Home Blog Page 1910

നഴ്സിംഗ് വിദ്യാർഥി അമ്മു സജീവിന്റെ മരണത്തിൽ അറസ്റ്റിലായ മൂന്ന് സഹപാഠികളും റിമാൻഡിൽ

പത്തനംതിട്ട. നഴ്സിംഗ് വിദ്യാർഥി അമ്മു സജീവിന്റെ മരണത്തിൽ അറസ്റ്റിലായ മൂന്ന് സഹപാഠികളും റിമാൻഡിൽ. പ്രായം പരിഗണിച്ച് ജാമ്യം നൽകണമെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. കോടതിയിൽ നിന്നും ഇറക്കിയ പ്രതികൾക്ക് നേരെ എബിവിപി പ്രതിഷേധം.അതേസമയം അമ്മുവിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സർക്കാരിനെ സമീപിക്കും

കഴിഞ്ഞദിവസം രാത്രിയാണ് അമ്മുവിന്റെ മരണത്തിൽ മൂന്ന് സഹപാഠികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.പത്തനാപുരം കുണ്ടയം സ്വദേശിനി അലീന ദിലീപ് , ചങ്ങനാശ്ശേരി സ്വദേശിനി അക്ഷിത , കോട്ടയം അയർക്കുന്നം സ്വദേശിനി അഞ്ജന എന്നിവരാണ് കേസിലെ പ്രതികൾ.പ്രതികൾക്ക് ജാമ്യം നൽകിയാൽ ഫോൺ രേഖകൾ അടക്കമുള്ള തെളിവുകൾ നശിപ്പിക്കപ്പെടും. പ്രതികളുടെ ഒരാളുടെ ലോഗ് ബുക്ക് ആണ് കാണാതായെന്നും അത് അമ്മു സജീവ് എടുത്തെന്ന് പറഞ്ഞുമാണ് പ്രധാന തർക്കം. ആ ലോഗ് ബുക്ക് കണ്ടെത്തേണ്ടതുണ്ട്. കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്ന പ്രോസിക്യൂഷന്റെ വാദങ്ങൾ പരിഗണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.

ആത്മഹത്യാപ്രേരണ കുറ്റം നിലനിൽക്കില്ലെന്നും പ്രതികളായ പെൺകുട്ടികളുടെ പ്രായം പരിഗണിക്കണമെന്നും പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടു.കോടതിയിൽ നിന്ന് ജയിലിലേക്ക് കൊണ്ടുപോയ പ്രതികൾക്ക് നേരെ എബിവിപി പ്രതിഷേധം

മൂന്ന് പ്രതികൾക്കെതിരെയും പോലീസ് നിലവിൽ ആത്മഹത്യാപ്രേരണ കുറ്റം മാത്രമാണ് ചുമത്തിയിരിക്കുന്നത്. പട്ടികജാതി പീഡനനിരോധന നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രതികൾക്ക് എതിരെ കാര്യം പോലീസ് പരിശോധിച്ചു വരികയാണ്.

കോളോറെക്ടൽ ക്യാന്‍സര്‍; ഈ ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്

വന്‍കുടലിന്‍റെ ഭാഗമായ കോളോണിലും റെക്ടത്തിലുമെല്ലാമുണ്ടാകുന്ന അര്‍ബുദമാണ് കോളോറെക്ടല്‍ ക്യാന്‍സര്‍ അഥവാ മലാശയ അര്‍ബുദം എന്ന് പറയുന്നത്. മലവിസർജ്ജന ശീലങ്ങളിലെ മാറ്റങ്ങൾ ആണ് മലാശയ അര്‍ബുദത്തിന്‍റെ ഒരു പ്രധാന ലക്ഷണം. അതിനാല്‍ വയറ്റില്‍ നിന്ന് പോകുന്നതിന്റെ ആവൃത്തിയിലുണ്ടാകുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കാതെ പോകരുത്.

