ജക്കാർത്ത : കനത്ത മഴയെത്തുടർന്ന് ഇൻഡോനേഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 400 കടന്നു. ആകെ 442 പേർ മരിച്ചതായാണ് കണക്ക്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. വടക്കൻ സുമാത്ര, പടിഞ്ഞാറൻ സുമാത്ര, ആഷെ എന്നീ മൂന്ന് പ്രവിശ്യകളിലായി 402 പേരെ കാണാതായതായി ദേശീയ ദുരന്ത നിവാരണ ഏജൻസി അറിയിച്ചു. സുമാത്ര പ്രവിശ്യയിലെ 15 നഗരങ്ങൾ വെള്ളപ്പൊക്ക ദുരിതത്തിലാണ്. 7,000 വീടുകൾ വെള്ളത്തിൽ മുങ്ങി. 290,700 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. സെൻയാർ ഉഷ്ണമേഖലാ ചുഴലിക്കാറ്റാണ് മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും കാരണമായത്. തായ്‌ലൻഡിലും മലേഷ്യയിലും ചുഴലിക്കാറ്റും കനത്ത മഴയും വ്യാപക നാശം വിതച്ചു. റോഡുകൾ തകർന്നതോടെ ദ്വീപിന്റെ ചില ഭാഗങ്ങൾ ഒറ്റപ്പെട്ടു. ആശയവിനിമയ ബന്ധങ്ങൾ തകർന്നു.
വെല്ലുവിളി നിറഞ്ഞ കാലാവസ്ഥ രക്ഷാപ്രവർത്തനങ്ങത്തെ തടസ്സപ്പെടുത്തി. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ സിബോൾഗ നഗരത്തിലേക്കും വടക്കൻ സുമാത്രയിലെ സെൻട്രൽ തപനുലി ജില്ലയിലേക്കും സഹായം എത്തിക്കുന്നത് മന്ദഗതിയിലാണ്. രക്ഷാപ്രവർത്തനങ്ങൾ വൈകിയതോടെ ഭക്ഷണമടക്കമുള്ള അവശ്യ വസ്തുക്കൾക്കായി ജനങ്ങൾ പരക്കം പായുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ശനിയാഴ്ച വൈകിട്ട് ആളുകൾ കടകളിൽ അതിക്രമിച്ചു കയറുന്നതായി റിപ്പോർട്ടുകൾ ലഭിച്ചതായും ക്രമസമാധാനം പുനഃസ്ഥാപിക്കാൻ പ്രാദേശിക പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് വക്താവ് ഫെറി വാലിന്റുകൻ പറഞ്ഞു.
ഇൻഡോനേഷ്യയിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 400 കടന്നു
ഇന്ന്, 2025 ഡിസംബർ 1: ദിനവിശേഷങ്ങൾ(1201 വൃശ്ചികം 15)
🌍 പ്രധാന ദിനാചരണങ്ങൾ
- ലോക എയ്ഡ്സ് ദിനം (World AIDS Day): എച്ച്.ഐ.വി. (HIV) ബാധയെക്കുറിച്ച് അവബോധം വളർത്തുന്നതിനും രോഗം ബാധിച്ചവരെ ഓർമ്മിക്കുന്നതിനും വേണ്ടി. (1981-ൽ എച്ച്.ഐ.വി. വൈറസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു).
- ഇന്ത്യൻ അതിർത്തി രക്ഷാ സേന (BSF) രൂപീകരണ ദിനം: (1965)
- നാഗാലാൻഡ് സംസ്ഥാന രൂപീകരണ ദിനം: ഇന്ത്യയുടെ 16-ാമത് സംസ്ഥാനമായി നിലവിൽ വന്നു. (1963)
🙏 ആത്മീയ-സാംസ്കാരിക പ്രാധാന്യം
- ഭഗവദ് ഗീതാ ജയന്തി: ഭഗവദ് ഗീത ലോകത്തിന് നൽകപ്പെട്ട സുപ്രധാന ദിനം.
- ഗുരുവായൂർ ഏകാദശി: പ്രസിദ്ധമായ ഏകാദശി വ്രത ദിനം. (ചാവക്കാട് പ്രാദേശിക അവധി)
- വൈക്കത്തഷ്ടമി കൊടിയേറ്റം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കം.
📰 കേരളം/ദേശീയം – ഇന്ന്
- സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത.
- മുഖ്യമന്ത്രി പിണറായി വിജയന്റെ യു.എ.ഇ. (UAE) സന്ദർശനം ആരംഭിക്കുന്നു.
- പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം.
- ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്റെ പേര് ‘ലോക് ഭവൻ’ എന്ന് മാറ്റുന്നു.
- സംസ്ഥാനത്തെ റേഷൻ കടകൾക്ക് ഇന്ന് അവധി.
- കേരളത്തിൽ കടുവ സെൻസസിന് തുടക്കം.
- ജൂനിയർ ഹോക്കി ലോകകപ്പ് മത്സരം: 1.30PM-ന്.
📜 ചരിത്രത്തിൽ ഇന്ന്
- 1988: പാകിസ്താന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ബേനസീർ ഭൂട്ടോ സ്ഥാനമേറ്റു.
- 1935: ലോകത്തിലെ ആദ്യത്തെ തപാൽ സ്റ്റാമ്പ് ഓസ്ട്രിയയിൽ പുറത്തിറക്കി.
- 1918: ഐസ്‌ലാൻഡ് രാജ്യം നിലവിൽ വന്നു.
- 1862: അമേരിക്കൻ പ്രസിഡന്റ് എബ്രഹാം ലിങ്കൺ അടിമത്തം നിർത്തലാക്കാൻ ഉത്തരവിട്ടു.
- 1640: പോർച്ചുഗൽ സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം നേടി.
🌟 ജന്മദിനം
- മേധാ പട്കർ (1954): ‘നർമ്മദ ബച്ചാവോ ആന്ദോളൻ’ സ്ഥാപകയും പ്രമുഖ സാമൂഹ്യപ്രവർത്തകയും.
- ഉദിത് നാരായൺ (1960): പ്രശസ്ത ഹിന്ദി പിന്നണി ഗായകൻ.
- മുഹമ്മദ് കൈഫ് (1980): മുൻ ഇന്ത്യൻ ക്രിക്കറ്റർ.
🌹 ചരമദിനം (Tributes)
- കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ (1999): അധ്യാപകനും ബി.ജെ.പി. നേതാവുമായിരുന്നു. കണ്ണൂരിലെ ക്ലാസ് മുറിയിൽ വെട്ടേറ്റ് മരിച്ചു.
- വിജയലക്ഷ്മി പണ്ഡിറ്റ് (1990): യു.എൻ. ജനറൽ അസംബ്ലിയുടെ ആദ്യ വനിതാ അധ്യക്ഷ.
- സുചേത കൃപലാനി (1974): ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ ആദ്യ വനിതാ മുഖ്യമന്ത്രി.
- ഡേവിഡ് ബെൻ ഗുരിയൻ (1973): ഇസ്രയേലിന്റെ ആദ്യ പ്രധാനമന്ത്രി.
- അബു എബ്രഹാം (2002): പ്രശസ്ത കാർട്ടൂണിസ്റ്റ്.
- സാബരി ഖാൻ (2015): പത്മഭൂഷൺ ലഭിച്ച സാരംഗി വാദകൻ.
- മനോജ് ആലപ്പുഴ (2011): ചലച്ചിത്ര വസ്ത്രാലങ്കാരകൻ.
- എസ്.കെ. സിംഗ് (2009): മുൻ വിദേശകാര്യ സെക്രട്ടറിയും ഗവർണറും.
