ടയര്‍. ലെബനീസ് തുറമുഖ നഗരമായ ടയറിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം. ഗസ്സയിൽ ഇസ്രയേലി ആക്രമണം തുടരുന്നു. കൊല്ലപ്പെട്ടവരിൽ യു എൻ ഉദ്യോഗസ്ഥനും. ലെബനനിൽ വ്യോമാക്രമണത്തിൽ ഇറാനിയൻ ഡോക്ടറെ വധിച്ച ഇസ്രയേൽ നടപടിയെ ഇറാൻ അപലപിച്ചു. ഗസ്സയിലെ ബെയ്ത്ത് ലാഹിയയിലെ കെട്ടിടാവശിഷ്ടങ്ങളിൽ നിന്നും രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. ആക്രമണങ്ങളെ തുടർന്ന് ഗസ്സയിൽ പോളിയോ വാക്‌സിനേഷൻ നിർത്തിവച്ചതായി ലോകാരോഗ്യ സംഘടന. ബെയ്‌റൂത്തിലേക്കും ടെഹ്‌റാനിലേക്കുമുള്ള എല്ലാ വിമാനസർവീസുകളും 2025 വരെ നിർത്തിവച്ച് ലുഫ്താൻസ ഗ്രൂപ്പ്.
റോഡ്ഷോയുമായി കളം നിറഞ്ഞ് പ്രിയങ്ക
വയനാട്. പ്രിയങ്ക ഗാന്ധിയുടെ നാമനിർദേശ പത്രിക സമര്പ്പണത്തിന് സജീവ സാന്നിധ്യമായി നെഹ്‌റു കുടുംബം.
സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പുറമെ റോബർട് വദ്രയും പുതിയ തലമുറക്കാരൻ റൈഹിയാനും ഉണ്ടായിരുന്നു. കോൺഗ്രസിൽ കുടുംബാധിപത്യമെന്ന മോദിയുടെയും ബിജെപിയുടെയും ആരോപണത്തിന് മറുപടിയാണ് കടുംബാംഗങ്ങൾ ഒന്നിച്ചു അണിനിരന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒന്നിച്ചാണ് റോഡ് ഷോ നയിച്ചത്.റോബർട് വദ്രയും റോഡ്ഷോയിൽ ഇടം പിടിച്ചു.
റോഡ് ഷോയുടെ സമാപന യോഗത്തിന് സോണിയ ഗാന്ധിയും എത്തി ,പക്ഷെ ഒന്നും സംസാരിച്ചില്ല.
17 ആം വയസിൽ രാജീവ് ഗാന്ധിക്ക് വേണ്ടി തിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ഇറങ്ങിയത് മുതൽ പിതാവിനെ നഷ്ടപ്പെട്ടത് വരെ ഓര്മിപ്പിച്ചുള്ള പ്രിയങ്കയുടെ പ്രസംഗമാണ് പിന്നീട് കേട്ടത്.രാഹുലും സംസാരിച്ചത് വൈകാരിക ഇടപെടലോടെ
നാമനിർദേശ പത്രിക സമർപ്പണത്തിന് സോണിയയ്ക്കും രാഹുലിനും പുറമെ കളക്ടറേറ്റിലേക്ക് റോബർട് വദ്രയും റൈഹാനും ഉൾപ്പടെ എത്തി.കോണ്ഗ്സിൽ കുടുംബാധിപത്യമാണെന്നാണ് ബിജെപിയും നരേന്ദ്ര മോദിയും ആരോപിക്കുന്നത്.എന്നാൽ
കുടുംബാംഗങ്ങളെ മുഴുവനായും അണിനിരത്തി കൃത്യമായ രാഷ്ട്രീയ മറുപടി നൽകുകയാണ് നെഹ്‌റു കുദുംബവും കോൺഗ്രസ് നേതൃത്വവും
മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികൾ മരിച്ചു
അബുദാബി. മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികൾ മരിച്ചു ഒരാൾക്ക് ഗുരുതരാവസ്ഥ. പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജ്കുമാർ (38) എന്നിവരാണ് മരിച്ച മലയാളികൾ. കൂടെയുണ്ടായിരുന്ന പഞ്ചാബ് സ്വദേശിയുടെ നില ഗുരുതരമാണ്. അൽറീം ഐലൻഡിലെ സിറ്റി ഓഫ് ലൈറ്റ്സ് കെട്ടിടത്തിൽ ഇന്നലെ ഉച്ചയ്ക്ക് 2.20നായിരുന്നു അപകടം. മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അജിത് കാലുതെറ്റി ടാങ്കിലേക്ക് വീഴുകയായിരുന്നു. അജിത്തിന്റെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റ് രണ്ടുപേരും അപകടത്തിൽപെട്ടത്. ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കും.
കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലകളിൽ അതിശക്തമായ മഴ
പുനലൂര്‍.കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലകളിൽ അതിശക്തമായ മഴ. ഇന്ന് ഉച്ചയോടെയാണ് മഴ ആരംഭിച്ചത്. ആര്യൻകാവ്, തെൻമല, ഇടപ്പാളയം, കഴുതുരുട്ടി മേഖലകളിൽ അതിശക്തമായ മഴ തുടരുകയാണ്. ആര്യങ്കാവ് മേഖലയിൽ ചിലയിടങ്ങളിൽ മലവെള്ളപ്പാച്ചിലും ഉണ്ടായി. തെന്മല മാർക്കറ്റ് റോഡിൽ വെള്ളം കയറി. കൃഷിസ്ഥലങ്ങൾ പലയിടത്തും നശിച്ചു. മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളോട് മാറിതാമസിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ശൂരനാട് വടക്ക് പടിഞ്ഞാറ്റ കിഴക്ക് ധ്വനിയിൽ രാധാകൃഷ്ണ പിള്ള നിര്യാതനായി
ശൂരനാട്:ശൂരനാട് വടക്ക് പടിഞ്ഞാറ്റ കിഴക്ക് ധ്വനിയിൽ രാധാകൃഷ്ണ പിള്ള (59) നിര്യാതനായി.സംസ്ക്കാരം നടത്തി.ഭാര്യ:ഉഷാ കൃഷ്ണൻ.മക്കൾ:രാഹിൽ കൃഷ്ണൻ, വിഷ്ണു.ആർ.കൃഷ്ണൻ.മരുമകൾ:ഡോ.ഗീതു.സഞ്ചയനം:ഞായറാഴ്ച്ച രാവിലെ 8 മണിക്ക്.
ചങ്ങാത്തം വാര്‍ഷികം
കിഴക്കേ കല്ലട : കിഴക്കേ കല്ലട സി.വി.കെ.എം.എച്ച്.എസ്.എസ് ലെ 1990 എസ്.എസ്.എല്‍.സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ വാര്‍ഷികാഘോഷം 20.10.2024 രാവിലെ 11 മണിക്ക് ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടന്നു. വാര്‍ഷികാഘോഷം പ്രശസ്ത സിനിമാ-നാടക കലാകാരന്‍ കെ.പി.എ.സി ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചങ്ങാത്തം പ്രസിഡന്‍റ് ജയകൃഷ്ണന്‍ ശിവശ്രീ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി സുനില്‍.കെ.പാറയില്‍ സ്വാഗതം പറഞ്ഞു. പ്രശസ്ത നാടന്‍ പാട്ട് കലാകാരന്‍ പ്രഭാഷ് പ്രഭാകര്‍ മുഖ്യാതിഥിയായി. ചങ്ങാത്തം ട്രഷറര്‍ സ്റ്റാലിന്‍ വരവ്-ചെലവ് കണക്ക് അവതരിപ്പിച്ചു. ചടങ്ങില്‍ വച്ച് ചങ്ങാത്തം അംഗങ്ങളുടെ മക്കളില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ 20 പേര്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡുകള്‍ നല്‍കി. വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ച കൂട്ടുകാരെ പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങില്‍ ആശംസകളറിയിച്ചുകൊണ്ട് ബിജുലാല്‍, ബീന, സിന്ധു, ഷിബു ജെര്‍മ്മന്‍, ഡോ. ഗോപകുമാര്‍, വിനു.ജെ.ജെ, അഡ്വ.സിന്ധു, ഷൈനിജോണ്‍ എന്നിവര്‍ സംസാരിച്ചു. പൊതുയോഗത്തിന് ശേഷം കൈകൊട്ടിക്കളി, കുച്ചുപ്പുടി, ഭരതനാട്യം, നാടോടി നൃത്തം തുടങ്ങിയ വിവിധ കലാപരിപാടികള്‍ അരങ്ങേറി. ചങ്ങാത്തം കൂട്ടായ്മയുടെ അടുത്ത വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. സെക്രട്ടറിയായി ക്രിസ്റ്റിഭായി, പ്രസിഡന്‍റ് ആയി വിബു.എസ്.വി, ട്രഷറര്‍ ആയി സ്റ്റാലിന്‍ എന്നിവരെ തെരെഞ്ഞെടുത്തു. വൈകിട്ട് 6 മണിക്ക് വടം വലിയോടുകൂടി പരിപാടികള്‍ അവസാനിച്ചു.
