23.5 C
Kollam
Saturday 20th December, 2025 | 12:43:36 AM
Home Blog Page 1980

പാലക്കാട് കൂറ്റനാട് പ്ലസ് ടു വിദ്യാർഥികൾ തമ്മിൽ സംഘർഷം, ഒരാൾക്ക് കുത്തേറ്റു

പാലക്കാട്.കൂറ്റനാട് പ്ലസ് ടു വിദ്യാർഥികൾ തമ്മിൽ സംഘർഷം. ഒരാൾക്ക് കുത്തേറ്റു.കുമരനല്ലൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ, മേഴത്തൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിലെ പ്ലസ് ടു വിദ്യാർഥികൾ തമ്മിലാണ് സംഘർഷമുണ്ടായത്.

നാല് ദിവസമായി തൃത്താലയിൽ നടന്നുവരുന്ന തൃത്താല സബ് ജില്ലാ കലോത്സവത്തിനിടെയാണ് ഇരു സ്കൂളുകളിലെയും പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിൽ ആദ്യം സംഘർഷമുണ്ടായത്. പിന്നീട് പരസ്പരം പക വീട്ടുമെന്ന് പറഞ്ഞുള്ള ഇൻസ്റ്റഗ്രാം റീലുകളും ഇരുവരും പങ്കുവച്ചു.
രക്ഷിതാക്കളും അധ്യാപകരും ഇടപ്പെട്ടതിനെ തുടർന്ന് റീലുകൾ ഇരുവരും പിൻവലിച്ചു.
ശേഷം ഒത്തുതീർപ്പിനെന്ന പേരിലാണ് ഇന്ന് വൈകീട്ട് കൂട്ടനാട് മല റോഡിൽ ഇരു വിഭാഗവും എത്തിയത്. അവിടെ വെച്ചുള്ള തർക്കത്തിലാണ് മേഴത്തൂർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി അബ്ദുൾ ബാസിത്തിന് കുത്തേറ്റത്. വയറിന് കുത്തേറ്റ ബാസിത്തിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുമരനെല്ലൂർ ഹയർ സെക്കന്ററി സ്കൂളിലെ മൂന്ന് പ്ലസ് വിദ്യാർത്ഥികളെ ചാലിശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു.

‘റോബർട്ട് വദ്രക്കെതിരായ കേസ് വിവരങ്ങൾ മറച്ചുവെച്ചു’; പ്രിയങ്ക ഗാന്ധിക്കെതിരെ വീണ്ടും ബിജെപി

ന്യൂഡൽഹി: വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ​ഗാന്ധിക്കെതിരെ വീണ്ടും ബിജെപി. പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വദ്രക്കെതിരായ കേസുകളുടെ വിവരങ്ങൾ സത്യവാങ്മൂലത്തിൽ പ്രിയങ്ക മറച്ചു വച്ചുവെന്ന് ബിജെപി ആരോപിച്ചു. ക്രിമിനൽ പശ്ചാത്തലം വ്യക്തമാക്കണമെന്ന സുപ്രീം കോടതി നിർദ്ദേശം അട്ടിമറിച്ചെന്നും അതിനാൽ പ്രിയങ്കയുടെ പത്രിക തള്ളണമെന്നും ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്യ ആവശ്യപ്പെട്ടു.

ഭര്‍ത്താവ് റോബര്‍ട്ട് വദ്രക്കും തനിക്കും കൂടി 78 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് വയനാട്ടിലെ സത്യവാങ്മൂലത്തില്‍ പ്രിയങ്ക ഗാന്ധി വ്യക്തമാക്കുന്നത്. 12 കോടിയാണ് പ്രിയങ്കയുടെ മാത്രം ആസ്തി. ഇതില്‍ ദില്ലി മെഹറോളിയില്‍ രണ്ട് കോടി പത്ത് ലക്ഷം രൂപയുടെ കൃഷി ഭൂമിയും ഫാം ഹൗസുമുണ്ട്. ഷിംലയില്‍ 5.63 കോടി രൂപ മൂല്യം വരുന്ന വീടും സ്വത്തും അഞ്ഞൂറ്റി അന്‍പത് പവന്‍ സ്വര്‍ണ്ണവും മുപ്പത് ലക്ഷം രൂപയുടെ വെള്ളിയും പ്രിയങ്കക്കുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

