ന്യൂഡെല്‍ഹി.മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് മെഷീനിൽ തിരിമറി നടന്നെന്ന ആരോപണങ്ങളിൽ പ്രതികരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിൽ അന്തരമുണ്ടെന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്ത കുറിപ്പിറക്കി. മെഷീനിലെ തിരിമറി ആരോപണം തുടർന്ന രമേശ് ചെന്നിത്തല പോസ്റ്റൽ ബാലറ്റ് സംവിധാനം പുനസ്ഥാപിക്കാൻ ആവശ്യപ്പെട്ടു. അതേസമയം മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസ് തന്നെ മുഖ്യമന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പായി
പോൾ ചെയ്യപ്പെട്ട വോട്ടുകളെക്കാൾ 5 ലക്ഷം വോട്ടുകൾ അധികമായി എണ്ണിയെന്നാണ് ദി വയറിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്. ചില മണ്ഡലങ്ങളിൽ വോട്ടെണ്ണം കൂടിയെന്നും ചിലയിടത്ത് കുറഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു. വിവാദമായതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണക്കുറിപ്പ് ഇറക്കിയത്. ഇവിഎം വോട്ടുകളും പോസ്റ്റൽ വോട്ടുകളും വേർതിരിച്ചാണ് പറയാറുള്ളത് . റിപ്പോർട്ടിൽ സൂചിപ്പിച്ച 5 ലക്ഷം അധിക വോട്ടുകൾ പോസ്റ്റൽ വോട്ടുകളാണെന്നാണ് വിശദീകരണം. അതേസമയം വോട്ടിംഗ് മെഷീനിൽ തന്നെ തിരിമറി നടന്നതിന് തെളിവുകളാണ് ദിവസവും പുറത്തുവരുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
നിലവിലെ സർക്കാരിന്ർറെ കാലാവധി തീരുന്ന ഇന്ന് രാജ്ഭവനിലെത്തി ഏക്നാഥ് ശിൻഡെ രാജി നൽകി. കാവൽ മുഖ്യമന്ത്രിയുടെ ചുമതല ഏറ്റെടുത്തു. അടുത്ത മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിനുള്ള ഉത്തരം ഇനി വൈകില്ലെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരത്തിൽ നിന്ന് ശിൻഡെ വിഭാഗം പുറകോട്ട് പോവുകയാണ്.നരേന്ദ്രമോദിയും അമിത് ഷായും എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് ശിൻഡെ വിഭാഗം നേതാവ് ദീപക് കേസർക്കർ പറഞ്ഞു. തനിക്ക് പിന്തുണയുമായി ഔദ്യോഗിക വസതിക്ക് മുന്നിൽ തടിച്ച് കൂടേണ്ടെന്ന് പ്രവർത്തകരോട് ശിൻഡെ തന്നെ ആവശ്യപ്പെട്ടു. ഡിസംബർ ഒന്നിന് സത്യപ്രതിജ്ഞയെന്നാണ് വിവരം. മുഖ്യമന്ത്രി രണ്ടു ഉപമുഖ്യമന്ത്രിമാർ 20 മന്ത്രിമാർ എന്നിവർ അന്ന് സത്യപ്രതിജ്ഞ ചെയ്യും.
വോട്ടിംഗ് മെഷീനിൽ തിരിമറി നടന്നെന്ന ആരോപണങ്ങളിൽ പ്രതികരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
ഹിന്ദു ഐക്യവേദി സംസ്ഥാന മുഖ്യരക്ഷാധികാരി കെ പി ശശികലയുടെ ഭർത്താവ് വിജയകുമാർ അന്തരിച്ചു
പാലക്കാട്. ഹിന്ദു ഐക്യവേദി സംസ്ഥാന മുഖ്യ രക്ഷാധികാരി കെ.പി.ശശികല ടീച്ചറുടെ ഭർത്താവ് വിജയകുമാർ അന്തരിച്ചു.
