29.6 C
Kollam
Thursday 18th December, 2025 | 01:57:43 PM
Home Blog Page 1875

നഴ്‌സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ മരണത്തിന് പിന്നില്‍ സഹപാഠികളില്‍ നിന്നുള്ള മാനസിക പീഡനമെന്ന് കുടുംബം

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ മരണത്തിന് പിന്നില്‍ സഹപാഠികളില്‍ നിന്നുള്ള മാനസിക പീഡനമെന്ന് കുടുംബം. സഹപാഠികളായ മൂന്ന് പേര്‍ അകാരണമായി ശല്യപ്പെടുത്തിയിരുന്നുവെന്നും ടൂര്‍ കോര്‍ഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് മാറിയിട്ടും ഇവര്‍ ഭീഷണിയുമായെത്തിയെന്നും അമ്മുവിന്റെ പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അവസാന വര്‍ഷ നഴ്‌സിങ് വിദ്യാര്‍ത്ഥിയായ അമ്മുവിനെ അകാരണമായി സുഹൃത്തുക്കള്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം പറയുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഗൈനക് പ്രാക്ടീസിനു പോയ സമയത്ത് സാഹപാഠികളായ മൂന്ന് പെണ്‍കുട്ടികളും അമ്മുവുമായി നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. പിന്നീട്ടിങ്ങോട്ട് മകളെ അവര്‍ നിരന്തരമായി ശല്യപെടുത്തിയിരുന്നുവെന്ന് അമ്മുവിന്റെ അച്ഛന്‍. ശല്യം സഹിക്കാതെ ഒടുവില്‍ ഹോസ്റ്റലിലെ മറ്റൊരു മുറിയിലേക്ക് മാറി താമസിക്കേണ്ടിയും വന്നു.

കാണാതായ ലോഗ് ബുക്കിനായി അനുവാദമില്ലാതെ ബാഗ് പരിശോധിച്ചതും മകളെ ഏറെ തളര്‍ത്തി. പ്രശ്‌നങ്ങള്‍ തുടര്‍ന്നതോടെ കോളേജ് പ്രിന്‍സിപ്പലിനും പരാതി നല്‍കിയിരുന്നു. ക്ലാസ് ടീച്ചര്‍ ടൂര്‍ കോര്‍ഡിനേറ്ററായി നിയമിച്ച വിവരം അമ്മു അറിഞ്ഞിരുന്നില്ല. ടൂറിന് വരുന്നില്ലെന്ന് അറിയിച്ചിട്ടും സംഘം ഭീഷണിയുമായെത്തിയെന്നും കുടുംബം പറഞ്ഞു.

ഹോസ്റ്റലില്‍ വീണ് അമ്മുവിന് നിസ്സാര പരിക്കേറ്റുവെന്നാണ് വാര്‍ഡന്‍ കുടുംബത്തെ അറിയിച്ചിരുന്നത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും വേണ്ടത്ര സൗകര്യങ്ങളില്ലാത്ത ആംബുലന്‍സിലാണ് കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചതെന്ന് അമ്മുവിന്റെ സഹോദരന്‍ പറയുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കുടുംബം.

സിനിമാപറമ്പിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് യുവാക്കൾക്ക് പരിക്ക്

ശാസ്താംകോട്ട:സിനിമാപറമ്പിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് യുവാക്കൾക്ക് പരിക്കേറ്റു.സാരമായി പരിക്കേറ്റ ബൈക്ക് യാത്രികരായ കുന്നത്തൂർ സ്വദേശികളെ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂക്ഷ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.കടമ്പനാട് ഭാഗത്തു നിന്നും വരികയായിരുന്ന ബൈക്കും ഇതേ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.ഓടിക്കൂടിയ നാട്ടുകാരാണ് യുവാക്കളെ ആശുപത്രിയിൽ എത്തിച്ചത്.

