26.7 C
Kollam
Wednesday 31st December, 2025 | 02:28:09 PM
Home Blog Page 1237

ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ വീണ്ടും വധഭീഷണി

ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ വീണ്ടും വധഭീഷണി. താരത്തെ വീട്ടിലെത്തി വധിക്കുമെന്നും കാര്‍ ബോംബ് വച്ച് തകര്‍ക്കുമെന്നുമാണ് വാട്സാപ്പ് സന്ദേശത്തിന്‍റെ ഉള്ളടക്കം. മുംബൈ വര്‍ളി ട്രാന്‍സ്പോര്‍ട്ട് ഓഫിസിലേക്കാണ് സന്ദേശമെത്തിയത്. സംഭവത്തില്‍ മുംബൈ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ലോറന്‍സ് ബിഷ്ണോയ് സംഘത്തിന്‍റേതാണോ ഭീഷണിയെന്ന് പൊലീസ്  ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. 

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സല്‍മാന്‍റെ വസതിക്ക് നേരെ വെടിവയ്പ്പ് ഉണ്ടാവുകയും സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലാവുകയും ചെയ്തിരുന്നു. ബാബ സിദ്ദിഖി കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഈ ആക്രമണം ഉണ്ടായത്. ഇതോടെ  സല്‍മാന്‍റെ സുരക്ഷ ശക്തമാക്കുകയും വസതിയിലെ മട്ടുപ്പാവില്‍ ബുള്ളറ്റ് പ്രൂഫ് ഗ്ലാസുള്‍പ്പടെ സ്ഥാപിക്കുകയും ചെയ്തു. 

കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നുവെന്ന് ആരോപിച്ചാണ് ബിഷ്ണോയ് ഗ്യാങ് സല്‍മാനെതിരെ വധഭീഷണി നേരത്തെ മുഴക്കിയത്. ബിഷ്ണോയ് സമൂഹം പവിത്രമായി കാണുന്ന കൃഷ്ണമൃഗത്തെ ആക്രമിച്ചതിന് പകരം ചോദിക്കുമെന്നായിരുന്നു ലോറന്‍സ് ബിഷ്ണോയുടെ ഭീഷണി.

കെ. സി. സി. നെടുമങ്ങാട് അസംബ്ലി പ്രവർത്തന ഉദ്ഘാടനം മന്ത്രി ജി. ആർ. അനിൽ നിർവഹിച്ചു

തിരുവനന്തപുരം: കേരള കൗൺസിൽ ഓഫ് ചർച്ചസ് കേരളത്തിലുടനീളം സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രൂപ്പീകരിച്ച നെടുമങ്ങാട് അസംബ്ലിയുടെ പ്രവർത്തന ഉദ്ഘാടനം കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ അനിൽ നിർവഹിച്ചു. മുക്കോല സി. എസ്. ഐ സഭയിൽ നടന്ന യോഗത്തിൽ അസംബ്ലി പ്രസിഡന്റ്‌ റവ. എൻ. ആർ. സനിൽ കുമാർ അധ്യക്ഷനായിരുന്നു. സോൾ വിന്നിംഗ് ചർച്ച് ഓഫ് ഇന്ത്യ സഭയുടെ ബിഷപ്പ് ഡോ. ഓസ്റ്റിൽ എം എ പോൾ പുതിയ ഭാരവാഹികൾക്കുള്ള നിയോഗ ശുശ്രൂഷക്ക് നേതൃത്വം നൽകി. കെ. സി. സി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് മുഖ്യ സന്ദേശം നൽകി.
കെ സി സി ജില്ലാ പ്രസിഡന്റ്‌ റവ. എ. ആർ. നോബിൾ, ട്രഷറർ റവ. ഡോ. എൽ. ജെ. സാംജീസ്, അസംബ്ലി സെക്രട്ടറി ജി. വിജയരാജ്, ട്രഷറർ ജെ. വി സന്തോഷ്‌ എന്നിവർ പ്രസംഗിച്ചു.

കേരളത്തിന് ഒരു വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിൻ കൂടി

തിരുവനന്തപുരം: ഈ വർഷം ഓടിത്തുടങ്ങുന്ന പത്ത് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളില്‍ ഒരെണ്ണം കേരളത്തിന് അനുവദിക്കുമെന്ന് സൂചന.