വാഗമണിൽ പതിനാലുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ പിതാവിന് 72 വർഷം കഠിന തടവ്
ഇടുക്കി. വാഗമണിൽ പതിനാലുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ പിതാവിന് 72 വർഷം കഠിന തടവും 180000 രൂപ പിഴയും ശിക്ഷ. പ്രതി പെൺകുട്ടിയെ
പത്തു വയസു മുതൽ നിരന്തരം പീഡനത്തിനിരയാക്കിരുന്നു.
പതിനാലു വയസുള്ള മകളെ പീഡിപ്പിച്ച കേസിൽ വാഗമൺ അറപ്പുകാട് സ്വദേശിയായ 66 കാരനായ പിതാവിനെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി 72 വർഷം കഠിന തടവിന് ശിക്ഷിച്ചത്.പെൺകുട്ടിയും സഹോദരങ്ങളും ചെറുപ്പം മുതൽ അഗതി മന്ദിരങ്ങളിൽ നിന്നാണ് പഠിച്ചിരുന്നത്. പെൺകുട്ടി നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയം മുതൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന കാലം വരെ അവധിക്ക് വീട്ടിൽ വരുന്ന സമയങ്ങളിൽ പിതാവ് ലൈഗിക പീഡനം നടത്തി എന്നാണ് കേസ്.
2020 ലാണ് കുട്ടി വിവരം പുറത്ത് പറയുന്നത്. പിതാവിൽ നിന്നും ഉണ്ടായ ദുരനുഭവങ്ങൾ പേപ്പർ തുണ്ടുകളിൽ എഴുതി ബെഡിനടിയിൽ സൂക്ഷിക്കുന്ന സ്വഭാവം കുട്ടിക്കുണ്ടായിരുന്നു. പോലീസ് കണ്ടെത്തിയ ആ നോട്ടുകളും പ്രൊസീക്യൂഷന് സഹായകരമായി. സംരക്ഷണം നൽകേണ്ട പിതാവ് സ്വന്തം മകളോട് ചെയ്തത് ഹീനമായ പ്രവർത്തി എന്നും കോടതി വിലയിരുത്തി. കേസിൽ പ്രൊസീക്യൂഷൻ 12 സാക്ഷികളെയും 14 പ്രമാണങ്ങളും കോടതിയിൽ ഹാജരാക്കി. പിഴ തുക അതിജീവിതക്ക് നൽകണം.കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവിസ് അതൊരിറ്റിയോടും കോടതി ശിപാർശ ചെയ്തു
ആറ് പള്ളികള്‍ ഏറ്റെടുക്കുന്നതില്‍ സാവകാശം തേടി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍, സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ
കോട്ടയം. സഭാ തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ. ആറ് പള്ളികള്‍ ഏറ്റെടുക്കുന്നതില്‍ സാവകാശം തേടി സര്‍ക്കാര്‍ അപ്പീലുമായി സുപ്രീം കോടതിയില്‍ പോയതിനെ തുടര്‍ന്നാണ് വിമര്‍ശനവുമായി സഭയിലെ മെത്രാപോലീത്തമാര്‍ രംഗത്തെത്തിയത്.
