Home Blog Page 128

ഗര്‍ഭസ്ഥ ശിശുവിന് മൂന്നുമാസത്തെ വളര്‍ച്ച… രാഹുൽ മാങ്കൂട്ടത്തിനെതിരെ കൂടുതൽ തെളിവുകൾ നിരത്തി യുവതി

ബലാംത്സംഗക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കൂടുതല്‍ തെളിവുകള്‍ പൊലീസിന് കൈമാറി യുവതി. അശാസ്ത്രീയ ഭ്രൂണഹത്യയാണ് നടത്തിയത് എന്നതിന്റേയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിന്റേയും രേഖകളാണ് യുവതി പൊലീസിന് കൈമാറിയത്.

ഗര്‍ഭസ്ഥ ശിശുവിന് മൂന്നുമാസത്തെ വളര്‍ച്ചയാണ് ഉണ്ടായിരുന്നത് എന്ന് രേഖകളില്‍ പറയുന്നു. ഏഴാഴ്ച വരെ കഴിക്കാവുന്ന മൈഫിപ്രിസ്റ്റോണ്‍, മൈസോപ്രോസ്റ്റോള്‍ എന്നീ മരുന്നുകളാണ് രാഹുലിന്റെ സുഹൃത്ത് ജോബി എത്തിച്ച് നല്‍കിയത്. ഡോക്ടറുടെ മാര്‍ഗനിര്‍ദേശമോ സാന്നിധ്യമോ ഇല്ലാതെ കഴിച്ചാല്‍ ജീവന്‍ പോലും അപകടത്തിലായേക്കാവുന്ന മരുന്നുകളാണിവ. ട്യൂബല്‍ പ്രഗ്‌നന്‍സിയാണെങ്കില്‍ ട്യൂബ് പൊട്ടി മരണം വരെ സംഭവിച്ചേക്കാമെന്ന് ഡോക്ടര്‍ പറഞ്ഞതായും യുവതി മൊഴി നല്‍കി. മരുന്ന് കഴിച്ചതിന് പിന്നാലെ ഗുരുതര രക്തസ്രാവമാണ് യുവതിക്കുണ്ടായത്. ഇതോടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയും തേടി. ഇതിന്റെ മെഡിക്കല്‍ രേഖകളാണ് യുവതി പൊലീസിന് കൈമാറിയത്.

ഭ്രൂണഹത്യയ്ക്ക് ശേഷം താന്‍ മാനസികമായി തകരുകയും ജീവനൊടുക്കാന്‍ ശ്രമിച്ചതായും യുവതിയുടെ മൊഴിയില്‍ പറയുന്നു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിക്കപ്പെടുകയും ചെയ്തിരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും യുവതിക്കുണ്ടായി. ഇതിന്റെ രേഖകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. യുവതിയെ പരിശോധിച്ച ഡോക്ടറില്‍ നിന്നും പൊലീസ് മൊഴിയെടുക്കും.
“വിവാഹബന്ധം ഒഴിഞ്ഞപ്പോള്‍ ആശ്വസിപ്പിക്കാനെന്ന തരത്തിലാണ് രാഹുല്‍ സൗഹൃദം സ്ഥാപിച്ചത് എന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു. ഒന്നിച്ച് ജീവിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചുവെന്നും സൗഹൃദം പ്രണയമായപ്പോള്‍ കൂടുതല്‍ അടുപ്പമുണ്ടായെന്നും യുവതി പൊലീസിന് മൊഴി നല്‍കി. അടുപ്പവും വിശ്വാസവും മുതലെടുത്ത് നഗ്‌നദൃശ്യങ്ങള്‍ രാഹുല്‍ പകര്‍ത്തിയെന്നും പിന്നീട് ഇത് കാണിച്ച് ഭീഷണിപ്പെടുത്തി വരുതിയിലാക്കി ക്രൂരമായി ബലാല്‍സംഗം ചെയ്തുവെന്നുമാണ് യുവതിയുടെ മൊഴിയില്‍ പറയുന്നത്.

മൾട്ടി-ടാസ്‌ക്കിങ് സ്റ്റാഫ്, ഹവിൽദാർ നിയമനം; ഒഴിവുകൾ പ്രഖ്യാപിച്ച് എസ്എസ്‌സി

മൾട്ടി-ടാസ്‌ക്കിങ് സ്റ്റാഫ് (എംടിഎസ്), ഹവിൽദാർ (സിബിഐസി & സിബിഎൻ) നിയമനത്തിനായുള്ള താത്ക്കാലിക ഒഴിവുകളുടെ പട്ടിക പ്രസിദ്ധീകരിച്ച് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്‌സി).

