25.3 C
Kollam
Wednesday 31st December, 2025 | 09:26:06 AM
Home Blog Page 1234

ഐപിഎല്ലിൽ പഞ്ചാബ്-ഹൈദരാബാദ് മത്സരവുമായി ബന്ധപ്പെട്ട് വാതുവയ്പ്പ് നടത്തിയ സംഘം പിടിയിൽ

ഐപിഎല്ലിൽ പഞ്ചാബ്-ഹൈദരാബാദ് മത്സരവുമായി ബന്ധപ്പെട്ട് വാതുവയ്പ്പ് നടത്തിയ അഞ്ചാംഗ സംഘം ഡൽഹിയിൽ പിടിയിൽ. പ്രധാന സൂത്രധാരൻ യുദ്ധ്വീറടക്കമുള്ളവരാണ് ഡൽഹി പൊലീസിന്റെ പിടിയിലായത്. വികാസ് ഗിർസ, സുകേഷ്, മോഹിത് ഷാക്യ, മന്ദീപ് ഗിർസ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വികാസ് പുരിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. 30 ലക്ഷം രൂപയും 10 മൊബൈൽ ഫോണുകളും ലാപ്ടോപ്പും എല്‍.ഇ.ഡി ടിവിയും പിടികൂടിയിട്ടുണ്ട്. ഗുജറാത്ത്-ലഖ്‌നൗ മത്സരവുമായി ബന്ധപ്പെട്ടും വാതുവെപ്പ് നടത്തിയതായാണ് വിവരം. അറസ്റ്റിലായവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്

വയനാട്. മീനങ്ങാടി അപ്പാട് – മൂന്നാനക്കുഴി റോഡിൽ കാട്ടുപന്നി ആക്രമണം. ബൈക്ക് യാത്രികരായ സഹോദരങ്ങൾക്ക് പരിക്കേറ്റു. കാപ്പിക്കുന്ന് സ്വദേശികളായ നന്ദു, അനന്തു എന്നിവർക്കാണ് പരിക്കേറ്റത്. യാത്ര ചെയ്യുമ്പോൾ കാട്ടുപന്നി കുത്തുകയായിരുന്നു

ബഹിരാകാശ ദൗത്യത്തില്‍ ക്രൂ അംഗങ്ങളെല്ലാം വനിതകളാകുന്നത് ആദ്യം

വെസ്റ്റ് ടെക്‌സസില്‍ നിന്ന് കുതിച്ചുയര്‍ന്ന ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേര്‍ഡ് റോക്കറ്റ് വിക്ഷേപണം വിജയകരം. എയ്‌റോ സ്‌പേസ് കമ്പനിയായ ബ്ലൂ ഒറിജിന്‍ അയച്ച ന്യൂഷെപ്പേര്‍ഡ് റോക്കറ്റില്‍ ആറ് വനിതകളാണുണ്ടായിരുന്നത്. 10 മിനിറ്റ് ദൗത്യം പൂര്‍ത്തിയാക്കി ക്രൂ ക്യാപ്‌സൂള്‍ ഭൂമിയില്‍ തിരിച്ചെത്തി.

സംഘത്തില്‍ പ്രശസ്ത പോപ് ഗായിക കാറ്റി പെറിയും ഉണ്ടായിരുന്നു. ഇതാദ്യമായാണ് ഒന്നിലേറെ പേരുള്ള ഒരു ബഹിരാകാശ ദൗത്യത്തില്‍ ക്രൂ അംഗങ്ങളെല്ലാം വനിതകളാകുന്നത്. യാത്രക്കാര്‍ക്ക് നാല് മിനിറ്റ് വരെ ഭാരരഹിത അവസ്ഥ അനുഭവപ്പെട്ടു.

