തിരുവനന്തപുരം.ബാറിലെ സംഘർഷത്തിൽ ഗുണ്ടാ സംഘത്തിലെ 12 പേരെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഗുണ്ടാ നേതാക്കളായ ഓം പ്രകാശ്, എയർപോർട്ട് സാജൻ എന്നിവരെയും ഇവരുടെ സംഘാംഗങ്ങളെയുമാണ് അറസ്റ്റ് ചെയ്തത്.. വെള്ളിയാഴ്ച ബാറിൽ ഇരു സംഘവും ഏറ്റുമുട്ടിയിരുന്നു.ഇവര്‍ക്കൊപ്പം ബാറിൽ മദ്യ സൽക്കാരത്തിനിടെ സിഐ മാർ ഏറ്റുമുട്ടിയതിൽ തുടർ നടപടി ഇന്ന് തീരുമാനിച്ചേക്കും.. പൊലീസ് ഉദ്യോഗസ്ഥർക്ക് വിഴ്ച പറ്റിയെന്ന അന്വേഷണ റിപ്പോർട്ട് ഡിജിപി യ്ക്ക് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു
അധ്യാപകനേയും 4 സഹപാഠികളെയും വെടിവെച്ച് കൊലപ്പെടുത്തി വിദ്യാർഥി, പിന്നാലെ ആത്മഹത്യ
വാഷിങ്ടൺ: അമേരിക്കയിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ അക്രമിയായ വിദ്യാർത്ഥിയുൾപ്പടെ അഞ്ച് പേർക്ക് ദാരുണാന്ത്യം.
അമേരിക്കയിലെ വിസ്കോൺസിനിലെ സ്കൂളിലാണ് വെടിവെപ്പ് നടന്നത്. ആറു പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ക്രിസ്മസ് അവധിക്ക് സ്കൂൾ അടയ്ക്കാനിരിക്കെയാണ് അമേരിക്കയെ ഞെട്ടിച്ച ആക്രമണം നടന്നത്.
വിസ്കോൺസിനിലെ മാഡിസണിലുള്ള എബണ്ടന്‍റ് ലൈഫ് ക്രിസ്ത്യൻ സ്കൂളിലാണ് വിദ്യാർഥി തോക്കുമായെത്തി വെടിയുതിർത്തത്. കിന്‍റർഗാർഡൻ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂളിൽ 400 ഓളം കുട്ടികളാണ് പഠിക്കുന്നത്. കഴിഞ്ഞ ദിവസം സ്കൂളിലേക്കിത്തയ വിദ്യാർത്ഥി പെട്ടന്ന് കുട്ടികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. 17 കാരിയായ പെൺകുട്ടിയാണ് വെടിയുതിർത്തതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ മാഡിസൺ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
വെടിവപ്പ് നടന്നതറിഞ്ഞ് സകൂളിലെത്തുമ്പോൾ അക്രമിയടക്കം മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയെന്നും രണ്ട് പേർ ആശുപത്രിയിൽ വെച്ച് കൊല്ലപ്പെട്ടതായും മാഡിസൺ പൊലീസ് മേധാവി ഷോൺ ബാൺസ് അറിയിച്ചു. വെടിവെപ്പിന് ശേഷം വിദ്യാർഥി സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും അക്രമിയായ വിദ്യാർത്ഥിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി. വെടിവെപ്പിന് കാരണം എന്താണെന്ന് വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.
വിവാദപ്രസംഗം; ജഡ്ജി ശേഖര്‍ കുമാര്‍ യാദവ് കൊളീജിയത്തിന് മുന്നിൽ ഹാജരാകും, നടപടിയുണ്ടാകുമെന്ന് സൂചന
ന്യൂഡൽഹി: വിവാദപ്രസംഗത്തിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവ് ഇന്ന് സുപ്രീംകോടതി കൊളീജിയത്തിന് മുന്നിൽ ഹാജരാകും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയത്തിന് മുമ്പാകെ ഹാജരാകാനാണ് നിർദ്ദേശം. നേരത്തെ വിദ്വേഷപ്രസംഗത്തിൽ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ അലഹബാദ് ഹൈക്കോടതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഹൈക്കോടതി നൽകിയ റിപ്പോർട്ടും ഈക്കാര്യത്തിൽ നിർണ്ണായകമാണ്. ജഡ്ജി ശേഖർ കുമാർ യാദവിനെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
വിഷയത്തില്‍ അലഹാബാദ് ഹൈക്കോടതി നല്‍കിയ റിപ്പോര്‍ട്ടും നിര്‍ണ്ണായകമാണ്. ജഡ്ജി ശേഖര്‍ കുമാര്‍ യാദവിനെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. വിവാദ പ്രസംഗത്തില്‍ ജഡ്ജി ശേഖര്‍ കുമാര്‍ യാദവിനെതിരെ പ്രതിപക്ഷ എംപിമാര്‍ രാജ്യസഭയില്‍ ഇംപീച്ച്മെന്റ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ജഡ്ജിയുടെ പ്രസംഗം ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ളതാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ പക്ഷപാതവും മുന്‍വിധിയും പ്രകടിപ്പിച്ചത് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.
