Home Blog Page 1902

മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത കോടികൾ തട്ടിയ സംഭവത്തിൽ സുവിശേഷ പ്രാസംഗികൻ അറസ്റ്റിൽ

തൃശൂര്‍.മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത കോടികൾ തട്ടിയ സംഭവത്തിൽ സുവിശേഷ പ്രാസംഗികൻ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി ഫാദർ ജേക്കബ് തോമസാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ വെല്ലൂർ സിഎംസി മെഡിക്കൽ കോളേജിൽ 2022 എംബിബിഎസ് സ്റ്റാഫ് കോട്ടയിൽ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്.


മലേഷ്യയിലേക്ക് കടക്കുന്നതിനായി ചെന്നൈ ഇൻറർനാഷണൽ എയർപോർട്ടിൽ എത്തിയപ്പോഴാണ് ഫാദർ ജേക്കബ് തോമസ് തൃശൂർ വെസ്റ്റ് പോലീസിൻ്റെ പിടിയിലായത്. തമിഴ്നാട്ടിലെ വെല്ലൂർ സിഎംസി മെഡിക്കൽ കോളേജിൽ 2022 എംബിബിഎസ് സ്റ്റാഫ് കോട്ടയിൽ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയത് സംബന്ധിച്ച് ജേക്കബ് തോമസിനെതിരെ തൃശൂർ വെസ്റ്റ്, അങ്കമാലി, കൊരട്ടി,  പാലാ, പന്തളം, അടൂർ എന്നീ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ ഉണ്ട്. പത്തനംതിട്ട സ്വദേശിയായ പ്രതി കന്യാകുമാരി തക്കളയിൽ താമസിച്ചിരുന്ന സമയത്താണ് കേരളത്തിലെ രക്ഷിതാക്കളെ കബളിപ്പിച്ചത്. സുവിശേഷ പ്രവർത്തകൻ എന്ന നിലയിൽ പ്രവർത്തിക്കുന്ന ഇയാൾ ആസംബര കാറുകളിലാണ് സഞ്ചരിക്കാറുള്ളത്. CMC മെഡിക്കൽ കോളേജുമായും  ബിഷപ്പുമായും അടുത്ത ബന്ധം ഉള്ള ആളെന്നും  മറ്റും പറഞ്ഞ് ആകർഷിച്ചാണ്  രക്ഷിതാക്കളെ വലയിലാക്കുന്നത്. പലരും 60 ഉം 80 ലക്ഷം രൂപ വീതം നഷ്ടപ്പെട്ടവരാണ്. തൃശൂർ വെസ്റ്റ് പോലീസ്  ഈ കേസിലേക്ക് ബിഷപ്പാണെന്ന് പരിചയപ്പെടുത്തിയിരുന്ന പാസ്റ്റർ പോൾ ഗ്ലാഡ്സനെയും, പാസ്റ്റർമാരായ വിജയകുമാർ, അനുസാമുവൽ എന്നിവരേയും ജേക്കബ് തോമസിൻ്റെ മകൻ റെയ്നാർഡിനേയും അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പിന് ശേഷം ശേഷം പല സംസ്ഥാനങ്ങളിലുമായി  ഒളിവിൽ കഴിഞ്ഞിരുന്ന ജോക്കബ് തോമസിനെ കുടുക്കാൻ ജില്ലാ പോലീസ് മേധാവി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. പ്രതിയെ തൃശൂരിൽ   പ്രതിയെ  മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.

സ്പോട്ട് ബുക്കിംഗ് വഴി ശബരിമലയിലേക്ക് എത്ര പേർക്ക് വേണമെങ്കിലും വരാം, ദേവസ്വം ബോർഡ് പ്രസിഡന്റ്

ശബരിമല. സ്പോട്ട് ബുക്കിംഗ് വഴി ശബരിമലയിലേക്ക് എത്ര പേർക്ക് വേണമെങ്കിലും വരാമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ്. പ്രശാന്ത്. ഭക്തർ ആധികാരിക രേഖ കരുതണം. വെർച്ച്വൽ ക്യൂ ബുക്കിംഗ് എണ്ണം നീട്ടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും പി.എസ് പ്രശാന്ത് പറഞ്ഞു. നട തുറന്ന ശേഷം ദേവസ്വം ബോർഡിന് വരുമാനത്തിൻ 13 കോടിയുടെ അധിക വർധന

