Home Blog Page 1209

കർണാടകയിൽ ഉണ്ടായ വാഹനാപകടത്തിൽ നാല് പേർ മരിച്ചു

കർണാടകയിൽ ഉണ്ടായ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. റായ്ച്ചൂർ അമരപുരയിലാണ് അപകടമുണ്ടായത്. പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് പാലത്തിൻ്റെ കൈവരിയിൽ ഇടിക്കുകയായിരുന്നു. പുലർച്ചെ ആയിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ മരിച്ചവർ തെലങ്കാന സ്വദേശികളാണ്. ഡ്രൈവർ ഉറങ്ങി പോയതാകാം വാഹനം നിയന്ത്രണം വിടാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ ഗബ്ബുർ പോലീസ് കേസെടുത്തു.

ലോകത്തിലെ ഏറ്റവും വലിയ മുരുക പ്രതിമ നിർമിക്കാൻ പദ്ധതിയുമായി തമിഴ്നാട്

ലോകത്തിലെ ഏറ്റവും വലിയ മുരുക പ്രതിമ കോയമ്പത്തൂരില്‍ നിര്‍മ്മിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. കോയമ്പത്തൂരിലെ മരുതമലയില്‍ 184 അടി ഉയരമുള്ള പ്രതിമ നിര്‍മ്മിക്കുമെന്ന് തമിഴ്‌നാട് ഹിന്ദു മത, ജീവകാരുണ്യ എന്‍ഡോവ്മെന്റ്സ് (എച്ച്ആര്‍ & സിഇ) മന്ത്രി പി കെ ശേഖര്‍ബാബു പറഞ്ഞു. സംസ്ഥാനത്ത് മുരുക ഭഗവാന്റെ മൂന്ന് പ്രതിമകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയാണ് മന്ത്രി പ്രഖ്യാപിച്ചത്.

പദ്ധതിയുടെ ആകെ ചെലവ് 146.83 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. മരുതമലയിലെ ഏറ്റവും വലിയ പ്രതിമയ്ക്ക് മാത്രം 110 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. മരുതമലയിലെ ‘തമിഴ് കടവുള്‍’ പ്രതിമ ഒരു ഷഡ്ഭുജ ആകൃതിയിലുള്ള സമുച്ചയമായിരിക്കുമെന്ന് മന്ത്രി ശേഖര്‍ബാബു പറഞ്ഞു. അതില്‍ മ്യൂസിയം, പാര്‍ക്കിങ് സൗകര്യങ്ങള്‍, മറ്റ് അവശ്യ സൗകര്യങ്ങള്‍ എന്നിവ ഉണ്ടായിരിക്കും.

കൂടാതെ, ഈറോഡ് ജില്ലയിലെ തിണ്ടലിലുള്ള വേലായുധസ്വാമി ക്ഷേത്രത്തില്‍ 30 കോടി രൂപ ചെലവില്‍, 180 അടി ഉയരമുള്ള രണ്ടാമത്തെ പ്രതിമ സ്ഥാപിക്കും. റാണിപേട്ട് ജില്ലയിലെ കുമാരഗിരിയിലുള്ള സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ 114 അടി ഉയരമുള്ള മൂന്നാമത്തെ പ്രതിമയും നിര്‍മ്മിക്കും. 6.83 കോടി രൂപയാണ് ഇതിന് ചെലവ് വകയിരുത്തിയത്. എച്ച്ആര്‍ & സിഇ വകുപ്പിനുള്ള ബജറ്റ് വിഹിതം സംബന്ധിച്ച ചര്‍ച്ചയ്ക്കിടെയാണ് മന്ത്രിയുടെ പ്രഖ്യാപനങ്ങള്‍.
2022 ഏപ്രിലില്‍ സേലം ജില്ലയിലെ എതാപൂരിലെ ഒരു സ്വകാര്യ ക്ഷേത്രത്തില്‍ അനാച്ഛാദനം ചെയ്ത മുരുക ഭഗവാന്റെ പ്രതിമയാണ് നിലവില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയത്.

കൊച്ചിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്ന മുഖ്യ കണ്ണികള്‍ പിടിയില്‍

കൊച്ചിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്ന മുഖ്യ കണ്ണികള്‍ പിടിയില്‍. കുണ്ടന്നൂര്‍ സ്വദേശി സച്ചിന്‍, ഒഡീഷ സ്വദേശി ദുര്യോധന മാലിക് എന്നിവരാണ് പിടിയിലായത്. സച്ചിന്‍ കൊച്ചിയിലെ ലഹരിമാഫിയ സംഘത്തിലെ പ്രധാനിയാണെന്ന് പൊലീസ് പറഞ്ഞു.

അഞ്ചു കിലോ കഞ്ചാവും 28,000 രൂപയും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഒഡീഷയിലെ കണ്ഡമാല്‍ ജില്ലയില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ദുര്യോധന മാലിക് ചോദ്യം ചെയ്യലില്‍ പറഞ്ഞതായി എസിപി അബ്ദുള്‍ സലാം പറഞ്ഞു. മാലിക് സ്വന്തമായി ഒഡീഷയില്‍ കഞ്ചാവ് കൃഷി നടത്തുകയാണ്. ഇത് ട്രെയിന്‍ മാര്‍ഗം കൊച്ചിയിലെത്തിച്ച് സച്ചിന് കൈമാറുന്നതിനിടെയാണ് പിടിയിലായത്.
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഇവരെ പിടികൂടുന്നത്. കൊച്ചിയിലെ സ്‌കൂള്‍, കോളജ് കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന സംഘത്തിന്റെ തലവന്‍ അമല്‍ജോഷി എന്നയാളെ കഴിഞ്ഞമാസം രണ്ടു കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. ഇയാളുടെ സംഘത്തിലെ രണ്ടാമനാണ് സച്ചിനെന്ന് പൊലീസ് സൂചിപ്പിച്ചു.