66 കോടി രൂപയുടെ ആസ്തിയാണ് റോബര്‍ട്ട് വദ്രയുടേതായി കാണിച്ചിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ കണക്ക് ഇതിലുമേറെയാണെന്നാണ് ബിജെപിയുടെ ആരോപണം. അനധികൃത സ്വത്ത് സമ്പാദന കേസില്‍ റോബര്‍ട്ട് വദ്രക്കെതിരെ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജന്‍സികൾക്ക് മുന്നിലുള്ള കണക്ക് ഇതല്ലെന്ന് ബിജെപി ആരോപിക്കുന്നു.

വിദഗ്ധാഭിപ്രായം തേടാതെ നഴ്സുമാരെ അറസ്റ്റ് ചെയ്യരുത്: ഹൈക്കോടതി

കൊച്ചി: ചികിത്സപ്പിഴവ് ആരോപിച്ചുള്ള പരാതികളിൽ ബന്ധപ്പെട്ട മേഖലയിലെ മെഡിക്കൽ വിദഗ്ധന്റെ അഭിപ്രായം തേടാതെ നഴ്സുമാർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകരുതെന്നു ഹൈക്കോടതി നിർദേശിച്ചു. നടപടികളുമായി മുന്നോട്ടുപോകുന്നതിനു മുൻപ് അന്വേഷണ ഉദ്യോഗസ്ഥൻ നിഷ്പക്ഷതയുള്ള വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടണം.

കുറ്റം ആരോപിച്ചെന്ന പേരിൽ അറസ്റ്റ് ചെയ്യരുതെന്നും ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ വ്യക്തമാക്കി. ഇതിനായി സർക്കാർ മൂന്ന് മാസത്തിനുള്ളിൽ ഉത്തരവു പുറപ്പെടുവിക്കാനും കോടതി നിർദേശിച്ചു. ചേർത്തല താലൂക്ക് ആശുപത്രിയിലെ നഴ്സിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് എടുത്ത കേസ് റദ്ദാക്കിയാണ് ഉത്തരവ്.

ഡോക്ടർമാർക്കെതിരെയുള്ള പരാതികളിൽ അന്വേഷണ ഉദ്യോഗസ്ഥൻ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ചു സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2008 ജൂൺ 16നു സർക്കാർ സർക്കുലർ ഇറക്കിയിരുന്നു. ഡോക്ടർക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥൻ നടപടികളെടുക്കുന്നതിനു മുൻപ് വിദഗ്ധാഭിപ്രായം തേടണമെന്നു സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതേ സംരക്ഷണം നഴ്സുമാർക്കും ലഭിക്കണമെന്നു ഹൈക്കോടതി പറഞ്ഞു.

2013 ൽ വയറിളക്കവും ഛർദിയും ബാധിച്ച് താലൂക്ക് ആശുപത്രിയിൽ എത്തിച്ച 10 വയസ്സുള്ള കുട്ടി മരിച്ച സംഭവത്തിലാണു നഴ്സിനെതിരെ കേസ് റജിസ്റ്റർ ചെയ്തത്. രാവും പകലും ജോലി ചെയ്യുന്ന നഴ്സുമാർ കാണിക്കുന്ന അർപ്പണം, ഏതു സാഹചര്യത്തിലുമുള്ള ജോലിസന്നദ്ധത തുടങ്ങിയ സേവനം അംഗീകരിക്കണമെന്നു കോടതി പറഞ്ഞു. ആതുരശുശ്രൂഷാ രംഗത്തെ നട്ടെല്ല് നഴ്സുമാരാണ്. ഡോക്ടറെക്കാൾ കൂടുതൽ രോഗികളോടൊപ്പം ചെലവഴിക്കുന്നത് അവരാണ്. അതിനാൽ അവരെ സംരക്ഷിക്കണമെന്നും ധാർമിക പിന്തുണ നൽകണമെന്നും കോടതി പറഞ്ഞു.