. സുപ്രീംകോടതിയിൽ അപ്പീൽ നല്കാനുള്ള തീരുമാനം വഞ്ചനാപരമാണെന്നും നയം തിരുത്തിയില്ലെങ്കിൽ കടുത്ത നിലപാട് സ്വീകരിക്കുമെന്നും സഭാ നേതൃത്വം അറിയിച്ചു . സർക്കാരിന്റെ ഒരു ഔദാര്യവും സഭയ്ക്ക് വേണ്ടെന്നും ആത്മാഭിമാനം ചോദ്യം ചെയ്താൽ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്നും ഓർത്തഡോക്സ് സഭ മുന്നറിയിപ്പ് നൽകി .
ഹൈക്കോടതിക്കെതിരെ സർക്കാർ അപ്പീൽ പോകുമെന്ന് ഓർത്തഡോക്സ് സഭ പ്രതീക്ഷിച്ചിരുന്നില്ല . എന്നാൽ വിധി വന്നു മണിക്കൂറുകൾക്കകം തന്നെ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചത് ഓർത്തഡോക്സ് സഭയ്ക്ക് വലിയ തിരിച്ചടിയായി .ഇതോടെയാണ് സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ഓർത്തഡോക്സ് സഭ നേതൃത്വം രംഗത്ത് വന്നത്. സർക്കാർ നിലപാട് വഞ്ചനാപരമാണെന്ന് പറഞ്ഞ ഓർത്തഡോക്സ് സഭ . നയം തിരുത്തിയില്ലെങ്കിൽ കടുത്ത നിലപാടുകൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കി.
സർക്കാരിന്റെ ഒരു ഔദാര്യവും ഇനി ആവശ്യമില്ല എന്നാണ് ഓർത്തഡോക്സ് വിഭാഗം പറയുന്നത് . സഭയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്താൽ തെരഞ്ഞെടുപ്പിൽ അടക്കം പ്രതികരണങ്ങൾ ഉണ്ടാകുമെന്നും മുന്നറിയിപ്പ്. സർക്കാരിനെ നീക്കത്തിന് പിന്നിൽ രാഷ്ട്രീയമാണെ സംശയവും ഓർത്തഡോക്സ് സഭ മുന്നോട്ടുവച്ചു .സർക്കാരിനെ ബഹിഷ്കരിക്കുന്നത് അടക്കമുള്ള നടപടികളെ കുറിച്ചും ഓർത്തഡോക്സ് സഭ ആലോചിക്കുന്നുണ്ട്. കാതോലിക ബവവുമായി കൂടിയാലോചിച്ച ശേഷം ആയിരിക്കും തുടർനടപടികൾ.
സംസ്ഥാന സര്‍വീസ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചു
സംസ്ഥാന സര്‍വീസ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചു. സര്‍വീസ് പെന്‍ഷനകാര്‍ക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. യുജിസി, എഐസിടിഇ, മെഡിക്കല്‍ സര്‍വീസ് ഉള്‍പ്പെടെ എല്ലാ മേഖലയിലും ഡിഎ, ഡിആര്‍ വര്‍ധനവിന്റെ ആനുകൂല്യം ലഭിക്കും. ഇതുവഴി സര്‍ക്കാരിന്റെ വാര്‍ഷിക ചെലവില്‍ ഏകദേശം 2000 കോടി രൂപയുടെ വര്‍ധനവുണ്ടാകും. അനുവദിച്ച ഡിഎ, ഡിആര്‍ അടുത്ത മാസത്തെ ശമ്പളത്തിനും പെന്‍ഷനുമൊപ്പം കിട്ടിതുടങ്ങും.
