26.5 C
Kollam
Thursday 18th December, 2025 | 01:25:39 AM
Home Blog Page 1892

നാടൻ തോക്ക് കണ്ടെത്തി

.reprencentational image

ചിതറ. അരിപ്പ നാട്ടുകല്ലിൽ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് വനം വകുപ്പ് നാടൻ തോക്ക് കണ്ടെത്തി.അരിപ്പ നാട്ടുകല്ല് സ്വദേശി ജലാലിന്റെ വീട്ടിൽ നിന്നുമാണ് തോക്ക് കണ്ടെത്തിയത്. വീടിന്റെ ഉടമ തന്നെയാണ് വീട്ടിനുള്ളിൽ തോക്ക് കിടക്കുന്ന വിവരം വനം വകുപ്പിനെ തോക്ക് അറിയിച്ചത്. വീടിന്റെ മുൻവശത്തെ വാതിൽ തുറന്ന് കിടക്കുന്ന നിലയിലാണ്. വനം വകുപ്പ് വീട്ടിലെത്തി നാടൻ തോക്ക്കസ്റ്റഡിയിൽ എടുത്തു. വനം വകുപ്പ് തോക്ക് ചിതറ പോലീസിന് കൈമാറി.

ക്വാറിയിലെ വെള്ളക്കെട്ടിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച് ദമ്പതികൾ; യുവാവ് മരിച്ചു

മാനന്തവാടി: ദ്വാരകയിൽ കുറ്റിയാട്ടുകുന്നിൽ ഉപയോഗശൂന്യമായ ക്വാറിയുടെ വെള്ളക്കെട്ടിൽ യുവാവ് മുങ്ങി മരിച്ചു. കുറ്റിയാട്ടുകുന്ന് ചെല്ലാട്ടുകുന്ന് പരേതനായ ഉത്തമന്റെയും മാധവിയുടെയും മകൻ രാജേഷ് (33) ആണ് മരിച്ചത്. കഴിഞ്ഞ രാത്രി എട്ടു മണിയോടെയാണ് സംഭവം. രാജേഷിന്റെ ഭാര്യ സന്ധ്യയും വെള്ളക്കെട്ടിൽ അകപ്പെട്ടെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി. ഇരുവരും വെള്ളക്കെട്ടിലേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം.

തുടർന്ന് മാനന്തവാടി അഗ്നിരക്ഷാസേനയെത്തി നടത്തിയ തിരച്ചിലിലാണ് രാജേഷിനെ പുറത്തെടുത്തത്. ഉടനെ മാനന്തവാടി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. കെല്ലൂരിൽ ഇൻഡസ്ട്രി നടത്തിവരികയായിരുന്നു രാജേഷ്. ആദിയെന്ന മകളും ആറു മാസം പ്രായമുള്ള കുട്ടിയുമാണ് രാജേഷിനുള്ളത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

വൈരാ​ഗ്യവും ദേഷ്യവും ഉള്ളിൽ ഒതുക്കുന്നവരാണോ? ഇതറിയണം

വൈരാഗ്യവും ദേഷ്യവുമൊക്കെ ഉള്ളിൽ ഒതുക്കുന്നവരാണോ നിങ്ങൾ? ഹൃദയാരോഗ്യത്തെ ഈ ശീലം നേരിട്ട് ബാധിച്ചേക്കാമെന്ന് പുതിയ പഠനം. ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നതിന് ദേഷ്യം പ്രകടിപ്പിക്കുന്ന രീതിയും പ്രധാന ഘടകമാണെന്ന് ടെക്സാസ് സർവകലാശ ഗവേഷകൻ ആദം ഒറിയോർഡന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു.

ദേഷ്യം ഉണ്ടാകുകയും എന്നാൽ അത് അടിച്ചമർത്തുകയും ചെയ്യുന്നത് ഹൃദയാരോഗ്യം മോശമാക്കുന്നതിലേക്ക് നയിക്കുമെന്നും ഫിസിയോളജി ആന്റ് ബിഹേവിയറിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. കോപത്തിനെ തുടർന്ന് ഉണ്ടാകുന്ന സമ്മർദ പ്രതികരണങ്ങളാണ് ഹൃദ്രോഗങ്ങളിലേക്ക് നയിക്കുന്നത്.