വാർത്താനോട്ടം

വാർത്താനോട്ടം
2025 ഏപ്രിൽ 18 വെള്ളി




BREAKING NEWS

? റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ രണ്ട് ദിവസം ശേഷിക്കേ വനിതാ പോലീസ് കോൺസ്റ്റബിൾ തസ്തികയിൽ 45 പേർക്ക് നിയമന ഉത്തരവ് നൽകി സർക്കാർ.സെക്രട്ടറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന മൂന്ന് പേർ ഉൾപ്പെടെയാണിത്. ശേഷിക്കുന്നവർ സമരം തുടരും.



?ജഗൻമോഹൻ റെഢിയുടെ സ്വത്തുക്കൾ പിടിച്ചെടുത്ത് ഇ.ഡി, ഡാൽമിയ സിമൻ്റിലുള്ള 27.5 കോടിയുടെ ഓഹരികൾ പിടിച്ചെടുത്തു.2011 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

?കുരിശ് മതചിഹ്നം മാത്രമല്ല, രക്ഷയുടെ അടയാളമാണെന്ന് കാതോലിക്ക ബാബ


?കൊച്ചിയിലെ ഹോട്ടലിൽ നിന്ന് രക്ഷപ്പെട്ട ഷൈൻ ടോം ചാക്കോയ്ക്കെതിരായ തിരച്ചിൽ ഊർജിതമെന്ന് പോലീസ്


?പത്തനംതിട്ടിൽ കെ എസ് ആർ റ്റി സി ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. റാന്നി വയലത്തല സ്വദേശി ഫിലിപ്പാണ് മരിച്ചത്.


? തൃശൂർ മണ്ണൂത്തി വടക്കഞ്ചേരി ദേശീയപാതയിൽ ഗതാഗതക്കുരുക്ക്, കണ്ടെയ്നർ ലോറി റോഡിൽ പുതഞ്ഞത് കാരണം താണിപ്പാടം മുതൽ പീച്ചി റോഡ് വരെ വാഹനങ്ങൾ കുടുങ്ങി കിടക്കുന്നു.

? ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം വാളക്കുളം സ്വദേശി മുബഷിറ (34) മരിച്ചു



?നാഷണൽ ഹെറാൾഡ് കേസ്: ഉന്നത നിയമവിദഗ്ധരുമായി ചർച്ച നടത്തി രാഹൂൽ ഗാന്ധി, അമേരിക്കൻ സന്ദർശനം നീട്ടില്ല




?കേരളീയം?



?  സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ കാസര്‍ഗോഡ് നിര്‍വഹിക്കും. കാലിക്കടവ് മൈതാനത്ത് ഏപ്രില്‍ 21 ന് രാവിലെ 10 മണിക്കാണ് ഉദ്ഘാടന ചടങ്ങ് നടക്കുക.



?  വേതനം സംബന്ധിച്ച് പഠിക്കാന്‍ കമ്മിറ്റിയെ വെച്ചെന്ന് ഹൈക്കോടതിയില്‍ കള്ളസത്യവാങ് മൂലം നല്‍കിയെന്ന ആരോപണവുമായി ആശാ വര്‍ക്കര്‍മാര്‍. സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധപൂര്‍വ്വം തെറ്റിദ്ധരിപ്പിച്ചുവെന്നും ആശ വര്‍ക്കര്‍മാര്‍ ആരോപിച്ചു.




?  പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചതിന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. രാഹുല്‍ മാങ്കൂട്ടത്തിലിനെയും കണ്ടാലറിയുന്ന 19 പേര്‍ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.



  ?വഖഫ് ബില്ല് കൊണ്ട് ഒരു ഗുണവും ഇല്ലെന്ന് ഇപ്പോള്‍ മനസ്സിലായെന്ന് കോഴിക്കോട് ആര്‍ച്ച് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍. മുനമ്പത്തെ പ്രശ്നം പരിഹരിക്കുമെന്ന് കരുതിയാണ് വഖഫ് ബില്ലിന് പിന്തുണ നല്‍കിയതെന്നും, പുതിയ സാഹചര്യത്തില്‍ പിന്തുണ പുനഃപരിശോധിക്കാവുന്നതാണെന്നും കോഴിക്കോട് അതിരൂപത അധ്യക്ഷന്‍ പ്രതികരിച്ചു.


? ഗവര്‍ണര്‍ ആരിഫ് ഖാനെ വഴിയില്‍ തടഞ്ഞ കേസിലെ പ്രതിയായ എസ്എഫ്ഐ നേതാവിന് ശ്രീനാരായണ ഓപണ്‍ സര്‍വകലാശാലയില്‍ സിന്റിക്കേറ്റ് അംഗമായി നിയമനം. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ ആദര്‍ശിനെയാണ് നാല് വര്‍ഷത്തേക്ക് നിയമിച്ചത്.

?  നടന്‍ ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. ചോദ്യം ചെയ്യാനായി നടനെ നോട്ടീസ് നല്‍കി വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. വൈകാതെ നടന് നോട്ടീസ് നല്‍കും.