ഒരു ഗഡു ഡിഎ, ഡിആര്‍ ഈ വര്‍ഷം ഏപ്രിലില്‍ അനുവദിച്ചിരുന്നു. ഈ സാമ്പത്തിക വര്‍ഷം മുതല്‍ പ്രതിവര്‍ഷം രണ്ടു ഗഡു ഡിഎ, ഡിആര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ക്കാര്‍ക്കും അനുവദിക്കാനാണ് സര്‍ക്കാര്‍ ഉദ്ദ്യേശിക്കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.
ഡോ. വന്ദനാദാസിന്‍റെ രക്തസാക്ഷിത്വത്തിന് ഒരു പാഠവും സമൂഹത്തിന് നല്‍കാനായില്ലേ, അതോ ആതുരസേവകരുടെ അനാസ്ഥ അതിരുവിട്ടതോ, കൊല്ലത്ത് ഇതു കണ്ടോ
കൊല്ലം.ഡോ. വന്ദനാദാസിന്‍റെ രക്തസാക്ഷിത്വത്തിന് ഒരു പാഠവും സമൂഹത്തിന് നല്‍കാനായില്ലേ അതോ ആതുരസേവകരുടെ അനാസ്ഥ അതിരുവിട്ടതോ, പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ആശുപത്രി ജീവനക്കാർക്കും പോലീസുകാർക്കും നേരെ അക്രമം.
അപകടത്തിൽ പരിക്കേറ്റയാളുമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയവരാണ് ജീവനക്കാരെ അക്രമിച്ചത്.സംഭവത്തിൽ 3 പേർ പോലീസ് പിടിയിൽ.അക്രമത്തിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തായി
തിങ്കളാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റയാളുമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയവര്‍ ചികിത്സ വൈകുന്നതായി ആരോപിച്ച് ഡ്യൂട്ടി ഡോക്ടറുമായി വാക്കുതർക്കമുണ്ടാകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.ഇത് തടയാൻ ശ്രമിച്ച ആശുപത്രി ജീവനക്കാരെയും ഔട്ട് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെയുമാണ് പ്രതികൾ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയുമായിരുന്നെന്ന് പോലീസ് പറയുന്നു.
ആതുര സേവനത്തിനായി ആശുപത്രിയിലെത്തുന്നവരുടെ വ്യക്തിഹത്യ നടത്തുകയും ക്ഷമ പരീക്ഷിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ക്ക് പക്ഷേ ഒരു കുറവുമുണ്ടായിട്ടില്ല. പരസ്പരം പരിഹരിക്കേണ്ടതായ പ്രശ്നങ്ങള്‍ ആരാണ് പരിഹരിക്കുന്നതെന്ന ആശങ്ക ബാക്കിയാണ്.
ഡോക്‌ടർ നൽകിയ പരാതിയിൽ കേസെടുത്ത പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.പോരേടം സ്വദേശികളായ നൈസ മൻസിലിൽ നൗഫൽ ,വാലിപ്പറയിൽ പുത്തൻവീട്ടിൽ മുഹമ്മദ് ,ഇമിയോട് നൗഷാദ് മൻസിലിൽ നൗഷാദ് എന്നിവരാണ് പിടിയിലായത്.പാരിപ്പള്ളി ഇൻസ്പെക്ടർ നിസാറിന്റെ നേതൃത്വത്തിൽ എ.എസ്.ഐ.മാരായ ബൈജു, അനീഷ്, എസ്.സി.പി.ഒ. രഞ്ജിത്ത്, മനോജ്നാഥ് എന്നിവരാണ് ഇവരെ പിടികൂടിയത്.





































