Home Blog Page 181

മനുഷ്യരില്‍ ആദ്യമായി H5N5 പക്ഷിപ്പനി മരണം സംഭവിച്ചതായി റിപ്പോർട്

വാഷിങ്ടൺ: അമേരിക്കയിലെ വാഷിങ്ടൺ സംസ്ഥാനത്ത് മനുഷ്യരില്‍ ആദ്യമായി H5N5 പക്ഷിപ്പനി മരണം സംഭവിച്ചതായി റിപ്പോർട്. ഗ്രേയ്സ് ഹാർബർ കൌണ്ടിയിൽ വയോധികന്‍റെ മരണം ഇതേ വൈറസ് ( H5N5 avian influenza) ബാധിച്ചാണെന്ന് വാഷിങ്ടൺ പോസ്റ്റ് ഉൾപ്പെടെ മാധ്യമങ്ങൾ റിപ്പോർട് ചെയ്തു. വെള്ളിയാഴ്ച വൈകിട്ടാണ് മരണം സംഭവിച്ചത്.

വാഷിങ്ടൺ സ്റ്റേറ്റ് ആരോഗ്യവകുപ്പിന്റെ വിവരമനുസരിച്ച്, മരിച്ച വ്യക്തിക്ക് മുമ്പ് തന്നെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. വീട്ടിൽ വളർത്തു പക്ഷികളും കോഴികളും ഉൾപ്പെടെ ഒരു മിശ്ര ക്ഷീര-പക്ഷി കന്നുകാലി കൂട്ടത്തെ വളർത്തുന്ന വ്യക്തിയാണ്. നവംബർ ആദ്യമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്പോൾ തന്നെ ഗുരുതരമായി രോഗബാധിതനായിരുന്നെന്ന് വാഷിംഗ്ടൺ സ്റ്റേറ്റ് എപ്പിഡെമിയോളജിസ്റ്റ് സ്കോട്ട് ലിൻഡ്ക്വിസ്റ്റ് അറിയിച്ചു.

രോഗബാധയെ തുടർന്നുള്ള ആരോഗ്യ വകുപ്പ് പരിശോധനയ്ക്കിടെ വീടിനോട് ചേർന്നുള്ള പരിസരത്തിൽ H5N5 വൈറസ് ബാധ കണ്ടെത്തി. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരുന്നുവെന്ന് തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

പൊതുജനാരോഗ്യത്തിന് നിലവിൽ വലിയ ഭീഷണി ഇല്ലെന്ന് സിഡിസി (Centers for Disease Control and Prevention) അറിയിച്ചു. രോഗിയുടെ കുടുംബാംഗങ്ങൾ, ആരോഗ്യപ്രവർത്തകർ, വീട്ടിലെ പക്ഷിമൃഗാദികളോട് സമ്പർക്കം പുലർത്തിയവർ എല്ലാം നിരീക്ഷണത്തിലാണ്.

H5 കുടുംബത്തിൽ പെട്ടതാണെങ്കിലും മുൻപ് മനുഷ്യരിൽ കണ്ടിട്ടുള്ള H5N1-നും H5N5-നും തമ്മിൽ വ്യത്യാസമുണ്ടെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി. H5N5 ഇതുവരെ പ്രധാനമായും വന്യ മേഖലകളിലെ പക്ഷികളിലും ചില വളർത്തു പക്ഷികളിലുമാണ് കണ്ടെത്തിയിരുന്നത്. H5N1 സ്ട്രെയിനിൽ നിന്ന് വ്യത്യസ്തമായി, മനുഷ്യരിൽ H5N5 അണുബാധകൾ വളരെ അപൂർവമാണ്. ഈ സ്ട്രെയിനിന്റെ ജനിതക വ്യതിയാനത്തിനും പരിവർത്തനം ചെയ്യാനുമുള്ള കഴിവ് പക്ഷെ ആശങ്കയാണ്.

കഴിഞ്ഞ വർഷം ആദ്യം അമേരിക്കയിലെ ക്ഷീരസംഘങ്ങളിൽ H5N1 വൈറസ് പ്രത്യക്ഷപ്പെട്ടിരുന്നു. അതിനുശേഷം 2024 ലും 2025 ലും 70 ഓളം ആളുകളെ ഇത് ബാധിച്ചു.

