കായംകുളത്ത് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ലിങ്ക് ബസ് ഇടിച്ച് ഒരാൾ മരിച്ചു
പത്തിയൂർ സ്വദേശി മാങ്ങാട്ട് രാധാകൃഷ്ണൻ (59) ആണ് മരിച്ചത്
സ്‌കൂട്ടറിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു
കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ലിങ്ക് ബസ് ഇടിച്ച് ഒരാൾ മരിച്ചു
അടൂർ കോടതി വളപ്പിൽ തെരുവ് നായക്കൂട്ടത്തെ ഉപേക്ഷിച്ചെന്ന് സംശയം
അടൂർ കോടതി വളപ്പിൽ തെരുവ് നായക്കൂട്ടത്തെ ഉപേക്ഷിച്ചെന്ന് സംശയം
കോടതി വളപ്പിൽ ഉള്ളത് ഇരുപതിലധികം നായകൾ
അടിയന്തര നടപടി ആവശ്യപ്പെട്ട് മജിസ്ട്രേറ്റ് നഗരസഭയ്ക്ക് കത്തു നൽകി
പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമെന്ന് അഭിഭാഷകർ
പൊലിസ് സ്റ്റേഷൻ വളപ്പിലും നായ്ക്കൂട്ടമുണ്ട്. ജീവനക്കാരുടെ ഉച്ചഭക്ഷണാവശിഷ്ടങ്ങൾ യഥേഷ്ടമുള്ളതിനാൽ നായ്ക്കൾ എങ്ങും പോകാറില്ല
ഒതായി മനാഫ് വധക്കേസിൽ ഒന്നാം പ്രതി മാലങ്ങാടൻ ഷഫീഖിന് ജീവപര്യന്തം
മലപ്പുറം.യൂത്ത് ലീഗ് പ്രവർത്തകൻ ഒതായി മനാഫ് വധക്കേസിൽ ഒന്നാം പ്രതി മാലങ്ങാടൻ ഷഫീഖിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.
വിധി വന്നത് കൊല നടന്ന് മുപ്പതു വർഷങ്ങൾക്ക് ശേഷം.
വിധിയിൽ സന്തോഷമെന്നും വെറുതെ വിട്ടവർക്ക് ശിക്ഷ വാങ്ങി നൽകാൻ ഏതറ്റം വരെയും പോകുമെന്നും കുടുംബം.
മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. പിഴതുകയായ ഒരു ലക്ഷം കേസിലെ രണ്ടാം സാക്ഷിയും കൊല്ലപ്പെട്ട മനാഫിന്റെ സഹോദരിയുമായ ഫാത്തിമക്ക് നൽകണം. പിഴതുക അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം. ഭാര്യക്കും രണ്ട് മക്കൾക്കും താൻ മാത്രമാണ് ഉള്ളതെന്നും താനും ഭാര്യയും നിത്യം മരുന്ന് കഴിക്കുന്ന രോഗികൾ ആണെന്നും ഷഫീഖ് കോടതിയെ അറിയിച്ചു. അതിനു ശേഷമാണു ശിക്ഷ വിധിച്ചത്. മാലങ്ങാടൻ ഷഫീഖ് മനാഫിനെ കൊല്ലുന്നത് കണ്ടിരുന്നുവെന്ന് സഹോദരി ഫാത്തിമ. വൈകിയാണെങ്കിലും ശിക്ഷ കിട്ടിയതിൽ സന്തോഷം ഉണ്ട്. വെറുതെ വിട്ടവർക്ക് എതിരെ മേൽക്കോടതിയെ സമീപിക്കും
1995 ഏപ്രിൽ 13നാണ് പള്ളിപ്പറമ്പൻ മനാഫ് ഒതായി അങ്ങാടിയിൽ വെച്ച് കൊല്ലപ്പെട്ടത്. മുൻ എം.എൽ.എ, പിവി അൻവർ ഉൾപ്പെടെ 26 പേർ പ്രതികളായ കേസിൽ ഒരാൾ മാപ്പ് സാക്ഷി ആവുകയും 24 പേരെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ ഒന്നാം പ്രതി ഉൾപ്പെടെ 4 പേരെ തിരികെ എത്തിക്കാൻ കോടതിക്ക് പുറത്തും വലിയ പോരാട്ടമാണ് മനാഫിന്റെ കുടുംബം നടത്തിയത്.