ദക്ഷിണ റെയില്‍വേയ്ക്ക് അനുവദിക്കുന്ന 16 കോച്ച്‌ ട്രെയിൻ തിരുവനന്തപുരം – മംഗളൂരു റൂട്ടില്‍ ഓടിക്കാനാണ് ആലോചിക്കുന്നത്.

തിരുവനന്തപുരം – ബംഗളൂരു, കൊങ്കണ്‍ റൂട്ടില്‍ പരിഗണിക്കുന്ന കന്യാകുമാരി – ശ്രീനഗർ റൂട്ടുകളും അനുവദിക്കപ്പെട്ടാല്‍ കേരളത്തിനു നേട്ടമാകും.

ചെന്നൈയിലെ ഇന്‍റഗ്രല്‍ കോച്ച്‌ ഫാക്റ്ററിയിലാണ് വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകള്‍ നിർമിക്കുന്നത്. ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിനാണ് ഇതിന്‍റെ ചുമതല. 16 കോച്ചുള്ള വന്ദേ ഭാരത് സ്ലീപ്പറില്‍ ഒരേ സമയം 1128 പേർക്ക് യാത്ര ചെയ്യാം.

അത്യാധുനിക രീതിയില്‍ തയാറാക്കി ബർത്തുകള്‍ യാത്രാ സുഖം ഉറപ്പ് നല്‍കുന്നു. വായിക്കാൻ പ്രത്യേക പ്രകാശ ക്രമീകരണവും, ജിപിഎസ് അടിസ്ഥാനമാക്കിയുള്ള എല്‍ഇടി ഡിസ്പ്ലേയുമെല്ലാം സ്ലീപ്പർ കോച്ചിന്‍റെ പ്രത്യേകതകളാണ്.

മോഡുലാർ പാൻട്രി, ഓട്ടോമാറ്റിക് വാതിലുകള്‍, മികച്ച സുരക്ഷാ സംവിധാനങ്ങള്‍, ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള ശൗചാലയങ്ങള്‍ തുടങ്ങിയവും ഇതിലുണ്ടാകും.

വളർത്തുനായയുടെ കലിയിൽ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം, 7മാസം പ്രായമുള്ള കുഞ്ഞിനെ കടിച്ചുകീറി പിറ്റ്ബുൾ

ഒഹിയോ: പിഞ്ചു കുഞ്ഞിനൊപ്പം സ്ഥിര സാന്നിധ്യമായിരുന്ന നായയുടെ കലിയിൽ ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം. അമേരിക്കയിലെ ഓഹിയോയിലെ ഫ്രാങ്ക്ലിൻ കൌണ്ടിയിലാണ് സംഭവം. വീട്ടുകാർ ഓമനിച്ച് വളർത്തിയിരുന്ന പിറ്റ്ബുൾ നായയാണ് ഏഴ് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കടിച്ച് കൊന്നത്. എന്നാൽ നടന്നത് എന്താണെന്ന് വ്യക്തമല്ലെന്ന വീട്ടുകാരുടെ മൊഴിയിൽ സംഭവത്തിൽ അന്വേഷണത്തിനൊരുങ്ങുകയാണ് ഫ്രാങ്ക്ലിൻ കൌണ്ടി മൃഗസംരക്ഷണ വകുപ്പ്.

മാക്കെൻസി കോപ്ലെ എന്ന യുവതിയാണ് ആകസ്മികമായി തങ്ങൾക്ക് സംഭവിച്ച ദുരന്തത്തേക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചത്. ഏപ്രിൽ ഒൻപതിനായിരുന്നു കുഞ്ഞിനെ വളർത്തുനായ ആക്രമിച്ചത്. മാക്കെൻസിയുടെ ഏഴ് മാസം പ്രായമുള്ള എലിസ ടേർണർ എന്ന പെൺകുഞ്ഞാണ് വളർത്തുനായയുടെ ആക്രമണത്തിൽ മരിച്ചത്. എന്താണ് കാരണമെന്ന് മനസിലാകുന്നില്ലെന്നാണ് മാക്കെൻസി ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്. ഏഴ് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം കളിക്കുന്ന നായയുടെ ചിത്രമടക്കമാണ് യുവതിയുടെ കുറിപ്പ്. എല്ലാ ദിവസവും കുഞ്ഞിനൊപ്പമുണ്ടായിരുന്ന നായ തന്നെയാണ് ഇത്തരമൊരു ക്രൂരത ചെയ്തതെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും താൻ തകർന്ന അവസ്ഥയിലാണെന്നുമാണ് യുവതി കുറിക്കുന്നത്. മൂന്ന് പിറ്റ്ബുൾ നായകളാണ് ഈ വീട്ടുകാർക്കുള്ളത്. അടുത്തിടെയാണ് ഇവർ തങ്ങളുടെ പുതിയ വീട്ടിലേക്ക് മാറിയത്.

