സുധിയുടെ കുടുംബവുമായി ബന്ധപ്പെട്ട് ലക്ഷ്മി നക്ഷത്ര സമൂഹ മാധ്യമങ്ങളിലൂടെ ചെയ്യുന്ന സഹായങ്ങളിൽ പ്രതികരണവുമായി സാജു നവോദയ. ജനങ്ങളിലേക്ക് ചീത്ത കേൾക്കാൻ പാകത്തിന് എന്തെങ്കിലും ഇട്ട് കൊടുത്തിട്ടുണ്ടെങ്കിൽ അത് കിട്ടണമെന്നേ താൻ പറയു എന്നാണ് സാജു നവോദയ പറയുന്നത്. എന്തെങ്കിലും ചെയ്യണമെങ്കിൽ രഹസ്യമായി ചെയ്യുക. പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കിൽ എന്തെങ്കിലുമുണ്ടെങ്കിൽ വീട്ടിൽ കൊണ്ടുപോയി കൊടുക്കുക എന്നതായിരുന്നു സജു നവോദയയുടെ പ്രസ്താവന.

‘‘സുധി പോയി… ഇനി ആ കുഞ്ഞുങ്ങളുടെ കാര്യം രേണുവിന് നോക്കണം. ചേട്ടൻ പോയിയെന്നും പറഞ്ഞ് ഇരുന്നിട്ട് കാര്യമില്ലല്ലോ. കുറച്ച്‌ ബോൾഡായി നിൽക്കുന്നതാകും എപ്പോഴും നല്ലത്. മക്കളിൽ ഒരാൾ കൈകുഞ്ഞാണ്. അവനെ ഇപ്പോഴത്തെ സാഹചര്യത്തിൽ വളർത്തി വലുതാക്കണമെങ്കിൽ മൂലയ്ക്ക് ഒതുങ്ങി നിന്നിട്ട് കാര്യമില്ല. നമ്മൾക്ക് ഉള്ള വിഷമത്തിന്റെ ഇരട്ടിയുടെ ഇരട്ടി രേണുവിന്റെ മനസിലുണ്ടാകും. പിന്നെ രേണുവിനെ കുറ്റം പറയാൻ വരുന്നവർ അവരുടെ ഭാഗം കൂടി ശരിയാണോ എന്നു നോക്കിയിട്ട് വേണം കമന്റുകൾ എഴുതി കൂട്ടിവയ്ക്കാൻ. ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല രസമാണെന്ന് പറയാറില്ലേ… ഇതൊക്കെ അവനവന്റെ ജീവിതത്തിൽ സംഭവിക്കുമ്പോഴെ മനസിലാകൂ.

മുമ്പ് സുധിയെ പറ്റി മോശമായി നിരവധി യുട്യൂബ് ചാനലുകൾ പലതും എഴുതിപിടിപ്പിച്ച്‌ വിട്ടിരുന്നു. സുധിയുടെ മരണശേഷം അതെല്ലാം മാറി ഞങ്ങളുടെ സുധി ചേട്ടൻ എന്ന രീതിക്ക് എഴുതി തുടങ്ങി. സുധി എന്താണ്, എങ്ങനെയാണ് എന്നത് ഞങ്ങൾക്ക് അറിയാം. അഞ്ച് വർഷത്തോളം ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ആളാണ്. അന്നൊക്കെ എന്റെ വീട്ടിലായിരുന്നു സുധി കിടന്നിരുന്നത്. ആ ഫാമിലിയുമായി അത്രയും ബന്ധമുള്ളവരാണ് ഞങ്ങൾ.

