26.3 C
Kollam
Wednesday 22nd October, 2025 | 07:34:33 PM
Home Blog Page 1969

തൊടിയൂർ പുലിയൂർ വഞ്ചി വടക്ക് മധു വിലാസത്തിൽ ഓമനഅമ്മ നിര്യാതയായി

കരുനാഗപ്പള്ളി: തൊടിയൂർ പുലിയൂർ വഞ്ചി വടക്ക് മധു വിലാസത്തിൽ പരേതനായ ഭാർഗ്ഗവൻ പിള്ളയുടെ ഭാര്യ ഓമനഅമ്മ (86) നിര്യാതയായി.മക്കൾ – മധുസൂദനൻ പിള്ള (late), ബാബുരാജൻ പിള്ള, ശശിധരൻ പിള്ള, രഖുനാഥൻ പിള്ള, രമാദേവി.

മരുമക്കൾ – സുമ എം പിള്ള, ശ്രീലേഖ, രാധാമണി, ഷീല, രാമകൃഷ്ണൻ. സംസ്ക്കാര ചടങ്ങുകൾ ബുധന്‍ രാവിലെ 11 മണിക്ക് വീട്ട് വളപ്പിൽ

കൊല്ലത്തിനും മംഗളൂരുവിനുമിടയിൽ ഓണം സ്പെഷ്യൽ ട്രെയിനുകൾ

കൊല്ലം. കൊല്ലത്തിനും മംഗളൂരുവിനുമിടയിൽ അവധിക്കാലം പ്രമാണിച്ച് സ്പെഷൽ ടെയിനുകൾ അനുവദിച്ച് റയിൽവേ.കൊല്ലം മംഗളൂരു ജംഗ്ഷൻ ഫെസ്റ്റിവൽ സ്പെഷ്യൽ സെപ്തംബർ 9 മുതൽ ഓടിത്തുടങ്ങും.മംഗളൂരുവിൽ നിന്ന് രാത്രി 11 മണിക്ക് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം 10.20 ന് കൊല്ലത്തെത്തും.കൊല്ലത്തു നിന്നും രാത്രി 7.55 ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 7.30 ക്ക് മംഗളൂരുവിലെത്തും.

തൃശ്ശൂർ പൂരം പൊലീസ് കലക്കി, പി വി അൻവറിൻ്റെ ആരോപണം ഏറ്റെടുത്ത് വി എസ് സുനിൽകുമാർ

തൃശ്ശൂർ പൂരം പൊലീസ് കലക്കിയെന്ന പി വി അൻവറിൻ്റെ ആരോപണം ഏറ്റെടുത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി എസ് സുനിൽകുമാർ. പൂരം കലക്കിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഗൂഢാലോചന. സംഭവത്തിലെ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന് വി എസ് സുനിൽകുമാറും തിരുവമ്പാടി ദേവസ്വവും ആവശ്യപ്പെട്ടു. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ജുഡീഷണൽ അന്വേഷണം വേണമെന്ന നിലപാടിലാണ് കെ മുരളീധരൻ.


സിപിഐഎമ്മിനെ കൂടുതൽ പ്രതിരോധത്തിലേക്ക് തള്ളിവിടുകയാണ് പിവി അൻവറിന്റെ ആരോപണം ഏറ്റെടുത്തുള്ള വിഎസ് സുനിൽകുമാറിന്റെ പടയൊരുക്കം. പൂരം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പൂരം കലക്കിയതാരെന്ന അന്വേഷണ റിപ്പോർട്ട് സർക്കാർ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. ഇതിനിടയിലാണ് റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നൽകാനുള്ള സുനിൽകുമാറിന്റെ രാഷ്ട്രീയ നീക്കം. എഡിജിപി എംആർ അജിത് കുമാർ അന്വേഷിച്ച റിപ്പോർട്ടാണ് സർക്കാർ പൂഴ്ത്തിയത്.