നിയന്ത്രിത സമ്മർദ പരിശോധനയ്ക്ക് വിധേയരായ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ മിഡ്‌ലൈഫ് ഡെവലപ്‌മെന്റ് ഡാറ്റാസെറ്റിൽ നിന്നുള്ള 699 പേരാണ് പഠനത്തിന്റെ ഭാഗമായത്. അവരുടെ രക്തസമ്മർദവും ഹൃദയമിടിപ്പും പഠനത്തിലുടനീളം പരിശോധിച്ചു. പ്രധനമായും കോപത്തിന്റെ രണ്ട് വശങ്ങളാണ് പരിശോധിച്ചത്. ഒന്ന്- കോപത്തിന്റെ സ്വഭാവം, രണ്ട്- കോപ പ്രതികരണം.

ആളുകളെ മൂന്ന് വിഭാഗമായി തിരിച്ചായിരുന്നു പഠനം നടത്തിയത്. സാധാരണഗതിയിൽ കോപം ബാഹ്യമായി പ്രകടിപ്പിക്കുന്നവർ അല്ലെങ്കിൽ കോപത്തിന്മേൽ പരിമിതമായ നിയന്ത്രണമുള്ളവരിലും ഇത് മൂലമുണ്ടാകുന്ന ഹൃദയപ്രശ്നങ്ങൾ കുറമാണെന്നും പഠനത്തിൽ പറയുന്നു. എന്നാൽ കോപത്തിൻ മേൽ ഉയർന്ന നിയന്ത്രണമുള്ളവരിൽ ഹൃദയാരോഗ്യം മികച്ചതായും കണ്ടെത്തിയതായി പഠനം പറയുന്നു.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനികപുരസ്കാരവിതരണവും വെബ്‌പോര്‍ട്ടല്‍ ഉദ്ഘാടനവും വെള്ളിയാഴ്ച

തിരുവനന്തപുരം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനികപുരസ്കാരവിതരണവും വെബ്‌പോര്‍ട്ടല്‍ ഉദ്ഘാടനവും നവംബര്‍ 22ന് വെള്ളിയാഴ്ച വൈകുന്നേരം 3.30ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഫിഷറീസ്-സാംസ്കാരിക-യുവജനകാര്യവകുപ്പുമന്ത്രി സജി ചെറിയാൻ ആധ്യക്ഷ്യം വഹിക്കും.

മന്ത്രിമാരായ വി. ശിവന്‍കുട്ടി, അഡ്വ.ജി. ആര്‍. അനില്‍, അഡ്വ. വി.കെ. പ്രശാന്ത് എം.എല്‍.എ., മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ഡി. സുരേഷ്കുമാര്‍, സാംസ്‌കാരികവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ ഐ.എ.എസ്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം. സത്യന്‍, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് സുമേഷ് എന്നിവര്‍ സംസാരിക്കും.

എൻ. വി. കൃഷ്ണവാരിയർ സ്മാരകവൈജ്ഞാനികപുരസ്കാരജേതാവ് പി. എന്‍. ഗോപീകൃഷ്ണന്‍, എം. പി. കുമാരൻ സ്മാരകവിവർത്തനപുരസ്കാരജേതാവ് എസ്. ശാന്തി എന്നിവര്‍ ഒരു ലക്ഷം രൂപ വീതമുള്ള പുരസ്‌കാരം ഏറ്റുവാങ്ങും. മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള ഡോ. കെ. എം. ജോർജ് സ്മാരക ഗവേഷണപുരസ്‌കാരം ഡോ. ടി. തസ്ലീമ ഏറ്റുവാങ്ങും.

റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ ദാരുണ അപകടം: തൃശ്ശൂർ റെയിൽവെ സ്റ്റേഷനിൽ സ്ത്രീയുടെ 2 കാലുകളും അറ്റുപോയി

തൃശ്ശൂർ: റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി സ്ത്രീയുടെ രണ്ട് കാലുകൾ നഷ്ടപ്പെട്ടു. റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. കൊച്ചുവേളി – കോർബ എക്‌സ്പ്രസ് ട്രെയിനാണ് തട്ടിയത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

ആലുവയിലുണ്ടായ മറ്റൊരു അപകടത്തിൽ വയോധികൻ മരിച്ചു. ആലുവ തോട്ടയ്ക്കാട്ടുകര കൂവക്കാട്ടിൽ മുഹമ്മദ് കുഞ്ഞാണ് (63) മരിച്ചത്. മകനൊപ്പം ആശുപത്രിയിലേക്ക് ബൈക്കിൽ പോകുന്നതിനിടെ ജി.സി.ഡി.എ റോഡിൽ വച്ച് വാഹനം തെന്നി മറിഞ്ഞാണ് അപകടമുണ്ടായത്. മുഹമ്മദ് കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അടങ്ങാതെ ഐഎഎസ് അടി: സസ്പെൻഷനു മുൻപ് പരസ്യമായ അടി; ഇപ്പോൾ രഹസ്യമായി

തിരുവനന്തപുരം: രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെങ്കിലും ഐഎഎസുകാർ തമ്മിലുള്ള അടിക്കു ശമനമില്ല. കഴിഞ്ഞ ദിവസം വരെ പരസ്യമായിട്ടായിരുന്നു ഏറ്റുമുട്ടലെങ്കിൽ സസ്പെൻഷനു പിന്നാലെ അതു രഹസ്യപ്പോരായി മാറിയെന്നു മാത്രം. ‘ഉന്നതി’ സിഇഒ സ്ഥാനത്തു നിന്നു നീക്കിയതിനു പിന്നാലെ അവിടത്തെ ഫയലുകൾ പ്രശാന്ത് മുക്കിയെന്നായിരുന്നു വകുപ്പ് സെക്രട്ടറിയായിരുന്ന എ.ജയതിലകിന്റെ കണ്ടെത്തൽ. എന്നാൽ, ഫയലുകൾ മുക്കിയിട്ടില്ലെന്നും അവ തങ്ങളെ പ്രശാന്ത് ഏൽപിച്ചിരുന്നെന്നും മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയിരുന്നു.

പക്ഷേ, ഏൽപിച്ച കൂട്ടത്തിൽ സമൂഹമാധ്യമ അക്കൗണ്ടുകളുടെയും ഇ മെയിൽ‌ വിലാസങ്ങളുടെയും വെബ്സൈറ്റിന്റെയും ലോഗിൻ വിവരങ്ങളും ആദ്യ ജനറൽ ബോഡി യോഗത്തിന്റെ മിനിറ്റ്സും ഇല്ലായിരുന്നെന്ന ആരോപണവുമായി പ്രശാന്തിന്റെ എതിർപക്ഷം ഇന്നലെ രംഗത്തെത്തി. ആ ആരോപണത്തിനു തെളിവായി, ഈ വിവരങ്ങൾ കൂടി ആവശ്യപ്പെട്ടു കൊണ്ട് കഴിഞ്ഞ ജൂൺ ഏഴിന് കെ.ഗോപാലകൃഷ്ണൻ പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് സെക്രട്ടറിയായിരുന്ന എ.ജയതിലകിന് നൽകിയ കത്തും പുറത്തുവിട്ടു. പ്രശാന്തിനു പിന്നാലെ ‘ഉന്നതി’ സിഇഒ ആയി ചുമതലയേറ്റ ശേഷമാണു ഗോപാലകൃഷ്ണൻ കത്തയച്ചത്.

