23.2 C
Kollam
Saturday 20th December, 2025 | 10:19:09 AM
Home Blog Page 1985

ഇറാനു തിരിച്ചടി നൽകി ഇസ്രയേൽ; ടെഹ്‌റാനിലേക്ക് വ്യോമാക്രമണം, വൻ സ്ഫോടനങ്ങൾ

ജറുസലം: ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേലിന്റെ വ്യോമാക്രമണം. ഇറാന്റെ മിസൈൽ ആക്രമണങ്ങൾക്ക് പകരമായാണ് ആക്രമണം. ഒക്ടോബർ ഒന്നിനാണ് ഇരുന്നൂറിലേറെ മിസൈലുകൾ ഇസ്രയേൽ ലക്ഷ്യമാക്കി ഇറാൻ തൊടുത്തത്.

ഇസ്രയേലിനു നേർക്ക് തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾക്ക് പകരമായി ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി. ടെഹ്റാനിൽ വലിയ സ്ഫോടനങ്ങളുണ്ടായതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെഹ്റാൻ വിമാനത്താവളത്തിന് അടുത്തും സ്ഫോടനം നടന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

‘‘മറ്റേതു പരമാധികാര രാജ്യത്തെയും പോലെ തിരിച്ചടിക്കാനുള്ള അവകാശം ഇസ്രയേലിനുണ്ട്. ഇസ്രയേലിനെയും ജനങ്ങളെയും പ്രതിരോധിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യും.’’–ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ഏതു തിരിച്ചടിയും നേരിടാൻ തയാറാണെന്നും ഇസ്രയേൽ വ്യക്തമാക്കി.

ഒക്ടോബർ ഒന്നിലെ ആക്രമണത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇസ്രയേൽ ഇറാനിൽ ആക്രമണം നടത്തിയതിനെക്കുറിച്ച് അറിവുള്ളതായി യുഎസ് അധികൃതർ വ്യക്തമാക്കി‌. ഇറാനു നേരെ ആക്രമണം ഉണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനിയൻ ഭരണകൂടം വ്യക്തമാക്കിയിരുന്നു. ഇറാനു നേരെ ആക്രമണം നടത്താൻ ഇസ്രയേൽ തയാറെടുക്കുന്നതായി ചൂണ്ടിക്കാട്ടുന്ന അമേരിക്കൻ ഇന്റലിജൻസ് രേഖകൾ കഴിഞ്ഞയാഴ്ച പുറത്തായിരുന്നു.

വിവാഹത്തിന് നിർബന്ധിച്ചു, ഗർഭിണിയായ 19കാരിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൊന്നു കുഴിച്ചുമൂടി

ന്യൂഡൽഹി: ഗർഭിണിയായ പത്തൊൻപതുകാരിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൊന്നു കുഴിച്ചുമൂടി. ഹരിയാനയിലെ റോഹ്തക്കിൽനിന്നാണ് യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. ഡൽഹി നംഗ്ലോയ് സ്വദേശിനി സോണി (19) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സോണിയുടെ കാമുകൻ സലീം (സഞ്ജു), ഒരു സുഹൃത്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാൾക്കായി തെരച്ചിൽ തുടരുന്നു.

സോണിയെ കാണാനില്ലെന്നുള്ള വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സോണി ഏഴു മാസം ഗർഭിണിയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സലീമുമായി സോണി ഏറെനാളായി അടുപ്പത്തിലായിരുന്നെന്നും ഗർഭിണിയായതിനു പിന്നാലെ തന്നെ വിവാഹം കഴിക്കാൻ സലീമിനെ സോണി നിർബന്ധിച്ചെന്നും പൊലീസ് പറഞ്ഞു. എന്നാൽ വിവാഹത്തിന് താൽപര്യമില്ലാതിരുന്ന സലീം, സോണിയോട് ഗർഭഛിദ്രം നടത്താൻ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന സോണിക്ക്, ഇൻ‌സ്റ്റഗ്രാമിൽ ആറായിരത്തിലധം ഫോളോവേഴ്സുണ്ട്. സലീമിനൊപ്പമുള്ള നിരവധി ചിത്രങ്ങളും സോണി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സലീമുമായുള്ള ബന്ധത്തെക്കുറിച്ച് സോണിയുടെ വീട്ടുകാർക്കും നേരത്തെ അറിവുണ്ടായിരുന്നെന്നും അവർ ബന്ധം വിലക്കിയിരുന്നതായും പൊലീസ് പറഞ്ഞു. എന്നാൽ ഇരുവരും ബന്ധം തുടരുകയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച വീട്ടിൽനിന്ന് സാധനങ്ങളുമെടുത്ത് സലീമിനെ കാണാൻ സോണി പോയി. സലീമും രണ്ടു സുഹൃത്തുക്കളും ചേർന്ന് സോണിയെ ഹരിയാനയിലെ റോഹ്തക്കിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ച് യുവതിയെ മൂവരും ചേർന്ന് കൊന്നു കുഴിച്ചുമൂടുകയായിരുന്നു.

