പാരാഗ്ലൈഡിങ് ലോകകപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ബിര്‍ബില്ലിങിനെ നടുക്കി അപകടം. ആകാശപ്പറക്കലിനിടെ മറ്റൊരു പാരാഗ്ലൈഡറുമായി കൂട്ടിയിടിച്ച് 65കാരനായ സാഹസികന് ദാരുണാന്ത്യം. ഹിമാചല്‍ പ്രദേശിലെ കാന്‍ഗ്ര ജില്ലയില്‍ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ബെല്‍ജിയം സ്വദേശിയായ ഫെയാറെറ്റാണ് മരിച്ചത്. പറക്കലിനിടെ രാവിലെ 11.30ഓടെയാണ് അപകടമുണ്ടായത്. ഒപ്പം കൂട്ടിയിടിച്ച പോളണ്ടുകാരനായ പാരാഗ്ലൈഡര്‍ സുരക്ഷിതനാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു.
രാവിലെ 11 മണിയോടെയാണ് ഇരുവരും പറക്കല്‍ ആരംഭിച്ചത്. കൂട്ടിയിടിച്ചതിന് പിന്നാലെ ബെല്‍ജിയം സ്വദേശിയുടെ ഗ്ലൈഡര്‍ തകര്‍ന്ന് കാടിനുള്ളിലേക്ക് പതിച്ചു. ഫെയാറെറ്റിന്റെ മൃതദേഹം ഇതുവരെയും കണ്ടെത്താനായില്ല. ഒപ്പം കൂട്ടിയിടിച്ച പോളണ്ട് സ്വദേശി ഗ്ലൈഡറോടെ മരത്തില്‍ കുടുങ്ങി. ഇയാളെ സുരക്ഷിതമായി താഴെയിറക്കാനായി. പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെന്നും നിസാര പരുക്കുകളുണ്ടെന്നും അധികൃതര്‍ അറിയിച്ചു. നവംബര്‍ രണ്ട് മുതല്‍ ഏഴുവരെയാണ് പാരാഗ്ലൈഡിങ് ലോകകപ്പ്.
ആകാശപ്പറക്കലിനിടെ കൂട്ടിയിടി; 65കാരനായ സാഹസികന് ദാരുണാന്ത്യം
കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ പദവി CPI ക്ക് നൽകാൻ ധാരണ
കരുനാഗപ്പള്ളി. നഗരസഭ ചെയർമാൻ സ്ഥാനം മുന്നണി ധാരണ പ്രകാരം അവസാന ഒരു വർഷം CPI ക്ക് നൽകാൻ ഇന്ന് ചേർന്ന CPIM ഏരിയാ കമ്മിറ്റിയിൽ തീരുമാനമായി. ഇതനുസരിച്ച് കോട്ടയിൽ രാജു ചെയര്‍മാന്‍ സ്ഥാനം ഡിസംബർ 28ന് മുൻപ് രാജിവെയ്ക്കും.CPI യിലെ മുതിർന്ന കൗൺസിലർ പടിപ്പുര ലത്തീഫ് , യുവജന നേതാവ് മഹേഷ് ജയരാജ് എന്നീ പേരുകളാണ് CPI യിൽ നിന്ന് പകരം കേൾക്കുന്നത്.ഇത് സംബന്ധിച്ച് പാർടിയിലെ അഭിപ്രായ ഭിന്നത മൂലം അവസാന ടേം CPI ആവശ്യപ്പെടില്ല എന്നും സൂചനയുണ്ടായിരുന്നു.എന്നാൽ ഇന്ന് ചേർന്ന CPIM ഏരിയാ കമ്മിറ്റി ചെയർമാൻ സ്ഥാനം ഒഴിഞ്ഞു കൊടുക്കാൻ തീരുമാനം എടുക്കുകയായിരുന്നു.കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതിയിലും അവസാന ഒരു വർഷം ചെയര്‍മാന്‍ സ്ഥാനം CPI ക്ക് നൽകിയിരുന്നു.
