Home Blog Page 1903

നടന്മാര്‍ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് പരാതിക്കാരിയായ നടി

കൊച്ചി: മുകേഷ് ഉള്‍പ്പെടെയുള്ള നടന്മാര്‍ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് പരാതിക്കാരിയായ നടി. നടന്മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍, ഈ തീരുമാനം മാറ്റികൊണ്ടാണിപ്പോള്‍ പരാതിയുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി നടി വീണ്ടും രംഗത്തെത്തിയത്. താന്‍ നേരിട്ട അതിക്രമത്തിന് നീതി വേണമെന്നും അതിനാല്‍ പരാതി പിന്‍വലിക്കില്ലെന്നും എസ്ഐടി നടപടികളുമായി സഹകരിക്കുമെന്നും നടി വ്യക്തമാക്കി.
ബന്ധുവായ യുവതി നല്‍കിയ പോക്സോ കേസില്‍ പൊലിസും സര്‍ക്കാരും സഹായിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു പിന്മാറ്റ പ്രഖ്യാപനം. എന്നാല്‍ പ്രതികരണം വൈകാരികമാണെന്നും കേസുമായി മുന്നോട്ടുപോകാന്‍ ഭര്‍ത്താവിന്റെ പിന്തുണയുണ്ടെന്നും നടി വിശദീകരിച്ചു.
നടന്മാരായ എം. മുകേഷ് എംഎല്‍എ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവര്‍ക്കെതിരെയാണ് നടി ആരോപണവുമായി രംഗത്ത് വന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. നടന്മാര്‍ക്കെതിരെ പരാതി നല്‍കിയതിനുശേഷം തനിക്കെതിരെ ചുമത്തിയ പോക്സോ കേസ് കെട്ടിച്ചമച്ചതാണെന്നും ഇതിനെതിരെ പൊലീസ് നടപടി എടുക്കാത്തത് തന്നെ വിഷമിപ്പിച്ചിരുന്നുവെന്നും നടി പറഞ്ഞു.

80 കോടിയോളം മുടക്കി ചിത്രീകരിച്ച ‘ബാഹുബലി’ സീരിസ് നെറ്റ്ഫ്ളിക്സ് ഉപേക്ഷിച്ചു

80 കോടിയോളം മുടക്കി ചിത്രീകരിച്ച ‘ബാഹുബലി’ സീരിസ് നെറ്റ്ഫ്ളിക്സ് ഉപേക്ഷിച്ചതായി നടന്‍ ബിജോയ് ആനന്ദ്. രണ്ട് വര്‍ഷം കൊണ്ട് ചിത്രീകരിച്ച സീരിസിന്റെ പ്രിവ്യു കണ്ട ശേഷം നെറ്റ്ഫ്ളിക്സ് ഉപേക്ഷിച്ചു എന്നാണ് ബിജോയ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സീരിസില്‍ ഒരു പ്രധാന കഥാപാത്രമായി ബിജോയ് വേഷമിട്ടിരുന്നു.
2018ല്‍ പ്രഖ്യാപിച്ചു ഷോ രണ്ട് തവണ ചിത്രീകരിച്ചുവെന്നും വ്യത്യസ്ത ക്രിയേറ്റീവ് ടീമുകള്‍ അതിന് നേതൃത്വം നല്‍കിയെന്നും രണ്ട് അവസരങ്ങളിലും റിലീസിന് യോഗ്യമല്ലെന്ന് നെറ്റ്ഫ്‌ലിക്‌സ് പറഞ്ഞതിനെ തുടര്‍ന്ന് പരമ്പര ഉപേക്ഷിച്ചുവെന്നാണ് നടന്‍ പറയുന്നത്. ബാഹുബലി: ബിഫോര്‍ ദി ബിഗിനിംഗ് എന്ന് പേരിട്ടിരിക്കുന്ന ഷോയില്‍ മൃണാല്‍ ഠാക്കൂര്‍ അഭിനയിക്കും എന്ന് പറഞ്ഞിരുന്നെങ്കിലും ഇവര്‍ക്ക് പകരം വാമിക ഗബ്ബി അഭിനയിച്ചിരുന്നു.
സിദ്ധാര്‍ത്ഥ് കണ്ണനുമായുള്ള അഭിമുഖത്തില്‍, ബിജയ് ആനന്ദ് ഷോയില്‍ തനിക്ക് ഒരു പ്രധാന പങ്ക് ഉണ്ടെന്നും അത് റദ്ദാക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ് നെറ്റ്ഫ്‌ലിക്‌സ് രണ്ട് വര്‍ഷത്തിനിടെ 80 കോടി രൂപ അതിന് വേണ്ടി മുടക്കിയെന്നും വെളിപ്പെടുത്തി.
സാധാരണ ഒരു നെറ്റ്ഫ്ളിക്സ് സീരിസ് ആണിത് എന്നായിരുന്നു കരുതിയത്. അതുകൊണ്ട് ഇത് ഞാന്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ കരണ്‍ കുന്ദ്ര എന്നോട് ഇത് ചെയ്യാന്‍ വീണ്ടും അപേക്ഷിച്ചു. രണ്ട് വര്‍ഷം സീരിസിനായി ചിലവഴിച്ചു. എന്നാല്‍ സീരിസ് കണ്ട നെറ്റ്ഫ്ളിക്സ് മേധാവികള്‍ അത് വേണ്ടെന്ന് വച്ചു. അത് റിലീസ് ആയില്ല.
80 കോടി ബജറ്റില്‍ ഒരുക്കിയ വലിയ സീരിസ് ആയാണ് ഇത് ഒരുക്കിയിരുന്നത്. എന്നാല്‍ നെറ്റ്ഫ്ളിക്സ് ഇതില്‍ തൃപ്തരായില്ല. നെറ്റ്ഫ്ളിക്സ് കരുതിയത് പോലെയല്ല സീരിസ് എത്തിയത്. നെറ്റ്ഫ്ലിക്സിന് അവരുടെതായ ചില രീതികള്‍ ഉണ്ടായിരുന്നു. ആ സമയത്ത് പ്രഭാസിന്റെ സാഹോ സിനിമയില്‍ അഭിനയിക്കാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു.