റിപ്പോർട്ട് പുറത്തുവന്നാൽ ആരെയെങ്കിലും സംരക്ഷിച്ചിട്ടുണ്ടെങ്കിൽ അതും മനസ്സിലാക്കാൻ കഴിയുമെന്നാണ് സുനിൽകുമാർ പറയുന്നത്.

പൂരം നിർത്തിവച്ചതോടെ സേവാഭാരതിയുടെ ആംബുലൻസിലെത്തിയ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയെത്തിയുടെ അപ്രതീക്ഷിത വരവും വത്സൻ തില്ലങ്കേരി അടക്കമുള്ള ആർഎസ്എസ് നേതാക്കൾ നേരത്തെ ക്യാമ്പ് ചെയ്തതും ഗൂഢാലോചന വെളിവാക്കുന്നുവെന്ന് സുനിൽകുമാർ.

പൂരപ്രേമി എന്ന നിലയിൽ ചോദ്യങ്ങൾ ഉയർത്തി സർക്കാരിനുമേൽ പൂരപ്രേമികളുടെ വികാരമായി വിഷയത്തെ അവതരിപ്പിക്കാനാണ് സുനിൽകുമാർ ലക്ഷ്യംവെക്കുന്നത്. അതിനിടെ റിപ്പോർട്ട് പുറത്തുവിടണമെന്ന് തിരുവമ്പാടി ദേവസ്വവും ബിജെപി തൃശ്ശൂർ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.

പോക്സോ കേസ് പ്രതിയായ വൈദികനെ പോലീസ് സഹായിച്ചതായി ആരോപണം,പ്രതി ഒളിവില്‍ പോയി

തൃശ്ശൂർ. മാളയിൽ പോക്സോ കേസ് പ്രതിയായ വൈദികനെ പോലീസ് സഹായിച്ചതായി ആരോപണം. മാള പ്ലാവിൻമുറി പള്ളി വികാരിയായിരുന്ന റീസ് വടാശ്ശേരിക്ക് എതിരെയാണ് പെൺകുട്ടിയെ ഉപദ്രവിച്ചതിന് പോക്സോ കേസ് എടുത്തത്. എന്നാൽ കുടുംബം മാത്രം അറിഞ്ഞു നൽകിയ പരാതി പോലീസിന്റെ കയ്യിൽ എത്തിയതോടെ വൈദികൻ ഒളിവിൽ പോവുകയായിരുന്നു. പരാതി ലഭിച്ചു മൂന്നു ദിവസത്തിനു ശേഷമാണ് പോലീസ് വൈദികനായി അന്വേഷണം ആരംഭിച്ചതൊന്നു മാണ് ആക്ഷേപം.

ഒരു വർഷം മുമ്പാണ് പെൺകുട്ടി ലൈംഗിക അതിക്രമത്തിനിരയായത്. കഴിഞ്ഞവർഷമാണ് ഇവിടെ വികാരിയായിരുന്ന റീസ് വടാശ്ശേരി പെൺകുട്ടിയോട് അതിക്രമം നടത്തിയത്. തുടർന്ന് ഇയാൾ പെണ്‍കുട്ടിയെ അതിക്രമം പുറത്തു പറയാതിരിക്കാൻ നിരന്തരമായി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പറയുന്നു. മാനസിക സമ്മർദ്ദം താങ്ങാനാകാതെ കുട്ടി സുഹൃത്തുക്കളോട് വിവരം പറയുകയും അവർക്ക് രക്ഷിതാക്കളെ വിവരം അറിയിക്കുകയും ആയിരുന്നു. തുടർന്ന് നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിനോടുവിലാണ് മാള പോലീസ് വൈദികനെതിരെ കേസെടുത്തത്. പോലീസ് കേസെടുത്തതോടെ വൈദികൻ ഒളിവിൽ പോയതായാണ് വിവരം. പോലീസിനും കുടുംബത്തിനും മാത്രമായിരുന്നു കുട്ടി പരാതി നൽകിയ വിവരം അറിവുണ്ടായിരുന്നത്. ഇതിനിടയിൽ വൈദികൻ ഒളിവിൽ പോയതിന് പിന്നിൽ പോലീസ് അട്ടിമറി ഉണ്ടെന്നാണ് ഉയരുന്ന ആക്ഷേപം.