വെർച്ച്വൽ ക്യൂ ബുക്കിംഗ് 70 ൽ നിന്ന് 80000 ആയി ഉയർത്തേണ്ട സാഹചര്യം നിലവിലില്ലെന്നാണ് ദേവസ്വം ബോർഡ് നിലപാട്. സ്പോട്ട് ബുക്കിംഗ് പതിനായിരമായി നിജപ്പെടുത്തിയെങ്കിലും എത്രപേർക്ക് വേണമെങ്കിലും സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്താമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത്

മിനിറ്റിൽ 80 തീർത്ഥാടകരാണ് പതിനെട്ടാം പടി ചവിട്ടുന്നത്. പോലീസിന്റെ ക്രൗഡ് മാനേജ്മെൻറ് വിജയം കണ്ടെന്നും പ്രശാന്ത്

9 ദിവസത്തിനിടെ 13 കോടി 33 ലക്ഷം രൂപയുടെ അധിക വരുമാനമാണ് ബോർഡിന് ഉണ്ടായത്.ഉണ്ണിയപ്പം വില്പന വഴി ഇതുവരെ രണ്ടുകോടി 21 ലക്ഷവും അരവണ വിൽപ്പന വഴി 17 കോടി 71 ലക്ഷവും നേടി. കാണിക്ക വഴിയുള്ള വരുമാനവും 14 കോടിയിലെത്തി

കേരളത്തിലെ ബിജെപി കടിഞ്ഞാൺ ഇല്ലാത്ത കുതിര,നിയന്ത്രണം ആർഎസ്എസ് ഏറ്റെടുക്കണം

കൊച്ചി. കേരളത്തിലെ ബിജെപി കടിഞ്ഞാൺ ഇല്ലാത്ത കുതിരയെന്നു എൻഡിഎ വൈസ് ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു. ബിജെപിയുടെ എൻഡിഎയുടെയും പ്രവർത്തനങ്ങളിൽ വലിയ വീഴ്ച സംഭവിക്കുന്നു. വീഴ്ചകളുടെ ഉത്തരവാദിത്വത്തിൽ നിന്ന് ആർക്കും ഒഴിഞ്ഞുമാറാൻ ആകില്ല. കാര്യങ്ങൾ തീരുമാനിക്കുന്നത് ജനസമ്മതി ഇല്ലാത്ത നേതാക്കൾ. മറ്റ് രാഷ്ട്രീയ പാർട്ടികൾ അവരുടെ ആളുകളെ സംരക്ഷിച്ചു നിർത്തുന്നത് കണ്ടു പഠിക്കണം. പാർട്ടിക്ക് വേണ്ടപ്പെട്ട ഒരാൾക്കു പോലും ജോലി കൊടുക്കാൻ കഴിഞ്ഞില്ല. ദീപാവലി പോലെ തെരഞ്ഞെടുപ്പും ഇവർക്ക് ഒരു ആഘോഷമാണ്. നിയന്ത്രണം ആർഎസ്എസ് ഏറ്റെടുക്കണം

ഇത്തിൾ കണ്ണികളെ എല്ലാം പറിച്ചെറിഞ്ഞ് കേരളത്തിലെ ബിജെപിയെ രക്ഷിക്കണം. ഗ്രൂപ്പിൻറെ പേരിൽ വരുന്ന ഒരാൾക്ക് പോലും സ്ഥാനമാനങ്ങൾ നൽകരുത്. കാര്യങ്ങൾ തുറന്നു പറയുന്നവരെ ഒഴിവാക്കുകയും പാര പണിയുകയും അല്ല വേണ്ടതെന്നും ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടി.