കടപ്പാട് : ഉദയ് ശബരീശം 9446871972
◾ പത്രം | മലയാള ദിനപത്രങ്ങളിലൂടെ|
2025 | ഡിസംബർ 1 | തിങ്കൾ
1201 | വൃശ്ചികം 15 | രേവതി
➖➖➖➖➖➖➖
◾ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ അപമാനിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വര്‍ അറസ്റ്റിലായി. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പരാതിക്കാരിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തുകയും അധിക്ഷേപങ്ങള്‍ നടത്തുകയും ചെയ്തുവെന്ന കേസിലാണ് നടപടി. കേസില്‍ രാഹുല്‍ ഈശ്വര്‍ അഞ്ചാം പ്രതിയാണ്. സൈബര്‍ ആക്രമണ കേസില്‍ പത്തനംതിട്ട മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത പുളിക്കന്‍ ഒന്നാം പ്രതിയാണ്. കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യരും ദീപാ ജോസഫും ഉള്‍പ്പടെ അഞ്ചു പ്രതികളാണ് ഉള്ളത്. എന്നാല്‍ പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന ഒരു പരാമര്‍ശവും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അങ്ങനെ ചെയ്യാന്‍ മാത്രം വിവേകശൂന്യനല്ല താനെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി. രാഹുല്‍ ഈശ്വര്‍ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ലെന്ന് രാഹുലിന്റെ ഭാര്യ ദീപയും പ്രതികരിച്ചു. അതേസമയം ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

◾ തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്ന് അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍. ഇതാണ് പുരുഷ കമ്മീഷന്‍ വേണമെന്ന് പറയുന്നതെന്നും തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും യുവതിയുടെ ഫോട്ടോ എവിടേയും ഇട്ടിട്ടില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. അറസ്റ്റിനു ശേഷം വൈദ്യ പരിശോധനയ്ക്കായി കൊണ്ട് പോകുമ്പോഴാണ് രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചത്. ജാമ്യമില്ലാ വകുപ്പ് കൂടി ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാഹുല്‍ ഈശ്വറെ ഇന്ന് മജിസ്സ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. അന്വേഷണത്തിന്റെ ഭാഗമായി രാഹുല്‍ ഈശ്വറിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
◾ രാഹുല്‍ മാങ്കുട്ടത്തിലിന്റെ പാലക്കാട്ടെ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയില്‍ അതിജീവിത ഫ്ലാറ്റിലെത്തിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചില്ല. സിസിടിവി ഡിവിആറിന് ബാക്ക്അപ്പ് കുറവാണെന്നാണ് വിവരം. സമീപത്തെ കൂടുതല്‍ സിസിടിവികള്‍ പരിശോധിക്കാനൊരുങ്ങുകയാണ് പ്രത്യേക അന്വേഷണ സംഘം. മെയ് അവസാന ആഴ്ചയിലെ രണ്ടു ദിവസമാണ് യുവതി പാലക്കാട്ടെ ഫ്ലാറ്റില്‍ എത്തിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഫ്ളാറ്റില്‍ എത്തി പരിശോധന നടത്തി.
◾ രാഹുല്‍ മാങ്കൂട്ടത്തിലിനെ അന്വേഷിച്ച് പ്രത്യേക പൊലീസ് സംഘം അടൂരിലെത്തി. രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാന്റെ വീട്ടിലാണ് പൊലീസെത്തിയത്. അതേസമയം, പൊലീസ് സംഘം വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് ഫെന്നി ഫൈനാന്‍ പറയുന്നു.
◾ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ യുവതിയുടെ ശബ്ദ പരിശോധന നടത്തും. പുറത്തുവന്ന സംഭാഷണം പരാതിക്കാരിയുടെതാണോ എന്ന് ഉറപ്പിക്കാന്‍ യുവതിയുടെ ശബ്ദ സാമ്പിള്‍ പരിശോധിക്കും. തിരുവല്ലം ചിത്രാഞ്ജലിയിലാണ് പരിശോധന നടത്തുക. യുവതിക്ക് പൊലീസ് സംരക്ഷണമൊരുക്കി.
◾ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയ്ക്ക് എതിരായ ലൈംഗിക പീഡന കേസില്‍ പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇരയ്ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസിന് ബന്ധമില്ലെന്നും, രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം തെരഞ്ഞെടുപ്പിലെ ഒരു വിഷയമേ അല്ലെന്നും പരാതി പോലും ലഭിക്കും മുമ്പ് നടപടെയെടുത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും വിഡി സതീശന്‍ പറഞ്ഞു.
◾ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം പാര്‍ട്ടിയുടെ അറിവോടെയല്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. സൈബര്‍ ആക്രമണത്തെ കുറിച്ച് പാര്‍ട്ടി അന്വേഷിക്കേണ്ട കാര്യമില്ലെന്നും പാര്‍ട്ടി അന്വേഷിക്കേണ്ട ഗൗരവം വിഷയത്തില്‍ ഉണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു, രാഹുലിനെ ഒളിവില്‍ കഴിയാന്‍ താന്‍ സഹായിച്ചിട്ടില്ല എന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.
◾ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങേണ്ടെന്നും ഉദിച്ചുയരേണ്ട താരങ്ങള്‍ ഉദിക്കുമെന്നും അല്ലാത്തത് അസ്തമിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. കൂടാതെ രാഹുലിനെ ഒരു പരിപാടിയിലും കയറ്റരുത് എന്ന് പാര്‍ട്ടി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
◾ നിയമ സംവിധാനത്തെ വെല്ലുവിളിക്കാന്‍ കോണ്‍ഗ്രസില്ലെന്ന് വി ടി ബല്‍റാം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം വന്ന ഘട്ടത്തില്‍ തന്നെ പാര്‍ട്ടി ഉചിതമായ നടപടി സ്വീകരിച്ചതാണെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഞങ്ങളെ തൊട്ടാല്‍ തീപ്പന്തമാകും എന്ന പിണറായി വെല്ലുവിളിച്ചത് പോലെ നിയമസംവിധാനത്തെ വെല്ലുവിളിക്കാന്‍ കോണ്‍ഗ്രസ് ഇല്ലെന്നും വി ടി ബല്‍റാം പറഞ്ഞു.

◾ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ബാധിക്കില്ലെന്ന് പാലക്കാട് ഡിസിസി അധ്യക്ഷന്‍ എ തങ്കപ്പന്‍. രാഹുല്‍ പ്രചാരണത്തിന് ഇറങ്ങിയത് പാര്‍ട്ടിയുടെ അറിവോടെയല്ലെന്നും അതിനുള്ള അനുമതി പാര്‍ട്ടി നല്‍കിയിട്ടില്ലെന്നും രാഹുലിനെ ഒളിവില്‍ കഴിയാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ സഹായിച്ചിട്ടില്ലെന്നും അത്തരം ആരോപണങ്ങള്‍ തെറ്റാണെന്നും എ തങ്കപ്പന്‍ പറഞ്ഞു.
◾ യുവതിയുടെ സൈബര്‍ അധിക്ഷേപ പരാതിയില്‍ രാഹുല്‍ ഈശ്വറെ അറസ്റ്റ് ചെയ്തേക്കും. രാഹുല്‍ ഈശ്വറിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ലാപ്പ്ടോപ്പില്‍ നിന്നാണ് വീഡിയോ അപ്ലോഡ് ചെയ്‌തെന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ ആദ്യമൊഴി. പിന്നീട് ഓഫീസില്‍ പരിഗോധനക്കിറങ്ങിയപ്പോള്‍ മൊബൈല്‍ കൈമാറുകയായിരുന്നു. പരിശോധനയില്‍ മൊബൈലിലെ ഒരു ഫോള്‍ഡറില്‍ അപ്ലോഡ് ചെയ്ത വീഡിയോ പൊലീസ് കണ്ടെത്തി.