നായയെ പ്രകോപിപ്പിച്ചത് എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ലെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചെറിയ കുട്ടികളുള്ള വീടുകളിൽ പിറ്റ്ബുൾ ഇനത്തിലുള്ള നായകളെ അടക്കം സൂക്ഷിക്കുന്നതിലെ അപ്രതീക്ഷിത അപകടം മുന്നോട്ട് വയ്ക്കുന്നതാണ് എലിസയ്ക്ക് സംഭവിച്ചതെന്നാണ് അമ്മയുടെ ഫേസ്ബുക്ക് കുറിപ്പിന് ലഭിക്കുന്ന പ്രതികരണങ്ങളിൽ ഏറെയും.

മനു കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നു, ദൃശ്യങ്ങൾ എടുത്തവർക്കും പ്രചരിപ്പിച്ചവർക്കുമെതിരെ നിയമനടപടി; ആളൂർ

കൊല്ലം: മുൻ ഗവ സീനി​യർ പ്ലീഡർ പിജി മനു ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ക്രിമിനൽ അഭിഭാഷകൻ ബിഎ ആളൂർ. മനു കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നതായി സഹപ്രവർത്തകനായ ആളൂർ പറ‍ഞ്ഞു. പീഡനക്കേസിൽ യുവതിയുടെ വീട്ടിൽ കുടുംബത്തോടൊപ്പമെത്തി മാപ്പ് പറയുന്ന ദൃശ്യങ്ങൾ പുറത്തായതോടെയാണ് പി ജി മനു മാനസികമായി തകർന്നതെന്ന് ആളൂർ പറഞ്ഞു. ഇന്നലെയാണ് കൊല്ലത്തെ വാടകവീട്ടിൽ മനുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

അതിജീവിതയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന മനുവിന് വീണ്ടും ജയിലിൽ പോകേണ്ടി വരുമെന്ന ഭയം ഉണ്ടായിരുന്നു. ദൃശ്യങ്ങൾ ചിത്രീകരിച്ചവർക്കും പ്രചരിപ്പിച്ചവർക്കും എതിരെ നിയമനടപടിയുമായി നീങ്ങും. പി ജി മനുവിന്റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകും. ഡോ വന്ദനദാസ് കുത്തേറ്റുമരിച്ച കേസിൽ പ്രതിഭാഗം അഭിഭാഷകനായ മനു തുടർവാദത്തിന് തയ്യാറെടുക്കവേയാണ് അപ്രതീക്ഷിത മരണമെന്നും ആളൂർ പറഞ്ഞു.

നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയാണ് പി ജി മനു. ജാമ്യത്തിൽ തുടരവെ മറ്റൊരു യുവതിയുമായി ബന്ധപ്പെട്ടും പീഡന ആരോപണം ഉയർന്നു. ഇതിൽ യുവതിയോടും കുടുംബത്തോടും അഭിഭാഷകൻ മാപ്പ് ചോദിക്കുന്നുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചിരുന്നു. ഇതേ തുടർന്നുള്ള മനോവിഷമമാണോ മരണത്തിലേക്ക് നയിച്ചതെന്നാണ് സംശയം. ബന്ധുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും അന്വേഷണ സംഘം ഉടൻ മൊഴിയെടുക്കും. പി ജി മനുവിനെ കൊല്ലത്തെ വാടക വീട്ടിൽ ഇന്നലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിന്റെ ആവശ്യങ്ങൾക്കായി താമസിച്ചിരുന്ന വാടകവീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം പിറവം സ്വദേശിയാണ്.