70 വയസ്സ് ആയിരുന്നു…ശാരീരിക അസ്വസ്ഥകളെ തുടർന്ന് രണ്ട് ദിവസമായി പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ 11 മണിക്ക് പട്ടാമ്പി മരുതൂരിൽ ഉള്ള തറവാട് വീട്ടുവളപ്പിൽ
മായയുടെ ശരീരത്തില്‍ ഉടനീളം കുത്തേറ്റമുറിവുകള്‍, ആരവിനായി കണ്ണൂരില്‍ തിരച്ചില്‍
ബംഗളുരു. നഗരമധ്യത്തിലെ സർവീസ് അപ്പാർട്ട്മെന്‍റിൽ യുവതിയെ മലയാളി യുവാവ് കുത്തിക്കൊന്ന സംഭവത്തില്‍ രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതം.
അസം സ്വദേശിയായ മായാ ഗൊഗോയ് ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ ആൺ സുഹൃത്തായ കണ്ണൂർ സ്വദേശി ആരവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
ബംഗളൂരു ഇന്ദിരാനഗറിലെ റോയൽ ലിവിങ്സ് എന്ന സർവീസ് അപാർട്ട്മെന്റിലാണ് അതിക്രൂര കൊലപാതകം അരങ്ങേറിയത്. മുറിയിൽ ചോരയിൽ കുളിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. ഈ മാസം 23നാണ് മായയും ആരവും അപാർട്ട്മെന്റിൽ മുറിയെടുത്തത്. ഇരുവരും ഒപ്പം എത്തിയതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു
യുവതിയുടെ ദേഹമാസകലം കുത്തേറ്റ നിലയിലാണ്. ഞായറാഴ്ച്ച രാവിലെ മായയെ ആരവ് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ നിഗമനം. തുടർന്ന് അപാർട്ട്മെന്റിൽ നിന്ന് ആരവ് രക്ഷപ്പെടുകയായിരുന്നു.
മായ ഗൊഗോയിയെ കൊലപ്പെടുത്തുക എന്നുള്ള ഉദ്ദേശം ആരവിനുണ്ടായിരുന്നു എന്ന് പൊലീസ് പറയുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു.ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ മായ തയ്യാറാവാത്തതാണ് വൈരാഗ്യത്തിന് കാരണം
മൃതദേഹം പുറത്തുകൊണ്ട് പോയി ഉപേക്ഷിക്കാൻ കൊണ്ടുവന്ന ചാക്കും, കയറും മുറിയിൽ നിന്ന് കണ്ടെത്തി.ഇന്ന് രാവിലെ ബംഗളൂരു നഗരപരിധിയിൽ വച്ചാണ് ആരവിൻ്റെ ഫോൺ സ്വിച്ച് ഓഫായത്.ഇയാൾക്ക് വേണ്ടി കേരളത്തിലും കർണാടകത്തിലും അന്വേഷണം.ആരവിന്റെ തോട്ടട കിഴുന്നയിലെ വീട്ടിലും കണ്ണൂർ വട്ടക്കുളത്തെ ബന്ധുവീട്ടിലും പരിശോധന നടത്തി.
ചുമതലയേൽക്കും മുമ്പ് ട്രംപ് പണി തുടങ്ങി;ചൈനക്ക് പാരയാകും
വാഷിംഗ്ടണ്‍:
ജോ ബൈഡന്‍ അധികാരത്തിലേറും മുമ്പുണ്ടായിരുന്ന യു എസിന്റെ അന്താരാഷ്ട്ര ബാന്ധവങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ പുനരാരംഭിക്കാന്‍ പോകുകയാണെന്ന വ്യക്തമായ സൂചന നല്‍കി ഡൊണാള്‍ഡ് ട്രംപ്. അടുത്ത വര്‍ഷം ജനുവരിയില്‍ അധികാരത്തിലേറാന്‍ ഇരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ഇതിനക്കം തന്നെ അന്ന് പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന ഉത്തരവുകളെ കുറിച്ച് കൃത്യമായ സൂചന നല്‍കി.