ചാത്തന്നൂരിലെ ഗ്രാമവണ്ടി നിര്‍ത്തലാക്കി

ചാത്തന്നൂര്‍: ചാത്തന്നൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ ഗ്രാമവണ്ടി നിര്‍ത്തലാക്കി പഞ്ചായത്ത് ഭരണസമിതി. ജില്ലയില്‍ ആദ്യം ആരംഭിച്ച ഗ്രാമ വണ്ടിയാണ് സര്‍വീസ് അവസാനിപ്പിച്ചത്. ഒരു വര്‍ഷത്തേക്കുള്ള പതിനഞ്ചു ലക്ഷം രൂപ മുന്‍കൂറായി അടച്ച ഗ്രാമവണ്ടിയാണ് പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് നിര്‍ത്തിച്ചിരിക്കുന്നത്.
ഗ്രാമവണ്ടിയുടെ സര്‍വീസ് നിലച്ചത് ഗ്രാമീണ മേഖലയിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു തിരിച്ചടിയായി മാറി. യാത്രാ സൗകര്യം ഇല്ലാത്ത ഉള്‍ പ്രദേശങ്ങളെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന രീതിയിയിലാണ് സര്‍വീസ് ഓപ്പറേറ്റ് ചെയ്തിരുന്നത്. ജില്ലയ്ക്കാകെ തന്നെ മാതൃകയായ ഗ്രാമവണ്ടി ആരംഭിക്കുന്നത് ഒരു വര്‍ഷം മുന്‍പ് മുന്‍ പഞ്ചായത്ത് ഭരണസമിതിയാണ്. 2023- 24 വാര്‍ഷിക പദ്ധതിയില്‍ 15 ലക്ഷം രൂപ ഇതിനായി വകയിരുത്തിയാണ് പദ്ധതി നടപ്പാക്കിയത്. ചാത്തന്നൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നുള്ള ഗ്രാമ വണ്ടി അന്നത്തെ ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഉദ്ഘാടനം ചെയ്തത്.
പഞ്ചായത്ത് നിര്‍ദേശിച്ച റൂട്ടിലൂടെ നിര്‍ദേശിച്ച സമയത്താണ് സര്‍വീസ് നടത്തിയിരുന്നത്. രാവിലെ 5.45ന് ചാത്തന്നൂര്‍ ഡിപ്പോയില്‍ നിന്നും ആരംഭിച്ച് വൈകിട്ട് 7.15ന് സമാപിക്കുന്ന ഗ്രാമവണ്ടി ചാത്തന്നൂരിന്റെ ഉള്‍പ്രദേശങ്ങളിലൂടെ സ്‌കൂള്‍-ഓഫീസ് സമയം കണക്കിലെടു ത്ത് പത്തോളം ട്രിപ്പുകള്‍ ആണ് നടത്തിയിരു
ന്നത്.
ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് മിക്ക സ്വകാര്യ ബസുകളും ചാത്തന്നൂര്‍ ജങ്ഷനില്‍ എത്താത്തതിനാല്‍ ഗ്രാമവണ്ടി യാത്രക്കാര്‍ക്ക് സഹായകമായിരുന്നു. ഗ്രാമ വണ്ടിയുടെ ഡീസലിനുള്ള തുകയാണ് പഞ്ചായത്ത് അടച്ചിരുന്നത്. ജീവനക്കാരുടെ ശമ്പളം, ബസിന്റെ അറ്റകുറ്റപ്പണി തുടങ്ങിയ ചെലവുകള്‍ കെഎസ്ആര്‍ടിസിയാണ് വഹിക്കുന്നത്. ടിക്കറ്റ് വഴി ലഭിക്കുന്ന തുക കെഎസ്ആര്‍ടിസിക്കാണ്. അടിയന്തിരമായി ബസ് പുനരാംരംഭിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