കെഎസ്ആര്‍ടിസി ഓപ്പറേറ്റിംങ് സെന്റര്‍ കരുനാഗപ്പള്ളി മാര്‍ക്കറ്റിലുളള പ്രൈവറ്റ് ബസ്സ്റ്റാന്റില്‍ നിന്നും ആരംഭിക്കണം,യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ (യു എം സി)

യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍(യു.എം.സി) കരുനാഗപ്പള്ളി മാര്‍ക്കറ്റ് യൂണിറ്റ് പ്രസിഡന്റായി തെരഞ്ഞെടുത്ത അഷറഫ് പള്ളത്തുകാട്ടില്‍, ജനറല്‍ സെക്രട്ടറി അഹിനസ്‌

കരുനാഗപ്പള്ളി: വ്യാപാരസ്ഥാപനങ്ങള്‍ക്ക് ബുദ്ധിമുട്ട് വരാത്ത രീതിയില്‍ പാര്‍ക്കിംഗ് അനുവദിക്കണമെന്നും ഒഴിഞ്ഞുകിടക്കുന്ന സ്വകാര്യ സ്ഥലങ്ങളില്‍ പബ്ലിക് പാര്‍ക്കിംഗ് ഏര്‍പ്പെടുത്തണമെന്നും, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി ഉദ്ഘാടന മാമാങ്കം നടത്തി നിര്‍ത്തിവച്ചിരിക്കുന്ന വഴിയോര വിശ്രമകേന്ദ്രം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്നും, കെ.എസ്.ആര്‍.റ്റി.സി ബസ്സ് പാര്‍ക്കിംഗും ഓപ്പറേറ്റിംഗ് സെന്ററും കരുനാഗപ്പള്ളി മാര്‍ക്കറ്റിലുളള പ്രൈവറ്റ് ബസ്സ്റ്റാന്റില്‍ ആരംഭിക്കണമെന്നും, കെ.എസ്.ആര്‍.ടി.സി സ്റ്റേഷന് സമീപത്തുളള ഓട്ടോസ്റ്റാന്റ് റോഡില്‍ നിന്നും മാറ്റി സ്ഥാപിക്കണമെന്നും, കരുനാഗപ്പള്ളിയിലുളള ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന് പോലീസിന്റെ സഹായം ഉണ്ടാകണമെന്നും യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ (യു.എം.സി) കരുനാഗപ്പള്ളി മാര്‍ക്കറ്റ് യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
അഷറഫ് പള്ളത്തുകാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ നിജാംബഷി ഉത്ഘാടനം ചെയ്തു. റൂഷ.പി.കുമാര്‍, ഷംസുദ്ദീന്‍ ഷഹനാസ്, എം.പി.ഫൗസിയാബിഗം എന്നിവര്‍ സംസാരിച്ചു.
പ്രസിഡന്റായി അഷറഫ് പള്ളത്തുകാട്ടില്‍, ജനറല്‍ സെക്രട്ടറി അഹിനസ്, ട്രഷറര്‍ എം.പി ഫൗസിയാബീഗം, വര്‍ക്കിംഗ് പ്രസിഡന്റ് നിഹാര്‍ വേലിയില്‍, വൈസ്പ്രസിഡന്റ് റൂഷ.പി.കുമാര്‍, ഡി.എന്‍.അജിത്ത്, സെക്രട്ടറിമാരായി ഷഫീക്ക് എസ്.എച്ച് നൈറ്റീസ്, അസീസ്, വിശ്വം എന്നിവരെ തിരഞ്ഞെടുത്തു.
ജനറല്‍ സെക്രട്ടറി
അഹിനസ്

റോഡിന് കുറുകെ കെട്ടിയിരുന്ന കയര്‍ കഴുത്തില്‍ കുടുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു

റോഡിന് കുറുകെ കെട്ടിയിരുന്ന കയര്‍ കഴുത്തില്‍ കുടുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു. തിരുവല്ല മുത്തൂരില്‍ ആണ് സംഭവം. ആലപ്പുഴ തകഴി സ്വദേശി സെയ്ദ് (32) ആണ് മരിച്ചത്. മരം മുറിക്കുന്നതിന്റെ ഭാഗമായി റോഡിന് കുറുകെ കെട്ടിയിരുന്ന കയറാണ് യുവാവിന്റെ കഴുത്തില്‍ കുടുങ്ങിയത്.
ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പം യാത്ര ചെയ്യുമ്പോഴാണ് അപകടം സംഭവിച്ചത്. കഴുത്തില്‍ കയര്‍ കുരുങ്ങിയതിനെ തുടര്‍ന്ന് സെയ്ദ് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. സെയ്ദ് തല്‍ക്ഷണം മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വീണ് പരിക്കേറ്റ ഭാര്യയെയും മക്കളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുത്തൂര്‍ സര്‍ക്കാര്‍ സ്‌കൂളിലെ മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ തടയുന്നതിനായാണ് റോഡിന് കുറുകെ കയര്‍ വലിച്ചുകെട്ടിയിരുന്നത്. റോഡിന് കുറുകെ മരത്തില്‍ നിന്ന് പോസ്റ്റിലേക്കാണ് കയര്‍ കെട്ടിയിരുന്നത്. ഇത് അറിയാതെ വന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.

ഇലക്ട്രിക് സ്‌കൂട്ടര്‍ പണി കൊടുത്തു… കലിപ്പില്‍ വാഹനം തല്ലിപ്പൊട്ടിച്ച് ഉടമ

ഇലക്ട്രിക് സ്‌കൂട്ടര്‍ ഒറ്റ മാസം കൊണ്ട് മുട്ടന്‍ പണി കൊടുത്തതിന്റെ കലിപ്പില്‍ വാഹനം തല്ലിപ്പൊട്ടിച്ച് ഉടമ. ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന്റെ മുന്നിലിട്ടാണ് ഉടമ സ്‌കൂട്ടര്‍ തല്ലിത്തകര്‍ത്തത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായി. വാങ്ങി ഒരു മാസത്തിനകം 90,000 രൂപയാണ് സ്‌കൂട്ടറിന്റെ സര്‍വീസ് ചാര്‍ജായി വന്നത്.
ഇത്രയും തുക ബില്‍ വന്നതോടെ ഉടമ സ്‌കൂട്ടര്‍ തല്ലിത്തകര്‍ത്ത് ദേഷ്യം തീര്‍ത്തു. വലിയ ചുറ്റിക കൊണ്ടാണ് ഇയാള്‍ സ്‌കൂട്ടര്‍ തകര്‍ത്തത്. സ്ഥമേതാണെന്ന് വിഡിയോയില്‍ വ്യക്തമല്ല. സമൂഹമാധ്യമത്തില്‍ പലരും സ്റ്റാന്‍ഡ്അപ്പ് കോമേഡിയന്‍ കുനാല്‍ കുമ്രയെ ടാഗ് ചെയ്താണ് വിഡിയോ ഷെയര്‍ ചെയ്യുന്നത്. വിഷയത്തില്‍ കമ്പനിയുടെ ഭാഗത്തുനിന്ന് വ്യക്തമായ പ്രതികരണമൊന്നും എത്തിയിട്ടില്ല. നിരവധിപ്പേരാണ് കമ്പനിക്കെതിരെ കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

നടി തമന്ന വിവാഹിതയാകുന്നു; വരന്‍ നടന്‍ വിജയ്‌

തമന്ന ഭാട്ടിയയും കാമുകനും നടനുമായ വിജയ് വര്‍മയും വിവാഹിതരാകുന്നു. 2025-ലാണ് ഇവര്‍ വിവാഹം കഴിക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. പൊതുവേദികളില്‍ ഒരുമിച്ചെത്താന്‍ തുടങ്ങിയതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് ഗോസിപ്പ് പുറത്ത് വന്നത്. പിന്നീട് താരങ്ങള്‍ ആ ബന്ധം ശരിവയ്ക്കുകയായിരുന്നു. വിവാഹശേഷം താമസിക്കാനായി ഇരുവരും മനോഹരമായ വീട് അന്വേഷണത്തിലാണ് ഇപ്പോഴെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. വാര്‍ത്ത ഇരുവരും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.