പിന്നെ ലക്ഷ്മി നക്ഷത്രയുടെ വിഷയത്തിൽ സുധിയെ വിറ്റ് കാശാക്കുന്നുവെന്ന രീതിയിൽ പ്രവർത്തിച്ചാൽ ജനങ്ങൾക്കും അങ്ങനെ തോന്നും. സുധിയുടെ കാര്യത്തിന് ഞാൻ, രാജേഷ് പറവൂർ തുടങ്ങിയവർ ഒന്നിച്ച്‌ പ്രവർത്തിച്ചിരുന്നു. പക്ഷെ ഞങ്ങൾക്കാർക്കും സൈബർ അറ്റാക്ക് നേരിടേണ്ടി വന്നിട്ടില്ല.‍ ജനങ്ങളിലേക്ക് ചീത്ത കേൾക്കാൻ പാകത്തിന് എന്തെങ്കിലും ഇട്ട് കൊടുത്തിട്ടുണ്ടെങ്കിൽ അത് കിട്ടണമെന്ന് തന്നയേ ഞാൻ പറയൂ. ചെയ്തിട്ടുള്ളതുകൊണ്ടാണ് ആളുകൾ അങ്ങനെ പറയുന്നത്. അല്ലെങ്കിൽ എന്തെങ്കിലും ചെയ്യണമെങ്കിൽ രഹസ്യമായി ചെയ്യുക. പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കിൽ എന്തെങ്കിലുമുണ്ടെങ്കിൽ വീട്ടിൽ കൊണ്ടുപോയി കൊടുക്കുക.

‘‘അയ്യോ ഞങ്ങൾ അറിയാതെ വേറൊരാൾ ഷൂട്ട് ചെയ്ത് ഇട്ടതാണെന്ന്’’ പറഞ്ഞാലും ഓക്കെയാണ്. അല്ലാതെ ഇവർ തന്നെ എല്ലാം ചെയ്തിട്ട് പിന്നെ. അത് ആര് ചെയ്താലും. അതുപോലെ തന്നെ മുമ്പ് സുധിക്കെതിരെ സൈബർ അറ്റാക്ക് നടന്ന സമയത്ത് സുധിക്ക് വേണ്ടി വിഡിയോ ഇടാൻ ആരും വന്നതായി ഞാൻ കണ്ടില്ല. പക്ഷേ ഇങ്ങനൊരു അവസ്ഥ വന്നപ്പോൾ അതൊക്കെ മാക്സിമം ഉപയോഗിക്കുകയാണെന്നാണ് എല്ലാവർക്കും ചിന്ത പോയത്. സാധാരണ ഒരു ബുദ്ധിയുള്ളവർക്ക് അങ്ങനെയാണ് തോന്നുക. അതിന് പബ്ലിക്കിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജെനുവിൻ ആയിരുന്നുവെങ്കിൽ അത് രഹസ്യമായി ചെയ്യണമായിരുന്നു.

എല്ലാം ഒരു ചിരിയിലൂടെ തള്ളിക്കളയുകയാണ് ഞാൻ. സുധിയെ കുറിച്ച്‌ പറയാനാണെങ്കിൽ ഞങ്ങൾ എല്ലാവർക്കും കുറേ പറയാനുണ്ട്. പക്ഷേ അതൊക്കെ ഞങ്ങളിൽ ഒതുങ്ങുന്ന കാര്യങ്ങളാണ്. പിന്നെ ലക്ഷ്മിക്ക് ശരിയെന്ന് തോന്നുന്നതാവും ലക്ഷ്മി ചെയ്തത്. അതിന് താഴെ വന്ന കമന്റുകൾ, ആ കമന്റിട്ടവരുടെ ശരികളാണ്…’’–സാജു പറയുന്നു.

ഇതേ വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഷിയാസ് കരീമും രംഗത്തു വന്നിരുന്നു. ‘‘ഓരോ ആളുകളും ഓരോ രീതിയാണ് എന്നെ ഞാൻ പറയൂ. നമ്മൾ എല്ലാവരും വ്യത്യസ്തരാണ് അപ്പോൾ രീതികളിലും മാറ്റം ഉണ്ടാകും. ലക്ഷ്മി പെർഫ്യൂം ചെയ്ത വിഡിയോ ഞാൻ കണ്ടിരുന്നു. അപ്പോൾ ആണ് പെർഫ്യൂം അങ്ങനെ ഒക്കെ ചെയ്യാൻ പറ്റും എന്ന് അറിയുന്നത് തന്നെ. ലക്ഷ്മി അത് എന്തിനാണ് യൂട്യൂബിൽ പങ്കിട്ടത് എന്ന് എനിക്ക് അറിയില്ല. ഞാൻ പഠിച്ച കിത്താബിൽ ആർക്കെങ്കിലും സഹായം ചെയ്‌താൽ ഇടം കൈ കൊടുക്കുന്നത് വലം കൈ അറിയരുത്, എന്നാണ് ഞാൻ ചെയ്യുന്നത് ആരോടും പറയാറില്ല. പിന്നെ ഓരോരുത്തർക്കും ഓരോ രീതികൾ ആണല്ലോ.’’- ഷിയാസ് പറയുന്നു.

