Home Blog Page 1945

വേങ്ങ പാരിപ്പള്ളില്‍ ശ്രീ ദുര്‍ഗാ ഭദ്രാദേവീക്ഷേത്രത്തിലെ സപ്താഹമണ്ഡപത്തിന്റെ സമര്‍പ്പണം നടന്നു

ശാസ്താംകോട്ട. വേങ്ങ പാരിപ്പള്ളില്‍ ശ്രീ ദുര്‍ഗാ ഭദ്രാദേവീക്ഷേത്രത്തിലെ സപ്താഹമണ്ഡപത്തിന്റെ സമര്‍പ്പണം കോവൂര്‍കുഞ്ഞുമോന്‍ എംഎല്‍എ നിര്‍വഹിച്ചു. സാംസ്‌കാരിക സമ്മേളനത്തിന്റൈ ഉദ്ഘാടനവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്‌റ് ഡോ. പികെ. ഗോപന്‍ നിര്‍വഹിച്ചു. അന്നദാനമണ്ഡപത്തിന്റെ ആദ്യ കൂപ്പണ്‍ വിതരണം കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം പിഎസ് ഗോപകുമാര്‍ നിര്‍വഹിച്ചു. ക്ഷേത്രഭരണ സമിതി പ്രസിഡന്റ് ജി ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്പ്രസിഡന്‌റ് വര്‍ഗീസ് തരകന്‍, വൈസ്പ്രസിഡന്‌റ് ബി സേതുലക്ഷ്മി, ബ്‌ളോക്ക് അംഗം വൈ ഷാജഹാന്‍, പഞ്ചായത്ത് അംഗം അഡ്വ. അനിത അനീഷ് ,സെക്രട്ടറി ജി രാധാകൃഷ്ണപിള്ള,ട്രഷറര്‍ എം മനോജ്കുമാര്‍, അംഗങ്ങളായ എ ജയകുമാര്‍, എന്‍ ഓമനക്കുട്ടന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു

സ്വകാര്യ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ചു കയറി

ആറ്റിങ്ങല്‍. സ്വകാര്യ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ചു കയറി.ആറ്റിങ്ങലിൽ ആണ് സംഭവം. പരിക്കേറ്റ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലംകോട്ടെ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറച്ച ശേഷം മടങ്ങി വരികയായിരുന്നു ബസ്. സമീപത്തെ മതിൽ ഇടിച്ചു തകർത്താണ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറിയത്

തേവലക്കര സി എം എസ് എൽ പി സ്കൂളിൽ ഭക്ഷ്യമേളയും അടുക്കള പച്ചക്കറി തോട്ടത്തിൻ്റെ ഉത്ഘാടനവും

മൈനാഗപ്പള്ളി :തേവലക്കര സി എം എസ് എൽ പി സ്കൂളിൽ ഭക്ഷ്യമേളയും അടുക്കള പച്ചക്കറി തോട്ടത്തിൻ്റെ ഉത്ഘാടനവും നടന്നു…സ്കൂൾ പി ടി എ പ്രസിഡൻ്റ് എൻ. നിയാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഥമ അധ്യാപിക ബെൻസി ആർ. ദീന സ്വാഗതം ആശംസിച്ചു…

മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വർഗീസ് തരകൻ ഭക്ഷ്യ മേള ഉത്ഘാടനം ചെയ്തു..
കുട്ടികൾ വീട്ടിൽ തയ്യാറാക്കി കൊണ്ടുവന്ന വിവിധ തരം ഭക്ഷണങ്ങൾ കൊണ്ട് ഭക്ഷ്യമേള ശ്രദ്ധേയമായി…അടുക്കള പച്ചക്കറി തോട്ടത്തിൻ്റെ ഉത്ഘാടനം പച്ചക്കറി തൈ നട്ട് കൊണ്ട് ചവറ ഉപജില്ലാ നൂൺ മീൽ ഓഫീസർ കെ.ഗോപകുമാർ നിർവഹിച്ചു.