വയറിലോ അടിവയറ്റിലോ കുടലിന്‍റെ ഭാഗത്തോ ഒക്കെ വരുന്ന വേദന കോളോറെക്ടല്‍ അര്‍ബുദ ലക്ഷണമാണ്. വയറ്റില്‍ നിന്ന് പോകുമ്പോൾ സ്ഥിരം രക്തസ്രാവം ഉണ്ടാകുന്നതും അര്‍ബുദ ലക്ഷണമാണ്. വയറിളക്കം, മലബന്ധം, മലാശയ രക്തസ്രാവം അല്ലെങ്കിൽ മലത്തിൽ രക്തം പോവുക, മലത്തിന്‍റെ രൂപം, അളവ് എന്നിവയിലെല്ലാം മാറ്റങ്ങള്‍ വരുക, ഗ്യാസ്, മറ്റ് ദഹന പ്രശ്നങ്ങള്‍, വയറില്‍ അസ്വസ്ഥത തുടങ്ങിയവയൊക്കെ കോളോറെക്ടല്‍ അര്‍ബുദത്തിന്‍റെ ലക്ഷണങ്ങളാണ്.

കുടലിലെ അര്‍ബുദ മുഴകള്‍ ചിലര്‍ക്ക് വയറ്റില്‍ നിന്ന് പോയിട്ടും വയര്‍ പൂര്‍ണമായും ഒഴിഞ്ഞ തോന്നല്‍ നല്‍കില്ല. ഇത് മൂലം എപ്പോഴും വയറ്റില്‍ നിന്ന് പോകണമെന്നുള്ള തോന്നല്‍ ഉണ്ടാകും. അതുപോലെ വിളര്‍ച്ച, വിശപ്പില്ലായ്മ, ശരീരഭാരം കുറയുക , മനംപുരട്ടല്‍, ഛര്‍ദ്ദി, ക്ഷീണം, തലച്ചുറ്റല്‍ തുടങ്ങിയവയൊക്കെ മലാശയ അര്‍ബുദത്തിന്‍റെ സൂചനകളായും കാണപ്പെടാം.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

വാഹനഅപകടത്തിൽപ്പെട്ടവരെ അഗ്നിശമനസേന ആശുപത്രിയിൽ എത്തിച്ചു

വാഴക്കുളം- കല്ലൂർക്കാട് അമ്പലപ്പടി ജംഗ്ഷനിൽ രണ്ടു കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ട രണ്ടുപേരെയാണ് അഗ്നിശമനസേനയുടെ ആംബുലൻസിൽ ആശുപത്രി എ ത്തിച്ചത്. വൈകിട്ട് ആറരയ്ക്കാണ് സംഭവം. മൂവാറ്റുപുഴ തേനി സംസ്ഥാന പാതയിൽ ആയിരുന്നു വാഹന അപകടം. കാറുകൾ തമ്മിൽ നേർക്കുനേർ ഇടിച്ച് വീലുകൾ തെറിച്ചുപോയ നിലയിലായിരുന്നു വിവരമറിഞ്ഞ് കല്ലൂർകാട് അഗ്നിശമനസേനയിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ നോബിളിന്റെ നേതൃത്വത്തിൽ അഗ്നിശമനസേന ആംബുലൻസ് എത്തി പ്രഥമ ശുശ്രൂഷ നൽകി തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഫയർ ആൻഡ്റെസ്ക്യൂ ഓഫീസർമാരായ മനോജ്, സഞ്ജു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ രഞ്ജിത്ത്, ഹോം ഗാർഡ് റാഫിഎന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു .

സീ പ്ലെയിൻ പദ്ധതിക്കെതിരായ സിപിഐ നിലപാടിൽ വിമർശനവുമായി സിപിഎം

ആലപ്പുഴ. സീ പ്ലെയിൻ പദ്ധതിക്കെതിരായ സിപിഐ നിലപാടിൽ വിമർശനവുമായി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ. ഏകപക്ഷീയമായി പഠിക്കാതെ എതിർപ്പ് പറയുന്ന സിപിഐ നിലപാട് ശരിയല്ലെന്നും
നാടിന്റെ വികസനത്തിനെതിരായ
സമീപനമാണിതെന്നും നാസർ. സീ പ്ലെയിനെതിരെ സിപിഐ ഒപ്പുശേഖരണം അടക്കമുള്ള സമരപരിപാടികളിലേക്ക് നീങ്ങുമ്പോഴാണ് സിപിഐഎം ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.