വിവിധ പ്രദേശങ്ങൾ, സംസ്ഥാനങ്ങൾ, സംവരണ വിഭാഗങ്ങൾ എന്നിവ അടിസ്ഥാനമാക്കിയുള്ള ഒഴിവുകളുടെ വിശദമായ വിവരങ്ങൾ പട്ടികയിലുണ്ട്.

ഈ വർഷം ആകെ 7,948 ഒഴിവുകളാണ് പ്രഖ്യാപിച്ചത്. ഇതിൽ 18-25 വയസ്സ് വരെ പ്രായമുള്ളവർക്കായി, എംടിഎസ് വിഭാഗത്തിൽ 6,078 തസ്തികകളും, 18-27 വയസ്സ് പ്രായമുള്ള എംടിഎസ് ഉദ്യോഗാർഥികൾക്കായി 732 തസ്തികകളും ആണ് ഉള്ളത്.

സിബിഐസി, സിബിഎൻ സ്ഥാപനങ്ങളിലെ ഹവിൽദാർ തസ്തികകളിലേക്ക് 1,138 ഒഴിവുകളും ഉണ്ട്‌.

ആകെ ഒഴിവുകളിൽ 3,679 എണ്ണം സംവരണം ചെയ്യാത്തവയാണ്. ഒബിസി-1,973, എസ്സി-859, എസ്ടി-621, ഇഡബ്ല്യുഎസ് -816 എന്നിങ്ങനെയാണ് അവസരങ്ങൾ.

ഭിന്നശേഷിക്കാർക്കായി (പിഡബ്ല്യുഡി) 310 തസ്തികകളും വിമുക്തഭടൻമാർക്കായി 731 സീറ്റുകളും ഇതിൽ ഉൾപ്പെടുന്നു.

നോർത്തേൺ റീജിയണിലാണ് ഏറ്റവും കൂടുതൽ ഒഴിവുകളുള്ളത്. ഡൽഹിയിൽ മാത്രം 1,961 എംടിഎസ് ഒഴിവുകളുണ്ട്. വെസ്റ്റേൺ റീജിയണിൽ മഹാരാഷ്ട്രയിൽ 732 തസ്തികകളും, ഈസ്റ്റേൺ റീജിയണിൽ പശ്ചിമ ബംഗാളിൽ 542 ഒഴിവുകളുമുണ്ട്.

ഹവിൽദാർ തസ്തികകളിലേക്കുള്ള 1,138 ഒഴിവുകൾ സിബിഐസി, സിബിഎൻ എന്നിവയുടെ കീഴിലുള്ള വിവിധ കമ്മീഷണറേറ്റുകളിലായാണ് വിഭജിച്ചിരിക്കുന്നത്. ഇതിൽ മുംബൈ, ചെന്നൈ, കൊൽക്കത്ത, ലഖ്നൗ തുടങ്ങിയ നഗരങ്ങൾ ഉൾപ്പെടുന്നു.

ഈ തസ്തികകളുടെ കമ്മീഷണറേറ്റ് തിരിച്ചുള്ളതും വിഭാഗം തിരിച്ചുള്ളതുമായ വിശദാംശങ്ങൾ ഔദ്യോഗിക പിഡിഎഫിൽ നൽകിയിട്ടുണ്ട്.

ഈ കണക്കുകൾ താൽക്കാലികമാണെന്നും വകുപ്പുകൾ ഒഴിവുകളുടെ എണ്ണം പുതുക്കുന്നതിനനുസരിച്ച് ഇതിൽ മാറ്റങ്ങൾ വരാമെന്നും എസ്എസ്‌സി വ്യക്തമാക്കിയിട്ടുണ്ട്.

വിളര്‍ച്ച തടയാന്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍

രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കുറയുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളര്‍ച്ച. ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും. വിളര്‍ച്ച തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

  1. ചീര

ഇരുമ്പിന്‍റെ മികച്ച ഉറവിടമാണ് ചീര. ചീരയില്‍ ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം വർദ്ധിപ്പിക്കുന്ന വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചീര പതിവാക്കുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.