ഹൈക്കോടതിയിൽ സീനിയർ ഗവൺമെൻ്റ് പ്ലീഡറായി പ്രവർത്തിച്ചിരുന്നു. പീഡന കേസിൽ പ്രതിയായതോടെ രാജിവക്കുകയായിരുന്നു. എൻഐഎ ഉൾപ്പെടെ ഏജൻസികളുടെയും അഭിഭാഷകനായിരുന്നു. നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പി ജി മനുവിന് ജാമ്യം ലഭിച്ചിരുന്നു. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിൽ വിചാരണ തീരുന്നത് വരെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, പാസ്പോർട്ട് ഹാജരാക്കണം, എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം, രണ്ട് ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആൾ ജാമ്യവും എന്നിവയായിരുന്നു ഉപാധികൾ. കേസിൽ കുറ്റപത്രം സമർപ്പിച്ചതായി പ്രോസിക്യൂഷൻ അറിയിച്ചു. ഇത് കണക്കിലെടുത്താണ് ഉപാധികളോടെ കോടതി ജാമ്യം നൽകിയത്.

കഴിഞ്ഞ ജനുവരി 31 നാണ് പുത്തൻകുരിശ് ഡിവൈഎസ്പിയക്ക് മുന്നിൽ പിജി മനു കീഴടങ്ങിയത്. 2018 ൽ ഉണ്ടായ ലൈംഗിക അതിക്രമ കേസിൽ അഞ്ച് വർഷമായിട്ടും നടപടിയാകാതെ വന്നപ്പോൾ പൊലീസ് നിർദ്ദേശപ്രകാരം നിയമ സഹായം തേടിയെത്തിയ യുവതിയെ ഓഫീസിൽ വെച്ചും വീട്ടിൽ വെച്ചും ബലാത്സഗം ചെയ്തെന്നാണ് പി ജി മനുവിനെതിരായ കേസ്. അഭിഭാഷകൻ അയച്ച വാട്സ്ആപ് ചാറ്റുകൾ, ഓഡിയോ സംഭാഷണം എന്നിവ തെളിവായി പൊലീസിന് കൈമാറിയിട്ടുണ്ട്. ബലാത്സംഗം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പി ജി മനുവിനെതിരെ കേസെടുത്തിരുന്നത്.

പി.വിജയനെതിരായ വ്യാജമൊഴി; എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാൻ ഡിജിപിയുടെ ശുപാര്‍ശ

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ശുപാര്‍ശ. എഡിജിപി പി വിജയനെതിരെ വ്യാജമൊഴി നല്‍കിയതുമായി ബന്ധപ്പെട്ടാണ് എം ആർ അജിത് കുമാറിനെതിരെ കേസെടുക്കാൻ ഡിജിപി ശുപാർശ ചെയ്തിരിക്കുന്നത്.

സ്വര്‍ണക്കടത്തില്‍ പി വിജയന് പങ്കുണ്ടെന്ന് അജിത് കുമാര്‍ മൊഴി നല്‍കിയിരുന്നു. മുൻ മലപ്പുറം എസ് പി സുജിത് ദാസാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും അജിത് കുമാർ പറഞ്ഞിരുന്നു. ഇതിനെതിരെ പി വിജയൻ ഡിജിപിക്ക് പരാതി നല്‍കുകയായിരുന്നു. അജിത് കുമാർ നല്‍കിയത് വ്യാജമൊഴിയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതോടെയാണ് കേസെടുക്കാൻ ഡിജിപി ശുപാർശ നല്‍കിയിരിക്കുന്നത്. അജിത് കുമാറിനെതിരെ സിവിലായും ക്രിമിനലായും കേസെടുക്കാമെന്ന് ഡിജിപി നല്‍കിയ ശുപാർശയില്‍ പറയുന്നു

സ്വർണത്തിൽ ‘വിഷു’ ആശ്വാസം; ഇന്നു നേരിയ വിലക്കുറവ്, ട്രംപിന്റെ മലക്കംമറിച്ചിലിൽ ഇനി വില താഴേക്കോ?

വിഷു ദിനമായ ഇന്ന് ആഭരണപ്രേമികൾക്ക് അൽപം ആശ്വാസം സമ്മാനിച്ച് സ്വർണവിലയിൽ നേരിയ വിലക്കുറവ്. ഗ്രാമിന് 15 രൂപ കുറഞ്ഞ് വില 8,755 രൂപയും പവന് 120 രൂപ താഴ്ന്ന് 70,040 രൂപയുമായി. രാജ്യാന്തര വില ആവേശം വിട്ടൊഴിഞ്ഞ് നിന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും വില കുറഞ്ഞത്. ഔൺസിന് 3,245 ഡോളർ എന്ന എക്കാലത്തെയും റെക്കോർഡ് വരെ ഉയർന്നെങ്കിലും രാജ്യാന്തരവില ഇപ്പോഴുള്ളത് 3,233 ഡോളറിൽ.

