Home Blog Page 1176

ഫ്രാൻസിൽ മലയാളി വിദ്യാർത്ഥികൾ താമസിച്ച വീട് കത്തിനശിച്ചു; പാസ്പോർട്ട് അടക്കമുള്ള രേഖകൾ നഷ്ടമായി

പാരിസ്: ഫ്രാൻസിലെ ബ്ലോ മെനിലിൽ തീപിടിത്തം. മലയാളി വിദ്യാർത്ഥികൾ താമസിച്ച വീട് കത്തിനശിച്ചു. 13 വിദ്യാർത്ഥികളാണ്‌ വീട്ടിൽ ഉണ്ടായിരുന്നത്. വിദ്യാർത്ഥികളുടെ പാസ്പോർട്ട് അടക്കം രേഖകളും വസ്ത്രങ്ങളും പുസ്തകങ്ങളും എല്ലാം കത്തി നശിച്ചു. വൻ പ്രതിസന്ധിയിലെന്നാണ് വിദ്യാർത്ഥികൾ അറിയിച്ചത്. മാറി ധരിക്കാൻ പോലും വസ്ത്രം ഇല്ലെന്നും എംബസിയും കേരള സർക്കാരും സഹായിക്കണമെന്നും വിദ്യാർത്ഥികൾ അഭ്യർത്ഥിച്ചു.

രാത്രി ഉറങ്ങുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായതെന്ന് മലയാളി വിദ്യാർത്ഥികൾ പറയുന്നു. മഴ പെയ്യുന്നത് പോലുള്ള ശബ്ദം കേട്ടു. പുറത്ത് ഇറങ്ങി നോക്കിയപ്പോൾ വീടിന് തീപിടച്ചത് ശ്രദ്ധയിൽപ്പെട്ടത്. നല്ല പുകയും ഉണ്ടായിരുന്നു. ഉടൻ തന്നെ വീടിന് പുറത്തിറങ്ങി. പാസ്പോർട്ട് അടക്കം രേഖകളും വസ്ത്രങ്ങളും പുസ്തകങ്ങളും എല്ലാം കത്തി നശിച്ചു. അടുത്ത വെള്ളിയാഴ്ച നാട്ടിൽ പോകാൻ ഇരിക്കുന്നതിനിടെയാണ് അപകടമെന്നും നാട്ടിൽ പോകാൻ പാസ്പോർട്ട് പോലും ഇല്ലെന്നും എറണാകുളം സ്വദേശികളായ വിദ്യാർത്ഥികൾ പറയുന്നു. എംബസിയുടെയും കേരള സർക്കാറിൻറെയും സഹായം അഭ്യർത്ഥിക്കുകയാണ് വിദ്യാർത്ഥികൾ.

കേരള തീരത്ത് ഇന്ന് കടലാക്രമണത്തിന് സാധ്യത, കള്ളക്കടൽ പ്രതിഭാസം; വെള്ളിയാഴ്ച വരെ മഴ തുടരും, ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടെ മഴക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വെള്ളിയാഴ്ച വരെ കേരളത്തിൽ വേനൽ മഴ തുടരുമെന്നാണ് പ്രവചനം. അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നിർദ്ദേശം പുറപ്പെടുവിപ്പിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.3 മുതൽ 0.9 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് നാളെ വൈകുന്നേരം 05.30 വരെ 1.0 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഉയർന്ന തിരമാലക്ക് സാധ്യതയുള്ളതിനാൽ മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി.

വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ഇടിമിന്നൽ അപകടകാരിയായതിനാൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്ന് വിട്ടുനിൽക്കരുത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണം തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ആഗ്രഹങ്ങൾ പങ്കിട്ട് മാർപാപ്പയുടെ മരണപത്രം; ശവകുടീരത്തിൽ ഫ്രാൻസിസ് എന്ന് മാത്രം മതി, പ്രത്യേക അലങ്കാരങ്ങൾ വേണ്ട

വത്തിക്കാൻ സിറ്റി: സ്നേഹത്തിനും സമാധാനത്തിനുമായി നിലകൊണ്ട ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം തീർത്ത വേദന ഒഴിയാതെ ലോകം. ഇതിനിടെ മാർപാപ്പയുടെ മരണപത്രം വത്തിക്കാൻ പുറത്തുവിട്ടു. അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലായിരിക്കണമെന്നാണ് മാർപാപ്പ മരണപത്രത്തിൽ പറയുന്നത്. സഭയുടെ സ്ഥാപകനെന്ന് വിശ്വസിക്കുന്ന ക്രിസ്തു ശിഷ്യൻ പത്രോസിൻ്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് മുൻ മാർപാപ്പമാരിൽ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത്. ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നും ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും മാർപാപ്പയുടെ മരണപത്രത്തിൽ പറയുന്നു.

