26.7 C
Kollam
Wednesday 31st December, 2025 | 01:45:52 PM
Home Blog Page 1748

ചോറ് ഇവിടെയും കൂറ് അവിടെയും’; തൃശൂർ മേയര്‍ എം കെ വർഗീസിനെതിരെ ആഞ്ഞടിച്ച് വിഎസ് സുനിൽകുമാർ, എൽഡിഎഫിനും വിമർശനം

തിരുവനന്തപുരം: തൃശൂര്‍ കോര്‍പ്പറേഷൻ മേയര്‍ എംകെ വര്‍ഗീസിനെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവും മുൻ മന്ത്രിയുമായ വിഎസ്‍ സുനിൽകുമാര്‍. ബിജെപി സംസ്ഥാന അധ്യക്ഷനിൽ നിന്ന് മേയര്‍ എംകെ വര്‍ഗീസ് ക്രിസ്മസ് കേക്ക് സ്വീകരിച്ചത് ആസൂത്രിതമാണെന്ന് വിഎസ് സുനിൽ കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചോറ് ഇവിടെയും കൂറ് അവിടെയും എന്ന രീതിയാണിതെന്നും സുനിൽ കുമാര്‍ ആരോപിച്ചു. തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസിനെ മാറ്റണമെന്ന് സിപിഐ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. മേയറെ തുടരാൻ തീരുമാനിച്ചതാണ് പ്രശ്നമെന്നും എൽഡിഎഫിനെ പരോക്ഷമായി പഴിച്ചുകൊണ്ട് വിഎസ് സുനിൽ കുമാര്‍ പറഞ്ഞു.

ബിജെപിയുടെ സ്നേഹ സന്ദേശ യാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എം കെ വര്‍ഗീസിനെ സന്ദര്‍ശിച്ച് കേക്ക് കൈമാറിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് മേയര്‍ക്കെതിരെ തുറന്നടിച്ച് വിഎസ് സുനിൽ കുമാര്‍ രംഗത്തെത്തിയത്. ഇത്തരത്തിലൊരു സംഭവം നടത്തിയത് അദ്ദേഹത്തിന്‍റെ ബിജെപിയോടുള്ള രാഷ്ട്രീയ ആഭിമുഖ്യം തന്നെയാണ് വെളിവെക്കുന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സഹായകമാകുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്.

ചോറ് ഇവിടെയാണെങ്കിലും കൂറ് അവിടെയാണെന്നത് അന്ന് തന്നെ അദ്ദേഹം തെളിയിച്ചിട്ടുള്ളതാണ്. മേയറെ മാറ്റേണ്ടത് ഇടതുപക്ഷ ജനാധിപത്യ മുന്നണി തീരുമാനിക്കേണ്ട കാര്യമാണ്. എന്ത് ചെയ്താലും സ്ഥാനം നഷ്ടപെടില്ലെന്ന് അദ്ദേഹത്തിന് അറിയാമെന്നും എന്ത് ചെയ്താലും സഹിക്കേണ്ട നിലപാടിലേക്ക് വന്നാൽ നമുക്ക് ഒന്നും ചെയ്യാനാകില്ലെന്നും വിഎസ് സുനിൽ കുമാര്‍ പറഞ്ഞു. മേയറെ മാറ്റാൻ എൽഡിഎഫ് നേതൃത്വം ഒന്നും ചെയ്യുന്നില്ലെന്ന പരോക്ഷ വിമര്‍ശനമാണ് സുനിൽകുമാര്‍ നടത്തിയത്.

ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ബിജെപിയുമായി ആഭിമുഖ്യം പുലര്‍ത്തുന്നുവെന്ന ആരോപണത്തിൽ മേയര്‍ സംശയ നിഴലിലാണ്. സുനിൽകുമാറും സിപിഐയും മേയറെ സംശയിക്കുമ്പോഴും ഭരണം പോകുമെന്ന് ഭയന്ന് സിപിഎം ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണിപ്പോള്‍ കെ സുരേന്ദ്രൻ കേക്ക് കൊടുത്ത വിവാദം ഉണ്ടായത്.

തൃശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ. ബിജെപിയുടെ സ്നേഹ സന്ദേശ യാത്രയുടെ ഭാഗമായി ക്രിസ്മസ് കേക്കുമായി എത്തിയായിരുന്നു സന്ദർശനം. എംകെ വര്‍ഗീസുമായുള്ള കൂടിക്കാഴ്ച രാഷ്ട്രീയപരമല്ലെന്നും സ്നേഹത്തിന്‍റെ സന്ദർശനം മാത്രമാണെന്നും കെ സുരേന്ദ്രൻ സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്.

ക്രിസ്തുമസ് ദിവസം തന്‍റെ വസതിയിൽ ആര് വന്നാലും സ്വീകരിക്കും എന്നും ക്രിസ്മസ് സ്നേഹത്തിന്‍റെ ദിവസമാണെന്നും മറ്റൊരു ചിന്തയും ഇല്ലെന്നായിരുന്നു മേയർ എം കെ വർഗീസിന്‍റെ മറുപടി. ബിജെപി സംസ്ഥാന അധ്യക്ഷൻ വന്നതിൽ സന്തോഷമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബിജെപി എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയെ പ്രശംസിച്ചതിൽ വിവാദങ്ങളിൽ ഏർപ്പെട്ടയാളാണ് മേയർ. വാക്കുകളിൽ രാഷ്ട്രീയം കലർത്തേണ്ട ആവശ്യമില്ല എന്നായിരുന്നു അന്ന് മേയർ നൽകിയ മറുപടി.

ലോകത്തെ ഏറ്റവും വലിയ ഡാം സാങ്പോ നദിയിൽ നിർമിക്കാൻ ചൈന; ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ചങ്കിൽ തീ

ബീജിങ്: സാങ്പോ നദിയിൽ ലോകത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി നിർമിക്കാനൊരുങ്ങി ചൈന. ടിബറ്റൻ പീഠഭൂമിയുടെ കിഴക്കൻ അരികിലാണ് ചൈന പടുകൂറ്റൻ ഡാം നിർമിക്കുന്നത്. ജലവൈദ്യുത അണക്കെട്ടിൻ്റെ നിർമ്മാണത്തിന് ചൈന അംഗീകാരം നൽകി. പദ്ധതി ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചേക്കാമെന്നും റിപ്പോർട്ടുകൾ പറയുന്നു.

2020-ൽ ചൈനയിലെ പവർ കൺസ്ട്രക്ഷൻ കോർപ്പറേഷൻ നൽകിയ കണക്കനുസരിച്ച് യാർലുങ് സാങ്‌ബോ (സാങ്പോ) നദിയിൽ നിർമിക്കുന്ന അണക്കെട്ടിന് പ്രതിവർഷം മണിക്കൂറിൽ 300 ബില്യൺ കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയും. നിലവിൽ ലോകത്തെ ഏറ്റവും വലിയ പദ്ധതിയായ ത്രീ ഗോർജസ് അണക്കെട്ടിൻ്റെ ശേഷിയുടെ മൂന്നിരട്ടിയിലധികം വരും.

ചൈനയുടെ കാർബൺ ബഹിർ​ഗമനം കുറയ്ക്കുന്നതിനും, കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും, എൻജിനീയറിങ് അനുബന്ധ വ്യവസായങ്ങളെ ഉത്തേജിപ്പിക്കുന്നതിനും, ടിബറ്റിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ പദ്ധതി പ്രധാന പങ്ക് വഹിക്കുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. യാർലുങ് സാങ്‌ബോയുടെ ഒരു ഭാഗം 50 കിലോമീറ്റർ പരിധിയിൽ 2,000 മീറ്റർ (6,561 അടി) താഴേക്ക് പതിക്കുന്നു. ഇവിടെ ജലവൈദ്യുത പദ്ധതിക്ക് വലിയ സാധ്യതകളുണ്ടെന്നാണ് വിലയിരുത്തൽ. അതേസമയം, എഞ്ചിനീയറിംഗ് വെല്ലുവിളികൾ നിറഞ്ഞതായിരിക്കും നിർമാണം.