  1. റെഡ് മീറ്റ്, മത്സ്യം

റെഡ് മീറ്റ്, മത്സ്യം തുടങ്ങിയവ കഴിക്കുന്നതും ഇരുമ്പിന്‍റെ കുറവിനെ പരിഹരിക്കാനും വിളര്‍ച്ചയെ തടയാനും സഹായിക്കും.

  1. ബീറ്റ്റൂട്ട്

ഇരുമ്പിന്‍റെ മികച്ച ഉറവിടമാണ് ബീറ്റ്റൂട്ട്. അതിനാല്‍ ഇവ പതിവായി കഴിക്കുന്നതും രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും.

  1. ഈന്തപ്പഴം

ഇരുമ്പ് അടങ്ങിയ ഈന്തപ്പഴവും വിളര്‍ച്ചയെ തടയാന്‍ ഗുണം ചെയ്യും.

  1. മുരങ്ങയില

ഇരുമ്പ് ധാരാളമടങ്ങിയ മുരങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.

  1. മാതളം

ഇരുമ്പ്, കാത്സ്യം, നാരുകള്‍ എന്നിവ മാതളത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിക്കാനും സഹായിക്കും.

  1. പയറുവര്‍ഗങ്ങള്‍

പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും വിളര്‍ച്ചയെ അകറ്റാന്‍ സഹായിക്കും.

  1. മുട്ട, പാല്‍

മുട്ട, പാല്‍, മറ്റ് പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയ വിറ്റാമിന്‍ ബി12 അടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിളര്‍ച്ചയെ അകറ്റാന്‍ സഹായിക്കും.

ഒഴിവാക്കേണ്ടവ: കോഫി, കോള, മദ്യം തുടങ്ങിയവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

കാനത്തിൽ ജമീലയ്ക്ക് വിട, സംസ്കാരം ചൊവ്വാഴ്ച അത്തോളിയിൽ ഔദ്യോഗിക ബഹുമതികളോടെ

കോഴിക്കോട്: അന്തരിച്ച കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ സംസ്കാരം മറ്റന്നാൾ നടക്കും. ഔദ്യോഗിക ബഹുമതികളോടെ അത്തോളി കുനിയിൽക്കടവ് ജുമമസ്ജിദിലാണ് സംസ്കാരം. ചൊവ്വാഴ്ച രാവിലെ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലും ശേഷം കൊയിലാണ്ടി ടൗൺഹാളിലും മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.

അർബുദബാധയെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാനത്തിൽ ജമീലയുടെ മരണം ഇന്നലെ രാത്രിയാണ് സ്ഥിരീകരിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, മന്ത്രി മുഹമ്മദ് റിയാസ് , എം.കെ.രാഘവൻ എംപി, കെ.കെ.രമ എംഎൽഎ തുടങ്ങിയവർ ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. ഗ്രാമപഞ്ചായത്തംഗമായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച കാനത്തിൽ ജമീല 2021 ൽ കൊയിലാണ്ടിയിൽ നിന്നാണ് നിയമസഭയിലേക്കെത്തിയത്.

അനുസ്മരിച്ച് നേതാക്കള്‍

മലബാറിലെ ആദ്യ മുസ്ലിം വനിത എംഎൽഎയാണ്. സിപിഎമ്മിന് മികച്ച നേതാവിനെയാണ് നഷ്ടമായതെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. രോഗത്തോട് പോരാടി ജീവിതത്തിലേക്ക് മടങ്ങി വരുമ്പോഴാണ് ഈ മരണം. പരിപാടികളിൽ പങ്കെടുത്തു തുടങ്ങിയിരുന്നു. നല്ല പെരുമാറ്റത്തിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ ആളാണ് കാനത്തിൽ ജമീല. പഞ്ചായത്ത് മെമ്പറായി തുടങ്ങി എംഎൽഎ വരെ ആയി മികച്ച പ്രവർത്തനം നടത്തി. നിയമസഭയിലും മികവാർന്ന പ്രകടനം. കേരളത്തിന് അകത്തും പുറത്തും ജനങ്ങളിൽ സ്വാധീനം ഉണ്ടാക്കിയ നേതാവാണ് കാനത്തിൽ ജമീലയെന്നും പാർട്ടിക്ക് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും എം വി ​ഗോവിന്ദൻ അനുസ്മരിച്ചു.