2013ൽ ഉമ്മൻചാണ്ടി സർക്കാർ എമർജിങ് കേരളയിൽ ഉൾപ്പെടുത്തി സീപ്ലെയിൻ പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചപ്പോൾ ഏറ്റവും കൂടുതൽ പ്രതിഷേധം ഉയർന്നത് ആലപ്പുഴയിലാണ്. അന്ന് സിപിഎമ്മിന്റെയും സിപിഐയുടെയും ട്രേഡ് യൂണിയൻ സംഘടനകൾ ഒന്നിച്ചായിരുന്നു പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയത്. എന്നാൽ ഇന്ന് സിപിഐഎം ആ നിലപാട് തിരുത്തി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സീ പ്ലെയിനെപ്പറ്റി വസ്തുതകൾ ബോധ്യപ്പെട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ തങ്ങൾക്ക് ബോധ്യപ്പെട്ടു, ബോധ്യപ്പെട്ടപ്പോൾ തിരുത്തിയെന്നും ആർ നാസർ

പദ്ധതി മൂലം കായലിൽ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുമെന്ന വാദവും പാർട്ടി തിരുത്തുകയാണ്. ഇതുവരെയുള്ള പഠനത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ഒരു പ്രശ്നവും ഉണ്ടാകിലെന്നും നാസർ. പഴയ നിലപാടിൽ ഉറച്ചു നിൽക്കുന്ന സിപിഐ…
വസ്തുതാപരമായി പഠിക്കണം, പഠിച്ച ശേഷം പറയണമെന്നും ആര്‍.നാസർ

സിഐടിയുവും എഐടിയുസിയും അടക്കമുള്ള വിവിധ മത്സ്യത്തൊഴിലാളി യൂണിയനുകൾ പങ്കെടുത്ത കോഡിനേഷൻ കമ്മിറ്റിയിൽ സീ പ്ലൈനുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആശങ്ക സർക്കാരിനെ അറിയിക്കാൻ തീരുമാനിച്ചെങ്കിലും സമര പരിപാടിയിലേക്ക് നീങ്ങാൻ ആലോചന ഇല്ലായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിനു ശേഷം നിലപാട് കടിപ്പിക്കുകയാണ് സിപിഐ.

മുനമ്പം ഭൂമി തർക്കത്തിൽ സമവായ നീക്കവുമായി കേരള സർക്കാർ; ഭൂമിയിൽ ഡിജിറ്റൽ സർവേ നടത്തുന്നത് പരിഗണനയിൽ

തിരുവനന്തപുരം: മുനമ്പം ഭൂമി തർക്കത്തിൽ സമവായ നിർദേശവുമായി സർക്കാർ. ഭൂമിയിൽ ഡിജിറ്റൽ സർവേ നടത്തുന്നത് സർക്കാർ പരിഗണിക്കും. ഭൂമി വഖഫ് ആയി പ്രഖ്യാപിച്ച വഖഫ് ബോർഡ് തീരുമാനത്തിന് എതിരെ ഫാറൂഖ് കോളേജ് വഖഫ് ട്രൈബ്യൂണലിൽ നൽകിയ കേസിൽ കക്ഷി ചേരുന്ന കാര്യവും സർക്കാർ പരിഗണിക്കും. അന്തിമ തീരുമാനം നാളെ വൈകീട്ട് നാല് മണിക്ക് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ ഉണ്ടാകും. മുനമ്പത്ത് നിന്ന് ആരെയും കുടി ഇറക്കില്ലെന്ന് സർക്കാർ വീണ്ടും ഉറപ്പ് നൽകുകയാണ്.

