Home Blog Page 1175

ആദ്യ രണ്ടു റാങ്കുകളും പെണ്‍കുട്ടികള്‍ക്ക്…. ആദ്യ പത്ത് റാങ്കില്‍ മലയാളികള്‍ ആരുമില്ല… യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: 2024ലെ യുപിഎസ് സി സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ആദ്യ രണ്ടു റാങ്കുകളും പെണ്‍കുട്ടികള്‍ക്കാണ്. ആദ്യ പത്ത് റാങ്കില്‍ മലയാളികള്‍ ആരുമില്ല.

പരീക്ഷയില്‍ 1009 ഉദ്യോഗാര്‍ഥികളാണ് യോഗ്യത നേടിയത്. upsc.gov.in. എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് ഫലം നോക്കാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്.

ആദ്യത്തെ പത്തുറാങ്കുകാര്‍:

  1. ശക്തി ദുബെ
  2. ഹര്‍ഷിത ഗോയല്‍
  3. ഡോംഗ്രെ ആര്‍ച്ചിത് പരാഗ്
  4. ഷാ മാര്‍ഗി ചിരാഗ്
  5. ആകാശ് ഗാര്‍ഗ്
  6. കോമള്‍ പുനിയ
  7. ആയുഷി ബന്‍സാല്‍
  8. രാജ് കൃഷ്ണ ഝാ
  9. ആദിത്യ വിക്രം അഗര്‍വാള്‍
  10. മായങ്ക് ത്രിപാഠി

രാജ്യത്തെ ഏറ്റവും മത്സരാധിഷ്ഠിത പരീക്ഷകളിലൊന്നായി കണക്കാക്കപ്പെടുന്ന യുപിഎസ്സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്), ഇന്ത്യന്‍ പൊലീസ് സര്‍വീസ് (ഐപിഎസ്), ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐഎഫ്എസ്), ഇന്ത്യന്‍ റവന്യൂ സര്‍വീസ് തുടങ്ങിയ അഭിമാനകരമായ തസ്തികകളിലേക്കുള്ള പ്രവേശന കവാടമാണ് ഈ പരീക്ഷ.
പ്രിലിമിനറി, മെയിന്‍സ്, പേഴ്സണാലിറ്റി ടെസ്റ്റ് (ഇന്റര്‍വ്യൂ) എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണ് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉള്‍പ്പെടുന്നത്. മൂന്ന് ഘട്ടങ്ങളിലുമുള്ള ഉദ്യോഗാര്‍ത്ഥികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്. 2024 ലെ റിക്രൂട്ട്‌മെന്റ് പരീക്ഷയില്‍, അഭിമുഖ റൗണ്ട് ജനുവരി 7 ന് ആരംഭിച്ച് ഏപ്രില്‍ 17 ന് അവസാനിച്ചു.

ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ തടയണം കെ സി സി ക്ലർജി കമ്മീഷൻ

പത്തനംതിട്ട: രാജ്യത്തുടനീളം ക്രൈസ്തവ സമൂഹത്തിനെതിരായി നടക്കുന്ന അതിക്രമങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ക്ലർജി കമ്മീഷൻ പത്തനംതിട്ട ജില്ലാ വൈദിക സമ്മേളനം ആവശ്യപ്പെട്ടു.
മൈലപ്ര മാർ കുര്യാക്കോസ് ആശ്രമം ചാപ്പലിൽ നടന്ന സമ്മേളനം
അഡ്വ. കെ.യു .ജെനിഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു.
കെ .സി സി ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി തോമസ് അധ്യക്ഷനായി.
കെ സി സി പരിസ്ഥിതി കമ്മീഷൻ ചെയർമാൻ കമാൻഡർ റ്റി.ഒ ഏലിയാസ്,
റവ.റോയി മാത്യു കോർ എപ്പിസ്ക്കോപ്പ, മർത്തോമ സഭ വികാരി ജനറൽ റവ.ജോർജ് മാത്യു ,സാൽവേഷൻ ആർമി തിരുവല്ല ഡിവിഷണൽ കമാൻഡർ മേജർ ഒ പി ജോൺ,
ഫാ.ഡോ.ഏബ്രഹാം ഇഞ്ചക്കലോടി കോർ എപ്പിസ്ക്കോപ്പ, ക്ലർജി കമ്മീഷൻ ചെയർമാൻ റവ.എ ആർ നോബിൾ,
റവ.റ്റി.ദേവ പ്രസാദ്, ക്ലർജി കമ്മീഷൻ സംസ്ഥാന പ്രോഗ്രാം
കോഡിനേറ്റർ മേജർ റ്റി.ഇ.സ്റ്റീഫൻസൺ,
റവ.മാത്യു ഏബ്രഹാം,
ജോബി ബെന്നി, അനീഷ് തോമസ്, ഡെന്നിസ് സാംസൺ, ജാൻസി പീറ്റർ എന്നിവർ സംസാരിച്ചു.

പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി വീഡിയോ പകര്‍ത്തിയ കേസില്‍ യുവതി അറസ്റ്റില്‍…. പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയത് യുവതിയുടെ ഭര്‍ത്താവ്

മലപ്പുറം: മലപ്പുറം തിരൂരില്‍ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി വീഡിയോ പകര്‍ത്തിയ കേസില്‍ യുവതി അറസ്റ്റില്‍. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ് പോക്സോ കേസില്‍ അറസ്റ്റിലായത്. യുവതിയുടെ ഭര്‍ത്താവ് സാബിക് ആണ് പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയത്.
തിരൂര്‍ ബിപി അങ്ങാടി സ്വദേശി സാബിക് ഒളിവിലാണെന്ന് പൊലീസ് സൂചിപ്പിച്ചു. 2021 മുതല്‍ ഇതുവരെ കുട്ടിയെ ബ്ലാക്ക്മെയില്‍ ചെയ്യുകയും മയക്കുമരുന്ന് കാരിയറായി ഉപയോഗിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ദൃശ്യങ്ങള്‍ പുരത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയില്‍ നിന്നും നിരന്തരം പണം വാങ്ങിയിരുന്നതായും പറയപ്പെടുന്നു. കഴിഞ്ഞ നാലുവര്‍ഷമായി പീഡനം തുടരുകയായിരുന്നു.
കൂടാതെ, വീട്ടിലെ സ്ത്രീകളുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കണമെന്നും കുട്ടിയോട് ഇവര്‍ ആവശ്യപ്പെട്ടു. ഈ ദൃശ്യങ്ങള്‍ വെച്ച് ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടുകയായിരുന്നു ദമ്പതികളുടെ ലക്ഷ്യം. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ 19 വയസ്സുള്ള യുവാവ് തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. പരാതി അന്വേഷിച്ച പൊലീസ് സംഭവം സത്യമാണെന്ന് കണ്ടെത്തുകയും സത്യഭാമയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. യുവതിയെ റിമാന്‍ഡ് ചെയ്തു.

പിടിതരാതെ സ്വര്‍ണവില

സ്വര്‍ണവിലയുടെ കുതിപ്പ് തുടരുകയാണ്. ചരിത്രത്തിലാദ്യമായി പവന് 75,000 എന്ന തലത്തിലേക്കാണ് സ്വര്‍ണവില നീങ്ങുന്നത്. ഇന്ന് ഒറ്റയടിക്ക് 2200 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന്‍ വില 74000 കടന്ന് പുതിയ ഉയരം കുറിച്ചിരിക്കുകയാണ്. 74,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 275 രൂപയാണ് വര്‍ധിച്ചത്. 9290 രൂപ ആണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഉടന്‍ തന്നെ ഗ്രാം വില 10000 കടക്കുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

പട്ടാമ്പി ആമയൂര്‍ കൂട്ടക്കൊലപാതകക്കേസിലെ പ്രതി റെജികുമാറിന്റെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി

പട്ടാമ്പി ആമയൂര്‍ കൂട്ടക്കൊലപാതകക്കേസിലെ പ്രതി റെജികുമാറിന്റെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി. ജയിലിലെ നല്ല നടപ്പ് പരിഗണിച്ചും, ജയില്‍വാസത്തിനിടെ പ്രതിക്ക് മാനസാന്തരം ഉണ്ടായെന്ന ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് നടപടി. അതേസമയം കുറ്റകൃത്യത്തിന്റെ തീവ്രത കണക്കിലെടുത്ത് പ്രതി ജീവിതാവസാനം വരെ തടവുശിക്ഷ അനുഭവിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

