കൊട്ടാരക്കര: 45 വയസുള്ള സ്ത്രീയെ വഴിയിൽ തടഞ്ഞു നിർത്തി ലൈംഗിക പീഡനം നടത്താൻ ശ്രെമിച്ച പ്രതിക്ക് 16 വർഷം കഠിന തടവും 35000 രൂപ പിഴയും വിധിച്ച് കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് അഞ്ജു മീര ബിർല. 2023 ഒക്ടോബർ 4 ന് നടന്ന സംഭവത്തിൽ കൊട്ടാരക്കര പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ നൗഷാദ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു കൊട്ടാരക്കര പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വി എസ് പ്രശാന്ത് അന്വേഷണം നടത്തി ചാർജ് ഷീറ്റ് സമർപ്പിച്ച കേസാണിത്. ഉമ്മന്നൂർ വില്ലേജിൽ വിലയന്തൂർ മുറിയിൽ പിണറ്റിൻ മുകൾ എന്ന സ്ഥലത്ത് വിജയസദനം വീട്ടിൽ കേശവൻപിള്ള മകൻ വിനോദ് ( 46 ) എന്നയാളിനെയാണ് ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ 6 മാസം കൂടി അധികം തടവ് ശിക്ഷ അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി അഡ്വ ഷുഗു സി തോമസ് ഹാജരായി.
കല്ലാച്ചിയിൽ വിവാഹ സംഘത്തെ ആക്രമിച്ചു,10 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
കോഴിക്കോട്. കല്ലാച്ചിയിൽ വിവാഹ സംഘത്തെ ആക്രമിച്ച സംഭവത്തിൽ 10 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്.
ഏഴ് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടുന്ന കുടുംബത്തെ റോഡിൽ തടഞ്ഞുനിർത്തി മർദിച്ച സംഭവത്തിലാണ് വളയം പൊലീസ് കേസെടുത്തത്.
ജാതിയേരി -വിഷ്ണുമംഗലം പാലത്തിന് സമീപം കല്ലുമ്മലിൽ വിവാഹ വണ്ടികൾ തമ്മിൽ ഉരസിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. രണ്ട് വ്യത്യസ്ത വിവാഹങ്ങളിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന കാറും ജീപ്പും തമ്മിൽ ഉരസിയതാണ് സംഘർഷത്തിന് വഴി വച്ചത്. ചൊക്യാട് സ്വദേശികളായ പുളിയാവിലെ ചാലിൽ നിധിൻ ലാൽ, ഭാര്യ ആതിര, ഏഴു മാസം പ്രായമുള്ള ഇവരുടെ മകൾ നിതാര എന്നിവർക്കും മറ്റ് രണ്ടുപേർക്കും പരുക്കേറ്റിരുന്നു. ഇവർ സഞ്ചരിച്ച കാർ ആക്രമിസംഘം അടിച്ചു തകർക്കുകയും ചെയ്തു. ഈ സംഭവത്തിലാണ് 10 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. സംഘർഷത്തിനിടെ കടന്നുകളഞ്ഞ പ്രതികളെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്. അക്രമ സമയത്തെ ദൃശ്യങ്ങൾ പരിശോധിച്ചു അക്രമികൾ രക്ഷപ്പെട്ട ഥാർ ജീപ്പ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കർശനമായ നടപടി ഉടൻ ഉണ്ടാകുമെന്നും വളയം പോലീസ് പറഞ്ഞു.
മാനാമ്പുഴ തൃക്കണ്ണാപുരം പാലവിള കിഴക്കേതിൽ അമ്മിണി നിര്യാതയായി
കുന്നത്തൂർ:മാനാമ്പുഴ തൃക്കണ്ണാപുരം പാലവിള കിഴക്കേതിൽ പരേതനായ ഫിലിപ്പിൻ്റെ ഭാര്യ അമ്മിണി (87) നിര്യാതയായി.സംസ്ക്കാരം നടത്തി.മക്കൾ:റെജി,അനിയൻ കുഞ്ഞ്പൊന്നമ്മ,സജി.മരുമക്കൾ:മേരി,കുഞ്ഞു ശോഭി,മിനി.
തൃശൂര്‍ പൂരം വിളംബരത്തിന് ഇത്തവണയും കൊമ്പന്‍ എറണാകുളം ശിവകുമാര്‍ തന്നെ
തൃശ്ശൂര്‍: തൃശൂര്‍ പൂരം വിളംബരത്തിന് ഇത്തവണയും കൊമ്പന്‍ എറണാകുളം ശിവകുമാര്‍ തന്നെ. പൂരത്തലേന്ന് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയെത്തുന്ന കൊമ്പന്‍ തെക്കേ ഗോപുരനട തുറന്നിടുന്നതോടെയാണ് പൂരത്തിന് വിളംബരമാകുക. ബോര്‍ഡ് അംഗങ്ങളുടെയും ഘടകകക്ഷേത്ര പ്രതിനിധികളുടെയും യോഗത്തിന്റെതാണ് തീരുമാനം. മേയ് അഞ്ചിനാണ് പൂര വിളംബരം. ആറിനാണ് തൃശൂര്‍ പൂരം.