വഖഫ് ബോർഡ് അവകാശവാദമുന്നയിച്ചതോടെ മുനമ്പത്തെ 614 കുടുംബങ്ങൾക്കാണ് ഭൂമിയുടെ റവന്യു അവകാശങ്ങൾ നഷ്ടമായത്. മുനമ്പം ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാക്കൾ കൊച്ചിയിലെത്തി ലത്തീൻ സഭാ മെത്രാൻ സമിതിയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. വിഷയത്തിൽ സമവായ നീക്കവുമായാണ് മുസ്ലീം ലീഗ് നേതാക്കൾ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലുമായി ചർച്ച നടത്തിയത്. മുനമ്പം തർക്കത്തിലെ സാങ്കേതിക പ്രശ്നങ്ങൾ സർക്കാർ വേഗം അഴിക്കണമെന്ന് ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു. മുനമ്പം സമരം സമിതി പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു. ലീഗ് – ലത്തീൻ സഭ ചർച്ചയിൽ സമവായ ധാരണയായിട്ടുണ്ട്. നി‍‍ർദേശം മുഖ്യമന്ത്രിയെ അറിയിക്കാനും ചർച്ചയിൽ തീരുമാനമായിരുന്നു.

അതേസമയം, മുനമ്പം വഖഫ് ഭൂമി കേസ് നാളെ വഖഫ് ട്രൈബ്യൂണൽ പരിഗണിക്കും. ഫറൂക്ക് കോളേജ് മാനേജ്മെൻറ് അസോസിയേഷൻ നൽകിയ അപ്പീലാണ് കോഴിക്കോട് ആസ്ഥനമായ ട്രിബ്യൂണൽ പരിഗണിക്കുക. വഖഫ് ബോർഡ് 2019ൽ ഫാറൂഖ് കോളജ് മാനേജ്മെൻറ് വിൽപന നടത്തിയ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് വ്യക്തമാക്കി വഖഫ് രജിസ്റ്ററിൽ ചേർത്തിരുന്നു. സബ് രജിസ്ട്രോർ ഓഫീസിൽ ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തു. ഈ രണ്ട് തീരുമാനങ്ങളും ചോദ്യം ചെയ്താണ് ഫറൂഖ് കോളേജ് മാനേജ്മെൻറ് കമ്മിറ്റി വഖഫ് ട്രൈബ്യൂണലിനെ സമീപിച്ചത്. വിൽപന നടത്തിയത് ദാനമായി കിട്ടിയ ഭൂമിയാണെന്നതാണ് ഫാറൂഖ് കോളേജിൻറെ വാദം. ഫറൂഖ് കോളേജിനൊപ്പം മറ്റ് കക്ഷികളെ കൂടി കേട്ട ശേഷമാവും വഖഫ് ട്രൈബ്യൂണൽ തീരുമാനത്തിലെത്തുക. ജ‍ഡ്ജി രാജൻ തട്ടിലാണ് ഹർജി പരിഗണിക്കുന്നത്.

ഇതൊക്കെ എന്ത്,രാജി വേണ്ട

തിരുവനന്തപുരം. ഭരണഘടന അവഹേളന പ്രസംഗത്തിനെതിരെയുള്ള കോടതി ഉത്തരവിൽ മന്ത്രി സജി ചെറിയാൻ രാജി വയ്ക്കേണ്ടെന്നു സിപിഎം സംസ്ഥാന സെക്രടറിയേറ്റിൽ ധാരണ. ഒരേ വിഷയത്തിൽ രണ്ടു തവണ മന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടെന്നാണ് സെക്രട്ടറിയേറ്റിൽ ഉയർന്ന അഭിപ്രായം. അന്വേഷണ ഉത്തരവിനെതിരെ നിയമോപദേശം തേടാനും സെക്രട്ടറിയേറ്റിൽ തീരുമാനം ആയി.

