26.6 C
Kollam
Thursday 25th December, 2025 | 08:00:47 PM
Home Blog Page 1169

കുണ്ടറയില്‍ ഗതാഗത നിയന്ത്രണം

കുണ്ടറ: ഇളമ്പള്ളൂര്‍ ശ്രീമഹാദേവി ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചയ്ക്ക് 3 മുതല്‍ കുണ്ടറയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കിഴക്കേ കല്ലട ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ പേരയത്തു നിന്നും ഇടത്തോട്ട് തിരിഞ്ഞ് മുളവന-കുണ്ടറ പള്ളിമുക്ക് വഴി പോകേണ്ടതും, കൊട്ടാരക്കര ഭാഗത്തു നിന്നും കൊല്ലം ഭാഗത്തേക്ക് മറ്റും പോകേണ്ട വാഹനങ്ങള്‍ ആശുപത്രി ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മോയ്തീന്‍മുക്ക്-കണ്ണനല്ലൂര്‍ വഴി കൊല്ലത്തേക്ക് പോകേണ്ടതും, അഞ്ചാലുംമൂട് ഭാഗത്തു നിന്നും കൊട്ടാരക്കരയ്ക്ക് വരുന്ന വാഹനങ്ങള്‍ സ്റ്റാര്‍ച്ച് മുക്കില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് കേരളപുരം-പെരുമ്പുഴ വഴി കുണ്ടറ ആശുപത്രി ജംഗ്ഷന്‍ ഭാഗത്തേക്കും, കൊല്ലം ഭാഗത്തു നിന്നും കൊട്ടാരക്കരയ്ക്ക് വരുന്ന വാഹനങ്ങള്‍ കേരളപുരം ജംഗ്ഷന്‍ കഴിഞ്ഞ് വലത്തോട്ട് തിരിഞ്ഞ് പെരുമ്പുഴ വഴി കുണ്ടറ ആശുപത്രി ജംഗ്ഷന്‍ ഭാഗത്തേക്കും, അഞ്ചാലുംമൂട് ഭാഗത്തു നിന്നും ഭരണിക്കാവിന് പോകുന്ന വാഹനങ്ങള്‍ നാന്തിരിക്കല്‍ ജംഗ്ഷനില്‍ നിന്നും ഇടത്ത് തിരിഞ്ഞ് മൃഗാശുപത്രി ജംഗ്ഷന്‍ കച്ചേരിമുക്ക് വഴി പോകേണ്ടതാണ്. കുണ്ടറ മുക്കട ജംഗ്ഷന്‍ മുതല്‍ ഇളംമ്പള്ളൂര്‍ ഗുരുദേവ ആഡിറ്റോറിയം വരെ വാഹന പാര്‍ക്കിംഗ് അനുവദിക്കില്ല.

മിസ്റ്ററി ഫാന്റസി ത്രില്ലര്‍… സംഭവം അദ്ധ്യായം ഒന്ന്…. ചിത്രീകരണം മെയ് 11 മുതല്‍ ധോണി ഫോറസ്റ്റില്‍

കാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന മിസ്റ്ററി ഫാന്റസി ത്രില്ലര്‍ സിനിമയാണ് സംഭവം അദ്ധ്യായം ഒന്ന്. നവാഗതനായ ജിത്തു സതീശന്‍ മംഗലത്താണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. നല്ല സിനിമയുടെ ബാനറിലാണ് നിര്‍മാണം. ചിത്രീകരണം മെയ് പതിനൊന്നു മുതല്‍ പാലക്കാട്ടെ ധോണി ഫോറസ്റ്റില്‍ ആരംഭിക്കുന്നു. ബന്ദിപ്പൂര്‍, തേനി എന്നീ പ്രദേശങ്ങളും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളാണ്. ഇതിനോടകം ഏറെ ശ്രദ്ധ നേടിയ സംഭവം എന്ന ഷോര്‍ട്ട് ഫിലിമിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ അവതരണം.
അഷ്‌കര്‍ അലി, വിനീത് കുമാര്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെന്തില്‍ കൃഷ്ണ, അസ്സീം ജമാല്‍, രാജേഷ് അഴീക്കോടന്‍, ഫഹദ് സിദ്ദിഖ്, ശ്രീകാന്ത് ദാസന്‍, നീതു കൃഷ്ണ, കലേഷ്, ഡാവിഞ്ചി സതീഷ് എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കോ പ്രൊഡ്യൂസര്‍ നവീന്‍ ഊട്ട, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആഷ്ന റഷീദ്. ഛായാഗ്രഹണം നവീന്‍ നജോസ്, എഡിറ്റിങ് അര്‍ജുന്‍ പ്രകാശ്, ബാഗ്രൗണ്ട് സ്‌കോര്‍ ഗോഡ് വിന്‍ തോമസ്, വസ്ത്രാലങ്കാരം സമീറാ സനീഷ്, മേക്കപ്പ് പട്ടണം റഷീദ്, കലാസംവിധാനം – സുജിത്ത് കൊല്ലനണ്ടി, സംഘട്ടനം അഷ്റഫ് ഗുരുക്കള്‍, സ്റ്റീല്‍സ് നിദാദ് കെ. എന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് മെല്‍ബിന്‍ മാത്യു, അനുപ് മോഹന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രവിണ്‍ എടവണ്ണപ്പാറ.