ത്രീ ഗോർജസ് അണക്കെട്ടിൻ്റെ മൂന്നിരട്ടി ചെലവാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 254.2 ബില്യൺ യുവാൻ (34.83 ബില്യൺ ഡോളർ) ചെലവ് വരും. കുടിയൊഴിപ്പിക്കപ്പെട്ട 1.4 ദശലക്ഷം ആളുകളെ പുനരധിവസിപ്പിക്കുന്നതുൾപ്പെടെയുള്ള ചെലവാണ് കണക്കാക്കിയത്. നേരത്തെ 57 ബില്യൺ യുവാനായിരുന്നു കണക്കാക്കിയിരുന് ചെലവ്. പദ്ധതി എത്ര ആളുകളെ മാറ്റിപ്പാർപ്പിക്കുമെന്നും പീഠഭൂമിയിലെ ഏറ്റവും സമ്പന്നവും വൈവിധ്യമാർന്നതുമായ പ്രാദേശിക ആവാസവ്യവസ്ഥയെ അത് എങ്ങനെ ബാധിക്കുമെന്നും അധികാരികൾ സൂചിപ്പിച്ചിട്ടില്ല. അതേസമയം, പദ്ധതി പരിസ്ഥിതികമായ പ്രശ്നങ്ങളോ താഴെയുള്ള പ്രദേശങ്ങളിലെ ജലവിതരണത്തിലോ വലിയ സ്വാധീനം ചെലുത്തില്ലെന്നാണ് അധികൃതർ പറയുന്നത്.

എന്നിരുന്നാലും, ഇന്ത്യയും ബംഗ്ലാദേശും അണക്കെട്ടിനെക്കുറിച്ച് ആശങ്കകൾ ഉന്നയിച്ചു. യർലുങ് സാങ്ബോ ടിബറ്റിൽ നിന്ന് തെക്കോട്ട് ഇന്ത്യയുടെ അരുണാചൽ പ്രദേശിലേക്കെത്തുമ്പോൾ സിയാങ് നദിയായും അസമിലെത്തുമ്പോൾ ബ്രഹ്മപുത്രയായും മാറുന്നു. ടിബറ്റിൻ്റെ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ഒഴുകുന്ന യാർലുങ് സാങ്ബോയുടെ മുകൾ ഭാഗത്ത് ചൈന ജലവൈദ്യുത ഉത്പാദനം ആരംഭിച്ചിരുന്നു.

ബൈക്കില്‍ കാറിടിച്ച് യുവാവ് മരിച്ചു

പുനലൂര്‍: ബൈക്കില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ തോട്ടം തൊഴിലാളി മരിച്ചു. പുനലൂര്‍ ചാലിയക്കര പത്ത് ഹെക്ടര്‍ സ്വദേശിയും ചാലിയക്കര എസ്റ്റേറ്റിലെ തൊഴിലാളിയുമായ
എന്‍.അയ്യപ്പന്‍ (48) ആണ് മരിച്ചത്. പുനലൂര്‍-മൂവാറ്റുപുഴ ഹൈവേയില്‍ വെട്ടിത്തിട്ട പെട്രോള്‍ പമ്പിന് സമീപം വ്യാഴാഴ്ച 3-ഓടെയാണ് സംഭവം.
മരുന്നു വാങ്ങാനായി പുനലൂരിലേക്ക് പോകുന്നതിനിടെ ബൈക്കില്‍ കാറിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്ന് വൈകിട്ട് 5ന് പത്തേക്കറിലുള്ള വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഭാര്യ: അജിത. മക്കള്‍: അനുശ്രീ, അനുഗ്രഹ്.