തുടര്ന്വേഷണ പ്രഖ്യാപനത്തിൽ പ്രതിഷേധം ശക്തമാകുമ്പോഴും മന്ത്രിയെ കൈവിടാതെ പാർട്ടി. വിവാദ പ്രസംഗത്തിൽ ഒരുതവണ രാജിവെച്ചതാണ്. കോടതി പരാമർശിച്ചതിന്റെ തിന്റെ പേരിൽ വീണ്ടും രാജിവെക്കേണ്ട സാഹചര്യമില്ലെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിലപാട്. ക്രൈംബ്രാഞ്ച് അന്വേഷണ ഉത്തരവിനെതിരെ അപ്പീൽ പോകുന്ന കാര്യത്തിൽ നിയമപദേശം തേടാനും സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനമായി. അതേസമയം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ സമരം ശക്തമാക്കുകയാണ്. സജി ചെറിയാന്റെ ചെങ്ങന്നൂരിലെ വസതിയിലേക്ക് യൂത്ത് കോൺഗ്രസും ബിജെപിയും നടത്തിയ മാർച്ചിൽ സംഘർഷമായി.

തന്റെ ഭാഗം കേൾക്കാതെയാണ് കോടതി ഉത്തരവ് എന്നായിരുന്നു സജി ചെറിയാന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം സമരം കൂടുതൽ ശക്തമാക്കാൻ ആണ് പ്രതിപക്ഷ ആലോചന.

ആളൊഴിഞ്ഞ പഴയ കെട്ടിടത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: പയ്യോളി സ്വദേശിയായ യുവാവിന്റെ മൃതദേഹം ആളൊഴിഞ്ഞ കെട്ടിടത്തില്‍ കണ്ടെത്തി. അയനിക്കാട് പുന്നോളിക്കണ്ടി അര്‍ഷാദി(25)നെയാണ് കോഴിക്കോട് കൊപ്ര ബസാറിന് സമീപമുള്ള ആളൊഴിഞ്ഞ പഴയ കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാവിലെയോടെയാണ് സംഭവം. ഈ കെട്ടിടവും പരിസരവും മയക്കുമരുന്ന് സംഘങ്ങളുടെ താവളമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തുടര്‍ന്ന് അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദില്‍ ഖബറടക്കി. അര്‍ഷാദിന്റെ പിതാവ്: അബ്ദുല്‍ സലാം. ഉമ്മ: ഹാജറ. സഹോദരങ്ങള്‍: ആസിഫ്, ആസിഫ.

തെൻമലയിൽ ശബരിമല തീർത്ഥാടകരുടെ കാർ ലോറിയുമായി കൂട്ടിയിടിച്ചു; പിന്നാലെ വന്ന സ്കൂട്ടറും അപകടത്തിൽപെട്ടു

കൊല്ലം: കൊല്ലം തെൻമല ഇടമണിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. പോണ്ടിച്ചേരി സ്വദേശികൾ സഞ്ചരിച്ച കാറാണ് ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായിരിക്കുന്നത്. രണ്ട് വാഹനങ്ങളും കൂട്ടിയിടിച്ചതിനെ തുടർന്ന് ലോറിക്ക് പിന്നിലെത്തിയ സ്കൂട്ടറും അപകടത്തിൽപെട്ടു.

അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും പുനലൂർ താലൂക്ക് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. തമിഴക വെട്രി കഴകം പാർട്ടിയുടെ കൊടി കെട്ടിയ കാറാണ് അപകടത്തിൽപ്പെട്ടത്.

എമ്മിൽ നിന്ന് പണമെടുക്കാൻ സഹായ വാഗ്ദാനം, തിരിച്ച് നൽകുക ഡമ്മി കാർഡ്, പിന്നാലെ പണം തട്ടും; പ്രതി പിടിയിൽ

കോയമ്പത്തൂർ: വാൽപ്പാറയിൽ തേയില തോട്ടതൊഴിലാളികളെ കബളിപ്പിച്ച് പണം തട്ടുന്ന പ്രതി പിടിയിൽ. എടിഎം കാർഡ് ഉപയോഗിച്ച് പണം എടുക്കാൻ അറിയാത്തവരെയാണ് ഇയാൾ കബളിപ്പിപ്പിക്കുന്നത്. 44 എടിഎം കാർഡുകളാണ് ഇയാളുടെ കയ്യിൽ നിന്ന് പൊലീസ് പിടികൂടിയത്.