ലസ്റ്റ് സ്റ്റോറീസ് എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചപ്പോഴാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്. പിന്നീട് ഇരുവരും തമ്മില്‍ ഡേറ്റിങ് ആരംഭിക്കുകയും ചെയ്തിരുന്നു. 2023 ല്‍ ശുഭങ്കര്‍ മിശ്രയുമായുള്ള അഭിമുഖത്തില്‍ വിജയ് വര്‍മ്മ തന്നെയാണ് തമന്നയെ പ്രണയിക്കുന്നുവെന്ന് തുറന്ന് പറഞ്ഞത്.
പിന്നീട് വിജയ് വര്‍മ്മയെക്കുറിച്ചുള്ള ചോദ്യത്തില്‍ തന്റെ ‘സന്തോഷകരമായ സ്ഥലം’ എന്നാണ് തമന്ന വിശേഷിപ്പിച്ചത്. പ്രണയം സ്ഥിരീകരിക്കാതെ ഒളിച്ചുവയ്ക്കാന്‍ തങ്ങള്‍ താല്‍പര്യപ്പെടുന്നില്ലെന്നാണ് വിജയ് വര്‍മ്മ പ്രണയത്തെ പറ്റി വെളിപ്പെടുത്തിയത്.

എമ്പുരാന്റെ ലൊക്കേഷന്‍ സന്ദര്‍ശിച്ച് രാം ഗോപാല്‍ വര്‍മ

പൃഥ്വിരാജ് -മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് എമ്പുരാന്‍. മലയാളികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രംകൂടിയാണ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍. ഇപ്പോള്‍ എമ്പുരാന്റെ ലൊക്കേഷന്‍ സന്ദര്‍ശിച്ചിരിക്കുകയാണ് ബോളിവുഡിലെ പ്രമുഖ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. അവസാനഘട്ട ചിത്രീകരണം നടക്കുന്ന പാലക്കാട്ടെ ലൊക്കേഷനിലാണ് രാം ഗോപാല്‍ വര്‍മ എത്തിയത്. പൃഥ്വിരാജിനും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പമുള്ള ചിത്രവും തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.

എല്ലാം കാമാച്ചിയമ്മനോട് പറഞ്ഞോളം…. കൂടെയുണ്ടായിരുന്നവരെക്കുറിച്ച് എത്ര ചോദിച്ചിട്ടും പോലീസിനോട് പറയാതെ പിടിയിലായ കുറുവ സംഘാംഗം സന്തോഷ് ശെല്‍വം

പോലീസിനേയും വട്ടംചുറ്റിക്കുകയാണ് കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ പിടിയിലായ കുറുവ സംഘാംഗം സന്തോഷ് ശെല്‍വം. കുറുവമോഷണസംഘത്തിലെ പ്രധാനിയാണ് സന്തോഷ് ശെല്‍വം. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന വേലനും പശുപതിയും നാടുവിട്ടുവെന്ന സൂചനകളെത്തിയെങ്കിലും ഇവരെ പിടികൂടാനായിട്ടില്ല. എന്ത് ചോദിച്ചാലും സത്യം താന്‍ ആരാധിക്കുന്ന ദൈവമായ കാമാച്ചിയമ്മനോട് മാത്രമേ പറയൂവെന്ന സന്തോഷ് ശെല്‍വത്തിന്റെ നിലപാട് പോലീസിനേയും കുഴയ്ക്കുകയാണ്.
ഇതോടെ സന്തോഷ് ശെല്‍വത്തിന്റെ കസ്റ്റഡി കാലാവധി തീരുന്നതിന് ഒരു ദിവസം മുന്‍പേ ഇയാളെ പൊലീസ് കോടതിയില്‍ തിരികെ ഹാജരാക്കി. പൊലീസിന് ആകെ കണ്ടെത്താന്‍ കഴിഞ്ഞതാകട്ടെ ഓയില്‍ പുരണ്ട ഒരു ബര്‍മുഡയും തോര്‍ത്തും മാത്രം. ഒപ്പമുണ്ടായിരുന്നവരെക്കുറിച്ച് പൊലീസ് എത്ര ചോദിച്ചിട്ടും സന്തോഷ് ശെല്‍വം ഒറ്റിക്കൊടുക്കില്ലെന്ന കടുത്ത നിലപാടിലാണ്. ഒരക്ഷരംപോലും ഇയാളില്‍ നിന്ന് പൊലീസിന് മറുപടി ലഭിച്ചില്ല. എന്ത് ചോദിച്ചാലും കാമാച്ചിയമ്മനോട് പറഞ്ഞോളം എന്നതാണ് പ്രതികരണം.