ഹർജിക്കാരിക്കെതിരായ കേസ് റദ്ദാക്കിയ കോടതി കുട്ടിയുടെ മരണത്തിനിടയായ സംഭവത്തിൽ ആരുടെയെങ്കിലും ഭാഗത്തു പിഴവുണ്ടായതായി അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടെത്തിയാൽ നടപടി സ്വീകരിക്കുന്നതിന് ഉത്തരവ് തടസ്സമല്ലെന്നും വ്യക്തമാക്കി.

വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി: 25കാരൻ അറസ്റ്റിൽ, ശ്രദ്ധ നേടാൻ ചെയ്തതെന്ന് യുവാവ്

ന്യൂഡൽഹി: വിമാനങ്ങൾക്കു നേരെ വ്യാജബോംബ് ഭീഷണി ഉയർത്തിയ സംഭവത്തിൽ 25കാരൻ അറസ്റ്റിൽ. ഡൽഹി രാജ്പുരി സ്വദേശി ശുഭം ഉപാധ്യയയാണ് അറസ്റ്റിലായത്. വിമാനങ്ങൾക്കു നേരെ തുടർച്ചയായി ഭീഷണികൾ ഉയർന്ന ശേഷമുള്ള രണ്ടാമത്തെ അറസ്റ്റാണിത്. ടെലിവിഷനിൽ ഇതു സംബന്ധിച്ച വാർത്ത കണ്ടപ്പോൾ ശ്രദ്ധ നേടുന്നതിന് വേണ്ടിയാണ് യുവാവ് വ്യാജ ഭീഷണി സന്ദേശമയച്ചതെന്ന് പൊലീസ് പറഞ്ഞു.

ഒക്ടോബർ 14 മുതൽ 275 വിമാനങ്ങൾക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉയർന്നത്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞാഴ്ച പതിനേഴുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വെള്ളിയാഴ്ച രാത്രിക്കും ശനിയാഴ്ച പുലർച്ചയ്ക്കുമിടെ രണ്ടു ഭീഷണി സന്ദേശങ്ങൾ ഡൽഹി വിമാനത്താവളത്തിന് ലഭിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ദക്ഷിണ ഡൽഹിയിലെ രാജപുരിയിൽ നിന്നുള്ള ശുഭം ഉപാധ്യായയുടെ അക്കൗണ്ടിൽ നിന്നാണ് ഭീഷണി സന്ദേശം വന്നതെന്ന് കണ്ടെത്തിയത്. ഇയാളെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തപ്പോഴാണ് ശ്രദ്ധ ലഭിക്കുന്നതിനായി നടത്തിയ വ്യാജ ബോംബ് ഭീഷണിയാണെന്ന് യുവാവ് കുറ്റസമ്മതം നടത്തിയത്. പന്ത്രണ്ടാം തരം വരെ പഠിച്ച യുവാവ് തൊഴിൽ രഹിതനാണ്.

വിമാനങ്ങൾക്കു നേരെയുള്ള വ്യാജ ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ സമൂഹ മാധ്യമങ്ങൾക്ക് കേന്ദ്രം കർശന നിർദേശം നൽകി. തെറ്റായ സന്ദേശങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 72 മണിക്കൂറിനുള്ളിൽ അധികൃതരെ വിവരമറിയിക്കണമെന്ന് ഐടി മന്ത്രാലയം അറിയിച്ചു. വ്യാജസന്ദേശങ്ങൾ നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കണന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

പട്രോളിങ്ങിനിടെ വനിത എഎസ്ഐ യുവതിയെ കടന്നുപിടിച്ചു, ബലമായി ചുംബിച്ചു; വീഡിയോ വൈറലായതോടെ സസ്പെൻഷൻ

