പുത്തൂർ:എസ്.എൻ ട്രസ്റ്റ് മുൻ ബോർഡ് മെമ്പറും പുത്തൂർ സൗഭാഗ്യ കല്യാണ മണ്ഡപം ഉടമയുമായ പുത്തൂർ ചെറുമങ്ങാട് സരിൻ നിവാസിൽ പരേതനായ ശാർങ്ധര പണിക്കരുടെ മകൻ സരിൻ ശാരംഗ് (44,ഖത്തർ) നിര്യാതനായി.മാതാവ്:പരേതയായ രാധാമണി.സംസ്കാരം വ്യാഴം രാവിലെ 10ന് വീട്ടുവളപ്പിൽ.ഭാര്യ:രാഗി സരിൻ.മക്കൾ:ദേവർഷ് സരിൻ ശാരംഗ്,
ധനസ്വി സരിൻ ശാരംഗ്.സഞ്ചയനം:21ന് രാവിലെ 8ന്.
ചെറുമങ്ങാട് സരിൻ നിവാസിൽ സരിൻ ശാരംഗ് നിര്യാതനായി
നിനക്കായ്, പ്രകാശനം ചെയ്തു
ശാസ്താംകോട്ട.ജെ. കെ. ശാസ്താംകോട്ടയുടെ കവിതാ സമാഹാരം, നിനക്കായ്, പ്രകാശനം ചെയ്തു. N. S. S. കുന്നത്തൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് വി. ആർ. കെ. ബാബു, ഗ്രന്ഥകാരന്റെ സഹധർമിണി ശ്രീലതക്ക് നൽകിയാണ് പ്രകാശനകർമ്മം നിർവഹിച്ചത്. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. തപസ്യ ജില്ല പ്രസിഡന്റും കവിയുമായ കെ. വി. രാമാനുജൻ തമ്പി അധ്യക്ഷനായിരുന്ന പരിപാടിക്ക് കാവ്യാമൃതം സെക്രട്ടറി കിഴക്കെടെത്തു ചന്ദ്രൻ സ്വാഗതം ആശംസിച്ചു. ഡോ. മൂഞ്ഞിനാട് പദ്മകുമാർ പുസ്തകപരിചയം നടത്തി.
ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ഗീത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തുണ്ടിൽ നൗഷാദ്, യൂണിവേഴ്സിറ്റി സിന്റിക്കേറ്റ് മെമ്പർ പി. എസ്. ഗോപകുമാർ, കെൽ റിട്ട. ജനറൽ മാനേജർ കുരുമ്പൊലിൽ ശ്രീകുമാർ, പ്രൊഫ. ഡോ. മധു, യുണൈറ്റഡ് ക്ലെബ് സെക്രട്ടറി പി. വിജയചന്ദ്രൻ നായർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഗ്രന്ഥകാരൻ ജെ. കെ. ശാസ്‌താംകോട്ട നന്ദി പ്രകാശനം നടത്തി. തുടർന്ന് നടന്ന കവിയരങ്ങിൽ ഗുരുകുലം ശശി ആദ്യക്ഷനായി. കൊല്ലം ശേഖർ ഉദ്ഘാടനം നടത്തി. അഷ്ടമൻ സാഹിതി സ്വാഗതം ആശംസിച്ചു.
അരി വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കണേ; ഈ തെറ്റുകൾ ഒഴിവാക്കാം
അരിക്കലമില്ലാത്ത അടുക്കളകൾ എവിടെയും കാണാൻ സാധിക്കില്ല. എളുപ്പത്തിൽ വാങ്ങാനും പാചകം ചെയ്യാനും തുടങ്ങി പലതരം ഗുണങ്ങളാണ് അരിക്കുള്ളത്. അതിനാൽ തന്നെ അരി ഉപയോഗമില്ലാത്ത വീടുകൾ ഉണ്ടാവില്ല. പലതരം അരികളാണ് ഉള്ളത്. ഓരോന്ന് ഉപയോഗിച്ചും വ്യത്യസ്തമായ വിഭവങ്ങൾ തയ്യാറാക്കാൻ സാധിക്കും. എന്നാൽ അരി ഉപയോഗിക്കുന്നതിന് മുമ്പ് കഴുകി വൃത്തിയാക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. അരി വൃത്തിയാക്കേണ്ടത് എങ്ങനെയാണെന്ന് അറിയാം.