സൗമ്യതയോടെ ഇടപെടുന്ന രീതിയായിരുന്നു കാനത്തിൽ ജമീലക്ക് എന്ന് മന്ത്രി മുഹമ്മദ് റിയാസ് അനുസ്മരിച്ചു. അസുഖബാധിത ആയിരുന്നിട്ടും നിയമസഭയിൽ എത്തിയിട്ടുണ്ടെന്നും ചികിത്സയിൽ ആയിരുന്ന സമയത്തും കൊയിലാണ്ടിയിലെ കാര്യങ്ങൾ ഫോണിൽ വിളിച്ച് പറയാറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായി രണ്ട് ചേരിയിൽ ആണെങ്കിലും സ്നേഹബന്ധം കാത്ത് സൂക്ഷിച്ചിരുന്നുവെന്നും തന്‍റെ വ്യക്തിപരമായ വേദനയിലും ഒപ്പം നിന്നിരുന്നയാളാണെന്നും കെ.കെ രമയും പ്രതികരിച്ചു. ന്യൂനപക്ഷ വിഭാഗത്തിൽ നിന്നും താഴെ തട്ടിൽ പാർട്ടി പ്രവർത്തനം നടത്തിവന്ന നേതാവാണ് കാനത്തിൽ ജമീലയെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ് അനുസ്മരിച്ചു. പാർട്ടിക്ക് വലിയ നഷ്ടമാണ് ഉണ്ടായതെന്നും എല്ലാ ബഹുമതികളോടും കൂടി ഖബറടക്കുമെന്നും മെഹബൂബ് പറഞ്ഞു.

അനുശോചിച്ച് മുഖ്യമന്ത്രി

കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കൊയിലാണ്ടി എംഎൽഎയും സിപിഐ എം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായ കാനത്തിൽ ജമീലയുടെ നിര്യാണം അത്യന്തം ദുഃഖകരമാണെന്നും ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന നേതാവായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മര കുറിപ്പിൽ പറഞ്ഞു. ചെറുപ്രായത്തിൽ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്ന ജമീല തദ്ദേശസ്ഥാപനങ്ങളിൽ പ്രവർത്തിച്ച് ഭരണമികവ് തെളിയിച്ച് പടിപടിയായി ഉയർന്നു വന്ന നേതാവായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗവർണർമാരുടെ ഔദ്യോഗിക വസതിയുടെ പേരു മാറ്റുന്നു

ന്യൂഡെൽഹി. ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ നാളെ മുതൽ ലോക് ഭവൻ

പേരുമാറ്റം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവനുസരിച്ച്

രാജ്യത്തെ എല്ലാ രാജഭവനകളുടെയും പേര് ജനങ്ങളുടെ ഭവനം എന്നർത്ഥം വരുന്ന ലോക് ഭവൻ എന്നാക്കണമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്

ഗവർണർ രാജേന്ദ്ര അർലേക്കർ മടങ്ങിയെത്തിയ ശേഷം നാളെ വിജ്ഞാപനം ഇറക്കും

ഇതോടെ ഔദ്യോഗിക വിലാസം ലോക്ഭവൻ കേരള എന്നാകും

ബ്രിട്ടീഷ് കൊളോണിയൽ പൈതൃകം പേറുന്നതെന്ന് വിലയിരുത്തിയാണ് രാജ്ഭവൻ എന്ന പേരുമാറ്റുന്നത്

ഗർഭഛിദ്രം നടത്തിയത് രണ്ടാം മാസത്തിൽ, ​നൽകിയത് അപകടകരമായ മരുന്ന്, യുവതിക്ക് ​ഗുരുതര രക്തസ്രാവമുണ്ടായി; രാഹുലിനെതിരായ പരാതി ​ഗുരുതരം

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിയിൽ ​ഗുരുതര ആരോപണവുമായി യുവതി. രണ്ടാം മാസത്തിലാണ് ഗർഭഛിദ്രം നടത്തിയത്. പരാതിയിൽ പൊലീസ് ആശുപത്രി രേഖകൾ പരിശോധിച്ചു. ​ഗർഭഛിദ്രത്തിനായി യുവതിക്ക് നൽകിയത് അപകടകരമായ മരുന്നുകളെന്ന് ഡോക്ടർമാർ മൊഴി നൽകി. ഗർഭഛിദ്രത്തിന് ശേഷം യുവതി മാനസികമായി തളർന്നു. വൈദ്യപരിശോധനയുടെ രേഖകൾ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ​

