കോഴിക്കോട്. പേരാമ്പ്രയിൽ സ്വകാര്യ ബസ് തട്ടി വയോധികൻ മരിച്ചു. വാകയാട് സ്വദേശി അഹമ്മദ് (80) ആണ് മരിച്ചത്. അമിതവേഗതയിൽ എത്തിയ ബസ്, സ്റ്റാൻഡിൽ ഉണ്ടായിരുന്ന വയോധികന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന് പിന്നാലെ കോഴിക്കോട്- കുറ്റ്യാടി റൂട്ടിലെ ബസ്സുകൾ നാട്ടുകാർ തടഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞു… വാക്കുതര്‍ക്കവും സംഘര്‍ഷവും
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ പോളിങ്ങിനിടെ വെണ്ണക്കര ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞു. രാഹുല്‍ ബൂത്തില്‍ കയറി വോട്ട് ചോദിച്ചുവെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകരാണ് തടഞ്ഞത്. ഇതേതുടര്‍ന്ന് വെണ്ണക്കര ബൂത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വാക്കുതര്‍ക്കവും സംഘര്‍ഷവുമുണ്ടായി.
തടാക തീരത്ത് അമ്പലക്കടവില്‍ സാമൂഹികവിരുദ്ധ ശല്യം, ഇരിപ്പിടത്തിലെ ടൈലുകള്‍ തകര്‍ത്തു
ശാസ്താംകോട്ട. തടാക തീരത്ത് സാമൂഹികവിരുദ്ധ ശല്യം പതിവായി. കൊല്ലം ജില്ലാ പഞ്ചായത്ത് വകയായി ഇവിടെ നടക്കുന്ന സൗന്ദര്യവല്‍ക്കരണ പരിപാടികള്‍ക്കു നേരെ അക്രമം പരിധി വിട്ട നിലയായിട്ടും നടപടിയില്ല . തടാക തീരത്ത് ഇരിപ്പിടങ്ങളില്‍ പാകിയ ഗ്രാനൈറ്റ് ഇടിച്ചു തകര്‍ത്തതായി കണ്ടെത്തി. തീരത്ത് നടുന്ന വൃക്ഷത്തൈകള്‍ നശിപ്പിക്കല്‍ മദ്യകുപ്പികള്‍ ഉടച്ച് വഴിയില്‍ വിതറല്‍ വിളക്കു തൂണുകള്‍ നശിപ്പിക്കല്‍ എന്നിവ പതിവ് അക്രമങ്ങളാണ്. പൊലീസ് സ്റ്റേഷനില്‍ നിന്നും വിളിപ്പാട് അകലെയായിട്ടും ഈ മേഖല സാമൂഹിക വിരുദ്ധരുടെ വിഹാര കേന്ദ്രമാണ്. തടാകം കാണാനെത്തുന്ന സഞ്ചാരികള്‍ക്ക് നേരെയും ഇവരുടെ ശല്യമുണ്ട്.
അമ്പലക്കടവുമുതല്‍ കോളജിന്റെ തെക്കുഭാഗം വരെയും ഇവിടത്തെ മുളം കാടും സാമൂഹിക വിരുദ്ധരുടെ പിടിയിലാണ്. ഈ മേഖലയില്‍ ഇടക്കാലത്ത് പൊലീസ് ബീറ്റ് ഉണ്ടായിരുന്നെങ്കിലും അത് പതിവല്ലാത്തത് സാമൂഹികവിരുദ്ധര്‍ക്ക് ഗുണമാണ്. അടുത്തിടെ വിദ്യാര്‍ഥികളായ കമിതാക്കള്‍ ഇവിടെ ആത്മഹത്യചെയ്തനിലയില്‍ കണ്ടിരുന്നു. മയക്കുമരുന്നുവിപണനം നടക്കുന്നതായും പരാതികളുണ്ട്. മാലിന്യം കൊണ്ടുവന്ന് നിക്ഷേപിക്കുന്നത് പലതവണയായി. ഈ മേഖലയിലെങ്കിലും കാവല്‍ ഏര്‍പ്പെടുത്തണമെന്ന് പഞ്ചായത്ത് ജില്ലാകലക്ടര്‍ പൊലീസ് എന്നിവര്‍ക്ക് പരിസ്ഥിതി സംഘടനകള്‍ പരാതി നല്‍കിയിട്ടും നടപടിയില്ല. ഏതു സമയവും അക്രമം നടക്കാനിടയുണ്ടെന്ന് സ്ഥലവാസികള്‍ പറയുന്നു. ഇന്നലെ നടന്ന അക്രമത്തിനെതിരെ നമ്മുടെ കായല്‍ കൂട്ടായ്മ പൊലീസിന് പരാതി നല്‍കി.
