Home Blog Page 1217

മതത്തിനതീതമായി ചില മൂല്യങ്ങൾ,ഹിമുക്രി ഏപ്രിൽ 25 ന് പ്രദർശനത്തിനെത്തുന്നു

എക്സ് ആൻഡ് എക്സ് ക്രിയേഷൻസിന്റെ ബാനറിൽ ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി തണ്ണിക്കോട്ട് എന്നിവർ ചേർന്നു നിർമ്മിച്ച് നവാഗതനായ പി കെ ബിനു വർഗ്ഗീസ് സംവിധാനം ചെയ്യുന്ന ഹിമുക്രി ഏപ്രിൽ 25ന് റിലീസ് ചെയ്യുന്നു.

ഹിന്ദു മുസ്ലിം ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കതീതമായി മാനവികത, സ്നേഹം, സാഹോദര്യം തുടങ്ങിയ മൂല്യങ്ങളെ ഉയർത്തിക്കാട്ടുന്ന ചിത്രമാണ് ഹിമുക്രി.

പുതുമുഖം അരുൺ ദയാനന്ദ് നായകനാകുന്നു.ക്രിസ്റ്റി ബെന്നറ്റ്, സ്വീറ്റി എബ്രഹാം, ശ്രീലക്ഷ്മി സതീഷ് എന്നിവരാണ് നായികമാരാകുന്നത്. ഒപ്പം ശങ്കർ, കലാഭവൻ റഹ്മാൻ, നന്ദു ജയ്, രാജ്‌മോഹൻ, ഡിക്സൺ, രാജഗോപാലൻ, എലിക്കുളം ജയകുമാർ, ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി തണ്ണിക്കോട്ട്, പി ജി എസ് ആനിക്കാട്, സുകുമാരൻ അത്തിമറ്റം, കെ പി പീറ്റർ, തജ്ജുദ്ദീൻ, വിവേക്, ജേക്കബ്ബ്, ജെറിക്സൺ, ഇച്ചു ബോർഖാൻ, അംബിക മോഹൻ, ശൈലജ ശ്രീധരൻനായർ, അമ്പിളി അമ്പാളി, ജാനകി ജീതു, ഷൈനി കോഴിക്കോട് തുടങ്ങിയവരും അഭിനയിക്കുന്നു.

എലിക്കുളം ജയകുമാർ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്ന ഹിമുക്രിയുടെ ഛായാഗ്രാഹണവും ചിത്രസന്നിവേശവും ജോഷ്വാ റൊണാൾഡ് നിർവഹിക്കുന്നു. സുജ തിലകരാജ്, ഷഫീഖ് ആലങ്കോട്, റസിയ സലിം മണനാക്ക്, സുനിൽ കല്ലൂർ എന്നിവരുടെ ഗാനങ്ങൾക്ക് ഈണം പകരുന്നത് നിസാം ബഷീറും സുരേഷ് നന്ദനുമാണ്. പശ്ചാത്തല സംഗീതം അജിത് സുകുമാരനും ശബ്ദമിശ്രണം കൃഷ്ണജിത്ത് എസ് വിജയനും നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ ജയശീലൻ സദാനന്ദൻ, അസോസിയേറ്റ് ഡയറക്ടർ എ എൽ അജികുമാർ, കലാസംവിധാനം അജി മണിയൻ. ചമയം രാജേഷ് രവിയും വസ്ത്രാലങ്കാരം സുകേഷ് താനൂരും നിർവഹിക്കുന്നു. സംഘട്ടനം – ജാക്കി ജോൺസൺ, കോറിയോഗ്രാഫി – അശ്വിൻ സി ടി, അസ്നേഷ് നവരസം, പ്രജിത, പോസ്റ്റേഴ്സ് – ഇമേജിനറി ട്രീ, നിശ്ചലഛായാഗ്രാഹണം -അജേഷ് ആവണി, വിതരണം – എഫ് എൻ എൻ്റർടെയ്ൻമെൻ്റ്, പി ആർ ഓ – എ എസ് ദിനേശ്, അജയ് തുണ്ടത്തിൽ

