കുന്നത്തൂർ: ഐവർകാല പുത്തനമ്പലം ഒ.എൻ. വി ഗ്രാമീണ ഗ്രന്ഥശാലയും കടമ്പനാട് സ്റ്റാർമെഡ് ഹോസ്പിറ്റലും ചേർന്ന് സൗജന്യ ശ്വാസ കോശ രോഗ നിർണയ ക്യാമ്പും ജീവിത ശൈലി രോഗ നിർണയ ക്യാമ്പും വായനശാലയിൽ ഒക്ടോബർ 27 ന് രാവിലെ 9.00 മുതൽ 1 വരെ സംഘടിപ്പിക്കുന്നു. ക്യാമ്പിൽ പങ്കെടുക്കാൻ ബന്ധപ്പെടുക : 9633647342
രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ; അൻവറിന്‍റെ ഡിഎംകെയില്‍ പൊട്ടിത്തെറി
പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർഥിയെ പിൻവലിച്ചതില്‍ പി.വി.അൻവറിന്‍റെ ഡിഎംകെയില്‍ പൊട്ടിത്തെറി.
അൻവറിന്‍റെ നിലപാടില്‍ പ്രതിഷേധിച്ച് ഡിഎംകെ സെക്രട്ടറി ബി.ഷമീര്‍ സ്ഥാനം രാജിവച്ചു.
പാലക്കാട് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ നാമനിര്‍ദേശ പത്രിക നല്‍കി. അൻവർ പാർട്ടി പ്രവർത്തകരെ വഞ്ചിച്ചുവെന്നും പാലക്കാട്ടെ ഡിഎംകെയുടെ സ്ഥാനാർഥിയെ പിൻവലിച്ചത് കൂടിയാലോചന ഇല്ലാതെയാണെന്നും പാർട്ടിക്കായി ഇറങ്ങിയ പല പ്രവർത്തകർക്കും അത് മാനസിക വിഷമം ഉണ്ടാക്കിയെന്നും ഷമീര്‍ ആരോപിച്ചു.
തന്നോടൊപ്പം 100 പ്രവർത്തകർ പാർട്ടി വിടുമെന്നും ബി.ഷമീര്‍ പറഞ്ഞു. അതേസമയം ഷമീറിനെ തള്ളി അൻവര്‍ രംഗത്തെത്തി. കേരള ഡിഎംകെയുമായി ഷമീറിന് യാതൊരു ബന്ധവുമില്ലെന്ന് പി.വി.അൻവര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പാലക്കാട്ടെ ഡിഎംകെ സ്ഥാനാര്‍ഥി മിന്‍ഹാജിനെ പിന്‍വലിച്ച് അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ചത്.
അറിയാം പൈനാപ്പിള്‍ പതിവാക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു പഴമാണ് പൈനാപ്പിള്‍. ആന്‍റി ഓക്‌സിഡന്‍റുകളുടെ നല്ലൊരു ഉറവിടമാണ് പൈനാപ്പിൾ. കൂടാതെ ഇവയ്ക്ക് ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍, ഫോസ്ഫറസ്, പൊട്ടാസ്യം, ഫോളിക് ആസിഡ്, കാത്സ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയതാണ് പൈനാപ്പിള്‍.