പതിനായിരക്കണക്കിന് വിശ്വാസികളാണ് സെൻറ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് ഇന്നലെ മുതൽ ഒഴുകിയെത്തുന്നത്. അവരെ സാക്ഷിയാക്കി രാത്രിയിൽ നടന്ന സംസ്കാര ശുശ്രൂഷകൾക്ക് കർദിനാൾ കെവിൻ ഫെരെലാണ് നേതൃത്വം നൽകിയത്. അതിനിടെ മാർപാപ്പയുടെ മരണകാരണം വ്യക്തമാക്കി വത്തിക്കാൻ വാർത്താക്കുറിപ്പ് പുറത്തിറക്കി. ഹൃദയസ്തംഭനവും പക്ഷാഘാതവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് വത്തിക്കാൻ അറിയിച്ചു. ഇന്ന് വത്തിക്കാനിൽ കർദിനാൾമാരുടെ യോഗം ചേരും. സംസ്കാരം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും. നാളെ സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനം നടക്കും.

ഇന്ത്യൻ സമയം തിങ്കളാഴ്ച രാവിലെ 11.05 നാണ് മാർപാപ്പ കാലം ചെയ്തത്. 88 വയസായിരുന്നു. ന്യുമോണിയ ബാധിതനായി 38 ദിവസം ആശുപത്രിയിൽ കഴിഞ്ഞ അദ്ദേഹം കഴിഞ്ഞ മാസം 23നാണ് വസതിയിലേക്ക് തിരികെയെത്തിയത്. ബെനഡിക് പതിനാറാൻ മാർപാപ്പ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് 2013 മാർച്ച് 13ന് കത്തോലിക്കാ സഭയുടെ 266-ാമത് മാർപാപ്പയായി അദ്ദേഹം ചുമതല ഏറ്റത്. കത്തോലിക്ക സഭയെ നയിച്ച ആദ്യ ലാറ്റിനമേരിക്കക്കാരനായിരുന്നു അദ്ദേഹം.

ഹോർഗേ മരിയോ ബർഗോളിയോ എന്നായിരുന്നു പേര്. മാർപാപ്പയായപ്പോൾ ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ചു. കത്തോലിക്ക സഭയുടെ രണ്ടായിരത്തിലധികം വർഷത്തെ ചരിത്രത്തിൽ ആദ്യമായണ് ഫ്രാൻസിസെന്ന പേര് ഒരു മാർപ്പാപ്പ സ്വീകരിച്ചത്. വത്തിക്കാൻ കൊട്ടാരം വേണ്ടെന്നുവെച്ച് അതിഥിമന്ദിരത്തിലെ സാധാരണ മുറിയിൽ താമസമാക്കി. ലോകത്തിലെ സ്വാധീനമുളള വ്യക്തിത്വങ്ങളിലൊരാളായി നിന്ന് ദരിദ്രർക്കും സ്ത്രീകൾക്കും യുദ്ധങ്ങളിലെ ഇരകൾക്കുമെല്ലാം വേണ്ടി വാദിച്ചു. യുദ്ധങ്ങളെ നന്മയും തിന്മയുമായി കാണരുതെന്ന് പറഞ്ഞ മാർപ്പാപ്പ യുദ്ധങ്ങൾക്കെതിരെ നിലകൊണ്ടു. ചരിത്രപരമായ നിലപാടെടുത്തും സഭാസിംഹാസന്നത്തിന്റെ മൂല്യമെന്താണെന്ന് ലോകത്തെ പഠിപ്പിച്ച പാപ്പ കൂടിയാണ് വിടവാങ്ങിയിരിക്കുന്നത്.