?  കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. എല്ലാ കേസുകളും സിബിഐയ്ക്ക് വിടേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആത്മഹത്യ പ്രേരണ കുറ്റം നിലവിലെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.


?  കൊല്ലം പൂരത്തിലെ കുടമാറ്റത്തില്‍ ഹെഡ്ഗേവാറിന്റെ ചിത്രം ഉയര്‍ത്തിയത് സ്വകാര്യ വ്യക്തികളാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൊല്ലം അസിസ്റ്റന്റ് കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. ക്ഷേത്രോപദേശക സമിതിക്ക് ഇതില്‍ യാതൊരു പങ്കുമില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് അധികൃതര്‍ക്ക് കൈമാറി.



?  വീട്ടില്‍ കഞ്ചാവ് കൃഷി കണ്ടെത്തിയതിനെ തുടര്‍ന്ന് അക്കൗണ്ട് ജനറല്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ പിടിയില്‍. അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍ ജിതിനാണ് പിടിയിലായത്. ഗസ്റ്റഡ് റാങ്കിലെ ഓഫീസറാണ് ജിതിന്‍. ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ടെറസിലായിരുന്നു കഞ്ചാവ് കൃഷിയെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.  താന്‍ ഒറ്റയ്ക്കാണ് കഞ്ചാവ് കൃഷി നടത്തിയതെന്ന് ജിതിന്‍ എക്സൈസ് ഉദ്യോഗസ്ഥരോട് സമ്മതിച്ചു.

?  എഴുപുന്ന ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയ കേസില്‍ കീഴ്ശാന്തി അറസ്റ്റില്‍. കൊല്ലം സ്വദേശി രാമചന്ദ്രന്‍ പോറ്റിയാണ് അറസ്റ്റിലായത്. വിഗ്രഹത്തില്‍ ചാര്‍ത്തിയ 20 പവനോളം വരുന്ന തിരുവാഭരണമാണ് മോഷണം പോയത്.

?  ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പ്രതികളെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ അനുവദിച്ചു. തിങ്കളാഴ്ച അന്വേഷണ സംഘം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും.



?  പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ കത്ത്. വെട്ടിക്കുറച്ച ഹജ് സീറ്റുകള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്.



?ഭാരതപ്പുഴയില്‍ യുവതിയും ബന്ധുവായ വിദ്യാര്‍ഥിയും മുങ്ങിമരിച്ചു. തവനൂര്‍ മദിരശ്ശേരി കരിങ്കപ്പാറ ആബിദ (45), ആബിദയുടെ സഹോദരന്റെ മകന്‍ മുഹമ്മദ് ലിയാന്‍ (15) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.30-ന് മദിരശ്ശേരി താഴം കടവിലായിരുന്നു അപകടം. കുളിക്കുന്നതിനിടെ മുഹമ്മദ് ലിയാന്‍ മുങ്ങിത്താഴുന്നത് കണ്ട് പുഴയോരത്ത് നിന്നിരുന്ന ആബിദ രക്ഷിക്കാനായി പുഴയിലേക്ക് ചാടുകയായിരുന്നു.


?  കോട്ടയം അയര്‍ക്കുന്നത്ത് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജിസ്മോളും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം.



??     ദേശീയം   ??




?  തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി ദില്ലിക്ക് പോയി. ആഭ്യന്തര മന്ത്രാലയം വിളിപ്പിച്ചതാണോ എന്ന് വ്യക്തമല്ല.  അമിത് ഷായെ രവി കാണുമെന്നാണ് സൂചന. ബില്ലുകള്‍ തടഞ്ഞു വച്ചതിനെതിരായ സുപ്രീം കോടതി ഉത്തരവിനെതിരെ നിയമ പോരാട്ടം നടത്തുന്നതില്‍ കൂടിയാലോചനകള്‍ നടത്തുമെന്നും അഭ്യൂഹമുണ്ട്.



?  രാഷ്ട്രപതിയെ നിയന്ത്രിക്കാനും സമയപരിധി നിശ്ചയിക്കാനും ജുഡീഷ്യറിക്ക് അധികാരമില്ലെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. കോടതികള്‍ രാഷ്ട്രപതിയെ നയിക്കുന്ന ഒരു സാഹചര്യം ജനാധിപത്യത്തില്‍ ഉണ്ടാകാന്‍ പാടില്ലെന്നും ധന്‍കര്‍ പ്രസ്താവിച്ചു.



?  ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനുമായ റോബര്‍ട്ട് വദ്രയെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും റോബര്‍ട്ട് വദ്ര ഇഡിയുടെ മുമ്പിലെത്തി.



?  ഒഡീഷയില്‍ ഓസ്‌ട്രേലിയന്‍ സുവിശേഷകനായ ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ടു മക്കളെയും ജീവനോടെ കത്തിച്ച് കൊന്ന കേസില്‍ ശിക്ഷായിളവ് ലഭിച്ച പ്രതികളിലൊരാളായ മഹേന്ദ്ര ഹെംബ്രാം ജയില്‍മോചിതനായി. 25 വര്‍ഷമായി ജയിലില്‍ കഴിയുന്ന മഹേന്ദ്ര ഹെംബ്രാമിന് നല്ലനടപ്പ് പരിഗണിച്ചാണ് ഒഡീഷ സര്‍ക്കാര്‍ ശിക്ഷായിളവ് നല്‍കിയത്.