◾ രാഹുല്‍ മാങ്കൂട്ടത്തിനും സൈബര്‍ സംഘത്തിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി വനിതാ നേതാവ് പത്മജാ വേണുഗോപാല്‍. പരാതി ഉന്നയിച്ച ആ പെണ്‍കുട്ടിയുടെ സ്വകാര്യത പൊതുമധ്യത്തില്‍ വെളിപ്പെടുത്തി അപമാനിയ്ക്കുന്നുവെന്നും എന്തൊരു നെറികെട്ടവന്മാരാണ് രാഹുല്‍ മാങ്കൂട്ടവും അവന്റെ സൈബര്‍ കിങ്കരന്മാരുമെന്നും പത്മജ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. കുഞ്ഞിനെ ഭ്രൂണാവസ്ഥയില്‍ കൊന്നു കളഞ്ഞിട്ട് ഒരു കുറ്റബോധവും ഇല്ലാതെ പൊതുജനമധ്യത്തില്‍ ഇറങ്ങി നടന്ന ഇവന് വല്ലാത്ത തൊലിക്കട്ടിയെന്നും പത്മജ വ്യക്തമാക്കി.
◾ ആലപ്പുഴയിലും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. തണ്ണീര്‍മുക്കം സ്വദേശിയായ 10 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കുട്ടി. ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
◾ കേരളമടക്കമുള്ള 12 സംസ്ഥാനങ്ങള്‍ക്ക് എസ്ഐആര്‍ സമയപരിധി നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. പുതിയ ഉത്തരവ് പ്രകാരം ഡിസംബര്‍ 11 വരെ എസ്ഐആര്‍ ഫോം വിതരണം ചെയ്യാം. ഡിസംബര്‍ 16 ന് കരട് പട്ടികയും അന്തിമ പട്ടിക ഫെബ്രുവരി 14 നും പുറത്തിറക്കും.

◾ മുനമ്പം ഭൂസംരക്ഷണ സമിതി നടത്തുന്ന സമരം അവസാനിച്ചു. മന്ത്രി പി രാജീവും മന്ത്രി കെ രാജനും സമരപന്തലില്‍ എത്തി സമരമിരിക്കുന്നവര്‍ക്ക് നാരാങ്ങാ നീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്. ഇത് താല്‍ക്കാലിക ഇടവേള മാത്രമാണെന്ന് സമരസമിതി രക്ഷാധികാരി ഫാദര്‍ ആന്റണി സേവ്യര്‍ പറഞ്ഞു. വഖഫ് ബോര്‍ഡ് ആസ്തിപട്ടികയില്‍ നിന്ന് ഭൂമി മാറ്റല്‍ ആണ് ലക്ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ഇത് ഒരു ഇടവേള മാത്രമാണ്. പ്രശ്നങ്ങള്‍ ഉണ്ടായാല്‍ വീണ്ടും സമരം ആരംഭിക്കുമെന്നും ഫാദര്‍ ആന്റണി സേവ്യര്‍ വ്യക്തമാക്കി.
◾ മുനമ്പത്തു സമരം അവസാനിപ്പിക്കുന്നത് വഞ്ചനയാണെന്ന് പറഞ്ഞ് മുദ്രാവാക്യം വിളിച്ചുകൊണ്ട് പുതിയ സമരപ്പന്തലില്‍ സമരം ആരംഭിച്ച് വിമതര്‍. 414 ദിവസമായി സമരം നടക്കുന്ന വേദിയില്‍ നിന്ന് ബിജെപി അനുകൂലികളായ നാട്ടുകാര്‍ പുതിയ സമരത്തിലേക്ക് ഇറങ്ങുകയാണ് ഉണ്ടായത്. ഭൂമി പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകും വരെ സമരമെന്നാണ് അവരുടെ പ്രഖ്യാപനം.

◾ വടകര ഡിവൈഎസ്പി എ ഉമേഷിനെ സസ്പെന്‍ഡ് ചെയ്തു. ഡിവൈഎസ്പി ഉമേഷിനെതിരായ അന്വേഷണ റിപ്പോര്‍ട്ടില്‍ ഗുരുതരമായ കുറ്റകൃത്യമാണ് നടത്തിയതെന്നാണ് കണ്ടെത്തല്‍. പൊലീസ് പദവി ദുരുപയോഗം ചെയ്തതായും ആഭ്യന്തര വകുപ്പിന്റെ സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. വടക്കഞ്ചേരി സിഐയായിരുന്നപ്പോള്‍ മറ്റൊരു കേസില്‍ കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ച് കേസെടുക്കാതെ ഉമേഷ് വിട്ടയച്ചുവെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
◾ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴിയെടുത്തു. 2022ല്‍ ദ്വാരപാലക പാളികള്‍ കൊണ്ടുപോകാന്‍ അനുമതി തേടിയത് ബോര്‍ഡാണെന്നും അതില്‍ അനുമതി നല്‍കുക മാത്രമാണ് ചെയ്തതെന്നുമാണ് മൊഴി. ഉണ്ണികൃഷ്ണന്‍ പോറ്റിയെയും ഗോവര്‍ദ്ധനനെയും പരിചയമുണ്ടെന്നും ഭക്തനെന്ന നിലയില്‍ ഗോവര്‍ദ്ധന്‍ ക്ഷണിച്ചതുകൊണ്ടാണ് ജ്വല്ലറിയില്‍ പോയതെന്നും കണ്ഠരര് മഹേഷ് മോഹനര് മൊഴി നല്‍കി.
◾ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ എ പത്മകുമാറിനെതിരെ നടപടി ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കേസും ഇതും തമ്മില്‍ താരതമ്യം ചെയ്യേണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ്ഐടി അന്വേഷണത്തിന് പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ ഉചിതമായ നടപടി എടുക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
◾ വഖ്ഫ് സ്വത്തുക്കളുടെ വിശദാംശങ്ങള്‍ കേന്ദ്ര വഖഫ് പോര്‍ട്ടലായ ഉമീദില്‍ രജിസ്റ്റര്‍ ചെയ്യേണ്ട സമയപരിധി ഡിസംബര്‍ 5 ന് അവസാനിക്കാനിരിക്കെ പോര്‍ട്ടലിന്റെ അപാകതകള്‍ പരിഹരിക്കണമെന്നും അപ്ലോഡിങ് പ്രക്രിയക്ക് സാവകാശം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വഖഫ് ചുമതലയുള്ള ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരണ്‍ റിജ്ജുവിനും കത്തയച്ചു.
◾ പാലക്കാട് മലമ്പുഴയില്‍ പുലിയെ കണ്ടതിനെ തുടര്‍ന്ന് പ്രദേശത്ത് ജാഗ്രത നിര്‍ദേശം നല്‍കി. മലമ്പുഴ അകത്തേത്തറ, കെട്ടേക്കാട് വനം റേഞ്ച് പരിധിയില്‍ രാത്രി യാത്രചെയ്യുന്നവര്‍ക്കാണ് ജാഗ്രത നിര്‍ദേശം. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നാണ് പൊലീസിന്റെയും വനം വകുപ്പ് നിര്‍ദേശം.
◾ 45 വര്‍ഷത്തെ ഭരണം കൊണ്ട് സിപിഎം തിരുവനന്തപുരം നഗരം നശിപ്പിച്ചെന്നും, നഗരം വീണ്ടെടുക്കാന്‍ അധികാരം ലഭിച്ചാല്‍ നാല്പത്തഞ്ച് ദിവസത്തിനകം വികസന രേഖ അവതരിപ്പിക്കുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ബിജെപി തിരുവനന്തപുരം നഗരസഭ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയും വികസന രേഖയും പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍.