കുണ്ടറയിൽ വിദ്യാര്‍ത്ഥികളെ വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച കേസിലെ പ്രതി പിടിയില്‍

കുണ്ടറ: വിദ്യാര്‍ത്ഥികളെ വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച കേസിലെ പ്രതി പിടിയില്‍. പേരയം പടപ്പക്കര കരിക്കുഴി സരിത ഭവനില്‍ രജിനെ (27) ആണ് കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 10ന് വൈകിട്ട് 5.30ന് ആശുപത്രിമുക്ക്-കാഞ്ഞിരകോട് റോഡില്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കോളേജ് വിട്ട ശേഷം വഴിയരികില്‍ സുഹൃത്തുക്കളുമായി സംസാരിച്ച് നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിനിയെ ഓട്ടോറിക്ഷയില്‍ പോയ 4 അംഗ സംഘം അശ്ലീല ചുവയോടെ കമന്റ് അടിച്ചു. ഇത് ചോദ്യം ചെയ്ത സുഹൃത്തുകളെ അക്രമി സംഘം കമ്പി വടി ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു.
വിദ്യാര്‍ത്ഥികളുടെ കൈയ്യില്‍ ഉണ്ടായിരുന്ന ഫോണും ബാഗും പ്രതികള്‍ പിടിച്ചെടുത്തു. സംഘത്തിലെ ഒന്നും രണ്ടും പ്രതികളായ കുമ്പളം സ്വദേശികളായ പ്രഭാത്, ചെങ്കീരി അനീഷ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവ ശേഷം ഒളിവില്‍ പോയ രജിനെ കുണ്ടറ എസ്എച്ച്ഒ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു. കേസിലെ മൂന്നാം പ്രതി ഡോണല്‍ ഉടന്‍ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു.

കൊല്ലത്ത് വ്യാപാര സമുച്ചയത്തില്‍ തീപിടിത്തം

കൊല്ലം: ബീച്ച് റോഡിലെ വ്യാപാര സമുച്ചയത്തില്‍ തീപിടിത്തം. ബീച്ച് റോഡില്‍ പ്രവര്‍ത്തിക്കുന്ന സേട് ടവറില്‍ ഒന്നാം നിലയിലുള്ള റിലയന്‍സ് നിപ്പോണ്‍ ഇന്‍ഷുറന്‍സ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെ ആറോടെയാണ് പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടത്. ഉടന്‍തന്നെ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. ചാമക്കടയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സംഘമെത്തി അടച്ചിട്ടിരുന്ന സ്ഥാപനത്തിന്റെ പൂട്ട് പൊളിച്ച് തീ കെടുത്തി. ഷോര്‍ട് സര്‍ക്ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് വിവരം.