?  മുര്‍ഷിദാബാദ് സംഘര്‍ഷത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കല്‍ക്കട്ട ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പതിനായിരത്തോളം പേര്‍ മുര്‍ഷിദാബാദില്‍ സംഘടിച്ചെന്നും ദേശീയപാത അടക്കം തടഞ്ഞാണ് ആക്രമണം നടത്തിയതെന്നും ബംഗാള്‍ സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിലുണ്ട്.


?  പാകിസ്ഥാന്റെ കഴുത്തിലെ സിരയാണ് കശ്മീര്‍ എന്ന പാക് സൈനിക മേധാവിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. പാക് സൈനിക മേധാവിയുടെ പ്രസ്താവന തള്ളിയ ഇന്ത്യ, നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ പ്രദേശം ഒഴിയുക എന്നതാണ് കശ്മീരുമായുള്ള പാകിസ്ഥാന്റെ ഏക ബന്ധമെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.




?? അന്തർദേശീയം  ??



? അമേരിക്കന്‍ പ്രസിഡന്റിന്റെ പുതിയ താരിഫ് നടപടികള്‍ ഫെഡറല്‍ റിസര്‍വിനെ പ്രതിസന്ധിയിലെത്തിച്ചെന്ന് കുറ്റപ്പെടുത്തിയ ഫെഡറല്‍ റിസര്‍വ് ചെയര്‍ ജെറോം പവലിനെ പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തി ഡോണള്‍ഡ് ട്രംപ്. പലിശ നിരക്ക് വേഗത്തില്‍ കുറയ്ക്കാത്തതാണ് പ്രശ്നമെന്ന് അഭിപ്രായപ്പെട്ട ട്രംപ്, പലിശ നിരക്ക് വേഗത്തില്‍ കുറച്ചില്ലെങ്കില്‍ പിരിച്ചുവിടാന്‍ മടിക്കില്ലെന്ന മുന്നറിയിപ്പും നല്‍കി.

? സന്തതിപരമ്പര സൃഷ്ടിക്കാന്‍ കോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അമ്മമാരെ റിക്രൂട്ട് ചെയ്യുന്നതിന് തന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്സിനെ  ഉപയോഗിക്കുന്നുണ്ടെന്നും തന്റെ കുട്ടികളെ വാടക ഗര്‍ഭത്തിലൂടെ പ്രസവിക്കുന്നവര്‍ക്ക് സാമ്പത്തികമായ സഹായമായി വലിയ തുകയാണ് മസ്‌ക് നല്‍കുന്നതതെന്നും കര്‍ശനമായ രഹസ്യ കരാറുകളിലൂടെയാണ് വാടക അമ്മമാരെ വരുതിയിലാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

?  ദക്ഷിണാഫ്രിക്കയിലെ പോച്ചഫ്‌സ്ട്രൂമില്‍ ചൊവ്വാഴ്ച നടന്ന ഇന്‍വിറ്റേഷണല്‍ മത്സരത്തില്‍ സ്വര്‍ണം നേടി ഇന്ത്യന്‍ ജാവലിന്‍ താരം നീരജ് ചോപ്ര.  84.52 മീറ്റര്‍ എറിഞ്ഞാണ് താരം സ്വര്‍ണം നേടിയത്.




?  കായികം  ?



?  ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നാലു വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. ആദ്യം ബാറ്റ് ചെയ്ത് ഹൈദരാബാദ് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 36 റണ്‍സും ഹൈദരാബാദിന്റെ രണ്ട് വിക്കറ്റും സ്വന്തമാക്കിയ മുംബൈയുടെ വില്‍ ജാക്സാണ് കളിയിലെ താരം.

കരളിനെ ബാധിക്കുന്ന നാല് രോഗങ്ങളെ കുറിച്ചറിയാം

നാളെ ഏപ്രിൽ 19- ലോക കരൾ ദിനം. ഭക്ഷണം ദഹിപ്പിക്കാനും ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്ന കരൾ മനുഷ്യ ശരീരത്തിൻറെ അവിഭാജ്യ ഘടകമാണ്. എന്നാൽ ഇന്ന് കരൾ രോഗികളുടെ എണ്ണം കൂടുകയാണ്. കരളിനെ ബാധിക്കുന്ന പ്രധാനപ്പെട്ട നാല് രോഗങ്ങളെ അറിയാം.

  1. ഹെപ്പറ്റൈറ്റിസ്

കരളിന് നീർവീക്കമുണ്ടാകുന്ന അവസ്ഥയാണ് ഹെപ്പറ്റൈറ്റിസ് എന്ന് പറയുന്നത്. വൈറൽ അണുബാധകൾ മൂലമാണ് ഇതുണ്ടാകുന്നത്. കൂടാതെ മദ്യപാനം, ചില മരുന്നുകളുടെ ഉപയോഗം, ബാക്ടീരിയൽ രോഗബാധ, അമീബിയാസിസ് തുടങ്ങിയവയും ഹെപ്പറ്റൈറ്റിസിന് കാരണമാകാം. മഞ്ഞപ്പിത്തമാണ് പ്രധാന രോഗലക്ഷണം. കൂടാതെ വിശപ്പില്ലായ്മ, ക്ഷീണം, മനംപുരട്ടൽ, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, ഹെപ്പറ്റൈറ്റിസ് ഇ എന്നിവയാണ് വൈറൽ ഹെപ്പറ്റൈറ്റിസിന്റെ ഏറ്റവും സാധാരണമായ തരം.