ജസ്റ്റിസുമാരായ വിക്രംനാഥ്, സഞ്ജയ് കരോള്‍, സന്ദീപ് മേഹ്ത എന്നിവരടങ്ങിയ ബെഞ്ചാണ് വധശിക്ഷ റദ്ദാക്കിയത്. എന്നാല്‍ ബലാത്സംഗക്കുറ്റത്തിനും കൊലപാതകത്തിനും വിധിച്ച ജീവപര്യന്തം ശിക്ഷ നിലനില്‍ക്കും. 2008 ജൂലായിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യ ലിസി, മക്കളായ അമലു (12), അമല്‍ (10), അമല്യ (എട്ട്), അമന്യ (മൂന്ന്) എന്നിവരെ പ്രതി റെജികുമാര്‍ ആസൂത്രിതമായി കൊലപ്പെടുത്തി എന്നാണ് കേസ്.

2008 ജൂലൈ 8 മുതല്‍ 23 വരെയുളള ദിവസങ്ങളിലാണ് അഞ്ചുപേരുടെയും കൊലപാതകം പ്രതി നടത്തിയത്. തുടര്‍ന്ന് മൃതദേഹങ്ങള്‍ സെപ്റ്റിക് ടാങ്കിലും സമീപത്തുള്ള പറമ്പിലും വീടിനുള്ളിലും ഒളിപ്പിക്കുകയായിരുന്നു. ഭാര്യയെയും മക്കളെയും മൂന്നുഘട്ടമായി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കൊലപാതകത്തിന് മുമ്പ് മൂത്തമകള്‍ അമലുവിനെ പ്രതി ബലാത്സംഗം ചെയ്തായും പൊലീസ് കണ്ടെത്തിയിരുന്നു.

2009ലാണ് പ്രതി ചക്കാമ്പുഴ പറമ്പത്തേട്ട് റെജികുമാറിന് പാലക്കാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. 2014ല്‍ ഹൈക്കോടതി കീഴ്‌ക്കോടതി വിധി ശരിവെച്ചു. ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലില്‍ 2023ല്‍ ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വധശിക്ഷ സ്റ്റേ ചെയ്തിരുന്നു. തുടര്‍ന്ന് പ്രതിയുടെ മാനസികനില സംബന്ധിച്ച റിപ്പോര്‍ട്ട് സംര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

ശരീരത്തിൽ ഇരുമ്പിൻറെ കുറവുണ്ടോ? തിരിച്ചറിയേണ്ട അഞ്ച് ലക്ഷണങ്ങൾ

ശരീരത്തിന് ഏറെ ആവശ്യമായ ഒരു ധാതുവാണ് ഇരുമ്പ്. ചുവന്ന രക്താണുക്കൾ ഉൽപ്പാദിപ്പിക്കുന്നതിനും രോഗപ്രതിരോധ സംവിധാനത്തിനും പേശികളുടെ ശക്തിക്കും ഊർജ്ജത്തിനും ഇത് ആവശ്യമാണ്. ചുവന്ന രക്താണുക്കൾക്ക് ഓക്സിജനെ വഹിക്കാൻ സഹായിക്കുന്ന ഒരു പ്രോട്ടീനാണ് ഹീമോ​ഗ്ലോബിൻ. ഈ ഹീമോ​ഗ്ലോബിൻ നിർമ്മിക്കണമെങ്കിൽ ഇരുമ്പ് ആവശ്യമാണ്. ഹീമോഗ്ലോബിൻറെ അളവ് കൂട്ടാനും രക്തത്തിലെ ഓക്സിജൻറെ അളവ് കൂട്ടാനും ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കും.

ശരീരത്തിൽ ഇരുമ്പിൻറെ അംശം കുറഞ്ഞു കാണുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളർച്ച. ശരീരത്തിൽ ആവശ്യത്തിന് ചുവന്ന രക്താണുക്കൾ ഇല്ലാത്ത അവസ്ഥയാണിത്. ഇരുമ്പിൻറെ കുറവുള്ളവരിൽ കാണുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

  1. ക്ഷീണം, തളർച്ച

ഒരു കാരണവുമില്ലാതെ ക്ഷീണം, തളർച്ച, ഉന്മേഷക്കുറവ്, ഒന്നും ചെയ്യാൻ തോന്നാത്ത അവസ്ഥ എന്നിവയുണ്ടാകുന്നത് ചിലപ്പോൾ ഇരുമ്പിൻറെ കുറവു മൂലമാകാം.

  1. വിളറിയ ചർമ്മം

വിളറിയ ചർമ്മവും വിളർച്ചയുടെ അഥവാ ഇരുമ്പിൻറെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണമാകാം.

