24.6 C
Kollam
Saturday 27th December, 2025 | 12:52:00 AM
Home Blog Page 1793

ദക്ഷിണകൊറിയൻ മുൻ പ്രതിരോധ മന്ത്രി കസ്റ്റഡിയിൽ ആത്മഹത്യക്ക് ശ്രമിച്ചു

സോൾ: ദക്ഷിണകൊറിയൻ മുൻ പ്രതിരോധ മന്ത്രി അറസ്റ്റിന് തൊട്ടുമുമ്പ് ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോർട്ട്. പട്ടാളനിയമം നടപ്പാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചതായി ആരോപിക്കപ്പെടുന്ന പ്രതിരോധ മന്ത്രി കിം യോങ്-ഹ്യുൻ ആണ് ഔദ്യോഗികമായി അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാജിവച്ച പ്രതിരോധമന്ത്രി ഞായറാഴ്ച മുതൽ കസ്റ്റഡിയിലാണ്. ചൊവ്വാഴ്ചയാണ് ഇയാളെ ഔദ്യോഗികമായി അറസ്റ്റ് ചെയ്തത്.

കൊറിയ കറക്ഷണൽ സർവീസ് കമ്മീഷണർ ജനറലാണ് ആത്മഹത്യാ ശ്രമം പുറത്തറിയിച്ചത്. അടിവസ്ത്രത്തിലെ ചരടുപയോ​ഗിച്ച് ശുചിമുറിയിൽ വെച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും ഇദ്ദേഹം അറിയിച്ചു. നിലവില്‍ ഗുരുതരാവസ്ഥയിലല്ലെന്നും നിരീക്ഷണത്തിലാണെന്നും സുരക്ഷിതനാണെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. പ്രസിഡൻറ് യൂൻ സുക് യോളിൻ്റെ സൈനിക നിയമ പ്രഖ്യാപനവുമായി ബന്ധപ്പെട്ട കലാപ ആരോപണങ്ങളിൽ കിമ്മിനെതിരെ അന്വേഷണം നടക്കുകയാണ്. തെളിവുകൾ നശിപ്പിക്കപ്പെടുമെന്ന ആശങ്കയ്‌ക്കിടയിലാണ് കിമ്മിൻ്റെ ഔദ്യോഗിക അറസ്റ്റ്.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ആദ്യ പേര് വിനേഷ് ഫോഗട്ടിന്റേത്, മറ്റ് 9 പേര്‍ ആരൊക്കെ ?

ന്യൂഡൽഹി: 2024 ൽ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഒളിമ്പിക്‌സ് ഫൈനലിലെത്തുന്ന ഇന്ത്യയുടെ ആദ്യ വനിതാ ഗുസ്തി താരമായി പാരീസിൽ ചരിത്രം സൃഷ്ടിച്ച ‘വിനേഷ് ഫോഗട്ട്’ എന്ന പേരാണ്. ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരെ പരാതി നല്‍കിയതും 2024 ഹരിയാന അസംബ്ലി തെരഞ്ഞെടുപ്പിൽ ജുലാനയിൽ നിന്ന് നിയമസഭാംഗമായി (എംഎൽഎ) തെരഞ്ഞെടുക്കപ്പെടുകയും ചെയ്തതുള്‍പ്പെടെ വിനേഷ് ഫോഗട്ടിനെ വാര്‍ത്തകളില്‍ നിറച്ചു.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് രണ്ടാം സ്ഥാനത്ത്. 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായക നീക്കങ്ങളോടെയാണ് നിതീഷ് കുമാര്‍ ഇത്രമേല്‍ ശ്രദ്ധ നേടിയത്. ചിരാഗ് പസ്വാന്‍ മൂന്നാം സ്ഥാനത്തും, ഹര്‍ദിക് പാണ്ഡ്യ നാലം സ്ഥാനത്തുമെത്തി. ഇന്ത്യയിലെ ഏറ്റവും കൂടുതലാളുകള്‍ തിരഞ്ഞ അഞ്ചാമത്തെ പേര് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ പവന്‍ കല്യാണിന്റേതാണ്.

ശശാങ്ക് സിങ്, പൂനം പാണ്ഡെ, രാധിക മെര്‍ച്ചന്റ്, അഭിഷേക് ശര്‍മ, ലക്ഷ്യ സെന്‍ തുടങ്ങിയവര്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം നേടി. ഗൂഗിള്‍ സെര്‍ച്ചുകളില്‍ പത്തില്‍ അഞ്ച് പേരുകളും കായിക താരങ്ങളാണ് എന്നുള്ളത് കൗതുകകരമായ വാര്‍ത്തയാണ്.