കൊൽക്കത്ത: പിങ്ക് പൊലീസിന്‍റെ പട്രോളിങ്ങിനിടെ സ്ത്രീയെ കടന്ന് പിടിച്ച് ബലമായി ചുംബിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി. വനിതാ എഎസ്ഐയെ അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തു. പിങ്ക് പട്രോള്‍ സംഘത്തിലുണ്ടായിരുന്ന എ.എസ്.ഐ. ടാനിയ റോയ്ക്കെതിരെയാണ് നടപടി. പശ്ചിമ ബംഗാളിലെ സിലിഗുഡിയിലാണ് സംഭവം. ടാനിയ റോഡിലുണ്ടായിരുന്ന ഒരു സ്ത്രീയെ ബലമായി കടന്നുപിടിച്ച് ചുംബിക്കുകയായിരുന്നു.

സംഭവ സമയത്ത് ടാനിയ മദ്യലഹരിയിലായിരുന്നു എന്നാണ് എന്നാണ് റിപ്പോര്‍ട്ട്. ടാനിയ യുവതിയെ ചുംബിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. നേരത്തേയും മദ്യപിച്ച് മോശമായി പെരുമാറിയിട്ടുണ്ട് ഇവരെന്നാണ് റിപ്പോർട്ടുകൾ. ചുംബന വീഡിയോ പ്രചരിച്ചതോടെ വനിതാ പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്.

സ്ത്രീസുരക്ഷ ഉറപ്പാക്കാനായി അടുത്തിടെ സിലിഗുഡി പൊലീസ് കമ്മിഷണറേറ്റ് 24 മണിക്കൂര്‍ പിങ്ക് പട്രോള്‍ വാനുകള്‍ ആരംഭിച്ചിരുന്നു. ഇതില്‍ ഒരു പട്രോളിംഗ് സംഘത്തിലെ വനിത എഎസ്ഐ ആയിരുന്നു ടാനിയ. സിലിഗുഡിയിലെ ഒരു സ്‌കൂളിന് സമീപം നിന്ന് രാത്രിയില്‍ സംസാരിക്കുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത രണ്ട് വിദ്യാര്‍ഥികളെ ഇവര്‍ മര്‍ദ്ദിച്ചിരുന്നു. ആ സമയത്തും ഇവര്‍ മദ്യലഹരിയിൽ ആയിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.ഇതിന് പിന്നാലെയാണ് പുതിയ ചുംബന വിവാദം. സംഭവത്തില്‍ ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തിരുവനന്തപുരത്തെ വനിതാ ഡോക്ടർ, വാട്ട്സാപ്പിലെത്തിയ മെസേജ് വിശ്വസിച്ചു; ഒറ്റ മാസം കൊണ്ട് പോയത് 87 ലക്ഷം!

തിരുവനന്തപുരം: തിരുവനന്തപുരത്ത് വനിതാ ഡോക്ടറുടെ 87 ലക്ഷം രൂപ ഓണ്‍ലൈന് സംഘം തട്ടിയെടുത്തു. ഓണ്‍ലൈനിലൂടെ ഓഹരി ഇടപാട് നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് കഴിഞ്ഞ ഒരു മാസം കൊണ്ട് ഇത്രയും തുക തട്ടിയെടുത്തത്. ഡോക്ടറുടെ പരാതിയിൽ സൈബർ പൊലീസ് അന്വേഷണം തുടങ്ങി. വിദേശത്തായിരുന്ന വനിതാ ഡോക്ടറും കുടുംബവും അടുത്തിടെയാണ് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. ഇതിനിടയിലാണ് തട്ടിപ്പിനിരയായത്.