ചൈനീസ് ഉത്പന്നങ്ങളെ യു എസ് വിപണിയില്‍ നിന്ന് തുരത്തുകായെന്ന തന്റെ ചിരകാല സ്വപ്‌നത്തിന് വേണ്ടി മുന്നിട്ടിറങ്ങാന്‍ തന്നെയാണ് ട്രംപ് തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് അധികാരത്തിലേറുന്നതിന്റെ അന്ന് തന്നെ പുറത്തിറക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.
ജനുവരി 20ന് ചുമതലയേല്‍ക്കുമ്പോള്‍ തന്നെ നിര്‍ണായക ഉത്തരവുകള്‍ ഇറക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇതില്‍ ചൈനയ്ക്കും കാനഡയ്ക്കും കുരുക്കാകുന്ന ചില ഉത്തരവുകളും ഉണ്ടാകുമെന്നാണ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോം ആയ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.
2020 വരെ ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്ത് ചൈനയുമായി നിരന്തരം വാണിജ്യ തര്‍ക്കങ്ങളായിരുന്നു. ജോ ബൈഡന്‍ അധികാരത്തിലെത്തിയതോടെയാണ് ഇതിന് താല്‍ക്കാലിക ആശ്വാസമുണ്ടായത്.
ബാലറ്റ് പേപ്പർ വോട്ടെടുപ്പ് പുനരാരംഭിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി
ന്യൂ ഡെൽഹി :
ബാലറ്റ് പേപ്പർ വോട്ടെടുപ്പ് പുനരാരംഭിക്കണമെന്ന ഹർജി സുപ്രിം കോടതി തള്ളി. ഡോ. കെഎ പോൾ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയാണ് സുപ്രിം കോടതി തള്ളിയത്. തെരഞ്ഞെടുപ്പ് സമയത്ത് പണവും മദ്യവും നൽകി വോട്ടർമാരെ സ്വാധീനിക്കുന്നത് കണ്ടെത്തിയാൽ കുറഞ്ഞത് അഞ്ച് വർഷത്തേക്ക് സ്ഥാനാർഥികളെ അയോഗ്യരാക്കുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു
നിങ്ങൾ വിജയിച്ചാൽ ഇവിഎം നല്ലത്, നിങ്ങൾ തോൽക്കുമ്പോൾ കൃത്രിമം എന്നാണോയെന്ന് കോടതി ചോദിച്ചു എന്നാൽ ഇവിഎമ്മുകൾ ജനാധിപത്യത്തിന് ഭീഷണിയാണെന്നും അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ഇപ്പോഴും ബാലറ്റ് പേപ്പറാണ് ഉപയോഗിക്കുന്നതെന്നും ഹർജിക്കാരൻ വാദിച്ചു.
ഇലോൺ മസ്‌കിനെ പോലുള്ള പ്രമുഖ വ്യക്തികൾ പോലും ഇവിഎം കൃത്രിമത്വത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്നും ഹർജിക്കാരൻ വാദിച്ചു. എന്നാൽ ജസ്റ്റിസുമാരായ വിക്രം നാഥ്, പി ബി വരാലെ എന്നിവരടങ്ങിയ ബെഞ്ച് ഹർജി തള്ളുകയായിരുന്നു.