വാർഡ് മെമ്പർ ഷാജി ചിറക്കുമേൽ ,സ്കൂൾ ലോക്കൽ മാനേജർ. റവ. ക്രിസ് ഡേവിഡ് ഡാനിയേൽ, എക്സിക്യൂട്ടിവ് അംഗം ഡേവിഡ് ലൂക്കോസ്, ബി ആർ സി കോർഡിനേറ്റർ പ്രദീപ്കുമാർ,മോഹൻദാസ് തോമസ്, മുഹ്സിൻ ആനടിയിൽ,സിബി തോമസ് തുടങ്ങിയവർ സംസാരിച്ചു…

കൊല്ലം സഹോദയ മലയാളം ഭാഷോത്സവം : ഫസ്റ്റ് റണ്ണർ അപ്പായി ബ്രൂക്ക് ഇന്റർനാഷണൽ

ശാസ്താംകോട്ട : കൊല്ലം സഹോദയയുടെ നേതൃത്വത്തിൽ അഞ്ചൽ സെന്റ്. ജോൺസ് സ്കൂളിൽ വെച്ചുനടന്ന മലയാളം ഭാഷോത്സവത്തിൽ ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ ഫസ്റ്റ് റണ്ണർ അപ്പ് ആയി മാറി.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ

സി.ബി.എസ്.ഇ സഹോദയയുടെ സ്കൂളുകളുടെ മലയാളം സംഘടനയായ കൊല്ലം ഭാഷോത്സവത്തിൽ ഇത്തവണ ഇരുപത്തിയഞ്ച് സ്‌കൂളുകളാണ് മത്സരിച്ചത്. അതിൽ കാറ്റഗറി 1 ൽ സെക്കന്റ് റണ്ണർ അപ്പായും കാറ്റഗറി II ൽ ഫസ്റ്റ് റണ്ണർ അപ്പായും കാറ്റഗറി III ൽ ഫസ്റ്റ് റണ്ണർ അപ്പായും കാറ്റഗറി IV ൽ സെക്കന്റ് റണ്ണർ അപ്പായും ആണ് ബ്രൂക്ക് ഓവറാൾ ചാമ്പ്യൻഷിപ്പിൽ ഫസ്റ്റ് റണ്ണർ അപ്പായി മാറിയത്.

ശാസ്താംകോട്ട തടാകത്തിൽ വള്ളം മറിഞ്ഞ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെടുത്തു

ശാസ്താംകോട്ട. തടാകത്തിൽ അമ്പലക്കടവിനു സമീപം വള്ളം മറിഞ്ഞ് കാണാതായ യുവാവിൻ്റെ മൃതദേഹം മണിക്കൂറുകൾ നീണ്ട തിരച്ചലിനൊടുവിൽ കണ്ടെടുത്തു.തേവലക്കര അരിനല്ലൂർ പൊന്നമ്പലത്തിൽ വീട്ടിൽ ഓമനക്കുട്ടൻ്റെയും മിനിയുടെയും മകൻ അഖിലാണ് (22) മരിച്ചത്.ഞായറാഴ്ച വൈകിട്ട് വിളന്തറ നിവാസികളായ രണ്ട് യുവാക്കൾക്കൊപ്പം ഫൈബർ വള്ളത്തിൽ ശാസ്താംകോട്ട തടാകത്തിൽ എത്തിയതായിരുന്നു.കനത്ത മഴയിൽ വള്ളം മറിയുകയായിരുന്നു.മറ്റു രണ്ടു പേരും നീന്തി രക്ഷപ്പെട്ടു.

അഖിലിനായി ശാസ്താംകോട്ട പോലീസും ഫയർഫോഴ്സും വ്യാപക തിരച്ചിൽ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.കൊല്ലത്ത് നിന്നുമെത്തിയ സ്കൂബാ ടീം തിങ്കളാഴ്ച രാവിലെ മുതൽ പരിശോധന നടത്തിയെങ്കിലും വൈകിട്ട് ശക്തമായ മഴയെ തുടർന്ന് മടങ്ങുകയായിരുന്നു.പിന്നീട് ശാസ്താംകോട്ട ഫയർ ഫോഴ്സാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.സംസ്ക്കാക്കാരം പിന്നീട്.സഹോദരങ്ങൾ:അജിത്ത്,
അപർണ.