ഓയൂരിൽ ഗൃഹനാഥന്‍ തീ കൊളുത്തി മരിച്ച സംഭവം… വിസ്മയയും വിടവാങ്ങി

ഓയൂര്‍: ചെറിയ വെളിനല്ലൂര്‍, റോഡുവിളയില്‍ ഗൃഹനാഥന്‍ തീ കൊളുത്തി മരിച്ച സംഭവത്തില്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടു മക്കളില്‍ അവശേഷിച്ച പെണ്‍കുട്ടിയും മരിച്ചു. കൃഷ്ണവിലാസത്തില്‍ വിനോദ് കുമാറിന്റെ മകള്‍ വിസ്മയ (13) ആണ് ബുധനാഴ്ച രാത്രി 11 മണിയോടെ മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് വിനോദ് കുമാര്‍ ഉറങ്ങിക്കിടന്ന സമയത്ത് മക്കളുടെ ശരീരത്തില്‍ പെട്രോളൊഴിച്ച് തീവെയ്ക്കുകയും പിന്നീട് സ്വന്തം ശരീരത്തിലും പെട്രോളൊഴിച്ച് തീ കൊളുത്തുകയും ചെയ്തത്. വിനോദ് കുമാര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. പരിക്കേറ്റ മിഥുനെയും, വിസ്മയയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ മിഥുന്‍ മരിച്ചിരുന്നു.
ചെറിയ വെളിനല്ലൂര്‍ റോഡുവിള ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് വിസ്മയ. പൂയപ്പള്ളി പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വിസ്മയയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
വിനോദിന്റെ ഭാര്യ സിനി കുമാരി രോഗബാധിതയായി എട്ട്മാസം മുന്‍പ് മരണപ്പെട്ടിരുന്നു. ആഴ്ചകള്‍ക്കകം പിതാവും മരിച്ചതോടെ വിനോദ് മാനസിക സംഘര്‍ഷത്തിലാവുകയും ചെയ്തു. രോഗബാധിതനായതോടെ തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ കുട്ടികളുടെ ഭാവി എങ്ങനെയാകുമെന്ന മനോവിഷമത്തിലാണ് ഇദ്ദേഹം മക്കളെ കൊന്നശേഷം സ്വയം ജീവനൊടുക്കുക എന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറയുന്നു.

പാർട്ടി ഓഫീസിൽ പ്രവർത്തകയ്ക്ക് നേരെ പീഡനശ്രമമെന്ന പരാതി

ആലപ്പുഴ. പാർട്ടി ഓഫീസിൽ പ്രവർത്തകയ്ക്ക് നേരെ പീഡനശ്രമമെന്ന പരാതി. ആലപ്പുഴയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ നീക്കി. പുന്നമട എല്‍സി സെക്രട്ടറി എസ്.എം. ഇക്ബാലിനെതിരെയാണ് നടപടി. ഡി സലീം കുമാറിന് സെക്രട്ടറിയുടെ ചുമതല

എം വി ഗോവിന്ദൻ്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൻ്റെ നിർദേശ പ്രകാരമാണ് നടപടി.കഴിഞ്ഞ ദിവസമാണ് എല്‍ സി സെക്രട്ടറിയായി ഇക്ബാലിനെ വീണ്ടും തിരഞ്ഞെടുത്തത്.പാർട്ടി കമ്മീഷൻ ഇയാളെ കുറ്റക്കാരൻ അല്ലെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് യുവതി പൊലിസിൽ പരാതി നൽകി.ആലപ്പുഴ നോർത്ത് പൊലിസ് LC സെക്രട്ടറിക്കെതിരെ കേസെടുത്തിരുന്നു

ന്യൂസ് അറ്റ് നെറ്റ്    BREAKING NEWS                 സി പി എം അടിയന്തിര സെക്രട്ടറിയറ്റ് നാളെ

2024 ഒക്ടോബർ 25 വെള്ളി 10.15 PM

?സി പി എം അടിയന്തര സംസ്ഥാന സെക്രട്ടറിയറ്റ് യോഗം നാളെ തൃശൂരിൽ, മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മുഴുവൻ നേതാക്കളും പങ്കെടുക്കും.പി പി ദിവ്യയ്ക്കെതിരായ നടപടികൾ ആലോചിക്കും

?തൃശൂർ ചാലക്കുടി പത്തടിപ്പാലത്ത് തെയില കയറ്റിവന്ന ലോറി മറിഞ്ഞ് അപകടം,

?ഐ എസ് എല്ലിൽ ബെംഗ്ലൂരു എഫ് സിക്കെതിരെ കേരള ബ്ലാസ് റ്റേഴ്സിന് തോൽവി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു തോൽവി.

? പാർട്ടി സെക്രട്ടറിയറ്റിൽ മുഖ്യമന്ത്രി കോഴ വിവാദത്തെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ലെന്ന് എം വി ഗോവിന്ദൻ

?പാലക്കാട്ട് കോൺഗ്രസ് വിമതൻ
ഷാനിബ് ഇടത് സ്ഥാനാർത്ഥി പി സരിന് പിന്തുണ നൽകി.