‘ഈ 6 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പഠിക്കാനായി വരണമെന്നില്ല’; ഞെട്ടിക്കുന്ന തീരുമാനവുമായി ഓസ്ട്രേലിയ

സിഡ്നി: ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്ക് സ്റ്റുഡന്റ് വിസ അനുവദിക്കുന്നതിൽ കർശന നിയന്ത്രണവുമായി ഓസ്ട്രേലിയൻ സർവകലാശാലകൾ. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ദുരുപയോഗവും വിദ്യാർഥി വിസ തട്ടിപ്പും വ്യാപകമാകുന്നുവെന്ന പരാതിയെ തുടർന്നാണ് ഓസ്‌ട്രേലിയൻ സർവകലാശാലകൾ ഈ അറിയിപ്പ് പുറപ്പെടുവിച്ചത്.

പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ജമ്മു-കശ്മീർ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കാണ് വിലക്ക്. വിദ്യാഭ്യാസത്തിനുപകരം കുടിയേറ്റത്തിലേക്കുള്ള പിൻവാതിലായി സ്റ്റുഡന്റ് വിസ ഉപയോഗിക്കുന്ന വ്യാജ അപേക്ഷകരുടെ എണ്ണം വർധിച്ചതായി അധികൃതർ കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. വിദ്യാർഥികളുടെ അപേക്ഷകളിൽ പ്രശ്നങ്ങൾ നേരിട്ട ചില സർവകലാശാലകൾ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മുകളിൽ പറഞ്ഞ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി അപേക്ഷ പ്രോസസ്സിംഗ് നിർത്തിവയ്ക്കുകയോ കർശനമായ സൂക്ഷ്മപരിശോധനയും അധിക പരിശോധന നടപടിക്രമങ്ങളും ഏർപ്പെടുത്തുകയോ ചെയ്തിരുന്നു.

ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ അപേക്ഷകളിലെ പൊരുത്തക്കേടുകൾ കാരണം വിദ്യാഭ്യാസ സംവിധാനത്തിന്റെ പ്രശസ്തിക്ക് കോട്ടംവരുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ചില സർവകലാശാലകൾ വിദ്യാർഥി വിസ നടപടിക്രമങ്ങൾ കർശനമാക്കുന്നതിനായി ഓസ്‌ട്രേലിയയിലെ ആഭ്യന്തര വകുപ്പുമായി സഹകരിച്ച് പ്രവർത്തിക്കാനും തീരുമാനിച്ചു. അതേസമയം യഥാർഥ വിദ്യാർഥികൾക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ് തീരുമാനമെന്ന് ഇന്ത്യയിലെ വിദ്യാഭ്യാസ കൺസൾട്ടന്റുകൾ പറഞ്ഞു.

ഓസ്‌ട്രേലിയയിലെ അന്താരാഷ്ട്ര വിദ്യാർഥികളുടെ ഏറ്റവും വലിയ സ്രോതസ്സുകളിൽ ഒന്നാണ് ഇന്ത്യ. എങ്കിലും പുതിയ സംഭവവികാസം നയതന്ത്രപരമായി പരിഹരിക്കപ്പെട്ടില്ലെങ്കിൽ വരാനിരിക്കുന്ന ഉഭയകക്ഷി വിദ്യാഭ്യാസ ബന്ധങ്ങളെയും ബാധിച്ചേക്കാം.

അയൽ വാസിയെ അടിച്ച് കൊന്നു, മുങ്ങിയത് കേരളത്തിലേക്ക്; കൂടെ അമ്മയും, പലയിടങ്ങളിലായി താമസം, ഒടുവിൽ പിടിയിൽ

കോഴിക്കോട്: അയൽവാസിയെ കൊലപ്പെടുത്തി മുങ്ങിയ പ്രതി കേരളത്തിൽ പിടിയിൽ. പശ്ചിമ ബം​ഗാൾ സ്വദേശി ജെന്നി റഹ്മാനാണ് പൊലീസിന്റെ പിടിയിലായത്. അയൽവാസിയെ കൊലപ്പെടുത്തിയ ഇയാൾ അമ്മയേയും കൊണ്ട് കേരളത്തിലേക്ക് മുങ്ങുകയായിരുന്നു. അമ്മയും കേസിൽ പ്രതിയാണ്. അയൽവാസിയെ അടിച്ച് കൊല്ലുകയായിരുന്നു.