ഇക്കഴിഞ്ഞ ശനിയാഴ്ച (ഏപ്രിൽ 12) രേഖപ്പെടുത്തിയ പവന് 70,160 രൂപയും ഗ്രാമിന് 8,770 രൂപയുമാണ് കേരളത്തിലെ സർവകാല റെക്കോർഡ്. പവൻ ചരിത്രത്തിൽ ആദ്യമായി 70,000 രൂപയെന്ന നാഴികക്കല്ല് ഭേദിച്ചതും അന്നായിരുന്നു. സംസ്ഥാനത്ത് 18 കാരറ്റ് സ്വർണവിലയും ഇന്നു കുറഞ്ഞു. ചില കടകളിൽ ഗ്രാമിന് 10 രൂപ താഴ്ന്ന് 7,250 രൂപ. മറ്റു ചില കടകളിൽ വ്യാപാരം 10 രൂപ കുറഞ്ഞ് 7,210 രൂപയിലും. വെള്ളിവില ഗ്രാമിന് 107 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.

ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങൾക്കുംമേൽ വാശിയോടെ പകരച്ചുങ്കം ഏർപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ട്രംപ് മലക്കംമറിഞ്ഞു തുടങ്ങിയതോടെ, ആഗോള സമ്പദ്‍രംഗത്ത് പ്രതീക്ഷകളുടെ കിരണങ്ങൾ തെളിയുന്നതാണ് സ്വർണവിലയെ പിന്നോട്ട് നയിക്കുന്നത്. പകരച്ചുങ്കത്തിൽ ചൈനയ്ക്കൊഴികെ എല്ലാ രാജ്യങ്ങൾക്കും 90 ദിവസത്തെ സാവകാശം അനുവദിച്ച ട്രംപ്, ഇപ്പോൾ ചൈനയിൽ നിന്നുള്ള സ്മാർട്ഫോണുകൾക്കും കംപ്യൂട്ടറുകൾക്കുംമേലുള്ള പകരച്ചുങ്കം ഒഴിവാക്കിയിട്ടുണ്ട്. 20% അടിസ്ഥാന തീരുവ മാത്രമാണ് നിലവിൽ ഇവയ്ക്കു ബാധകം.

വില കുറഞ്ഞെങ്കിലും കേരളത്തിൽ 3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവയും കൂടിച്ചേരുമ്പോൾ 75,000 രൂപയ്ക്കടുത്ത് നൽകിയാലേ ഇന്നൊരു പവൻ ആഭരണം വാങ്ങാനാകൂ. ഒരു ഗ്രാം സ്വർണാഭരണത്തിന് 9,400 രൂപയോളവും കൊടുക്കണം.

നഗരമധ്യത്തിൽ നടുറോഡിൽ യുവതികളെ പീഡിപ്പിച്ചു; യുവാവിനെ കോഴിക്കോട്ടുനിന്നു പിടികൂടി

ബെംഗളൂരു: ലൈംഗികാതിക്രമക്കേസിലെ പ്രതിയെ കേരളത്തിലെത്തി അറസ്റ്റ് ചെയ്ത് ബെംഗളൂരു പൊലീസ്. ബെംഗളൂരുവിലെ കാർ ഷോറൂമിൽ ഡ്രൈവറായ സന്തോഷിനെ (26) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലെ ബിടിഎം ലേഔട്ടിന് സമീപം രണ്ടു യുവതികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയാണ് സന്തോഷ്.

യുവതികളെ ഒരാൾ പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ദൃശ്യങ്ങളിൽ വ്യക്തതയില്ലാത്തതിനാൽ കേസന്വേഷണത്തിൽ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. തുടർന്ന് അന്വേഷണസംഘത്തിന്റെ നേതൃത്വത്തിൽ 700 സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. മൂന്നു സംസ്ഥാനങ്ങളിലായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് സന്തോഷിലേക്ക് എത്തിയത്.