പുണ്യസ്നാനം കഴിഞ്ഞ് സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ ക്യാമറ, 200 വീഡിയോ; രാമേശ്വരത്ത് ഹോട്ടലുകളിലും പരിശോധന

ധനുഷ്കോടി: രാമേശ്വരം ക്ഷേത്രത്തിന് സമീപം രഹസ്യക്യാമറ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പ്രതികളുടെ ഫോണിൽ നിന്ന് ഇരുന്നൂറിൽ അധികം വിഡിയോകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. രാമേശ്വരത്തെ ഹോട്ടലുകളിലും വസ്ത്രം മാറാനുള്ള മുറികളിലും പൊലീസ് പരിശോധന നടത്തി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

രാമേശ്വരം അഗ്നി തീർത്ഥത്തിലെ പുണ്യ‌സ്നാനത്തിന് ശേഷം സ്ത്രീകൾക് വസ്ത്രം മാറാനായി ഒരു ചായക്കടയോട് ചേർന്ന് ക്രമീകരിച്ച മുറികളിൽ ഒന്നിലാണ് കഴിഞ്ഞ ദിവസം രഹസ്യ ക്യാമറ കണ്ടെത്തിയത്. കുടുംബത്തോടൊപ്പം രാമേശ്വരത്ത് എത്തിയ പെൺകുട്ടിയാണ് വസ്ത്രം മാറുന്ന മുറിക്കുള്ളിൽ ഒളിക്യാമറ കണ്ടെത്തിയത്. പെൺകുട്ടി വിവരം കുടുംബത്തെയും പിന്നീട് പൊലീസിനെ അറിയിക്കുകയായിരുന്നു.

സംഭവത്തിൽ ചായക്കട ഉടമയായ രാജേഷ് കണ്ണൻ, കടയിൽ ജീവനക്കാരനായ മീര മുഹമ്മദ്‌ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ഫോണുകൾ പരിശോധിച്ചപ്പോൾ ആണ് ഒളിക്യാമറയിൽ ചിത്രീകരിച്ച 200 ലേറെ വീഡിയകൾ കണ്ടെത്തിയത്. ഇവർ സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പങ്കുവയ്ക്കുകയോ പണം വാങ്ങി മാറ്റാർക്കെങ്കിലും വിൽക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളുടെ സ്ഥാപനങ്ങളുടെ ലൈസൻസ് ജില്ലാ ഭരണകൂടം റദ്ദാക്കി. ക്ഷേത്രത്തിന് സമീപത്തും ഭക്തർക്കുമായി എല്ലാ മുറികളിലും പൊലീസ് വിശദമായ പരിശോധനയും നടത്തുന്നുണ്ട്.

എംസി റോഡിൽ ട്രാവലറും ലോറിയുമായി കൂട്ടിയിടിച്ച് ഒരു മരണം

അങ്കമാലി. എംസി റോഡിൽ ട്രാവലറും ലോറിയുമായി കൂട്ടിയിടിച്ച് ഒരു മരണം. കാറ്ററിങ് യൂണിറ്റിലെ തൊഴിലാളികൾ സഞ്ചരിച്ച ട്രാവലർ ആണ് അപകടത്തിൽപ്പെട്ടത്. ട്രാവലർ ഡ്രൈവർ പാലക്കാട് സ്വദേശി അബ്ദുൽ മജീദ് ആണ് മരിച്ചത്. പരിക്കേറ്റ 19 പേരെ അങ്കമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നവകേരള ബസ് വീണ്ടും നിരത്തിലേക്ക്

കോഴിക്കോട്. വിവാദങ്ങളുടെ ഫലമെന്നോണം നവകേരള ബസ് വീണ്ടും നിരത്തിലേക്ക്. രൂപമാറ്റം വരുത്തിയ ബസ് ബംഗളുരുവിൽ നിന്നും കോഴിക്കോട് എത്തിച്ചു. കോഴിക്കോട് – ബംഗുളുരു റൂട്ടിൽ സർവീസ് പുനരാരംഭിക്കും. 11 സീറ്റുകൾ അധികമായി ഘടിപ്പിച്ചു : ആകെ 37 സീറ്റ്. എസ്കലേറ്റർ, പിൻ ഡോർ എന്നിവ ഒഴിവാക്കി : പകരം മുൻഭാഗത്ത് മാത്രം ഡോർ. ശൗചാലയം ബസിൽ നിലനിർത്തി. നിരക്കും കുറച്ചു : ഇന്നലെ ബംഗുളൂരു – കോഴിക്കോട് യാത്രയിൽ ഈടാക്കിയത് 930 രൂപ : നേരത്തെ 1280 രൂപ ആയിരുന്നു. ബസ് കട്ടപ്പുറത്ത് ആയത് വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്ന് അന്തസിന്‍റെ ഭാഗമായി ഈ ബസ് നിലനിര്‍ത്തണമെന്ന കര്‍ശന നിര്‍ദ്ദേശം അധികൃതര്‍ നല്‍കിയെന്നാണ് വിവരം. നവകേരള ബസ് സിപിഎം സമ്മേളനങ്ങളിലും ഏറെ വിവാദമായിരുന്നു.