പടിഞ്ഞാറേകല്ലടയും കുന്നത്തൂരും എല്‍ഡിഎഫ് തേവലക്കര ഓരോന്ന്

കൊല്ലം ജില്ലയിൽ തദ്ദേശസ്ഥാപനങ്ങളിലേക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ആറില്‍ നാലിടത്തും ഇടതിന് നേട്ടം. പടിഞ്ഞാറേകല്ലടയും കുന്നത്തൂരും എല്‍ഡിഎഫ് നേടി, തേവലക്കര 12-ാം വാര്‍ഡ് 108 വോട്ടിന് എല്‍ഡിഎഫും 22-ാം വാര്‍ഡ് 148 വോട്ടിന് യുഡിഎഫും മേല്‍ക്കൈ നേടി. പടിഞ്ഞാറേകല്ലടയില്‍ കോണ്‍ഗ്രസിന്‍റെ സീറ്റും കുന്നത്തൂരില്‍ ബിജെപിയുടെ സീറ്റും ഇടതുപക്ഷം പിടിച്ചെടുത്തതാണ്.

പടിഞ്ഞാറേ കല്ലട നടുവിലെക്കര എട്ടാം വാർഡ്
എൽ ഡി എഫ് :351
യു ഡി എഫ് :238
ബിജെപി :259
എൽ ഡി എഫ് വിജയിച്ചു : ഭൂരിപക്ഷം 92

കുന്നത്തൂർ പഞ്ചായത്തിലെ തെറ്റിമുറി അഞ്ചാം വാർഡ്

എൽ ഡി എഫ് :390
യു ഡി എഫ് :226
ബിജെപി :202
എൽ ഡി എഫ് വിജയിച്ചു : ഭൂരിപക്ഷം:164

കൊല്ലം ജില്ലയിൽ തദ്ദേശസ്ഥാപനങ്ങളിലേക് നടന്ന ഉപതെരഞ്ഞെടുപ്പിൽ LDFന് നേട്ടം.6 ൽ നാലിടത്തും LDF ന് ജയം.
ബിജെപിയുടെ ഒരു സീറ്റ് എൽ ഡി എഫ് പിടിച്ചെടുത്തു.കുന്നത്തൂർ പഞ്ചായത്തിലെ തെറ്റിമുറിയിലാണ് BJP സീറ്റ് LDF പിടിച്ചെടുത്തത്
തെറ്റിമുറി കൂടാതെ പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ നടുവിലക്കര, ഏരൂർ പഞ്ചായത്തിലെ ആലഞ്ചേരി, ചടയമംഗലം പഞ്ചായത്തിലെ പൂങ്കോട്
തേവലക്കര പഞ്ചായത്തിലെ കോയിവിള തെക്ക്, പാലയ്‌ക്കൽ വടക്ക്, എന്നീ വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

കൊച്ചി നഗരത്തിലും സമീപ പഞ്ചായത്തുകളിലും വ്യാഴാഴ്ച കുടിവെള്ള വിതരണം പൂർണമായും മുടങ്ങും

കൊച്ചി. നഗരത്തിലും സമീപ പഞ്ചായത്തുകളിലും വ്യാഴാഴ്ച കുടിവെള്ള വിതരണം പൂർണമായും മുടങ്ങും.ആലുവയിലെ ജലശുദ്ധീകരണശാലയിൽ നിന്നും കൊച്ചി നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന പൈപ്പ് ലൈനിൽ ലീക്ക് കണ്ടെത്തിയിരുന്നു. ഇത് പരിഹരിക്കുന്നതിനായി ജോലി നടക്കുന്നതിനാൽ ആണ് വ്യാഴാഴ്ച കുടിവെള്ള വിതരണം നിർത്തിവയ്ക്കുന്നത്.പരമാവധി വേഗത്തിൽ ജോലികൾ പൂർത്തിയാക്കി കുടിവെള്ള വിതരണം നടത്താനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ വ്യക്തമാക്കി.1200 എം എം പൈപ്പ് ലൈനിലാണ് ചോർച്ച കണ്ടെത്തിയത്.