ഡിസംബര്‍ 10 ന് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ചടങ്ങിലാണ് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് വിവാദ പ്രസ്താവന നടത്തിയത്. ഭൂരിപക്ഷത്തിന്റെ ആഗ്രഹപ്രകാരമാണ് ഇന്ത്യ ഭരിക്കപ്പെടുക ഏക സിവില്‍ കോഡ് ഭരണഘടനാപരമായി അനിവാര്യമുള്ളതാണ്. ഇത് ഉടന്‍ യാഥാര്‍ഥ്യമാകും. ഹിന്ദു സമൂഹം നിരവധി മോശം ആചാരങ്ങളില്‍ നിന്ന് മുക്തി നേടി. അതുപോലെ മറ്റു മതങ്ങളും ദുരാചാരങ്ങള്‍ ഒഴിവാക്കണം. ആര്‍എസ്എസും വിഎച്ച്പിയും മാത്രമല്ല രാജ്യത്തിന്റെ പരമോന്നത നീതിപീഠവും സിവില്‍കോഡിനെപ്പറ്റി സംസാരിക്കുന്നതായും ജഡ്ജി ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞു.
പട്ടിണിക്കിട്ടും ക്രൂരമായ മർദനവും; പിതാവും രണ്ടാനമ്മയും പ്രതികൾ, ഷെഫീക്ക് കേസിൽ കോടതി ഇന്ന് വിധി പറയും
ഇടുക്കി: കുമളിയില്‍ ആറുവയസുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇന്ന് കോടതി വിധി പറഞ്ഞേക്കും. ഷെഫീക്കിന്റെ പിതാവ് ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. സംഭവം നടന്ന് 11 വർഷങ്ങൾക്ക് ശേഷമാണ് ഇടുക്കി ഒന്നാംക്ലാസ് അഡീഷണൽ മജിസ്ട്രേറ്റ് വിധി പറയുന്നത്.
മനുഷ്യ മനസാക്ഷി മരവിക്കുന്ന ക്രൂര പീഡനമാണ് ഷെഫീക്കിന് ഏൽക്കേണ്ടി വന്നത്. അതും ആറുവയസ്സ് മാത്രമുളള കുട്ടിയോടായിരുന്നു ഇരുവരുടേയും ക്രൂരത. പട്ടിണിക്കിട്ടതും ക്രൂരമായി മർദിച്ചതുമെല്ലാം രണ്ടാനമ്മയും സ്വന്തം പിതാവും ചേർന്നാണ്. 2013 ജൂലൈ 15 നാണ് മർദ്ദനത്തെ തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്, ഇതോടെയാണ് ഷെഫീക്ക് നേരിട്ട പീഡനം പുറത്തറിയുന്നത്. തലച്ചേറിനേറ്റ ക്ഷതവും കാലിലെ ഒടിവും നിരവധി മുറിപ്പാടുകളും. ഒരുപക്ഷേ ഈ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് തോന്നിച്ച ദിവസങ്ങളായിരുന്നു. ആഴ്ചകളെടുത്ത ചികിത്സയ്ക്കൊടുവിൽ ഷെഫീക്ക് ജീവിത്തിലേക്ക് തിരികെയെത്തി. പക്ഷേ തലച്ചോറിനേറ്റ ക്ഷതം കുഞ്ഞിൻ്റെ മാനസിക വളർച്ചയെ ബാധിച്ചു. കുമളി പൊലീസ് 2013 ൽ രജിസ്റ്റർ ചെയ്ത കേസിൽ വിചാരണ പൂർത്തിയായി. പിതാവ് ഷെരീഫാണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി രണ്ടാനമ്മ അനീഷയും.