  1. ഇടയ്ക്കിടെയുള്ള തലവേദന, തലക്കറക്കം

ഇടയ്ക്കിടെയുള്ള തലവേദന, തലക്കറക്കം എന്നിവയും ചിലപ്പോൾ ഇതുമൂലമുള്ള സൂചനയാകാം.

  1. പൊട്ടുന്നതോ ആകൃതി തെറ്റിയതോ ആയ നഖങ്ങൾ

പെട്ടെന്ന് പൊട്ടുന്നതോ ആകൃതി തെറ്റിയതോ ആയ നഖങ്ങളും ചിലപ്പോൾ അയേണിൻറെ കുറവിൻറെ സൂചനയാകാം.

  1. ശ്വസിക്കാനുള്ള ബുദ്ധിമുട്ട്

ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, വിചിത്രമായ ചില ഭക്ഷണകൊതികൾ തുടങ്ങിയവയും ഇരുമ്പിൻറെ കുറവുള്ളവരിൽ കാണുന്ന ലക്ഷണങ്ങളാകാം.

ഇരുമ്പ് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം:

ഇലക്കറികൾ, ബീറ്റ്റൂട്ട്, മാതളം, ഈന്തപ്പഴം, ചിയ സീഡ്സ് തുടങ്ങിയവയിൽ നിന്നും ശരീരത്തിന് വേണ്ട ഇരുമ്പ് ലഭിക്കും.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക.

ഫ്രാൻസിൽ മലയാളി വിദ്യാർത്ഥികൾ താമസിച്ച വീട് കത്തിനശിച്ചു; പാസ്പോർട്ട് അടക്കമുള്ള രേഖകൾ നഷ്ടമായി

പാരിസ്: ഫ്രാൻസിലെ ബ്ലോ മെനിലിൽ തീപിടിത്തം. മലയാളി വിദ്യാർത്ഥികൾ താമസിച്ച വീട് കത്തിനശിച്ചു. 13 വിദ്യാർത്ഥികളാണ്‌ വീട്ടിൽ ഉണ്ടായിരുന്നത്. വിദ്യാർത്ഥികളുടെ പാസ്പോർട്ട് അടക്കം രേഖകളും വസ്ത്രങ്ങളും പുസ്തകങ്ങളും എല്ലാം കത്തി നശിച്ചു. വൻ പ്രതിസന്ധിയിലെന്നാണ് വിദ്യാർത്ഥികൾ അറിയിച്ചത്. മാറി ധരിക്കാൻ പോലും വസ്ത്രം ഇല്ലെന്നും എംബസിയും കേരള സർക്കാരും സഹായിക്കണമെന്നും വിദ്യാർത്ഥികൾ അഭ്യർത്ഥിച്ചു.

രാത്രി ഉറങ്ങുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായതെന്ന് മലയാളി വിദ്യാർത്ഥികൾ പറയുന്നു. മഴ പെയ്യുന്നത് പോലുള്ള ശബ്ദം കേട്ടു. പുറത്ത് ഇറങ്ങി നോക്കിയപ്പോൾ വീടിന് തീപിടച്ചത് ശ്രദ്ധയിൽപ്പെട്ടത്. നല്ല പുകയും ഉണ്ടായിരുന്നു. ഉടൻ തന്നെ വീടിന് പുറത്തിറങ്ങി. പാസ്പോർട്ട് അടക്കം രേഖകളും വസ്ത്രങ്ങളും പുസ്തകങ്ങളും എല്ലാം കത്തി നശിച്ചു. അടുത്ത വെള്ളിയാഴ്ച നാട്ടിൽ പോകാൻ ഇരിക്കുന്നതിനിടെയാണ് അപകടമെന്നും നാട്ടിൽ പോകാൻ പാസ്പോർട്ട് പോലും ഇല്ലെന്നും എറണാകുളം സ്വദേശികളായ വിദ്യാർത്ഥികൾ പറയുന്നു. എംബസിയുടെയും കേരള സർക്കാറിൻറെയും സഹായം അഭ്യർത്ഥിക്കുകയാണ് വിദ്യാർത്ഥികൾ.