സുരേഷ് ​ഗോപിയുടെ കുടുംബവീട്ടിലെ മോഷണം; പ്രതികൾ പിടിയിൽ

കൊല്ലം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം നടത്തിയ പ്രതികൾ പിടിയിൽ. ഷിമാസ്, അരുൺ എന്നിവരാണ് അറസ്റ്റിലായത്. വീടിനോട് ചേർന്ന് ഷെഡിൽ നിന്നാണ് പഴയ വസ്തുക്കൾ മോഷ്ടിച്ചത്. നേരത്തെയും ഇവിടെ പ്രതികൾ മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഇരവിപുരം പൊലീസാണ് കേസ് അന്വേഷിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് മോഷണം നടന്നത്. വീടിനോട് ചേർന്ന ഷെഡിൽ നിന്ന് പൈപ്പുകളും പഴയ പാത്രങ്ങളുമാണ് മോഷണം പോയത്.

കൈയേറ്റമാരോപിച്ച് ഉത്തർപ്ര​ദേശിൽ 185 വർഷം പഴക്കമുള്ള മുസ്ലീം പള്ളിയുടെ ഒരു ഭാഗം പൊളിച്ചുനീക്കി

ലഖ്നൗ: ഉത്തർപ്രദേശിലെ 185 വർഷം പഴക്കമുള്ള മുസ്ലീം പള്ളിയുടെ ഒരു ഭാഗം പൊളിച്ചുനീക്കി. ഫത്തേപൂർ ജില്ലയിൽ ബന്ദ-ബഹ്‌റൈച്ച് ഹൈവേക്ക് സമീപത്ത് കൈയേറ്റമാരോപിച്ചാണ് പള്ളിയുടെ ഒരുഭാ​ഗം അധികൃതർ പൊളിച്ചത്. ബുൾഡോസർ നടപടി അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി ദിവസങ്ങൾക്ക് ശേഷമാണ് നടപടി. പൊളിച്ച ഭാഗം നിയമവിരുദ്ധമായി സ്ഥലം കൈയേറി നിർമിച്ചതാണെന്ന് രേഖയുണ്ടെന്നും കഴിഞ്ഞ മൂന്ന് വർഷമായി പരാതി ഉയർന്നുവന്നതാണെന്നും ജില്ലാ ഭരണകൂടം അവകാശപ്പെട്ടു.

ആഗസ്റ്റ് 17 ന് അനധികൃത നിർമ്മാണം ചൂണ്ടിക്കാട്ടി പള്ളിയുടെ ചില ഭാഗങ്ങൾ നീക്കം ചെയ്യാൻ നോട്ടീസ് നൽകിയതായി പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) അറിയിച്ചു. തുടർന്ന് മസ്ജിദ് അധികൃതർ ഒരുമാസത്തെ സമയം തേടിയിരുന്നു. എന്നാൽ ഈ ഉത്തരവിനെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യാനാണ് പള്ളി അധികൃതർ തീരുമാനിച്ചതെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ബന്ദ-ബഹ്‌റൈച്ച് ഹൈവേ നമ്പർ 13 ൻ്റെ വീതികൂട്ടലിന് തടസ്സമായ നൂറി മസ്ജിദിൻ്റെ 20 മീറ്ററോളം ചൊവ്വാഴ്ച ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി. അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയാണെന്ന് ലലൗലി പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് ഇൻസ്പെക്ടർ വൃന്ദാവൻ റായ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

എന്നാൽ, പിഡബ്ല്യുഡിയുടെ അവകാശവാദത്തെ നൂരി മസ്ജിദ് മാനേജ്‌മെൻ്റ് കമ്മിറ്റി മേധാവി എതിർത്തു. ലാലൗലിയിലെ നൂരി മസ്ജിദ് 1839-ൽ നിർമ്മിച്ചതാണ്. 1956-ലാണ് റോഡ് നിർമിച്ചത്. എന്നിട്ടും പി.ഡബ്ല്യു.ഡി പള്ളിയുടെ ചില ഭാഗങ്ങൾ നിയമവിരുദ്ധമാണെന്ന് പറയുന്നത് അം​ഗീകരിക്കാനാകില്ലെന്നും നൂറി മസ്ജിദ് മാനേജ്മെൻ്റ് കമ്മിറ്റി മുതവല്ലി (ചീഫ്) മുഹമ്മദ് മൊയിൻ ഖാൻ പറഞ്ഞു. കൈയേറ്റങ്ങളും മറ്റ് അനധികൃത നിർമ്മാണങ്ങളും നീക്കം ചെയ്യുന്നതിനായി മസ്ജിദ് മാനേജ്‌മെൻ്റ് ഉൾപ്പെടെ 139 സ്ഥാപനങ്ങൾക്ക് ഓഗസ്റ്റിൽ നോട്ടീസ് നൽകിയതായി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അവിനാശ് ത്രിപാഠി പറഞ്ഞു. റോഡിൻ്റെ അറ്റകുറ്റപ്പണികളും ഡ്രെയിനിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളും റൂട്ടിൽ നിർദ്ദേശിച്ചിട്ടുണ്ട്. അതിനാൽ നോട്ടീസ് നൽകിയ ശേഷം കൈയേറ്റങ്ങൾ നീക്കം ചെയ്തെന്നും ത്രിപാഠി പറഞ്ഞു.