വിറ്റാമിന്‍ സിയുടെ കലവറയായ പൈനാപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് ദഹനത്തിന് ഏറെ നല്ലതാണ്. ‘ബ്രോംലൈന്‍’ എന്ന ഒരു ഡൈജസ്റ്റീവ് എൻസൈം പൈനാപ്പിളിൽ ഉണ്ട്. ഇതാണ് ദഹനത്തിന് സഹായിക്കുന്നത്. കൂടാതെ ഇവയില്‍ ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ മലബന്ധത്തെ തടയാനും ഇവ ഗുണം ചെയ്യും. പൈനാപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. എല്ലുകളുടെ വളർച്ചയ്ക്കു ആവശ്യമായ മാംഗനീസ്, കാത്സ്യം തുടങ്ങിയവ പൈനാപ്പിളിലുണ്ട്. കൂടാതെ വിറ്റാമിന്‍ സിയുമുണ്ട്. സന്ധിവാതമുള്ളവര്‍ക്ക് അതിന്റെ ഭാഗമായി അനുഭവപ്പെടുന്ന വിഷമതകള്‍ ലഘൂകരിക്കാനും പൈനാപ്പിള്‍ സഹായിക്കും. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് പൈനാപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
ഫൈബര്‍ ധാരാളം അടങ്ങിയ പൈനാപ്പിള്‍ ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കൊളസ്ട്രോളിനെ വിഘടിപ്പിച്ച് ഹൃദയാരോഗ്യമേകാൻ പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ബ്രോംലൈന്‍ സഹായിക്കും. അതുപോലെ തന്നെ, പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. വിറ്റാമിന്‍ സി അടങ്ങിയ പൈനാപ്പിള്‍ കൊളാജന്‍ വര്‍ധിപ്പിക്കാനും സഹായിക്കും. പൈനാപ്പിളിൽ അടങ്ങിയ വിറ്റാമിൻ സി ചർമ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. വിറ്റാമിന്‍ എയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ പൈനാപ്പിള്‍ കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പൈനാപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. വെള്ളവും ഫൈബറും അടങ്ങിയ പൈനാപ്പിള്‍ വിശപ്പ് കുറയ്ക്കാനും ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കും. ഇവയുടെ കലോറിയും കുറവാണ്.
കോവൂർ കുഞ്ഞുമോൻ എംഎൽഎ യെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം അപലപനീയം,ആർഎസ്പി (ലെനിനിസ്റ്റ്)
ശാസ്താംകോട്ട:ഇടതുമുന്നണിയിൽ അടിയുറച്ചു നിൽക്കുന്ന കോവൂർ കുഞ്ഞുമോൻ എംഎൽഎ.യെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ വെളിപ്പെടുത്തൽ എന്നും യാതൊരു പങ്കുമില്ലാത്ത വിഷയത്തിൽ എംഎൽഎയെ കൂടി ഉൾപ്പെടുത്തുന്നതിൽ വ്യക്തമായ ഗൂഢാലോചന ഉണ്ടെന്നും ആർഎസ്പി ലെനിനിസ്റ്റ് സംസ്ഥാന അസി.സെക്രട്ടറി പോരുവഴി ശ്രീകുമാർ ആരോപിച്ചു.ഇടതു മുന്നണിയുടെ ശക്തനായ വക്താവായ കോവൂർ കുഞ്ഞുമോൻ പ്രലോഭനത്തിൽ നിലപാട് മാറ്റാനും വിലയ്ക്കെടുക്കാനും കഴിയാത്ത നേതാവാണ്.ആർഎസ്പി ഇടതുമുന്നണി ബന്ധം ഉപേക്ഷിച്ച് യുഡിഎഫ് മുന്നണിയിൽ ചേർന്നപ്പോൾ ലഭിച്ച ഡെപ്യൂട്ടി സ്പീക്കർ പദവി രാഷ്ട്രീയ മര്യാദയുടെ പേരിൽ ഉപേക്ഷിച്ച് ഇടതുമുന്നണിക്കൊപ്പം നിന്ന കോവൂർ കുഞ്ഞുമോനെതിരെ ഇപ്പോഴുള്ള വെളിപ്പെടുത്തൽ ദുരുദ്ദേശപരവും അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ഗ്യാൻവാപി മസ്ജിദിൽ കൂടുതൽ ഇടങ്ങളിൽ സർവേ നടത്തണമെന്ന ഹർജി വാരാണസി ജില്ലാ കോടതി തള്ളി
ന്യൂഡൽഹി : ഗ്യാൻവാപി മസ്ജിദിൽ കൂടുതൽ ഇടങ്ങളിൽ സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി വാരാണസി ജില്ലാകോടതി തള്ളി. അംഗശുദ്ധി വരുത്തുന്നയിടത്തും താഴികക്കുടത്തിലും ആർക്കിയോളജി സർവേ നടത്തണമെന്നായിരുന്നു ആവശ്യം. അംഗശുദ്ധി വരുത്തുന്നയിടത്ത്,ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെട്ടത്തിനെ തുടർന്ന് ഈ ഭാഗം സുപ്രീംകോടതി സീൽ ചെയ്തിരിക്കുകയാണ്. ജില്ലാ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന നിലപാടിലാണ് ഹർജിക്കാരൻ സോഹൻ ലാൽ ആര്യ.
