Home Blog Page 1211

കൊല്ലം പൂരത്തിൽ ഹെഡ്​ഗേവാറിന്റെ ചിത്രം; ദേവസ്വം ബോർഡിനോ ക്ഷേത്രോപദേശക സമിതിക്കോ പങ്കില്ലെന്ന് ദേവസ്വം ബോർഡ്

കൊല്ലം പൂരത്തില്‍ കുടമാറ്റത്തിനിടെ ആര്‍എസ്എസ് നേതാവിന്റെ ചിത്രം ഉയര്‍ത്തിയ സംഭവത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോ ക്ഷേത്രോപദേശക സമിതിക്കോ പങ്കില്ലെന്ന് റിപ്പോര്‍ട്ട്. ഉത്സവത്തിനിടെ ആര്‍എസ്എസ് സ്ഥാപകനായ ഹെഡ്‌ഗേവാറിന്റെ ചിത്രം ഉയര്‍ത്തിയത് സ്വകാര്യവ്യക്തികളാണെന്ന് ദേവസ്വം ബോര്‍ഡ് കൊല്ലം അസിസ്റ്റന്റ് കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

പൂരത്തില്‍ ഹെഡ്‌ഗേവാറിന്റെ ചിത്രം ഉയര്‍ത്തിയത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കൊല്ലം എസിയോട് സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് ദേവസ്ം ബോര്‍ഡി അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ക്ക് അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് കൈമാറി. തിങ്കളാഴ്ച ചേരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം വിഷയം ചര്‍ച്ച ചെയ്യും.

‘ഷൈന്‍ ടോം ചാക്കോ എവിടെ എന്ന് ചോദിക്കുന്നവര്‍ക്കായി, ഇതാ എക്‌സ്‌ക്ലൂസീവ് ഫൂട്ടേജ്.

എവിടെയാണെന്ന് ചോദിക്കുന്നവര്‍ക്ക് മറുപടിയുമായി നടന്‍ ഷൈന്‍ ടോം ചാക്കോ. ശുചിമുറിയിലേക്ക് ഓടിക്കയറി തിരിച്ചിറങ്ങുന്ന വിഡിയോയാണ് ഷൈന്‍ ഇന്‍സ്റ്റ?ഗ്രാം സ്റ്റോറിയായി പങ്കുവച്ചത്. ഹോട്ടലില്‍ നിന്ന് ചാടി രക്ഷപെട്ടുവെന്ന വാര്‍ത്തയെയും നടന്‍ പരിഹസിച്ചിട്ടുണ്ട്. ‘ഷൈന്‍ ടോം ചാക്കോ എവിടെ എന്ന് ചോദിക്കുന്നവര്‍ക്കായി, ഇതാ എക്‌സ്‌ക്ലൂസീവ് ഫൂട്ടേജ്.
അല്ലാതെ പിന്നെ ഞാന്‍ എന്ത് പറയാന്‍’ എന്ന് കുറിച്ചായിരുന്നു ഷൈന്‍ വിഡിയോ പങ്കുവച്ചത്. പിന്നാലെ ഷൈന്‍ ടോം ചാക്കോയും വിന്‍സി അലോഷ്യസും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘സൂത്രവാക്യം’ എന്ന ചിത്രത്തിന്റെ പോസ്റ്ററും ഷൈന്‍ പങ്കുവച്ചിട്ടുണ്ട്. അതേസമയം ലഹരി പരിശോധനയ്ക്കിടെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നിന്നു രക്ഷപ്പെട്ട ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്.
നടനെ നോട്ടീസ് നല്‍കി വിളിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചു. ഹോട്ടലില്‍ നിന്നു ഇറങ്ങി ഓടിയ ഷൈന്‍ അവിടെ നിന്നു കടന്നുകളഞ്ഞത് ബൈക്കിലാണെന്നു പൊലീസ് വ്യക്തമാക്കി. ഹോട്ടലില്‍ നിന്നു ഇറങ്ങി ഓടിയ ഷൈന്‍ ബൈക്കില്‍ ബോള്‍?ഗാട്ടിയില്‍ എത്തിയതായാണ് പൊലീസ് കണ്ടെത്തല്‍. ഹോട്ടലില്‍ നിന്നു ഇറങ്ങി ഓടുന്ന ഷൈനിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