- ഒരു പാത്രത്തിൽ അരിയെടുത്തതിന് ശേഷം അതിലേക്ക് വെള്ളമൊഴിച്ച് കൊടുക്കണം. ശേഷം നന്നായി ഇളക്കി കഴുകാം. ഇങ്ങനെ മൂന്ന് തവണ അരി ഇളക്കി കഴുകണം. അരി കഴുകാൻ ശുദ്ധമായ ജലംതന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
- നന്നായി ഇളക്കി കഴുകിയാൽ മാത്രമേ അരിയിൽ അടങ്ങിയിട്ടുള്ള അഴുക്കും പൊടിയും മാറുകയുള്ളൂ. ഇങ്ങനെ ചെയ്യുമ്പോൾ വെള്ളം ചെറുതായി മങ്ങിത്തുടങ്ങും. ശേഷം ഈ വെള്ളം അരിയിൽ നിന്നും പോകുന്ന വിധത്തിൽ അരിച്ചെടുക്കണം. അരിയിൽ നിന്നും വെള്ളം കളയുന്നതിനായി പ്രത്യേകം പാത്രങ്ങൾ ഉണ്ട്. അത് ഉപയോഗിച്ച് അരിയിൽ നിന്നും എളുപ്പത്തിൽ വെള്ളം കളയാൻ സാധിക്കും.
- ഇങ്ങനെ വെള്ളത്തിന്റെ നിറം തെളിച്ചമുള്ളതാകുന്നത് വരെ അരി കഴുകി വൃത്തിയാക്കണം. അരി നന്നായി വൃത്തിയായെന്ന് ഉറപ്പായതിന് ശേഷം വേവിക്കാൻ വയ്ക്കാവുന്നതാണ്.
- നന്നായി വൃത്തിയാക്കിയില്ലെങ്കിൽ വേവിക്കുമ്പോൾ അരിയിലെ സ്റ്റാർച്ച് ഒട്ടിപ്പിടിച്ചിരിക്കുകയും രുചിയിൽ വ്യത്യാസമുണ്ടാവുകയും ചെയ്യുന്നു.
കൊല്ലം നെടുവത്തൂരിൽ 26കാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യ കുറിപ്പ് കണ്ടെടുത്ത് പൊലീസ്
കൊല്ലം: നെടുവത്തൂരിൽ യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇഞ്ചക്കാട് സ്വദേശി അനീഷിന്റെ ഭാര്യ ശരണ്യമോൾ (26)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. സ്ഥലത്തുനിന്ന് ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. മരണത്തിന് ഞാൻ മാത്രമാണ് ഉത്തരവാദി എന്നെഴുതിയ കുറിപ്പാണ് പൊലീസ് കണ്ടെടുത്തത്.
ശരണ്യയുടെ ഭർത്താവ് അനീഷ് വിദേശത്താണ്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നൽകും.
പാലക്കാട് യൂത്ത് കോൺഗ്രസ് മാർച്ച്; സംഘർഷം, ബിജെപിക്കെതിരെ സമരം നടത്തുമ്പോൾ പൊലീസിന് പ്രശ്നമെന്ന് എംഎൽഎ
പാലക്കാട്: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരെ കൊലവിളി പ്രസംഗം നടത്തിയ ബിജെപി നേതൃത്വത്തിനെതിരെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. സന്ദീപ് വാര്യരാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. പട്ടാപ്പകൽ പാലക്കാട് രാഷ്ട്രീയ പ്രവർത്തനം നടത്തുമെന്നും ആർക്കെങ്കിലും ഒലത്തിക്കളയാമെന്നുണ്ടെങ്കിൽ നേരിട്ട് വരാമെന്നും സന്ദീപ് വാര്യർ വെല്ലുവിളിച്ചു.
പ്രകടനം ബാരിക്കേസ് വെച്ച് പൊലീസ് തടഞ്ഞു. സ്ഥലത്ത് വലിയ സംഘർഷമാണ് ഉണ്ടായത്. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടയിൽ സന്ദീപിനെ അറസ്റ്റ് ചെയ്ത് ബസിലേക്ക് കയറ്റി. സന്ദീപിനെ വലിച്ചിഴച്ചാണ് പൊലീസ് ബസ്സിൽ കയറ്റിയത്. സന്ദീപ് വാര്യരെയും പ്രവർത്തകരേയും അറസ്റ്റ് ചെയ്ത് സൗത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ചതോടെ രാഹുൽ മാങ്കൂട്ടത്തിലും പ്രവർത്തകരും സ്റ്റേഷന് മുന്നിലെത്തി പ്രതിഷേധിച്ചു. സൗത്ത് പൊലീസ് സ്റ്റേഷനിലെത്തിയ രാഹുൽ മാങ്കൂട്ടത്തിലും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. പൊലീസിനെ പ്രവർത്തകർ കയ്യേറ്റം ചെയ്തു. സ്റ്റേഷന് മുന്നിൽ രാഹുൽ മാങ്കൂട്ടത്തിലും പ്രവർത്തകരും കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
ഡിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തിയപ്പോൾ പൊലീസ് പ്രതിഷേധിച്ചില്ലെന്നും വധഭീഷണി മുഴക്കിയപ്പോൾ പ്രശ്നമാക്കിയില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. കാല് വെട്ടുമെന്ന് പറഞ്ഞപ്പോൾ കേസെടുത്തോ. ബിജെപിക്കെതിരെ സമരം നടത്തുമ്പോഴാണ് പ്രശ്നം. പാലക്കാട്ടെ പൊലീസിന് സംഘി പ്രീണനമുണ്ട്. മുൻസിപ്പാലിറ്റി മാത്രമാണ് ബിജെപി ഭരിക്കുന്നത്. എന്നെ പിടിച്ചുമാറ്റിയത് യൂണിഫോമില്ലാത്ത പൊലീസാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
‘ഈ രോഗം ചികിത്സിച്ചു മാറ്റാൻ ഉത്തരവാദിത്തം ആധുനിക മനുഷ്യർക്ക് ഉണ്ട്’ ദിവ്യ എസ് അയ്യർ വിവാദത്തിൽ പ്രിയ വർഗീസ്
തിരുവനന്തപുരം: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട് മുഖ്യമന്ത്രിയുടെ പിഎസ് സ്ഥാനം ഒഴിഞ്ഞുപോകുന്ന കെ കെ രാഗേഷിനെ പുകഴ്ത്തിയ ദിവ്യ എസ് അയ്യരെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ പ്രിയ വര്‍ഗീസ്. രാഗേഷിന്റെ ഭാര്യയും അധ്യാപികയുമായ പ്രിയ, ദിവ്യ എസ്. അയ്യരുമായുള്ള വ്യക്തിബന്ധം വിശദീകരിച്ചുകൊണ്ടാണ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
‘ചിമ്മാൻഡ എൻഗോസി അദീച്ചിയുടെ എത്രയും പ്രിയപ്പെട്ടവൾക്ക് ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ’ എന്ന പുസ്തകത്തിന്റെ പരിഭാഷ വായിച്ചപ്പോഴാണ് ഡോ. ദിവ്യാ. എസ്. അയ്യർ എന്ന വ്യക്തിയോട് എനിക്ക് ആദ്യം ഇഷ്ടം തോന്നിയത്. പിന്നീട് സൗഹൃദത്തിന് അവസരം ലഭിച്ചെന്നും അവര്‍ കുറിപ്പിൽ പറയുന്നു.
മുൻപ് മുഖ്യമന്ത്രിയെക്കുറിച്ചും രാധാകൃഷ്ണൻ സഖാവിനെക്കുറിച്ചും ദിവ്യ. എസ് അയ്യർ ഇത്തരത്തിൽ അഭിപ്രായപ്രകടനങ്ങൾ നടത്തിയപ്പോഴും കേരളീയ പൊതുസമൂഹം ദർശിച്ച ഒരു പ്രവണത, ഒരു സ്ത്രീ എന്ന നിലക്ക് അതിനെ ചില പ്രത്യേക നോട്ടപ്പാടിൽ അവതരിപ്പിക്കുക എന്നതായിരുന്നു. വിഴിഞ്ഞം പോർട്ടിന്റെ ഉദ്ഘാടനവേളയിൽ മറ്റു ചില ഐ എ സ് ഉദ്യോഗസ്ഥന്മാരും അന്നത്തെ ചീഫ് സെക്രട്ടറി വേണു ഐ എ എസ് ഉൾപ്പടെ മുഖ്യമന്ത്രിയെ പുകഴ്ത്തി സംസാരിച്ചിരുന്നു. പക്ഷേ ദിവ്യ. എസ്. അയ്യരുടെ അഭിപ്രായപ്രകടനം മാത്രമാണ് ആക്രമണങ്ങൾക്കു ശരവ്യമായത്. അതിന് പിന്നിൽ നമ്മുടെ സമൂഹത്തിൽ വേരുറച്ച ആൺകോയ്മയും പ്രവർത്തിച്ചിട്ടുണ്ട്. ഒരു സ്ത്രീയുടെ ശബ്ദം വേറിട്ട് കേൾക്കുമ്പോൾ ഇവിടെ ചിലർക്ക് വിറ വരും. ഈ രോഗം ചികിത്സിച്ചു മാറ്റാനുള്ള ഉത്തരവാദിത്തം ആധുനികരായ എല്ലാ മനുഷ്യർക്കും ഉണ്ട്. സുവചസ്സായ സ്നേഹശീലയായ കരുത്തയായ എന്റെ സുഹൃത്തിന് ഐക്യദാർഡ്യമെന്നും അവര്‍ ഫേസ്ബുക്കിൽ കുറിച്ചു.
പ്രിയ വര്‍ഗീസിന്റെ കുറിപ്പിങ്ങനെ…
‘ചിമ്മാൻഡ എൻഗോസി അദീച്ചിയുടെ എത്രയും പ്രിയപ്പെട്ടവൾക്ക് ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ’ എന്ന പുസ്തകത്തിന്റെ പരിഭാഷ വായിച്ചപ്പോഴാണ് ഡോ. ദിവ്യാ. എസ്. അയ്യർ എന്ന വ്യക്തിയോട് എനിക്ക് ആദ്യം ഇഷ്ടം തോന്നിയത്. ഉറച്ചവാക്കുകളിൽ തെളിമയോടെ സംസാരിക്കുന്ന കരുത്തുറ്റ സ്ത്രീകളോടെല്ലാം തോന്നുന്ന സ്നേഹം അവരോട് പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട്. സി എം ഓയിൽ ഉണ്ടായിരുന്ന കാലത്തെ രാഗൂന്റെ പ്രവൃത്തി സമയം രാവിലെ 9 മണി മുതൽ രാത്രി ഏതാണ്ട് 11/12 മണി വരെ നീളുന്നതായിരുന്നു.