ട്രെയിൻ മാർഗം നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തി,ഒരാൾ അറസ്റ്റിൽ

തിരുവല്ല.ട്രെയിൻ മാർഗം നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തി.ഒരാൾ അറസ്റ്റിൽ.പശ്ചിമബംഗാൾ സ്വദേശി സാഹിർ ഉസ്മാൻ ആണ് പിടിയിൽ ആയത്. 20 കിലോഗ്രാം തൂക്കം വരുന്ന നിരോധിത പുകയില ഉൽപ്പനങ്ങളാണ് ഇയാൾ കടത്തിയത്.തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

സിനിമ ബിഗ്ബോസ് താരം പരീക്കുട്ടി എംഡിഎംഎയുമായി എക്സൈസിന്റെ പിടിയിൽ

സിനിമ ബിഗ്ബോസ് താരം പരീക്കുട്ടി എംഡിഎംഎയുമായി എക്സൈസിന്റെ പിടിയിൽ. എറണാകുളം കുന്നത്തുനാട് പരീക്കുട്ടി എന്നറിയപ്പെടുന്ന ഫരീദുദ്ദീനാണ് പിടിയിലായത്. ഇയാളോടൊപ്പം സുഹൃത്ത് ജിസ്മോനും പിടിയിലായിട്ടുണ്ട്. ഇന്നലെ നടന്ന പരിശോധനയിലാണ് ഇവരെ എക്സൈസ് പിടികൂടിയത്.

കാഞ്ഞാര്‍-പുളിക്കാനം റോഡിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കാറിൽ നിന്നും ലഹരി വസ്തുക്കൾ കണ്ടെത്തിയത്. ഇവരിൽ നിന്ന് 230മില്ലി ​ഗ്രാം എംഡിഎംഎയും നാല് ​ഗ്രാം കഞ്ചാവും പിടിച്ചെടുത്തതായാണ് വിവരം.  ഇവർ സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തു. കാറിനുള്ളിൽ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയും കുട്ടിയുമുണ്ടായിരുന്നു. അതിനാൽ ഏറെ ബുദ്ധിമുട്ടിയാണ് ഉദ്യോഗസ്ഥർ പ്രതികളെ അറസ്റ്റ് ചെയ്തത്.ഒരു അഡാർ ലൗ, ഹാപ്പി വെഡ്ഡിങ് തുടങ്ങിയ ചിത്രങ്ങളിൽ പരീക്കുട്ടി അഭിനയിച്ചിട്ടുണ്ട്. റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിൽ മത്സരാർഥിയായിരുന്നു.

എക്യുമെനിക്കൽ കൂട്ടായ്മയുടെ കുടുംബസംഗമം

തേവലക്കര.ദൂരത്തും ചാരത്തും ചാരിറ്റബിൾ ട്രസ്റ്റ്‌ & ക്രിസ്ത്യൻ എക്യുമെനിക്കൽ കൂട്ടായ്മയുടെ കുടുംബസംഗമം തേവലക്കര ഇമ്മാനുവേൽ മാർത്തോമ്മ ഇടവക പാരീഷ് ഹാളിൽ കുന്നത്തൂർ എം എൽ എ ശ്രീ കോവൂർ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. കേരളാ സ്റ്റേറ്റ് മുൻ ചീഫ് സെക്രട്ടറി ശ്രീ ജിജി തോംസൺ IAS
മുഖ്യ പ്രഭാഷണം നടത്തി ട്രസ്റ്റ്‌ പ്രസിഡന്റ്‌ ശ്രീ അനിൽ മത്തായി അധ്യക്ഷൻ ആയ യോഗത്തിൽ മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ വര്ഗീസ് തരകൻ, ശ്രീ എബി പാപ്പച്ചൻ, ശ്രീമതി ലാലി ബാബു, റവ യേശുദാസ് T,  റവ ബിജി എബ്രഹാം,  പാസ്റ്റർ പ്രമോദ് ജോർജ്,  പാസ്റ്റർ സെബാസ്റ്റ്യൻ വര്ഗീസ്,  ശ്രീ കൊച്ചു കോശി വൈദ്യൻ, ശ്രീ ഷൈജു ജോർജ് എന്നിവർ പ്രസംഗിച്ചു. വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ചികിത്സാ സഹായവും കലാ കായിക മത്സരങ്ങളും സ്നേഹവിരുന്നും ഉണ്ടായിരുന്നു.