വന്ദനദാസ് കേസ് 13ന് പരിഗണിക്കും
കൊല്ലം: വന്ദനദാസ് വധക്കേസ് പ്രതി സന്ദീപിന്റെ മാനസികനില പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ കേസിന്റെ തുടര്‍ നടപടികള്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി നവംബര്‍ 13ലേക്ക് മാറ്റി. ഒക്ടോബര്‍ 30ന് കേസില്‍ സാക്ഷി വിസ്താരം ആരംഭിക്കാനിരിക്കെ, വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ആളൂര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ഇതുതള്ളിയ കോടതി സന്ദീപിന്റെ മാനസികനില പരിശോധിക്കണമെന്ന പ്രതിഭാഗം അഭിഭാഷകരുടെ ആവശ്യം അംഗീകരിച്ച് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്കുകയായിരുന്നു. സന്ദീപിനെ പരിശോധിക്കാനുള്ള മെഡിക്കല്‍ സംഘത്തെ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സുപീംകോടതിയില്‍ സമര്‍പ്പിക്കും. നവംബര്‍ 11ന് സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കും.
കൊല്ലം കളക്ടറേറ്റ് ബോംബ് സ്‌ഫോടന കേസ്; നവംബര്‍ നാലിന് വിധിപറയും
കൊല്ലം: കളക്ടറേറ്റ് ബോംബ് സ്‌ഫോടന കേസില്‍ നവംബര്‍ നാലിന് വിധി പറയും. അന്നേ ദിവസം പ്രതികളെ കോടതിയില്‍ നേരിട്ട് ഹാജരാക്കാനും പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ജി. ഗോപകുമാര്‍ ഉത്തരവിട്ടു. ഒക്ടോബര്‍ 29ന് വിധി പറയാന്‍ നിശ്ചയിച്ചിരുന്ന കേസില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകളിലും സാക്ഷിമൊഴികളിലും കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വാദം തുടരുകയായിരുന്നു.
അന്വേഷണ സംഘം പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍ പ്രതികള്‍ ഉപയോഗിച്ചിരുന്നതിന്റെയും പരസ്പരം ഫോണ്‍ വിളിച്ചതിന്റെയും വാട്‌സ്ആപ്പ് ചാറ്റുകള്‍ സംബന്ധിച്ചും കൂടുതല്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ അടുത്ത ദിവസങ്ങളില്‍ ഹാജരാക്കാന്‍ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു.
പ്രോസിക്യൂഷനു വേണ്ടി അഡ്വ. ആര്‍. സേതുനാഥ്, പ്രതിഭാഗത്തിനായി അഡ്വ. ഷാനവാസ്, ഉണ്ണികൃഷ്ണമൂര്‍ത്തി എന്നിവര്‍ ഹാജരായി. 2016 ജൂണ്‍ 15ന് രാവിലെ കളക്ടറേറ്റ് വളപ്പിലെ ഉപയോഗിക്കാതെ കിടന്ന ജീപ്പിലായിരുന്നു സ്‌ഫോടനം. ഒരാള്‍ക്ക് പരിക്കേറ്റു. നിരോധിത ഭീകര സംഘടനയായ ബേസ്മൂവ്‌മെന്റ് പ്രവര്‍ത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി (31), ഷംസൂണ്‍ കരീം രാജ (33), ദാവൂദ് സുലൈമാന്‍ (27), ഷംസുദീന്‍ എന്നിവരാണ് പ്രതികള്‍.
ഇഎസ്‌ഐ ശമ്പള പരിധി ഉയര്‍ത്തുന്നത് പരിഗണനയില്‍: കേന്ദ്രം
ന്യൂദല്‍ഹി: ഇഎസ്ഐ ശമ്പള പരിധി ഉയര്‍ത്തുന്നത് പരിഗണനയിലാണെന്നും തൊഴിലാളികള്‍ക്ക് അനുകൂലമായ നിലപാടു സ്വീകരിക്കുമെന്നും കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യ. കേന്ദ്രമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ ഉറപ്പു ലഭിച്ചതായി ബിഎംഎസ് ദക്ഷിണ ക്ഷേത്ര സംഘടനാ സെക്രട്ടറിയും ഇഎസ്ഐ ബോര്‍ഡ് മെമ്പരുമായ എസ്. ദുരൈരാജ് അറിയിച്ചു.