കേരള തീരത്ത് ഇന്ന് കടലാക്രമണത്തിന് സാധ്യത, കള്ളക്കടൽ പ്രതിഭാസം; വെള്ളിയാഴ്ച വരെ മഴ തുടരും, ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടെ മഴക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വെള്ളിയാഴ്ച വരെ കേരളത്തിൽ വേനൽ മഴ തുടരുമെന്നാണ് പ്രവചനം. അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നിർദ്ദേശം പുറപ്പെടുവിപ്പിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.3 മുതൽ 0.9 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് നാളെ വൈകുന്നേരം 05.30 വരെ 1.0 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഉയർന്ന തിരമാലക്ക് സാധ്യതയുള്ളതിനാൽ മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി.

വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ഇടിമിന്നൽ അപകടകാരിയായതിനാൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്ന് വിട്ടുനിൽക്കരുത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണം തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ആഗ്രഹങ്ങൾ പങ്കിട്ട് മാർപാപ്പയുടെ മരണപത്രം; ശവകുടീരത്തിൽ ഫ്രാൻസിസ് എന്ന് മാത്രം മതി, പ്രത്യേക അലങ്കാരങ്ങൾ വേണ്ട

വത്തിക്കാൻ സിറ്റി: സ്നേഹത്തിനും സമാധാനത്തിനുമായി നിലകൊണ്ട ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം തീർത്ത വേദന ഒഴിയാതെ ലോകം. ഇതിനിടെ മാർപാപ്പയുടെ മരണപത്രം വത്തിക്കാൻ പുറത്തുവിട്ടു. അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലായിരിക്കണമെന്നാണ് മാർപാപ്പ മരണപത്രത്തിൽ പറയുന്നത്. സഭയുടെ സ്ഥാപകനെന്ന് വിശ്വസിക്കുന്ന ക്രിസ്തു ശിഷ്യൻ പത്രോസിൻ്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് മുൻ മാർപാപ്പമാരിൽ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത്. ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നും ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും മാർപാപ്പയുടെ മരണപത്രത്തിൽ പറയുന്നു.

പതിനായിരക്കണക്കിന് വിശ്വാസികളാണ് സെൻറ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് ഇന്നലെ മുതൽ ഒഴുകിയെത്തുന്നത്. അവരെ സാക്ഷിയാക്കി രാത്രിയിൽ നടന്ന സംസ്കാര ശുശ്രൂഷകൾക്ക് കർദിനാൾ കെവിൻ ഫെരെലാണ് നേതൃത്വം നൽകിയത്. അതിനിടെ മാർപാപ്പയുടെ മരണകാരണം വ്യക്തമാക്കി വത്തിക്കാൻ വാർത്താക്കുറിപ്പ് പുറത്തിറക്കി. ഹൃദയസ്തംഭനവും പക്ഷാഘാതവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് വത്തിക്കാൻ അറിയിച്ചു. ഇന്ന് വത്തിക്കാനിൽ കർദിനാൾമാരുടെ യോഗം ചേരും. സംസ്കാരം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും. നാളെ സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനം നടക്കും.

ഇന്ത്യൻ സമയം തിങ്കളാഴ്ച രാവിലെ 11.05 നാണ് മാർപാപ്പ കാലം ചെയ്തത്. 88 വയസായിരുന്നു. ന്യുമോണിയ ബാധിതനായി 38 ദിവസം ആശുപത്രിയിൽ കഴിഞ്ഞ അദ്ദേഹം കഴിഞ്ഞ മാസം 23നാണ് വസതിയിലേക്ക് തിരികെയെത്തിയത്. ബെനഡിക് പതിനാറാൻ മാർപാപ്പ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് 2013 മാർച്ച് 13ന് കത്തോലിക്കാ സഭയുടെ 266-ാമത് മാർപാപ്പയായി അദ്ദേഹം ചുമതല ഏറ്റത്. കത്തോലിക്ക സഭയെ നയിച്ച ആദ്യ ലാറ്റിനമേരിക്കക്കാരനായിരുന്നു അദ്ദേഹം.