തുടര്‍ച്ചയായ അഞ്ചാം തവണയാണ് ശിവകുമാര്‍ പൂരത്തിന് വിളമ്പരമേകുന്നത്. നേരത്തെ ഗജവീരന്‍മാരിലെ സൂപ്പര്‍ താരം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ നിര്‍വഹിച്ചുപോന്നിരുന്ന ദൗത്യമായിരുന്നു ഇത്. രാമചന്ദ്രന് വനംവകുപ്പ് വിലക്കേര്‍പ്പെടുത്തിയതോടെ ഈ നിയോഗം ശിവകുമാറിലേക്കെത്തിയത്.
കൊച്ചിന്‍ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് എറണാകുളം ശിവകുമാര്‍.
പൂച്ചയെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ ആളെ രക്ഷിക്കാന്‍ ഇറങ്ങിയ ആള്‍ കിണറ്റില്‍പെട്ടു ഒടുവില്‍ സംഭവിച്ചത്
കരുനാഗപ്പള്ളി. കിണറ്റിൽ വീണയാളിനെ കരുനാഗപ്പള്ളി ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പാവുമ്പ തെക്ക് ജയഭവനത്തിൽ അനിതയുടെ വീട്ടിലെ കിണറ്റിൽ അകപ്പെട്ട മോഹനൻ (60)എന്ന ആളിനെയാണ് രക്ഷപ്പെടുത്തിയത്. കിണറ്റിൽ വീണ പൂച്ചയെ എടുക്കാൻ ഇറങ്ങിയ ബഷീർ എന്നയാൾ കിണറിൽ അകപ്പെട്ടു. ഇയാളെ രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു മോഹനൻ.എന്നാൽ മറ്റുള്ളവരുടെ സഹായത്താൽ ബഷീർ കരയ്ക്ക് കയറി. മോഹനൻ മലിന വായു നിറഞ്ഞ കിണറ്റിൽ അകപ്പെടുകയും ആയിരുന്നു. ഏകദേശം 45 അടിയോളം ആഴമുള്ളതായിരുന്നു കിണർ. ഉച്ചയ്ക്ക് 12.40 ഓടെ ആയിരുന്നു സംഭവം.
വിവരമറിഞ്ഞ് കരുനാഗപ്പള്ളി ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തി ഇയാളെ രക്ഷപ്പെടുത്തി കരുനാഗപ്പള്ളി ഗവൺമെന്റ് ആശുപത്രി പ്രവേശിപ്പിക്കുകയും ചെയ്തു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ജി. സുനിൽകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എസ്. സുധീഷ്, എ.ഷമീർ, എ. അൻവർഷ ,എസ്. വിഷ്ണു, ബി.ഹാഷിം, എ.നാസിം ,അനിൽ ആനന്ദ് ,പി.ജി.അരുൺ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
വിവരാവകാശ അപേക്ഷ: അപൂര്‍ണമായ മറുപടി നല്‍കിയാല്‍ കര്‍ശന നടപടി- വിവരാവകാശ കമ്മീഷണര്‍
വിവരാവകാശ അപേക്ഷകള്‍ക്ക് അപൂര്‍ണമായ മറുപടി നല്‍കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന വിവരാവകാശ കമ്മീഷന്റെ സിറ്റിംഗിലാണ് വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്റെ നിര്‍ദേശം. അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കണം.
അപേക്ഷകള്‍ക്ക് 30 ദിവസം വരെയുള്ള സമയപരിധിക്ക് കാത്തിരിക്കരുത്. ബോധവല്‍ക്കരണം നടത്തണം. വിവരാവകാശപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുവെന്ന് ഉറപ്പാക്കണം. അപ്പീലുകളും യഥാസമയം തീര്‍പ്പാക്കണം എന്നും ഓര്‍മിപ്പിച്ചു.
പരിഗണിച്ച 20 കേസുകളില്‍ 19 എണ്ണവും തീര്‍പ്പാക്കി. ഒരു കേസ് അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പഞ്ചായത്ത്, കോര്‍പ്പറേഷന്‍, കലക്ടറേറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലെ പരാതികളായിരുന്നു ഭൂരിഭാഗവും.