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; യുവാവിന് ദാരുണാന്ത്യം, അപകട കാരണം ഞെട്ടിക്കും

തൃശൂര്‍: തൃശൂർ കൊട്ടേക്കാട് മറിഞ്ഞ ബൈക്ക് വീണ്ടും ഓൺ ചെയ്യുന്നതിനിടെ തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു. പേരാമംഗലം സ്വദേശി വിഷ്ണു (26) ആണ് മരിച്ചത്. ബൈക്ക് മറിഞ്ഞ ശേഷം വീണ്ടും ഓൺ ചെയ്തപ്പോൾ ടാങ്കിൽ നിന്ന് ചോർന്ന ഇന്ധനത്തിന് തീ പിടിക്കുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കോർപറേഷനിലെ മാലിന്യ സംസ്കരണ പ്ലാൻ്റിൽ താൽക്കാലിക ജീവനക്കാരനായിരുന്നു വിഷ്ണു. വീട്ടിലേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം. കൊട്ടേക്കാട് പള്ളിയ്ക്ക് മുമ്പിൽ ഇന്നലെ ഒൻപതോടെയാണ് അപകടമുണ്ടായത്.താൽക്കാലിക ജീവനക്കാരനായ വിഷ്ണു ആദ്യ ശമ്പളം കിട്ടിയതിനെ തുടർന്ന് ബൈക്കിൽ ഫുൾ ടാങ്ക് പെട്രോൾ അടിച്ചിരുന്നു

ഫുൾ ടാങ്ക് പെട്രോൾ അടിച്ചതാണ് പെട്രോൾ ചോരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം

തീ പിടുത്തത്തില്‍ ബൈക്ക് പൂർണമായും കത്തി നശിച്ചിരുന്നു. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.

പൊലീസ് എഫ്ഐആറിൽ ആൽവിന്റെ മരണം ഡിഫൻഡറിടിച്ച്; സിസിടിവിയിൽ ബെൻസ്: റീൽസ് എടുത്ത ഫോൺ എവിടെ?

കോഴിക്കോട്: ബീച്ച് റോഡിൽ റീൽസ് ചിത്രീകരണത്തിനിടെ കാറിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ യുവാവിന്റെ മരണത്തിന് ഇടയാക്കിയ കാർ തിരിച്ചറിഞ്ഞു. തെലങ്കാന റജിസ്ട്രേഷനിലുള്ള ബെൻസ് ഇടിച്ചാണ് യുവാവ് മരിച്ചത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് കാർ ഏതാണെന്ന കാര്യത്തിൽ വ്യക്തത വരുത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് കാറുകൾ ഓടിച്ചിരുന്ന മഞ്ചേരി സ്വദേശി സാബിദ് റഹ്മാൻ, ഇടശേരി സ്വദേശി മുഹമ്മദ് റബീസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബെൻസ് കാർ ഓടിച്ചിരുന്നത് മുഹമ്മദ് റബീസാണ്. ഇതിന്റെ ഇൻഷുറൻസ് പുതുക്കിയിട്ടില്ലെന്നാണ് വിവരം.