അങ്കണവാടിയിൽ വീണ് കുഞ്ഞിന് ഗുരുതര പരിക്ക്; വിവരം മറച്ചുവച്ച് ജീവനക്കാർ

തിരുവനന്തപുരത്ത് അങ്കണവാടിയില്‍ വച്ച് വീണ് പരിക്കേറ്റ മൂന്നു വയസ്സുകാരി ഗുരുതരാവസ്ഥയില്‍. തിരുവനന്തപുരം മാറനല്ലൂരാണ് സംഭവം. കുട്ടി വീണ് പരിക്കേറ്റ കാര്യം വീട്ടുകാരെ അറിയിച്ചില്ലെന്നാണ് രക്ഷകര്‍ത്താക്കള്‍ ആരോപിക്കുന്നത്.
കഴുത്തിന് പിന്നില്‍ ക്ഷതമേറ്റ പോങ്ങുംമൂട് രതീഷ്- സിന്ധു ദമ്പതികളുടെ മകള്‍ വൈഗ എസ്എറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. വിവരം അങ്കണവാടി ജീവനക്കാര്‍ മറച്ചുവെച്ചുവെന്നാണ് പരാതി. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു.
കുട്ടി വീണ കാര്യം അറിയിക്കാന്‍ മറന്നുപോയി എന്നായിരുന്നു അങ്കണവാടി ജീവനക്കാര്‍ വീട്ടുകാര്‍ക്ക് നല്‍കിയ മറുപടി. ഉച്ചയ്ക്ക് നടന്ന സംഭവം കുട്ടിയുടെ നില വഷളായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അറിയുന്നത് രാത്രിയാണ്. അംഗന്‍വാടിയില്‍ നിന്ന് തിരികെയെത്തിയ കുട്ടിയ്ക്ക് ഭക്ഷണം കൊടുത്തപ്പോള്‍ ഛര്‍ദിച്ചു. മാത്രമല്ല ‘മകളുടെ കണ്ണില്‍ ഒക്കെ ചെറിയ കുഴപ്പമുണ്ടായിരുന്നു. വൈകിട്ട് വീട്ടിലെത്തിയിട്ടും വൈഗ ഭയങ്കര കരച്ചിലായിരുന്നു. തലയ്ക്കു വേദനയെടുക്കുന്നതായി അമ്മ സിന്ധുവിനോടു പറഞ്ഞു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് തലയില്‍ ചെറിയ വീക്കം കാണപ്പെട്ടത്. തുടര്‍ന്ന് അംഗന്‍വാടി ജീവനക്കാരെ വിളിക്കപ്പോഴാണ് കാര്യം അറിയുന്നത്. എന്താണ് കാര്യമെന്നു വിളിച്ചുചോദിച്ചപ്പോള്‍ കുട്ടി വീണ കാര്യം പറയാന്‍ മറന്നുപോയയെന്നാണ് ഇവര്‍ പറഞ്ഞത്.
മാറനല്ലൂര്‍ വാര്‍ഡിലെ പോലീസ് സ്റ്റേഷനു സമീപമുള്ള അങ്കണവാടിയില്‍ വ്യാഴാഴ്ച ഉച്ചയോടുകൂടിയാണ് സംഭവം. കുഞ്ഞിന്റെ തലയോട്ടി പൊട്ടിയിട്ടുണ്ട്, തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്, തോളെല്ല് പൊട്ടിയിട്ടുണ്ട്. സ്പൈനല്‍ കോര്‍ഡിലും ക്ഷതം ഏറ്റിട്ടുണ്ട്. ഒരു വാക്കെങ്കിലും വിളിച്ചു പറഞ്ഞുകൂടായിരുന്നോ എന്നാണ് കുട്ടിയുടെ അച്ഛന്‍ ചോദിക്കുന്നത്.