നമ്മുടെ തൊഴിൽ ഇടം പലപ്പോഴും കുടുംബസൗഹൃദങ്ങളുടേത് കൂടിയാവാറുണ്ട്. എന്റെയും രാഗുവിന്റെയും തൊഴിലിടങ്ങൾ മുൻപ് പലപ്പോഴും അങ്ങനെ തന്നെയായിരുന്നു. പക്ഷേ സി എം ഓ.യിലെ കാലം അങ്ങനെ സൗഹൃദങ്ങൾക്കോ യാത്രകൾക്കോ പോലുമുള്ള സാവകാശം തീരെ ഇല്ലാത്ത ഒന്നായിരുന്നു. അതിനിടയിൽ വീണുകിട്ടിയ അപൂർവം ചില അവസരങ്ങളിൽ ഒന്നായിരുന്നു ദിവ്യ എസ്. അയ്യരുമായുള്ള സൗഹൃദം. ദിവ്യയുടെ അച്ഛനും അമ്മയും ചേച്ചിയുമൊക്കെയായി പരിചയപ്പെടാൻ ലഭിച്ച അവസരം ഏറെ ഹൃദ്യമായിരുന്നു.മതവും രാഷ്ട്രീയവും ഒന്നും നോക്കിയാവരുതല്ലോ മനുഷ്യർ കൂട്ടു കൂടുന്നത്.
സിഎംഓയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എല്ലാവരും അതിന്റെ തലവനായ മുഖ്യമന്ത്രിയുടെ പാദസേവകരാണ് എന്നത് ഫ്യൂഡൽ നൊസ്റ്റാൾജിയ മാറാത്തവരുടെ ഭാഷയാണ്. അവർക്ക് മുഖ്യമന്ത്രിയുടെ ഓഫീസും കവടിയാർ കൊട്ടാരവും തമ്മിലുള്ള വ്യത്യാസം ഇനിയും തിരിഞ്ഞു കിട്ടിയിട്ടില്ല. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ! പക്ഷേ ആധുനിക ബോധമുള്ളവർ പറയുക ആ ഓഫീസിൽ എല്ലാവരും മുഖ്യമന്ത്രിയുടെ സഹപ്രവർത്തകർ ആണെന്നാണ്. സഹപ്രവർത്തകരോട് ആധുനിക മനുഷ്യർ കാണിക്കുന്ന എല്ലാ സുജന മര്യാദകളും അങ്ങിനെയുള്ളവർ പരസ്പരം കാണിക്കുകയും ചെയ്യും.
അതേ ഡോ. ദിവ്യാ എസ്. അയ്യരും ചെയ്തിട്ടുള്ളൂ. ഒരു സുഹൃത്ത്, സഹപ്രവർത്തക, കൂടെ ജോലി ചെയ്തിരുന്ന ഒരാൾ ആ ഓഫീസിലെ സേവനം മതിയാക്കി പോകുമ്പോൾ ഒരു അഭിപ്രായം പറഞ്ഞു. നമ്മളെല്ലാവരും സ്ഥിരമായി ചെയ്യുന്ന ഒരു കാര്യം. പക്ഷേ ചിലർക്ക് അതും വിവാദമാണ്! ദിവ്യയുടെ ജീവിതപങ്കാളിയുടെ രാഷ്ട്രീയമാണ് വിമർശനങ്ങൾക്ക് ഒരു കാരണം. ജീവിതപങ്കാളിയുടെ നിലപാടുകൾക്കനുസരിച്ചു മാത്രമേ ഒരു സ്ത്രീ മിണ്ടാനും കൂട്ട് കൂടാനും ഒക്കെ പാടുള്ളൂ എന്ന് ചിന്തിക്കുന്നവർ ഏത് നൂറ്റാണ്ടിൽ പാർപ്പുറപ്പിച്ചവരാണ്! തന്റെ സർവീസ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ ഒരു കാര്യമേയല്ല ഐ എ എസ് ഓഫീസറായ ദിവ്യ ചെയ്തിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ പി എസ് എന്നത് ‘ഗവണ്മെന്റ് സർവീസി’ന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഒരു പദവി ആണല്ലോ. ആ പദവിയിൽ ഇരുന്ന ഒരാളെക്കുറിച്ച്, ആ പദവിയിൽ ഇരുന്ന കാലയളവിനെക്കുറിച്ചാണല്ലോ ദിവ്യയുടെ അഭിപ്രായപ്രകടനം! മുൻപ് മുഖ്യമന്ത്രിയെക്കുറിച്ചും രാധാകൃഷ്ണൻ സഖാവിനെക്കുറിച്ചും ദിവ്യ. എസ് അയ്യർ ഇത്തരത്തിൽ അഭിപ്രായപ്രകടനങ്ങൾ നടത്തിയപ്പോഴും കേരളീയ പൊതുസമൂഹം ദർശിച്ച ഒരു പ്രവണത, ഒരു സ്ത്രീ എന്ന നിലക്ക് അതിനെ ചില പ്രത്യേക നോട്ടപ്പാടിൽ അവതരിപ്പിക്കുക എന്നതായിരുന്നു.