ഇഎസ്ഐ അംഗങ്ങളുടെ ചകിത്സക്കായി ആയുഷ്മാന്‍ ഭാരത് എംപാനല്‍ ഹോസ്പിറ്റലുകളെ ഇഎസ്ഐയിലും എം പാനല്‍ ചെയ്യാമെന്നും അതുവഴി ഉയര്‍ന്ന നിലവാരത്തിലുള്ള ചികിത്സ തൊഴിലാളികള്‍ക്ക് ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
ഇഎസ്ഐ പദ്ധതിയിലെ ആനുകൂല്യങ്ങള്‍ നല്‍കുന്നതിലുള്ള നൂലാമാലകള്‍ ഒഴിവാക്കും, മരുന്നുകള്‍ വേണ്ടത്ര സ്റ്റോക്ക് വെക്കും, ചികിത്സക്കായി എത്തുന്നവരുടെ കാത്തിരിപ്പു ഒഴിവാക്കി ചികിത്സ വേഗത്തിലാക്കും, തൊഴിലാളികള്‍ക്കും ടൈഅപ്പ് ആശുപത്രികള്‍ക്കും റീ ഇംപേഴ്സ്മെന്റ് നല്‍കുന്നതു വേഗതയിലാക്കും, അംഗങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതനുസരിച്ചു അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കൂം, അംഗീകാരം നല്‍കിയ കെട്ടിട നിര്‍മാണ പ്രവര്‍ത്തനം വേഗതയിലാക്കും, നിലവിലുള്ള കെട്ടിടങ്ങളിലെ അറ്റകുറ്റ പണികള്‍ വേഗത്തിലാക്കും, അതിനായി നടപടിക്രമങ്ങള്‍ ലഘുകരിക്കും, എല്ലാ തസ്തികളിലും ഉള്ള ഒഴിവുകള്‍ നികത്തും, പാരാമെഡിക്കല്‍, അഡ്മിനിസ്ട്രേഷന്‍ എന്നീ വിഭാഗങ്ങളിലെ ജീവനക്കാരുടെ ട്രാന്‍സ്ഫര്‍ പോളിസിയില്‍ മാനുഷിക മൂല്യങ്ങള്‍ക്കു മുന്‍ഗണന നല്‍കും, ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും പ്രശ്നങ്ങള്‍ പരിഹരിക്കും, ചികിത്സക്കായി എത്തുന്നവരോടുള്ള മാന്യമായ പെരുമാറ്റം ഉറപ്പാക്കും, മന്ത്രി പറഞ്ഞു. ആയുഷ് വിഭാഗത്തിനു വേണ്ടത്ര പരിഗണന നല്‍കുമെന്നും കേരളത്തില്‍ കിടത്തി ചികിത്സ നല്‍കാന്‍ വേണ്ടി എല്ലാവിധ സൗകര്യങ്ങളുമുള്ള ആയുര്‍വേദ ആശുപത്രി സ്ഥാപിക്കുന്നതു പരിഗണിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി.
‘വേട്ടയ്യന്‍’ ആമസോണ്‍ പ്രൈമില്‍ നവംബര്‍ 8 മുതല്‍
രജനികാന്തും ബിഗ് ബിയും ഒന്നിച്ചെത്തിയ തമിഴ് ചിത്രം വേട്ടയ്യന്‍ നവംബര്‍ എട്ടുമുതല്‍ ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈം വിഡിയോയില്‍ സ്ട്രീമിങ് നടത്തും. ടി.ജെ. ജ്ഞാനവേല്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഫഹദ് ഫാസില്‍, റാണ ദഗുബതി, ദുഷാര വിജയന്‍, മഞ്ജു വാര്യര്‍, അഭിരാമി തുടങ്ങി നിരവധി പ്രമുഖ താരങ്ങള്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ഒരു മികച്ച താരനിരയാണ് അവതരിപ്പിക്കുന്നത്.’വേട്ടയ്യന്‍’ തമിഴിന് പുറമേ തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നി ഇതര ഭാഷകളിലേക്കും മൊഴിമാറ്റിയാണ് പ്രൈമില്‍ എത്തുന്നത്. ഇന്ത്യയിലും ലോകമെമ്പാടുമുള്ള 240 രാജ്യങ്ങളിലും ചിത്രം കാണാം.
പതിവ് തെറ്റിക്കാതെ പ്രധാനമന്ത്രി…. ദീപാവലി ആഘോഷം സൈനികരോടൊപ്പം
പതിവ് തെറ്റിക്കാതെ ഇത്തവണയും സൈനികരോടൊപ്പം ദീപാവലി ആഘോഷത്തില്‍ പങ്ക് ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ ഇന്ത്യ-പാക് അതിര്‍ത്തിയായ കച്ചില്‍ സൈനികരോടൊപ്പമാണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചത്. സര്‍ ക്രീക്കിലെ ലക്കി നലയിലായിരുന്നു ആഘോഷം. അതിര്‍ത്തി സുരക്ഷാസേനയുടെ യൂണിഫോം ധരിച്ചെത്തിയ പ്രധാനമന്ത്രി, സൈനികര്‍ക്ക് മധുരം നല്‍കുകയും ചെയ്തു.