മൈനർ ഇറിഗേഷൻ എച്ഛ് ആർ വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം

കൊല്ലം. മൈനർ ഇറിഗേഷൻ എച്ഛ് ആർ വർക്കേഴ്സ് യൂണിയൻ യൂണിയൻ (കെ റ്റി യൂ സി എം)ജില്ലാ സമ്മേളനം കേരളാ കോൺഗ്രസ്സ്(എം)ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ കൊല്ലം മർച്ചന്റ് ചേമ്പർ ഹാളിൽ ഉദ്ഘാടനം ചെയ്തു.യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ഇഞ്ചക്കാട് രാജൻ ആദ്യക്ഷനായിരുന്നു.ജനവാസമില്ലാത്ത ഉൾപ്രേദേശങ്ങളിൽ ജോലി ചെയ്യുന്ന എച്ഛ് ആർ ജീവനക്കാരുടെ ജോലി സുരക്ഷിതത്വം സർക്കാർ ഉറപ്പുവരുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.ട്രാക്കോ കേബിൾസ് ലിമിറ്റഡ് കമ്പനി ചെയർമാനായ സർക്കാർ നിയമിച്ച വഴുതാനത്ത് ബാലചന്ദ്രനെ പൊന്നാട അണിയിച്ഛ് ഉപഹാരം നൽകി യോഗം ആദരിച്ചു.സമ്മേളനത്തിൽ കേരളാ കോൺഗ്രസ്സ് (എം)സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ഏ ഇക്ബാൽ കുട്ടി ,യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി ജി ചന്ദ്രശേഖരൻ, കെ ദിലീപ് കുമാർ,എം മോഹനൻ പിള്ള , ജെ അനസ് , ആർ രാജേന്ദ്രൻ , പി കെ മുരളി , പി വി ശിവദാസൻ , കെ രാധാകൃഷ്ണ കുറുപ്പ് , സി ജയേഷ് കുമാർ , എന്നിവർ പ്രസംഗിച്ചു.

ശാസ്താംകോട്ട ജംഗ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റ് മറയത്തക്ക രീതിയിൽ സ്ഥാപിച്ചിരിക്കുന്ന പരസ്യബോർഡ് നീക്കം ചെയ്യും