മനുഷ്യരിലേക്കുള്ള H5N5 പകർച്ച വൈറസിന്റെ പരിണാമത്തിന് സൂചന നൽകുന്നതാവാം എന്നതാണ് വിദഗ്ധരുടെ വിലയിരുത്തൽ. അമേരിക്കയിൽ മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത് അപൂർവമാണ്. കഴിഞ്ഞ വർഷം ഉണ്ടായ കേസുകളിൽ കൂടുതലും H5N1 ആയിരുന്നു.

വൈറസ് മനുഷ്യരിലേക്ക് പകരാൻ എന്താണ് കാരണമെന്നതിന് ജീനറ്റിക് വിശകലനം നടത്തുമെന്ന് ആരോഗ്യ ഏജൻസികൾ അറിയിച്ചു. പശുക്കളിലും മറ്റ് പക്ഷികളിലും H5N5 വ്യാപനമുണ്ടോ എന്ന് കണ്ടെത്താൻ വ്യാപക പരിശോധന തുടങ്ങിയിട്ടുണ്ട്.

മദ്യലഹരിയിൽ യുവാവ് കാർ വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറ്റി

കോട്ടയം കറുകച്ചാലിൽ മദ്യലഹരിയിൽ യുവാവ് കാർ വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറ്റി. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി പ്രിനോ ഫിലിപ്പാണ് അപകടമുണ്ടാക്കിയത്. വയോധിക മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ ​ഗേറ്റ് ഇടിച്ചുതകർക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

കഴിഞ്ഞ വ്യാഴം രാത്രി പതിനൊന്നരയ്ക്കാണ് സംഭവം. പനയമ്പാല ഭാ​ഗത്തുള്ള വീട്ടിലേക്ക് അമിത വേഗതയില്‍ എത്തി പ്രിനോ ഫിലിപ്പ് കാർ ഇടിച്ചുകയറ്റുകയായിരുന്നു. വീടിന്റെ ​ഗേറ്റ് തകർന്നു. ശബ്ദം കേട്ടയുടന്‍ നാട്ടുകാരും സമീപവാസികളും ഓടിയെത്തി. പിന്നാലെ പൊലീസെത്തി പ്രിനോ ഫിലിപ്പിനെ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പ്രതിയുടെ ലൈസന്‍സ് റദ്ദാക്കാനായി ആര്‍ടിഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് പൊലീസ് അറിയിച്ചു.

ശബരിമലയില്‍ ദര്‍ശനം നടത്തി നടന്‍ ഉണ്ണിരാജ

ശബരിമല: ശബരിമലയില്‍ ദര്‍ശനം നടത്തി നടന്‍ ഉണ്ണിരാജ്. ദേവസ്വം ബോര്‍ഡും സര്‍ക്കാരും പൊലീസുമെല്ലാം തീര്‍ഥാടകരുടെ ഒപ്പം നിന്നാണ് ഇൗ സീസണ്‍ മനോഹരമാക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടര്‍ച്ചയായി ദര്‍ശനം നടത്തുന്നു. സുഹൃത്തിനോടൊപ്പമാണ് എത്തിയത്. എല്ലാവര്‍ഷവും കൂടുതല്‍ മനോഹരമാവുകയാണ് സന്നിധാനം. വിര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്താണ് വന്നത്. അതിനാല്‍ കുഴപ്പങ്ങളൊന്നും ഉണ്ടായില്ല.
ശബരിമല കാനന ക്ഷേത്രമാണ് അതിന്റെ പ്രത്യേകതകളുണ്ടാവും. തീര്‍ഥാടകര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണം. സന്നിധാനതെത്തിയപ്പോള്‍ ഡ്യൂട്ടി കഴിഞ്ഞ് വെറും തറയില്‍ കിടന്ന വിശ്രമിക്കുന്ന പൊലീസുകാരെ കണ്ടു. തീര്‍ഥാടകര്‍ക്ക് എല്ലാ സഹായവുമായി ഒപ്പമുള്ള അവരാണ് ഹീറോസ്. അവര്‍ക്ക് ബിഗ് സല്യൂട്ട് നല്‍കണം.- ഉണ്ണിരാജ് പറഞ്ഞു.