പതിനൊന്നുമണിയോടെ ഫോറൻസിക് വിദഗ്ധരുടെ നേതൃത്വത്തിൽ പരിശോധന നടക്കും. ബെൻസ് കാറിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറയും പരിശോധിക്കും. ആൽവിൻ റീൽസ് ചിത്രീകരിച്ചിരുന്ന മൊബൈൽ ഫോൺ പൊലീസിന് ലഭിച്ചിട്ടില്ല. അപകടം നടന്ന സ്ഥലത്ത് പൊലീസ് തിരഞ്ഞെങ്കിലും ഫോൺ കണ്ടെത്തിയിരുന്നില്ല. തിരച്ചിൽ ഊർജിതമാക്കാനാണ് പൊലീസ് തീരുമാനം. മൊബൈൽ ഫോൺ ഒളിപ്പിച്ചതാണോ എന്ന കാര്യത്തിലും സംശയമുണ്ട്. ഇക്കാര്യവും പൊലീസ് അന്വേഷിച്ചുവരികയാണ്.

റീൽസ് ചിത്രീകരണത്തിനായി രണ്ടു കാറുകളാണ് എത്തിച്ചിരുന്നത്. ഇതിൽ ഏതു കാറാണ് ഇടിച്ചതെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. പൊലീസ് തയാറാക്കിയ എഫ്ഐആറിൽ രേഖപ്പെടുത്തിയിരുന്നത് ‍ഡിഫൻഡർ കാർ ഇടിച്ചാണ് യുവാവ് മരിച്ചതെന്നാണ്. അതിനിടെ അപകടം വരുത്തിയ കാർ മാറ്റാൻ പൊലീസ് ശ്രമിക്കുന്നതായി ആരോപണം ഉയർന്നു.

ആദ്യം പൊലീസ് പറഞ്ഞ കാർ നമ്പർ അപകടം വരുത്തിയ രണ്ട് കാറുകളുടേതും അല്ലായിരുന്നു. അതു പ്രഥമ വിവര പ്രകാരം പൊലീസ് തയാറാക്കിയ റിപ്പോർട്ട് ആയിരുന്നു. പിന്നീട് ഇരു കാറുകളും വെള്ളയിൽ ഇൻസ്പെക്ടർ ബൈജു കെ.ജോസ് കസ്റ്റഡിയിൽ എടുത്തു. രണ്ട് ഡ്രൈവർമാരെയും കസ്റ്റഡിയിൽ എടുത്തു. രാത്രി മോട്ടർ വെഹിക്കിൾ വകുപ്പ് ഉദ്യോഗസ്ഥർ പൊലീസ് സ്റ്റേഷനിലെത്തി കാറുകൾ പരിശോധിച്ചിരുന്നു.

നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം ഇന്ന് മുതല്‍

കൊച്ചി.നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിക്കും. ദിലീപ് ഉൾപ്പെടെ 9 പേരാണ് കേസിൽ പ്രതികൾ. കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ഏഴര വർഷത്തിന് ശേഷം സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. 2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടിയെ അതിക്രൂരമായി ആക്രമിച്ചത്. 2018 മാർച്ചിൽ ആരംഭിച്ച കേസിന്റെ വിചാരണ നടപടികളാണ്, വർഷങ്ങൾക്കുശേഷം അന്തിമഘട്ടത്തിലേക്ക് എത്തുന്നത്. കേസിൽ സാക്ഷിവിസ്താരം ഒന്നരമാസം മുമ്പ് പൂർത്തിയായിരുന്നു. കോടതിയിൽ ഹാജരാക്കിയ തെളിവുകളുമായി ബന്ധപ്പെട്ട് അന്തിമവാദത്തിന് കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും. ഒരു മാസത്തിനകം അന്തിമവാദത്തിന്റെ നടപടിക്രമങ്ങൾ പൂർത്തിയാകാനാണ് സാധ്യത.

മാടായി കോളേജ് നിയമനം: കെപിസിസിയുടെ അടിയന്തര ഇടപെടൽ തേടി ഡിസിസി; സതീശനെ കണ്ട് നേതാക്കൾ; പരാതിയുമായി രാഘവനും

കണ്ണൂർ : മാടായി കോളേജ് നിയമന വിവാദം കോൺഗ്രസിന് വലിയ തലവേദനയാകുന്നു. വിവാദത്തിന് പിന്നാലെ പാർട്ടി പ്രദേശത്ത് രണ്ട് തട്ടിലായതോടെ കണ്ണൂർ ഡിസിസി കെപിസിസിയുടെ അടിയന്തര ഇടപെടൽ തേടി. പയ്യന്നൂർ മേഖലയിൽ പാർട്ടി സംവിധാനം പ്രതിസന്ധിയിലാണെന്നും എം കെ രാഘവന് ഒപ്പമുള്ള കോളേജ് ഡയറക്ടർമാർക്കെതിരെ നടപടിയെടുത്തത് മതിയായ കാരണമുള്ളത് കൊണ്ടാണെന്നുമാണ് ഡിസിസി വിശദീകരണം. കോളേജ് ഭരണസമിതി സംഘടനാ താല്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചുവെന്നും സംഘടന ജനറൽ സെക്രട്ടറിക്ക് അയച്ച കത്തിൽ ഡിസിസി പ്രസിഡന്റ്‌ ചൂണ്ടിക്കാട്ടുന്നു.