◾ സ്റ്റേഷനിലെത്തിയ പരാതിക്കാരനെ മര്‍ദിച്ച കേസില്‍ കോടതി ശിക്ഷിച്ച ഡിവൈഎസ്പിയെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ഡിവൈഎസ്പി പി എം മനോജിനെതിരെയാണ് ആഭ്യന്തര വകുപ്പിന്റെ നടപടി ഉണ്ടായിരിക്കുന്നത്. സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.
◾ ലോക് സഭാ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ പാര്‍ട്ടികളും സമുദായങ്ങളും തനിക്ക് വോട്ടുചെയ്തു എന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. സിപിഎം, സിപിഐ, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചുവെന്നും അന്നത്തെ കാലാവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂരില്‍ ബിജെപി കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു സുരേഷ്ഗോപി. സ്വര്‍ണവും ഗര്‍ഭവും ഒന്നുമല്ല നമ്മുടെ വിഷയമെന്നും വികസനം ചര്‍ച്ച ആക്കണമെന്നും വികസനം മുന്നോട്ട് വെച്ച് വോട്ട് തേടണമെന്നാണ് തന്റെ അഭിപ്രായമെന്നും സുരേഷ് ഗോപി പറഞ്ഞു
◾ പാലക്കാട് ജില്ലയില്‍ കള്ള് പരിശോധനക്കായി മറ്റ് ജില്ലകളില്‍ നിന്നും ഉദ്യോഗസ്ഥരെ ഒരു മാസത്തേക്ക് ജോലിക്ക് നിയോഗിച്ച് എക്സൈസ് വകുപ്പ് പുറത്തിറക്കിയ വിവാദ ഉത്തരവ് ഭേഭഗതി ചെയ്തു. ജോലിയില്‍ വീഴ്ചവരുത്തിയാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന നിര്‍ദേശവും ഉത്തരവില്‍ ഉണ്ടായിരുന്നു. ഈ നിര്‍ദേശമാണ് നിലവില്‍ മാറ്റിയിട്ടുള്ളത്. വിവാദ ഉത്തരവ് ഇന്നലെ പുറത്തുവന്നതോടെ ഉദ്യോഗസ്ഥര്‍ അമര്‍ഷത്തിലായിരുന്നു.
◾ കലൂര്‍ സ്റ്റേഡിയം നവീകരണ ജോലികള്‍ പൂര്‍ത്തിയാക്കാതെ സ്പോണ്‍സര്‍ ജിസിഡിഎയ്ക്ക് കൈമാറിയെന്ന് റിപ്പോര്‍ട്ടുകള്‍. സ്റ്റേഡിയത്തിന്റെ പ്രവേശന കവാടം ഉള്‍പ്പെടെയുള്ള നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. നിലവിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്പോണ്‍സര്‍ക്ക് സമയം അനുവദിക്കുന്നതിനൊപ്പം ജിസിഡിഎയും നവീകരണ പ്രവര്‍ത്തനം നടത്തുമെന്നാണ് വിവരം. നിലവിലെ സ്റ്റേഡിയത്തിന്റെ സാഹചര്യം ജിസിഡിഎ എഞ്ചിനീയറിങ് വിഭാഗം പരിശോധിക്കും.
◾ സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. പ്രത്യേകിച്ച് ഒരു ജില്ലയിലും മുന്നറിയിപ്പില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ശക്തിപ്പെട്ടേക്കും. അതേസമയം ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ ഭാഗമായുള്ള മേഘങ്ങള്‍ രണ്ടു ദിവസമായി കേരളത്തിന്റെ അന്തരീക്ഷത്തിന് മുകളില്‍ നില്‍ക്കുന്നതാണ് പകല്‍ സമയത്ത് പോലും തണുത്ത കാലാവസ്ഥയ്ക്ക് കാരണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
◾ മാമി തിരോധാനക്കേസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായില്ലെന്ന് ആദ്യ അന്വേഷണ സംഘത്തിന്റെ വിശദീകരണം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിലുള്‍പ്പെടെ മനപൂര്‍വ്വമായി വീഴ്ച വരുത്തിയിട്ടില്ലെന്നാണ് നടക്കാവ് പോലീസ് സ്റ്റേഷനിലെ മുന്‍ ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കിയത്. മാമിയെ അവസാനമായി കണ്ട അരയിടത്തുപാലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതായും വകുപ്പ് തല അന്വേഷണം നടത്തിയ എ സി പിക്ക് ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.
◾ കായംകുളം കളരിക്കലില്‍ അഭിഭാഷകനായ മകന്റെ വെട്ടേറ്റ പിതാവ് മരിച്ചു. പുല്ലുകുളങ്ങര പീടികച്ചിറ നടരാജന്‍ ആണ് മരിച്ചത്. വെട്ടേറ്റ മാതാവ് സിന്ധുവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ബലംപ്രയോഗിച്ചാണ് നവജിത്തിനെ കീഴ്പ്പെടുത്തിയത്. സാമ്പത്തിക തര്‍ക്കവുമായി ബന്ധപ്പെട്ട് വീട്ടില്‍ വഴക്ക് പതിവായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
◾ കൊച്ചി വിമാനത്താവളത്തില്‍ നിന്ന് കാണാതായ കൊല്‍ക്കത്ത സ്വദേശി സൂരജ് ലാമ മരിച്ചെന്ന് സംശയം. കളമശ്ശേരി എച്ച്എംടിക്ക് സമീപം സൂരജ് ലാമയുടെതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്. കുവൈത്ത് വിഷമദ്യ ദുരന്തത്തില്‍ കണ്ണിന് കാഴ്ച നഷ്ടപ്പെട്ട ലാമയെ കുവൈത്ത് അധികൃതര്‍ കൊച്ചിയിലേക്ക് നാടുകടത്തുകയായിരുന്നു.
◾ ക്രിസ്മസ് പുതുവത്സര സീസണില്‍ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. ദില്ലിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ടിക്കറ്റിന് 16000 രൂപ വരെയായി. കോഴിക്കോട്ടേക്കുള്ള ടിക്കറ്റിന്റെ നിരക്ക് പതിനായിരം രൂപയും കൊച്ചിയിലേക്കുള്ള ടിക്കറ്റിന് 12000 ത്തിലേറെ രൂപ കൊടുക്കണം. മുംബൈയില്‍ നിന്നും തിരുവനന്തപുരത്തേക്ക് 9000 രൂപ മുതല്‍ 16500 വരെയാണ് നിരക്ക്. വരും ദിവസങ്ങളില്‍ ഇനിയും ടിക്കറ്റ് നിരക്ക് ഇനിയും ഉയരുമെന്നാണ് സൂചന.
◾ സ്വദേശി ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് ജനങ്ങളോട് വീണ്ടും ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലായിരുന്നു മോദിയുടെ ആഹ്വാനം. ക്രിസ്മസ് പുതുവത്സര സമയങ്ങളില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങണമെന്ന് മോദി പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ നടന്ന ജി 20 ഉച്ചകോടിയില്‍ ഇന്ത്യന്‍ നിര്‍മ്മിത ഉല്‍പ്പന്നങ്ങളാണ് താന്‍ ലോക നേതാക്കള്‍ക്ക് സമ്മാനിച്ചതെന്ന് മോദി പറഞ്ഞു.