കോഴയാരോപണത്തിന് പിന്നിൽ ആന്റണി രാജു, തോമസ് കെ തോമസ്
ആലപ്പുഴ. കോഴയാരോപണത്തിന് പിന്നിൽ ആന്റണി രാജുവും തല്പരകക്ഷികളുമെന്ന് ആവർത്തിച്ചു കുട്ടനാട് എംഎല്‍എ തോമസ്.കെ.തോമസ്. ഗൂഢാലോചനയ്ക്ക് പിന്നിൽ കുട്ടനാട് സീറ്റ് സ്വന്തമാക്കാനുള്ള ആന്റണി രാജുവിന്റെ നീക്കം. താൻ മന്ത്രിയാകുമെന്ന് വന്നപ്പോഴാണ് ആരോപണം ഉയര്‍ന്നത്. മുഖ്യമന്ത്രിയെ തനിക്ക് പരിപൂർണ്ണ വിശ്വാസമാണെന്നും ആരോപണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുമെന്നും തോമസ് തോമസ്. എൻസിപി അജിത്ത് പവാര്‍ പക്ഷത്തേക്ക് വരുന്നതിനായി രണ്ട് എംഎല്‍എമാര്‍ക്ക് 100 കോടിയുടെ ഓഫര്‍ തോമസ് കെ തോമസ് വെച്ചുവെന്ന ആരോപണമാണ് തോമസ് കെ തോമസിനെതിരെ ഉയര്‍ന്നത്
ആരോപണങ്ങളിൽ ആലപ്പുഴയിൽ വാർത്ത സമ്മേളനം വിളിച്ചു ചേർത്തായിരുന്നു തോമസ് കെ തോമസിന്റെ മറുപടി. വാർത്തയും ആരോപണവും അടിസ്ഥാനരഹിതമാണെന്ന് ആവർത്തിച്ച തോമസ് കെ തോമസ്, പിന്നിൽ ആന്റണി രാജുവിന്റെ ഗൂഢാലോചന ആണെന്നും ആരോപണമുന്നയിച്ചു.
തന്റെ സഹോദരൻ തോമസ് ചാണ്ടി മന്ത്രിയായിരുന്നപ്പോഴും ചാനൽ ചർച്ചകളിലൂടെ ഏറ്റവും കൂടുതൽ ആക്രമിച്ച ആളാണ് ആന്റണി രാജുവെന്നും തോമസ് കെ തോമസ് തുറന്നടിച്ചു
ഇരുവരെയും 100 കോടി രൂപ കൊടുത്തു വാങ്ങിച്ചാൽ വെറുതെ ഷോക്കേസിൽ വയ്ക്കാൻ മാത്രം കൊള്ളാമെന്നും തോമസ് കെ തോമസിന്റെ പരിഹാസം. എപ്പോഴും ശരത് പവാർ പക്ഷത്തിനൊപ്പം ആണെന്നും. പാർട്ടി വിട്ടതിനുശേഷം അജിത് പവാറുമായി യാതൊരു ബന്ധവുമില്ലെന്നും തോമസ് കെ തോമസ്.