അഹല്യഭായ് ഹോൾക്കർ ത്രിശതാബ്ദിയഘോഷം വെള്ളിയാഴ്ച

കരുനാഗപ്പള്ളി . അഹല്യാഭായ് ത്രിശദാബ്ദി ആഘോഷം വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മഹിളാ സമന്വയവേദി കൊല്ലം ഗ്രാമ ജില്ലയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 9.30ന് കരുനാഗപ്പള്ളി ലാലാജി സ്മാരക ഗ്രന്ഥശാല ഹാളിൽ നടക്കുന്ന പരിപാടി എഴുത്തുകാരി രശ്മി സജയൻ ഉദ്ഘാടനം ചെയ്യും. മഹിളാ സമുന്വയവേദി ദക്ഷിണ കേരള സംയോജക അഡ്വ അഞ്ജന സുരേഷ് മുഖ്യ പ്രഭാഷണം നടത്തും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വനിതകളെ ചടങ്ങിൽ ആദരിക്കും. വാർത്താസമ്മേളനത്തിൽ മഹിളാ സമന്വയവേദി ജില്ലാ സംയോജക അഡ്വ ടി ആർ ജയലക്ഷ്മി, സൗമ്യ ഗോപകുമാർ എന്നിവർ പങ്കെടുത്തു.

ആയിക്കുന്നത്ത് അവധിക്കാല ഫുട്ബോൾ പരിശീലനത്തിന് തുടക്കമായി

ഭരണിക്കാവ്:ആയിക്കുന്നം എസ്.പി.എം യു.പി സ്കൂളിൽ അവധിക്കാല ഫുട്ബോൾ പരിശീലന ക്യാമ്പിന് തുടക്കമായി.കായിക അധ്യാപകൻ ആഷിലാണ് പരിശീലകൻ.സ്കൂൾ മാനേജർ സുരേഷ് ശാന്താലയം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പിടിഎ വൈസ് പ്രസിഡന്റ് രാജീവ് അധ്യക്ഷത വഹിച്ചു. പ്രഥമ അധ്യാപകൻ ബി.എസ് രാജീവ്,അധ്യാപകരായ ഷീജ,പുഷ്പ്പജ,സ്റ്റാഫ് സെക്രട്ടറി മനോജ് എന്നിവർ സംസാരിച്ചു.

ഇടയ്ക്കാട് ചന്ദ്രികാ ഭവനത്തിൽ സി.കെ മാധവൻ പിള്ള നിര്യാതനായി

പോരുവഴി :ഇടയ്ക്കാട് ചന്ദ്രികാ ഭവനത്തിൽ (വാഴോട്ട് വീട്) സി.കെ മാധവൻ പിള്ള(84) നിര്യാതനായി.സംസ്കാരം നടത്തി.ഭാര്യ:ചന്ദ്രികാഭായി.മക്കൾ:
അനിൽകുമാർ സി.എം,അശ്വനി കുമാർ സി.എം,അനില സി.എം.മരുമകൻ:കാരയ്ക്കാട്ട് അനിൽ(കോൺഗ്രസ് കുന്നത്തൂർ ബ്ലോക്ക് പ്രസിഡൻ്റ്.സഞ്ചയനം:ഞായറാഴ്ച രാവിലെ എട്ടിന്.

ചെറുമങ്ങാട് സരിൻ നിവാസിൽ സരിൻ ശാരംഗ് നിര്യാതനായി

പുത്തൂർ:എസ്.എൻ ട്രസ്റ്റ് മുൻ ബോർഡ് മെമ്പറും പുത്തൂർ സൗഭാഗ്യ കല്യാണ മണ്ഡപം ഉടമയുമായ പുത്തൂർ ചെറുമങ്ങാട് സരിൻ നിവാസിൽ പരേതനായ ശാർങ്ധര പണിക്കരുടെ മകൻ സരിൻ ശാരംഗ് (44,ഖത്തർ) നിര്യാതനായി.മാതാവ്:പരേതയായ രാധാമണി.സംസ്കാരം വ്യാഴം രാവിലെ 10ന് വീട്ടുവളപ്പിൽ.ഭാര്യ:രാഗി സരിൻ.മക്കൾ:ദേവർഷ് സരിൻ ശാരംഗ്,
ധനസ്വി സരിൻ ശാരംഗ്.സഞ്ചയനം:21ന് രാവിലെ 8ന്.