മെയ് 30നാണ് യുവതി മരുന്ന് കഴിച്ചത്. ശേഷം​ഗുരുതര രക്തസ്രാവമുണ്ടായെന്നും ചികിത്സാ രേഖകൾ പറയുന്നു. രണ്ട് മരുന്നുകളാണ് യുവതിക്ക് നൽകിയത്. രക്തസ്രാവത്തിന് ശേഷം സർക്കാർ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. യുവതിയുടെ പരാതിക്ക് പിന്നാലെ മുങ്ങിയ രാഹുലും സഹായി ജോബിൻ ജോസഫും ഇപ്പോഴും ഒളിവിൽ തന്നെയാണ്. അതിനിടെ യുവതിക്ക് പൊലീസ് സംരക്ഷണമൊരുക്കി.

അതേസമയം, ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം ആരംഭിച്ചു. മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചിരിക്കുന്നത് അറസ്‌റ്റിന് തടസമല്ലെന്നാണ് പൊലീസ് വാദം. അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ തലസ്ഥാനത്തെത്തി വക്കാലത്തിൽ ഒപ്പിട്ടുവെന്ന പ്രചാരണവും പൊലീസ് തള്ളുകയാണ്. എല്ലാ ജില്ലകളിലും അന്വേഷണം നടത്താൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി നിർദ്ദേശം നൽകി.

പരാതിക്കാരിയുമായി പീഡനം നടന്ന ഫ്ലാറ്റിലെത്തി പൊലീസ് മഹസ്സർ രേഖപ്പെടുത്തി. കൂടുതൽ സാക്ഷികളുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. ലൈംഗിക പീഡന കേസിൽ പരാതിക്കാരിയായ യുവതിക്കെതിരെ ഇന്നലെ രാഹുൽ മാങ്കൂട്ടത്തിൽ കൂടുതൽ തെളിവുകള്‍ തിരുവനന്തപുരം ജില്ലാ കോടതിയിൽ സമര്‍പ്പിച്ചിരുന്നു. സീൽഡ് കവറിലായി ഒമ്പത് തെളിവുകളാണ് കോടതിയിൽ നൽകിയത്.

യുവതി ജോലി ചെയ്തിരുന്ന ചാനലിന്‍റെ മേധാവി രാഹുലിനെതിരെ പരാതി കൊടുക്കാൻ പ്രേരിപ്പിച്ചുവെന്നും ഗര്‍ഭഛിദ്രം യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയതെന്നുമടക്കം സ്ഥാപിക്കുന്നതിനുള്ള തെളിവുകളും രേഖകളുമാണ് നൽകിയതെന്നാണ് വിവരം.

പെൺകുട്ടികളെ ശല്യപ്പെടുത്തുന്നത് എതിർത്ത ബോഡി ബിൽഡറെ അക്രമി സംഘം മർദ്ദിച്ചു കൊലപ്പെടുത്തി

റോത്തക്.  ഹരിയാനയിൽ വിവാഹ വീട്ടിൽ പെൺകുട്ടികളെ ശല്യപ്പെടുത്തുന്നത് എതിർത്ത പ്രൊഫഷണൽ ബോഡി ബിൽഡറിനെ മർദ്ദിച്ച് കൊലപ്പെടുത്തി.

ഭിവാനിയിൽ ഒരു വിവാഹ വേദിയിൽ വറാത്ത് നടക്കുമ്പോൾ ആണ് സംഭവം.

റോഹ്തക് സ്വദേശിയായ 26 കാരൻ രോഹിത് ധങ്കർ  ആണ് മരിച്ചത്. ജിംട്രയിനറും ദേശീയ ചാംപ്യനുമാണ് രോഹിത് .

ശല്യക്കാരെ റോഹിത് എതിർത്തു ഇവർമടങ്ങിപ്പോയി. സുഹൃത്തു മൊത്ത് രോഹിത് മടങ്ങുമ്പോൾ

20 ഓളം അക്രമികൾ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ‘അടഞ്ഞ
ലവൽ ക്രോസിൽ ബൈക്ക് നിർത്തിയതോടെ സംഘം കമ്പിവടികളുമായി വളഞ്ഞു. ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഭീകരമായ ആക്രമണത്തിൽ വീഴുകയായിരുന്നു.