അടൂർ – മലനട – മെഡിക്കൽ കോളേജ് വഴി തിരുവനന്തപുരം ബസ് സർവ്വീസ് ആരംഭിക്കണം

ശാസ്താംകോട്ട:അടൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും മലനട ക്ഷേത്രം,ചക്കുവള്ളി,ഭരണിക്കാവ്,
കുണ്ടറ,കൊട്ടിയം,ആറ്റിങ്ങൽ, മെഡിക്കൽ കോളേജ് വഴി തിരുവനന്തപുരത്തേക്ക് ബസ് സർവ്വീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തം.തിരുവനന്തപുരം മെഡിക്കൽ കോളേജ് വഴി ബസ് സർവ്വീസ് ഇല്ലാത്തതിനാൽ പോരുവഴി പഞ്ചായത്തിലെ രോഗികൾ അടക്കമുള്ളവർ വലയുകയാണ്.മലനട ക്ഷേത്രം വഴി സർവ്വീസ് ആരംഭിച്ച് ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.രാവിലെ 5ന് അടൂർ ഡിപ്പോയിൽ നിന്നും ആരംഭിച്ച് മലനട – ചക്കുവള്ളി വഴി മെഡിക്കൽ കോളേജിൽ എത്താവുന്ന തരത്തിൽ സർവ്വീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി വരിക്കോലിൽ ബഷീർ കൊടിക്കുന്നിൽ സുരേഷ് എം.പി ക്ക് നിവേദനം നൽകി.തുടർന്ന് പരാതിയിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് എം.പി ഗതാഗത വകുപ്പ് മന്ത്രിക്ക് കത്ത് നൽകുകയും ചെയ്തു.

ഗുരുതര ആരോപണങ്ങളുയര്‍ന്നിട്ടും എഡിജിപി എം ആര്‍ അജിത്കുമാറിന് തരിമ്പും നോവാതെ സര്‍ക്കാര്‍

തിരുവനന്തപുരം . ഗുരുതര ആരോപണങ്ങളുയര്‍ന്നിട്ടും എഡിജിപി എം.ആര്‍ അജിത്കുമാറിനെ സംരക്ഷിച്ച് സര്‍ക്കാര്‍. അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലും അജിത്കുമാറിന് സര്‍ക്കാരിന്റെ സംരക്ഷണം. അന്വേഷണ സംഘത്തെ നിയോഗിച്ച് പുറപ്പെടുവിച്ച ഉത്തരവിലും അജിത്കുമാറിനെതിരെ അന്വേഷണമെന്നില്ല. എന്നാല്‍ അജിത്കുമാര്‍ ഉന്നയിച്ച പരാതി അന്വേഷിക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിര ഉയര്‍ന്ന ആരോപണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു.

ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത്കുമാറിനെതിരെ ഗുരുതര ആരോപണമാണ് ഭരണകക്ഷി എം.എല്‍.എയായ പി.വി.അന്‍വര്‍ ഉന്നയിച്ചത്. തൊട്ടുപിന്നാലെ ആരോപണത്തില്‍ മുഖ്യമന്ത്രി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. രാത്രി ഡിജിപിയുമായി ചര്‍ച്ച നടത്തിയ ശേഷം അന്വേഷണ സംഘത്തെ തീരുമാനിച്ചു. എന്നാല്‍ ആരോപണ വിധേയനായ എം.ആര്‍.അജിത്കുമാറിനെ സ്ഥാനത്തു നിന്നും മാറ്റാന്‍ തയാറാകാതെ സംരക്ഷിക്കുകയായിരുന്നു. സ്ഥാനത്തുനിന്നും മാറ്റണമെന്ന ഡിജിപിയുടെ നിര്‍ദ്ദേശവും അട്ടിമറിക്കപ്പെട്ടു. ഇന്നുരാവിലെയാണ് അന്വേഷണ സംഘം രൂപീകരിച്ചിറക്കിയ ഉത്തരവിലും എം.ആര്‍.അജിത്കുമാറിനെ സര്‍ക്കാര്‍ സംരക്ഷിച്ചു. പി.വി.അന്‍വര്‍ ഓഗസ്റ്റ് 23ന് നല്‍കിയ പരാതിയിലും തുടര്‍ന്നുള്ള ആരോപണങ്ങളിലും സമഗ്ര അന്വേഷണം നടത്തണമെന്നു മാത്രമാണ് ഉത്തരവിലുള്ളത്. എം.ആര്‍.അജിത്കുമാറിനെതിരെ അന്വേഷണം എന്നത് ഉത്തരവില്‍ വരാതിരിക്കാനും സര്‍ക്കാര്‍ ശ്രദ്ധിച്ചു. അതേ സമയം എം.ആര്‍.അജിത്കുമാര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്താനും സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.

അജിത്കുമാറിനെ സ്ഥാനത്തു നിന്നും മാറ്റിയാല്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയേയും മാറ്റേണ്ടി വരും. ഇതിനാലാണ് അജിത്കുമാറിനെതിരെ നടപടിയുണ്ടാകാത്തതെന്നാണ് സൂചന. സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പ്രതിപക്ഷവും ബി.ജെ.പിയും ഉന്നയിക്കുന്നത്.

കടലില്‍ അടിയന്തര ലാന്‍ഡിങ് നടത്തുന്നതിനിടെ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റർ തകർന്നു വീണു, പൈലറ്റുമാര്‍ ഉള്‍പ്പെടെ മൂന്നുപേരെ കാണാതായി

പോര്‍ബന്തര്‍.ഗുജറാത്തിലെ പോര്‍ബന്ദറില്‍ കടലില്‍ അടിയന്തര ലാന്‍ഡിങ് നടത്തുന്നതിനിടെ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റർ തകർന്നു വീണു. പൈലറ്റുമാര്‍ ഉള്‍പ്പെടെ മൂന്നുപേരെ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി.ഹെലികോപ്റ്ററില്‍ രണ്ടു പൈലറ്റുമാരും രണ്ട് എയര്‍ക്രൂ ഡൈവര്‍മാര്‍മാരും ഉള്‍പ്പെടെ നാല് ജീവനക്കാരാണ് ഉണ്ടായിരുന്നത്.ഇന്നലെ രാത്രി 11 മണിയോടെയാണ്‌ സംഭവം.
എണ്ണ ടാങ്കര്‍ ഹരിലീലയിലെ പരുക്കേറ്റ സെയിലറെ എയര്‍ലിഫ്റ്റ് ചെയ്യാന്‍ എത്തിയ ഹെലികോപ്റ്റർ ആണ് അപകടത്തിൽ പെട്ടത്.രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നാല് കപ്പലും രണ്ട് വിമാനവും വിന്യസിച്ചിട്ടുണ്ട്.

മാധ്യമ പ്രവർത്തകൻ മനോജ് ജോണിനെ മുംബെയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