ആർത്തവ സമയത്ത് വയറു വീർക്കുന്ന പ്രശ്നമുണ്ടോ? എങ്കിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
സ്ത്രീശരീരത്തിലെ സ്വഭാവിക പ്രക്രിയയാണ് ആർത്തവം. ആർത്തവദിനങ്ങൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ്. ആ ദിനങ്ങളിലെ വേദന പലർക്കും ഒരു പേടി സ്വപ്നമാണ്. അതിനൊപ്പം ചിലർക്ക് ആർത്തവ സമയത്ത് വയറു വീർക്കുന്ന പ്രശ്നമുണ്ടാകാം. വയറു വീർക്കുന്നത് തന്നെ കാര്യമായ അസ്വാസ്ഥ്യത്തിന് കാരണമാകുന്നു, അപ്പോൾ നിങ്ങൾ ആർത്തവത്തിലായിരിക്കുമ്പോൾ ഇത് കൂടുതൽ തീവ്രമായി അനുഭവപ്പെടും. എന്നാൽ ശരിയായ ഭക്ഷണം കഴിച്ച് നിങ്ങൾക്ക് ഇത് നിയന്ത്രിക്കാനാകും എന്നാണ് ന്യൂട്രീഷ്യനിസ്റ്റായ നമാമി അഗർവാൾ തൻ്റെ ഇൻസ്റ്റാഗ്രാമിലൂടെ പറയുന്നത്. അതിനായി കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
- പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ
ഹോർമോൺ വ്യതിയാനങ്ങൾ മൂലമാണ് വയർ വീർക്കുന്നത് എന്നാണ് ന്യൂട്രീഷ്യനിസ്റ്റായ നമാമി അഗർവാൾ പറയുന്നത്. ഇതിനെ തടയാൻ വാഴപ്പഴം, അവക്കാഡോ, ചീര, മധുരക്കിഴങ്ങ് തുടങ്ങിയ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണെന്നും അവർ
നിർദ്ദേശിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിലെ സോഡിയത്തിൻ്റെ അളവ് സന്തുലിതമാക്കാൻ സഹായിക്കുന്നു.
- വെള്ളം അടങ്ങിയ ഭക്ഷണങ്ങൾ
വെള്ളരിക്ക, തണ്ണിമത്തൻ, സെലറി, ഓറഞ്ച് തുടങ്ങിയ വെള്ളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ഒപ്പം അവശ്യ വിറ്റാമിനുകളും ധാതുക്കളും ലഭിക്കാനും ഇവ സഹായിക്കും. കൂടാതെ വയറു വീർക്കുന്നത് തടയാനും ഇവ സഹായിക്കും.
- ഇഞ്ചി
ഇഞ്ചി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറു വീർത്തിരിക്കുന്നത് തടയാനും സഹായിക്കും. ഇതിനായി ആർത്തവ സമയത്ത് ഇഞ്ചി ചായ ഡയറ്റിൽ ഉൾപ്പെടുത്താം.
- പെപ്പർമിൻ്റ് ടീ
പെപ്പർമിൻ്റ് ടീയിൽ മെന്തോൾ അടങ്ങിയിട്ടുണ്ട്. ദഹനനാളത്തിൻ്റെ പേശികളെ വിശ്രമിക്കാൻ ഈ സംയുക്തം സഹായിക്കും. ഇത് വയറ്റിലെ ഗ്യാസ് കുറയ്ക്കാനും, വയറുവേദന കുറയ്ക്കാനും, ആർത്തവ സമയത്ത് വയറു വീർക്കുന്നത് തടയാനും സഹായിക്കും.
കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, വരും മണിക്കൂറിൽ തലസ്ഥാനവും കൊച്ചിയുമടക്കം 7 ജില്ലയിൽ മഴ സാധ്യത, 4 ജില്ലയിൽ യെല്ലോ
തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ വരും മണിക്കൂറിൽ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അഞ്ച് മണിയോടെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചിരിക്കുന്നത്. അതേസമയം ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
വരും മണിക്കൂറിലെ മഴ സാധ്യത
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
യെല്ലോ അലർട്ട് സംബന്ധിച്ച അറിയിപ്പ്
20/11/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും (20/11/2024 & 21/11/2024) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
20/11/2024 & 21/11/2024: തെക്കൻ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ഇന്ത്യാ ഗേറ്റിന് മുന്നിൽ മോഡലിന്റെ ടവൽ നൃത്തം, പുരുഷദിനാശംകൾ നേർന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു
ന്യൂഡൽഹി: അന്താരാഷ്ട്ര പുരുഷ ദിനത്തിൽ ഡൽഹിയിലെ ഇന്ത്യാ ഗേറ്റിൽ യുവതിയുടെ ടവൽ നൃത്തം. കൊൽക്കത്തയിലെ മോഡലായ സന്നതി മിത്രയാണ് ആളുകൾക്ക് മുന്നിൽ വെളുത്ത ടവൽ ധരിച്ച് നൃത്തം ചെയ്തത്. പുരുഷദിനാശംസകൾ എന്ന അടിക്കുറിപ്പോടെ ഇവർ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന് മുമ്പ്, ദുർഗാ പൂജ പന്തലിൽ രണ്ട് സ്ത്രീകൾക്കൊപ്പമുള്ള ഇവരുടെ ചിത്രവും വിവാദമായിരുന്നു.