യുവതികളെ ആക്രമിച്ച ശേഷം പ്രതി സംഭവസ്ഥലത്തുനിന്നു മുങ്ങിയിരുന്നു. ബെംഗളൂരുവിൽനിന്ന് തമിഴ്‌നാട്ടിലെ ഹൊസൂരിലേക്കാണ് പ്രതി സന്തോഷ് ആദ്യം കടന്നത്. തുടർന്ന് സേലത്തേക്കും പിന്നീട് കോഴിക്കോട്ടേക്കും രക്ഷപ്പെടുകയായിരുന്നു. മൂന്ന് സംസ്ഥാനങ്ങളിലായി ഒരാഴ്ചയോളം നീണ്ടുനിന്ന അന്വേഷണമാണ് ബെംഗളൂരു പൊലീസ് സന്തോഷിനായി നടത്തിയത്..

‘തന്‍റെ കാർ സുഹൃത്ത് ഓടിച്ച് അപകടമുണ്ടാക്കിയാൽ തന്നെയും പ്രതി ചേർക്കും’; വീണ്ടും വീഡിയോയുമായി മുഹമ്മദ് ഷുഹൈബ്

കോഴിക്കോട്: കോഴിക്കോട്: വീണ്ടും യൂട്യൂബ് വീഡിയോയുമായി ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന കേസിലെ മുഖ്യപ്രതിയായ എം എസ് സൊല്യൂഷന്‍സ് സിഇഒ മുഹമ്മദ്‌ ഷുഹൈബ്. ചോദ്യ പേപ്പർ ചോർച്ച കേസിലെ ന്യായീകരണങ്ങളാണ് പുതിയ വീഡിയോയിലുള്ളത്. മറ്റുള്ളവർ ചെയ്ത തെറ്റിനാണ് തന്നെ പ്രതി ചേർത്തത്.

തന്‍റെ കാർ സുഹൃത്ത് ഓടിച്ച് അപകടമുണ്ടാക്കിയാൽ തന്നെയും പ്രതി ചേർക്കും. ചോദ്യപേപ്പർ ചോർച്ചയിൽ തന്നെ പ്രതി ചേർത്തതും അങ്ങനെ കണ്ടാൽ മതി. യൂട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. മൂന്ന് മാസത്തിന് ശേഷമാണ് ഷുഹൈബ് വീണ്ടും വീഡിയോ ചെയ്യുന്നത്. ചോദ്യപേപ്പർ ചോർച്ച കേസിൽ ജാമ്യം കിട്ടിയതിനു പിറകെയാണ് പുതിയ വീഡിയോ ചെയ്തിട്ടുള്ളത്.

വിദ്യാർത്ഥികൾക്ക് ഒപ്പമാണ് എന്നും നിന്നിട്ടുള്ളത്. കുട്ടികളെ പോലെ അധ്യാപകർക്കും മൂല്യനിർണയം വേണമെന്ന് ആവശ്യപ്പെട്ടു മന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇത് ചില അധ്യാപകർക്ക് തന്നോട് ശത്രുത ഉണ്ടാക്കിയെന്നാണ് ഷുഹൈബ് പറയുന്നു. ലഹരി മാഫിയക്ക് ചില സ്കൂളുകളുമായും ട്യൂഷൻ സെന്‍ററുകളുമായും അടുപ്പമുണ്ടെന്ന് പറഞ്ഞതും ശത്രുത വർദ്ധിപ്പിച്ചുവെന്ന് ഷുഹൈബ് വീഡിയോയിൽ പറയുന്നു. എംഎസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന് ചോദ്യപ്പേപ്പർ ചോർത്തി നൽകിയത് മലപ്പുറം മേൽമുറിയിലെ അൺ എയ്‌ഡഡ‍് സ്‌കൂളിലെ പ്യൂൺ അബ്ദുൽ നാസറാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. എം എസ് സൊല്യൂഷൻസ് അധ്യാപകൻ ഫഹദിന് ചോദ്യപേപ്പർ ചോർത്തി നൽകിയത് ഇയാളാണെന്നായിരുന്നുൂ കണ്ടെത്തല്‍. അബ്‌ദുൾ നാസർ ജോലി ചെയ്യുന്ന സ്‌കൂളിലാണ് മുൻപ് ഫഹദ് ജോലി ചെയ്തിരുന്നത്. ഈ ബന്ധം മുൻനിർത്തിയാണ് ചോദ്യപ്പേപ്പർ ചോർത്തിയതെന്നാണ് വിവരം.