◾ തമിഴ്നാട് ശിവഗംഗ കാരക്കുടിയില്‍ സര്‍ക്കാര്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12പേര്‍ മരിച്ചു. അപകടത്തില്‍ 40ലേറെ പേര്‍ക്ക് പരിക്കേറ്റു. രണ്ടു ബസ്സുകളിലും ഉണ്ടായിരുന്ന ആളുകളാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഒരു ബസ് പൂര്‍ണ്ണമായും തകര്‍ന്നു. സ്ഥലത്ത് ആംബുലന്‍സുകളെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. അതേസമയം, മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതകളുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
◾ കര്‍ണാടകയില്‍ 2028വരെ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിമായി തുടരും. അടുത്ത തെരഞ്ഞെടുപ്പില്‍ ഡികെ ശിവകുമാര്‍ തന്നെയായിരിക്കും പ്രധാനമുഖമെന്നും സിദ്ധരാമയ്യ ഉറപ്പു നല്‍കി. സിദ്ധരാമയ്യക്ക് കാലാവധി പൂര്‍ത്തിയാക്കാന്‍ ഡികെ ശിവകുമാര്‍ സമ്മതിച്ചതായാണ് എഐസിസി വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇരുവരും തമ്മില്‍ അധികാര തര്‍ക്കം ഉണ്ടാകില്ലെന്ന ഉറപ്പാണ് ഹൈക്കമാന്‍ഡ് നേടിയത്.
◾ ദില്ലി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാര്‍ട്ടി നേതാവും രണ്ട് തവണ എംഎല്‍എയുമായ രാജേഷ് ഗുപ്ത ബിജെപിയില്‍ ചേര്‍ന്നു. ദില്ലി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവ അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. പ്രവര്‍ത്തകരെ ഉപയോഗിച്ചു വലിച്ചെറിയുന്ന വസ്തുക്കളായി കെജ്രിവാള്‍ കണക്കാക്കിയെന്നും പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് പിന്നിലെ ഏറ്റവും വലിയ കാരണം കെജ്രിവാളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ ദില്ലി പൊലീസിന്റെ ഇക്കണോമിക് ഒഫന്‍സസ് വിംഗ് ആറ് പേര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത പുതിയ എഫ്ഐആറില്‍ നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരെ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തി. എഫ്ഐആറില്‍ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി എന്നിവരെ കൂടാതെ സാം പിത്രോദയും മറ്റ് മൂന്ന് വ്യക്തികളും പ്രതികളാണ്. ഗൂഢാലോചന കേസില്‍ സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുല്‍ഗാന്ധി രണ്ടാം പ്രതിയുമാണ്.
◾ പ്രണയ ബന്ധത്തെ എതിര്‍ത്ത എതിര്‍ത്ത യുവതിയുടെ കുടുംബം, യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തി. സംസ്‌കാര ചടങ്ങുകള്‍ക്ക് മുന്‍പ് മരിച്ച കാമുകന്റെ വീട്ടിലെത്തിയ യുവതി മൃതദേഹത്തിന് മുന്നില്‍ വെച്ച് നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി, താന്‍ ഇപ്പോഴും കാമുകനെ പങ്കാളിയായി കണക്കാക്കുന്നുവെന്ന് പ്രഖ്യാപിച്ചു. ഗുജറാത്തിലെ നന്ദേഡിലാണ് സംഭവം നടന്നത്. നന്ദേഡിലെ ജൂന ഗഞ്ചില്‍ നിന്നുള്ള സക്ഷം തട്ടേയും ആഞ്ചല്‍ മാമില്‍വാറും കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു. യുവതിയുടെ സഹോദരങ്ങള്‍ സക്ഷമിന്റെ സുഹൃത്തുക്കളായിരുന്നു. സക്ഷം മറ്റൊരു ജാതിയില്‍പ്പെട്ട ആളായതുകൊണ്ടാണ് അവര്‍ അവനെ ലക്ഷ്യമിട്ടതെന്നും തന്റെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും വധശിക്ഷ നല്‍കണമെന്ന് ആഞ്ചല്‍ ആവശ്യപ്പെട്ടു.
◾ ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ഹല്‍ദവാനിയില്‍ നിന്നാണ് മൂന്നുപേരെ പിടികൂടിയത്. ഇതില്‍ ഒരു മതപണ്ഡിതനും ഉള്‍പ്പെടുന്നു. ബിലാലി പള്ളിയിലെ ഇമാം മുഹമ്മദ് ആസിഫ്, ഇയാളുടെ രണ്ട് സഹായികള്‍ എന്നിവരാണ് പിടിയിലായത്. സ്ഫോടനം നടത്തിയ ഉമര്‍ നബിയുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. ഉമര്‍ നബിയുമായി ഇമാം മുഹമ്മദ് ആസിഫ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു.
◾ ഉത്തര്‍പ്രദേശില്‍ വീണ്ടും ബൂത്ത് ലെവല്‍ ഓഫീസര്‍ ആത്മഹത്യ ചെയ്തു. മൊറാദാബാദിലാണ് സംഭവം. 46 കാരനായ സര്‍വേഷ് സിങ് ആണ് വീട്ടില്‍ ജീവനൊടുക്കിയത്. ജോലി സമ്മര്‍ദം താങ്ങാനാകുന്നില്ലെന്നാണ് ആത്മഹത്യാ കുറിപ്പ്. ഭഗത്പൂര്‍ടണ്ടയിലെ സ്‌കൂളില്‍ അധ്യാപകനാണ് സര്‍വേഷ് സിങ്.
◾ ഇന്ത്യയുടെ യുവശക്തിയായ ജെന്‍ സി കാട്ടുന്ന നിശ്ചയദാര്‍ഢ്യമാണ് രാജ്യത്തിന്റെ ഭാവി സ്വപ്നമായ ‘വികസിത ഭാരതത്തിന്റെ’ ഏറ്റവും വലിയ ശക്തി എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ റേഡിയോ പരിപാടിയായ ‘മന്‍ കി ബാത്തിന്റെ’ 128-ാമത് എപ്പിസോഡില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.’ഹൃദയത്തില്‍ ദൃഢനിശ്ചയമുണ്ടെങ്കില്‍, ഒരു ടീമായി പ്രവര്‍ത്തിക്കുവന്‍ കഴിയുമെങ്കില്‍ ഒരുപാട് തവണ വീണിട്ടും വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള ധൈര്യമുണ്ടെങ്കില്‍, എത്ര പ്രയാസകരമായ സമയത്തും വിജയം സുനിശ്ചിതമാണ്,’ എന്നും പ്രധാനമന്ത്രി പറഞ്ഞു.
◾ ഇമ്രാന്‍ ഖാന്റെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ നിഷേധിച്ച് പിടിഐ സെനറ്റര്‍ ഖുറം സീഷന്‍. മുന്‍ പ്രധാനമന്ത്രി ജീവിച്ചിരിപ്പുണ്ടെന്നും നിലവില്‍ അഡിയാല ജയിലിലാണെന്നും സീഷന്‍ പറഞ്ഞു. രാജ്യത്തെ ഭരണകൂടം ഇമ്രാന്‍ ഖാന്റെ ജനപ്രീതിയെ ഭയപ്പെടുന്നുണ്ടെന്നും അദ്ദേഹത്തെ നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളോ വീഡിയോകളോ പുറത്തുവിടാന്‍ അവര്‍ അനുവദിക്കാത്തതെന്നും അദ്ദേഹം എഎന്‍ഐയോട് പറഞ്ഞു.
◾ സുല്‍ത്താന്‍ അസ്ലന്‍ ഷാ കപ്പ് ഹോക്കിയില്‍ ബെല്‍ജിയത്തിന് കിരീടം. ഞായറാഴ്ച നടന്ന ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചാണ് ബെല്‍ജിയം കിരീടം നേടിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് ടീമിന്റെ ജയം.