  1. ലിവർ സിറോസിസ്

കരളിനെ ബാധിക്കുന്ന ഗുരുതര രോഗമാണ് ലിവർ സിറോസിസ്. ഇത് കരളിലെ ആരോഗ്യകരമായ കോശങ്ങളെ നശിപ്പിക്കുകയും കരളിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ദീർഘകാലമായുള്ള അമിത മദ്യപാനം മൂലം രോഗമുണ്ടാകാം. ലിവർ സിറോസിസ് മൂലം അടിവയറ്റിൽ ദ്രാവകം അഥവാ ഫ്ലൂയ്ഡ് അടിഞ്ഞുകൂടുന്നതിന് കാരണമാകും. കൂടാതെ ചർമ്മത്തിലെ തുടർച്ചയായ ചൊറിച്ചിൽ, മഞ്ഞപ്പിത്തം, കടുത്ത ക്ഷീണം, വിശപ്പില്ലായ്മ, അകാരണമായി ശരീരഭാരം കുറയുക തുടങ്ങിയവയൊക്കെ സിറോസിസിൻറെ ലക്ഷണങ്ങളാണ്.

  1. ഫാറ്റി ലിവർ ഡിസീസ്

കരളിനെ ബാധിക്കുന്ന രോഗങ്ങളിൽ ഏറ്റവും വ്യാപകമായ ഒന്നാണ് ഫാറ്റി ലിവർ ഡിസീസ്. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥ ആണ് ഫാറ്റി ലിവർ രോഗം. മദ്യപാനം മൂലമുള്ളതിനെ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം എന്നാണ് പറയുന്നത്. മോശം ഭക്ഷണശീലം കൊണ്ട് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗമുണ്ടാകാനുള്ള സാധ്യത ഏറെയാണ്. ചർമ്മത്തിന് മഞ്ഞകലർന്ന നിറം, മുഖത്ത് വീക്കം, ചൊറിച്ചിൽ, വരണ്ട ചർമ്മം, അടിവയറ്റിലെ വീക്കം, വീർത്ത വയർ, വയറുവേദന, രക്തസ്രാവം, ഭാരം നഷ്ടമാകൽ, വിശപ്പില്ലായ്മ തുടങ്ങിയവയാണ് ലക്ഷണങ്ങൾ. നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ സാധ്യതയെ തടയാൻ പ്രോസസിഡ് ഭക്ഷണങ്ങൾ, റെഡ് മീറ്റ്, സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ, ജങ്ക് ഫുഡ്, മധുരം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും തുടങ്ങിയവ പരമാവധി ഡയറ്റിൽ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത്.

  1. കരളിനെ ബാധിക്കുന്ന അർബുദം

വളരെ പെട്ടെന്ന് വ്യാപിക്കുന്ന ക്യാൻസറുകളിൽ പ്രധാനപ്പെട്ടതാണ് ലിവർ ക്യാൻസർ അഥവാ കരളിലെ അർബുദം. മദ്യപാനം, പുകവലി, കരൾ രോഗങ്ങൾ, അമിതവണ്ണം, അമിതമായ പ്രമേഹം, ചില മരുന്നുകൾ എന്നിവയെല്ലാം ലിവർ ക്യാൻസറിനുള്ള സാധ്യത കൂട്ടാം. കൂടാതെ ആൽക്കഹോളിക് ലിവർ ഡിസീസ്, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി തുടങ്ങിയ കരൾ രോഗങ്ങൾ പലപ്പോഴും കരൾ ക്യാൻസറിൻറെ സാധ്യതയെ കൂട്ടുന്നു. അടിവയറു വേദന, വയറിന് വീക്കം, ഇടയ്ക്കിടയ്ക്കുള്ള ഛർദ്ദി, ശരീരത്തിനും കണ്ണിനും മഞ്ഞ നിറം, ചർമ്മം ചൊറിയുക, അമിത ക്ഷീണം, അകാരണമായി ശരീരഭാരം കുറയുക തുടങ്ങിയവ കരൾ ക്യാൻസറിൻറെ സൂചനകളാകാം.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

ക്യാമറ കാണുമ്പോഴും കസേരയ്ക്കും ഉന്തും തള്ളും വേണ്ട! സോഷ്യൽ മീഡിയയിൽ ട്രോൾ, ഒടുവിൽ കോൺ​ഗ്രസിൽ ആ മാറ്റം വരുന്നു

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പെരുമാറ്റച്ചട്ടം വരുന്നു. കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടന ചടങ്ങിലെ ഉന്തും തള്ളും പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയ പശ്ചാത്തലത്തിലാണ് തീരുമാനം. പാര്‍ട്ടി യോഗങ്ങളിലും പൊതു പരിപാടികളിലും പാലിക്കേണ്ട മാര്‍ഗരേഖ കെപിസിസി ഉടന്‍ പുറത്തിറക്കും. പെരുമാറ്റച്ചട്ടം പാലിക്കാത്തവര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും എന്നാണ് മുന്നറിയിപ്പ്.