ജെന്നി റഹ്മാനും അമ്മയും കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ മാറി മാറി താമസിക്കുകയായിരുന്നു. അതിനിടയിലാണ് പിടിയിലായത്. ഒരു വർഷം മുമ്പാണ് കൊലപാതകം നടന്നത്. വടകര പൊലീസിന്റെ സഹായത്തോടെയാണ് പശ്ചിമ ബം​ഗാൾ പൊലീസ് പ്രതികളെ പിടികൂടിയത്. വ്യക്തി വൈരാ​ഗ്യത്തെ തുടർന്നാണ് അയൽവാസിയെ കൊലപ്പെടുത്തിയത് എന്ന് പൊലീസ് പറഞ്ഞു.

‘തല ഉയർത്തി 9 നില, അത്യാധുനിക സൗകര്യങ്ങൾ, നേതാക്കൾക്ക് പ്രത്യേക മുറികൾ’; പുതിയ എകെജി സെന്‍റർ ഉദ്ഘാടനം നാളെ

തിരുവനന്തപുരം: സിപിഎമ്മിന്റെ പുതിയ ആസ്ഥാന മന്ദിരമായ എകെജി സെന്‍ററിന്‍റെ ഉദ്ഘാടനം നാളെ. പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുത്തെങ്കിലും ചടങ്ങ് നേരത്തെ തീരുമാനിച്ചതിനാൽ മുഖ്യമന്ത്രി തന്നെയാണ് ഉദ്ഘാടകൻ. തലസ്ഥാന നഗരത്തിന്റെ ഒത്ത നടുക്ക് തല ഉയർത്തി നിൽക്കുന്ന ഒമ്പത് നില കെട്ടിടത്തിന്‍റെ കവാടം മുതൽ കെട്ടിലും മട്ടിലും വരെ പ്രൗഡിയുടെ കാഴ്ചകളാണ്. പണി പൂർത്തിയായ കെട്ടിടത്തിന്റെ അകക്കാഴ്ചകൾ ഇതുവരെ മാധ്യമങ്ങൾക്ക് പകർത്താൻ അനുവാദം നൽകിയിട്ടില്ല.

പണി പൂർത്തിയായി ഉദ്ഘാടനത്തിന് ഒരുങ്ങിയിട്ടും പുതിയ കെട്ടിടത്തിന്റെ അകം കാഴ്ചകൾ പാർട്ടി പരസ്യമാക്കിയിട്ടില്ല. പാർട്ടി ജനറൽ സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും മറ്റ് മുതിർന്ന നേതാക്കൾക്കും പുതിയ എകെജി സെന്‍ററിൽ പ്രത്യേക സൗകര്യങ്ങളുണ്ട്. സെക്രട്ടേറിയറ്റ് അംഗങ്ങൾക്കും മുറികളുണ്ട്. പാർട്ടി യോഗങ്ങൾക്കും പ്രത്യേക കൂടിക്കാഴിച്ചകൾക്കുമൊക്കെ വിപുലമായ സൗകര്യങ്ങൾ പുതിയ പാർട്ടി ആസ്ഥാനത്തുണ്ടെന്നാണ് വിവരം.

കോടിയേരി ബാലകൃഷ്ണൻ മുൻകയ്യെടുത്ത് വാങിയ 36 സെന്റിൽ പടുത്തുയർത്തിയ കെട്ടിടത്തിലേക്കാണ് പാർട്ടി ആസ്ഥാനം മാറുന്നത്. കോൺഗ്രസിന് മുൻപെ ഉദ്ഘാടനകനാരെന്ന് പ്രഖ്യാപിച്ചത് കൊണ്ടു തന്നെ പുതിയ ജനറൽ സെക്രട്ടറിക്കും ഉദ്ഘാടനത്തിന്റെ കാര്യത്തിൽ ക്ലെയിമില്ലാതെയായി. രാജ്യത്തെ ഒരേ ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പാർട്ടി ആസ്ഥാനം നാളെ തുറന്ന് കൊടുക്കും. തുടർന്ന് എകെജി ഹാളിൽ പൊതു സമ്മേളനം നടക്കും. പുതിയ ആസ്ഥാനം വരുന്നതോടെ പഴയ എകെജി സെന്റർ പഠന ഗവേഷണ കേന്ദ്രമാകും.

പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ചു, വീഡിയോ പകർത്തി : തിരൂരിൽ യുവതി പിടിയില്‍

മലപ്പുറം.പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ചു, വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി: തിരൂരിൽ യുവതി പോക്സോ കേസിൽ അറസ്റ്റിൽ. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ് (30) അറസ്റ്റിലായത്

യുവതിയുടെ ഭർത്താവിന്റെ അറിവോടെയായിരുന്നു പതിനഞ്ചുകാരനെ പീഡിപ്പിച്ചത്. ദൃശ്യങ്ങൾ പകർത്തിയത് യുവതിയുടെ ഭർത്താവ് സാബിക്. തിരൂർ ബിപി അങ്ങാടി സ്വദേശി സാബിക് ഒളിവിൽ. സാബികും, സത്യഭാമയും ലഹരിക്ക് അടിമപെട്ടവർ. പതിനഞ്ചുകാരനും ലഹരി കൊടുക്കാൻ ശ്രമിച്ചു. ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നു. സ്ത്രീകളുടെ നഗ്‌ന വീഡിയോ എടുത്തു തരാനും ആവശ്യപ്പെട്ടു. പതിനഞ്ചുകാരന്റെ വീട്ടുകാരുടെ പരാതിയിലാണ് അറസ്റ്റ്. തിരൂർ പൊലീസാണ് യുവതിയെ പിടികൂടിയത്. യുവാവിനായി അന്വേഷണം ഊർജിതം

ഇന്ത്യ യുഎസ് പങ്കാളിത്തം 21 ആം നൂറ്റാണ്ടിൽ നിർണായകം,യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ്

ന്യൂഡെല്‍ഹി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് .
അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള പുരോഗതി അവലോകനം ചെയ്തു . വ്യാപാരം, പ്രതിരോധം സാങ്കേതികവിദ്യ , ഊർജ്ജം തുടങ്ങിയ മേഖലകളിൽ സഹകരണത്തിന് പ്രതിജ്ഞാബദ്ധം.ഇന്ത്യ യുഎസ് പങ്കാളിത്തം 21 ആം നൂറ്റാണ്ടിൽ നിർണായകം.
കൂടിക്കാഴ്ചയിൽ യുസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനോടുള്ള ആശംസയും പ്രധാനമന്ത്രി അറിയിച്ചു. ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിനായി കാത്തിരിക്കുന്നുവെന്നും പ്രധാനമന്ത്രി. കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഒരുക്കിയ അത്താഴവിരുന്നിൽ യുഎസ് വൈസ് പ്രസിഡൻറ് ജെഡി വാൻസും കുടുംബവും പങ്കെടുത്തു.

ഇന്ത്യ – യുഎസ് വ്യാപാര കരാറിലെ പുരോഗതിയെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയും യു എസ് വൈസ് പ്രസിഡണ്ട് ജെ.ഡി വാൻസും. വ്യാപാരം, പ്രതിരോധം സാങ്കേതികവിദ്യ , ഊർജ്ജം തുടങ്ങിയ മേഖലകളിൽ സഹകരണത്തിന് പ്രതിജ്ഞാബദ്ധം.ഇന്ത്യ യുഎസ് പങ്കാളിത്തം 21 ആം നൂറ്റാണ്ടിൽ നിർണായകം എന്നും പ്രധാനമന്ത്രി. യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസുമായുള്ള കൂടിക്കാഴ്ചയിൽ
അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിനായി കാത്തിരിക്കുന്നുവെന്ന് അറിയിച്ച പ്രധാനമന്ത്രി
ട്രംപിനുള്ള ആശംസയും കൈമാറി. പ്രധാനമന്ത്രി മായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹത്തിൻറെ ഔദ്യോഗിക വസതിയിൽ ഒരുക്കിയ അത്താഴ വിരുന്നിലും ജെ ഡി വാൻസും കുടുംബവും പങ്കെടുത്തു.
നാലുദിവസത്തെ ഇന്ത്യാ സന്ദർശനത്തിയ
ജെ ഡി വാൻസും കുടുംബവും ഇന്ന് ആഗ്രയിലും ജയ്പൂരിലും സന്ദർശനം നടത്തും.