നിനക്കായ്‌, പ്രകാശനം ചെയ്തു

ശാസ്താംകോട്ട.ജെ. കെ. ശാസ്താംകോട്ടയുടെ കവിതാ സമാഹാരം, നിനക്കായ്‌, പ്രകാശനം ചെയ്തു. N. S. S. കുന്നത്തൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ വി. ആർ. കെ. ബാബു, ഗ്രന്ഥകാരന്റെ സഹധർമിണി ശ്രീലതക്ക് നൽകിയാണ് പ്രകാശനകർമ്മം നിർവഹിച്ചത്. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. തപസ്യ ജില്ല പ്രസിഡന്റും കവിയുമായ കെ. വി. രാമാനുജൻ തമ്പി അധ്യക്ഷനായിരുന്ന പരിപാടിക്ക് കാവ്യാമൃതം സെക്രട്ടറി കിഴക്കെടെത്തു ചന്ദ്രൻ സ്വാഗതം ആശംസിച്ചു. ഡോ. മൂഞ്ഞിനാട് പദ്മകുമാർ പുസ്തകപരിചയം നടത്തി.

ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആർ. ഗീത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തുണ്ടിൽ നൗഷാദ്, യൂണിവേഴ്സിറ്റി സിന്റിക്കേറ്റ് മെമ്പർ പി. എസ്. ഗോപകുമാർ, കെൽ റിട്ട. ജനറൽ മാനേജർ കുരുമ്പൊലിൽ ശ്രീകുമാർ, പ്രൊഫ. ഡോ. മധു, യുണൈറ്റഡ് ക്ലെബ് സെക്രട്ടറി പി. വിജയചന്ദ്രൻ നായർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഗ്രന്ഥകാരൻ ജെ. കെ. ശാസ്‌താംകോട്ട നന്ദി പ്രകാശനം നടത്തി. തുടർന്ന് നടന്ന കവിയരങ്ങിൽ ഗുരുകുലം ശശി ആദ്യക്ഷനായി. കൊല്ലം ശേഖർ ഉദ്ഘാടനം നടത്തി. അഷ്ടമൻ സാഹിതി സ്വാഗതം ആശംസിച്ചു.

അരി വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കണേ; ഈ തെറ്റുകൾ ഒഴിവാക്കാം

അരിക്കലമില്ലാത്ത അടുക്കളകൾ എവിടെയും കാണാൻ സാധിക്കില്ല. എളുപ്പത്തിൽ വാങ്ങാനും പാചകം ചെയ്യാനും തുടങ്ങി പലതരം ഗുണങ്ങളാണ് അരിക്കുള്ളത്. അതിനാൽ തന്നെ അരി ഉപയോഗമില്ലാത്ത വീടുകൾ ഉണ്ടാവില്ല. പലതരം അരികളാണ് ഉള്ളത്. ഓരോന്ന് ഉപയോഗിച്ചും വ്യത്യസ്തമായ വിഭവങ്ങൾ തയ്യാറാക്കാൻ സാധിക്കും. എന്നാൽ അരി ഉപയോഗിക്കുന്നതിന് മുമ്പ് കഴുകി വൃത്തിയാക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. അരി വൃത്തിയാക്കേണ്ടത് എങ്ങനെയാണെന്ന് അറിയാം.