മുംബൈ.മാധ്യമ പ്രവർത്തകൻ മനോജ് ജോണിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി . കൊല്ലം സ്വദേശിയാണ്. താമസിച്ചിരുന്ന സൊസൈറ്റയിലെ ചെയര്‍മാനാണ് മനോജിന്റെ മുറി രണ്ടു ദിവസമായി തുറക്കുന്നില്ലെന്നും ദുര്‍ഗന്ധം വരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് ജോജോ തോമസിനെ വിളിച്ചറിയിക്കുന്നത്. മനോജിന്റെ വാടക എഗ്രീമെന്റില്‍ ജോജോയുടെ നമ്പര്‍ റഫറന്‍സ് ആയി കൊടുത്തിരുന്നു. തുടര്‍ന്നാണ് വിവരം ഖാര്‍ഘറിലെ സാമൂഹിക പ്രവര്‍ത്തകരായ രാമകൃഷ്ണനേയും വത്സന്‍ മൂര്‍ക്കോത്തിനെയും അറിയിക്കുന്നത്. ഇവര്‍ സൊസൈറ്റി ചെയര്‍മാനുമൊത്ത് പൊലീസ് സ്റ്റേഷനിലെത്തി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. സംഭവമറിഞ്ഞു എസ് കുമാറും ഷാജി ഭാര്‍ഗവനും അടക്കമുള്ളവര്‍ സംഭവ സ്ഥലത്തെത്തി.

പിന്നീട് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് പോലിസിന്റെ സാന്നിധ്യത്തില്‍ മുറി തുറന്ന് മൃതദേഹം കണ്ടെടുത്തത്. മരിച്ചിട്ട് ഒന്നിലേറെ ദിവസമായി എന്നാണ് അറിയാന്‍ കഴിഞ്ഞത്.

മനോജിന്റെ അകാല വിയോഗത്തില്‍ മുംബൈയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അനുശോചിച്ചു.

വിട പറഞ്ഞത് മനുഷ്യസ്‌നേഹിയായ വാഗ്മിയും, ആക്ടിവിസ്റ്റും

മുംബൈയിലെ മികച്ച വാഗ്മിയും, എഴുത്തുകാരനും, മാധ്യമ പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ മനോജ് വൈറ്റ് ജോണ്‍ കഴിഞ്ഞ കുറച്ച് നാളുകളായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു.

ഇന്ത്യന്‍ ജനതയില്‍ ശാസ്ത്രീയ മനോഭാവം സൃഷ്ടിക്കുന്നതിലും അന്ധവിശ്വാസങ്ങള്‍ ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ നിരീശ്വരവാദികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ശക്തമായ പ്രചാരകനുമായാണ് മനോജ് അറിയപ്പെട്ടിരുന്നത്.

ഐക്യരാഷ്ട്രസഭയില്‍ പ്രത്യേക കണ്‍സള്‍ട്ടേറ്റീവ് പദവിയുള്ള വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള സ്വതന്ത്ര സംഘടനയായ നാസ്തിക അലയന്‍സ് ഇന്റര്‍നാഷണലിന്റെ ഡയറക്ടറാണ്.

പരിസ്ഥിതിവാദം, മനുഷ്യാവകാശങ്ങള്‍, എല്‍ജിബിടി അവകാശങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കായി പോരാടുന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയായ വീ ദ സാപിയന്‍സിന്റെ മേധാവി കൂടിയാണ് അകാലത്തില്‍ വിട പറഞ്ഞ മനോജ്.

മുംബൈ റാഷണലിസ്റ്റ് അസോസിയേഷന്‍ രൂപീകരിക്കുകയും വര്‍ഷങ്ങളോളം അതിന്റെ കണ്‍വീനറായി പ്രവര്‍ത്തിക്കുകയും ചെയ്തു.

അന്താരാഷ്ട്ര മാധ്യമ സ്ഥാപനങ്ങളുമായി എഡിറ്റോറിയല്‍ സിന്‍ഡിക്കേഷന്‍ ടൈ-അപ്പുകള്‍ നടത്തിയിരുന്നു. ദി ഫിനാന്‍ഷ്യല്‍ എക്സ്പ്രസ്, ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് തുടങ്ങിയ നിരവധി പ്രമുഖ ഇംഗ്ലീഷ് ദേശീയ പത്രങ്ങളില്‍ പത്രപ്രവര്‍ത്തകനായും ന്യൂസ്റൂമുകളുടെ തലവനായും മനോജ് പ്രവര്‍ത്തിക്കുകയും വിവിധ മാസികകളില്‍ വിഷയാധിഷ്ഠിത ലേഖനങ്ങള്‍ എഴുതുകയും ചെയ്തിരുന്നു.

