ജില്ലയിലെ ആന പാപ്പാന്മാര്‍ക്ക് നവംബര്‍ 16ന് കൊട്ടിയം ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിംഗ് സെന്ററില്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കും. ജില്ലയിലെ എല്ലാ ആനപ്പാപ്പാന്മാരും പങ്കെടുക്കണമെന്ന് അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. ഫോണ്‍: 0474- 2748976.
ആനപ്പാപ്പാന്മാര്‍ക്ക് പരിശീലനം
ആദ്യഘട്ടത്തില്‍ 500 പേര്‍ക്ക് ഐടി ജോലി… കൊട്ടാരക്കരയില്‍ രണ്ടു മിനി ഐടി പാര്‍ക്കുകള്‍ വരുന്നു
കൊട്ടാരക്കരയില്‍ രണ്ട് മിനി ഐടി പാര്‍ക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഇതിലൂടെ ഐ.ടി, ഐ.ടി അനുബന്ധ മേഖലയില്‍ 500 പ്രൊഫഷണലുകള്‍ക്ക് ആദ്യഘട്ടത്തില്‍ ജോലി ലഭിക്കും. ലോകോത്തര ഐ.ടി കമ്പനിയായ സോഹോ കോര്‍പറേഷന്റ ഇന്ത്യയിലെ രണ്ടാമത്തെ ക്യാമ്പസ് കൊട്ടാരക്കര മണ്ഡലത്തിലെ നെടുവത്തൂര്‍ പഞ്ചായത്തില്‍ അഞ്ചുമാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും. പ്രാരംഭ ഘട്ടത്തില്‍ 250 പേര്‍ക്ക് ഇവിടെ ജോലി ഉറപ്പാകും. ഐടി ക്യാമ്പസിന് ആവശ്യമായ ഭൂമിയും കെട്ടിടവും അടക്കം സോഹോ കോര്‍പ്പറേഷന് ലഭ്യമായിട്ടുണ്ടെന്നും ധനകാര്യ മന്ത്രി അറിയിച്ചു. ഐഎച്ച്ആര്‍ഡി എന്‍ജിനിയറിങ് കോളേജ് ക്യാമ്പസില്‍ സോഹോ കോര്‍പറേഷന്‍ നേതൃത്വം നല്‍കുന്ന ക്യാമ്പസ് ഇന്‍ഡസ്ട്രീയല്‍ ഐടി പാര്‍ക്കായ ലീപ് സെന്ററിലെ ട്രെയിനികളോട് സംവദിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന സര്‍ക്കാരിന്റെ വര്‍ക്ക് നിയര്‍ ഹോം പദ്ധതിയിലെ ആദ്യ വര്‍ക്ക് സ്റ്റേഷന്‍ കൊട്ടാരക്കരയില്‍ ആരംഭിക്കുകയാണ്. 12,000 ചതുരശ്ര അടിയിലെ മിനി ഐ.ടി പാര്‍ക്കിന്റെ സജ്ജീകരണ പ്രവര്‍ത്തനങ്ങള്‍ അടുത്ത ആഴ്ചയില്‍ തുടങ്ങും. വീടിനടുത്ത് എല്ലാവിധ സൗകര്യങ്ങളോടെ 250 ഐ.ടി പ്രൊഫഷണലുകള്‍ക്ക് ഐ.ടി, ഐ.ടി അനുബന്ധ മേഖലയില്‍ ജോലി ചെയ്യാനാകും.
കൊട്ടാരക്കര നഗരത്തില്‍ ഡ്രോണ്‍ റിസര്‍ച്ച് പാര്‍ക്ക് സ്ഥാപിക്കാന്‍ തീരുമാനമായതായും മന്ത്രി അറിയിച്ചു. കേരള അക്കാദമി ഓഫ് സ്‌കില്‍ എക്സലന്‍സുമായി സഹകരിച്ചാണ് പാര്‍ക്ക് സ്ഥാപിക്കുക. ഇതുവഴി ഡ്രോണ്‍ സാങ്കേതിക വിദ്യയുടെ പ്രയോജനം നാടിന് ഉറപ്പാക്കാനാകും. ഈ രംഗത്ത് പുതിയ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കടക്കം പാര്‍ക്ക് നേതൃത്വം നല്‍കും.
പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. പാര്‍ക്കിന് ആവശ്യമായ സ്ഥലം കൊട്ടാരക്കര നഗരത്തില്‍തന്നെ ലഭ്യമാക്കാനാകും. ചെന്നൈ ഐഐടിയുടെ സാങ്കേതിക സഹായവും ഡ്രോണ്‍ പാര്‍ക്ക് സ്ഥാപനത്തിന് സഹായകമാകും.