ഈ ദൗത്യത്തില്‍ ഭൂമിക്കും ബഹിരാകാശത്തിനുമിടയിലുള്ള കര്‍മാന്‍ ലൈനിന്റെ മുകളിലൂടെയായിരിക്കും പേടകം സഞ്ചരിച്ചത്. കാറ്റി പെറിയെ കൂടാതെ ഐഷ ബോവ്, അമാന്‍ഡ് ന്യൂഗുയെന്‍, ഗെയില്‍ കിങ്, കെറിയാന്‍ ഫ്‌ളിന്‍, ലോറന്‍ സാഞ്ചസ് എന്നിവരാണ് യാത്രയില്‍ പങ്കെടുത്ത മറ്റ് സ്ത്രീകള്‍. ശതകോടീശ്വരന്‍ ജെഫ് ബെസോസിന്റെ നേതൃത്വത്തിലുള്ള എയ്‌റോസ്‌പേസ് കമ്പനിയായ ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേര്‍ഡ് റോക്കറ്റ് നടത്തിയ 11ാം മനുഷ്യ ബഹിരാകാശ ദൗത്യമാണ് എന്‍എസ് -31.

വാഹനം സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട വാക്കു തർക്കം കലാശിച്ചത് കൊലപാതകത്തിൽ

മംഗലാപുരം സ്വദേശിയായ ഓട്ടോ ഡ്രൈവറെ കൊന്ന് മഞ്ചേശ്വരത്തെ കിണറ്റിൽ തള്ളിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മംഗലാപുരം സ്വദേശിയായ അഭിഷേക് ഷെട്ടിയാണ് പിടിയിലായത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. മംഗലാപുരം മുൾക്കി സ്വദേശിയായ ഓട്ടോ ഡ്രൈവർ മുഹമ്മദ് ഷരീഫിൻ്റെ കൊലപാതത്തിലാണ് മംഗലാപുരം സ്വദേശിയായ അഭിഷേക് ഷെട്ടിയെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. മുൻ വൈരാഗ്യത്തെ തുടർന്നായിരുന്നു കൊലപാതകം.

മംഗലാപുരത്തെ റയാൻ ഇൻ്റർനാഷണൽ സ്‌കൂളിലെ ബസ് ഡ്രൈവറായിരുന്നു അഭിഷേകും ഡ്രൈവറായ മുഹമ്മദ് ഷെരീഫും വാഹനം സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് വാക് തർക്കമുണ്ടായി. ഇരുവരും തമ്മിൽ പലപ്പോഴായി പ്രശ്നമുടലെടുത്തതോടെ അഭിഷേകിന് സ്കൂളിലെ ജോലി നഷ്ടമായി. ഇതിനെത്തുടർന്നുണ്ടായ വൈരാഗ്യത്തിൽ ബുധനാഴ്ച രാത്രിയായിരുന്നു കൊലപാതകം.

മുഹമ്മദ് ഷരീഫിൻ്റെ ഓട്ടോ വിളിച്ച് അഭിഷേക് നേരത്തെ പല തവണ വന്നിട്ടുള്ള അടുക്കയിൽ എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുത്തിയും വെട്ടിയും കൊലപ്പെടുത്തി മരണം ഉറപ്പാക്കിയ ശേഷം കിണറ്റിൽ തള്ളുകയായിരുന്നു.

വ്യാഴാഴ്ച കുഞ്ചത്തൂരിലെ ആളൊഴിഞ്ഞ പറമ്പിൽ ഓട്ടോറിക്ഷ നിർത്തിയിട്ടത് കണ്ട് നാട്ടുകാർ നടത്തിയ തെരച്ചിലാണ് കിണറിൽ മൃതദേഹം കണ്ടെത്തിയത്. മുഹമ്മദ് ഷെരീഫിനെ കാണാതായതിനെ തുടർന്ന് കുടുംബം മുൾക്കി പോലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് മൃതദേഹം മഞ്ചേശ്വരത്തെ കിണറിൽ കണ്ടെത്തിയത്.
പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ  പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
തുടർന്ന് കാണാതായ സമയത്ത് ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. നിരന്തരം ലഹരി ഉപയോഗിച്ചിരുന്ന പ്രതി കഞ്ചാവ് കടത്തിയ കേസിലും പ്രതിയാണ്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.

മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

മാളയില്‍ മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ചാലക്കുടി ഹൈവേ പൊലീസിലെ ഡ്രൈവറായ അനുരാജ് പി പിയെയാണ് സസ്പെന്‍ഡ് ചെയ്തത്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാര്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

ഇന്നലെ രാത്രിയാണ് അനുരാജ് മദ്യലഹരിയില്‍ കാറോടിച്ച് അപകടമുണ്ടാക്കിയത്. കാര്‍ സ്‌കൂട്ടറിലും മറ്റൊരു കാറിലും ഇടിച്ചെങ്കിലും നിര്‍ത്താന്‍ കൂട്ടാക്കിയില്ല. പിന്നാലെ മേലടൂരില്‍ വെച്ച് കാര്‍ പോസ്റ്റില്‍ ഇടിച്ച് തല കീഴായി മറിയുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ അനുരാജിനെ തടഞ്ഞുവെച്ച് മാള പൊലീസിനെ ഏല്‍പ്പിച്ചു. കാറില്‍ നിന്ന് മദ്യക്കുപ്പികളും കണ്ടെടുത്തു. ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ അനുരാജ് മദ്യപിച്ചിരുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.

കിഫ്ബി സി ഇ ഒ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കില്ല; മുഖ്യമന്ത്രിക്ക് വേണമെങ്കിൽ പുറത്താക്കാമെന്ന് കെ.എം എബ്രഹാം, മുഖ്യമന്ത്രി സമ്മര്‍ദ്ദത്തില്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സൂപ്പര്‍ പവര്‍മാനെതിരെ സിബിഐ അന്വേഷണം വരുമ്പോള്‍ പിണറായി വിജയനും ആഭ്യന്തര വകുപ്പും വീണ്ടും സമ്മര്‍ദ്ദത്തിലായി. താൻ രാജിക്കില്ലെന്നും മുഖ്യമന്ത്രിക്ക് വേണമെങ്കിൽ പുറത്താക്കാമെന്നും
കിഫ്ബി സി ഇ ഒ കെ.എം എബ്രഹാം പറഞ്ഞു. അന്വേഷണം സധൈര്യം നേരിടുമെന്നും ജോമോൻ പുത്തൻപുരയ്ക്കലിനും ജേക്കബ് തോമസിനും തന്നോട് വിരോധമെന്നും ജീവനക്കാർക്കുള്ള വിഷുദിന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

കെ.എം. എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിടുമ്പോൾ വിജിലന്‍സിന്റെ തലപ്പത്ത് മുന്‍ ഡിജിപി ജേക്കബ് തോമസായിരുന്നു. അന്വേഷണം നല്ല രീതിയില്‍ മുന്നോട്ട് പോയപ്പോള്‍ കെ.എം. എബ്രഹാം കുടുങ്ങുമെന്നായി.
ഇതോടെ ജേക്കബ് തോമസിനെ മാറ്റി. പകരം എത്തിയത് മുന്‍ ഡിജിപിയും നിലവില്‍ കൊച്ചി മെട്രോയുടെ എംഡിയുമായ ലോക്‌നാഥ് ബെഹ്‌റയായിരുന്നു. ഇതോടെ അന്വേഷണം കീഴ്‌മേല്‍ മറിഞ്ഞു. കേസ് അന്വേഷിച്ച എസ്പി രാജേന്ദ്രനും ലോക്‌നാഥ് ബെഹ്‌റയുമായി ചേര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം എബ്രഹാമിന് അനുകൂലമായി എല്ലാം എഴുതിയെന്ന് വിമർശനമുയർന്നു. തുടര്‍ന്ന് നടന്ന ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തിലും മാറ്റമുണ്ടായില്ല. ഇരു അന്വേഷണങ്ങളിലും അപാകത ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സിബിഐ കേസ് അന്വേഷിക്കണമന്ന് ഹൈക്കോടതി ഉത്തരവിട്ടത്.
നയതന്ത്ര ബാഗേജു വഴി നടത്തിയ സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പില്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരന്റെ അതേ തസ്തികയിലാണ് കെ.എന്‍.എബ്രഹാം ഇപ്പോള്‍ ഇരിക്കുന്നത്. കൂടാതെ കോടിക്കണക്കിന് രൂപയുടെ കരാര്‍ പണികള്‍ നടത്തുന്ന കിഫ്ബിയുടെ സിഇഒ സ്ഥാനത്തും.

ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ചശേഷവും കൈവിടാതെ ലക്ഷക്കണക്കിന് രൂപ ശമ്പളം നല്‍കി എബ്രഹാമിനെ മുഖ്യമന്ത്രി കൂടെകൂട്ടിയത് ശിവശങ്കരനെപ്പോലെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ എന്ന നിലയിലാണ്. ചീഫ് സെക്രട്ടറിയെപ്പോലും നിയന്ത്രിക്കാനുള്ള സ്ഥാനമാണ് നല്‍കിയത്.
എസ്‌എഫ്‌ഐഒ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാവിജയനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കെയാണ് കെ.എ. എബ്രഹാമിനെതിരെയുള്ള സിബിഐ അന്വേഷണം. മുഖ്യമന്ത്രിക്ക് ഇതും പ്രതിരോധിക്കേണ്ടി വരും. അതിനാല്‍ ഹൈക്കോടതി വിധിക്കെതിരെ അപ്പില്‍ പോകാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍.

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ്; മെഹുല്‍ ചോക്സിയെ ബെല്‍ജിയം പൊലീസ് അറസ്റ്റ് ചെയ്തു

പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസില്‍ പ്രതിയായ ഇന്ത്യന്‍ രത്നവ്യാപാരി മെഹുല്‍ ചോക്സിയെ ബെല്‍ജിയം പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യയുടെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി.

ബെല്‍ജിയം പൊലീസ് ശനിയാഴ്ചയാണ് 65കാരനായ മെഹുല്‍ ചോക്സിയെ അറസ്റ്റ് ചെയ്തത്. നിലവില്‍ ഇയാള്‍ ജയിലിലാണ്. 2018-ലും 2021-ലുമായി മുംബൈ കോടതി പുറപ്പെടുവിച്ച രണ്ട് അറസ്റ്റ് വാറണ്ടുകളുടെ അടിസ്ഥാനത്തിലാണ് ചോക്സിയെ പിടികൂടിയിരിക്കുന്നത്.

13,500 കോടി രൂപ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വായ്പ തട്ടിപ്പ് നടത്തിയ കേസില്‍ അന്വേഷണം നേരിടുന്ന ചോക്‌സി, ഭാര്യ പ്രീതി ചോക്‌സിക്കൊപ്പം ബെല്‍ജിയത്തില്‍ താമസിച്ചുവരികയായിരുന്നു.

ഫേസ്ബുക് വഴി തൃശൂര്‍ സ്വദേശിനിയില്‍ നിന്ന് 1.90 കോടി രൂപ തട്ടിയ കേസില്‍ നൈജീരിയന്‍ പൗരന്‍ അറസ്റ്റില്‍

തൃശൂര്‍: ഓണ്‍ലൈന്‍ വഴി തൃശൂര്‍ സ്വദേശിനിയില്‍ നിന്ന് 1.90 കോടി രൂപ തട്ടിയ കേസില്‍ നൈജീരിയന്‍ പൗരന്‍ അറസ്റ്റില്‍. നൈജീരിയക്കാരനായ ഓസ്റ്റിന്‍ ഓഗ്ബയെ ആണ് തൃശൂര്‍ സിറ്റി ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തത്. മുംബൈയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

2023 മാര്‍ച്ചിലാണ് കേസിനാധാരമായ സംഭവത്തിന്റെ തുടക്കം. ഫെയ്‌സ്ബുക്കിലൂടെ പരിചയപെട്ട് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഒരു കോടി 90 ലക്ഷം രൂപ തട്ടിയെടുത്തത്. തൃശൂര്‍ സ്വദേശി ഫെയ്‌സ്ബുക്കിലൂടെ പ്രതികളിലൊരാളായ സ്ത്രീയെ പരിചയപ്പെട്ടു. സിറിയയില്‍ യുദ്ധം തുടങ്ങിയപ്പോള്‍ രക്ഷപ്പെട്ട് തുര്‍ക്കിയില്‍ എത്തിയതാണെന്ന് സ്ത്രീ തൃശൂര്‍ സ്വദേശിയോട് പറഞ്ഞു.

കൈവശമുണ്ടായിരുന്ന യു എസ് ഡോളറുകളും വിലപിടിപ്പുള്ള സാധനങ്ങളും ഈജിപ്തിലെ മിഡില്‍ ഈസ്റ്റ് വോള്‍ട്ട് കമ്പനിയുടെ കസ്റ്റഡിയിലാണെന്നും, ഇതു തിരിച്ചെടുക്കുന്നതിന് പണം നൽകി സഹായിക്കണമെന്നും ആവശ്യപ്പെട്ടു. 2023 മാർച്ച് മുതൽ ജൂൺ വരെയുള്ള കാലയളവിലായി ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപയാണ് തട്ടിപ്പ് സംഘം തൃശൂർ സ്വദേശിയിൽ നിന്നു കൈക്കലാക്കിയത്.