വാർത്താനോട്ടം

2024 ഡിസംബർ 27 വെള്ളി

BREAKING NEWS

?ഡോ.മൻമോഹൻ സിങിൻ്റെ മരണം: രാജ്യത്ത് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

?കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് രാവിലെ 11ന്. ഡോ:മൻമോഹൻ സിങിൻ്റെ സംസ്ക്കാരം നാളെ ഔദ്യോഗിക ബഹുമതികളോടെ

?എൻ പ്രശാന്ത് ഐഎഎസിനെതിരായ ചാർജ് മെമ്മോയിൽ ഉന്നയിച്ച കാര്യങ്ങളിൽ വ്യക്തത തേടി
ചീഫ് സെക്രട്ടറിയോട് വിശദീകരണം ആരാഞ്ഞു.

?അങ്കമാലിയിൽ തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ച് അബ്ദുൾ മജീദ് എന്ന ട്രാവലർ ഡ്രൈവർ മരിച്ചു.19 പേർക്ക് പരിക്ക്

?മെൽബെൺ ടെസ്റ്റിൽ ഓസ്ട്രലിയ 474 റൺസിന് പുറത്ത്.ഇന്ത്യയ്ക്ക് വേണ്ടി ജസ് പ്രീത്ബുംറ നാല് വിക്കറ്റ് വീഴ്ത്തി

?കേരളീയം?

? ജനാധിപത്യത്തി
ന്റേയും മതനിരപേക്ഷതയുടേയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ. മന്‍മോഹന്‍ സിങ്ങെന്നും തന്റെ രാഷ്ട്രീയജീവിതത്തില്‍ ഭരണഘടനയോടുള്ള കൂറ് അദ്ദേഹം എക്കാലവും കാത്തുസൂക്ഷിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

?മലയാള സാഹിത്യത്തിന്റെ കുലപതി എംടി വാസുദേവന്‍ നായര്‍ക്ക് യാത്രാമൊഴിയേകി സാംസ്‌കാരിക കേരളം . മാവൂര്‍ റോഡിലെ സ്മൃതിപഥത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍.

? പുനരധിവാസം വൈകുന്നതില്‍ പ്രതിഷേധവുമായി വയനാട് കളക്ടറേറ്റിലേക്ക് ദുരന്തബാധിതര്‍ പ്രതിഷേധ പ്രകടനം നടത്തി. ജനശബ്ദം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ടൗണ്‍ഷിപ്പ് ഗുണഭോക്താക്കളുടെ പട്ടികയിലുണ്ടായ വ്യാപക പിഴവുകള്‍ വിവാദമായിരിക്കെയാണ് ദുരന്തബാധിതര്‍ പരസ്യ പ്രതിഷേധം നടത്തിയത്.

? തിരുവനന്തപുരത്തെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ആത്മഹത്യ വര്‍ദ്ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 2024 ല്‍ മാത്രം 23 ആത്മഹത്യകള്‍ നടന്നുവെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

?ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവില്‍പ്പന. ഡിസംബര്‍ 24,25 ദിവസങ്ങളിലായി ആകെ 152.06 കോടിയുടെ മദ്യ വിറ്റഴിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇതേ തീയതികളിലായി 122.14 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്.