വിഴിഞ്ഞം പോർട്ടിന്റെ ഉദ്ഘാടനവേളയിൽ മറ്റു ചില ഐ എ സ് ഉദ്യോഗസ്ഥന്മാരും അന്നത്തെ ചീഫ് സെക്രട്ടറി ശ്രീ. വേണു ഐ. എ. എസ് ഉൾപ്പടെ മുഖ്യമന്ത്രിയെ പുകഴ്ത്തി സംസാരിച്ചിരുന്നു. പക്ഷേ ദിവ്യ. എസ്. അയ്യരുടെ അഭിപ്രായപ്രകടനം മാത്രമാണ് ആക്രമണങ്ങൾക്കു ശരവ്യമായത്. അതിന് പിന്നിൽ നമ്മുടെ സമൂഹത്തിൽ വേരുറച്ച ആൺകോയ്മയും പ്രവർത്തിച്ചിട്ടുണ്ട്. ഒരു സ്ത്രീയുടെ ശബ്ദം വേറിട്ട് കേൾക്കുമ്പോൾ ഇവിടെ ചിലർക്ക് വിറ വരും. ഈ രോഗം ചികിത്സിച്ചു മാറ്റാനുള്ള ഉത്തരവാദിത്തം ആധുനികരായ എല്ലാ മനുഷ്യർക്കും ഉണ്ട്. സുവചസ്സായ സ്നേഹശീലയായ കരുത്തയായ എന്റെ സുഹൃത്തിന് ഐക്യദാർഡ്യം.
ദിവാകരൻ കൊലക്കേസ്; സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി ആർ ബൈജുവിന്റെ ശിക്ഷകുറയ്ക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി
ന്യൂഡൽഹി: കോൺഗ്രസ് വാർഡ് പ്രസിഡന്റായിരുന്ന ചേർത്തല സ്വദേശി കെഎസ് ദിവാകരൻ കൊലക്കേസിൽ ശിക്ഷ കുറയ്ക്കണമെന്നാവശ്യപ്പെട്ടു പ്രതിയായ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി ആർ ബൈജുവിന്റെ ഹർജി തള്ളി സുപ്രീംകോടതി. ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്റെ ബെഞ്ചിന്റയാണ് ഉത്തരവ്. ശിക്ഷ കുറയ്ക്കണമെന്ന ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്.
കേസിൽ നേരത്തെ ബൈജുവിന് വിചാരണക്കോടതി വിധിച്ച വധശിക്ഷ പത്തുവർഷമാക്കി ഹൈക്കോടതി കുറച്ചിരുന്നു. എന്നാൽ ഹൈക്കോടതി വിധിയിൽ എല്ലാ കാര്യങ്ങളും പരിശോധിച്ചിട്ടുള്ളതിനാൽ ഇടപെടാനില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു. കയര്‍ കോര്‍പ്പറേഷന്റെ വീട്ടിലൊരു കയറുത്പന്നം പദ്ധതിയുടെ ഭാഗമായുള്ള കയര്‍തടുക്ക് വില്‍പനയിലെ തര്‍ക്കമാണ് കൊലപാതകത്തിലേക്കെത്തിയതെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. അഭിഭാഷകൻ എംആർ അഭിലാഷാണ് ബൈജുവിനായി ഹാജരായത്.
സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കിയ ‘പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്റെ’ ഇര; ദിവ്യ ജോണി വിടവാങ്ങി
കണ്ണൂർ: മൂന്നര മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊന്നുകളഞ്ഞ ക്രൂരയായ അമ്മ. കൊല്ലം കുണ്ടറ സ്വദേശിനി ദിവ്യ ജോണിയെക്കുറിച്ച് ആദ്യമായി കേരളം അറിഞ്ഞത് ഇങ്ങനെയായിരുന്നു.
സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കിയ അമ്മയോട് സമൂഹത്തിന് സ്വാഭാവികമായും വെറുപ്പ് മാത്രമേ തോന്നു. എന്നാല്‍, ദിവ്യ തന്റെ ജീവിതം തുറന്നുപറഞ്ഞപ്പോള്‍ ആ വെറുപ്പ് സഹതാപമായി, സ്നേഹമായി. അതിനേക്കാളുപരി പ്രസവാനന്തരം സ്ത്രീകള്‍ക്ക് സംഭവിക്കാൻ സാധ്യതയുള്ള ‘പോസ്റ്റ്പാർട്ടം ഡിപ്രഷൻ’ എന്ന മാനസികാവസ്ഥയെക്കുറിച്ച് വലിയ ചർച്ചകള്‍ക്ക് തുടക്കമിടാൻ ദിവ്യയ്ക്ക് സാധിച്ചു.
സമൂഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായ കുത്തുവാക്കുകളും മാനസികപീഡനവും; അതിലുപരി താൻ ചെയ്ത തെറ്റിന്റെ കുറ്റബോധവും ദിവ്യയെ വേട്ടയാടിയിരുന്നു. കാലക്രമേണ അതിനെയെല്ലാം മറികടന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന ദിവ്യ മരണത്തിന് മുന്നില്‍ കീഴടങ്ങിയെന്ന വാർത്തയാണ് പുറത്തുവന്നത്.
കണ്ണൂരിലെ ഭർതൃവീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും ചികിത്സയ്ക്ക് ശേഷം വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ ഹൃദയാഘാതം സംഭവിച്ചുവെന്നുമാണ് വിവരം. സംഭവത്തില്‍ ആലക്കോട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് കണ്ണൂർ സ്വദേശിയെ ദിവ്യ വിവാഹം ചെയ്തത്.
പഠിക്കാൻ മിടുക്കിയായിരുന്നു ദിവ്യ. ബിരുദാനന്തര ബിരുദത്തിന് ശേഷം പ്രണയിച്ച വ്യക്തിക്കൊപ്പം വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചു. എന്നാല്‍, ഭർതൃവീട്ടില്‍ കടുത്ത മാനസികപീഡനമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് ദിവ്യ തുറന്നുപറഞ്ഞിട്ടുണ്ട്. ഗർഭിണി ആയപ്പോഴും ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയപ്പോഴും ജീവിതത്തെ പ്രതീക്ഷാപൂർവം തന്നെയാണ് ദിവ്യ കണ്ടത്. എന്നാല്‍, കുഞ്ഞുമായി പ്രസവത്തിന്റെ നാലാം ദിവസം ഭർതൃഗൃഹത്തിലേക്ക് എത്തിയപ്പോള്‍ ദിവ്യയോടുള്ള സമീപനത്തില്‍ അവർക്ക് മാറ്റമുണ്ടായില്ല.
പോസ്റ്റ്പാർട്ടം ഡിപ്രഷൻ അതിന്റെ മൂർധന്യാവസ്ഥയിലെത്തിയപ്പോള്‍ ദിവ്യയുടെ മനസ്സിന്റെ കടിഞ്ഞാണ്‍ കൈവിട്ടു. ആദ്യം കുഞ്ഞിനെ ബക്കറ്റില്‍ മുക്കിക്കൊല്ലാൻ ശ്രമിച്ചു. പിന്നീട് മനസ്സുമാറിയപ്പോള്‍ അതില്‍നിന്ന് പിൻമാറി. എന്നാല്‍, മനസ്സ് വീണ്ടും കൈവിട്ടപ്പോള്‍ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് ദിവ്യ കുഞ്ഞിനെ കൊലപ്പെടുത്തി.
ഈ സംഭവം നടക്കുന്നത് ദിവ്യയുടെ കുണ്ടറയിലെ വീട്ടില്‍വച്ചായിരുന്നു. വൈകുന്നേരം വീട്ടിലെത്തിയ പിതാവ് ജോണി ദിവ്യയെ അന്വേഷിച്ചപ്പോള്‍ കിടപ്പുമുറി അകത്തുനിന്ന് അടച്ച നിലയിലായിരുന്നു. ഒരുപാട് തവണ മുട്ടിയെങ്കിലും വാതില്‍ തുറന്നില്ല. ഒടുവില്‍ പിതാവിന്റെ നിർബന്ധം സഹിക്കാനാകാതെ വന്നപ്പോള്‍ ദിവ്യ വാതില്‍ തുറന്നു. മുറക്കകത്ത് പ്രവേശിച്ചപ്പോള്‍ അനക്കമില്ലാതെ കിടക്കുന്ന പേരക്കുട്ടിയെയാണ് ജോണി അവിടെ കണ്ടത്. ഉടൻതന്നെ കുഞ്ഞിനെ കുണ്ടറ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചുവെന്ന ദുഃഖവാർത്തയാണ് ആ കുടുംബത്തെ തേടിയെത്തിയത്.