◾ ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക പൊരുതി തോറ്റു. 17 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 135 റണ്‍സ് നേടിയ വിരാട് കോലിയുടെ സെഞ്ചുറി കരുത്തിലും 60 റണ്‍സ് നേടിയ കെ എല്‍ രാഹുലിന്റേയും 57 റണ്‍സ് നേടിയ രോഹിത് ശര്‍മയുടേയും ഇന്നിംഗ്സുകളുടെ മികവിലും എട്ട് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഇന്ത്യയെ വിറപ്പിച്ച ദക്ഷിണാഫ്രിക്ക 49.2 ഓവറില്‍ 332 റണ്‍സിന് എല്ലാവരും പുറത്തായി. 70 റണ്‍സ് വീതമെടുത്ത മാത്യൂ ബ്രീറ്റ്‌സ്‌കെയുടേയും മാര്‍കോ ജാന്‍സനിന്റേയും 67 റണ്‍സെടുത്ത കോര്‍ബിന്‍ ബോഷിന്റേയും ഇന്നിംഗ്‌സുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷ നല്‍കിയത്.
◾ ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. കഴിഞ്ഞയാഴ്ച ഏഴു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 96,200 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച റിലയന്‍സും ബജാജ് ഫിനാന്‍സുമാണ് ഏറ്റവുമധികം നേട്ടം സ്വന്തമാക്കിയത്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ സെന്‍സെക്‌സ് 474 പോയിന്റ് ആണ് മുന്നേറിയത്. സെന്‍സെക്‌സ് 86,000 കടന്ന് മുന്നേറുന്നതിനും കഴിഞ്ഞയാഴ്ച വിപണി സാക്ഷിയായി. റിലയന്‍സിന്റെ മാത്രം വിപണി മൂല്യത്തില്‍ 28,282 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 21,20,335 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം വര്‍ധിച്ചത്. ബജാജ് ഫിനാന്‍സ് 20,347 കോടി, എച്ച്ഡിഎഫ്‌സി ബാങ്ക് 13,611 കോടി, ഐസിഐസിഐ ബാങ്ക് 13,599 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. അതേസമയം ഭാരതി എയര്‍ടെലിന്റെ വിപണി മൂല്യത്തില്‍ 35,239 കോടിയുടെ ഇടിവ് രേഖപ്പെടുത്തി. എല്‍ഐസി 4,996 കോടി, ടിസിഎസ് 3,762 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. വിപണി മൂല്യത്തില്‍ ഇത്തവണയും റിലയന്‍സ് തന്നെയാണ് മുന്നില്‍.
◾ സൈജു കുറുപ്പ്, അജു വര്‍ഗീസ്, ടി ജി രവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കേരള ടാക്കീസിന്റെ ബാനറില്‍ എം എ നിഷാദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ലര്‍ക്ക്’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വളരെ കാലിക പ്രാധാന്യമുളള വിഷയമാണ് എം എ നിഷാദ് ‘ലര്‍ക്കി’ലൂടെ പറയുന്നത്. പതിയിരിക്കുക എന്നര്‍ത്ഥം വരുന്ന ഇംഗ്ളീഷ് വാക്കായ ‘ലര്‍ക്ക്’ ഇതിനോടകം തന്നെ ഈ പേരു കൊണ്ട് ചര്‍ച്ചയായിട്ടുണ്ട്. പ്രശാന്ത് അലക്സാണ്ടര്‍, എം എ നിഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, പ്രശാന്ത് മുരളി, വിജയ് മേനോന്‍, സജി സോമന്‍, ബിജു സോപാനം, സോഹന്‍ സീനുലാല്‍, വിനോദ് കെടാമംഗലം, കുമാര്‍ സുനില്‍, രെജു ശിവദാസ്, ബിജു കാസിം, ഫിറോസ് അബ്ദുളള, അച്ഛല്‍ മോഹന്‍ദാസ്, കൃഷ്ണരാജ്, ഷാക്കിര്‍ വര്‍ക്കല, അഖില്‍ നമ്പ്യാര്‍, ഡോ. സജീഷ്, റഹീം മാര്‍ബണ്‍, അനുമോള്‍, മഞ്ജു പിളള, മുത്തുമണി, സരിത കുക്കു, സന്ധ്യ മനോജ്, സ്മിനു സിജോ, രമ്യ പണിക്കര്‍, ബിന്ദു പ്രദീപ്, നീത മനോജ്, ഷീജ വക്കപ്പാടി, അനന്ത ലക്ഷ്മി, ബീന സജികുമാര്‍, ഭദ്ര തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
◾ മലയാളത്തില്‍ അടുത്തിടെ ഏറ്റവും പോസിറ്റീവ് ആയ അഭിപ്രായങ്ങള്‍ നേടിയ ചിത്രമാണ് ‘എക്കോ’. കിഷ്‌കിന്ധാകാണ്ഡത്തിന്റെ സംവിധായകനും രചയിതാവും വീണ്ടും ഒന്നിക്കുന്നു എന്നതായിരുന്നു ഈ ചിത്രത്തിന്റെ പ്രീ റിലീസ് യുഎസ്പി. നവംബര്‍ 21 ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ്. ചിത്രത്തിന്റെ കളക്ഷന്‍ കണക്കുകള്‍ ആദ്യമായി പ്രസിദ്ധീകരിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ആദ്യ വാരം നേടിയിരിക്കുന്നത് 25 കോടിയില്‍ അധികമാണ്. കേരളത്തില്‍ 182 സെന്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ച ചിത്രം രണ്ടാം വാരത്തില്‍ 249 സ്‌ക്രീനുകളിലേക്ക് കടന്നിരുന്നു. ജിസിസി യില്‍ രണ്ടാം വരാം 110 സ്‌ക്രീനുകളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. റിലീസിന് ശേഷം ചിത്രം നേടിയ ഏറ്റവും മികച്ച രണ്ടാമത്തെ കളക്ഷനാണ് ഇന്നലെ ചിത്രത്തിന് ലഭിച്ചത്. കേരളത്തില്‍ നിന്ന് മാത്രം 2 കോടി രൂപ ചിത്രം ഇന്നലെ നേടിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഇതേ ദിവസത്തെ നെറ്റ് കളക്ഷന്‍ 2.25 കോടി ആണ്. ബാഹുല്‍ രമേശിന്റെ രചന തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം മലയാളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത അനുഭവം പകരുന്ന ഒന്നാണ്.
◾ മഹീന്ദ്ര തങ്ങളുടെ ഏറ്റവും കൂടുതല്‍ കാത്തിരുന്ന ഇലക്ട്രിക് എസ്യുവിയായ എക്സ്ഇവി 9എസ് ഇന്ത്യയില്‍ പുറത്തിറക്കി. രാജ്യത്തെ ആദ്യത്തെ മൂന്ന് നിര ഇലക്ട്രിക് എസ്യുവി കൂടിയാണിത്. ഈ എസ്യുവിക്ക് പ്രവര്‍ത്തനച്ചെലവ് കിലോമീറ്ററിന് 1.2 രൂപ മാത്രമാണെന്നും അറ്റകുറ്റപ്പണി ചെലവ് കിലോമീറ്ററിന് ഏകദേശം 40 പൈസയാണെന്നും മഹീന്ദ്ര അവകാശപ്പെടുന്നു. ബിസിനസ് ഉപയോക്താക്കള്‍ക്ക് 40 ശതമാനം മൂല്യത്തകര്‍ച്ചയുടെ ആനുകൂല്യവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, മിക്ക സംസ്ഥാനങ്ങളിലും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ബാധകമായ കുറഞ്ഞ റോഡ് നികുതി കാരണം, എക്സ്ഇവി 9എസ് ന്റെ മൊത്തം ഉടമസ്ഥാവകാശ ചെലവ് പെട്രോള്‍-ഡീസല്‍ എസ്യുവികളേക്കാള്‍ വളരെ കുറവായിരിക്കും. മഹീന്ദ്ര എക്സ്ഇവി 9എസ് ഉപഭോക്താക്കള്‍ക്ക് 59 കിലോവാട്ട്അവര്‍, 70 കിലോവാട്ട്അവര്‍, 79 കിലോവാട്ട്അവര്‍ എന്നിങ്ങനെ മൂന്ന് ബാറ്ററി ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. 19.95 ലക്ഷം മുതല്‍ 29.45 ലക്ഷം വരെയാണ് എക്സ്-ഷോറൂം വിലകള്‍.