യാത്രയ്ക്കിടെ കഴിച്ച മസാല ദോശയിൽ നിന്ന് ഭക്ഷ്യവിഷബാധ; മൂന്നുവയസ്സുകാരി മരിച്ചു

കൊച്ചി: ∙ ഭക്ഷ്യവിഷബാധയെത്തുടർന്ന് മൂന്നു വയസുകാരി മരിച്ചു. യാത്രക്കിടെ കഴിച്ച മസാല ദോശയിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് സംശയം. തൃശൂർ വെണ്ടോർ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരൻ ഹെൻട്രിയുടെ മകൾ ഒലിവിയ ആണ് മരിച്ചത്. സംഭവത്തിൽ പുതുക്കാട് പൊലീസ് കേസെടുത്തു.

വിദേശത്തായിരുന്ന കുടുംബം ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് നെടുമ്പാശേരിയിൽ വിമാനമിറങ്ങിയത്. വീട്ടിലേക്കുള്ള യാത്രക്കിടെ അങ്കമാലിക്കടുത്തുള്ള കരയാംപറമ്പിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയിരുന്നു. കുട്ടിക്കു പുറമെ മാതാപിതാക്കളും ഹെൻട്രിയുടെ അമ്മയും മസാലദോശ കഴിച്ചു. വീട്ടിലെത്തിയതോടെ എല്ലാവർക്കും ശാരീരിക അസ്വസ്ഥതയുണ്ടായി.

തുടർന്ന് ഹെൻട്രിയും ഭാര്യയും ഒലിവിയയും വീടിനടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടി. ആരോഗ്യനില വഷളായതോടെ ഒലീവിയയെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പുതുക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില കൂടുതൽ വഷളാവുകയും മരിക്കുകയുമായിരുന്നു. വിദേശത്തായിരുന്ന ഹെൻട്രിയെ സ്വീകരിക്കാനായാണ് കുടുംബം നെടുമ്പാശേരിയിലെത്തിയത്. പുതുക്കാട് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

‘തിളച്ച്’ സ്വർണം; പവൻ ഒറ്റയടിക്ക് 2,200 രൂപ കയറി 74,000ന് മുകളിൽ, പണിക്കൂലിയടക്കം 84,000നും മേലെ

ആഭരണപ്രേമികളെയും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി വലിയ അളവിൽ ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരെയും കടുത്ത നിരാശയിലാഴ്ത്തി സംസ്ഥാനത്ത് സ്വർണവില കത്തിക്കയറുന്നു. പവന് ഇന്ന് ഒറ്റയടിക്ക് 2,200 രൂപ ഉയർന്ന് വില 74,320 രൂപയും ഗ്രാമിന് 275 രൂപ വർധിച്ച് 9,290 രൂപയുമായി. ഇന്നലെ രേഖപ്പെടുത്തിയ ഗ്രാമിന് 9,015 രൂപയും പവന് 72,120 രൂപയുമെന്ന റെക്കോർഡ് തകർന്നു. ഇന്നലെയായിരുന്നു ഗ്രാം 9,000 രൂപയും പവൻ 72,000 രൂപയും ആദ്യമായി ഭേദിച്ചത്.

സ്വർണത്തിന് ഒരുദിവസം കേരളത്തിൽ ഇത്രയധികം വില കൂടുന്നത് സമീപകാല ചരിത്രത്തിൽ ആദ്യം. നിലവിലെ ട്രെൻഡ് തുടരുമെന്നും പവന് വൈകാതെ 75,000 രൂപയെന്ന നാഴികക്കല്ലും മറികടക്കുമെന്നുമാണ് വിലയിരുത്തലുകൾ. അക്ഷയതൃതീയ പടിവാതിലിൽ നിൽക്കേയുള്ള ഈ വിലക്കുതിപ്പ് ആഭരണപ്രിയരെയും വ്യാപാരികളെയും ഒരുപോലെ വലയ്ക്കുകയാണ്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം പവന് 8,520 രൂപയും ഗ്രാമിന് 1,065 രൂപയും കൂടി. 2025ൽ ഇതുവരെ പവന്റെ മുന്നേറ്റം 17,440 രൂപ; ഗ്രാമിന് 2,180 രൂപയും. കഴിഞ്ഞവർഷം ഏപ്രിൽ 22ന് പവന് 54,040 രൂപയേ വിലയുണ്ടായിരുന്നുള്ളൂ; ഗ്രാമിന് 6,755 രൂപയും. തുടർന്ന് ഇതുവരെ പവൻ കുതിച്ചുകയറിയത് 20,280 രൂപ. ഗ്രാമിന് ഇക്കാലയളലിൽ‌ 2,535 രൂപയും ഉയർന്നു.