കുഞ്ഞിന്റെ മരണത്തെ തുടർന്ന് പോലീസ് ദിവ്യയെ കസ്റ്റഡിയിലെടുത്തു. ചികിത്സയ്ക്ക് വിധേയയാക്കിയപ്പോള്‍ കടുത്ത പോസ്റ്റ്പാർട്ടം ഡിപ്രഷനാണെന്ന് മാനസിക വിദഗ്ധരും വിലയിരുത്തി. ഒരുപാട് ചികിത്സയ്ക്ക് ശേഷമാണ് ദിവ്യ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. പിന്നീട് എല്ലാം തുറന്നുപറഞ്ഞുള്ള ഏതാനും അഭിമുഖങ്ങളിലൂടെയാണ് ദിവ്യ മലയാളികള്‍ക്ക് സുപരിചിതയാകുന്നത്.
സുപ്രീംകോടതിയിൽ കേന്ദ്രത്തിനേറ്റത് കനത്ത പ്രഹരം, വഖഫ് ഭേദഗതിയിലെ 3 പ്രധാന വ്യവസ്ഥകൾ മരവിപ്പിക്കുമെന്ന് സൂചന
ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതിക്കെതിരായ ഹർജികളിൽ സുപ്രീംകോടതിയിൽ ഇന്ന് കേന്ദ്രസർക്കാരിനേറ്റത് കനത്ത പ്രഹരം. വഖഫ് നിയമഭേദഗതിയിലെ മൂന്ന് പ്രധാന വ്യവസ്ഥകൾ മരവിപ്പിച്ച് നിർണ്ണായക ഉത്തരവ് ഇറക്കുമെന്ന സൂചനയടക്കം നൽകിയുള്ള സുപ്രീംകോടതിയുടെ നിലപാട് ഹർജിക്കാർക്ക് ആശ്വാസമേകുന്നതാണ്.
നിലവിലെ വഖഫ് ഭൂമി അതല്ലാതാക്കരുത് എന്നതടക്കമുള്ള നിർദ്ദേശങ്ങൾ കോടതി ഇന്ന് തയ്യാറാക്കിയെങ്കിലും കേന്ദ്രത്തിൻറെ അഭ്യർത്ഥന കാരണം ഇടക്കാല ഉത്തരവ് നാളത്തേക്ക് മാറ്റുകയായിരുന്നു. ഹിന്ദു സ്ഥാപനങ്ങളിൽ മുസ്ലിങ്ങളെ ഉൾപ്പെടുത്തുമോ എന്ന് ചോദിച്ച കോടതി വഖഫ് കൗൺസിലിൽ എക്സ് ഒഫിഷ്യോ അംഗങ്ങൾ ഒഴികെയുള്ളവർ മുസ്ലിംങ്ങൾ തന്നെയാകണം എന്ന നിലപാടെടുത്തു. നൂറൂ വർഷം മുമ്പുള്ള ചരിത്രം മായ്ച്ചു കളയാൻ ശ്രമിക്കരുത് എന്ന മുന്നറിയിപ്പും കോടതി സർക്കാരിന് നൽകി.
വിശദവിവരങ്ങൾ
നിയമത്തിലെ മൂന്ന് വ്യവസ്ഥകളിലാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബഞ്ച് വാദത്തിലുടനീളം ആശങ്ക അറിയിച്ചത്. നൂറ്റാണ്ടുകളായി ഉപയോഗത്തിലൂടെ വഖഫ് ആയ സ്വത്തുക്കൾ രജിസ്റ്റർ ചെയ്തിട്ടില്ല എന്ന ഒറ്റക്കാരണത്താൽ എങ്ങനെ വഖഫ് അല്ലാതാക്കും എന്ന് കോടതി ചോദിച്ചു. പതിമൂന്നാം നൂറ്റാണ്ടു മുതലുള്ള വഖഫ് സ്വത്തുക്കൾക്ക് എങ്ങനെ രേഖകൾ ഹാജരാക്കാൻ കഴിയും. നിയമം നടപ്പായാൽ രജിസ്റ്റർ ചെയ്യാത്ത ഭൂമി ആകെ വഖഫ് അല്ലാതാകുന്നതിൻറെ പ്രത്യാഘാതം ആശങ്ക ഉണ്ടാക്കുന്നതാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
രജിസ്റ്റർ ചെയ്യാനുള്ള നിയമം നൂറു വർഷമായി ഇന്ത്യയിലുണ്ട് എന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചപ്പോൾ അതിനു മുമ്പുള്ള ചരിത്രം മായ്ക്കരുത് എന്നായിരുന്നു സുപ്രീം കോടതിയുടെ താക്കീത്. കേന്ദ്ര വഖഫ് കൗൺസിലിൽ ആകെയുള്ള 22 പേരിൽ എട്ടു പേർ മാത്രം മുസ്ലിംങ്ങൾ ആകാനുള്ള സാധ്യതയും നിയമം തുറന്നിടുന്നതായി ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. മന്ത്രി അടക്കമുള്ള എക്സ് ഒഫിഷ്യോ അംഗങ്ങളെ അംഗീകരിക്കാം. എന്നാൽ ബാക്കിയുള്ള അംഗങ്ങൾ മുസ്ലിങ്ങൾ തന്നെയാകണം.
ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണസമിതിയിൽ മുസ്ലിങ്ങളെ നിങ്ങൾ ഉൾപ്പെടുത്തുമോ എന്ന ചോദ്യവും കോടതി ഉന്നയിച്ചു. കൗൺസിലിൽ രണ്ട് അമുസ്ലിങ്ങളേ പരമാവധി ഉണ്ടാകൂ എന്ന ഉറപ്പ് എഴുതി നൽകാം എന്നാണ് കേന്ദ്ര സർക്കാർ മറുപടി നല്കിയത്. തർക്കങ്ങളിൽ കളക്ടർമാർ അന്വേഷണം തുടങ്ങുമ്പോൾ തന്നെ വഖഫ് സ്വത്ത് അതല്ലാതായി കണക്കാക്കാം എന്ന വ്യവസ്ഥയേയും കോടതി എതിർത്തു. അന്വേഷണം നടത്താൻ തടസ്സമില്ലെന്നും എന്നാൽ വഖഫ് സ്വത്തിൻറെ സ്വഭാവം കേസിൽ അന്തിമ തീർപ്പു വരുന്നത് വരെ മാറ്റാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ഇടക്കാല ഉത്തരവ് കോടതി പറഞ്ഞെങ്കിലും ഇതിൽ കേന്ദ്രത്തിൻറെ വിശദവാദം കേൾക്കണം എന്ന ആവശ്യം അംഗീകരിച്ച് നാളത്തേക്ക് മാറ്റുകയായിരുന്നു.
മതസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റം എന്ന വാദമാണ് ഹർജിക്കാർ പ്രധാനമായും ഉന്നയിച്ചത്. ഭണണനിർവ്വഹണവും മതാചാരവും കൂട്ടികലർത്തേണ്ടതില്ല എന്ന നിലപാട് കോടതി ഹർജിക്കാരെ അറിയിച്ചു. ട്രസ്റ്റ് രൂപീകരണത്തെക്കുറിച്ചുള്ള ഭാഗത്ത് കോടതി ഉത്തരവുകൾ ബാധകമാകില്ല എന്ന വരി നിയമത്തിൽ ചേർത്തതിലും ചീഫ് ജസ്റ്റിസ് അതൃപ്തി അറിയിച്ചു. അക്രമത്തിലൂടെ സമ്മർദ്ദം ചെലുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. നിയമം പൂർണ്ണമായി സ്റ്റേ ചെയ്തില്ലെങ്കിലും തർക്കം ഉയർന്ന വ്യവസ്ഥകളിൽ കോടതി ഇടപെടാൻ തീരുമാനിച്ചത് കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടിയാവുകയാണ്.
വെറൈറ്റി മോഷണം, കയറിയത് ആശുപത്രിയിൽ; ഫാര്‍മസിയിലെത്തി ഉറക്ക ഗുളികയുൾപ്പെടെ 6,000 രൂപയുടെ മരുന്ന് മോഷ്ടിച്ചു
ഛണ്ഡിഗഡ്: ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മരുന്ന് മോഷണം പോയതായി പരാതി. ഹരിയാനയിലെ പഞ്ച്കൂല സിവില്‍ ആശുപത്രിയിലാണ് 6,000 രൂപ വിലവരുന്ന മരുന്ന് മോഷണം പോയത്. ചൊവ്വാഴ്ചയാണ് മോഷണവിവരം പുറത്തറിയുന്നത്.
ആശുപത്രിയിലെ ഒന്നാം നിലയിലെ ഫാര്‍മസിയില്‍ സൂക്ഷിച്ചിരുന്ന മരുന്നാണ് മോഷണം പോയത്. മരുന്ന് സൂക്ഷിച്ചിരുന്ന മുറിയിലെ ജനലും വാതിലും തുറന്നിട്ട നിലയില്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ക്ക് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരുന്ന് നഷ്ടപ്പെട്ടതായി മനസിലാകുന്നത്.
ഉറക്ക ഗുളികയായ ആല്‍പ്രാക്സും സൈക്യാട്രിക് ഡിസോഡറുകള്‍ക്കും ഡ്രഗ് അഡിക്ഷനും ഉപയോഗിക്കുന്ന മരുന്നുകളുമാണ് മോഷണം പോയിരിക്കുന്നത്. സംഭവം മനസിലാക്കിയ ഉടന്‍ തന്നെ ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍ പൊലീസിനെ വിവരം അറിയിക്കുകയും കാണാതായ മരുന്നുകളെ സംബന്ധിക്കുന്ന ലിസ്റ്റ് കൈമാറുകയും ചെയ്തു. അന്വേഷണത്തിന്‍റെ ഭാഗമായി ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. മോഷണം നടന്ന രാത്രിയില്‍ ആറ് സെക്യൂരിറ്റി ജീവനക്കാരാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.






