നടൻ അമിത് ചക്കാലക്കലിന്‍റെ ഒരു വാഹനം വിട്ടു നൽകി
കൊച്ചി. ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത നടൻ അമിത് ചക്കാലക്കലിന്‍റെ ഒരു വാഹനം വിട്ടു നൽകി. മധ്യപ്രദേശ് രജിസ്ട്രേഷനിലുള്ള ലാന്‍ഡ്ക്രൂയിസര്‍ വാഹനമാണ് വിട്ടു നൽകിയത്. അമിതിന്‍റെ അപേക്ഷ പരിഗണിച്ചാണ് കസ്റ്റംസ് അഡീഷണൽ കമ്മീഷണറുടെ തീരുമാനം. ബോണ്ടിന്റെയും 20ശതമാനം ബാങ്ക് ഗ്യാരണ്ടിയുടെയും അടിസ്ഥാനത്തിലാണ് നടപടി. വാഹനം ഉപയോഗിക്കരുത്, കേരളത്തിന് പുറത്തുകൊണ്ട് പോകരുത് തുടങ്ങി ഉപാധികളോടെയാണ് വിട്ടു നൽകിയത്. നേരത്തെ ദുൽഖർ സൽമാന്റെ വാഹനവും സമാനമായ ഉപാധികളോടെ വിട്ടു നൽകിയിരുന്നു
എൽ ഡി എഫ് വിമത സ്ഥാനാർഥിക്ക് കുത്തേറ്റു
എറണാകുളം ചേന്ദമംഗലത്ത് എൽ ഡി എഫ് വിമത സ്ഥാനാർഥിക്ക് കുത്തേറ്റു..
ചേന്ദമംഗലം പഞ്ചായത്ത് 10ആം വാർഡ് സ്ഥാനാർഥി ഫസൽ റഹ്‌മാനാണ് കുത്തേറ്റത്.പ്രതി വടക്കേക്കര സ്വദേശി മനോജിനെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതിയായ മനോജും ഫസൽ റഹ്മാനും തമ്മിലുള്ള വ്യക്തി വിരോധമാണ് കത്തിക്കുത്തിൽ കലാശിച്ചത്.ഇന്നലെ ഉച്ചയോടെ ചേന്ദമംഗലം പഞ്ചായത്തിൽ വെച്ചാണ് ഫസൽ റഹ്മാന് കുത്തേറ്റത്.
പഞ്ചായത്ത് ഓഫീസിൽ സെക്രടറിയെ കാണാൻ എത്തിയ മനോജും ഫസൽ റഹ്മാനും തമ്മിൽ വാക്കെറ്റവും സംഘർഷവുമുണ്ടായി.തുടർന്ന് മനോജ് കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഫസൽ റഹ്മാനെ
കുത്തുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഫസലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതിയായ മനോജ് പൊലീസ് കസ്റ്റഡിയിലാണ്.ഫേസ്ബുക് പോസ്റ്റുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിന് കാരണം എന്നാണ് പോലീസ് കണ്ടെത്തൽ.
ചേന്ദമംഗലത്ത് പഞ്ചായത്തിൽ 10-ാം വാർഡിൽ ഇടതുപക്ഷ വിമത സ്ഥാനാർഥിയാണ് ഫസൽ റഹ്മാൻ.
സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഫസലിനെ കഴിഞ്ഞ ദിവസം പാർട്ടി പുറത്താക്കിയിരുന്നു.
പണിതീരാത്ത കെട്ടിടത്തിൽ നിന്നും സ്ത്രീയുടെ തലയോട്ടി കണ്ടെത്തി
തലശേരിയിൽ പണിതീരാത്ത കെട്ടിടത്തിൽ നിന്നും സ്ത്രീയുടെ തലയോട്ടി കണ്ടെത്തി. കാണാതായ തമിഴ്‌നാട് സേലം സ്വദേശിനിയായ വയോധികയുടേതായിരിക്കാം തലയോട്ടി എന്നാണ് സംശയം. ഇവരുടെ മകൾ നൽകിയ പരാതിയിൽ തലശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. തലയോട്ടിക്ക് ആറു മാസം പഴക്കമുണ്ടെന്നാണ് സൂചന.
അതേസമയം, സംഭവുമായി ബന്ധപ്പെട്ട് വയോധികയുടെ ഭർത്താവിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ന്യായീകരിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം
ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ന്യായീകരിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’യെന്ന തലക്കെട്ടോടെയാണ് വീക്ഷണത്തിന്റെ എഡിറ്റോറിയല്‍. രാഹുലിനെതിരൊയ നീക്കം തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സിപിഎം നടത്തുന്ന രാഷ്ട്രീയ ഗൂഢാലോചനയാണ്. എതിരാളികള്‍ക്കെതിരെയുള്ള വ്യാജമായ ലൈംഗിക ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സിപിഎമ്മില്‍ പടര്‍ന്നുപിടിക്കുന്ന അതിസാരവും ഛര്‍ദിയുമാണെന്ന് വീക്ഷണം മുഖപ്രസംഗം പറയുന്നു.