MLAമാർക്കെതിരായ കോഴ ആരോപണം എൻസിപി അജിത്ത് പവാർ വിഭാഗം ദേശീയ വക്താവ് ബ്രിജ് മോഹൻ ശ്രീവാസ്തവ് നിഷേധിച്ചു
ആന്റണി രാജു മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും മുഖ്യമന്ത്രിയെ തനിക്ക് പൂർണ്ണ വിശ്വാസമാണെന്നും എ കെ ശശീന്ദ്രൻ മികച്ച മന്ത്രിയാണെന്നും തോമസ് കെ തോമസ്.
ആരോപണത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടപ്പോൾ കത്തു നൽകി. എന്നാൽ ഇതുവരെ മറുപടി നൽകിയിട്ടില്ല. തനിക്കെതിരായ ഗൂഢാലോചനയിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും സമഗ്ര അന്വേഷണം വേണമെന്ന് തോമസ് കെ തോമസ്. ഒപ്പം തന്റെ മന്ത്രിസ്ഥാനത്തിൽ ഉപതിരഞ്ഞെടുപ്പിനുശേഷം തീരുമാനം ഉണ്ടാകുമെന്നും തോമസ് തോമസ് ആലപ്പുഴയിൽ വ്യക്തമാക്കി
അന്‍മോല്‍ ബിഷ്ണോയി,എന്‍ഐഎ നടപടി തുടങ്ങി
മുംബൈ. അധോലോക നേതാവ് ലോറൻസ് ബിഷ്ണോയുടെ സഹോദരനെതിരെ എൻ ഐ എ നടപടി തുടങ്ങി . അൻമോൽ ബിഷ്ണോയിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ ഇനം പ്രഖ്യാപിച്ചു. ദില്ലി പോലീസ് ലോറൻസ് ബിഷ്ണോയി ഗ്യാങ്ങിലെ 7 ഷൂട്ടർമാരെ അറസ്റ്റ് ചെയ്തു
സബർമതി ജയിലിൽ കഴിയുമ്പോഴും പുറത്തു കൊലപാതകങ്ങൾ നടത്താൻ ലോറൻസ് ബിഷ്ണോയി സഹായിക്കുന്നത് സഹോദരൻ അൻമോൽ ആണെന്ന് നേരത്തെ തന്നെ വ്യക്തമായതാണ്. ഗുണ്ടാ നേതാവ് ഗോൾഡി ബ്രാറുമായി ചേർന്നാണ് അനുമോലിന്റെ പ്രവർത്തനം . കാനഡയിൽ ഒളിവിൽ കഴിയുന്ന ഇയാളെ കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് ഇതുവരെയായിരുന്നില്ല. ഇതോടെയാണ് അൻമോലിനെ കുറിച്ച് വിവരം നൽകുന്നവർക്ക് NIA ഇനാം പ്രഖ്യാപിച്ചത്. ബാബാ സിദ്ദിഖിയുടെ വധവുമായി ബന്ധപ്പെട്ട് ഇതുവരെ 14 പേർ അറസ്റ്റിൽ ആയിട്ടുണ്ട്.