മോദിക്കൊപ്പം ദീപാവലി ആഘോഷത്തില്‍ അതിര്‍ത്തു രക്ഷാസേന (ബിഎസ്എഫ്), കരസേന, നാവികസേന, വ്യോമസേന ജവാന്മാരും സംബന്ധിച്ചു. വെല്ലുവിളികളും ബുദ്ധിമുട്ടുകളും നിറഞ്ഞ സാഹചര്യത്തിലും ഇന്ത്യയുടെ അതിര്‍ത്തി സുരക്ഷിതവും ഭദ്രവുമാണെന്ന് ഉറപ്പാക്കുന്നതിന് സൈനികര്‍ പുലര്‍ത്തുന്ന ജാഗ്രതയെ പ്രധാനമന്ത്രി പ്രശംസിച്ചു. നേരിടുന്ന വെല്ലുവിളികള്‍, ജോലികള്‍ എളുപ്പമാക്കുന്നതിന് എന്തെങ്കിലും മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളും മോദി ആരാഞ്ഞു. സൈനികരോടൊപ്പം ഏറെനേരം ചെലവഴിച്ചശേഷമാണ് മോദി മടങ്ങിയത്.
ഓപ്പറേറ്റര്‍ കാപ്പികുടിക്കാന്‍ പോയ സമയത്ത് ജെസിബി ഓടിക്കാന്‍ ശ്രമം…. ഗൃഹനാഥന് ദാരുണാന്ത്യം
വീടുപണി നടക്കുന്ന സ്ഥലത്ത് മുറ്റം നിരപ്പാക്കാന്‍ കൊണ്ടുവന്ന ജെസിബി ഓടിച്ച ഗൃഹനാഥന്‍ അപകടത്തില്‍ മരിച്ചു. കരൂര്‍ കണ്ടത്തില്‍ പോള്‍ ജോസഫ് (രാജു കണ്ടത്തില്‍- 60) ആണ് മരിച്ചത്. ജെസിബി ഓപ്പറേറ്റര്‍ കാപ്പികുടിക്കാന്‍ പോയപ്പോള്‍ വെറുതെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ ജെസിബി മറിഞ്ഞ് റബര്‍ മരത്തിനിടയില്‍പ്പെട്ട് ചതഞ്ഞരഞ്ഞാണ് മരണം. ഇന്നു രാവിലെ പാലാ കരൂരിലായിരുന്നു അപകടം.
വീട് പണി നടക്കുന്നതിനിടെ മുറ്റം കെട്ടുന്നതിനായി മണ്ണ് ലവലാക്കുന്ന പണിക്കായിട്ടാണ് ജെസിബി വരുത്തിയത്. രാവിലെ 10 മണിയോടെ ജെസിബി ഓപ്പറേറ്റര്‍ കാപ്പി കുടിക്കാനായി പോയി. ഇനിതിടെ രാജു സ്വയം ജെസിബി ഓടിക്കുന്നതിനിടയില്‍ മറിഞ്ഞ് ഒരു റബര്‍ മരത്തിനിടയിലേക്ക് വീണു. മരത്തിനും ജെസിബിക്കും ഇടയില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചത്.
ഒരു മണിക്കൂറോളം കഴിഞ്ഞ് പാലായില്‍ നിന്ന് പൊലീസ് എത്തിയാണ് മുതദേഹം പുറത്തെടുത്തത്.
ദീപാവലി ആഘോഷ നിറവിൽ ഉത്തരേന്ത്യ
ന്യൂഡെല്‍ഹി. ദീപാവലി ആഘോഷ നിറവിൽ ഉത്തരേന്ത്യ.അലങ്കാര വിളക്കുകൾ തെളിയിച്ചും മധുരം പങ്കുവെച്ചും ഡൽഹിയിൽ ആഘോഷം.
ആശംസകൾ നേർന്ന് പ്രധാനമന്ത്രി.മനസ്സിൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം
നിറയട്ടെ എന്ന് മുഖ്യമന്ത്രി.