ബോളിവുഡിലെ ഹിറ്റ് ചിത്രമായ ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ’ എന്ന ചിത്രത്തിലെ ഗാനത്തിന് ചുവടുവെച്ചാണ് ഇവർ ടവൽ നൃത്തമൊരുക്കിയത്. വീഡിയോ ദശലക്ഷക്കണക്കിന് ആളുകൾ കണ്ടു. മിക്കവരും സന്നതിയുടെ ടവൽ ഡാൻസിനെ വിമർശിച്ചു. പൊതുസ്ഥലത്ത് അശ്ലീല നൃത്തം ചെയ്തതിന് അവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ 20 കാരിയെ കണ്ടെത്തി
കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ 20 കാരിയെ കണ്ടെത്തി. തൃശൂർ മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ നിന്നാണ് ഐശ്വര്യയെ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 9.30 നാണ് ഐശ്വര്യ വീട്ടീൽ നിന്ന് പോയത്. യുവതിയെ കാണാനില്ലെന്ന് കാട്ടി മാതാവാണ് കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നത്.
രാവിലെ വീട്ടിൽ നിന്നും പുറത്തേക്ക്പോയ ഐശ്വര്യ പിന്നീട് തിരിച്ചുവന്നില്ല. അന്നേ ദിവസം 11 മണി മുതൽ ഐശ്വര്യയുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് കുടുംബം പറഞ്ഞിരുന്നു.
ഓൺലൈനായി എൻട്രൻസ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുപ്പ് നടത്തുകയായിരുന്ന ഐശ്വര്യ മറ്റുള്ളവരോട് അടുത്ത് ഇടപഴകാറില്ലെന്ന് വീട്ടുകാർ പറയുന്നു. സംഭവത്തിൽ വീട്ടുകാരുടെ പരാതിയിൽ കരുനാഗപ്പള്ളി പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
വീണ്ടും ‘ഷേക്ക്ഹാൻഡ്’ വിവാദം: കൈ കൊടുക്കാതെ തിരിഞ്ഞുനടന്ന് കൃഷ്ണദാസ്; സംസ്കാര ശൂന്യതയെന്ന് കൃഷ്ണകുമാർ
പാലക്കാട്: കൈ കൈകൊടുക്കാൻ വിസമ്മതിച്ച് വീണ്ടും നേതാക്കൾ. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാടാണ് കൈ കൊടുക്കൽ വീണ്ടും വിവാദമായത്. ബിജെപി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാർ കൈ നീട്ടിയെങ്കിലും സിപിഎം നേതാവ് എന്‍.എന്‍.കൃഷ്ണദാസ് മുഖം തിരിച്ച് പോയെന്നാണ് ആരോപണം. വോട്ട് ചെയ്യാനായി കൽപ്പാത്തിയിൽ ഇരുവരും എത്തിയപ്പോഴായിരുന്നു സംഭവം.
അതേസമയം, കൃഷ്ണദാസിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കൃഷ്ണകുമാർ രംഗത്തെത്തി. ‘‘സാമാന്യ മര്യാദപോലുമില്ലാത്ത ഇത്തരത്തിലുള്ള നേതാക്കളാണ് പാലക്കാട് സിപിഎമ്മിന്റെ ശാപം. ഇത്രയും സംസ്‌കാരശൂന്യനായ നേതാവ് പാലക്കാട് വേറെയില്ല.’’– സി.കൃഷ്ണകുമാര്‍ തുറന്നടിച്ചു. എന്നാല്‍ കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് സംസാരിച്ചുകൊണ്ടിരുന്നതിനാല്‍ ബുദ്ധിമുട്ടാകേണ്ടെന്ന് കരുതിയാണ് അദ്ദേഹത്തോട് സംസാരിക്കാതിരുന്നത് എന്നാണ് സംഭവത്തിൽ കൃഷ്ണദാസിന്റെ വിശദീകരണം.







