പ്രിയങ്കയുടെ പത്രിക സമർപ്പണം ആഘോഷമാക്കാൻ കോൺഗ്രസ്, വയനാട്ടിൽ റോഡ് ഷോ, ചേലക്കരയിലും ഇന്ന് പത്രിക സമർപ്പണം

കൽപ്പറ്റ: വയനാട്ടിൽ പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. വമ്പൻ റോഡ് ഷോയോടെയാവും പത്രികാ സമർപ്പണം. പത്രികാ സമ‍ർപ്പണം ആഘോഷമാക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. രാവിലെ 11 മണിക്ക് കൽപ്പറ്റ ന്യൂ ബസ് സ്റ്റാൻഡിൽ നിന്ന് റോഡ് ഷോ തുടങ്ങും. സമാപന വേദിയിൽ പ്രിയങ്ക ഗാന്ധി പ്രവർത്തകരെ അഭിസംബോധന ചെയ്യും. റോഡ് ഷോയ്ക്കുശേഷം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാകും പത്രികാ സമർപ്പണം.

പ്രിയങ്കയ്ക്ക് ഒപ്പം, സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെയും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും റോഡ് ഷോയിൽ പങ്കെടുക്കും. സോണിയക്കും റോബർട്ട് വദ്രയ്ക്കും മക്കൾക്കും ഒപ്പമാണ് കന്നി അങ്കത്തിനായി പ്രിയങ്ക ഇന്നലെ വൈകിട്ട് വയനാട്ടിലെത്തിയത്. രാഹുലും ഖർഗെയും ഇന്ന് രാവിലെ എത്തും.

അതേസമയം, ചേലക്കരയിൽ മൂന്ന് മുന്നണികളുടേയും സ്ഥാനാർത്ഥികൾ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ പത്ത് മണിക്കാണ് ഇടത് സ്ഥാനാർഥി യു.ആർ. പ്രദീപ് പത്രിക സമർപ്പിക്കുക. വടക്കാഞ്ചേരി താലൂക്ക് ഓഫീസിലേക്ക് പ്രകടനമായി ഇടത് സ്ഥാനാർത്ഥി എത്തും. എൻഡിഎ സ്ഥാനാർഥി കെ.ബാലകൃഷ്ണൻ പതിനൊന്നര മണിക്കും യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് ഉച്ചകഴിഞ്ഞ് ഒന്നരയോടെയും പത്രിക നൽകും.