ദൃശ്യമാധ്യമങ്ങളിലും വാര്‍ത്താചിത്രങ്ങളിലും ഇടംപിടിക്കാനുള്ള ബലംപിടുത്തം കോൺ​ഗ്രസിനാകെ നാണക്കേട് ഉണ്ടാക്കിയിരുന്നു. പൊതുജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനം കൈകൊണ്ടത് കഴിഞ്ഞ കെപിസിസി യോഗത്തിലാണ്. കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടനത്തിനിടെ മുതിര്‍ന്ന നേതാക്കള്‍ വരെ അപമാനിതരായ സംഭവം യോഗത്തില്‍ ഉന്നയിച്ചത് ജനറല്‍ സെക്രട്ടറി പഴകുളം മധുവാണ്.

കെ മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇത് ചര്‍ച്ചയാക്കി. തുടര്‍ന്നാണ് പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്ന കെപിസിസി അധ്യക്ഷൻ ഉറപ്പ് നൽകിയത്. കോഴിക്കോട് മുമ്പ് നടന്ന ചിന്തന്‍ ശിബിരത്തില്‍ സ്റ്റേജില്‍ ഇരിക്കേണ്ട നേതാക്കളുടെ എണ്ണം സംബന്ധിച്ച് വരെ അന്ന് തീരുമാനങ്ങള്‍ എടുത്തിരുന്നു. എന്നാല്‍ പാലിക്കപ്പെട്ടില്ല. ഭാരവാഹിത്വത്തിൽ നിന്ന് ഒഴിഞ്ഞ നേതാക്കള്‍ വരെ ഭാരവാഹികളേക്കാള്‍ പ്രാധാന്യത്തോടെ ഇടിച്ചുനില്‍ക്കുന്നതാണ് പതിവ്. നേതാക്കള്‍ പ്രസംഗിക്കുമ്പോള്‍ അതിന്‍റെ പിന്നില്‍ തമ്പടിച്ചുനിന്ന് ക്യാമറയില്‍ മുഖം കാണിക്കുന്ന രീതി കൂടിവരുന്നു.

വേദിയില്‍ നേതാക്കളുടെ കസേരകളിക്കും കുറവില്ല. മാധ്യമങ്ങളോട് നേതാക്കള്‍ സംസാരിക്കുമ്പോള്‍ ഫ്രെയിമില്‍ തലയിടാനുള്ള ഉന്തും തള്ളും വേറെ. നേതാക്കളെന്നോ പ്രവര്‍ത്തകരെന്നോ ഇല്ലാതെ പാര്‍ട്ടിക്ക് നാണക്കേട് വരുത്തുന്ന ഇത്തരം രീതികള്‍ക്ക് തടയിടാന്‍ സമ്പൂര്‍ണ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കുമെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി എം ലിജു പറഞ്ഞു. പാര്‍ട്ടിയെ സെമി കേഡറാക്കുമെന്ന് കെപിസിസി അധ്യക്ഷനായി നിയമിതനായപ്പോള്‍ കെ സുധാകരന്‍ പ്രഖ്യാപിച്ചതാണ്. ക്വാര്‍ട്ടര്‍ കേഡര്‍ പോലും ആയിട്ടില്ലെന്ന വിമര്‍ശനം നില്‍ക്കുമ്പോഴാണ് വീണ്ടുമൊരു പെരുമാറ്റച്ചട്ടം വരുന്നത്.

വനിതാ സിപിഒ ലിസ്റ്റിലുള്ള 45 പേർ തൊപ്പി വയ്ക്കാം,അനാസ്ഥയോട് തോറ്റു തൊപ്പിയിട്ടവര്‍ക്ക് കണ്ണീരോടെ മടങ്ങാം

തിരുവനന്തപുരം . വനിതാ സി.പി.ഒ ലിസ്റ്റിൽ 45 പേർക്ക് അഡ്വൈസ് മെമ്മോ നൽകി സർക്കാർ. റാങ്ക് ലിസ്റ്റ് കാലാവധി കഴിയാൻ രണ്ട് ദിവസം ബാക്കി നിൽക്കെയാണ് നടപടി. സമരം ചെയ്യുന്ന മൂന്നു പേർക്ക് അഡ്വൈസ് മെമ്മോ ലഭിച്ചു. പ്രിയ,അഞ്ജലി, അരുണ എന്നിവർക്ക് ആണ് മെമ്മോ ലഭിച്ചത്. കൃത്യമായി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത് ഉദ്യോഗാര്‍ഥികളെ നിയമിക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെയാണ് ഗതികെട്ട് സമരവുമായി യുവാക്കള്‍ മുന്നിട്ടിറങ്ങിയത്. ഔദ്യോഗിക ജീവിതം തന്നെ എന്നേക്കുമായി ഇല്ലാതാകുന്ന ്രായം അധികരിച്ചവര്‍പോലും ഏറെയുണ്ട്. അധികൃതര്‍ അപമാനിക്കുംപോലെ ലിസ്റ്റിലുള്ള എല്ലാവരും ജോലി കിട്ടാത്തതല്ല പ്രശ്നം, മര്യാദയോടെ നിയമനം നടക്കുന്ന ധാരാളം ലിസ്റ്റുകളില്‍ ഇത്തരം സമരംഉണ്ടാകാറില്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്. ജീവിതത്തിനുവേണ്ടിയുള്ള പോരാട്ടമാണ് നടന്നതെന്ന് സമരക്കാര്‍ പറയുന്നു

വധശ്രമം അടക്കമുള്ള കേസുകളിൽ പ്രതിയായ പടിഞ്ഞാറെ കല്ലട സ്വദേശിയായ പിടികിട്ടാപ്പുള്ളി പിടിയിൽ

ശാസ്താംകോട്ട: വധശ്രമം അടക്കം അഞ്ചോളം ക്രിമിനൽ കേസുകളിൽ പിടികിട്ടാപ്പുള്ളിയായ കുറ്റവാളി ഒടുവിൽ പൊലീസിന്റെ പിടിയിലായി. പടിഞ്ഞാറേകല്ലട വിളന്തറ ജീന ഭവനിൽ പ്രിൻസ്(25) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.