ലോറൻസ് ബിഷ്ണോയി സംഘത്തിൽ പെട്ട വാടക കൊലയാളികൾ മാത്രമാണ് പിടിയിലായത് . ഇവരെ നിയന്ത്രിക്കുന്ന അൻമോൽ അടക്കമുള്ളവരെ പിടികൂടാതെ ലോറൻസ് ബിഷ്ണോയ് സംഘത്തിൻറെ പ്രവർത്തനം അവസാനിപ്പിക്കാൻ ആകില്ലെന്ന് അന്വേഷണം ഏജൻസികൾ തിരിച്ചറിയുന്നുണ്ട്. അതിനിടെ ലോറൻസ് ബിഷ്ണോ യുടെ ഒരു ബന്ധു ഇന്നൊരു വെളിപ്പെടുത്തൽ നടത്തി. കൃഷ്ണമൃഗത്തെ വേട്ടയാടിയതുമായി ബന്ധപ്പട്ട് ബിഷ്ണോയ് സമുദായമായുള്ള തർക്കം തീർക്കാൻ സൽമാൻ ഖാൻ ഒരു ബ്ലാങ്ക് ചെക്ക് വാഗ്ദാനം ചെയ്തിരുന്നതായാണ് വെളിപ്പെടുത്താൽ .അതിനിടെ ദില്ലി പോലീസ് ലോറൻസ് ബിഷ്ണോയി ഗ്യാങ്ങിലെ 7 ഷൂട്ടർമാരെ അറസ്റ്റ് ചെയ്തു. പഞ്ചാബ് അടക്കമുള്ള രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നാണ് അറസ്റ്റ് എന്നാണ് വിവരം
പാലക്കാട് 16, വയനാട് 21, ചേലക്കര 9, സ്ഥാനാർത്ഥികൾ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രാഹുൽ ആർ മണലടി;ഹരിദാസും രംഗത്ത്
പാലക്കാട്: പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രികാ സമർപ്പണം അവസാനിച്ചു. പാലക്കാട് 16 സ്ഥാനാർത്ഥികളും ചേലക്കരയിൽ ഒൻപത് സ്ഥാനാർത്ഥികളും വയനാട്ടിൽ 21 സ്ഥാനാർത്ഥികളും മത്സര രംഗത്തുണ്ട്. പാലക്കാട് ഡമ്മി സ്ഥാനാർഥികളായി കെ ബിനു മോൾ (സിപിഎം), കെ പ്രമീള കുമാരി (ബിജെപി), സ്വതന്ത്ര സ്ഥാനാർത്ഥികളായി എസ് സെൽവൻ, രാഹുൽ ആർ, സിദ്ദീഖ്, രമേഷ് കുമാർ, എസ് സതീഷ്, ബി ഷമീർ, രാഹുൽ ആർ മണലടി വീട് എന്നിവരും നാമനിർദേശ പത്രിക സമർപ്പിച്ചു.
16 സ്ഥാനാർത്ഥികൾക്കായി ആകെ 27 സെറ്റ് പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. അതേസമയം, ചേലക്കരയിൽ ഒൻപത് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. മുന്നണി സ്ഥാനാർഥികൾക്ക് അപരനില്ലെങ്കിലും രമ്യ ഹരിദാസിന്റെ പേരിനോട് സാമ്യമുള്ള ഹരിദാസ് എന്നൊരാൾ പത്രിക സമർപ്പിച്ചിട്ടുണ്ട്. എൽഡിഎഫ് സ്ഥാനാർഥിയായി യു ആർ പ്രദീപ് , യുഡിഎഫ് സ്ഥാനാർഥിയായി രമ്യ പി എം, എൻഡിഎ സ്ഥാനാർഥിയായി കെ ബാലകൃഷ്ണനും പിവി അൻവറിന്റെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി സുധീർ എൻകെയും മത്സര രംഗത്തുണ്ട്. സുനിത, രാജു എംഎ, ഹരിദാസൻ, പന്തളം രാജേന്ദ്രൻ, ലിന്റേഷ് കെബി എന്നിവരാണ് പത്രിക നൽകിയ മറ്റുള്ളവർ. ആകെ 15 സെറ്റ് പത്രികയാണ് ചേലക്കരയിൽ ലഭിച്ചത്.