ഈ വിവരങ്ങൾ പ്രശാന്തിന്റെ കൈവശമില്ലെന്നും ചോദിക്കേണ്ടവരോടു ചോദിക്കണമെന്നും വ്യക്തമാക്കിയുള്ള വാട്സാപ് സന്ദേശം വൈകിട്ടോടെ പ്രശാന്ത് പക്ഷം പുറത്തിറക്കി. അതിൽ പറയുന്നത് ഇങ്ങനെ: ‘സോഷ്യൽ മീഡിയയുടെയും ഇ മെയിലിന്റെയും പാസ്‌വേഡ് വേണം പോലും. അതെല്ലാം ഡെലവപ്പറോടു ചോദിക്കൂ. ആദ്യത്തെ ബോർഡ്‌ മീറ്റിങ്ങിന്റെ മിനിറ്റ്സ് ഇല്ലെങ്കിൽ അത് അടുത്ത ബോർഡ് മീറ്റിങ്ങിന്റെ മിനിറ്റ്സിന്റെ തുടക്കത്തിൽ നോക്കൂ. അല്ലെങ്കിൽ ഏതെങ്കിലും ഒരു ബോർഡ്‌ അംഗത്തോട്‌ ചോദിക്കൂ. ഗോപാലകൃഷ്ണനും ജയതിലകും ബോർഡ്‌ അംഗങ്ങളാണല്ലോ!’

ജയതിലകും ഗോപാലകൃഷ്ണനും ഒരു വശത്തും പ്രശാന്ത് മറുവശത്തും നിന്നു പോരു തുടരുമ്പോൾ എന്തു നിലപാടെടുക്കണമെന്നറിയാത്ത അവസ്ഥയിലാണ് ഐഎഎസ് അസോസിയേഷൻ‌. രണ്ട് പേർ‌ക്കുമെതിരായ സർക്കാർ നടപടി തിടുക്കത്തിലായിപ്പോയെന്ന പൊതുവികാരം ഉദ്യോഗസ്ഥർക്കിടയിലുണ്ട്. സർക്കാരിന്റെ എതിർപ്പു ഭയന്ന് അസോസിയേഷന്റെ വാട്സാപ് ഗ്രൂപ്പിൽ ഈ വിഷയത്തെക്കുറിച്ചു കാര്യമായ ചർച്ചകളില്ല.

ഗോപാലകൃഷ്ണനെതിരെ സ്വമേധയാ കേസില്ല

മതാടിസ്ഥാനത്തിൽ വാട്സാപ് ഗ്രൂപ്പുണ്ടാക്കുകയും അതുമായി ബന്ധപ്പെട്ട് വ്യാജ പരാതി നൽകുകയും ചെയ്ത സംഭവത്തിൽ ഐഎഎസ് ഉദ്യോഗസ്ഥൻ കെ.ഗോപാലകൃഷ്ണനെതിരെ പൊലീസ് സ്വമേധയാ കേസെടുക്കില്ല. സമൂഹത്തിൽ മതസ്‌പർധയും വർഗീയതയും പടർത്താൻ ശ്രമിച്ചതിനു ഗോപാലകൃഷ്ണനെതിരെ ക്രിമിനൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം നൽകിയ പരാതി ഡിജിപി അന്വേഷണത്തിനായി കൈമാറിയിട്ടില്ല.

കേസെടുത്ത് അന്വേഷണമാരംഭിച്ചാലും അതു തെളിയിക്കുക എളുപ്പമാവില്ല. ഫോണിൽ ഹാക്കിങ് നടന്നിട്ടില്ലെന്നു സ്ഥിരീകരിക്കാൻ സാധിച്ചെങ്കിലും വാട്സാപ് ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണനാണെന്നു തെളിയിക്കാനായില്ല. ഗോപാലകൃഷ്ണൻ കുറ്റം ചെയ്തെന്നു തെളിയിക്കണമെങ്കിൽ ഗ്രൂപ്പുണ്ടാക്കിയതിലുള്ള അദ്ദേഹത്തിന്റെ പങ്കു പുറത്തുകൊണ്ടുവരണം. അതു സാധ്യമാകാത്ത വിധം ഫോൺ പലതവണ ഫോർമാറ്റ് ചെയ്ത് വിവരങ്ങളെല്ലാം അദ്ദേഹം നീക്കിയതോടെ അന്വേഷണം വഴിമുട്ടുന്ന സ്ഥിതിയാണ്.