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം… സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. മലാക്ക കടലിടുക്കിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായാണ് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. ഇന്ത്യന്‍ മഹാസമുദ്രത്തിനും അറബിക്കടലിനും മുകളിലായി രണ്ടു ചക്രവാതച്ചുഴികള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലുമാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത കൂടുതലായി നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ബുധനാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മത സ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ച സംഭവത്തിൽ എസ് ഡി പി ഐ പ്രവർത്തകർ ഉൾപ്പെടെ 50 പേർക്കെതിരെ കേസ്

കാസർഗോഡ്. ഉളിയത്തടുക്കയിൽ മത സ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ച സംഭവത്തിൽ എസ്ഡിപിഐ പ്രവർത്തകർ ഉൾപ്പെടെ 50 പേർക്കെതിരെ ജാമ്യമില്ല വകുപ്പുപ്രകാരം പോലീസ് കേസെടുത്തു. ജില്ലാ ശുചിത്വ മിഷനും, കുടുംബശ്രീ മിഷനും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയാണ് ജുമാ നിസ്കാരം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് ഒരു വിഭാഗം ആളുകൾ തടഞ്ഞത്.

ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടുകൂടിയാണ് മധുര പഞ്ചായത്തിന് മുൻപിൽ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഫ്ലാഷ് മോബ് അവതരിപ്പിച്ചത്. ജില്ലാ ശുചിത്വമിഷനും ജില്ലാ കുടുംബശ്രീമിഷനും ജില്ലാ ഭരണകൂടവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഫ്ലാഷ് മോബ് നടക്കുന്നതിനിടയിൽ ഒരു സംഘം ആളുകൾ സംഘടിച്ചെത്തി സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘത്തിന് നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു.

വർഗീയ ലഹളയുണ്ടാക്കാൻ പ്രതികൾ മനപ്പൂർവം ശ്രമിച്ചെന്നാണ് പോലീസിന്റെ എഫ്ഐആർ. രണ്ട് എസ്ഡിപിഐ പ്രവർത്തകർ ഉൾപ്പെടെ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ടാൽ അറിയാവുന്ന 50 പേർക്കെതിരെയാണ് കേസെടുത്തത് . പ്രതികൾ ലഹരി അടിപിടി കേസുകളിലും ഉൾപ്പെട്ടവരാണ്.

നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചു

സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചു. സൂഷ്മ പരിശോധനയ്ക്കുശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. തിങ്കളാഴ്ചയാണ് പത്രിക പിൻവലിക്കേണ്ട അവസാന ദിവസം.

സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ നിലവിൽ ലഭ്യമായ വിവരം അനുസരിച്ച്
1,64,427 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. ഏറ്റവും കൂടുതൽ പത്രികകൾ ലഭിച്ചത് മലപ്പുറം ജില്ലയിൽ . കുറവ് വയനാട്ടിലും.
1,08,580സ്ഥാനാർഥികൾ മത്സര രംഗത്തുണ്ട്. ലഭ്യമായ പത്രികളുടെ സൂക്ഷ്മപരിശോധന ആരംഭിച്ചു. പരിശോധനയ്ക്കുശേഷം സ്ഥാനാർത്ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസർമാർ പ്രസിദ്ധീകരിക്കും.
തിങ്കളാഴ്ചയാണ് പത്രികകൾ പിൻവലിക്കേണ്ട അവസാന ദിവസം. തിങ്കളാഴ്ചക്ക് ശേഷമാകും അന്തിമ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കുക. റിട്ടേണിംഗ് ഓഫീസറുടെ കാര്യാലയത്തിലും പഞ്ചായത്ത്, മുൻസിപ്പാലിറ്റി,നഗരസഭ എന്നിവിടങ്ങളിൽ മത്സരാർത്ഥികളുടെ പേര് പ്രസിദ്ധീകരിക്കും.