പ്രകൃതിദത്തമല്ലാതെയും രാഷ്ട്രീയപ്രേരിതവുമായ വാർഡ് വിഭജനം പുന:പരിശോധിക്കണം കോൺഗ്രസ്സ്

ശാസ്താംകോട്ട: പ്രകൃതിദത്തമല്ലാതെയും അശാസ്ത്രീയമായും രാഷ്ട്രീയ പ്രേരിതവുമായ കുന്നത്തൂർ താലൂക്കിലെ പഞ്ചായത്ത് വാർഡ് വിഭജനം പുന:പരിശോധിക്കണമെന്ന് കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി അധികാരികളോട് ആവശ്യപ്പെട്ടു. ബി.ജെ.പി, എസ്.ഡി.പി.ഐ കക്ഷികൾ ജയിച്ചാലും സി.പി.ഐ, കോൺഗ്രസ്സ്, മുസ്ലിം ലീഗ്, ആർ.എസ്.പി, കേരള കോൺഗ്രസ്സ് കക്ഷികൾജയിക്കരുതെന്ന മനോഭാവത്തിൽ സി.പി.ഐ (എം) മാത്രം ജയിച്ചാൽ മതി എന്ന രീതിയിലാണ് വാർഡ് വിഭജന കരട് പ്രസിദ്ധീകരിച്ചിരുക്കുന്നത്. കുന്നത്തൂർ താലൂക്കിന്റെ വാണിജ്യ തലസ്ഥാനമായ ഭരണിക്കാവിനെ തലങ്ങും വിലങ്ങും വെട്ടി മുറിച്ചിരിക്കുകയാണ്. സി.പി.ഐ (എം) അനുഭാവികളായ ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്നും സി.പി.ഐ (എം) നിർദ്ദേശമനുസരിച്ചാണ് വിഭജനമെന്നും കോൺഗ്രസ്സ് ആരോപിച്ചു. ഇതിനെതിരെ പഞ്ചായത്ത് ആഫീസിന് മുന്നിൽ ഇന്നും നാളെയും മറ്റെന്നാളുമായി (25, 26 27 )ശക്തമായ പ്രതിഷേധ ധർണ്ണ നടത്തുവാനും തീരുമാനിച്ചു. ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കാഞ്ഞിരവിള അജയകുമാർ , തോമസ് വൈദ്യൻ, കല്ലട ഗിരീഷ്, പഞ്ചായത്ത് രാജ് സംഘതൻ ജില്ലാ പ്രസിഡന്റ് ശൂരനാട് .എസ് . സുഭാഷ്, മണ്ഡലം പ്രസിഡന്റ് മാരായ എം.വൈ.നിസാർ,ഗോപൻപെരുവേലിക്കര,വിനോദ് വില്ല്യത്ത്,ഷിബു മൺറോ ,പഞ്ചായത്ത്പ്രസിഡന്റ് കെ.ജി. ലാലി, വൈസ് പ്രസിഡന്റ് ബി.സേതു ലക്ഷ്മി, മുൻ പഞ്ചായത്ത് പ്രസിഡന്റ് മാരായ മായാദേവി, ഉമാദേവി പിള്ള ,നേതാക്കളായ എസ്. രഘുകുമാർ ,ആർ. അരവിന്ദാക്ഷൻപിള്ള, വിദ്യാരംഭംജയകുമാർ , എൻ.സോമൻപിള്ള,സിജു കോശി വൈദ്യൻ, ജോൺ പോൾ സ്റ്റഫ്, ജയശ്രീ രമണൻ ,മഠത്തിൽ .ഐ. സുബൈർ കുട്ടി.എം. എസ്.വിനോദ്, ടി.ജി. എസ്. തരകൻ, സുരേഷ് പുത്തൻ മഠത്തിൽ,ടി.എ.റംലാ ബീവി,റഷീദ് ശാസ്താംകോട്ട,റിയാസ് പറമ്പിൽ , തടത്തിൽ സലിം, എസ്. ഷീജ കുമാരി ,ഗീവർഗ്ഗീസ്, അബ്ദുൽ സലാം പോരുവഴി , കുന്നിൽ ജയകുമാർ , ഷാജി ചിറക്കുമേൽ ,ഷിഹാബ് മുല്ലപ്പള്ളി, പി.ആർ. ഹരിമോഹനൻ , കെ.പി. അൻസർ തുടങ്ങിയവർ പ്രസംഗിച്ചു