എടിഎം വഴി പണം എടുക്കാനറിയാത്ത വൃദ്ധയെയാണ് നജീബ് കഴിഞ്ഞ ദിവസം കബളിപ്പിച്ചത്. കാശ് എടുക്കാൻ നജീബിനോട് സഹായം ചോദിച്ച വൃദ്ധയുടെ പിൻ നമ്പർ മനസ്സിലാക്കിയ ശേഷം ഡമ്മി കാർഡ് നൽകി തിരിച്ചയാക്കുകയായിരുന്നു ഇയാൾ. തിരികെ വീട്ടിൽ എത്തിയ വൃദ്ധ 9000 രൂപ പിൻവലിച്ചതായി ഫോണിൽ മെസ്സേജ് കണ്ടപ്പോഴാണ് ചതി പറ്റി എന്ന് മനസ്സിലാക്കിയത്. ഉടനെ തന്നെ പൊലീസിൽ പരാതി നൽകി.

വാൽപ്പാറ ഡിഎസ്പി ശ്രീനിധിയുടെ നേതൃത്വത്തിലാണ് ആലപ്പുഴ സ്വദേശിയായ നജീബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കയ്യിൽ നിന്ന് 44 എടിഎം കാർഡുകൾ പിടിച്ചെടുത്തു. വാൽപ്പാറ തേയില തോട്ട തൊഴിലാളികൾക്ക് ശമ്പളം കിട്ടുന്ന ദിവസം ഇയാൾ വാൽപ്പാറയിൽ എത്തും. പണം എടുക്കാൻ അറിയാത്തവർക്ക് പണം എടുത്തു കൊടുക്കുന്ന വ്യാജനെ എടിഎം കാർഡ് മാറ്റി ഡമ്മി കാർഡ് നൽകി കബളിപ്പിക്കും. എറണാകുളം പൊലീസ് സ്റ്റേഷനിൽ ഇയാളുടെ പേരിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അമ്മുവിന്‍റെ മരണം; പ്രതികളുടെ മൊബൈൽ ഫോണുകളിൽ തെളിവുകളുണ്ടെന്ന് പൊലീസ്, സഹപാഠികളായ മൂന്നുപേരും റിമാന്‍ഡിൽ

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്‍റെ മരണത്തിൽ അറസ്റ്റിൽ ആയ മൂന്ന് സഹപാഠികളെയും റിമാന്‍ഡ് ചെയ്തു. ഉച്ചയ്ക്കുശേഷം മൂന്നു പ്രതികളെയും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും 14 ദിവസത്തേക്ക് പ്രതികളെ റിമാന്‍ഡ് ചെയ്തുകൊണ്ട് കോടതി ഉത്തരവിടുകയായിരുന്നു. പ്രതികളുടെ മൊബൈല്‍ ഫോണിൽ തെളിവുകളുണ്ടെന്നും ജാമ്യം നൽകിയാൽ അത് നശിപ്പിക്കപ്പെടുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ വാദിച്ചു.

കോളേജിൽ നിന്ന് കാണാതായെന്ന് പറയുന്ന പ്രതികളില്‍ ഒരാളായ വിദ്യാര്‍ത്ഥിനിയുടെ ലോഗ് ബുക്ക് കണ്ടെത്തേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു. ഈ സാഹചര്യത്തിൽ പ്രതികളെ കസ്റ്റഡിയിൽ വേണമെന്നും പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ, ഇനി പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുക്കേണ്ട ആവശ്യമില്ലെന്നും ഇടക്കാല ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. തുടര്‍ന്നാണ് കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തുകൊണ്ട് കോടതി ഉത്തരവിട്ടത്.