അതേ സമയം തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം അവസാനിക്കുമ്പോഴും മുന്നണികൾ വിമത സ്ഥാനാർത്ഥികളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. അവസാനഘട്ട ചർച്ച നടത്തി 24ന് മുമ്പ് ഇവരുടെ നാമനിർദ്ദേശപത്രിക പിൻവലിപ്പിക്കുവാനുള്ള തിരക്കിലാണ് നേതാക്കൾ

ചെങ്കോട്ട സ്ഫോടനം,അൽ ഫലാഹ് സർവ്വകലാശാലയിൽ ചോദ്യം ചെയ്ത ജീവനക്കാരുടെ മൊഴിയിൽ വൈരുദ്ധ്യം

ന്യൂഡെല്‍ഹി.ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ അൽ ഫലാഹ് സർവ്വകലാശാലയിൽ ചോദ്യം ചെയ്ത ജീവനക്കാരുടെ മൊഴിയിൽ വൈരുദ്ധ്യം ഉള്ളതായി അന്വേഷണ സംഘം. സംഭവത്തിന്‌ പിന്നാലെ പലരുടെയും സമൂഹമാധ്യമ അക്കൗണ്ടുകൾ പെട്ടെന്ന് നിർജീവമാക്കിയതായി കണ്ടെത്തിയതായും NiA.ധൗജ്,പല്ല,സൂരജ് കുണ്ഡ് പ്രദേശങ്ങളിൽ വ്യാപക പരിശോധനയുമായി ഫരീദാബാദ് പോലീസ്.

ചെങ്കോട്ടസ്ഫോടനത്തിലെ NIA അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ പുറത്ത് വന്നത്. അൽ ഫലാഹ് സർവ്വകലാശാല കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇതുവരെ ചോദ്യം ചെയ്ത പലരുടെയും മൊഴികൾ തമ്മിൽ വൈരുദ്ധ്യം ഉള്ളതായി കണ്ടെത്തി. സ്ഫോടനത്തിന് പിന്നാലെ സംശയ നിഴലിൽ ഉള്ളവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പെട്ടെന്ന് നിർജീവമാക്കി. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ ഫോൺകോൾ രേഖകൾ, സമൂഹമാധ്യമങ്ങളിലൂടെയുള്ള സംഭാഷണം ഉൾപ്പെടെ പരിശോധിച്ച് വരുന്നതായാണ് അന്വേഷണ സംഘം അറിയിക്കുന്നത്. 2 ലക്ഷത്തിലധികം രൂപയുടെ ഇടപാടുകൾ ഉള്ള നിരവധി ബാങ്ക് അക്കൗണ്ടുകൾ അന്വേഷണത്തിന്റെ ഭാഗമായി മരവിപ്പിച്ചിട്ടുണ്ട്.

അൽ ഫലാഹ് സർവകലാശാലയും മറയാക്കി പ്രവർത്തിച്ചിരുന്ന ഭീകരവാദ ശൃംഖലയിലെ കണ്ണികളെ കണ്ടെത്തുക എന്ന ദൗത്യവും അന്വേഷണ സംഘത്തിന് മുന്നിൽ ഉണ്ട്. ഇന്ന് പുലർച്ചെ ധൗജ്,പല്ല,സരായ് ഖ്വാജ,സൂരജ്കുണ്ഡ് പ്രദേശങ്ങളിൽ ഫരീദാബാദ് പോലീസ് വ്യാപക പരിശോധന നടത്തി. വാടകവീടുകൾ വാഹന ഡീലർമാർ സിംകാർഡ് വിൽപ്പനക്കാർ ഹോട്ടലുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ചെങ്കോട്ട സ്ഫോടനത്തെ ജമ്മു കശ്മീർ മെഡിക്കൽ സ്റ്റുഡന്റ്സ് അസോസിയേഷൻ ശക്തമായി അപലപിച്ചു. കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്ക് പരമാവധി ശിക്ഷ നൽകണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.

ഇടവേളയ്ക്ക് ശേഷം തുലാവർഷം വീണ്ടും സജീവമാകുന്നു

സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം തുലാവർഷം വീണ്ടും സജീവമാകുന്നു.
അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ കനത്തേക്കും.തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴ കനത്തേക്കും. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
കന്യാകുമാരിക്ക് മുകളിൽ നിലനിൽക്കുന്ന ചക്രവാത ചുഴിയുടെ സ്വാധീനമാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണം.
ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധം ആകാനും സാധ്യതയുള്ളതിനാൽ കേരള ലക്ഷദ്വീപ് തീരങ്ങളിൽ മീൻ പിടുത്തത്തിന് വിലക്കേർപ്പെടുത്തി.