മേൽമുറി മഅ്ദിൻ ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്യൂണാണ് പിടിയിലായ അബ്ദുൽ നാസർ. മലപ്പുറം ജില്ലയിലെ രാമപുരം സ്വദേശിയാണ് ഇയാൾ. ചോദ്യപ്പേപ്പർ ചോർച്ച സംബന്ധിച്ച ഫഹദിനെ ചോദ്യം ചെയ്തതിൽ നിന്നാണ് അബ്‌ദുൽ നാസറിനെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. നാല് സയൻസ് വിഷയത്തിലെ ചോദ്യപ്പേപ്പറാണ് ഇയാൾ ഫഹദിന് അയച്ചുകൊടുത്തത്. ഫോണിൽ ചോദ്യപ്പേപ്പറിന്‍റെ ചിത്രമെടുത്ത് അയച്ച് കൊടുക്കുകയായിരുന്നു. ചോദ്യം ചോർത്തിയത് അബ്ദുൾ നാസർ സമ്മതിച്ചുവെന്നും ഗൂഢാലോചന തെളിഞ്ഞെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിരുന്നു

ഇത്തവണ വിഷുവിന് സദ്യക്കൊപ്പം ഒരു വെറൈറ്റി പായസം ഉണ്ടാക്കിയാലോ?

ഇത്തവണ വിഷുവിന് സദ്യക്കൊപ്പം ഒരു വെറൈറ്റി പായസം ഉണ്ടാക്കിയാലോ? അടപ്രഥമനും, സേമിയയുമൊക്കെ കഴിച്ച് മടുത്തവരാണ് നമ്മൾ. അതിനാൽ ഈ വട്ടം കടല പായസം തയ്യാറാക്കാം.

ചേരുവകൾ

കടലപരിപ്പ് – 1 കപ്പ്
തേങ്ങ – 3 എണ്ണം
അണ്ടിപരിപ്പ് – 50 ഗ്രാം
ശർക്കര – ¾ കിലോ
ഉണക്കമുന്തിരി – 50 ഗ്രാം
നെയ്യ് – 50 ഗ്രാം
ഏലക്കായ് – 6 എണ്ണം
ഉണക്ക തേങ്ങ അരിഞ്ഞത് (ചെറുതായി) – ¼ കപ്പ്
ചൗവ്വരി – 1 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

രണ്ടു കപ്പ് വെള്ളം ചേർത്ത് കടലപരിപ്പ് കുക്കറിൽ വേവിയ്ക്കുക. വെള്ളം 1 കപ്പ് ഒഴിച്ച് തിളപ്പിച്ച് ശർക്കര ചേർത്ത് പാനിയാക്കുക. തണുത്ത ശേഷം അഴുക്കു കളഞ്ഞ് അരിച്ചു വെയ്ക്കുക. വെന്ത പരിപ്പ് മിക്സിയിൽ ഇട്ട് തരിതരിയായി അരച്ചുവയ്ക്കുക. ചിരകിയ തേങ്ങയിൽ നിന്നും കട്ടി തേങ്ങാപാൽ 2 കപ്പ്, രണ്ടാം പാൽ 3 കപ്പ്, 5 കപ്പ് മൂന്നാം പാൽ എടുക്കുക. ഉരുളി അടുപ്പത്തു വെച്ച് ചൂടാക്കി ശർക്കര പാനി, അരച്ച കടലയ്ക്കൊപ്പം ഇളക്കി ഇളക്കി തിളപ്പിക്കുക. ഇടയ്ക്കിടെ നെയ്യ് ചേർത്തു കൊണ്ടിരിക്കണം. ആദ്യം മൂന്നാം പാൽ കുറച്ചു കഴിഞ്ഞ് രണ്ടാം പാൽ ചേർക്കുക. പായസം ഒരു വിധം കുറുകിവരുമ്പോൾ വെള്ളത്തിൽ കുതിർത്ത് വെച്ച ചൗവ്വരി ചേർക്കുക (ഈ ചൗവ്വരി പായസത്തിൽ കിടന്ന് വെന്തുകിട്ടും). അവസാനം ഒന്നാം പാൽ ചേർക്കുക. ഒന്നാം പാൽ ചേർത്തശേഷം തിളയ്ക്കരുത്. പായസം അടുപ്പത്തുനിന്നും വാങ്ങി വെച്ച് നെയ്യിൽ മൂപ്പിച്ച അണ്ടിപരിപ്പ്, അരിഞ്ഞ തേങ്ങ, ഉണക്കമുന്തിരി ഏലയ്ക്കാപൊടി ഇവ ചേർത്ത് ചൂടോടെ ഇലയിൽ വിളമ്പാവുന്നതാണ്.