ഷെഫീക്കിന്റെ സഹോദരൻ ഷെഫീനെ മർദ്ദിച്ചതിനും ഇരുവർക്കും എതിരെ പൊലീസ് കേസെടുത്തിരുന്നു. ദൃക് സാക്ഷികളില്ലാതിരുന്നിട്ടും, മെഡിക്കൽ തെളിവുകൾ, സാഹചര്യത്തെളിവുകൾ എന്നിവയുടെ പിൻബലത്തിലാണ് വാദം പൂർത്തിയാക്കിയത്.
ഭാര്യ വീട്ടിലില്ല, അന്വേഷിച്ചപ്പോൾ മറ്റൊരാൾക്കൊപ്പം; യുവാവിനെ കൊലപ്പെടുത്തി ഭർത്താവ്
ന്യൂഡൽഹി: മറ്റൊരു വീട്ടിൽ ഭാര്യയോടൊപ്പം കണ്ട യുവാവിനെ ഭർത്താവ് മർദ്ദിച്ച് കൊലപ്പെടുത്തി. റിതിക് വർമ്മ എന്ന 21കാരനാണ് കൊല്ലപ്പെട്ടത്. ഡൽഹിയിലെ ശാസ്ത്രി പാർക്ക് ഏരിയയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
റിതിക് വർമ്മയുടെ വീട്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഭാര്യയെ കണ്ടതോടെ പ്രകോപിതനായ ഭർത്താവ് ഇയാളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഭാര്യയ്ക്കും മർദ്ദനമേറ്റതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (നോർത്ത് ഈസ്റ്റ്) രാകേഷ് പവേരിയ പറഞ്ഞു. റിതിക്കിനെ പ്രതി ക്രൂരമായാണ് മർദ്ദിച്ചതെന്നും ശരീരത്തിൻ്റെ എല്ലാ ഭാഗത്തും മുറിവുകളുണ്ടായിരുന്നുവെന്നും റിതിക്കിന്റെ അമ്മാവൻ ആരോപിച്ചു.
റിതിക്കിനും യുവതിയ്ക്കും പ്രതിയുടെ മർദ്ദനമേറ്റെന്ന് അയൽവാസി വെളിപ്പെടുത്തി. ഒന്നിലധികം പേർ ചേർന്നാണ് റിതികിനെ മർദ്ദിച്ചത്. റിതിക് ടെമ്പോ ഡ്രൈവറായിരുന്നുവെന്നും മാതാപിതാക്കളുടെ ഏക മകനായിരുന്നുവെന്നും അയൽവാസി കൂട്ടിച്ചേർത്തു. ഗുരുതരമായി പരിക്കേറ്റ റിതിക്കിനെ ബന്ധുക്കളാണ് ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
പ്രസവത്തിനിടെ ഓച്ചിറ സ്വദേശിനി യുവ ഡോക്ടർ മരിച്ചു
ചന്തിരൂർ∙ പ്രസവത്തെ തുടർന്ന് യുവ ഡോക്ടർ മരിച്ചു. ചന്തിരൂർ ഹൈടെക് ഓട്ടമൊബീൽ ഉടമ കണ്ടത്തിൽപറമ്പിൽ കബീറിന്റെയും ഷീജയുടെയും മകൾ ഡോ. ഫാത്തിമ കബീർ (30) ആണു മരിച്ചത്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്.
ഫാത്തിമയുടെ കബറടക്കം നടത്തി. ഓച്ചിറ സനൂജ് മൻസിലിൽ ഡോ.സനൂജിന്റെ ഭാര്യയാണ്. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ 3–ാം വർഷ എംഡി വിദ്യാർഥിനിയാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. രണ്ടാമത്തെ പ്രസവമായിരുന്നു. മകൾ: മറിയം സെയ്നബ. സഹോദരി : ആമിന കബീർ.
കാട്ടാനക്കലി: കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്നു ഹർത്താൽ; എൽദോസിന്റെ കുടുംബത്തിന് 10 ലക്ഷം
കോതമംഗലം: കുട്ടമ്പുഴ ഉരുളൻതണ്ണി വലിയ ക്ണാച്ചേരിയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്നു യുഡിഎഫ് ഹർത്താൽ. കോതമംഗലം ഡിഎഫ്ഒ ഓഫിസിലേക്കു പ്രതിഷേധ റാലിയും നടക്കും. കോടിയാട്ട് എൽദോസ് വർഗീസ് (45) ആണു ഇന്നലെ മരിച്ചത്.