മദ്ധ്യവയസ്‌കനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

കൊല്ലം: മദ്ധ്യവയസ്‌കനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കാവൂര്‍ നിലയ്ക്കമുക്ക് കോണത്തുവിള വീട്ടില്‍ വിഷ്ണു (27) ആണ് ചാത്തന്നൂര്‍ പോലീസിന്റെ പിടിയിലായത്. മൈലക്കാട് സുനൈദ മന്‍സിലില്‍ സലാഹുദ്ദീനെയാണ് ഇയാള്‍ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രി വിഷ്ണുവും സലാഹുദ്ദീനും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും പ്രതിയായ വിഷ്ണു കത്തി ഉപയോഗിച്ച് സലാഹുദ്ദീനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു.
കടയ്ക്കാവൂര്‍ സ്വദേശിയായ ഇയാള്‍ കടയ്ക്കാവൂര്‍, ചിറയിന്‍കീഴ് എന്നീ പോലീസ് സ്റ്റേഷനുകളില്‍ മോഷണം, പിടിച്ചുപറി, കൊലപാതകശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്യ്തിട്ടുള്ള കേസുകളില്‍ പ്രതിയാണ്. 2024ല്‍ കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലിലായിരുന്ന ഇയാള്‍ ജയില്‍ മോചിതനായ ശേഷം ചാത്തന്നൂരും പരിസരത്തും വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.

ആര്യങ്കാവില്‍ രേഖകളില്ലാതെ കടത്തിയ 15 ലക്ഷം രൂപ പിടികൂടി; തമിഴ്‌നാട് സ്വദേശി പിടിയില്‍

കൊല്ലം: ആര്യങ്കാവ് ചെക്‌പോസ്റ്റില്‍ എക്‌സൈസ് പരിശോധനയില്‍ രേഖകളില്ലാതെ തമിഴ്‌നാട്ടില്‍ നിന്ന് കാറില്‍ കടത്തിക്കൊണ്ടുവന്ന 15.1 ലക്ഷം രൂപ പിടികൂടി. വിരുദനഗര്‍ സ്വദേശിയായ പാണ്ഡ്യനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍. രജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് പണവുമായി ഇയാള്‍ പിടിയിലായത്.
പരിശോധനയില്‍ ഗ്രേഡ് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ഗോപന്‍, പ്രേം നസീര്‍, ഗ്രേഡ് പ്രിവന്റീവ് ഓഫിസര്‍മാരായ സജീവ്, സന്ദീപ് കുമാര്‍, ശ്രീലേഷ്, ട്രെയിനിങ് ഇന്‍സ്‌പെക്ടര്‍മാരായ മിഥുന്‍ അജയ്, അഫ്‌സല്‍, ബിസ്മി ജസീറ, ആന്‍സി ഉസ്മാന്‍ എന്നിവരും പങ്കെടുത്തു.

പുനലൂരിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

പുനലൂർ : പുനലൂരിൽ നാല് ഗ്രാം എം.ഡി.എം.എ. കൈവശം വെച്ചതിന് രണ്ട് യുവാക്കളെ പൊലീസ് പിടികൂടി.
പുനലൂർ വാളക്കോട് പ്ലാച്ചേരി രേവതി ഭവനിൽ ഇരുപത്തിനാല് വയസുള്ള സായുഷ് ദേവ്, പുനലൂർ മണിയാർ പരവട്ടം സുധീഷ് ഭവനിൽ ഇരുപത്തിനാല് വയസുള്ള സുമേഷ് എന്നിവരെയാണ് ലഹരി വസ്തു കൈവശം വെച്ചതിന് പൊലീസ് പിടികൂടിയത്.

കൊല്ലം റൂറൽ എസ്.പി. കെ.എം.സാബു മാത്യു ഐ.പി.എസ്സിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് ടീമും പുനലൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
കുറച്ച് നാളുകളായി പ്രതികളെ നീരീക്ഷിച്ച് വന്നിരുന്ന സേനാംഗങ്ങൾ ഇന്ന് പുലർച്ചെ രണ്ട് മണിയോട് കൂടിയാണ് പുനലൂരിൽ നിന്നും ഇവരെ പിടികൂടിയത്.
പുനലൂർ തൊളിക്കോട് നിന്നും പരവട്ടത്തേക്ക് ഇരുചക്രവാഹനത്തിൽ പോവുകയായിരുന്നു പ്രതികൾ. പരവട്ടം മുഖത്തല ജംഗ്ഷനിൽ വെച്ച് ഇവരുടെ ഇരുചക്രവാഹനം പൊലീസ് തടയുകയായിരുന്നു. പിടിക്കപ്പെടുമ്പോൾ പ്രതികളുടെ ട്രാക്ക്സ്യൂട്ട് പാൻ്റിൻ്റെ പോക്കറ്റിൽ നിന്നും പ്ലാസ്റ്റിക്ക് പാക്കറ്റിൽ സൂക്ഷിച്ചിരുന്ന നാല് ഗ്രാം എം.ഡി.എം.എ. പൊലീസ് കണ്ടെടുത്തു.
പ്രതികളെ വിശദമായി ചോദ്യം ചെയ്തെങ്കിൽ മാത്രമേ സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ കഴിയൂ എന്ന് പൊലീസ് പറഞ്ഞു. അസ്റ്റിലായ പ്രതികളെ പൊലീസ് കോടതിയിൽ ഹാജരാക്കി.