രാഘവന് എതിരായ പ്രതിഷേധിച്ചതിന് പയ്യന്നൂരിൽ നടപടി നേരിട്ട കോൺഗ്രസ്‌ നേതാക്കൾ കണ്ണൂരിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തുകയാണ്. ഡിസിസി അധ്യക്ഷനും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

അതിനിടെ കോൺഗ്രസ് പ്രവർത്തകരുടെ പരസ്യ നിലപാടിനെതിരെ എം.കെ രാഘവൻ എഐസിസി, കെപിസിസി നേതൃത്വങ്ങളെ പരാതി അറിയിച്ചു. ഇങ്ങനെ പാർട്ടിയിൽ തുടരാനാവില്ലെന്ന് രാഘവൻ മുന്നറിയിപ്പ് നൽകിയതായാണ് വിവരം.

മാടായി കോളേജ് നിയമന വിവാദത്തിൽ എം.കെ. രാഘവൻ എംപിയും കണ്ണൂരിലെ കോൺഗ്രസും തുറന്ന പോരിലാണ്. കഴിഞ്ഞ ദിവസം പ്രതിഷേധക്കാരെ കടന്നാക്രമിച്ച എം.കെ രാഘവൻ, തന്നെ അഴിമതിക്കാരനാക്കാൻ ബോധപൂർവം നീക്കം നടക്കുന്നുവെന്ന് ആരോപിച്ചിരുന്നു. പ്രവർത്തകരുടെ വികാരം കണക്കിലെടുക്കാതെയുളള രാഘവന്‍റെ നീക്കത്തിൽ അതൃപ്തിയിലാണ് കണ്ണൂർ ഡിസിസി.

എം.പി ചെയർമാനായ മാടായി കോളേജിൽ അദ്ദേഹത്തിന്‍റെ ബന്ധുവായ സിപിഎം പ്രവർത്തകന് ജോലി നൽകിയതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം പുകയുന്നത്. കോളേജിലെ അനധ്യാപക തസ്തികയിൽ കല്യാശ്ശേരിയിലെ യൂത്ത് കോൺഗ്രസ് നേതാക്കളെ പരിഗണിക്കാതിരുന്നതാണ് എതിർപ്പുകൾക്കും പ്രതിഷേധങ്ങൾക്കും കാരണം. എംപി ബന്ധുവായ സിപിഎം അനുഭാവിക്ക് ജോലി നൽകിയത് കൂടുതൽ പ്രകോപനമായി. ഇതിൽ പ്രതിഷേധിച്ച് രാഘവനെ തടഞ്ഞ പ്രാദേശിക നേതാക്കൾക്കെതിരെ കെപിസിസി പറഞ്ഞതനുസരിച്ച് ഡിസിസി നടപടിയെടുത്തിരുന്നു. ഇതോടെ പ്രശ്നം കൂടുതൽ കലുഷിതമായി. രാഘവന്‍റെ നാട്ടിലെ കോൺഗ്രസ് കമ്മിറ്റി കഴിഞ്ഞ ദിവസം ഒന്നടങ്കം രാജിവച്ചിരുന്നു. കൂടുതൽ കമ്മിറ്റികൾ രാജിനൽകിയേക്കും. പരസ്യപ്രതിഷേധം തുടരാനാണ് നടപടി നേരിട്ടവരുടെ തീരുമാനം.

അതിനിടെ ഇന്നലെ വൈകിട്ട് കുഞ്ഞിമംഗലത്തെ രാഘവന്റെ വീട്ടിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. കോലം കത്തിച്ചു. പാർട്ടിയെ വിറ്റ് കാശുണ്ടാക്കുകയാണെന്നും വീട്ടിൽ കയറി തല്ലുമെന്നും കോൺഗ്രസ് പ്രവർത്തകർ രൂക്ഷ മുദ്രാവാക്യവും മുഴക്കി.