കൊട്ടാരക്കരയെ ഐടി, റിസര്‍ച്ച് ആന്‍ഡ് ഡെവലെപ്പ്മെന്റ് ഹബ് ആക്കാന്‍ വിവിധ തരത്തിലുള്ള പദ്ധതികളാണ് മുന്നേറുന്നതെന്ന് ധനകാര്യ മന്ത്രി വ്യക്തമാക്കി. ഐടി ക്യാമ്പസിന് ഏറ്റവും അനുയോജ്യമായ മേഖല എന്ന നിലയിലാണ് സോഹോ കോര്‍പറേഷന്‍ ഇന്ത്യയില്‍ തങ്ങളുടെ രണ്ടാമത്തെ ക്യാമ്പസ് തുറക്കാന്‍ കൊട്ടാരക്കരയെ തെരഞ്ഞെടുത്തത്. ആ സാധ്യതകള്‍ പരമാവധി പ്രയോജനപ്പടുത്തുന്നതിനൊപ്പം രണ്ടാംനിര നഗരങ്ങളിലേക്ക് ഐടി മേഖലയുടെ പറിച്ചുനടീലിനുള്ള മാതൃക കൂടിയായി കൊട്ടാരക്കര മാറുകയാണ്. വിജ്ഞാന സമ്പദ്വ്യവസ്ഥിയിലേക്ക് കേരളത്തെ നയിക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് ഇത്തരം ഇടപെടലുകളെന്നും ധനകാര്യ മന്ത്രി പറഞ്ഞു.
ലീപ് സെന്ററിലെ ട്രയിനികള്‍ മന്ത്രിയുമായി അനുഭവങ്ങള്‍ പങ്കുവച്ചു. കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ മേഖലകളിലെ ഡിഗ്രി, പ്രൊഫഷണല്‍ ഡിഗ്രി, പോളിടെക്നിക് ഡിപ്ലോമ കോഴ്സുകള്‍ക്കുശേഷം ലീപ് സെന്ററില്‍ എത്തിയ വിദ്യാര്‍ഥികള്‍ പഠിച്ച കാര്യങ്ങളുടെ പ്രായോഗികത മനസിലാക്കാന്‍ പരിശീലനം സഹായമാകുന്നതെങ്ങനെയെന്ന് വിവരിച്ചു. പരിശീലനം പൂര്‍ത്തിയാക്കി സെന്ററില്‍ തന്നെ പ്രോജക്ട് ഇന്റേണികളായി ചേര്‍ന്നവരും അനുഭവങ്ങള്‍ പങ്കുവച്ചു. അസാപ് സിഇഒ അനൂപ് അംബിക, ലീപ് സെന്റര്‍ പ്രോഗ്രാം മാനേജര്‍ മഹേഷ് ബാലന്‍, പ്രിന്‍സിപ്പല്‍ റിസേര്‍ച്ചര്‍ ഡോ. ജയരാജ് പോരൂര്‍, ഡെവലെപ്പ്മെന്റല്‍ സൈക്കോളജിസ്റ്റ് എ ബാബു മാത്യു എന്നിവരും പങ്കെടുത്തു.
കേരളോത്സവം മത്സരങ്ങള്‍
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം പ്രാഥമികതല മത്സരങ്ങള്‍ നവംബറില്‍ ആരംഭിക്കും. ഗ്രാമപഞ്ചായത്ത് തലത്തില്‍ നവംബര്‍ 15 മുതല്‍ 30 വരെയും മുനിസിപ്പാലറ്റി, കോര്‍പ്പറേഷന്‍, ബ്ലോക്ക് പഞ്ചായത്ത് തലങ്ങളില്‍ ഡിസംബര്‍ 1 മുതല്‍ 15 വരെയും ജില്ലാ പഞ്ചായത്ത് തലത്തില്‍ ഡിസംബര്‍ 16 മുതല്‍ 31 വരെയും സംസ്ഥാനതലത്തില്‍ 2025 ജനുവരി ആദ്യവാരത്തിലുമായാണ് മത്സരങ്ങള്‍. ഫോണ്‍: 0474 2798440.
പരവട്ടത്ത് അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറിയിൽ മോഷണം:രണ്ട് പേർ കസ്റ്റഡിയിൽ, വിഡിയോ
ശാസ്താംകോട്ട:പോരുവഴി പരവട്ടത്ത് അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറിയിൽ മോഷണം നടത്തിയ സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. ശൂരനാട് വടക്ക് കുന്നിരാടം സ്വദേശികളായ കുഞ്ഞുമോൻ,അനീഷ് എന്നിവരെയാണ് ശൂരനാട് പൊലീസ് കസ്റ്റഡിയിലെടുത്തത്.ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം.ഫാക്ടറിക്ക് സമീപത്തുകൂടി യാത്ര ചെയ്തവർക്ക് ഉണ്ടായ സംശയത്തെ തുടർന്നാണ് മോഷ്ടാക്കളെ പിടികൂടാനായത്.ഫാക്ടറിക്ക് സമീപം ഇരുചക്രവാഹനം പാർക്ക് ചെയ്തിരിക്കുന്നത് കണ്ടെത്തിയ പരിസരവാസികൾ നോക്കുമ്പോൾ ഫാക്ടറിക്കുള്ളിൽ മോഷണം നടക്കുകയായിരുന്നു.