ഇടവേളയ്ക്ക് ശേഷം മനം നിറയെ അയ്യപ്പനെ കണ്ട സന്തോഷത്തില്‍ ഗിന്നസ് പക്രു

ശബരിമല. ഇടവേളയ്ക്ക് ശേഷം മനം നിറയെ അയ്യപ്പനെ കണ്ട സന്തോഷത്തിലാണ് ചലച്ചിത്ര താരം ഗിന്നസ് പക്രു. പമ്പയില്‍ നിന്ന് കാല്‍നടയായാണ് സന്നിധാനത്ത് എത്തിയത്. കൊവിഡിന് ശേഷം ഇതാദ്യമായാണ് മലയാളത്തിന്റെ പ്രിയ താരം ശബരിമലയില്‍ എത്തുന്നത്

ചോറ്റാനിക്കരയിലെ വീട്ടില്‍ നിന്ന് കെട്ടുനിറച്ചാണ് ഗിന്നസ് പക്രുവും സുഹൃത്തുക്കളും ശബരിമലയില്‍ എത്തിയത്. ഇത് എട്ടാംതവണയാണ് അയ്യപ്പനെ കാണാന്‍ സന്നിധാനത്ത് എത്തുന്നത്. പമ്പയില്‍ നിന്ന് ഒറ്റയ്ക്ക് മലചവിട്ടി കയറിയതിന്റെ സന്തോഷത്തി്‌ലായിരുന്നു ഗിന്നസ് പക്രു

അയ്യപ്പ ദര്‍ശനം കഴിഞ്ഞ് തന്ത്രിയേയും മേല്‍ശാന്തിയേയും കണ്ടു. തിരക്ക് ഉണ്ടായിരുന്നെങ്കിലും നല്ല രീതിയില്‍ ദര്‍ശനം നടത്താന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ ഗിന്നസ് പക്രു മലയിറങ്ങുന്നത്. വിനയന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നത് അത്ഭുത ദ്വീപിന്റെ രണ്ടാം ഭാഗമാണ് ഇനി തുടങ്ങാനിരിക്കുന്ന പ്രധാനപ്പെട്ട സിനിമ