ഹോർഗേ മരിയോ ബർഗോളിയോ എന്നായിരുന്നു പേര്. മാർപാപ്പയായപ്പോൾ ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ചു. കത്തോലിക്ക സഭയുടെ രണ്ടായിരത്തിലധികം വർഷത്തെ ചരിത്രത്തിൽ ആദ്യമായണ് ഫ്രാൻസിസെന്ന പേര് ഒരു മാർപ്പാപ്പ സ്വീകരിച്ചത്. വത്തിക്കാൻ കൊട്ടാരം വേണ്ടെന്നുവെച്ച് അതിഥിമന്ദിരത്തിലെ സാധാരണ മുറിയിൽ താമസമാക്കി. ലോകത്തിലെ സ്വാധീനമുളള വ്യക്തിത്വങ്ങളിലൊരാളായി നിന്ന് ദരിദ്രർക്കും സ്ത്രീകൾക്കും യുദ്ധങ്ങളിലെ ഇരകൾക്കുമെല്ലാം വേണ്ടി വാദിച്ചു. യുദ്ധങ്ങളെ നന്മയും തിന്മയുമായി കാണരുതെന്ന് പറഞ്ഞ മാർപ്പാപ്പ യുദ്ധങ്ങൾക്കെതിരെ നിലകൊണ്ടു. ചരിത്രപരമായ നിലപാടെടുത്തും സഭാസിംഹാസന്നത്തിന്റെ മൂല്യമെന്താണെന്ന് ലോകത്തെ പഠിപ്പിച്ച പാപ്പ കൂടിയാണ് വിടവാങ്ങിയിരിക്കുന്നത്.

‘ഈ 6 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പഠിക്കാനായി വരണമെന്നില്ല’; ഞെട്ടിക്കുന്ന തീരുമാനവുമായി ഓസ്ട്രേലിയ

സിഡ്നി: ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്ക് സ്റ്റുഡന്റ് വിസ അനുവദിക്കുന്നതിൽ കർശന നിയന്ത്രണവുമായി ഓസ്ട്രേലിയൻ സർവകലാശാലകൾ. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ദുരുപയോഗവും വിദ്യാർഥി വിസ തട്ടിപ്പും വ്യാപകമാകുന്നുവെന്ന പരാതിയെ തുടർന്നാണ് ഓസ്‌ട്രേലിയൻ സർവകലാശാലകൾ ഈ അറിയിപ്പ് പുറപ്പെടുവിച്ചത്.

പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ജമ്മു-കശ്മീർ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കാണ് വിലക്ക്. വിദ്യാഭ്യാസത്തിനുപകരം കുടിയേറ്റത്തിലേക്കുള്ള പിൻവാതിലായി സ്റ്റുഡന്റ് വിസ ഉപയോഗിക്കുന്ന വ്യാജ അപേക്ഷകരുടെ എണ്ണം വർധിച്ചതായി അധികൃതർ കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. വിദ്യാർഥികളുടെ അപേക്ഷകളിൽ പ്രശ്നങ്ങൾ നേരിട്ട ചില സർവകലാശാലകൾ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മുകളിൽ പറഞ്ഞ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി അപേക്ഷ പ്രോസസ്സിംഗ് നിർത്തിവയ്ക്കുകയോ കർശനമായ സൂക്ഷ്മപരിശോധനയും അധിക പരിശോധന നടപടിക്രമങ്ങളും ഏർപ്പെടുത്തുകയോ ചെയ്തിരുന്നു.

ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ അപേക്ഷകളിലെ പൊരുത്തക്കേടുകൾ കാരണം വിദ്യാഭ്യാസ സംവിധാനത്തിന്റെ പ്രശസ്തിക്ക് കോട്ടംവരുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ചില സർവകലാശാലകൾ വിദ്യാർഥി വിസ നടപടിക്രമങ്ങൾ കർശനമാക്കുന്നതിനായി ഓസ്‌ട്രേലിയയിലെ ആഭ്യന്തര വകുപ്പുമായി സഹകരിച്ച് പ്രവർത്തിക്കാനും തീരുമാനിച്ചു. അതേസമയം യഥാർഥ വിദ്യാർഥികൾക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ് തീരുമാനമെന്ന് ഇന്ത്യയിലെ വിദ്യാഭ്യാസ കൺസൾട്ടന്റുകൾ പറഞ്ഞു.

ഓസ്‌ട്രേലിയയിലെ അന്താരാഷ്ട്ര വിദ്യാർഥികളുടെ ഏറ്റവും വലിയ സ്രോതസ്സുകളിൽ ഒന്നാണ് ഇന്ത്യ. എങ്കിലും പുതിയ സംഭവവികാസം നയതന്ത്രപരമായി പരിഹരിക്കപ്പെട്ടില്ലെങ്കിൽ വരാനിരിക്കുന്ന ഉഭയകക്ഷി വിദ്യാഭ്യാസ ബന്ധങ്ങളെയും ബാധിച്ചേക്കാം.