രണ്ട് എല്‍ഇഡി ബള്‍ബ് എടുത്താല്‍ ഒന്ന് ഫ്രീ… ബിപിഎല്‍ കുടുംബങ്ങള്‍ക്കും അങ്കണവാടികള്‍ക്കും സര്‍ക്കാര്‍ ആശുപത്രികള്‍ക്കും സൗജന്യം…ഓഫറുമായി കെഎസ്ഇബി

തിരുവനന്തപുരം:’ഫിലമെന്റ് രഹിത കേരളം’ പദ്ധതിയുടെ ഭാഗമായി രണ്ട് എല്‍ഇഡി ബള്‍ബ് എടുത്താല്‍ ഒന്ന് ഫ്രീ നല്‍കുന്ന ഓഫറുമായി കെഎസ്ഇബി. ബിപിഎല്‍ കുടുംബങ്ങള്‍ക്കും അങ്കണവാടികള്‍ക്കും സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ബള്‍ബുകള്‍ സൗജന്യമായി ലഭിക്കും. പുതുതായി ഗാര്‍ഹിക കണക്ഷനെടുക്കുന്നവര്‍ക്കും രണ്ട് ബള്‍ബ് സൗജന്യമാണ്.

‘ഫിലമെന്റ് രഹിത കേരളം’ പദ്ധതിയുടെ ഭാഗമായാണ് ബള്‍ബുകള്‍ വിതരണം ചെയ്യുന്നത്. ഈ വര്‍ഷം ഇതുവരെ 6,89,906 ഉപയോക്താക്കള്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി വാങ്ങിയ 1.17 കോടി ബള്‍ബുകളില്‍ 1.15 കോടി 14.77 ലക്ഷം ഉപയോക്താക്കള്‍ക്കായി വിതരണം ചെയ്തു. 74 കോടിയിലധികം രൂപ ഈയിനത്തില്‍ കെഎസ്ഇബിക്ക് വരുമാനമായി ലഭിച്ചു.
സംസ്ഥാനത്തെ വിവിധ ഓഫീസുകളിലായി അവശേഷിക്കുന്ന രണ്ട് ശതമാനം ബള്‍ബുകളുടെ വിതരണം പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണ് രണ്ട് എല്‍ഇഡി ബള്‍ബ് എടുത്താന്‍ ഒന്ന് സൗജന്യമായി നല്‍കുമെന്ന ഓഫര്‍ പ്രഖ്യാപിച്ചത്. മൂന്നുവര്‍ഷം ഗ്യാരന്റിയുള്ള എല്‍ഇഡി ബള്‍ബുകള്‍ 65 രൂപയ്ക്കാണ് നല്‍കുന്നത്. കെഎസ്ഇബിയുടെ വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ബള്‍ബിന്റെ വില വൈദ്യുതി ബില്ലിന്റെ കൂടെ ഒന്നിച്ചോ തവണകളായോ അടയ്ക്കാനാകും. ബള്‍ബ് വിതരണത്തിലൂടെ 26 ലക്ഷം കൂടി ഉപയോക്താക്കളില്‍നിന്ന് കെഎസ്ഇബിക്ക് കിട്ടാനുണ്ട്. ഈ തുക പിരിച്ചെടുക്കാനും എല്‍ഇഡി സ്റ്റോക്ക് അധികമുള്ള ഓഫീസുകളില്‍നിന്ന് ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് നല്‍കാനും വിതരണ ചുമതലയുള്ള ചീഫ് എന്‍ജിനിയര്‍മാര്‍ക്ക് ഡയറക്ടര്‍ ബോര്‍ഡ് നിര്‍ദേശം നല്‍കി.