? ക്ഷേമപെന്‍ഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് റവന്യൂ, സര്‍വ്വേ വകുപ്പില്‍ 38 പേരെ സസ്പെന്‍ഡ് ചെയ്തു. ഇവര്‍ അനധികൃതമായി കൈപ്പറ്റിയ തുക 18 ശതമാനം പലിശയടക്കം തിരിച്ചടയ്ക്കണം. കര്‍ശനമായ വകുപ്പുതല അച്ചടക്ക നടപടിയും ഇവര്‍ക്കെതിരെ സ്വീകരിക്കും.

?സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമമെന്ന് പരാതി. നടന്മാരായ ബിജു സോപാനം, എസ്.പി. ശ്രീകുമാര്‍ എന്നിവര്‍ക്കെതിരേ ഇന്‍ഫോപാര്‍ക്ക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നടിയുടെ പരാതിയിന്മേലാണ് കേസെടുത്തിരിക്കുന്നത്.

?? ദേശീയം ??

?മുന്‍ പ്രധാനമന്ത്രിയും പ്രമുഖ സാമ്പത്തിക വിദഗ്ദനുമായ മന്‍മോഹന്‍ സിങ് അന്തരിച്ചു. 92 വയസായിരുന്നു. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്.

?രാത്രി 9.51-ന് മരണം സ്ഥിരീകരിച്ചു. 2004 മുതല്‍ 2014 വരെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നു. ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരില്‍ ഒരാളായിരുന്നു.

?പ്രധാനമന്ത്രി എന്ന നിലയില്‍ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ അദ്ദേഹം ശ്രമിച്ചുവെന്നും വര്‍ഷങ്ങളോളം നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക നയത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചുവെന്നും മന്‍മോഹന്‍ സിങിന്റെ വേര്‍പാടില്‍ ഇന്ത്യ ദുഃഖിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

?പുഷ്പ 2 റിലീസിനിടെ ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രീമിയര്‍ ഷോകള്‍ നിരോധിച്ച നടപടി പിന്‍വലിക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. തെലുഗുസിനിമാ പ്രതിനിധി സംഘത്തോട് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കി.

?ഡിഎംകെ സര്‍ക്കാര്‍ വീഴും വരെ ചെരുപ്പ് ഉപയോഗിക്കില്ലെന്ന് പ്രഖ്യാപിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയുടെ തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാരിനെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെയുള്ള വ്രതത്തിന് ഇന്ന് തുടക്കം. ചെന്നൈയിലെ വീടിന് മുന്നില്‍ സ്വന്തം ശരീരത്തില്‍ 6 തവണ അടിച്ചാണ് അണ്ണാമലൈ 48 ദിവസത്തെ വ്രതം തുടങ്ങുന്നത്.

? തങ്ങള്‍ക്കെതിരേ നിലപാടെടുത്ത അജയ് മാക്കനെതിരേ നടപടിയെടുത്തില്ലെങ്കില്‍ ഇന്ത്യാ സഖ്യത്തില്‍നിന്ന് കോണ്‍ഗ്രസിനെ പുറത്താക്കാന്‍ ആവശ്യപ്പെടുമെന്ന് ആം ആദ്മി പാര്‍ട്ടി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പി.യെ സഹായിക്കാനുള്ള നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് ആം ആദ്മി നേതാക്കള്‍ ആരോപിച്ചു.

? മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ ഗുരുതര ആരോപണവുമായി ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. വോട്ടര്‍പട്ടികയില്‍ വന്‍തോതില്‍ കൂട്ടിച്ചേര്‍ക്കല്‍ നടന്നതായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് കൊണ്ട് രാഹുല്‍ ചൂണ്ടിക്കാട്ടി.

?? അന്തർദേശീയം ??

? കാനഡയിലെ 260 കോളജുകള്‍ ഉള്‍പ്പെടുന്ന അന്താരാഷ്ട്ര മനുഷ്യക്കടത്ത് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്ന് ഇഡിയുടെ കണ്ടെത്തല്‍. സ്റ്റുഡന്റ് വിസ വഴി ഇന്ത്യക്കാരെ അമേരിക്കയില്‍ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്താണ് കാനഡയില്‍ എത്തിക്കുന്നത്.