ശാസ്താംകോട്ട:കുന്നത്തൂർ സബ് ആർടി ഓഫീസിന് സ്ഥലം കൈമാറുന്ന വിഷയത്തിൽ റവന്യൂ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ആഭ്യന്തരവകുപ്പു സെക്രട്ടറിയുമായി ചർച്ച നടത്തുന്നതിന് താലൂക്ക് വികസന സമിതി യോഗത്തിൽ തീരുമാനമായി.ആഞ്ഞിലിമൂട്ടിൽ പള്ളിക്ക് സമീപത്തെ മരം രണ്ട് ആഴ്ച്ചക്കുള്ളിൽ മുറിച്ചുമാറ്റുന്നതിന് ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.ശാസ്താംകോട്ട ജംഗ്ഷൻ മുതൽ ക്ഷേത്രം വരെയുളള റോഡ്,വെട്ടിക്കാട്ട്-തേവലക്കര റോഡിലെ കലുങ്ക് നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കുന്നതിന് പൊതുമരാമത്ത്
നിരത്തുവിഭാഗം അസി.എഞ്ചിനീയർക്ക് നിർദ്ദേശം നൽകി.ശാസ്താംകോട്ട ജംഗ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റ് മറയത്തക്ക രീതിയിൽ സ്ഥാപിച്ചിരിക്കുന്ന പരസ്യബോർഡ് നീക്കം ചെയ്യും.ചക്കുവള്ളി-പുതിയകാവ് റോഡിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് റോഡ് സുരക്ഷാ മീറ്റിംഗിൽ അവതരിപ്പിക്കുന്നതിനും ടോറസ് പോലെയുളള വലിയ വാഹനങ്ങളുടെ വേഗ നിയന്ത്രണത്തിന് പോലീസും മോട്ടർ വാഹന വകുപ്പും നടപടി സ്വീകരിക്കുന്നതിനും നിർദ്ദേശിച്ചു.പടിഞ്ഞാറെ കല്ലട,മൈനാഗപ്പള്ളി, ശാസ്താംകോട്ട പഞ്ചായത്തുകളിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി പടിഞ്ഞാറെ കല്ലടയിൽ 2 പുതിയ ട്രാൻസ്ഫോമർ സ്ഥലം കണ്ടത്തി അടിയന്തിരമായി പ്രവർത്തനക്ഷമമാക്കുന്നതിന് ശാസ്താംകോട്ട അസി.എക്സി.എഞ്ചിനീയറെ ചുമതലപ്പെടുത്തി.കാരാളിമുക്കിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനക്ഷമമാക്കുന്നതിനും കാരാളിമുക്ക് -കടപുഴ റോഡിലെ കാട് സന്നദ്ധപ്രവർത്തകരെ ഉപയോഗിച്ച് വെട്ടുന്നതിന് പടിഞ്ഞാറെ കല്ലട പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.കരുനാഗപ്പള്ളിയിൽ നിന്നും ശാസ്താംകോട്ടയിലേക്ക് രാത്രി 7 കഴിഞ്ഞ് ബസ് അനുവദിക്കുന്നതിനും റെയിൽവെ സ്റ്റേഷൻ വഴിയും മൈനാഗപ്പള്ളി സിഎച്ച്സി വഴിയും ഉൾപ്പെടെ കെഎസ്ആർടിസി സർവ്വീസ് ആരംഭിക്കുന്നതിന് മന്ത്രി തലത്തിൽ ചർച്ച നടത്തി തുടർ നടപടികൾ സ്വീകരിക്കുന്നതിനും,ശൂരനാട് സിഎച്ച്സി യിൽ അനുവദിച്ച ഐസൊലേഷൻ വാർഡിൻ്റെ കെട്ടിടം പണി പൂർത്തീകരിച്ച് പ്രവർത്തനക്ഷമാക്കുന്നതിലേക്ക് ആരോഗ്യമന്ത്രിയെ കണ്ട് തുടർ നടപടികൾ സ്വീകരിക്കുന്നതിനും തീരുമാനിച്ചു.അമ്മച്ചിമുക്ക്-കണ്ണമം-ഗിരിപുരം റോഡിൽ പൈപ്പ് ഇടുന്നതിലേക്ക് റോഡ് മുറിക്കുന്നതിന് നാഷണൽ ഹൈവേ അനുമതി നല്കിയിട്ടില്ലെന്നും എന്നാൽ വാട്ടർ അതോറിറ്റി പൈപ്പ് ഇടുന്നതിന് ബാക്കിയുളള നാഷണൽ ഹൈവേയുടെ ഭാഗമല്ലാത്ത റോഡുകളിലെ പ്രവർത്തി പൂർത്തിയാക്കുന്നതിനും തോപ്പിൽ മുക്ക്-കല്ലുകടവ് റോഡിൽ പൈപ്പ് സ്ഥാപിച്ച ഭാഗങ്ങളിൽ കോൺക്രീറ്റ് ചെയ്യുന്നതിന് വാട്ടർ അതോറിറ്റി അസി
എഞ്ചിനീയറെ ചുമതലപ്പെടുത്തി,മൈനാഗപ്പള്ളി സിഎച്ച്സിയിലെ സിവിൽ സർജൻ്റെ നിലവിലുള്ള ഒഴിവും ശാസ്താംകോട്ട പിഡബ്ല്യുഡി നിരത്തുവിഭാഗത്തിലെ ഓവർസിയർമാരുടെ ഒഴിവു നികത്തുന്നതിന് ബന്ധപ്പെട്ട വകുപ്പ് മേലധികാരികൾക്ക് നിർദ്ദേശം നൽകുന്നതിനും,
താലൂക്ക് ആശുപത്രി കെട്ടിടം നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കി എൻഎച്ച്എം വഴി അനുവദിച്ച തുക ലാപ്സാകാതിരിക്കുന്നതിലേക്ക് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന്
പൊതു മരാമത്ത് അസി.എഞ്ചിനീയറെ ചുമതലപ്പെടുത്തുന്നതിനും,ഭരണിക്കാവ് ജംഗ്ഷനിലെ സിഗ്നൽ ലൈറ്റ് 16 ന് പ്രവർത്തന ക്ഷമാക്കുന്നതിനും
യോഗത്തിൽ തീരുമാനമായി.കുന്നത്തൂർ വില്ലേജിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നടക്കുന്ന കല്ലുവെട്ട് സംബന്ധിച്ച വിഷയത്തിൽ നിയമാനുസൃതമല്ലാതെ കല്ല് വെട്ടിയിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുന്നതിന് തഹസീൽദാരെ ചുമതലപ്പെടുത്തി.കോവൂർ കുഞ്ഞുമോൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുന്ദരേശൻ,മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വർഗ്ഗീസ് തരകൻ,ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജ.എസ്.കെ,ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ്.ശ്രീകുമാർ ,ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്ഗീത.ആർ,വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ തുണ്ടിൽ നഷാദ്,കാരാളി വൈ സമദ്,സാബു ചക്കുവള്ളി,പുത്തൂർ സനിൽ,ഗ്രിഗറി.വൈ,കുറ്റിയിൽ നിസ്സാം,അഡ്വ.കുറ്റിയിൽ ഷാനവാസ്, വിവിധ വകുപ്പു മേലധികാരികൾ,കൊല്ലം ഡെപ്യൂട്ടി കളക്ടർ(എൽ.ആർ),തഹസിൽദാർ, ഭൂരേഖ തഹസിൽദാർ എന്നിവർ പങ്കെടുത്തു