18 കാരറ്റ് സ്വർണവിലയും ഇന്ന് ഗ്രാമിന് 280 രൂപ ഉയർന്ന് റെക്കോർഡ് 7,690 രൂപയായി. മറ്റു ചില കടകളിൽ വില ഇതേ നിലവാരത്തിൽ മുന്നേറി 7,650 രൂപയാണ്. വെള്ളിവില അതേസമയം ഗ്രാമിന് 109 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.

ട്രംപിന്റെ ഭീഷണിയിൽ കുതിച്ച് സ്വർണം

യുഎസ് പ്രസിഡന്റ് ഡോണൾ‌ഡ് ട്രംപ് രാജ്യത്തിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ മേധാവി ജെറോം പവലിനെ ‘വൻ തോൽവി’ (major loser) എന്ന് വിളിച്ചതും ഉടനടി അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ ആവശ്യപ്പെട്ടതും സ്വർണവില കുതിച്ചുകയറാൻ വഴിയൊരുക്കി. രാജ്യാന്തരവില ഔൺസിന് ഒറ്റയടിക്ക് 170 ഡോളറിലധികം മുന്നേറി എക്കാലത്തെയും ഉയരമായ 3,496.50 ഡോളർ വരെയായി. 3,500 ഡോളർ‌ എന്ന നാഴികക്കല്ല് വൈകാതെ കടന്നേക്കും.

പവലിനെ പുറത്താക്കാനുള്ള ഉദ്ദേശ്യവും ട്രംപിനുണ്ടെന്നാണ് സൂചനകൾ. ഇതും ട്രംപിന്റെ താരിഫ് നയങ്ങളും യുഎസിൽ നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തിയതും മൂലം ഓഹരി വിപണി‌ തകർന്നടിഞ്ഞു. ഡൗ ജോൺസ് 2.48%, എസ് ആൻഡ് പി 500 സൂചിക 2.36%, നാസ്ഡാക് 2.55% എന്നിങ്ങനെ കൂപ്പുകുത്തി. യുഎസ് ഡോളർ 98 നിലവാരത്തിലേക്ക് വീണു. ഓഹരികളുടെ തകർച്ച, ഡോളറിന്റെ വീഴ്ച, ഇനിയും അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത എന്നിവ നിക്ഷേപകരെ നിരാശയിലാക്കി. അവർ ഈ നിക്ഷേപ പദ്ധതികളിൽ നിന്ന് പണം പിൻവലിച്ച് ‘സുരക്ഷിത നിക്ഷേപം’ (safe-haven) എന്നോണം ഗോൾഡ് ഇടിഎഫിലേക്ക് നിക്ഷേപം മാറ്റുന്നതും സ്വർണവില കൂടാനിടയാക്കുകയാണ്.

പണിക്കൂലിയും ചേർന്നാൽ

സ്വർണാഭരണം വാങ്ങുമ്പോൾ 3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി എന്നിവയും നൽകണം. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇത് 3 മുതൽ 30 ശതമാനം വരെയൊക്കെയാകാം. ഇന്നു മിനിമം 5% പണിക്കൂലിക്കാണ് നിങ്ങൾ ആഭരണം വാങ്ങുന്നതെങ്കിൽ ഒരു പവനു നൽകേണ്ട വില 80,432 രൂപയാണ്. ഒരു ഗ്രാം സ്വർണാഭരണത്തിന് 10,054 രൂപയും. പൊതുവേ ശരാശരി 10 ശതമാനം പണിക്കൂലിയാണ് മിക്ക ജ്വല്ലറികളും വാങ്ങാറുള്ളത്. അങ്ങനെയെങ്കിൽ ഇന്നു ഒരു പവൻ ആഭരണത്തിന്റെ വില 84,260 രൂപയായിരിക്കും. ഒരു ഗ്രാം സ്വർണാഭരണത്തിന് 10,532 രൂപയും.