രാഹുലിന്റെ തലമുറയില്‍പ്പെട്ട ഒരുപറ്റം ചെറുപ്പക്കാര്‍ കോണ്‍ഗ്രസില്‍ വളര്‍ന്നു വരുന്നത് സിപിഎം ഭീതിയോടെ കാണുന്നു. അവരെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെയും ബിജെപിയെയും ചരിത്ര ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചതായിരുന്നു അദ്ദേഹം ചെയ്ത കുറ്റം. രാഷ്ട്രീയ സര്‍ഗാത്മകതയും പ്രജ്ഞാശേഷിയുമുള്ള ചെറുപ്പക്കാര്‍ വളര്‍ന്നുവന്നാല്‍ അത് സിപിഎമ്മിനെ ഗോത്രഹത്യയിലേക്ക് എടുത്തെറിയുമെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി സിപിഎം രാഷ്ട്രീയ പ്രതിയോഗികളെയും അവരുടെ നിരപരാധികളായ കുടുംബത്തെയും കണ്ണീര് കുടിപ്പിക്കുകയും സമൂഹത്തിന് മുന്നില്‍ മോശക്കാരായി ചിത്രീകരിക്കുകയും ചെയ്ത ഒട്ടനവധി സംഭവങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. 1996 ലെ സൂര്യനെല്ലി കേസും 2006 ലെയും 2011 ലെയും ഐസ്‌ക്രീം പാര്‍ലര്‍ കേസും വീക്ഷണം മുഖപ്രസം?ഗത്തില്‍ ചൂണ്ടിക്കാട്ടുന്നു. സോളാര്‍ കേസിനു ശേഷം രണ്ടുതവണ സിപിഎം അധികാരത്തില്‍ വന്നെങ്കിലും ഒരു തുണ്ടുകടലാസ് തെളിവുപോലും കണ്ടെത്താന്‍ അന്നത്തെ ഗൂഢാലോചനാ സംഘത്തിനോ അതിന് ജന്മംകൊടുത്ത പിണറായി സര്‍ക്കാരിനോ സാധിച്ചില്ല.
ഇപ്പോഴും സിപിഎം മാലിന്യം വമിക്കുന്ന വ്യാജ കഥകളുണ്ടാക്കുന്നു. മറ്റ് പാര്‍ട്ടികള്‍ക്കില്ലാത്ത മികച്ച വിത്തുഗുണത്തെ ചവിട്ടിയരച്ച് കുലമൊടുക്കുകയാണ് ഇത്തരം രാഷ്ട്രീയപ്രേരിത ആരോപണങ്ങളുടെയും വ്യക്തിഹത്യയുടെയും ലക്ഷ്യം. അപവാദങ്ങളില്‍ പതറാതെയും വ്യക്തിഹത്യയില്‍ തകരാതെയും ജാഗ്രതയോടെ മുന്നോട്ടു പോകണമെന്നും മുഖപ്രസംഗത്തില്‍ ആഹ്വാനം ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളിപ്പറയുമ്പോഴാണ്, പാര്‍ട്ടി പത്രം പരസ്യ പിന്തുണയുമായി രംഗത്തു വന്നിട്ടുള്ളത്.
ലഗേജില്ല, യുവതിയുടെ കാലിൽ കെട്ടിവച്ച് ഡ്രഗ്, എടക്കരയിൽ കോഴിക്കോട് സ്വദേശികളായ യുവാവും യുവതിയും പിടിയിൽ
മലപ്പുറം .എടക്കരയിലെ ലഹരി മരുന്നു വേട്ടയിൽ കോഴിക്കോട് സ്വദേശികളായ യുവാവും യുവതിയും പിടിയിൽ.
അറസ്റ്റിലായ ഷെഫീഖ്, സുബിന എന്നിവരിൽ നിന്ന് MDMA യും ഹാഷിഷ് ഓയിലും പിടികൂടി.
സുബിനയുടെ കാലിൽ മയക്കുമരുന്നു കെട്ടിവെച്ച് കാറിൽ ആയിരുന്നു മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്.