തുടർന്ന് മോഷ്ടാക്കളെ തടഞ്ഞുവച്ച് പൊലീസിൽ വിവരം അറിയിച്ചു.ഇതിനിടയിൽ ഒരാൾ ഓടി രക്ഷപ്പെട്ടു.രണ്ടംഗ സംഘത്തിലെ അനീഷാണ് ഇരുട്ടിൻ്റെ മറവിൽ ഓടി മറഞ്ഞത്.ശൂരനാട് പൊലീസ് എത്തി കുഞ്ഞുമോനെ കസ്റ്റഡിയിലെടുക്കുമ്പോൾ സംഭവം അറിഞ്ഞെത്തിയ നാട്ടുകാരനെ പോലെ നാട്ടുകാരുടെ കണ്ണ് വെട്ടിച്ച് ഓടി മറഞ്ഞ അനീഷ് അവിടേക്ക് എത്തുകയായിരുന്നു.സംശയം തോന്നി ചോദ്യം ചെയ്തപ്പോൾ ഇയ്യാൾ കുറ്റം സമ്മതിക്കുകയായിരുന്നു.പരവട്ടത്തെ ഫാക്ടറിയിലും പരിസരത്തും അടുത്തിടെ മോഷണം വ്യാപകമായിരുന്നു.ഇരുചക്ര വാഹനങ്ങളിലെ ബാറ്ററികൾ,കിണറുകളിലെ മോട്ടർ അടക്കമുള്ളവ മോഷണം പോകുന്നത് പതിവായിരുന്നു.
അധ്യാപക നിയമനം; പേര് രജിസ്റ്റര്‍ ചെയ്യണം
ജ്യോഗ്രഫി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ബോട്ടണി, ഹിന്ദി, കെമിസ്ട്രി, സുവോളജി, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, മലയാളം, ഇംഗ്ലീഷ്, ഹിസ്റ്ററി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സംസ്‌കൃതം, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, അറബിക്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനത്തിന് യോഗ്യരായ 50 വയസ്സിന് താഴെയുള്ള കാഴ്ചപരിമിതര്‍, കേള്‍വിപരിമിതര്‍ എന്നീ ഭിന്ന ശേഷി വിഭാഗങ്ങളില്‍ പെടുന്നവര്‍ ബന്ധപ്പെട്ട റീജിയണല്‍ പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ പ്രാദേശിക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ നവംബര്‍ 16നകം പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫിസര്‍ അറിയിച്ചു.
പ്രതിമുഖത്തിൻ്റെ ഓഡിയോ, ട്രെയിലർ, ടീസർ പ്രകാശിതമായി
തിരുവല്ല കേന്ദ്രീകൃതമായി ദോഹ പ്രവാസികളായ കെ എം വർഗീസ് നിരണം, ലൂക്കോസ് കെ ചാക്കോ തിരുവല്ല, എ കെ ഉസ്മാൻ തൃശൂർ, മോഹൻ അയിരൂർ എന്നിവർ അടങ്ങുന്ന മൈത്രി വിഷ്വൽസിൻ്റെ ഏറ്റവും പുതിയ സിനിമ “പ്രതിമുഖ”ത്തിൻ്റെ ഓഡിയോ, ട്രയിലർ, ടീസർ തിരുവല്ലയിൽ പ്രകാശിതമായി. പത്തനംതിട്ട ജില്ല കളക്ടർ പ്രേംകൃഷ്ണനും ചലച്ചിത്ര സംവിധായകൻ ബ്ലസ്സിയും ചേർന്നാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.
ഒരു മനുഷ്യൻ ശുദ്ധമായ ഏകലിംഗ ജീവിയല്ല. ഓരോ മനുഷ്യ ജീവിയും സ്ത്രീ- പുരുഷ ലിംഗത്തിൻ്റെ സാദ്ധ്യതകൾ വഹിക്കുന്നു. വിപരീതങ്ങളുടെ പൊരുത്തവും പൊരുത്തക്കേടുകളും ജീവിതത്തിൻ്റെ യഥാർത്ഥ താളവും താളഭംഗവും ഉണ്ടാക്കുന്നു.