വീടുകയറി ആക്രമണം; പ്രതി പിടിയില്‍

കൊല്ലം: വീടുകയറി ആക്രമണം നടത്തിയ പ്രതി പിടിയിലായി. തങ്കശ്ശേരി, ബോണോവിസ്റ്റയില്‍ ജെഫേഴ്‌സണ്‍ (49) ആണ് പള്ളിത്തോട്ടം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ഭാര്യ താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി, ഭാര്യയെ അസഭ്യം പറയുകയും കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇത് തടയാന്‍ ശ്രമിച്ച യുവതിയുടെ മാതാവിനെയും മകനെയും ഇയാള്‍ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
യുവതി പോലീസിനെ വിവരം വിളിച്ചറിയച്ചതിനെ തുടര്‍ന്ന് പള്ളിത്തോട്ടം പോലീസ് സംഭവ സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഏറെനാളായി പ്രതിയും ഭാര്യയും പിണങ്ങി കഴിഞ്ഞു വരുകയായിരുന്നു.

മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ പ്രതി പിടിയില്‍

കൊല്ലം: മുക്കുപണ്ടം പണയംവെച്ച് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും പണം തട്ടിയെടുത്ത പ്രതി പിടിയിലായി. കായംകുളം, കൃഷ്ണപുരം, നന്ദാവനത്തില്‍ ഉണ്ണിക്കുട്ടന്‍ (33) ആണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. ഒക്‌ടോബര്‍ 30ന് വവ്വാക്കാവ് പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനത്തില്‍ വ്യാജ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കി ഒരു പവന്‍ വരുന്ന മുക്കുപണ്ടം പണയപ്പെടുത്തി ഇയാള്‍ പണം തട്ടിയെടുക്കുകയായിരുന്നു.
തട്ടിപ്പ് മനസ്സിലാക്കിയ ധനകാര്യ സ്ഥാപനത്തിലെ മാനേജര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളുടെ പേരില്‍ നിരവധി മോഷണ കേസുകളും മറ്റു കേസുകളും നിലവിലുണ്ട്. ഓച്ചിറ പോലീസ് ഇന്‍സ്‌പെക്ടര്‍ സുജാതന്‍ പിള്ള, എസ്‌ഐ നിയാസ്, എസ്‌സിപിഒമാരായ അനു, കനീഷ് എന്നിവിരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കുന്നത്തൂർ പാലം ചൊവ്വാഴ്ച കോൺഗ്രസ് പ്രവർത്തകർ ഉപരോധിക്കും

കുന്നത്തൂർ:കൊട്ടാരക്കര പ്രധാന പാതയിൽ കുന്നത്തൂർ പാലത്തിൽ നിന്നും കല്ലടയാറ്റിൽ ചാടിയുള്ള ആത്മഹത്യകളും ആത്മഹത്യാശ്രമങ്ങളും പതിവായിട്ടും ഇത് നിയന്ത്രിക്കുന്നതിന് ഫലപ്രദമായ നടപടികൾ സർക്കാരിൻ്റെയും എംഎൽഎയുടെയും ഭാഗത്തു നിന്നും ഉണ്ടാകാത്തതിൽ പ്രതിേഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ 10ന് പാലത്തിൽ പ്രതിഷേധ സമരം നടത്തുമെന്ന് ബ്ലോക്ക് പ്രസിഡൻ്റ് കാരയ്ക്കാട്ട് അനിൽ അറിയിച്ചു.