ബെംഗളൂരുവിൽ നിന്നും കടത്തിക്കൊണ്ടുവന്ന 74. 6 ഗ്രാം ഹാഷിഷ് ഓയിലും 39 .6ഗ്രാം എംഡിഎംഎയുമായാണ് ഷെഫീഖ്, സുബിന എന്നിവർ ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. ബെംഗളൂരുവിൽ നിന്നും നാടുകാണി – വഴിക്കടവ് വഴി കോഴിക്കോട്ടേക്ക് പോകുന്ന വാഹനത്തിലാണ് പ്രതികൾ മയക്കുമരുന്നുമായെത്തിയത്. ഇരുവർക്കും ബാഗുകളോ ലഗേജോ ഉണ്ടായിരുന്നില്ല. സംശയം തോന്നി വനിതാ പൊലീസ് അടക്കമെത്തി വിശദമായി പരിശോധിച്ചപ്പോഴാണ് സുബീനയുടെ കാലിൽ കെട്ടിവെച്ച നിലിൽ ലഹരി മരുന്ന് കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ നിരവധി തവണ സമാനമായ രീതിയിൽ ബെംഗളൂരുവിൽ നിന്നും കോഴിക്കോട്, മലപ്പുറം, തൃശൂർ ഭാഗങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ഇവർ കേരളത്തിലേക്ക് ലഹരിയെത്തിക്കുന്ന വലിയ സംഘത്തിലെ കണ്ണികളാണെന്നാണ് പ്രാഥമിക വിവരം. മയക്കുമരുന്ന് മൊത്തക്കച്ചവടക്കാരടക്കമുള്ളവരെക്കുറിച്ച് ഇവരിൽ നിന്നും വിവരം ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. രഹസ്യ വിവരത്തെത്തുടർന്ന് ഡാൻസാഫ് ടീംമും പ്രത്യേക അന്വേഷണ സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവാവും യുവതിയും കുടുങ്ങിയത്.
.
പൂർണത്രയീശക്ഷേത്രത്തിൽ ഉത്സവത്തിന് ബൗൺസർമാരെ എത്തിച്ച സംഭവത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി
തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശക്ഷേത്രത്തിൽ ഉത്സവത്തിന് ബൗൺസർമാരെ എത്തിച്ച സംഭവത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി.സ്വകാര്യവ്യക്തി നൽകിയ ഹർജിയിലാണ് കോടതി വിശദീകരണം തേടിയത്. ഉത്സവ തിരക്ക് നിയന്ത്രിക്കാൻ സ്വകാര്യ ഏജൻസികളെ ഏല്പിച്ചത് ചട്ടവിരുദ്ധമെന്ന് ചൂണ്ടികാണിച്ചാണ് ഹർജി നൽകിയത്. ബൗൺസർമാർ തിരക്ക് നിയന്ത്രിക്കുന്ന ദൃശ്യങ്ങൾ കോടതി പരിശോധിച്ചിരുന്നു.
കോഴിക്കോട് ബേബി മേമ്മോറിയൽ ആശുപത്രിയിൽ തീപ്പിടിത്തം
കോഴിക്കോട് .ബേബി മേമ്മോറിയൽ ആശുപത്രിയിൽ തീപ്പിടിത്തം.ടെറസിലെ എസി പ്ലാൻ്റിലാണ് തീപ്പിടിത്തം ഉണ്ടായത്.
ആളപായമില്ല. രോഗികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. AC ചില്ലർ പ്ലാൻ്റിൻ്റെ വെൽഡിങ്ങിനിടെ തീപ്പൊരി വീണതാണ് തീപ്പിടുത്തത്തിന് കാരണം
രാവിലെ 9.30 ഓടെയാണ് ബേബി മേമ്മേറിയൽ ആശുപത്രിയുടെ 9 നിലയിലെ ടെറസിൽ തീപ്പിടിത്തം ഉണ്ടായത്.പുതിയ AC ചില്ലർ പ്ലാൻ്റ് സ്ഥാപിക്കുന്നതിനിടയിലാണ് സംഭവം. വെൽഡിങ്ങ് ജോലിക്കിടെ തീപ്പൊരി തെർമോക്കോളിൽ വീണതോടെ തീആളിക്കത്തുകയായിരുന്നു.ആദ്യഘട്ടത്തിൽ ആശുപത്രിയുടെ അഗ്നിരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു
സുരക്ഷ മുൻ കരുതലിൻ്റെ ഭാഗമായി 7 , 8 , നിലകളിൽ ഉള്ളവരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി
5 യൂണിറ്റ് ഫയർ എഞ്ചിനുകൾ എത്തിയാണ്
രണ്ട് മണിക്കൂർ നിണ്ട പരിശ്രമത്തിന് ഒടുവിൽ പുക നിയന്ത്രണ വിധേമാക്കിയത്.ആശുപത്രി സാധാരണഗതിയിൽ പ്രവർത്തനം ആരംഭിച്ചു








