? ഇറാനില്‍ ആദ്യ വനിതാ വിമാനം പറന്നിറങ്ങി. ‘ഇറാന്‍ ബാനൂ’ (ഇറാന്‍ ലേഡി) എന്ന് പേരിട്ടിരിക്കുന്ന അസെമാന്‍ എയര്‍ലൈന്‍സിന്റെ വനിതാ വിമാനം ഇറാനിലെ മഷാദിലെ ഹാഷെമിനെജാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പറന്നിറങ്ങിയത്. ഇറാനിലെ ആദ്യ വനിതാ പൈലറ്റ് ക്യാപ്റ്റന്‍ ഷഹ് റസാദ് ഷംസാണ് വിമാനം പറത്തിയത്. വിമാനത്തില്‍ 110 വനിതാ യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്.

?അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടു. ബാര്‍മാല്‍ ജില്ലയിലെ നാല് പോയിന്റുകളിലാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. മൂന്ന് വീടുകളില്‍ ബോംബാക്രമണം ഉണ്ടായി. ഒരു വീട്ടില്‍ ഉണ്ടായിരുന്ന 18 പേര്‍ കൊല്ലപ്പെട്ടു.

?കസാഖ്സ്ഥാനില്‍ തകര്‍ന്നുവീണ അസര്‍ബയ്ജാന്‍ എയര്‍ലൈന്‍സ് വിമാനം അബദ്ധത്തില്‍ റഷ്യ വെടി വെച്ചിട്ടതാവാമെന്ന് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ സര്‍ഫസ് ടു എയര്‍ മിസൈലോ വിമാനവേധ മിസൈലിന്റെയോ ആക്രമണത്തിലാവാം റഷ്യയിലേക്കുള്ള വിമാനം തകര്‍ന്നുവീണതെന്ന സാധ്യതയാണ് സൈനിക വിദഗ്ധര്‍ മുന്നോട്ടുവെയ്ക്കുന്നത്.

? കായികം ?

? ബോര്‍ഡര്‍-ഗവാസ്‌
കര്‍ ക്രിക്കറ്റ് പരമ്പരയിലെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ഭേദപ്പെട്ട തുടക്കം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 311 എന്ന നിലയിലാണ്. അരങ്ങേറ്റം കുറിച്ച 19കാരനായ ഓപ്പണര്‍ സാം കോണ്‍സ്റ്റാസിനെ (60) കൂടാതെ ഉസ്മാന്‍ ഖവാജ (57), മാര്‍നസ് ലെബുഷെയ്ന്‍ (72) സ്റ്റീവന്‍ സ്മിത്ത് (68*) എന്നിവരും അര്‍ദ്ധ സെഞ്ചുറി നേടി.

?ബോക്‌സിങ് ഡേ ടെസ്റ്റിനിടെ അരങ്ങേറ്റക്കാരനായ ഓസ്‌ട്രേലിയന്‍ ബാറ്റര്‍ സാം കോണ്‍സ്റ്റാസിനെ ചുമലുകൊണ്ട് ഇടിച്ച സംഭവത്തില്‍ ഇന്ത്യന്‍ താരം വിരാട് കോലിക്ക് പിഴ ശിക്ഷ.

ആര്‍മിക്ക് കീഴില്‍ ജോലിക്ക് അവസരം

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ആര്‍മിക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇലക്‌ട്രോണിക്‌സ് ആൻഡ് മെക്കാനിക്കൽ എഞ്ചിനീയേഴ്‌സ് (ഡിജി ഇഎംഇ) ഇപ്പോള്‍ ട്രേഡ്സ്മാൻ, വെഹിക്കിൾ മെക്കാനിക്ക്, ഫയർമാൻ, എൽഡിസി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് ട്രേഡ്സ്മാൻ, വെഹിക്കിൾ മെക്കാനിക്ക്, ഫയർമാൻ, എൽഡിസി തസ്തികകളില്‍ ആയി മൊത്തം 625 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ ആയി അപേക്ഷിക്കാം. 2024 ഡിസംബര്‍ 26 മുതല്‍ 2025 ജനുവരി 17 വരെ അപേക്ഷിക്കാം.