ഗതാഗത നിയന്ത്രണം
കോട്ടുക്കല്‍ വയല, വയല കുറ്റിക്കാട്, ചരിപ്പറമ്പ് പന്തളംമുക്ക്, ചരിപ്പറമ്പ് പൊതിയാരുവിള റോഡുകളുടെ പുനര്‍ നിര്‍മാണത്തിനായി ഏപ്രില്‍ 22 മുതല്‍ 10 ദിവസത്തേക്ക് ഈ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ചടയമംഗലം റോഡ്‌സ് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു. കടയ്ക്കല്‍ നിന്നുള്ള വാഹനങ്ങള്‍ ചുണ്ട വഴി അഞ്ചലിലേക്കും അഞ്ചല്‍ ഭാഗത്തു നിന്നുള്ള വാഹനങ്ങള്‍ ഫില്‍ഗിരി വഴി കടയ്ക്കലേക്കും പോകണം.
കെ.ടെറ്റ് വേരിഫിക്കേഷന്‍ ഏപ്രില്‍ 23 മുതല്‍
സര്‍വ്വീസിലുള്ള അദ്ധ്യാപകര്‍ക്കായുള്ള കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന് (കെ.ടെറ്റ്) ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച കൊല്ലം വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍ വരുന്ന അപേക്ഷകര്‍ക്കായുള്ള വേരിഫിക്കേഷന്‍ ഏപ്രില്‍ 23 മുതല്‍ 30 വരെ രാവിലെ 10.30 മുതല്‍ വൈകിട്ട് നാല് വരെ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടത്തും. സര്‍വ്വീസ് ബുക്ക്. ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, അനുബന്ധ രേഖകള്‍ സഹിതം എത്തണം. ഫോണ്‍:0474 2793546.
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ നടപടി.ഇയാളെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. സുകാന്ത് കേസില്‍ പ്രതിയായ കാര്യം പൊലീസ് ഇന്റലിജന്‍സ് ബ്യൂറോയെ അറിയിച്ചിരുന്നു. കേസിന്റെ വിശദാംശങ്ങളടക്കം പരിശോധിച്ച ശേഷമാണ് രഹസ്യാന്വേഷണ ബ്യൂറോയുടെ നടപടി.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ജോലി ചെയ്തിറങ്ങി ശേഷമാണ് ഐബി ഉദ്യോഗസ്ഥ ട്രെയിനിനു മുന്നില്‍ ചാടി മരിക്കുന്നത്. സഹപ്രവര്‍ത്തകനും സുഹൃത്തുമായിരുന്ന സുകാന്തുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു. സാമ്പത്തിക മായും ശാരീരികമായും ചൂഷണം ചെയ്ത ശേഷം വിവാഹ ബന്ധത്തില്‍ നിന്നും സുകാന്ത് പിന്‍മാറിയതിന്റെ മാനസിക വിഷമനത്തിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പൊലിസ് കേസ്. മരിക്കുന്നതിന് മുമ്പും പെണ്‍കുട്ടി സുകാന്തിനോടാണ് സംസാരിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. പെണ്‍കുട്ടി ഗര്‍ഭഛിത്രം നടത്തിയതിനുള്ള തെളിവുകളും ഇവര്‍ തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റും ഉള്‍പ്പെടെ പൊലിസിന് ലഭിച്ചിരുന്നു.
മകളുടെ അക്കൗണ്ടില്‍ നിന്നും സുകാന്തിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറിയ വിവരം ബന്ധുക്കള്‍ വെളിപ്പെടുത്തിയതോടെയാണ് പൊലീസ് സുകാന്തിനെതിരെ അന്വേഷണം ശക്തമാക്കിയത്. പിന്നാലെ സുകാന്ത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.
ശാസ്താംകോട്ട കെ എസ് എം ഡി ബി കോളജിൽ അതിഥി അദ്ധ്യാപക ഒഴിവ്
ശാസ്താംകോട്ട :കെ.എസ്.എം.ഡി.ബി കോളേജില്‍ 2025 – 2026 അദ്ധ്യയന വര്‍ഷത്തേക്ക് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ബോട്ടണി, സുവോളജി, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, കൊമേഴ്സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഇക്കണോമിക്സ്, ഫുഡ് പ്രോസസ്സിംഗ്, സോഫ്റ്റ്വെയര്‍ ഡെവലപ്പ്മെന്‍റ് എന്നീ വിഷയങ്ങളിലേക്ക് അതിഥി അദ്ധ്യാപക ഒഴിവുകള്‍ ഉണ്ട്. യു.ജി.സി റെഗുലേഷന്‍ 2018 പ്രകാരം യോഗ്യതയുള്ളവര്‍ ആയിരിക്കണം അപേക്ഷകര്‍. ഇവരുടെ അഭാവത്തില്‍ 55% മിനിമം മാര്‍ക്കോടുകൂടി ബിരുദാനന്തരബിരുദം ലഭിച്ചവരേയും പരിഗണിക്കുന്നതാണ്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ഗസ്റ്റ് പാനല്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ 2025 മേയ് 03 ന് രാവിലെ 10.30 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും, അനുബന്ധരേഖകളുമായി കോളേജ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ : 04762830323, 9497440754




