ആഘോഷ നിറവിലാണ് രാജ്യ തലസ്ഥാനം.ഭംഗിയു ഉള്ള മൺചിരാതുകൾ തെളിയിച്ചും അലങ്കാര വിളക്കുകൾ കത്തിച്ചും
മധുരം പങ്കിട്ടുമൊക്കെയാണ് ആഘോഷം.പ്രതീക്ഷയുടെ നല്ല ദിനങ്ങൾ.
ദിവസങ്ങളോളം നീണ്ടുനിൽക്കുന്നതാണ് ഉത്തരേന്ത്യക്കാരുടെ ദീപാവലി ആഘോഷങ്ങൾ. കടുത്ത വായു മലിനീകരണം നേരിടുന്നതിനാൽ ഡൽഹിയിൽ ഇത്തവണ പടക്കം പൊട്ടിക്കുന്നതിന് പൂർണ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
എങ്കിലും ആഘോഷത്തിൻ്റെ മാറ്റിന് കുറവ് ഒട്ടുമില്ല.
ദീപാവലി ദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി ഏവർക്കും സന്തുഷ്ടവും സമൃദ്ധവും ആരോഗ്യകരവുമായ ജീവിതം ആശംസിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
മനസിൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം
നിറയട്ടെ എന്ന് മുഖ്യമന്ത്രിയും ആശംസിച്ചു. അനീതിക്ക് എതിരെയുള്ള നീതിയുടെയും
സത്യത്തിന്റെയും വിജയത്തിൻറെ ഉത്സവം എന്ന് പ്രിയങ്ക ഗാന്ധി.ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും പ്രകാശിക്കട്ടെ എന്ന് രാഹുൽ ഗാന്ധിയും ആശംസിച്ചു
നുണ, കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയനെതിരെ എ ഡി എം നവീൻ ബാബുവിന്റെ കുടുംബം
കണ്ണൂർ. ജില്ലാ കളക്ടർ അരുൺ കെ വിജയനെതിരെ എ ഡി എം, കെ നവീൻ ബാബുവിന്റെ കുടുംബം. തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞതായുള്ള കളക്ടറുടെ മൊഴി നുണയെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ കളക്ടർക്കെതിരെയും അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആവശ്യപ്പെട്ടു.
വിവാദ യാത്രയയപ്പ് യോഗത്തിന് പിന്നാലെ തനിക്ക് തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞുവന്ന കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ മൊഴി സംശയനിഴലിൽ. കളക്ടർ പോലീസിന് നൽകിയ മൊഴി ജാമ്യാപേക്ഷയിൽ ദിവ്യ ആയുധമാക്കിയതോടെ വിവാദം. കളക്ടറുടെ മൊഴി നുണയെന്ന് നവീൻ ബാബുവിന്റെ ഭാര്യയും കോന്നി തഹസില്‍ദാറുമായ മഞ്ജുഷ. കളക്ടറുടെ വാക്കുകളിൽ വിശ്വാസമില്ല. കാര്യങ്ങൾ ഏറ്റുപറയാൻ ജില്ലാ കളക്ടറുമായി കെ നവീൻബാബുവിന് ഒരാത്മബന്ധവുമില്ല.
കളക്ടർ അരുൺ കെ വിജയനെതിരെയും അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കളക്ടർ സ്വാധീനിക്കപ്പെട്ടിരിക്കാം. കേസിൽ ജുഡീഷ്യൽ അന്വേഷണം വേണം. പോലീസ് നീതിപൂർവമായി അന്വേഷിക്കുമന്ന് വിശ്വാസമില്ലെന്നും കെ സുധാകരൻ.
പി പി ദിവ്യയെ സിപിഐഎം സംരക്ഷിക്കുന്നുവെന്നും, പി ശശി ഇതിനായി ഇടപെടുന്നുവെന്നും കെ സുധാകരൻ ആരോപിച്ചു. നവീൻ ബാബുവിന്റെ മരണത്തിൽ കളക്ടറുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലേക്ക് കടക്കാനാണ് കോൺഗ്രസ് തീരുമാനം. നവീൻ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിച്ച് കേസ് അട്ടിമറിക്കാൻ ആസൂത്രിത ഗൂഢാലോചനയെന്നാണ് പ്രതിപക്ഷ വിമർശനം.






