തട്ടിപ്പാണെന്ന് മനസിലായതോടെ തൃശൂര്‍ സ്വദേശി ഒല്ലൂർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. തട്ടിപ്പ് സംഘത്തിലെ മറ്റു പ്രതികൾക്കായി അന്വേഷണം നടക്കുകയാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ക്രൈംബ്രാഞ്ച് അറിയിച്ചു.

ഉത്തരാഖണ്ഡിലുടനീളം 170 മദ്രസകൾ പൂട്ടി സീൽ ചെയ്ത് ഉത്തരാഖണ്ഡ് സര്‍ക്കാര്‍

മദ്രസ ബോർഡിലോ വിദ്യാഭ്യാസ വകുപ്പിലോ രജിസ്ട്രേഷൻ ഇല്ലെന്നാരോപിച്ച് ഉത്തരാഖണ്ഡിലുടനീളം 170 മദ്രസകൾ പൂട്ടി സീൽ ചെയ്ത് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഹൽദ്വാനി ജില്ലയിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയായ ബാൻഭുൽപുരയിൽ ജില്ലാ ഭരണകൂടത്തിന്റെയും മുനിസിപ്പൽ കോർപ്പറേഷന്റെയും നേതൃത്വത്തിന്റെ ഞായറാഴ്ച പ്രത്യേക പരിശോധന നടത്തിയിരുന്നു. മദ്രസകളുടെ രജിസ്‌ട്രേഷൻ അടക്കമുള്ള കാര്യങ്ങളാണ് സംഘം പരിശോധിച്ചത്. ഇതിൽ പല മദ്രസകൾക്കും രജിസ്‌ട്രേഷനില്ലെന്നും കണ്ടെത്തിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

മദ്രസകളെക്കുറിച്ച്  അന്വേഷിക്കുന്നതിനായി സംസ്ഥാന സർക്കാർ പ്രത്യേക സർവേ സംഘത്തെ തന്നെ നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം ശക്തമായ നടപടി സ്വീകരിച്ചതെന്നാണ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുടെ ഓഫീസിൽ നിന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്. ചരിത്രപരമായ ചുവടുവയ്‌പ്പെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ഉത്തരാഖണ്ഡിലുടനീളം 170 മദ്രസകൾ പൂട്ടി സീൽ ചെയ്ത് ഉത്തരാഖണ്ഡ് സര്‍ക്കാര്‍

മദ്രസ ബോർഡിലോ വിദ്യാഭ്യാസ വകുപ്പിലോ രജിസ്ട്രേഷൻ ഇല്ലെന്നാരോപിച്ച് ഉത്തരാഖണ്ഡിലുടനീളം 170 മദ്രസകൾ പൂട്ടി സീൽ ചെയ്ത് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഹൽദ്വാനി ജില്ലയിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയായ ബാൻഭുൽപുരയിൽ ജില്ലാ ഭരണകൂടത്തിന്റെയും മുനിസിപ്പൽ കോർപ്പറേഷന്റെയും നേതൃത്വത്തിന്റെ ഞായറാഴ്ച പ്രത്യേക പരിശോധന നടത്തിയിരുന്നു. മദ്രസകളുടെ രജിസ്‌ട്രേഷൻ അടക്കമുള്ള കാര്യങ്ങളാണ് സംഘം പരിശോധിച്ചത്. ഇതിൽ പല മദ്രസകൾക്കും രജിസ്‌ട്രേഷനില്ലെന്നും കണ്ടെത്തിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

മദ്രസകളെക്കുറിച്ച്  അന്വേഷിക്കുന്നതിനായി സംസ്ഥാന സർക്കാർ പ്രത്യേക സർവേ സംഘത്തെ തന്നെ നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം ശക്തമായ നടപടി സ്വീകരിച്ചതെന്നാണ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുടെ ഓഫീസിൽ നിന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്. ചരിത്രപരമായ ചുവടുവയ്‌പ്പെന്ന് മുഖ്യമന്ത്രി പറഞ്ഞു.