നവാഗതനായ വിഷ്ണു പ്രസാദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ശിവ, രാജീവ് പിള്ള, മുന്ന, തൻവി കിഷോർ, സുധീഷ്, മോഹൻ അയിരൂർ, ബഷീർ ബഷി, സന്ദീപ് മിലാനി, ഹരിലാൽ കോട്ടയം, പുത്തില്ലം ഭാസി, കവിരാജ് തിരുവല്ല, കെപിഎസി മനോജ്, ലാലി മട്ടയ്ക്കൽ, ഡോ. ഷിബു, അനിൽ കെ എം, ജോണി അയിരൂർ, ചന്ദ്രൻ സാരഥി, ബിജു തിരുവല്ല, കാർത്തിക വിജയകുമാർ, നസ്രിൻ, ഷബ്ന ദാസ്, ആയില്യ, മായ സുരേഷ്, മായ സുകു, രമ്യ കൃഷ്ണൻ, അനിത ആനന്ദ് എന്നിവർ അഭിനയിക്കുന്നു.
പ്രോജക്ട് ഡിസൈനർ- മോഹൻ അയിരൂർ, ഛായാഗ്രഹണം – സിദ്ധാർത്ഥ് ശിവ, വിഷ്ണു പ്രസാദ്, രാരിഷ് കുറുപ്പ്, എഡിറ്റിംഗ് ബിനോയ് ടി വർഗീസ്, അസ്സോസിയേറ്റ് ഡയറക്ടർ – രതീഷ് തിരുവല്ല, സംഗീതം -ടോണി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ – ദാസ് വടക്കാഞ്ചേരി, പിആർഓ – അജയ് തുണ്ടത്തിൽ
കാരാളിമുക്കില്‍നിന്നും കാണാതായ പ്ളസ് വണ്‍ വിദ്യാര്‍ഥിയെ കണ്ടെത്തി
ശാസ്താംകോട്ട:കാരാളിമുക്കിൽ നിന്നും സ്കൂൾ യൂണിഫോമിൽ കാണാതായ വിദ്യാർത്ഥിയെ കർണാടകയിലെ ബാംഗളരുവിൽ നിന്നും കണ്ടെത്തി. പടിഞ്ഞാറേ കല്ലട സ്വദേശിയായ 17കാരനെയാണ് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.ചവറ മേഖലയിലെ സ്കൂളില്‍ പ്ലസ് വൺ വിദ്യാർത്ഥിയായ കുട്ടിയെ കഴിഞ്ഞ ദിവസം വൈകുന്നേരം മുതലാണ് കാണാതായത്. സ്കൂള്‍ യൂണിഫോമിലായിരുന്നതിനാല്‍ പെട്ടെന്ന് തിരിച്ചറിയാനായെന്നാണ് വിവരം. വിവരമറിഞ്ഞ് ബന്ധുക്കൾ ബാംഗളുരുവിലേക്ക് തിരിച്ചിട്ടുണ്ട്.
നാളെ നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റി
കേരള സര്‍വകലാശാല നാളെ നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റി വെച്ചു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ആണ് പരീക്ഷകൾ മാറ്റിയത്. തിയറി, പ്രാക്റ്റിക്കല്‍ പരീക്ഷകള്‍ ഉള്‍പ്പെടെയാണ് മാറ്റി വെച്ചിരിക്കുന്നത്. പുതുക്കിയ തീയതികള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല. മറ്റ് ദിവസങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല.
ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നവംബര്‍ 20 ന് പാലക്കാട് നിയോജക മണ്ഡലത്തില്‍ അവധി പ്രഖ്യാപിച്ചു. മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ബാധകമാണ്.
സ്‌റ്റേഡിയത്തില്‍ വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റിയതിനെ തുടര്‍ന്ന് 35 പേര്‍ കൊല്ലപ്പെട്ടു…43 പേര്‍ക്ക് പരിക്ക്
സ്‌റ്റേഡിയത്തില്‍ വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റിയതിനെ തുടര്‍ന്ന് 35 പേര്‍ കൊല്ലപ്പെട്ടു. 43 പേര്‍ക്ക് പരിക്ക്. വാഹനം ഓടിച്ച 62 വയസുകാരനെ പൊലീസ് പിടികൂടി. ദക്ഷിണ ചൈനയിലെ ഷുഹായിലാണ് സംഭവം.
കാറിനകത്തുണ്ടായിരുന്ന പ്രതിയെ സ്വയം മുറിവേല്‍പ്പിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയതെന്നും പൊലിസ് പറഞ്ഞു. ഇയാള്‍ കാര്‍ ഇടിച്ചുകയറ്റിയതിന്റെ കാരണം വ്യക്തമല്ല.






