  1. ഒരു പാത്രത്തിൽ അരിയെടുത്തതിന് ശേഷം അതിലേക്ക് വെള്ളമൊഴിച്ച് കൊടുക്കണം. ശേഷം നന്നായി ഇളക്കി കഴുകാം. ഇങ്ങനെ മൂന്ന് തവണ അരി ഇളക്കി കഴുകണം. അരി കഴുകാൻ ശുദ്ധമായ ജലംതന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
  2. നന്നായി ഇളക്കി കഴുകിയാൽ മാത്രമേ അരിയിൽ അടങ്ങിയിട്ടുള്ള അഴുക്കും പൊടിയും മാറുകയുള്ളൂ. ഇങ്ങനെ ചെയ്യുമ്പോൾ വെള്ളം ചെറുതായി മങ്ങിത്തുടങ്ങും. ശേഷം ഈ വെള്ളം അരിയിൽ നിന്നും പോകുന്ന വിധത്തിൽ അരിച്ചെടുക്കണം. അരിയിൽ നിന്നും വെള്ളം കളയുന്നതിനായി പ്രത്യേകം പാത്രങ്ങൾ ഉണ്ട്. അത് ഉപയോഗിച്ച് അരിയിൽ നിന്നും എളുപ്പത്തിൽ വെള്ളം കളയാൻ സാധിക്കും.
  3. ഇങ്ങനെ വെള്ളത്തിന്റെ നിറം തെളിച്ചമുള്ളതാകുന്നത് വരെ അരി കഴുകി വൃത്തിയാക്കണം. അരി നന്നായി വൃത്തിയായെന്ന് ഉറപ്പായതിന് ശേഷം വേവിക്കാൻ വയ്ക്കാവുന്നതാണ്.
  4. നന്നായി വൃത്തിയാക്കിയില്ലെങ്കിൽ വേവിക്കുമ്പോൾ അരിയിലെ സ്റ്റാർച്ച് ഒട്ടിപ്പിടിച്ചിരിക്കുകയും രുചിയിൽ വ്യത്യാസമുണ്ടാവുകയും ചെയ്യുന്നു.

കൊല്ലം നെടുവത്തൂരിൽ 26കാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യ കുറിപ്പ് കണ്ടെടുത്ത് പൊലീസ്

കൊല്ലം: നെടുവത്തൂരിൽ യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇഞ്ചക്കാട് സ്വദേശി അനീഷിന്റെ ഭാര്യ ശരണ്യമോൾ (26)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. സ്ഥലത്തുനിന്ന് ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. മരണത്തിന് ഞാൻ മാത്രമാണ് ഉത്തരവാദി എന്നെഴുതിയ കുറിപ്പാണ് പൊലീസ് കണ്ടെടുത്തത്.

ശരണ്യയുടെ ഭർത്താവ് അനീഷ് വിദേശത്താണ്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നൽകും.

പാലക്കാട് യൂത്ത് കോൺ​ഗ്രസ് മാർച്ച്; സംഘർഷം, ബിജെപിക്കെതിരെ സമരം നടത്തുമ്പോൾ പൊലീസിന് പ്രശ്നമെന്ന് എംഎൽഎ

പാലക്കാട്: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരെ കൊലവിളി പ്രസംഗം നടത്തിയ ബിജെപി നേതൃത്വത്തിനെതിരെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് യൂത്ത് കോൺ​ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. സന്ദീപ് വാര്യരാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. പട്ടാപ്പകൽ പാലക്കാട് രാഷ്ട്രീയ പ്രവർത്തനം നടത്തുമെന്നും ആർക്കെങ്കിലും ഒലത്തിക്കളയാമെന്നുണ്ടെങ്കിൽ നേരിട്ട് വരാമെന്നും സന്ദീപ് വാര്യർ വെല്ലുവിളിച്ചു.

പ്രകടനം ബാരിക്കേസ് വെച്ച് പൊലീസ് തടഞ്ഞു. സ്ഥലത്ത് വലിയ സംഘർഷമാണ് ഉണ്ടായത്. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടയിൽ സന്ദീപിനെ അറസ്റ്റ് ചെയ്ത് ബസിലേക്ക് കയറ്റി. സന്ദീപിനെ വലിച്ചിഴച്ചാണ് പൊലീസ് ബസ്സിൽ കയറ്റിയത്. സന്ദീപ് വാര്യരെയും പ്രവർത്തകരേയും അറസ്റ്റ് ചെയ്ത് സൗത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ചതോടെ രാഹുൽ മാങ്കൂട്ടത്തിലും പ്രവർത്തകരും സ്റ്റേഷന് മുന്നിലെത്തി പ്രതിഷേധിച്ചു. സൗത്ത് പൊലീസ് സ്റ്റേഷനിലെത്തിയ രാഹുൽ മാങ്കൂട്ടത്തിലും പൊലീസും തമ്മിൽ ‌വാക്കേറ്റമുണ്ടായി. പൊലീസിനെ പ്രവർത്തകർ കയ്യേറ്റം ചെയ്തു. സ്റ്റേഷന് മുന്നിൽ രാഹുൽ മാങ്കൂട്ടത്തിലും പ്രവർത്തകരും കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

ഡിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തിയപ്പോൾ പൊലീസ് പ്രതിഷേധിച്ചില്ലെന്നും വധഭീഷണി മുഴക്കിയപ്പോൾ പ്രശ്നമാക്കിയില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. കാല് വെട്ടുമെന്ന് പറ‍ഞ്ഞപ്പോൾ കേസെടുത്തോ. ബിജെപിക്കെതിരെ സമരം നടത്തുമ്പോഴാണ് പ്രശ്നം. പാലക്കാട്ടെ പൊലീസിന് സംഘി പ്രീണനമുണ്ട്. മുൻസിപ്പാലിറ്റി മാത്രമാണ് ബിജെപി ഭരിക്കുന്നത്. എന്നെ പിടിച്ചുമാറ്റിയത് യൂണിഫോമില്ലാത്ത പൊലീസാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറ‍ഞ്ഞു.

‘ഈ രോഗം ചികിത്സിച്ചു മാറ്റാൻ ഉത്തരവാദിത്തം ആധുനിക മനുഷ്യർക്ക് ഉണ്ട്’ ദിവ്യ എസ് അയ്യർ വിവാദത്തിൽ പ്രിയ വർഗീസ്

തിരുവനന്തപുരം: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെര‍ഞ്ഞെടുക്കപ്പെട്ട് മുഖ്യമന്ത്രിയുടെ പിഎസ് സ്ഥാനം ഒഴിഞ്ഞുപോകുന്ന കെ കെ രാ​ഗേഷിനെ പുകഴ്ത്തിയ ദിവ്യ എസ് അയ്യരെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ പ്രിയ വര്‍ഗീസ്. രാഗേഷിന്റെ ഭാര്യയും അധ്യാപികയുമായ പ്രിയ, ദിവ്യ എസ്. അയ്യരുമായുള്ള വ്യക്തിബന്ധം വിശദീകരിച്ചുകൊണ്ടാണ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

‘ചിമ്മാൻഡ എൻഗോസി അദീച്ചിയുടെ എത്രയും പ്രിയപ്പെട്ടവൾക്ക് ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ’ എന്ന പുസ്തകത്തിന്റെ പരിഭാഷ വായിച്ചപ്പോഴാണ് ഡോ. ദിവ്യാ. എസ്. അയ്യർ എന്ന വ്യക്തിയോട് എനിക്ക് ആദ്യം ഇഷ്ടം തോന്നിയത്. പിന്നീട് സൗഹൃദത്തിന് അവസരം ലഭിച്ചെന്നും അവര്‍ കുറിപ്പിൽ പറയുന്നു.

മുൻപ് മുഖ്യമന്ത്രിയെക്കുറിച്ചും രാധാകൃഷ്ണൻ സഖാവിനെക്കുറിച്ചും ദിവ്യ. എസ് അയ്യർ ഇത്തരത്തിൽ അഭിപ്രായപ്രകടനങ്ങൾ നടത്തിയപ്പോഴും കേരളീയ പൊതുസമൂഹം ദർശിച്ച ഒരു പ്രവണത, ഒരു സ്ത്രീ എന്ന നിലക്ക് അതിനെ ചില പ്രത്യേക നോട്ടപ്പാടിൽ അവതരിപ്പിക്കുക എന്നതായിരുന്നു. വിഴിഞ്ഞം പോർട്ടിന്റെ ഉദ്ഘാടനവേളയിൽ മറ്റു ചില ഐ എ സ് ഉദ്യോഗസ്ഥന്മാരും അന്നത്തെ ചീഫ് സെക്രട്ടറി വേണു ഐ എ എസ് ഉൾപ്പടെ മുഖ്യമന്ത്രിയെ പുകഴ്ത്തി സംസാരിച്ചിരുന്നു. പക്ഷേ ദിവ്യ. എസ്. അയ്യരുടെ അഭിപ്രായപ്രകടനം മാത്രമാണ് ആക്രമണങ്ങൾക്കു ശരവ്യമായത്. അതിന് പിന്നിൽ നമ്മുടെ സമൂഹത്തിൽ വേരുറച്ച ആൺകോയ്മയും പ്രവർത്തിച്ചിട്ടുണ്ട്. ഒരു സ്ത്രീയുടെ ശബ്ദം വേറിട്ട്‌ കേൾക്കുമ്പോൾ ഇവിടെ ചിലർക്ക് വിറ വരും. ഈ രോഗം ചികിത്സിച്ചു മാറ്റാനുള്ള ഉത്തരവാദിത്തം ആധുനികരായ എല്ലാ മനുഷ്യർക്കും ഉണ്ട്. സുവചസ്സായ സ്നേഹശീലയായ കരുത്തയായ എന്റെ സുഹൃത്തിന് ഐക്യദാർഡ്യമെന്നും അവര്‍ ഫേസ്ബുക്കിൽ കുറിച്ചു.