‘പണി’ സിനിമയിലെ നായിക അഭിനയ വിവാഹിതയായി

ജോജു ജോര്‍ജ് സംവിധാനം ചെയ്ത മലയാള ചിത്രം ‘പണി’ സിനിമയിലെ നായിക അഭിനയ വിവാഹിതയായി. ദീര്‍ഘകാലസുഹൃത്തായ കാര്‍ത്തിക്കാണ് വരന്‍. ഹൈദരാബാദില്‍ പരമ്പരാഗത തെലുഗു രീതിയില്‍ നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെയും അനുബന്ധ ചടങ്ങുകളുടെയും ദൃശ്യങ്ങള്‍ അഭിനയ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്. 20ന് സിനിമാമേഖലയിലുള്ളവര്‍ക്ക് വിരുന്നൊരുക്കും. സംസാരശേഷിയും കേള്‍വിശക്തിയുമില്ലാത്ത അഭിനേത്രി എന്ന വിശേഷണം ആവശ്യമേയില്ലാത്ത വിധം പ്രതിഭ കൊണ്ട് മികവ് തെളിയിച്ച അഭിനയ അറുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു.

കെഎസ്ആര്‍ടിസി പാക്കേജില്‍ ഗവിക്ക് യാത്ര പോയ സംഘം വനത്തില്‍ കുടുങ്ങി

കെഎസ്ആര്‍ടിസി പാക്കേജില്‍ ഗവിക്ക് യാത്ര പോയ സംഘം വനത്തില്‍ കുടുങ്ങി. ബസ് കേടായതിനെ തുടര്‍ന്നാണ് 38 അംഗ സംഘം വന മേഖലയില്‍ കുടുങ്ങിയത്. ബസ് കേടായ വിവരം രാവിലെ 11 മണിക്ക് അറിയിച്ചിട്ടും പകരം ബസ് എത്തിക്കാന്‍ കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് കഴിഞ്ഞില്ലെന്ന് യാത്രക്കാര്‍ കുറ്റപ്പെടുത്തുന്നു. ചടയമംഗലത്ത് നിന്ന് യാത്ര പോയവരാണ് മൂഴിയാറില്‍ വനത്തില്‍ കുടുങ്ങിയത്. കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ യാത്ര സംഘത്തിലുണ്ടായിരുന്നു.

നടന്‍ ശ്രീനാഥ് ഭാസി സിനിമാ സെറ്റില്‍ നിരന്തരം ലഹരി ആവശ്യപ്പെട്ടിരുന്നുവെന്ന ആരോപണവുമായി നിര്‍മ്മാതാവ്