സഹകരണ വാരാഘോഷം ശാസ്താംകോട്ടയിൽ മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു
ശാസ്താംകോട്ട : ശാസ്താംകോട്ട സർക്കിൾ സഹകരണ യൂണിയൻ്റെ 71-ാംമത് അഖിലേന്ത്യ സഹകരണ വാരാഘോഷം ശാസ്താംകോട്ടയിൽ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘടനം ചെയ്തു. കോവൂർ കുഞ്ഞുമോൻ എം.എൽ എ അധ്യക്ഷത വഹിച്ചു. കാരുവള്ളി ശശി മുഖ്യപ്രഭാഷണം നടത്തി. എം. ഗംഗാധര കുറുപ്പ് മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ.പി. കെ ഗോപൻ, മുൻ എം.പി കെ സോമപ്രസാദ്, കാപെക്സ് ചെയർമാൻ എം. ശിവശങ്കരപിള്ള, ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ കെ.ശിവശങ്കരൻ നായർ ,എം. വി ശശികുമാരൻ നായർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജി.സുന്ദരേശൻ, ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആർഗീത, കാരയ്ക്കാട്ട് അനിൽ, ബി. ഹരികുമാർ, ബി.ബിനോയി തുടങ്ങിയവർ വിവിധ ഉപഹാരങ്ങൾ സമർപ്പിച്ചു. സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ ടി. മോഹനൻ, ജോ.രജിസ്ട്രാർ അബ്ദുൽ ഹലീം, എസ്. ലീല, അസി. രജിസ്ട്രാർ എം. ശ്രീവിദ്യ തുടങ്ങിയവർ സംസാരിച്ചു
മൺൺറോതുരുത്തിനെ തകർക്കുന്ന വാർഡ് വിഭജനം പുന:പരിശോധിക്കണം,കോൺഗ്രസ്സ് ധർണ്ണ നടത്തി
മൺറോതുരുത്ത്:പ്രകൃതിദത്തമായി പല പോരായ്മകളും ഉള്ള മൺറോതുരുത്ത് പഞ്ചായത്തിനെ വികസന മുരടിപ്പിലേക്കുംദിനം പ്രതിയുള്ളസംബർക്കം ഇല്ലാതാക്കുകയും ചെയ്യുന്നതരത്തിൽപ്രകൃതിദത്തമല്ലാതെയും രാഷ്ട്രീയപ്രേരിതവുമായിനടത്തിയ വാർഡ് വിഭജനം പുന:പരിശോധിക്കണമെന്ന്കോൺഗ്രസ്സ് മൺറോതുരുത്ത് പഞ്ചായത്താഫിന് മുന്നിൽ നടത്തിയ പ്രധിഷേധ ധർണ്ണ ആവശ്യപ്പെട്ടു.ബി.ജെ.പി ജയിച്ചാലും കോൺഗ്രസ്സും യു.ഡി.എഫുംജയിക്കരുതെന്ന മനോഭാവത്തിൽ സി.പി.ഐ (എം) മാത്രം ജയിച്ചാൽ മതി എന്ന രീതിയിലാണ് വാർഡ് വിഭജന കരട് പ്രസിദ്ധീകരിച്ചിരുക്കുന്നത്.മൺറോതുരുത്ത് പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളായ കിടപ്രം , നെൻമേനി, കൺട്രാ കാണിപ്രദേശങ്ങളെ തലങ്ങും വിലങ്ങും വെട്ടി മുറിച്ച് പ്രദേശത്തെ ഇല്ലായ്മ ചെയ്യാനാണ് സി.പി.ഐ (എം) ശ്രമം.സി.പി.ഐ (എം)
അനുഭാവികളായ ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്നും സി.പി.ഐ (എം) നിർദ്ദേശമനുസരിച്ചാണ് വിഭജനമെന്നും കോൺഗ്രസ്സ് ആരോപിച്ചു.കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ്
വൈ. ഷാജഹാൻ പ്രതിഷേധധർണ്ണ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിബുമൺറോഅദ്ധ്യക്ഷത വഹിച്ചു.മുൻമണ്ഡലം പ്രസിഡന്റ് മാരായ എം.കെ.സുരേഷ് ബാബു, എസ്സ്.സേഥുനാഥ്,ജയൻ ഐശ്വര്യ, പി.പ്രകാശ് പഞ്ചായത്ത് പ്രസിഡന്റ് മിനിസൂര്യകുമാർ, പ്രമീള പ്രകാശ്, സുകുമാരൻ , മനോജ് ശ്രീവത്സം , മോഹനൻ , ഗോകുൽ , ശ്രീജിത്ത് തുടങിയവർ പ്രസംഗിച്ചു