◾ ഗവേഷണപരവും ധ്യാനാത്മകവുമായ സുദീര്‍ഘവായനയുടെയും സൂക്ഷ്മാന്വേഷണത്തിന്റെയും വെളിച്ചം ഈ കൃതിയില്‍ തുളിവീണുകിടക്കുന്നതു നാം കാണുന്നുണ്ട്. ഒരു കവിയുടെ ഹൃദയമര്‍മ്മത്തെ മറ്റൊരു കവി തൊട്ടറിയുന്നതിന്റെ അനുഭവതീവ്രത ഈ പുസ്തകത്തിന്റെറെ സവിശേഷതയാണ്. സാഹിത്യനിരൂപണത്തിനപ്പുറം, ഒരു കാലഘട്ടത്തിന്റെ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും വിശകലനം കൂടിയാണ് ഈ ഗ്രന്ഥം. ‘അമ്പലപ്പുഴയും കുഞ്ചന്‍ പെരുമകളും’. കാവാലം ബാലചന്ദ്രന്‍. ബോധി ബുക്സ്. വില 256 രൂപ.
◾ പോഷകങ്ങളുടെ ഒരു കലവറയാണ് ബദാം. ബദാം പതിവായി കഴിക്കുന്നത് ഹൃദ്രോഗ സാധ്യത മുതല്‍ ശരീരഭാരം നിയന്ത്രിക്കാന്‍ വരെ സഹായിക്കും. ആന്റിഓക്സിഡന്റുകള്‍, ആരോഗ്യകരമായ കൊഴുപ്പ്, മഗ്നീഷ്യം, കാല്‍സ്യം തുടങ്ങിയ ശരീരത്തിന് അവശ്യം വേണ്ട പോഷകങ്ങള്‍ ബദാമില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ബദാമില്‍ വിറ്റാമിന്‍ ഇ പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ഇ ശരീരത്തെ ഫ്രീ റാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കുന്നു. ഇത് അകാല വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ കുറയ്ക്കാനും കോശങ്ങള്‍ നശിക്കുന്നത് തടയാനും സഹായിക്കും. മാത്രമല്ല, വിറ്റാമിന്‍ ഇ പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തും. ബദാം മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകളുടെ അതായത് ആരോഗ്യകരമായ കൊഴുപ്പുകളുടെ മികച്ച ഉറവിടമാണ്. ഇത് രക്തത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. കുടലിലെ നല്ല ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കാന്‍ ബദാമിന് കഴിയും. എന്നിരുന്നാലും ബദാം കഴിക്കുന്നതിലും വേണം ചില നിയന്ത്രണങ്ങള്‍. ബദാം ഒരു ദിവസം ആറ് മുതല്‍ എട്ട് എണ്ണത്തില്‍ കൂടുതല്‍ കഴിക്കരുത്. നട്സ് അലര്‍ജി, വൃക്ക സംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ ഉള്ളവര്‍ ബദാം കഴിക്കുന്നത് ഒഴിവാക്കണം. റോസ്റ്റ് ചെയ്ത ബദാം, അല്ലെങ്കില്‍ ഉപ്പ് ചേര്‍ത്ത ബദാമൊക്കെ രുചികരമെന്ന് തോന്നാം. എന്നാല്‍, ഇവ ആരോഗ്യകരമല്ല. തണുത്തതും വരണ്ടതുമായ സ്ഥലത്ത് വായു കടക്കാത്ത പാത്രത്തില്‍ വേണം ബദാം സൂക്ഷിക്കാന്‍. പരമാവധി നേട്ടം ലഭിക്കുന്നതിന് ബദാം ദിവസവും പരിമിതമായ അളവില്‍ കഴിക്കണം.
മറ്റെന്തെങ്കിലും സഹായം ആവശ്യമുണ്ടോ?
കായംകുളത്ത് അച്ഛനെ മകൻ വെട്ടിക്കൊന്നു
കായംകുളം. അച്ഛനെ മകൻ വെട്ടിക്കൊന്നു. വെട്ടേറ്റ അമ്മയുടെ നില ഗുരുതരം നടരാജനാണ് മരിച്ചത് ഭാര്യ സിന്ധുവിൻ്റെ നില ഗുരുതരം.
അഭിഭാഷകനായ നവജിത്ത് ആണ് മാതാപിതാക്കളെ വെട്ടിയത്. ഇയാൾ മദ്യലഹരിയിൽ വഴക്കിടുക പതിവായിരുന്നു. മാതാപിതാക്കളുമായി സാമ്പത്തിക തർക്കം നിലനിന്നിരുന്നു. ഇതാണ് അക്രമത്തിലെത്തിയത്. രാത്രി എട്ടരയോടെയാണ് ആക്രമണം നടന്നത്
അക്രമി പൊലീസ് പിടിയിലാണ് ‘
കൊല്ലത്ത് ബൈക്ക് അപകടത്തിൽ രണ്ട് മരണം, മരിച്ച യുവാവിൻ്റെ കൂട്ടുകാർ ജില്ലാ ആശുപത്രിയിൽ അതിക്രമം കാട്ടി
കൊല്ലം: മുക്കാട് ബൈക്കിടിച്ച് പരിക്കേറ്റ പശ്ചിമ ബംഗാൾ സ്വദേശി ഗോവിന്ദ് ദാസും, ബൈക്ക് ഓടിച്ചിരുന്ന അനൂപും ആണ് മരിച്ചു.ഗോവിന്ദ ദാസിൻ്റെ മകനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. വൈകിട്ട് 7.30 ഓടെയായിരുന്നു സംഭവം. ചികിത്സ വൈകിയെന്നാരോപിച്ച് അനുപിൻ്റെ സുഹൃത്തുക്കൾ കൊല്ലം ജില്ലാ ആശുപത്രിയിൽ അതിക്രമം നടത്തി. ആശുപത്രിയിലെ ചില്ലുകൾ അക്രമിസംഘം തകർത്തു. സെക്യൂരിറ്റി ജീവനക്കാരി ഷീലാകുമാരിക്ക് മുഖത്ത് പരിക്കേറ്റു.
നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലുടെ നടന്നുപോകയായിരുന്ന പശ്ചിമ ബംഗാൾ സ്വദേശികളെ ഇടിച്ച് മറിയുകയായിരുന്നു.പരിക്കേറ്റ ഗോവിന്ദ ദാസിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്ന അനൂപ് സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.കൊല്ലം ഈസ്റ്റ് പോലീസ് കേസ്സെടുത്തു.
തേനീച്ചക്കൂട്ടത്തിൻ്റെ ആക്രമണത്തിൽ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
തേനീച്ചക്കൂട്ടത്തിൻ്റെ ആക്രമണത്തിൽ 62 വയസ്സുള്ള റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ഉത്തർപ്രദേശിലെ എട്ടായിൽ ഞായറാഴ്ചയാണ് സംഭവം.