കുളത്തൂപ്പുഴ-അമ്പലക്കടവ് പാലം പുതുക്കിയ ടെന്‍ഡറിന് മന്ത്രിസഭ അംഗീകാരം

കുളത്തൂപ്പുഴ: കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുളത്തൂപ്പുഴ ശ്രീശാസ്താ അമ്പലകടവ് പാലം നിര്‍മാണത്തിന്റെ പുതുക്കിയ ടെന്‍ഡറിന് മന്ത്രിസഭ അംഗീകാരം. പാലത്തിന് 10.41 കോടി രൂപയുടെ തത്വത്തിലുള്ള ഭരണാനുമതിയും കിഫ്ബിയില്‍ നിന്ന് 11.22 കോടി രൂപയുടെ സാമ്പത്തികാനുമതിയും ലഭിച്ചു.
കുളത്തൂപ്പുഴ പഞ്ചായത്തിലെ പട്ടികവര്‍ഗ കുടുംബങ്ങള്‍ താമസിക്കുന്ന ഊരാണ് അമ്പതേക്കര്‍. നാലു ഭാഗവും പൂര്‍ണമായും വനത്താല്‍ ചുറ്റപ്പെട്ട കുളമ്പി, രണ്ടാം മൈല്‍ പ്രദേശങ്ങള്‍ കൂടിച്ചേരുന്ന ഇവിടെ, വസിക്കുന്ന ആളുകള്‍ തൊട്ടടുത്ത പട്ടണമായ കുളത്തൂപ്പുഴയെ ആശ്രയിക്കുന്നത് ഈ പാലത്തിലൂടെയാണ്. ഇവിടുത്തെ കുട്ടികള്‍ പഠിക്കുവാനും, ആളുകള്‍ പുറത്ത് ജോലിക്കായും പോകുന്നത് ഈ പാലത്തിലൂടെയാണ്.
കുളത്തൂപ്പുഴ അമ്പലത്തിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന അമ്പലക്കടവ്പാലം വിഷു, ശബരിമല സീസണ്‍ സമയങ്ങളില്‍ ഏകദേശം നാല് മാസത്തോളം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാത്ത വിധം ഭക്തജനത്തിരക്കുകളും യാത്ര തിരക്കുകളും ഉള്ളതാണ്. കൂടാതെ മഴക്കാല മാകുമ്പോള്‍ പാലം നിറഞ്ഞൊഴുകുന്നത് പതിവാണ്. ഈ സാഹചര്യത്തില്‍ പുതുക്കിയ ഡിസൈന്‍ അനുസരിച്ചുള്ള പ്രവൃത്തി അടുത്തുവരുന്ന വര്‍ക്കിംഗ് സീസണില്‍ ആരംഭിക്കുമെന്ന് പി.എസ്. സുപാല്‍ എംഎല്‍എ അറിയിച്ചു.

മദ്യനിരോധിത മേഖല

കൊല്ലം: ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തിലെ വൃശ്ചികാഘോഷസമാപനത്തോടനുബന്ധിച്ച് 26, 27 തീയതികളില്‍ ക്ഷേത്രവും മൂന്ന് കിലോമീറ്റര്‍ പരിധിയിലുള്ള പ്രദേശങ്ങളും സമ്പൂര്‍ണ മദ്യനിരോധിത മേഖലയായി ജില്ലാ കളക്ടര്‍ എന്‍.ദേവിദാസ് പ്രഖ്യാപിച്ചു.
ഈ ദിവസങ്ങളില്‍ ക്ഷേത്രത്തിന് മൂന്ന് കിലോമിറ്റര്‍ പരിധിയിലുള്ള എല്ലാ മദ്യവില്‍പന ശാലകള്‍ അടച്ചിടുന്നതിനും, പൊതുജനാരോഗ്യത്തെ ബാധിക്കുന്ന വിഷയങ്ങളിലും ക്രസമാധാനപാലനത്തിലും ബന്ധപ്പെട്ട വകുപ്പുകള്‍ നടപടികള്‍ സ്വീകരിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