കേസിൽ അറസ്റ്റിലായ അമ്മു സജീവന്റെ സഹപാഠികളായ പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ് , ചങ്ങനാശ്ശേരി സ്വദേശി എടി അക്ഷിത , കോട്ടയം അയർക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ഇവരുടെ നിരന്തര മാനസിക പീഡനം മൂലമാണ് അമ്മു ജീവനൊടുക്കിയതെന്ന് കുടുംബം പരാതി നൽകിയിരുന്നു. അതേസമയം, അമ്മുവിന്‍റെ മരണത്തിലെ ദുരൂഹത നീക്കാൻ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സർക്കാരിനെ സമീപിക്കും. ഇതിനിടെ, പ്രതികളെ കോടതിയിലേക്ക് കൊണ്ടുപോകും വഴി എബിവിപി പ്രവർത്തകർ കരിങ്കൊടി കാണിച്ചു.

മൂവർക്കുമെതിരെ ആത്മഹത്യാ പ്രേരണകുറ്റം പൊലീസ് ചുമത്തിയിരുന്നു. അമ്മുവിനെ സഹപാഠികൾ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന കുടുംബത്തിന്‍റെ മൊഴി സാധൂകരിക്കുന്ന തെളിവുകൾ കിട്ടിയതോടെയാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. അമ്മുവും അറസ്റ്റിലായ മൂന്നു വിദ്യാർഥിനികളും ഉറ്റ ചങ്ങാതിമാരായിരുന്നു. ഇവർക്കിടയിലെ തർക്കങ്ങൾ രൂക്ഷമായ ഭിന്നതയിലേക്ക് നീങ്ങി. വിദ്യാർത്ഥിനികളിൽ ഒരാളുടെ ലോഗ് ബുക്ക് കാണാതായി, പണം നഷ്ടപ്പെട്ടു തുടങ്ങി പലവിധ കുറ്റങ്ങൾ അമ്മൂവിന്‍റെ മേൽ കെട്ടിവെക്കാൻ ശ്രമം ഉണ്ടായി. ഏറ്റവും ഒടുവിൽ ടൂർ കോഡിനേറ്ററായി അമ്മുവിനെ തെരഞ്ഞെടുത്തതിനെയും മൂവർ സംഘം ശക്തമായ എതിർത്തു. തുടർച്ചയായ മാനസിക പീഡനം മകൾക്ക് ഏറ്റുവാങ്ങേണ്ടി വരുന്നുവെന്ന് പിതാവ് രേഖ മൂലം കോളേജ് പ്രിൻസിപ്പലിന് പരാതി നൽകി.

അതിൽ കോളേജ് നടത്തിയ ആഭ്യന്തര അന്വേഷണതിലും സഹപാഠികളിൽ നിന്ന് അമ്മുവിന് മാനസിക പീഡനം ഏൽക്കേണ്ടി വന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു. അത്തരം റിപ്പോർട്ടുകളും പൊലീസ് കേസിന്‍റെ ഭാഗമാക്കി.അതോടൊപ്പം, സഹപാഠികൾക്കെതിരെ അമ്മു സജീവ് കോളേജ് അന്വേഷണ സമിതിക്ക് മുമ്പാകെ നൽകിയ കുറിപ്പും ഹോസ്റ്റൽ മുറിയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ഈ കുറിപ്പും പ്രതികളുടെ അറസ്റ്റിലേക്ക് നീങ്ങുന്നത് നിര്‍ണായകമായി. ഇതെല്ലാം ആത്മഹത്യാപ്രേരണയ്ക്ക് അടിസ്ഥാനമായെന്നും പൊലീസ് പറയുന്നു. എന്നാൽ, അപ്പോഴും അമ്മു ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ആവർത്തിക്കുകയാണ് കുടുംബം.

കുടുംബം ഉന്നയിക്കുന്ന ചികിത്സാ പിഴവടക്കമുള്ള ആരോപണങ്ങളിൽ ആരോഗ്യവകുപ്പ് അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് ചുട്ടിപ്പാറ എസ്.എം.ഇ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശിനി അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണു മരിക്കുന്നത്.