പ്രിയ വര്‍ഗീസിന്റെ കുറിപ്പിങ്ങനെ…

‘ചിമ്മാൻഡ എൻഗോസി അദീച്ചിയുടെ എത്രയും പ്രിയപ്പെട്ടവൾക്ക് ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ’ എന്ന പുസ്തകത്തിന്റെ പരിഭാഷ വായിച്ചപ്പോഴാണ് ഡോ. ദിവ്യാ. എസ്. അയ്യർ എന്ന വ്യക്തിയോട് എനിക്ക് ആദ്യം ഇഷ്ടം തോന്നിയത്. ഉറച്ചവാക്കുകളിൽ തെളിമയോടെ സംസാരിക്കുന്ന കരുത്തുറ്റ സ്ത്രീകളോടെല്ലാം തോന്നുന്ന സ്നേഹം അവരോട് പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട്. സി എം ഓയിൽ ഉണ്ടായിരുന്ന കാലത്തെ രാഗൂന്റെ പ്രവൃത്തി സമയം രാവിലെ 9 മണി മുതൽ രാത്രി ഏതാണ്ട് 11/12 മണി വരെ നീളുന്നതായിരുന്നു.

നമ്മുടെ തൊഴിൽ ഇടം പലപ്പോഴും കുടുംബസൗഹൃദങ്ങളുടേത് കൂടിയാവാറുണ്ട്. എന്റെയും രാഗുവിന്റെയും തൊഴിലിടങ്ങൾ മുൻപ് പലപ്പോഴും അങ്ങനെ തന്നെയായിരുന്നു. പക്ഷേ സി എം ഓ.യിലെ കാലം അങ്ങനെ സൗഹൃദങ്ങൾക്കോ യാത്രകൾക്കോ പോലുമുള്ള സാവകാശം തീരെ ഇല്ലാത്ത ഒന്നായിരുന്നു. അതിനിടയിൽ വീണുകിട്ടിയ അപൂർവം ചില അവസരങ്ങളിൽ ഒന്നായിരുന്നു ദിവ്യ എസ്. അയ്യരുമായുള്ള സൗഹൃദം. ദിവ്യയുടെ അച്ഛനും അമ്മയും ചേച്ചിയുമൊക്കെയായി പരിചയപ്പെടാൻ ലഭിച്ച അവസരം ഏറെ ഹൃദ്യമായിരുന്നു.മതവും രാഷ്ട്രീയവും ഒന്നും നോക്കിയാവരുതല്ലോ മനുഷ്യർ കൂട്ടു കൂടുന്നത്.

സിഎംഓയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എല്ലാവരും അതിന്റെ തലവനായ മുഖ്യമന്ത്രിയുടെ പാദസേവകരാണ് എന്നത് ഫ്യൂഡൽ നൊസ്റ്റാൾജിയ മാറാത്തവരുടെ ഭാഷയാണ്. അവർക്ക് മുഖ്യമന്ത്രിയുടെ ഓഫീസും കവടിയാർ കൊട്ടാരവും തമ്മിലുള്ള വ്യത്യാസം ഇനിയും തിരിഞ്ഞു കിട്ടിയിട്ടില്ല. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ! പക്ഷേ ആധുനിക ബോധമുള്ളവർ പറയുക ആ ഓഫീസിൽ എല്ലാവരും മുഖ്യമന്ത്രിയുടെ സഹപ്രവർത്തകർ ആണെന്നാണ്. സഹപ്രവർത്തകരോട് ആധുനിക മനുഷ്യർ കാണിക്കുന്ന എല്ലാ സുജന മര്യാദകളും അങ്ങിനെയുള്ളവർ പരസ്പരം കാണിക്കുകയും ചെയ്യും.