അതേസമയം, ഗോപാലകൃഷ്ണനെ സസ്പെൻഡ് ചെയ്ത് ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ, ഗ്രൂപ്പുണ്ടാക്കിയത് അദ്ദേഹം തന്നെയാണെന്നു തീർത്തു പറഞ്ഞിട്ടുമുണ്ട്. സർക്കാർ ഉറപ്പിച്ചു പറയുന്ന കാര്യം എങ്ങനെ തെളിയിക്കുമെന്ന് പൊലീസിനു വ്യക്തതയില്ല. വാട്സാപ് ഗ്രൂപ്പിൽ അംഗങ്ങളായി ചേർക്കപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥർ ആരും ഇതുവരെ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടില്ല. മതസ്പർധയുണ്ടാക്കുന്ന സന്ദേശങ്ങൾ ഗ്രൂപ്പിൽ വന്നിട്ടുണ്ടെങ്കിൽ അക്കാര്യമറിയിക്കേണ്ടതും അംഗങ്ങളാക്കപ്പെട്ട ഉദ്യോഗസ്ഥരാണ്.

ചേലക്കരയുടെയും വയനാടിന്റെയും മനസ്സിലെന്ത്?; വിജയപ്രതീക്ഷയിൽ മുന്നണികൾ, ബൂത്തുകളിൽ നീണ്ട നിര

ന്യൂഡൽഹി: വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് പോളിങ് പുരോ​ഗമിക്കുന്നു. വോട്ടെണ്ണൽ 23ന്. ലോക്സഭ തെരഞ്ഞെടുപ്പിൽ ജയിച്ച മണ്ഡലം രാഹുൽ ഗാന്ധി ഒഴിഞ്ഞതിനാലാണു വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ്. പ്രിയങ്ക ഗാന്ധി ആദ്യമായി ജനവിധി തേടുന്ന മത്സരമാണിത്.

എംഎൽഎയായിരുന്ന കെ. രാധാകൃഷ്ണൻ ലോക്സഭയിലേക്കു ജയിച്ചതുകൊണ്ടാണു ചേലക്കര പുതിയ എംഎൽഎയെ തെരഞ്ഞെടുക്കുന്നത്. പാലക്കാട് 20നാണ് വോട്ടെടുപ്പ്. കൽപ്പാത്തി രഥോത്സവം പരിഗണിച്ചാണ് വോട്ടെടുപ്പ് മാറ്റിവച്ചത്. ജാർഖണ്ഡിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇന്ന് 43 മണ്ഡലങ്ങളിലാണ് പോളിങ്.

മറ്റു സംസ്ഥാനങ്ങളിലും ഇന്ന് ഉപതെരഞ്ഞെടുപ്പുണ്ട്: അസം (5 മണ്ഡലങ്ങൾ), ബിഹാർ (4), ഛത്തീസ്ഗഡ് (1), ഗുജറാത്ത് (1), കർണാടക (3), മധ്യപ്രദേശ് (2), മേഘാലയ (1), രാജസ്ഥാൻ (7), സിക്കിം (2), ബംഗാൾ (6). തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ രാഷ്ട്രീയ പരീക്ഷണമായ ‘ജൻ സുരാജ് പാർട്ടി’ ആദ്യമായി ജനവിധി തേടുന്ന തെരഞ്ഞെടുപ്പാണ് ബിഹാറിലേത്.

ട്രംപിന്റെ കാബിനറ്റിൽ മസ്കും ‘കേരളത്തിന്റെ’ വിവേക് രാമസ്വാമിയും; ഇവർക്കായി പുതിയ ‘നൈപുണ്യ’ വകുപ്പും

വാഷിങ്ടൺ: നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കാബിനറ്റിൽ ലോകത്തെ ഏറ്റവും സമ്പന്നനും ടെസ്‍ല, സ്പേസ്‍ എക്സ്, എക്സ് (ട്വിറ്റർ) എന്നിവയുടെ മേധാവിയുമായ ഇലോൺ മസ്കും. മസ്കിനൊപ്പം ഇന്ത്യൻ വംശജനും റിപ്പബ്ലിക്കൻ പാർട്ടി അംഗവും കേരളത്തിൽ വേരുകളുമുള്ള വിവേക് രാമസ്വാമിയുമുണ്ടാകും. പുതുതായി രൂപീകരിക്കുന്ന നൈപുണ്യവികസന വകുപ്പായ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ (ഡോജ്/DOGE) ചുമതലയായിരിക്കും ഇവർക്ക്.