മൃതദേഹം സ്ഥലത്തുനിന്നു മാറ്റാന്‍ നാട്ടുകാർ സമ്മതിച്ചില്ല. പ്രതിഷേധം അഞ്ച് മണിക്കൂറോളം നീണ്ടു. കലക്ടർ നടത്തിയ ചർച്ചയ്ക്കൊടുവിൽ പുലർച്ചെ രണ്ടിനാണു പ്രതിഷേധം അവസാനിച്ചത്. എൽദോസിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകി. 27ന് കലക്ടർ അവലോകന യോഗം വിളിച്ചു. അഞ്ച് ദിവസത്തിനുള്ളിൽ സ്ഥലത്തു തെരുവുവിളക്കുകൾ സ്ഥാപിക്കും. ട്രഞ്ച് നിർമാണം ഇന്നാരംഭിക്കും. ഫെൻസിങ് നടപടി വേഗത്തിലാക്കും.
ശനിയാഴ്ച വൈകിട്ടു നേര്യമംഗലം ചെമ്പൻകുഴിയിൽ കാട്ടാന മറിച്ചിട്ട മരം വീണ് എൻജിനീയറിങ് വിദ്യാർഥിനി മരിച്ച ഞെട്ടൽ മാറും മുൻപേയാണു വീണ്ടും ആക്രമണമുണ്ടായത്. ഉരുളൻതണ്ണി ഫോറസ്റ്റ് സ്റ്റേഷൻ കഴിഞ്ഞു ക്ണാച്ചേരിക്കു പോകുന്ന വഴിയിലായിരുന്നു മൃതദേഹം. എറണാകുളത്തു സെക്യൂരിറ്റി ജോലിക്കാരനായ എൽദോസ് രാത്രി എട്ടരയോടെ കെഎസ്ആർടിസി ബസിൽ എത്തി വീട്ടിലേക്കു പോകുംവഴിയാണ് ആക്രമണമുണ്ടായത്. ഇതുവഴി പോയ ഓട്ടോറിക്ഷക്കാരനാണു മൃതദേഹം കണ്ടു നാട്ടുകാരെ അറിയിച്ചത്. വർഗീസ്–റൂത്ത് ദമ്പതികളുടെ മകനാണ് എൽദോസ്.
അഭിഭാഷകരെ തെരുവ് നായ്ക്കളോട് ഉപമിച്ചതിന് എടുത്ത കേസ് പിന്‍വലിച്ചു
.കൊച്ചി. ഡോ സെബാസ്റ്റ്യന് പോളിനെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി. അഭിഭാഷകരെ തെരുവ് നായ്ക്കളോട് . ഉപമിച്ചതിനായിരുന്നു കേസ്. അഭിഭാഷകനും മാധ്യമ പ്രവർത്തകരുമായുള്ള സംഘർഷത്തെ തുടർന്ന് നടത്തിയ പ്രസംഗത്തിലായിരുന്നു പരാമർശം. അഭിഭാഷകരെ മൊത്തത്തിൽ അപകീർത്തിപ്പെടുത്തുന്നതല്ല പരാമർശമെന്ന് കോടതി വിലയിരുത്തി.
അച്ഛനും മകളും സഞ്ചരിച്ചിരുന്ന ബൈക്കിൽ ബസ്സ് ഇടിച്ചു പിതാവ് മരിച്ചു
തൃശ്ശൂര്‍. അച്ഛനും മകളും സഞ്ചരിച്ചിരുന്ന ബൈക്കിൽ ബസ്സ് ഇടിച്ചു പിതാവ് മരിച്ചു. തൃശ്ശൂർ പൂച്ചിന്നിപാടത്ത് ആണ് അപകടം
തൊട്ടിപ്പാൾ സ്വദേശി വിൻസെൻറ് ആണ് മരിച്ചത്. മകൾ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ. ഇന്ന് വൈകുന്നേരം 5.30നു ആണ് സംഭവം. തൃശ്ശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ഓടുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്.






