എ സീത (ബഹുജൻ ദ്രാവിഡ പാർട്ടി), ഗോപാൽ സ്വരൂപ് ഗാന്ധി (കിസാൻ മജ്ദൂർ ബറോജ്ഗർ സംഘ് പാർട്ടി), ബാബു (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ), എസി സിനോജ് (കൺട്രി സിറ്റിസൺ പാർട്ടി), കെ സദാനന്ദൻ (ബിജെപി), സ്വതന്ത്ര സ്ഥാനാർത്ഥികളായ ഇസ്മയിൽ സബിഉള്ള, സന്തോഷ് ജോസഫ്, ആർ രാജൻ, അജിത്ത് കുമാർ സി, ബുക്കരാജു ശ്രീനിവാസ രാജു, എ നൂർമുഹമ്മദ് എന്നിവരാണ് വെളളിയാഴ്ച പത്രിക സമർപ്പിച്ചത്. പ്രിയങ്ക ഗാന്ധി(ഇന്ത്യൻ നാഷണൽ കോൺഗ്രസ്), സത്യൻ മൊകേരി (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ), നവ്യാ ഹരിദാസ് (ഭാരതീയ ജനതാ പാർട്ടി), ജയേന്ദ്ര കർഷൻഭായി റാത്തോഡ്(റൈറ്റ് ടു റീകാൾ പാർട്ടി), ദുഗ്ഗിറാല നാഗേശ്വര റാവൂ (ജാതിയ ജനസേവ പാർട്ടി), സ്വതന്ത്ര സ്ഥാനാർഥികളായ രുഗ്മിണി, സോനു സിങ് യാദവ്, ഡോ കെ പത്മരാജൻ, ഷെയ്ക്ക് ജലീൽ, ജോമോൻ ജോസഫ് സാമ്പ്രിക്കൽ എപിജെ ജുമാൻ വിഎസ് എന്നിവരാണ് മുൻദിവസങ്ങളിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഒക്ടോബർ 28 ന് നടക്കും. ഒക്ടോബർ 30 ന് വൈകിട്ട് മൂന്നിനകം സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക പിൻവലിക്കാം.
കൊലപാതക ശ്രമം: പ്രതികളെ ചെന്നൈ വിമാനത്താവളത്തില്‍ നിന്നും പിടികൂടി
കൊല്ലം: മുന്‍ വിരോധം നിമിത്തം യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം
വിദേശത്തേക്ക് കടന്ന പ്രതികളെ തിരികെ നാട്ടിലെത്തിയപ്പോള്‍ വിമാനത്താവളത്തില്‍
നിന്നും പിടികൂടി. കൊട്ടിയം, എന്‍എസ്എസ് കോളേജിന് സമീപം തെങ്ങുവിള വീട്ടില്‍ ഷാഹുല്‍ ഹമീദ് (23), തൃക്കോവില്‍വട്ടം കുന്നുവിള വീട്ടില്‍ വിനോദ് (39) എന്നിവരാണ് കണ്ണനല്ലൂര്‍ പോലീസിന്റെ പിടിയിലായത്. മുഖത്തല സ്വദേശിയായ അനന്തുവിനെ സംഘംചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കുറ്റത്തിനാണ് ഇവരെ പോലീസ് പിടികൂടിയത്.
മുന്‍വിരോധം നിമിത്തം കഴിഞ്ഞ ക്രിസ്തുമസ് ദിനം രാത്രിയില്‍ പ്രതികള്‍ ഉള്‍പ്പെട്ട സംഘം അനന്തുവിനെ മാരകമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ അനന്തുവിന്റെ തലയിലും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ സംഘത്തില്‍ ഉല്‍പ്പെട്ട മുഖ്യ പ്രതിയായ വടക്കേമുക്ക് ഷര്‍മിമന്‍സിലില്‍ ഷഹാറിനെ സംഭവം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പോലീസ് സംഘം പിടികൂടിയിരുന്നു. എന്നാല്‍ സംഭവ ശേഷം വിദേശത്തേക്ക് കടന്ന കൂട്ട് പ്രതികളായ ഇവരെ പിടികൂടാനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിദേശത്ത് നിന്നും ചെന്നൈ വിമാനത്താവളത്തിലെത്തിയ പ്രതികളെ ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞ് വച്ച ശേഷം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കണ്ണനല്ലൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി. രാജേഷിന്റെ നേതൃത്വത്തില്‍ എസ്‌ഐ ബി.എന്‍ ജിബി, സിപിഓമാരായ മുഹമ്മദ് ഹുസൈന്‍, വിഷ്ണു രാജ്, ഷാനവാസ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് ചെന്നൈ വിമാനത്താവളത്തിലെത്തി ഇവരെ കസ്റ്റഡിയില്‍ എടുത്തത്.




