മദ്യലഹരിയിൽ വടക്കുംനാഥ ക്ഷേത്രത്തിന്റെ ശ്രീമൂല സ്ഥാനത്തേക്ക് കാർ ഓടിച്ചു കയറ്റി

തൃശ്ശൂർ . മദ്യ ലഹരിയിൽ വടക്കുംനാഥ ക്ഷേത്രത്തിന്റെ ശ്രീമൂല സ്ഥാനത്തേക്ക് കാർ ഓടിച്ചു കയറ്റി. ഇന്നലെ അർദ്ധരാത്രി ആയിരുന്നു സംഭവം. കാർ ഓടിച്ചു കയറ്റിയത് വാഹനങ്ങൾക്ക് കർശന നിയന്ത്രണമുള്ള സ്ഥലത്തേക്ക്.കാറിൽ ഉണ്ടായിരുന്നത് തൃശ്ശൂർ ചെമ്പുക്കാവ്, തൃപ്പൂണിത്തുറ സ്വദേശികളായ രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും. വാഹനം ഓടിച്ചിരുന്ന തൃപ്പൂണിത്തുറ സ്വദേശി മദ്യപിച്ചിരുന്നതായി പോലീസ്

ശ്രീമൂല സ്ഥാനത്ത് കാർ കണ്ടു എത്തിയവരാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് എത്തി കാറിൽ ഉണ്ടായിരുന്നവരെയും കാറും കസ്റ്റഡിയിൽ എടുത്തു. മദ്യപിച്ച് വാഹനം ഓടിച്ചതിന് കാർ ഓടിച്ച ആൾക്കെതിരെ കേസെടുത്ത ശേഷം വാഹനം വിട്ടയച്ചു. വടക്കുംനാഥന്റെ ശ്രീമൂല സ്ഥാനത്തിന് ചുറ്റും വാഹനങ്ങൾ കയറ്റാതിരിക്കാൻ വരമ്പ് കെട്ടിയിട്ടുണ്ട്. ഈ വരമ്പ് ചാടിക്കടന്നാണ് കാർ ശ്രീമൂല സ്ഥാനത്തേക്ക് എത്തിയത്

ശ്രീമൂല സ്ഥാനത്തേക്ക് കാർ ഓടിച്ചു കയറ്റിയത് വഴി അറിയാത്തതിനാലാണെന്ന് കാറിൽ ഉണ്ടായിരുന്നവർ പോലീസിനോട് പറഞ്ഞു. സംഭവത്തിൽ ക്ഷേത്രം മാനേജ്‌മെന്റ് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തൃശ്ശൂർ ഈസ്റ്റ് പോലീസിൽ പരാതി നൽകി

rep. image

12 കോടി രൂപയുടെ പൂജാ ബംപര്‍ വിജയിയെ നറുക്കെടുത്തു

12 കോടി രൂപയുടെ പൂജാ ബംപര്‍ JD 545542 എന്ന നമ്പറിന്. രണ്ടാംസമ്മാനം നേടുന്ന അഞ്ചുപേര്‍ക്ക് ഒരുകോടി രൂപ വീതം ലഭിക്കും. അഞ്ചുലക്ഷം രൂപയാണ് മൂന്നാം സമ്മാനം. ഇത് 10 പേര്‍ക്ക് വീതം ലഭിക്കും. നാലാം സമ്മാനമായ മൂന്നുലക്ഷം രൂപ 5 പേര്‍ക്ക് വീതം ലഭിക്കും. അഞ്ചാം സമ്മാനമായ അഞ്ച് ലക്ഷം രൂപയും 5 പേര്‍ക്ക് വീതം നല്‍കും

BR-106 സ്കീമില്‍ 5 സീരിസിലാണ് പൂജാ ബംപര്‍ വില്‍പന നടത്തിയത്. JA, JB, JC, JD, JE എന്നിവയാണ് സീരിസ്. ലോട്ടറി വകുപ്പ് 45 ലക്ഷം ടിക്കറ്റുകള്‍ പ്രിന്‍റ് ചെയ്ത് ഏജന്‍റുമാര്‍ക്ക് കൈമാറിയിരുന്നു. ആകെ 38,52,60,000 രൂപയാണ് എല്ലാ ടിക്കറ്റുകള്‍ക്കുമായി ലഭിക്കുന്ന സമ്മാനത്തുക. ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റിന്‍റെ മറ്റ് സീരിസുകളില്‍ വരുന്ന സമാന നമ്പറുകള്‍ക്ക് ഒരുലക്ഷം രൂപ വീതം സമാശ്വാസ സമ്മാനവും ലഭിക്കും.