? എഡിഎം നവീൻ ബാബുവിൻ്റെ മരണം, ഗൂഢാലോചന, ബെനാമി ഇടപാട് എന്നിവ അന്വേഷിക്കാൻ കണ്ണൂർ പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ 6 അംഗ സംഘം.

ഫാ. പോൾക്രൂസ് അനുസ്മരണം

കൊല്ലം രൂപതാ വൈദികനും ജില്ലയിലെ സാംസ്‌കാരിക സാമൂഹിക മേഖലയിൽ സജീവ സാന്നിധ്യവുമായിരുന്ന പോൾക്രൂസച്ചൻ നിത്യതയിൽ 5 ആണ്ടുകൾ പിന്നിടുമ്പോൾ സാംസ്‌കാരിക, സാമൂഹിക, സാഹിത്യ മേഖലയിൽ അദ്ദേഹത്തിന്റെ കരുതലേറ്റു വാങ്ങിയ കൊല്ലത്തെ സാംസ്‌കാരിക പ്രവർത്തകർ ഒത്തുകൂടുന്നു.ഫാ.പോൾക്രൂസ് അനുസ്മരണ സമിതി ഒക്ടോബർ 27 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് കൊല്ലം പ്രസ്സ് ക്ലബിൽ ഫാ.പോൾക്രൂസ് അനുസ്മരണം സംഘടിപ്പിക്കുന്നു. അനുസ്മരണ സമ്മേളനം എം. നൗഷാദ് എം എൽ എ ഉദ്ഘാടനം ചെയ്യുമെന്ന് ചെയർമാൻ സജീവ് പരിശവിളയും കോ-ഓർഡിനേറ്റർ മിനീഷ്യസ് ബെർണാർഡും കൺവീനർ റോണറിബേറയും അറിയിച്ചു.

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

കുന്നത്തൂർ: ഐവർകാല പുത്തനമ്പലം ഒ.എൻ. വി ഗ്രാമീണ ഗ്രന്ഥശാലയും കടമ്പനാട് സ്റ്റാർമെഡ് ഹോസ്പിറ്റലും ചേർന്ന് സൗജന്യ ശ്വാസ കോശ രോഗ നിർണയ ക്യാമ്പും ജീവിത ശൈലി രോഗ നിർണയ ക്യാമ്പും വായനശാലയിൽ ഒക്ടോബർ 27 ന് രാവിലെ 9.00 മുതൽ 1 വരെ സംഘടിപ്പിക്കുന്നു. ക്യാമ്പിൽ പങ്കെടുക്കാൻ ബന്ധപ്പെടുക : 9633647342

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ; അൻവറിന്‍റെ ഡിഎംകെയില്‍ പൊട്ടിത്തെറി

പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർഥിയെ പിൻവലിച്ചതില്‍ പി.വി.അൻവറിന്‍റെ ഡിഎംകെയില്‍ പൊട്ടിത്തെറി.
അൻവറിന്‍റെ നിലപാടില്‍ പ്രതിഷേധിച്ച്‌ ഡിഎംകെ സെക്രട്ടറി ബി.ഷമീര്‍ സ്ഥാനം രാജിവച്ചു.
പാലക്കാട് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ നാമനിര്‍ദേശ പത്രിക നല്‍കി. അൻവർ പാർട്ടി പ്രവർത്തകരെ വഞ്ചിച്ചുവെന്നും പാലക്കാട്ടെ ഡിഎംകെയുടെ സ്ഥാനാർഥിയെ പിൻവലിച്ചത് കൂടിയാലോചന ഇല്ലാതെയാണെന്നും പാർട്ടിക്കായി ഇറങ്ങിയ പല പ്രവർത്തകർക്കും അത് മാനസിക വിഷമം ഉണ്ടാക്കിയെന്നും ഷമീര്‍ ആരോപിച്ചു.

തന്നോടൊപ്പം 100 പ്രവർത്തകർ പാർട്ടി വിടുമെന്നും ബി.ഷമീര്‍ പറഞ്ഞു. അതേസമയം ഷമീറിനെ തള്ളി അൻവര്‍ രംഗത്തെത്തി. കേരള ഡിഎംകെയുമായി ഷമീറിന് യാതൊരു ബന്ധവുമില്ലെന്ന് പി.വി.അൻവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പാലക്കാട്ടെ ഡിഎംകെ സ്ഥാനാര്‍ഥി മിന്‍ഹാജിനെ പിന്‍വലിച്ച്‌ അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ചത്.