ഓണ്‍ലൈനിലൂടെ ഡോകടര് ഇടപാടുകൾ നടത്താറുണ്ട്. കഴിഞ്ഞ മാസം ആദ്യം വാട്ട്സ് ആപ്പില് ഓണ്‍ലൈനിൽ ഓഹരി ഇടപാടിലൂടെ വൻ തുക ലാഭം കൊയ്യാമെന്ന് കാട്ടി സന്ദേശം എത്തി.ഇതിനായി ZERODHA എന്ന മൊബൈൽ ആപ്പ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു. തട്ടിപ്പു സംഘവുമായി നേരിട്ട് സംസാരിക്കാതെ വാട്സ് അപ്പ് വഴി മാത്രമായിരുന്നു സന്ദേശങ്ങൾ.ആപ്പ് ഇന്‍സ്റ്റാൾ ചെയത ശേഷം ആദ്യം അഞ്ച് ലക്ഷം രൂപ അടച്ചു. പ്രമുഖ കമ്പനികളുടെ ഓഹരികൾ നല്‍കുമന്നായിരുന്നു വാഗ്ദാനം.

താമസിയാതെ ഡോക്ടറുടെ അക്കൗണ്ടിലേക്ക് ലാഭവിഹിതമായി ഒരു ലക്ഷം രൂപ എത്തി. ഇതോടെ സംഘത്തെ വിശ്വസിച്ച ഡോക്ടർക്ക് മുന്നിൽ കൂടുതൽ വാഗ്ദാനങ്ങളും എത്തി. കൂടുതൽ ഓഹരികൾ വാഗ്ദാനം ചെയ്ത് പല തവണകളായി ഡോക്ടറിൽ നിന്ന് തട്ടിപ്പ് സംഘം 87 ലക്ഷം രൂപ വാങ്ങി. വാലറ്റിൽ അതനുസരിച്ച് ലാഭവിഹിതം കാണിക്കുകയും ചെയ്തു. എന്നാൽ പണം പിന്‍വലിക്കാനായില്ല. പണം ചോദിക്കുമ്പോൾ ഇൻഷുറൻസ് ഇനത്തിലും മറ്റുമായി പണം അടച്ചാലെ തുക പിന്‍വലിക്കാനാകൂ എന്നായിരുന്നു മറുപടി.

ലാഭവിഹിതത്തിൽ നിന്ന് ഈടാക്കാൻ പറഞ്ഞെങ്കിലും സമ്മതിച്ചില്ല. ഇതോടെ വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലായതോടെ ഡോക്ടർ സൈബർ പൊലീസിൽ പരാതി നല്‍കുകയായിരുന്നു. പല ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് സംഘം പണം സ്വീകരിച്ചത്. ഒരോ തവണ പണം വാങ്ങുമ്പോഴും പുതിയ അക്കൗണ്ട് നമ്പറുകൾ അയക്കുന്ന രീതിയാണ് സ്വീകരിച്ചത്. ഇന്ത്യയിലും വിദേശത്ത് നിന്നും സംഘം ഈ അക്കൌണ്ടുകളിൽ നിന്നും പണം പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

അന്യസംസ്ഥാനക്കാരിയായ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ

കരുനാഗപ്പള്ളി.അന്യസംസ്ഥാനക്കാരിയായ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ്  പിടികൂടി. കുലശേഖരപുരം, കോട്ടയ്ക്കപ്പുറം, കടവില്‍ വീട്ടില്‍ ജോയ് മകന്‍ ജോമോന്‍ (29) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്.  അടുക്കളയില്‍ പാചകം ചെയ്യുകയായിരുന്ന യുവതിയെ, വീടിനുള്ളില്‍ അതിക്രമിച്ചു കയറിയ ജോമോന്‍ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. തുടര്‍ന്ന് യുവതി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. കരുനാഗപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ ബിജു വിയുടെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷെമീര്‍, കണ്ണന്‍     എസ്.സിപിഒ മാരായ ഹാഷിം, രാജീവ് കുമാര്‍, സിപിഒ ഗ്രീഷ്മ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ചിത്രകല പഠിപ്പിക്കാനെത്തി, ആറാം ക്ലാസ് വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകന് ശിക്ഷ

തിരുവനന്തപുരം.ആറാം ക്ലാസ് വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകന് ശിക്ഷ വിധിച്ച് കോടതി. 12 വർഷ കഠിനതടവും ഇരുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പാങ്ങപ്പാറ സ്വദേശി രാജേന്ദ്രനാണ് പ്രതി. പിഴത്തുക കുട്ടിക്ക് നൽകണമെന്നും തുക അടച്ചില്ലെങ്കിൽ നാലുമാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി.