പിതാവ് മരിച്ച കുടുംബത്തിൻ്റെ അത്താണിയായിരുന്നു രോഹിത് .
കുറ്റവാളികളെ ഉടൻ പിടികൂടണം എന്ന് രോഹിത്തിന്റെ കുടുംബം ആവശ്യപ്പെട്ടു.

സംസ്ഥാനത്തെമ്പാടും മഴയ്ക്ക് സാധ്യത, ജില്ലകളിലെല്ലാം തണുപ്പും തുടരും; സ്വാധീനം ചെലുത്തുന്നത് ഡിറ്റ് വാ ചുഴലിക്കാറ്റിൻ്റെ ഭാഗമായുള്ള മേഘങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് ഒരു ജില്ലയിലും മുന്നറിയിപ്പില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തിപ്പെട്ടേക്കും. അതേസമയം ഡിറ്റ് വാ ചുഴലിക്കാറ്റിന്‍റെ സ്വാധീന ഫലമായി കേരളത്തിലെ മിക്കജില്ലകളിലും ദിവസം മുഴുവൻ തണുത്ത അന്തരീക്ഷ സ്ഥിതി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്ര കാലവസ്ഥാ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നു.

ഡിറ്റ് വാ ചുഴലിക്കാറ്റിന്‍റെ ഭാഗമായുള്ള മേഘങ്ങൾ രണ്ടു ദിവസമായി കേരളത്തിന്‍റെ അന്തരീക്ഷത്തിന് മുകളിൽ നിൽക്കുന്നതാണ് പകൽ സമയത്ത് പോലും തണുത്ത കാലാവസ്ഥയ്ക്ക് കാരണം. വടക്കൻ കേരളത്തിൽ രാത്രിയും പുലർച്ചെയുമാണ് തണുപ്പ് അനുഭവപ്പെടുന്നത്. എന്നാൽ തെക്കൻ കേരളത്തിൽ സ്ഥിതി വ്യത്യസ്തമാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട അടക്കമുള്ള തെക്കൻ ജില്ലകളിൽ പകൽ സമയങ്ങളിൽ പോലും മൂടിക്കെട്ടിയ കാലാവസ്ഥയും തണുപ്പുമാണ്. ഇന്ന് ഉച്ചവരെ ഇത്തരത്തിൽ തണുത്ത കാലാവസ്ഥ തുടരുമെന്നും അതിന് ശേഷം മേഘങ്ങൾ നീങ്ങി തുടങ്ങുമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.

സ്റ്റേഡിയത്തിനു പിന്നിലെ കളി;  കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകാതെ ഇന്നു കൈമാറും

കൊച്ചി.കരാർ കാലാവധി അവസാനിച്ചിട്ടും കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായില്ല.
അര്ജന്റീന ടീമിന്റെ മത്സരത്തിനായി നൽകിയ സ്റ്റേഡിയത്തിലെ നിർമാണ പ്രവർത്തനങ്ങൾ പാതിവഴിയിലാക്കി സ്റ്റേഡിയം ഇന്ന്  GCDA ക്ക് കൈമാറും.

സ്പോൺസറും എസ് കെ എഫും GCDA യും തമ്മിലുള്ള കരാർ പ്രകാരമാണ് സ്റ്റേഡിയം ഇന്ന് കൈമാറുന്നത്.70 കോടി രൂപയുടെ നവീകരണം നടത്താൻ സെപ്റ്റംബർ 26നാണ് സ്റ്റേഡിയം സ്പോൺസർക്ക് നൽകിയത്. എന്നാൽ സ്റ്റേഡിയം നവീകരണം ഇതുവരെ എവിടെയും എത്തിയിട്ടില്ല..കരാർ പ്രകാരം
സ്റ്റേഡിയം ഇന്ന് GCDA ക്ക് കൈമാറുമ്പോൾ ഇനിയും പണികൾ ബാക്കിയാണ്..പണികൾ പൂർത്തിയാക്കാതെ സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്താൻ കഴിയാത്ത സാഹചര്യവുമുണ്ട്.സ്റ്റേഡിയത്തിലെ പൂർത്തിയാകാത്ത നിർമാണ പ്രവർത്തനങ്ങൾ ഇനി ആര് ചെയ്യുമെന്നതിലും വ്യക്തത കുറവുണ്ട്.