നടന്‍ ശ്രീനാഥ് ഭാസി സിനിമാ സെറ്റില്‍ നിരന്തരം ലഹരി ആവശ്യപ്പെട്ടിരുന്നുവെന്ന ആരോപണവുമായി നിര്‍മ്മാതാവ് ഹസീബ് മലബാര്‍. 35 ദിവസം കൊണ്ട് തീര്‍ക്കേണ്ട സിനിമ ചിത്രീകരണം അവസാനിച്ചത് 120 ദിവസത്തിന് ശേഷം. പുലര്‍ച്ചെ മൂന്ന് മണിക്ക് കഞ്ചാവ് കിട്ടണമെന്ന് നിര്‍ബന്ധിച്ചു. തോന്നുന്ന സമയങ്ങളിലായിരുന്നു ഷൂട്ടിനെത്തിയിരുന്നത്.
രാത്രി മൂന്ന് മണിക്ക് ഫോണില്‍ വിളിച്ച് കഞ്ചാവ് കിട്ടിയേ പറ്റുകയുള്ളൂവെന്ന് പറഞ്ഞ നടനാണ് ശ്രീനാഥ് ഭാസിയെന്നും നമുക്ക് കോടതിയില്‍ കാണാം എന്നുമാണ് ഹസീബ് മലബാര്‍ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. നടന്‍ സ്ഥിരമായി വരാത്തതിനാല്‍ ചിത്രീകരണവും ഡബ്ബിങ്ങും നീണ്ടുപോയെന്നും നിര്‍മ്മാതാവ് പറയുന്നു.
‘കാരവന് ലഹരി പിടിച്ചെടുക്കാന്‍ കഴിവുണ്ടെങ്കില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആക്സിഡന്റ് ഉണ്ടാകുന്ന വണ്ടി ശ്രീനാഥ് ഭാസിയുടേത് ആയേനെ’ എന്നും ഹസീബ് മലബാര്‍ ആരോപിച്ചു. ലഹരി പരിശോധനയ്ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ ഹോട്ടല്‍ മുറിയില്‍ നിന്നും പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ശ്രീനാഥ് ഭാസിക്കെതിരെയും ആരോപണം ഉയരുന്നത്.

വിഴിഞ്ഞം പദ്ധതി മെയ് 2ന് പ്രധാനമന്ത്രി നാടിന് സമർപ്പിക്കും

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം മെയ് 2 ന് കമ്മീഷന്‍ ചെയ്യും. പ്രധാനമന്ത്രി തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും. ഇതുസംബന്ധിച്ച അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് തുറമുഖ അധികൃതര്‍ക്ക് ലഭിച്ചു. രാജ്യത്തിന്റെ ആദ്യ ട്രാന്‍സ്ഷിപ്പ്മെന്റ് കണ്ടെയ്നര്‍ തുറമുഖമായാണ് വിഴിഞ്ഞം കമ്മിഷനിംഗ് ചെയ്യുന്നത്.
പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ വികസിപ്പിച്ച തുറമുഖം ഇന്ത്യയുടെ ആഗോള വ്യാപാരത്തില്‍ വന്‍ കുതിപ്പാകും. രാജ്യത്തിന്റെ ചരക്കുനീക്കത്തിന്റെ വലിയൊരു ഭാഗം കൈകാര്യം ചെയ്യാന്‍ വിഴിഞ്ഞത്തിന് സാധിക്കും. 2024 ജൂലൈയില്‍ ആരംഭിച്ച ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. മാര്‍ച്ച് വരെ ഒരു ലക്ഷത്തില്‍പരം കണ്ടെയ്‌നറുകള്‍ ഈ വര്‍ഷം മാര്‍ച്ചില്‍ തന്നെ എത്തിച്ചേരുകയും ചെയ്തു. 2028 ല്‍ തുറമുഖം പൂര്‍ണ്ണസജ്ജമാക്കുക എന്ന ലക്ഷ്യത്തിലാണ് സര്‍ക്കാര്‍ നീങ്ങുന്നത്.
തുറമുഖത്തിന്റെ തുടര്‍ഘട്ടങ്ങളുടെ നിര്‍മ്മാണത്തിന് കേന്ദ്രത്തിന്റെ പാരിസ്ഥിതിക അനുമതി ലഭിച്ചിട്ടുണ്ട്. രണ്ടാംഘട്ട വികസനത്തിനായി ഭൂമി കണ്ടെത്തുന്നത് കടല്‍ നികത്തിയായിരിക്കും. കണ്ടെയ്നര്‍ ടെര്‍മിനല്‍ 1,200 മീറ്റര്‍ കൂടി ദീര്‍ഘിപ്പിച്ച് 2000 മീറ്ററാക്കും. 30 ലക്ഷം കണ്ടെയ്‌നര്‍ വരെ വാര്‍ഷിക ശേഷിയുള്ള കണ്ടെയ്നര്‍ യാര്‍ഡ് നിര്‍മ്മിക്കാന്‍ ആവശ്യമായ 77.17 ഹെക്ടര്‍ വിസ്തൃതിയിലുള്ള ഭൂമിയാണ് ഡ്രഡ്ജിംഗിലൂടെ കടല്‍ നികത്തി കണ്ടെത്തുക. ആദ്യഘട്ടത്തില്‍ 63 ഹെക്ടര്‍ ഭൂമിക്കായി കടല്‍ നികത്തിയിരുന്നു.
കേരളസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള തുറമുഖം നടത്തിപ്പ് സംബന്ധിച്ച കരാര്‍ 2015 ല്‍ അദാനിയുമായി ഒപ്പുവെച്ചിരുന്നു. 40 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് കരാര്‍. പ്രധാന അന്താരാഷ്ട്ര ഷിപ്പിംഗ് റൂട്ടുകള്‍ക്ക് സമീപം സ്ഥിതി ചെയ്യുന്നതും 18 മീറ്റര്‍ സ്വാഭാവിക ആഴത്തിലുള്ള ഡ്രാഫ്റ്റ് ഉള്ളതുമായ തുറമുഖമാണ് വിഴിഞ്ഞം. രാജ്യത്തെ ആദ്യ ആഴക്കടല്‍ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ് മെന്റ് ഹബ്ബായ വിഴിഞ്ഞം കൊളംബോ, സലാല, ദുബായ്, സിംഗപ്പൂര്‍ തുടങ്ങിയ വന്‍കിട തുറമുഖങ്ങളോട് മത്സരിക്കുന്നതാണ്. റോഡ്, റെയില്‍ കണക്റ്റിവിറ്റി പ്രാവര്‍ത്തികമാക്കി ചരക്ക് ഗതാഗതം സുഗമമാകുമ്പോള്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിന് മുന്‍പില്‍ വലിയ വികസന സാധ്യതകള്‍ തുറന്നിടും.