2023 മെയിലാണ് സംഭവം. അയൽവാസി കൂടിയായ അധ്യാപകൻ ഒരു മാസം കുട്ടിയെ ചിത്രകല പഠിപ്പിക്കാൻ വീട്ടിലെത്തി. പഠിപ്പിക്കാൻ വന്നിരുന്ന കാലത്ത് പ്രതി പലതവണ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുമായിരുന്നു. പലതവണ ഇയാൾ ലൈംഗികമായി ഉപദ്രവിച്ചിട്ടും വിദ്യാർത്ഥി പേടികൊണ്ട് പുറത്ത് പറഞ്ഞില്ല. മനുഷ്യ ശരീരം വരയ്ക്കാൻ പഠിപ്പിക്കാമെന്ന് പറഞ്ഞ് സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുന്നത് പതിവാക്കി.പീഡനം സഹിക്കവയ്യാതെ മാതാവിനോട് വിവരം വെളിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് ശ്രീകാര്യം പോലീസിന് വീട്ടുകാർ പരാതി നൽകിയത്. 12 വർഷം കഠിനതടവും 20,000 രൂപയും ആണ് ശിക്ഷ.പിഴത്തുക കുട്ടിക്ക് കൈമാറണം. പിഴിയടച്ചില്ലെങ്കിൽ നാലുമാസം അധിക തടവ് അനുഭവിക്കണം. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജ് ആർ രേഖയാണ് ശിക്ഷ വിധിച്ചത്.

അപരനെക്കുറിച്ച് പാര്‍ട്ടിക്കറിയില്ല കേട്ടോ

പാലക്കാട്. രാഹുൽ മാങ്കൂട്ടത്തിലിന് രണ്ട് അപരന്മാർ ഉണ്ടായത് എങ്ങനെയെന്ന് അറിയില്ലെന്ന് ഡോ പി സരിൻ. താനോ പാർട്ടിയോ അറിഞ്ഞുകൊണ്ട് അപരൻമാരെ നിർത്തിയിട്ടില്ല. പാർട്ടി സ്നേഹം ഉള്ള ആരെങ്കിലും നിർത്തിയിട്ടുണ്ടോ എന്നറിയില്ലെന്നും സരിൻ മാധ്യമങ്ങളോട്. രാഹുൽ ആർ,രാഹുൽ ആർ മണലഴി എന്നിവരാണ് മാങ്കൂട്ടത്തിന് ഭീഷണിയായി പത്രിക നൽകിയത്

തവിടിന്റെ ഇടയിൽ കടത്താൻ ശ്രമിച്ച സ്പിരിറ്റ് പിടികൂടി

പെരുമ്പാവൂര്‍. മണ്ണൂരിൽ സ്പിരിറ്റ് വേട്ട. തവിടിന്റെ ഇടയിൽ കടത്താൻ ശ്രമിച്ച 54 കന്നാസ് സ്പിരിറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് പിടികൂടി. ഏകദേശം ആയിരത്തി എണ്ണൂറ് ലിറ്ററിലേറെ സ്പിരിറ്റ് ഉണ്ടാകും. കോട്ടയത്തേക്കുള്ള ലോഡ് ആണ്
രഹസ്യ വിവരത്തെ തുടർന്ന് പിടികൂടിയത്. രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തു. കോട്ടക്കൽ സ്വദേശി ബാബു, ചാലക്കുടി സ്വദേശി വിനോദ് എന്നിവരാണ് കസ്റ്റഡിയിൽ. കർണാടക ഹുബ്ലിയില് നിന്നുള്ള ലോഡ് ആണെന്ന് ഇവർ എക്സൈസ് ഉദ്യോഗസ്ഥരോട് സമ്മതിച്ചു