മുനമ്പം ഭൂ സമരം ഇന്ന് അവസാനിക്കും, സമരം ഹൈജാക്ക് ചെയ്തോ ?

കൊച്ചി. നാനൂറിലേറെ ദിവസം നീണ്ട മുനമ്പം ഭൂ സമരം ഇന്ന് അവസാനിക്കും.താൽക്കാലികാടിസ്ഥാനത്തിൽ ഭൂനികുതി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് സമരം അവസാനിപ്പിക്കുന്നത്. മന്ത്രിമാരായ പി രാജീവും കെ രാജനും ഇന്ന് സമരപ്പന്തലിൽ എത്തും. അതേസമയം സമരം അവസാനിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ബദൽ സമരം ആരംഭിക്കുമെന്ന് ഒരു വിഭാഗം പ്രഖ്യാപിച്ചു.



പള്ളിയങ്കണത്തിൽ നിന്ന് ആരംഭിച്ച് ദേശീയതലത്തിൽ വരെ ചർച്ചയായ സമരം. പിന്നിട്ടത് 414 ദിവസം . സമരത്തെ ചൊല്ലി ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങളും നാടകങ്ങളും അരങ്ങേറി.2019 സെപ്റ്റംബറിലാണ് മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് വഖഫ് ബോർ‍ഡ് റജിസ്റ്ററിൽ ചേർക്കുന്നത്. 2021 മുതൽ റവന്യൂ അവകാശങ്ങൾ നിഷേധിക്കപ്പെട്ട ജനതയക്ക് 2022 ൽ കരമടയ്ക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുമതി നൽകിയെങ്കിലും ഡിവിഷൻ ബെഞ്ച് ഇത് സ്റ്റേ ചെയ്തു. തുടർന്നിങ്ങോട്ട് ഭൂമിയുടെ അവകാശത്തെ ചൊല്ലിയുള്ള ആശങ്കയിൽ ആയിരുന്നു മുനമ്പം ജനത. പിന്നീടാണ് 414 ദിവസം നീണ്ടുനിന്ന സമരം ആരംഭിച്ചത്. മാസങ്ങളും വർഷങ്ങളും നീണ്ട നിയമവ്യവഹരാത്തിനൊടു വിൽ മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടതിനു പിന്നാലെയാണ് താൽക്കാലികാടിസ്ഥാനത്തിൽ നികുതി സ്വീകരിക്കാൻ സിംഗിൾ ബെഞ്ച് അനുവദിച്ചത്. ഇതോടെയാണ് സമരം അവസാനിപ്പിക്കാൻ ധാരണയായത്. പള്ളിയങ്കണത്തിൽ ഉച്ചയ്ക്ക് രണ്ടരയോടെ മന്ത്രിമാരായ പി രാജീവ്, കെ രാജൻ എന്നിവർ സമരക്കാര്‍ക്ക് നാരങ്ങാനീര് നല്‍കിയാകും സമരം അവസാനിപ്പിക്കുക.ഇതുവരെ 250ലധികം കുടുംബങ്ങൾ കരമടച്ചു കഴിഞ്ഞു.  അതേസമയം സമരം അവസാനിപ്പിക്കുന്നതിൽ സമരസമിതിയിൽ തന്നെ ഭിന്നത രൂപപ്പെട്ടിട്ടുണ്ട്.വഖഫ് പരിധിയിൽ നിന്ന് ഭൂമി ഒഴിവാക്കും വരെ സമരം തുടരുമെന്നാണ് വിമത പക്ഷത്തിന്റെ പ്രഖ്യാപനം.കരമടയ്ക്കാമെന്ന ഹൈക്കോടതി ഉത്തരവിന്‍റെ ചുവടുപിടിച്ച് സമര സമിതി സമരം അവസാനിപ്പിക്കുന്നത് സർക്കാരിനും സിപിഐഎമ്മിനും വലിയ ആശ്വാസമാകും. എന്നാൽ
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുനമ്പത്ത് ചൊല്ലിയുള്ള രാഷ്ട്രീയ വിവാദത്തിന് വഴിവയ്ക്കുന്നതാണ് വിമത പക്ഷത്തിന്റെ സമര പ്രഖ്യാപനം