ലഹരി ഉപയോഗിച്ച്‌ കണ്ണ് തടിച്ചു, ഷൂട്ടിങ്ങ് മുടങ്ങി, ലൈംഗിക ചുവയോടെ സംസാരിച്ചു; വിന്‍സിയുടെ പരാതിയുടെ വിശദാംശങ്ങള്‍ പുറത്ത്

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടി വിന്‍സി അലോഷ്യസ് ഫിലിം ചേംബറിന് നല്‍കിയ പരാതിയിലെ വിശദാംശങ്ങള്‍ പുറത്ത്.

ലഹരി ഉപയോഗിച്ച്‌ ഷൈനിന്റെ കണ്ണ് തടിച്ചുവെന്നും ഇതേത്തുടര്‍ന്ന് സിനിമാ ചിത്രീകരണം മുടങ്ങിയെന്നും വിന്‍സി പരാതിയില്‍ പറയുന്നു. സിനിമാ സെറ്റില്‍ വെച്ച്‌ നടന്‍ ലൈംഗിക ചുവയോടെ സംസാരിച്ചെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് മോശം അനുഭവം നേരിട്ടത്. വീടിന് അടുത്തുതന്നെയായിരുന്നു ഷൂട്ടിങ്ങ് എന്നതിനാല്‍, ദിവസവും വന്നു പോകുകയായിരുന്നു. സെറ്റില്‍ വെച്ച്‌ വസ്ത്രം മാറാന്‍ പോകുമ്ബോള്‍ താന്‍ ശരിയാക്കി തരാമെന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞുവെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് വിന്‍സി ഫിലിം ചേംബറിന് പരാതി നല്‍കിയത്.

തനിക്കു മാത്രമല്ല, സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും ഷൈന്‍ ടോം ചാക്കോയില്‍ നിന്നും ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. താന്‍ മൂലം സിനിമ മുടങ്ങരുതെന്ന് വിചാരിച്ചാണ് അന്ന് അക്കാര്യം പറയാതെ സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സഹകരിച്ചതെന്നും വിന്‍സി പറയുന്നു. കഴിഞ്ഞ നവംബറിലായിരുന്നു സിനിമയുടെ ചിത്രീകരണം.

സംഭവത്തില്‍ കേസെടുക്കാന്‍ പര്യാപ്തമായ വിവരങ്ങള്‍ ലഭിച്ചാല്‍ തുടര്‍ നടപടിയുണ്ടാകുമെന്ന് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. നടിയുടെ വെളിപ്പെടുത്തലിനെ കുറിച്ച്‌ സ്റ്റേറ്റ് ഇന്റലിജന്‍സും അന്വേഷണം തുടങ്ങിയിരുന്നു. അതേസമയം വിന്‍സിയുടെ പരാതി പരിശോധിക്കാന്‍ താരസംഘടനയായ അമ്മ മൂന്നംഗ സമിതിയെ നിയോഗിച്ചു. അന്‍സിബ, സരയൂ, വിനുമോഹന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.