മസ്കും വിവേകും ചേർന്ന് തന്റെ സർക്കാരിന്റെ ഉദ്യോഗസ്ഥൃതല പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുമെന്നും അപ്രായോഗിക നിയന്ത്രണങ്ങൾ ഒഴിവാക്കുമെന്നും അധികച്ചെലവുകളിൽ നിയന്ത്രിക്കുമെന്നും ട്രംപ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. സർക്കാരിന്റെ കീഴിലെ ഫെഡറൽ സ്ഥാപനങ്ങളുടെ പ്രവർത്തനം പുനഃക്രമീകരിക്കാനും ഇരുവരും മുൻകയ്യെടുക്കും. സർക്കാരിലെ ‘മാലിന്യങ്ങളെയും’ തട്ടിപ്പുകളെയും വെളിച്ചത്തുകൊണ്ടുവരുമെന്നും അമേരിക്കയെ വീണ്ടും ഉന്നതിയിലേക്ക് ഉയർത്താൻ (മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ) മസ്കിനും വിവേകിനും കഴിയുമെന്നും ട്രംപ് പറഞ്ഞു.

ഡോജിന്റെ ഓരോ പ്രവർത്തനവും ഓൺലൈനിൽ ലഭ്യമാക്കി സുതാര്യത ഉറപ്പുവരുത്തുമെന്നും ഡോജ് എന്തെങ്കിലും പ്രത്യേകമായി ചെയ്യേണ്ടതുണ്ടെന്ന് ജനങ്ങൾക്ക് തോന്നിയാൽ അറിയിക്കണമെന്നും ഇലോൺ മസ്ക് എക്സിൽ പ്രതികരിച്ചു. കാബിനറ്റിലേക്ക് എത്തുന്ന കാര്യം വിവേക് രാമസ്വാമിയും എക്സിലൂടെ ശരിവച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിനുവേണ്ടി സജീവമായി പ്രചാരണ രംഗത്ത് മസ്കുണ്ടായിരുന്നു. 38കാരനായ വിവേക് രാമസ്വാമി തുടക്കത്തിൽ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ രംഗത്തുണ്ടായിരുന്നെങ്കിലും പിന്നീട് ട്രംപിനു വേണ്ടി മാറുകയും പ്രചാരണരംഗത്ത് ശക്തമായ സാന്നിധ്യമാവുകയും ചെയ്തിരുന്നു. വിവേക് തന്റെ കാബിനറ്റിലുണ്ടാകുമെന്ന സൂചന ട്രംപ് നേരത്തേ നൽകിയിരുന്നു.

കേരളത്തിന്റെ വിവേക്

പാലക്കാട് വടക്കഞ്ചേരി സ്വദേശി സി.ആർ. ഗണപതി അയ്യരുടെയും ഗീത രാമസ്വാമിയയുടെയും മകനാണ് വിവേക്. തൃപ്പൂണിത്തുറയാണ് ഗീതയുടെ സ്വദേശം. തമിഴാണ് കുടുംബത്തിൽ സംസാരിക്കുന്നതെങ്കിലും വിവേകിന് മലയാളവും അറിയാം.

എ കെ സുഭാഷിനെ ആദരിച്ചു

കൊല്ലം.  മരുന്ന് വ്യാപാര രംഗത്ത് 36 വർഷം പൂർത്തീകരിച്ച എ കെ മെഡിക്കൽസ് കാരാളിമുക്ക് ഉടമ എ കെ സുഭാഷിനെ ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ (എ കെ സി ഡി ) കൊല്ലത്ത് നടന്ന ചടങ്ങിൽ ആദരിച്ചു.

സി ബി എസ് ഇ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഹിന്ദി കവിതാ പാരായണത്തിൽ സമ്മാനം

പാലക്കാട് അഹല്യ പബ്ലിക് സ്കൂളിൽ വച്ച് നടന്ന സി ബി എസ് ഇ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഹിന്ദി കവിതാ പാരായണത്തിൽ മൂന്നാം സ്ഥാനം നേടിയ ജെന്നിഫർ ബിജു , ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ, ശാസ്താംകോട്ട.