കരുനാഗപ്പള്ളിയിലെ പോളീടെക്നിക്ക് കോളേജിലെ വിദ്യാർത്ഥികളായ പ്രണവും അൻസിലും തമ്മിൽ 2024 നവംബർ മാസം തർക്കമുണ്ടാവുകയും ഈ വിരോധത്തിൽ പ്രണവും പ്രതിയായ പ്രിൻസും ഉൾപ്പെട്ട സംഘം കരുനാഗപ്പള്ളി ജീവാ ഗ്രൗണ്ടിൽ കളിച്ചുകൊണ്ട് നിന്ന അൻസിലിനെയും സുഹൃത്തുകളെയും ആക്രമിക്കുകയും, ആക്രമണം കണ്ട് പിടിച്ചുമാറ്റാൻ എത്തിയ സമീപവാസിയായ യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്യ്തിരുന്നു.

സംഭവ ശേഷം ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ തമിഴ്‌നാട് ഹൊസൂറിൽ നിന്നുമാണ് കരുനാഗപ്പള്ളി പൊലീസ് സാഹസികമായി പിടികൂടിയത്. ഈ കേസിൽ ഉൾപ്പെട്ട ഇയാളുടെ കുട്ടാളികളായ മറ്റ് പ്രതികളെ നേരത്തെ തന്നെ പോലീസ് പിടികൂടിയിരുന്നു. പിടിയിലായ പ്രിൻസ് ശാസ്താംകോട്ട സ്റ്റേഷനിൽ വധശ്രമം അടക്കം മൂന്നു കേസുകളിലും പാലക്കാട് ജില്ലയിൽ വടക്കഞ്ചേരി സ്റ്റേഷനിൽ ഹൈവേ കവർച്ചയടക്കം കേസുകളിലും ഉൾപ്പെട്ട ശേഷം ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു.

അന്വേഷണത്തിൽ ഇയാൾക്കെതിരെ നേരത്തെ ശൂരനാട്, ചവറ തെക്കുംഭാഗം എന്നീ സ്റ്റേഷനുകളിലും കേസുകൾ രജിസ്റ്റർ ചെയ്യ്തിട്ടുള്ളതായ് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഓ ബിജു വി യുടെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷമീർ, ഷാജിമോൻ, രവിചന്ദ്രൻ, സിപിഓ മാരായ സരൺ തോമസ്, റിയാസ്, രതീഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഒരാഴ്ച കൊണ്ട് 279 പേർക്ക് തലയിൽ ഒരു മുടി പോലുമില്ലാതായ ജില്ലയിൽ വീണ്ടും ആശങ്ക; നഖങ്ങൾ തനിയെ കൊഴിയുന്നു

മുംബൈ: തലയിൽ ഒരു മുടി പോലും അവശേഷിക്കാത്ത വിധം 279 പേർക്ക് മുടികൊഴിച്ചിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലയിൽ ആളുകളുടെ നഖങ്ങളും കൊഴിയുന്നു. മുപ്പതിലധികം പേരുടെ നഖങ്ങളാണ് ഇതുവരെ തനിയെ കൊഴിഞ്ഞുപോവുകയോ പൊടിഞ്ഞുപോവുകയോ ചെയ്തത്. മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലുള്ള നാല് ഗ്രാമങ്ങളിലാണ് ഈ പുതിയ ആരോഗ്യ പ്രശ്നം റിപ്പോർട്ട് ചെയ്തത്.

ഷെഗാവ് താലൂക്കിലെ നാല് ഗ്രാമങ്ങളിൽ മുപ്പതിലേറെ പേർക്ക് നഖ വൈകല്യം കണ്ടെത്തിയെന്ന് ബുൾദാനിയിലെ ഹെൽത്ത് ഓഫീസർ ഡോ. അനിൽ ബങ്കർ പറഞ്ഞു. ചിലരുടെ നഖങ്ങൾ പൂർണമായി കൊഴിഞ്ഞുപോയി. അവർക്ക് പ്രാഥമിക ചികിത്സ നൽകി. വിദഗ്ധ പരിശോധന നടത്തുമെന്നും ഹെൽത്ത് ഓഫീസർ പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായാണ് ആളുകളുടെ നഖം കൊഴിയുന്നത് ശ്രദ്ധയിൽപ്പെട്ടതെന്ന് സർപഞ്ച് റാം തർക്കർ പറഞ്ഞു. ആദ്യ രണ്ട് ദിവസങ്ങളിൽ നഖങ്ങൾ പൊട്ടുകയും പിന്നീട് കൊഴിയുകയും ചെയ്തു. ജില്ലാ ഓഫീസർ, ജില്ലാ ഹെൽത്ത് ഓഫീസർ, ആയുഷ് മന്ത്രി പ്രതാപ് റാവു ജാദവ് എന്നിവരെ വിവരം അറിയിച്ചെന്നും സർപഞ്ച് പറഞ്ഞു. ആരോഗ്യ ഉദ്യോഗസ്ഥരുടെ ഒരു സംഘം ഗ്രാമങ്ങൾ സന്ദർശിച്ച് ഇക്കാര്യം അന്വേഷിച്ചെന്നും അദ്ദേഹം പറഞ്ഞു. വിദഗ്ധ പരിശോധനയ്ക്കായി രക്തസാമ്പിളുകൾ ശേഖരിച്ചു.