ശബരിമല തീർത്ഥാടനം – ആന്ധ്രപ്രദേശിൽ നിന്ന് രണ്ട് ട്രെയിനുകൾ കൂടി അനുവദിച്ചു
കൊല്ലം. ശബരിമല തീർത്ഥാടകർക്കായി ആന്ധ്രപ്രദേശിലെ വിശാഖപട്ടണം (08539/40), ശ്രീകാകുളം റോഡ് (08553/54) എന്നിവിടങ്ങളിൽ നിന്ന് കൊല്ലത്തേക്ക് രണ്ട് ട്രെയിനുകൾ കൂടി അനുവദിച്ചതായുള്ള റെയിൽവേയുടെ അറിയിപ്പ് ലഭിച്ചതായി കൊടുക്കുന്നതിൽ സുരേഷ് എം പി അറിയിച്ചു. ഇരു ട്രെയിനുകളിലും ആയി 44 സർവീസുകൾ ആകെ ഉണ്ടായിരിക്കുന്നത്. നേരത്തെ അനുവദിച്ച സ്പെഷ്യൽ ട്രെയിനുകൾക്ക് മാവേലിക്കരയിൽ സ്റ്റോപ്പ് ഇല്ലാത്ത കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. അതിന് പരിഹാരം എന്നോണം ഇരു ട്രെയിനുകൾക്കും മാവേലിക്കരയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഇത് കൂടാതെ മണ്ഡലത്തിലെ ചങ്ങനാശ്ശേരി, ചെങ്ങന്നൂർ എന്നീ സ്റ്റേഷനുകളിലും സ്റ്റോപ്പ് ഉണ്ട്
പന്തീരങ്കാവ് ഭാര്യാ മർദ്ദനം: ഭർത്താവ് രാഹുൽ റിമാൻഡിൽ
കോഴിക്കോട്. ഹൈക്കോടതി റദ്ദാക്കിയ പന്തീരാങ്കാവ് കേസിൽ ഉൾപ്പെട്ട യുവതിയെ വീണ്ടും മർദ്ദിച്ച പരാതിയിൽ കസ്റ്റഡിയിലായ ഭർത്താവ് രാഹുൽ പി ഗോപാലിനെ റിമാൻഡ് ചെയ്തു. യുവതി പന്തീരാങ്കാവ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് രാഹുൽ പി ഗോപാലിന് എതിരെ ഗാർഹിക പീഡനത്തിനും നരഹത്യയ്ക്കും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ രാഹുൽ പി ഗോപാൽ ക്രൂരമായി മർദിച്ചുവെന്നാണ് യുവതി പോലീസിന് നൽകിയ പരാതി. മീൻകറിയിൽ പുളിയില്ലെന്ന് പറഞ്ഞായിരുന്നു മർദ്ദനം. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവതി ചികിത്സ തേടി. വിവരമറിഞ്ഞതിനെ തുടർന്ന് എറണാകുളത്തുനിന്ന് വന്ന രക്ഷിതാക്കൾക്കൊപ്പം എത്തിയാണ് യുവതി പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ രാഹുലിന് എതിരെ പന്തീരാങ്കാവ് പോലീസ് കേസെടുത്തു. ഗാർഹികപീഡനത്തിനും നരഹത്യയ്ക്കുമുള്ള വകുപ്പുകളാണ് ചുമത്തിയത്.
വീട്ടിൽ വച്ചും ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആംബുലൻസിൽ വച്ചും യുവതിയെ രാഹുൽ മർദ്ദിച്ചതായി എഫ്ഐആറിൽ പറയുന്നു. മുഖത്തും തലയ്ക്കും കൈകൊണ്ട് ഇടിച്ചു. മരണം വരെ സംഭവിക്കുമായിരുന്നുവെന്നും എഫ്ഐആറിലുണ്ട്. ഇന്നു പുലർച്ചെയാണ് രാഹുൽ പി ഗോപാലിനെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. നേരത്തെ, യുവതി നൽകിയ പരാതിയിൽ രാഹുലിനെതിരെ പോലീസ് ഗാർഹിക പീഡനത്തിന് കേസെടുത്തിരുന്നു. എന്നാൽ യുവതി പരാതി പിൻവലിച്ചതോടെ ഹൈക്കോടതി കേസ് റദ്ദാക്കുകയായിരുന്നു. രാഹുലിനൊപ്പം തുടരാനാണ് താല്പര്യം എന്ന് യുവതി അറിയിച്ചതിനെത്തുടർന്നാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്.





