അതേ ഡോ. ദിവ്യാ എസ്. അയ്യരും ചെയ്തിട്ടുള്ളൂ. ഒരു സുഹൃത്ത്, സഹപ്രവർത്തക, കൂടെ ജോലി ചെയ്തിരുന്ന ഒരാൾ ആ ഓഫീസിലെ സേവനം മതിയാക്കി പോകുമ്പോൾ ഒരു അഭിപ്രായം പറഞ്ഞു. നമ്മളെല്ലാവരും സ്ഥിരമായി ചെയ്യുന്ന ഒരു കാര്യം. പക്ഷേ ചിലർക്ക് അതും വിവാദമാണ്! ദിവ്യയുടെ ജീവിതപങ്കാളിയുടെ രാഷ്ട്രീയമാണ് വിമർശനങ്ങൾക്ക് ഒരു കാരണം. ജീവിതപങ്കാളിയുടെ നിലപാടുകൾക്കനുസരിച്ചു മാത്രമേ ഒരു സ്ത്രീ മിണ്ടാനും കൂട്ട് കൂടാനും ഒക്കെ പാടുള്ളൂ എന്ന് ചിന്തിക്കുന്നവർ ഏത് നൂറ്റാണ്ടിൽ പാർപ്പുറപ്പിച്ചവരാണ്! തന്റെ സർവീസ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ ഒരു കാര്യമേയല്ല ഐ എ എസ് ഓഫീസറായ ദിവ്യ ചെയ്തിട്ടുള്ളത്.

മുഖ്യമന്ത്രിയുടെ പി എസ് എന്നത് ‘ഗവണ്മെന്റ് സർവീസി’ന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഒരു പദവി ആണല്ലോ. ആ പദവിയിൽ ഇരുന്ന ഒരാളെക്കുറിച്ച്, ആ പദവിയിൽ ഇരുന്ന കാലയളവിനെക്കുറിച്ചാണല്ലോ ദിവ്യയുടെ അഭിപ്രായപ്രകടനം! മുൻപ് മുഖ്യമന്ത്രിയെക്കുറിച്ചും രാധാകൃഷ്ണൻ സഖാവിനെക്കുറിച്ചും ദിവ്യ. എസ് അയ്യർ ഇത്തരത്തിൽ അഭിപ്രായപ്രകടനങ്ങൾ നടത്തിയപ്പോഴും കേരളീയ പൊതുസമൂഹം ദർശിച്ച ഒരു പ്രവണത, ഒരു സ്ത്രീ എന്ന നിലക്ക് അതിനെ ചില പ്രത്യേക നോട്ടപ്പാടിൽ അവതരിപ്പിക്കുക എന്നതായിരുന്നു.

വിഴിഞ്ഞം പോർട്ടിന്റെ ഉദ്ഘാടനവേളയിൽ മറ്റു ചില ഐ എ സ് ഉദ്യോഗസ്ഥന്മാരും അന്നത്തെ ചീഫ് സെക്രട്ടറി ശ്രീ. വേണു ഐ. എ. എസ് ഉൾപ്പടെ മുഖ്യമന്ത്രിയെ പുകഴ്ത്തി സംസാരിച്ചിരുന്നു. പക്ഷേ ദിവ്യ. എസ്. അയ്യരുടെ അഭിപ്രായപ്രകടനം മാത്രമാണ് ആക്രമണങ്ങൾക്കു ശരവ്യമായത്. അതിന് പിന്നിൽ നമ്മുടെ സമൂഹത്തിൽ വേരുറച്ച ആൺകോയ്മയും പ്രവർത്തിച്ചിട്ടുണ്ട്. ഒരു സ്ത്രീയുടെ ശബ്ദം വേറിട്ട്‌ കേൾക്കുമ്പോൾ ഇവിടെ ചിലർക്ക് വിറ വരും. ഈ രോഗം ചികിത്സിച്ചു മാറ്റാനുള്ള ഉത്തരവാദിത്തം ആധുനികരായ എല്ലാ മനുഷ്യർക്കും ഉണ്ട്. സുവചസ്സായ സ്നേഹശീലയായ കരുത്തയായ എന്റെ സുഹൃത്തിന് ഐക്യദാർഡ്യം.