അലിഗഞ്ച് ഏരിയക്ക് കീഴിലുള്ള കിനൗദി ഖൈരാബാദ് ഗ്രാമത്തിലാണ് അപകടം ഉണ്ടായത്. റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ അത്തർ സിംഗ് മക്കളോടൊപ്പം തൻ്റെ കൃഷിയിടത്തിൽ വെള്ളം നനയ്ക്കാൻ പോയപ്പോഴാണ് തേനീച്ചകൾ കൂട്ടത്തോടെ ആക്രമിച്ചത്.
അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ സിങ്ങിന്റെ ശരീരത്തിൽ പലഭാഗത്തും കുത്തേറ്റു. കടിയേറ്റ് അവശനിലയിലായ അദ്ദേഹം ഉടൻതന്നെ അവിടെ കുഴഞ്ഞുവീണു.
അബോധാവസ്ഥയിലായ അത്തർ സിങ്ങിനെ ഉടൻതന്നെ കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഒരാൾക്ക് ഒരേ സമയം നൂറുകണക്കിന് തേനീച്ചകളുടെ കുത്തേൽക്കുന്നത് മാരകമാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണം നടന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ മരണം സംഭവിക്കാൻ സാധ്യത കൂടുതലാണെന്നും അലിഗഞ്ച് കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ ഡോക്ടർ അഖ്‌ലാഖ് ഖാൻ അറിയിച്ചു.
വ്യാജ മുന്‍ഗണന റേഷന്‍ കാര്‍ഡ്; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഭക്ഷ്യമന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി
വ്യാജ മുന്‍ഗണന റേഷന്‍ കാര്‍ഡ് അച്ചടിച്ച് വിതരണം ചെയ്യപ്പെട്ട സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ബീമാപ്പള്ളി, പൂന്തുറ എന്നിവിടങ്ങളിലായി 146 വ്യാജ മുന്‍ഗണന കാര്‍ഡുകളാണ് വിതരണം ചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബീമാപ്പള്ളി റേഷന്‍ കടയുടമ സഹദ്ഖാന്‍, കംപ്യൂട്ടര്‍ സെന്റര്‍ ഉടമ ഹസീബ് ഖാന്‍ എന്നിവരെ വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മുന്‍ഗണേതര വിഭാഗത്തിലെ വെള്ള, നീല കാര്‍ഡ് ഉടമകളെയാണ് മുന്‍ഗണനാകാര്‍ഡ് (പിങ്ക്) വിഭാഗത്തിലേക്ക് മാറ്റിയത്. അപേക്ഷ നല്‍കിയശേഷം റേഷന്‍ കാര്‍ഡ് മാനേജിങ് വെബ്സൈറ്റിലെ പാസ്വേര്‍ഡും ഡാറ്റാബേസിലെ വിവരങ്ങളും ചോര്‍ത്തിയാണ് കാര്‍ഡുകള്‍ മാറ്റിനല്‍കിയത്. ജൂണ്‍ മുതലാണ് തട്ടിപ്പ്. കാര്‍ഡുകാരില്‍ പലരും റേഷന്‍കടയില്‍നിന്ന് ഭക്ഷ്യസാധനങ്ങളും വാങ്ങിയിട്ടുണ്ട്. ഭക്ഷ്യവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ക്ക് തോന്നിയ സംശയത്തിലാണ് പൊലീസില്‍ പരാതി നല്‍കിയത്.
അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ സംഭവം: രാഹൂൽ ഈശ്വർ അറസ്റ്റിൽ
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ അതിജീവിതയെ പരസ്യമായി അപമാനിക്കുകയും, അതി ജീവിതയെപ്പറ്റിയുള്ള വ്യക്തിപരമായ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന പരാതിയിൽ സാമൂഹ്യ പ്രവര്‍ത്തകനായ രാഹുല്‍ ഈശ്വറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.കേസിലെ അഞ്ചാം പ്രതിയാണ് രാഹുൽ ഈശ്വർ, കെ പി സി സി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ നാലാം പ്രതിയാണ്. രഞ്ജിത പുളിക്കൽ, ദീപാ ജോസഫ് എന്നിവർ ഒന്നും രണ്ടും പ്രതികളാണ്.തിരുവനന്തപുരം സൈബര്‍ പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെട്ട കേസിലെ അതിജീവിതയെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തിയതിനാണ് നടപടി.
അതിജീവിതയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.അതിജീവിതയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. കസ്റ്റഡിയിലെടുത്ത രാഹുല്‍ ഈശ്വറിനെ എ ആർ ക്യാംപിൽ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.രാഹുലിൻ്റെ ലാപ്ടോപ്പും ഫോണും പോലീസ് പിടിച്ചെടുത്തു.
നിലവില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഒളിവില്‍ കഴിയുന്ന സാഹചര്യത്തിലാണ്, അതിജീവിതയെ അപമാനിച്ചതിന് രാഹുല്‍ ഈശ്വറിനെതിരെയും നിയമനടപടി ഉണ്ടായിരിക്കുന്നത്.
കന്നഡ നടന്‍ എം.എസ്. ഉമേഷ് അന്തരിച്ചു
പ്രശസ്ത കന്നഡ നടന്‍ എം.എസ്. ഉമേഷ് (80) അന്തരിച്ചു. അര്‍ബുദ ബാധിതനായി ഏറെ നാളുകളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം വീട്ടില്‍ കാല്‍ വഴുതി വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കന്നഡ സിനിമയിലെ തന്നെ മികച്ച ഹാസ്യ വേഷങ്ങള്‍ ചെയ്യുന്ന നടനായിരുന്നു ഉമേഷ്.
തപ്പു തലങ്കല്‍, കിലാഡി ജോഡി, മക്കല രാജ്യ, കഥാ സംഗമ, അന്ത, ഗുരു ശിഷ്യരു തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ആറ് പതിറ്റാണ്ടിലേറെ നീണ്ടു നിന്ന കരിയറില്‍ ഏകദേശം 400-ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
രാഷ്ട്രീയ നേതാക്കളും ചലച്ചിത്ര പ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. ബി.ആര്‍. പന്തുലുവിന്റെ മക്കള രാജ്യ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ഉമേഷ് സിനിമാ ലോകത്തേക്ക് കടക്കുന്നത്.
ദുരഭിമാന കൊല,കൊല്ലപ്പെട്ട കാമുകനെ സംസ്കാര ചടങ്ങുകൾക്ക് മുമ്പ് പ്രതീകാത്മകമായി വിവാഹം ചെയ്തു കാമുകി
മുംബൈ. മഹാരാഷ്ട്രയിൽ ദുരഭിമാന കൊല
കൊല്ലപ്പെട്ട കാമുകനെ സംസ്കാര ചടങ്ങുകൾക്ക് മുമ്പ് പ്രതീകാത്മകമായി വിവാഹം ചെയ്തു കാമുകി
മഹാരാഷ്ടയിലെ നന്ദേഡിലാണ് സംഭവം
കൊല്ലപ്പെട്ടത് 20 കാരനായ സക്ഷം
കാമുകി ആഞ്ചൽ സിന്ദൂരമണിഞ്ഞ് കൊല്ലപ്പെട്ട കാമുകന്റെ വീട്ടിൽ താമസിക്കാൻ തീരുമാനിച്ചു
ആഞ്ചലിന്റെ കുടുംബം അതിക്രൂരമായി ഇരുപതുകാരനെ കൊലപ്പെടുത്തുകയായിരുന്നു







