ഊര്‍ജ കേരള മിഷന്റെ നേതൃത്വത്തിലാണ് ഫിലമെന്റ് രഹിത കേരളം പദ്ധതി കെഎസ്ഇബി നടപ്പാക്കുന്നത്. ഫിലമെന്റ്, സിഎഫ്എല്‍ ബള്‍ബുകള്‍ പൂര്‍ണമായി ഒഴിവാക്കി എല്‍ഇഡി ബള്‍ബുകള്‍ സ്ഥാപിച്ച്, പരിസ്ഥിതി സൗഹൃദമാക്കി മാറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

എ ഐ ക്യാമറ പിഴ; പിരിഞ്ഞ് കിട്ടാനുള്ളത് കോടികൾ

തിരുവനന്തപുരം.എ ഐ ക്യാമറ പിഴ; പിരിഞ്ഞ് കിട്ടാനുള്ളത് കോടികൾ. പിഴ അടയ്ക്കാനുള്ള നോട്ടീസുകൾ അവഗണിച്ച് വാഹന ഉടമകൾ.ആകെ 467 കോടി രൂപയുടെ പിഴയാണ് കഴിഞ്ഞ ജൂലൈ വരെ ചുമത്തിയത്. ഇതിൽ 93 കോടി രൂപ മാത്രമാണ് പിഴയായി വാഹന ഉടമകൾ അടച്ചത്. കിട്ടാനുള്ളത് 374 കോടി.കണ്ടെത്തിയ നിയമ ലംഘനങ്ങൾ 89 ലക്ഷം. നോട്ടീസ് കിട്ടിയിട്ടും പിഴ അടയ്ക്കാത്തവര്‍ അരലക്ഷത്തിലധികം. കഴിഞ്ഞ ദിവസം മുതലാണ് വീണ്ടും കെൽട്രോൺ നോട്ടീസ് അയച്ചു തുടങ്ങിയത്

ഡിജിറ്റൽ അറസ്റ്റ് അടക്കമുള്ള ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് ജനങ്ങൾ ബോധവാന്മാരായിരിക്കണം,ശക്തികാന്ത്‌ ദാസ്

കൊച്ചി. ഡിജിറ്റൽ അറസ്റ്റ് അടക്കമുള്ള ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് ജനങ്ങൾ ബോധവാന്മാരായിരിക്കണമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത്‌ ദാസ്. പണപ്പെരുപ്പം കുറഞ്ഞു വരികയാണ് എന്നും രാജ്യം സുസ്ഥിര വികസനത്തിന്റെ പാതയിലാണ് എന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ഇന്റർനാഷണൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആർബിഐ ഗവർണർ. അതേസമയം വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിതരുടെ ലോണുകൾ എഴുതി തള്ളുന്നതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആർബിഐ ഗവർണർ പ്രതികരിച്ചില്ല.

നവജാത ശിശുക്കൾ തീപിടുത്തത്തിൽ മരിച്ച സംഭവം, മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു

ഝാൻസിയിലെ മെഡിക്കൽ കോളേജിൽ നവജാത ശിശുക്കൾ തീപിടുത്തത്തിൽ മരിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന സർക്കാരിനോട് ഉത്തരം തേടി. കേസിലെ എഫ്ഐആറിൻ്റെ നിജസ്ഥിതി, ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടി, പരിക്കേറ്റവർക്ക് ചികിത്സ, ഇരകളുടെ കുടുംബങ്ങൾക്ക് നൽകിയ നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച വിവരങ്ങൾ ഒരാഴ്ചക്കകം നൽകാൻ ആവശ്യപ്പെട്ടാണ്, സംസ്ഥാന ചീഫ് സെക്രട്ടറിക്കും ഡിജിപി ക്കും നോട്ടീസ് അയച്ചത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തിൽ സംസ്ഥാന സർക്കാർ തൃതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.വിശദമായ അന്വേഷണത്തിനായി
ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ജനറലിന്റെ അധ്യക്ഷതയിൽ നാലംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. ഏഴു ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്നും ഉത്തർപ്രദേശ് സർക്കാർ ആവശ്യപ്പെട്ടു.

കോഴിക്കോട് ജില്ലയിൽ ഇന്ന് ഹർത്താൽ

കോഴിക്കോട് ജില്ലയിൽ ഇന്ന് ഹർത്താൽ. ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അനിഷ്ട സംഭവങ്ങളിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. സ്വകാര്യ ബസ്സുടമകൾ ഹർത്താലിനോട് സഹകരിക്കുമെങ്കിലും വ്യാപാരി – വ്യവസായികൾ ഹർത്താലിനോട് സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്