കാന്‍സര്‍ പെന്‍ഷന്‍ വിതരണം കാര്യക്ഷമമാക്കണം

കൊല്ലം: കാന്‍സര്‍ രോഗബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന കാന്‍സര്‍ പെന്‍ഷന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിയ്ക്കണമെന്ന് ജീവനം കാന്‍സര്‍ സൊസൈറ്റി ആവശ്യപ്പെട്ടു. വിവിധ ജില്ലകളില്‍ വ്യത്യസ്ഥ രീതിയിലാണ് പെന്‍ഷന്‍ നല്‍കുന്നത്.
ചില താലൂക്കുകളില്‍ കൃത്യമായി നല്‍കുമ്പോള്‍ ചിലയിടങ്ങളില്‍ കുടിശിക വരുത്തിയിട്ടുണ്ട്. കാന്‍സര്‍ ചികിത്സ വളരെയേറെ ചെലവേറിയ കാലഘട്ടത്തില്‍ പെന്‍ഷനെ ആശ്രയിച്ച് ജീവിക്കുന്ന നിരവധി പേരുണ്ട്.
പെന്‍ഷന്‍ വിതരണത്തില്‍ ഉണ്ടാകുന്ന അപാകതകള്‍ മൂലം പലര്‍ക്കും ആശുപത്രിയില്‍ പരിശോധനയ്ക്കു പോകാന്‍ പോലും കഴിയാത്ത അവസ്ഥയാണ് നിലവില്‍ ഉള്ളത്. പെന്‍ഷന്‍ വിതരണത്തില്‍ ഏകീകൃത സ്വഭാവം ഉണ്ടാക്കി എല്ലാവര്‍ക്കും കൃത്യമായി പെന്‍ഷന്‍ ലഭിക്കാന്‍ ആവശ്യമായ നടപടികള്‍ ഉണ്ടാകണം.
കിടപ്പു രോഗികള്‍ക്ക് പെന്‍ഷന്‍ വര്‍ഷന്തോറും പുതുക്കുന്നതിന് ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ആശുപത്രിയില്‍ കൊണ്ടു പോകാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ നിരവധി പേര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നില്ല.
സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ പുതുക്കുന്നതിന് കിടപ്പു രോഗികള്‍ക്ക് ഏര്‍പ്പെടുത്തിയ രീതിയിലുള്ള സംവിധാനങ്ങള്‍ കാന്‍സര്‍ രോഗികള്‍ക്കും ഏര്‍പ്പെടുത്തണമെന്ന് ജീവനം ജനറല്‍ സെക്രട്ടറി ബിജു തുണ്ടില്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ഓൺലൈൻ മാധ്യമപ്രവർത്തകരുടെ കാര്‍ സംസ്ഥാനപാതയിൽ താഴ്ചയിലേക്ക് മറിഞ്ഞു

കോന്നി .പുളിമുക്കിന് സമീപം കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു. തിരുവനന്തപുരം ഭാഗത്തേക്ക് പോയ ഓൺലൈൻ മാധ്യമപ്രവർത്തകരുടെ കാറാണ് അപകടത്തിൽപ്പെട്ടത്. കാറിന്റെ മുൻഭാഗം അപകടത്തിൽ പൂർണമായി തകർന്നു. കാറിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 12 45 ഓടെ ആയിരുന്നു അപകടം

ഭരണഘടനയില്‍ വഖഫിന് സ്ഥാനം ഇല്ല, പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വഖഫിന് എതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. സാമൂഹിക നീതിക്ക് എതിരാണ് വഖഫ് എന്നാണ് മോദി പറഞ്ഞത്.
വോട്ട് ബാങ്ക് വര്‍ധിപ്പിക്കാനാണ് വഖഫ് നിയമം ഉണ്ടാക്കിയത്. ഭരണഘടനയില്‍ വഖഫിന് സ്ഥാനം ഇല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രീണനത്തിനായി കോണ്‍ഗ്രസ് നിയമങ്ങള്‍ ഉണ്ടാക്കി. പട്ടികജാതി വിഭാഗത്തെപ്പോലും അവര്‍ കാര്യമാക്കിയില്ല. വഖഫ് ബോര്‍ഡ് അതിന് ഉദാഹരണമാണ്. 2014ല്‍ ഡല്‍ഹിക്ക് സമീപമുള്ള പല സ്വത്തുക്കളും ഒഴിപ്പിച്ച്‌ ഇവര്‍ വഖഫ് ബോര്‍ഡിന് വിട്ടുകൊടുത്തു. ഭരണഘടനയില്‍ വഖഫ് നിയമത്തിന് സ്ഥാനമില്ല. എന്നിട്ടും കുടുംബത്തിന് വോട്ട് ബാങ്ക് ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ഈ സൗകര്യം ഒരുക്കിയത്. യഥാര്‍ത്ഥ മതേതരത്വത്തിന് വധശിക്ഷ നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്.- മോദി പറഞ്ഞു.ന്യൂഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

നവംബർ 25 മുതല്‍ ആരംഭിക്കുന്ന പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിന് പുതിയ വഖഫ് ബില്‍ അവതരിപ്പിക്കാനിരിക്കെയാണ് മോദിയുടെ പരാമർശം . പ്രതിപക്ഷത്തിന്റെ എതിർപ്പു മറികടന്നാണ് വഖഫ് ബില്‍ ശൈത്യകാല സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്