Army DG EME Group C Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇലക്‌ട്രോണിക്‌സ് ആൻഡ് മെക്കാനിക്കൽ എഞ്ചിനീയേഴ്‌സ് (ഡിജി ഇഎംഇ)
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoN/A
തസ്തികയുടെ പേര്ട്രേഡ്സ്മാൻ, വെഹിക്കിൾ മെക്കാനിക്ക്, ഫയർമാൻ, എൽഡിസി
ഒഴിവുകളുടെ എണ്ണം625
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളംRs.19,900 – 63,700
അപേക്ഷിക്കേണ്ട രീതിതപാല്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2024 ഡിസംബര്‍ 26
അപേക്ഷിക്കേണ്ട അവസാന തിയതി2025 ജനുവരി 17

കേരള ഫയർ ഫോഴ്സില്‍ ഡ്രൈവര്‍

കേരളത്തില്‍ ഫയർ ഫോഴ്സില്‍ ഡ്രൈവര്‍ ജോലി : കേരള സര്‍ക്കാരിന്റെ കീഴില്‍ ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പില്‍ ജോലി നേടാം ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഇപ്പോള്‍ Fire and Rescue Officer Driver (Trainee) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു യോഗ്യതയും ഡ്രൈവിംഗ് ലൈസന്‍സും ഉള്ളവര്‍ക്ക് ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ പോസ്റ്റുകളിലായി മൊത്തം Anticipated ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഓണ്‍ലൈന്‍ ആയി 2024 ഡിസംബര്‍ 16 മുതല്‍ 2025 ജനുവരി 15 വരെ അപേക്ഷിക്കാം.

Kerala Public Service Commission Latest Notification Details
സ്ഥാപനത്തിന്റെ പേര്ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്
ജോലിയുടെ സ്വഭാവംKerala Govt
Recruitment TypeDirect Recruitment
കാറ്റഗറി നമ്പര്‍CATEGORY NO: 472/2024
തസ്തികയുടെ പേര്Fire and Rescue Officer Driver (Trainee)
ഒഴിവുകളുടെ എണ്ണംAnticipated
Job LocationAll Over Kerala
ജോലിയുടെ ശമ്പളംRs.27,900 – 63,700/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
ഗസറ്റില്‍ വന്ന തീയതി2024 ഡിസംബര്‍ 16
അപേക്ഷിക്കേണ്ട അവസാന തിയതി2025 ജനുവരി 15
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.keralapsc.gov.in/

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ജോലി,224 ഒഴിവുകള്‍

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ വര്‍ക്ക്മെന്‍ ജോലി : കേരളത്തില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ജോലി നേടാന്‍ അവസരം. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്‌ ഇപ്പോള്‍ Workmen തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ , ITI യോഗ്യത ഉള്ളവര്‍ക്ക് വര്‍ക്ക്മെന്‍ പോസ്റ്റുകളില്‍ ആയി മൊത്തം 224 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2024 ഡിസംബര്‍ 16 മുതല്‍ 2024 ഡിസംബര്‍ 30 വരെ അപേക്ഷിക്കാം.

Cochin Shipyard Workmen Recruitment 2025 Latest Notification Details
സ്ഥാപനത്തിന്റെ പേര്കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്‌
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeTemporary Recruitment
Advt NoN/A
തസ്തികയുടെ പേര്Workmen
ഒഴിവുകളുടെ എണ്ണം224
ജോലി സ്ഥലംAll Over Kerala
ജോലിയുടെ ശമ്പളംRs.23,300/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2024 ഡിസംബര്‍ 16
അപേക്ഷിക്കേണ്ട അവസാന തിയതി2024 ഡിസംബര്‍ 30
ഒഫീഷ്യല്‍ വെബ്സൈറ്റ്https://cochinshipyard.in/