സാമൂഹിക വിഷയങ്ങളില്‍ ഓണ്‍ലൈന്‍ ഡിബേറ്റുകള്‍ നടത്തി ശക്തമായ ഇടപെടലുകളും ജനങ്ങളെ ഉല്‍ബുദ്ധരാക്കുന്നതിലും മനോജ് നിരന്തരം പ്രയത്‌നിച്ചു

കേരളത്തില്‍ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ കുടുംബത്തിലാണ് മനോജ് ജനിച്ചത്. കൗമാരപ്രായത്തില്‍ തന്നെ ക്രിസ്തുമതം നിരസിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കടുത്ത വിവേചനവും ഒഴിവാക്കലും നേരിടുകയും ചെയ്തു. സ്വതന്ത്ര ചിന്താ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ സജീവമാകുന്നതിന് മുമ്പ് തീവ്ര ഇടതുപക്ഷ രാഷ്ട്രീയവുമായി മനോജിന് ബന്ധമുണ്ട്

‘അപരാജിത ബില്‍’ പശ്ചിമ ബംഗാള്‍ നിയമസഭ പാസ്സാക്കി…. ബലാത്സംഗകേസുകളില്‍ പ്രതിക്ക് വധശിക്ഷ… പീഡനങ്ങളില്‍ പ്രതിക്ക് പരോള്‍ ഇല്ലാതെ ജീവപര്യന്തം

ബലാത്സംഗക്കേസുകളില്‍ അതിവേഗ വിചാരണയും പരമാവധി ശിക്ഷയും ഉറപ്പു വരുത്തുന്ന ‘അപരാജിത ബില്‍’ പശ്ചിമ ബംഗാള്‍ നിയമസഭ പാസ്സാക്കി. സഭ ഏകകണ്ഠമായാണ് ബില്‍ പാസ്സാക്കിയത്. ബലാത്സംഗത്തെത്തുടര്‍ന്ന് ഇര കൊല്ലപ്പെടുകയോ, ശരീരം തളര്‍ന്ന അവസ്ഥയിലാകുകയോ ചെയ്താല്‍ പ്രതിക്ക് വധശിക്ഷ ബില്ലില്‍ നിര്‍ദേശിക്കുന്നു. ലൈംഗികപീഡനങ്ങളില്‍ പ്രതിക്ക് പരോള്‍ ഇല്ലാതെ ജീവപര്യന്തം തടവുശിക്ഷയും ശുപാര്‍ശ ചെയ്യുന്നു.
നിയമസഭ പാസ്സാക്കിയ ബില്‍ അംഗീകാരത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് നല്‍കാനാണ് മമത സര്‍ക്കാരിന്റെ തീരുമാനം. ബലാത്സംഗം, കൂട്ടബലാത്സംഗം, കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്ന കേന്ദ്ര നിയമങ്ങളില്‍ ഭേദഗതി കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമായി ഇതോടെ ബംഗാള്‍ മാറി. കല്‍ക്കത്ത ആര്‍ ജി കര്‍ മെഡിക്കല്‍ കോളജില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെയാണ് പുതിയ ബില്‍ കൊണ്ടു വരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ബലാത്സംഗം മനുഷ്യത്വത്തിന് നേര്‍ക്കുള്ള ശാപമാണ്. ഇത്തരം ഹീനമായ കുറ്റകൃത്യങ്ങള്‍ തടയാന്‍ സാമൂഹ്യ പരിഷ്‌കരണങ്ങള്‍ ആവശ്യമാണ്. ബില്‍ ചരിത്രപരമാണെന്നും, മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും, അപരാജിത ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ഭേദഗതി കൊണ്ടു വരുന്നതിലൂടെ, നിലവിലെ നിയമങ്ങളിലെ പഴുതുകള്‍ അടയ്ക്കുകയാണ് ലക്ഷ്യമിടുന്നത്. ബില്‍ നിയമമായാല്‍, അന്വേഷണം അതിവേഗം പൂര്‍ത്തീകരിക്കുന്നതിനായി സ്പെഷല്‍ അപരാജിത ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി മമത പറഞ്ഞു.
സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; ചത്തീസ്ഗഡില്‍ ഒന്‍പതു മാവോയിസ്റ്റുകളെ വധിച്ചു
കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ കൊല്ലപ്പെട്ട യുവ ഡോക്ടര്‍ക്കുള്ള ആദരം കൂടിയാണ് ഈ ബില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ബില്‍ അവതരണ വേളയില്‍ പ്രതിപക്ഷമായ ബിജെപി മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യമുയര്‍ത്തി ബഹളം വെച്ചു. അങ്ങനെയെങ്കില്‍ ഇതേ കാരണം ഉയര്‍ത്തി നിങ്ങള്‍ പ്രധാനമന്ത്രിയും ആഭ്യന്ത്രമന്ത്രിയും രാജിവെക്കണമെന്ന് ആവശ്യപ്പെടണമെന്ന് മമത തിരിച്ചടിച്ചു. ബംഗാളിനെ അപേക്ഷിച്ച് ഉത്തര്‍പ്രദേശിലും ഗുജറാത്തിലും സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ വളരെയേറെയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ബലാത്സംഗത്തിനെതിരെ ഫലപ്രദമായി നിയമം നടപ്പാക്കുന്നില്ലെന്നും മമത ബാനര്‍ജി ആരോപിച്ചു.