വാഹനാപകടത്തിൽ അഞ്ചുപേർക്ക് ദാരുണാന്ത്യം…ലോറി ഡ്രൈവർ കസ്റ്റഡിയിൽ

പാലക്കാട്: വാഹനാപകടത്തിൽ അഞ്ച് യുവാക്കൾക്ക് ദാരുണാന്ത്യം. പാലക്കാട് – കോഴിക്കോട് ദേശീയപാതയിലെ കല്ലടിക്കോട് അയ്യപ്പൻകാവിനുസമീപമുണ്ടായ വാഹനാപകടത്തിൽ ആണ് 5 യുവാക്കളും മരിച്ചത്. ഇന്നലെ രാത്രി 11നായിരുന്നു അപകടം. കോഴിക്കോടു ഭാഗത്തേക്കു പോവുകയായിരുന്ന കാറും മണ്ണാർക്കാട്ടുനിന്ന് പാലക്കാട്ടു ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയുമാണു കൂട്ടിയിടിച്ചത്.
അഞ്ചു പേരാണ് കാറിലുണ്ടായിരുന്നത്. ഇവരിൽ മൂന്നു പേർ തൽക്ഷണം മരിച്ചു. രണ്ടു പേരെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ചു. കോങ്ങാട് മണ്ണാന്തറ കീഴ്‌മുറി വീട്ടിൽ കെ.കെ. വിജേഷ് (35), മണ്ണാന്തറ തോട്ടത്തിൽ വീട്ടിൽ വിഷ്ണു (29), വീണ്ടപ്പാറ വീണ്ടക്കുന്ന് രമേഷ് (31), മണിക്കശ്ശേരി എസ്റ്റേറ്റ് സ്റ്റോപ്പിൽ മുഹമ്മദ് അഫ്സൽ (17) എന്നിവരാണ് മരിച്ചത്.
വിജേഷും വിഷ്ണുവും കോങ്ങാട് ടൗണിലെ ഓട്ടോഡ്രൈവർമാരാണ്. മരിച്ച അഞ്ചാമനെ തിരിച്ചറിഞ്ഞിട്ടില്ല. കാർ ലോറിയുടെ അടിയിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു. പൊലീസും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. കനത്ത മഴയിൽ കാർ നിയന്ത്രണം തെറ്റി ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി വിഘ്നേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ലക്ഷ്യമിട്ടത് എഡിഎമ്മിന് എതിരായ അച്ചടക്കനടപടി; ഉദ്യോഗസ്ഥന്റെ വിടുതൽ 10 ദിവസത്തോളം വൈകിച്ച് കലക്ടർ

തിരുവനന്തപുരം: പെട്രോൾ പമ്പിന് നിരാക്ഷേപപത്രം (എൻഒസി) നൽകുന്നതുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചവർ ലക്ഷ്യമിട്ടത് കണ്ണൂർ എഡിഎം കെ.നവീൻ ബാബുവിന് എതിരായ അച്ചടക്കനടപടി. യാത്രയയപ്പു യോഗത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പരസ്യമായി എഡിഎമ്മിനെതിരെ ആക്ഷേപം ഉന്നയിക്കുകയും പിന്നാലെ പരാതി നൽകുകയും ചെയ്താൽ അതു വിവാദമാകുമെന്നും ഉദ്യോഗസ്ഥനെതിരെ അന്വേഷണം വരുമെന്നുമായിരുന്നു നിഗമനം.

ഇത്തരം ആരോപണങ്ങൾ ഉയരുമ്പോൾ ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുന്നതാണു പതിവ്. വകുപ്പുതല നടപടികൾ ആറ് മാസത്തിലേറെ നീളും. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ സർവീസിന്റെ അവസാന മാസങ്ങൾ വരെ സസ്പെൻഷനിൽ തുടരാൻ എഡിഎം നിർബന്ധിതനായേനെ. വിരമിക്കാൻ ഏതാനും മാസം മാത്രമാണ് അദ്ദേഹത്തിനു ബാക്കിയുണ്ടായിരുന്നത്.

നവീന് പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റത്തിനുള്ള ഉത്തരവ് ഇറങ്ങിയ ശേഷമാണ് പമ്പിന് എൻഒസി ലഭിക്കുന്നത്. 10 ദിവസത്തോളം ഉദ്യോഗസ്ഥന്റെ വിടുതൽ കലക്ടർ വൈകിച്ചെന്നും പിന്നീടു വ്യക്തമായി. ഇതിനിടെ നടന്ന സംഭവങ്ങൾ എന്തെല്ലാമാണെന്ന് പൊലീസിന്റെ വിശദ അന്വേഷണത്തിലൂടെയേ വ്യക്തമാകൂ.

എഡിഎമ്മിന്റെ മരണത്തിനു കാരണമായ ആക്ഷേപങ്ങളിന്മേൽ വകുപ്പുതല അന്വേഷണം നടത്തിയ ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ.ഗീത ഇന്നു റവന്യു വകുപ്പിനു റിപ്പോർട്ട് സമർപ്പിച്ചേക്കും.