2024 ഡിസംബർ മുതൽ 2025 ജനുവരി വരെ 279 പേർക്ക് അസാധാരണമായ രീതിയിൽ മുടി കൊഴിച്ചിൽ അനുഭവപ്പെട്ടതും ഇതേ ജില്ലയിലാണ്. തലമുടി വേരോടെ ഊർന്നുപോകുന്ന അവസ്ഥയായിരുന്നു. മുടി കൊഴിച്ചിൽ ആരംഭിച്ചു കഴിഞ്ഞ് മൂന്നു നാലു ദിവസങ്ങൾക്കുള്ളിൽ തല കഷണ്ടിയാകുന്ന സ്ഥിതി വന്നതോടെ ജനങ്ങൾ പരിഭ്രാന്തരായി. ബുൽദാന ജില്ലയിലെ ബൊർഗാവ്, കൽവാദ്, ഹിൻഗ്ന എന്നീ ഗ്രാമങ്ങളിലായിയിരുന്നു സംഭവം.

തലവേദന, പനി, തല ചൊറിച്ചിൽ, ഛർദി, വയറിളക്കം അടക്കമുള്ള ലക്ഷണത്തോടെയായിരുന്നു ഗ്രാമീണരിൽ ഏറിയ പേർക്കും മുടി കൊഴിച്ചിൽ ആരംഭിച്ചത്. ഗോതമ്പിലെ സെലീനിയത്തിൻറെ ഉയർന്ന തോതിലുള്ള സാന്നിധ്യം കാരണമാണ് ഇത് സംഭവിച്ചതെന്ന് പിന്നീട് വ്യക്തമായി. രക്തം, മൂത്രം, മുടി സാംപിൾ പരിശോധനയിൽ സെലീനിയത്തിന്റെ ഉയർന്ന സാന്നിധ്യം സ്ഥിരീകരിച്ചു.

ഉപാപചയ പ്രവർത്തനങ്ങളിൽ നിർണായകമായ ധാതുവാണ് സെലീനിയം. തൈറോയിഡിൻറെ പ്രവർത്തനം, രോഗ പ്രതിരോധ ശേഷിയിലടക്കം സെലീനിയത്തിന് പങ്കുണ്ട്. എന്നാൽ സെലീനിയം ശരീരത്തിൽ അധികമായാൽ പ്രത്യാഘാതങ്ങളുണ്ടാവും. സെലീനിയത്തിൻറെ ഉയർന്ന സാന്നിധ്യം തലചുറ്റൽ, ഛർദി, വയറിളക്കം, വയറുവേദന അടക്കമുള്ളവയ്ക്ക് കാരണമാവുന്നു. വലിയ അളവിൽ സെലീനിയം ശരീരത്തിലെത്തുന്നത് നഖം പൊട്ടാനും മുടി കൊഴിയാനും കാരണമാകുന്നുവെന്നും വിദഗ്ധർ പറയുന്നു. നിലവിലെ നഖം കൊഴിച്ചിലിന് കാരണവും സെലിനിയമാകാമെന്നാണ് ആരോഗ് വിദഗ്ധരുടെ പ്രാഥമിക നിഗമനം. വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കൂ,

ജില്ലാ സെക്രട്ടറിയോട് കൈ ചൂണ്ടി സംസാരിച്ചു, സിഐടിയു നേതാവിനെ സംഘടനയിൽ നിന്ന് പുറത്താക്കി

വടകര: ജില്ലാ സെക്രട്ടറിയോട് കൈ ചൂണ്ടി സംസാരിച്ചെന്ന് ആരോപിച്ച് സിഐടിയു പ്രാദേശിക നേതാവിനെ സംഘടനയിൽ നിന്ന് പുറത്താക്കിയതായി ആരോപണം. വടകര ഏരിയ സിഐടിയു ഹെഡ് ലോഡ് വർക്കേഴ്സ് വൈസ് പ്രസിഡന്റ് കെ മനോജനെതിരെയാണ് നടപടി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറിയോട് യോഗത്തിൽ വച്ച് കൈ ചൂണ്ടി സംസാരിച്ചു എന്നാണ് മനോജനെതിരായ ആരോപണം.

ശരീര ഭാഷ ശരിയായില്ല എന്ന് പറഞ്ഞാണ് തന്നെ പുറത്താക്കിയതെന്ന് മനോജൻ വ്യക്തമാക്കി. തൊഴിലാളികളുടെ പ്രശ്നം ആണ് ജില്ലാ സെക്രട്ടറിക്ക് മുന്നിൽ ഉന്നയിച്ചതെന്നും, പാർട്ടി വിരുദ്ധമോ സംഘടനാ വിരുദ്ധമോ ആയ യാതൊന്നും സംസാരിച്ചിട്ടില്ലെന്നും മനോജൻ പറഞ്ഞു. മേൽ കമ്മിറ്റികൾക്ക് പരാതി നൽകുമെന്ന് സി.പി.എം ബ്രാഞ്ച് സെക്രട്ടറി കൂടി ആയ മനോജൻ വ്യക്തമാക്കി.