യുവതിയെ വിഷം നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

നീലഗിരി ജില്ലയിലെ ഊട്ടിക്ക് സമീപം വണ്ണാരപ്പേട്ടില്‍ യുവതിയെ വിഷം നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. ഭര്‍ത്താവ്, ഭര്‍ത്തൃമാതാവ്, ഭര്‍ത്താവിന്റെ സഹോദരന്‍, ഇവരുടെ സുഹൃത്ത് എന്നിരെയാണ് ഊട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഊട്ടി കാന്തലിലെ ഇമ്രാന്‍ഖാന്റെ ഭാര്യ ആഷിക പാര്‍വീനാണ് (22) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഇമ്രാന്‍ ഖാന്‍, സഹോദരന്‍ മുക്താര്‍, മാതാവ് യാസ്മിന്‍, കൂട്ടാളിയായ ഖാലിഫ് എന്നിവരാണ് അറസ്റ്റിലായത്.
ജൂണ്‍ 24നാണ് ആഷിക പര്‍വീണിനെ വിഷം കഴിച്ച നിലയില്‍ ഭര്‍തൃഗൃഹത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആഷികയെ ഊട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആഷികയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പൊലീസിന്റെ നിര്‍ദേശ പ്രകാരം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍, കൊല്ലപ്പെട്ട യുവതി ക്രൂരമായ മര്‍ദനത്തിനിരയായതായി തിരിച്ചറിഞ്ഞിരുന്നു. കഴുത്തിലും തോളിലും വാരിയെല്ലിലും പരിക്കേറ്റതായാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. പുനെയില്‍ നടന്ന ശാസ്ത്രീയപരിശോധനയില്‍ മരണകാരണം സയനൈഡ് ഉള്ളില്‍ ചെന്നതാണെന്ന് വ്യക്തമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ, ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് വിഷം കൊടുത്ത് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.
ഊട്ടി കണ്ടല്‍ സ്വദേശിയായ ഇമ്രാനും ആഷിക പര്‍വീണും 2021-ലാണ് വിവാഹിതരായത്. സ്ത്രീധനം ആവശ്യപ്പെട്ട് യാഷികയെ ഭര്‍തൃവീട്ടുകാര്‍ നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. വിവാഹശേഷം ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ മര്‍ദിച്ചിരുന്നതായി യുവതി മാതാപിതാക്കളോട് പറഞ്ഞിരുന്നു.