ഡോ.എ.ജയതിലക് സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി

ഡോ.എ.ജയതിലക് സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയാകും. മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. കേരള കേഡറിലെ രണ്ടാമത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ്. 1991 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ്.
നിലവില്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് എ. ജയതിലക്. നിലവിലെ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഈ മാസം വിരമിക്കുന്ന ഒഴിവിലേക്കാണ് ജയതിലക് തിരഞ്ഞെടുക്കപ്പെട്ടത്. 2026 ജൂണ്‍ വരെയാണ് അദ്ദേഹത്തിന്റെ സര്‍വീസ് കാലാവധി.

ഷൈൻ കേസില്‍ പൊലീസിന് പുതിയ ‘ഭയം’; പരിശോധനാ ഫലം നെഗറ്റീവായാല്‍ തിരിച്ചടിയാകും, വലിയ വെല്ലുവിളി

കൊച്ചി: ലഹരിക്കേസില്‍ ഷൈൻ ടോം ചാക്കോയ്ക്ക് എതിരായ നടപടികള്‍ തിരിച്ചടിയാകുമെന്ന ആശങ്കയില്‍ പൊലീസ്. നടൻ ലഹരി ഉപയോഗിച്ചതിന്റെ തെളിവുകള്‍ കണ്ടെത്താൻ പൊലീസിന് ഇനിയും സാധിച്ചിട്ടില്ല.

ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുള്ള ഷൈനിന്റെ മുടി ഉള്‍പ്പടെയുള്ളവയുടെ പരിശോധനഫലം അനുകൂലമായില്ലെങ്കില്‍ പൊലീസിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയാകും.

പരിശോധന ഫലം അനുകൂലമാണെങ്കില്‍ക്കൂടി ഏത് ലഹരി മരുന്നാണ്, എപ്പോഴാണ് ഉപയോഗിച്ചത് എന്നൊക്കെയുള്ള കണ്ടെത്തലുകള്‍ നടത്താൻ സാധിക്കില്ലെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. പൊലീസ് അന്വേഷണത്തിനും തുടർ നടപടികള്‍ക്കും ഇത് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. കേസില്‍ ഏതെങ്കിലും തരത്തിലുള്ള തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ രണ്ടാം ഘട്ട മൊഴിയെടുപ്പ് അടക്കമുള്ള കാര്യങ്ങളുമായി പൊലീസിന് മുന്നോട്ടുപോകാൻ സാധിക്കുകയുള്ളൂ.

മയക്കുമരുന്ന് കേസില്‍ ഷൈൻ ടോം ചാക്കോയ്ക്ക് എതിരെ ശക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ പറഞ്ഞിരുന്നു. ഷൈൻ മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് വ്യക്തമായിട്ടുണ്ട്. അന്വേഷണവുമായി ഷൈൻ സഹകരിക്കുന്നുണ്ട്. സിനിമാ മേഖലയിലെ മറ്റുള്ളവർ ലഹരി ഉപയോഗിക്കുന്നുവെന്ന തരത്തില്‍ ഷൈൻ മൊഴി നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സിനിമയുടെ ലൊക്കേഷനില്‍ ഷൈൻ ടോം ചാക്കോ നടി വിൻസി അലോഷ്യസിനോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷം നടപടിയെടുക്കാൻ കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്സിന്റെ മോണിറ്ററിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഇരുവരുടെയും മൊഴികള്‍ ഐ.സി.സി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ഐസിസി യോഗത്തില്‍ ഇരുവരും നേരിട്ട് ഹാജരായി.

ലൊക്കേഷനുകളിലെ മയക്കുമരുന്ന് ഉപഭോഗം, നടിമാരോട് മോശം പെരുമാറ്റം തുടങ്ങിയ പരാതികളില്‍ കർശനനടപടി സ്വീകരിക്കണമെന്ന് മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ നിർദ്ദേശമുയർന്നു. മോശമായി പെരുമാറുകയോ ഷൂട്ടിംഗിന് തടസം വരുത്തുകയോ മന:പൂർവം വൈകിപ്പിക്കുകയോ ചെയ്യുന്നവരെ മാറ്റിനിറുത്തണമെന്നും സംഘടനാ പ്രതിനിധികള്‍ നിർദ്ദേശിച്ചു.

പരാതികള്‍ നല്‍കുന്നതിന്റെ നടപടിക്രമങ്ങള്‍ ഉള്‍പ്പെടെ വിശദീകരിച്ച്‌ ലഘുലേഖ തയ്യാറാക്കി താരങ്ങള്‍, സാങ്കേതിക പ്രവർത്തകർ, മറ്റു ജീവനക്കാർ, സംഘടനകള്‍ എന്നിവർക്ക് വിതരണം ചെയ്യാനും തീരുമാനിച്ചു. മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻ ജി.സുരേഷ്‌കുമാറിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. ഫെഫ്ക പ്രതിനിധികള്‍ എത്തിയില്ല.

ഭീകരരുടെ രേഖാചിത്രം സുരക്ഷാസേന പുറത്ത് വിട്ടു

ശ്രീനഗര്‍.ഭീകരരുടെ രേഖാചിത്രം പുറത്ത് വിട്ട് സുരക്ഷാസേന. ആസിഫ് ഫൗജി,സുലൈമാൻ ഷാ,അബു തൽഹാ എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.

അതേസമയം ആഭ്യന്തരമന്ത്രി അമിത് ഷാ പഹൽഗാമിലെ ബൈസ രൺ വാലി സന്ദർശിക്കുന്നു. വിമാന കമ്പനികൾക്ക് നിർദേശവുമായി DGCA ശ്രീനഗറിൽ നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തടസ്സമില്ലാത്ത സർവീസുകൾ ഉറപ്പാക്കണം. വിമാന റി ഷെഡ്യൂൾ , ക്യാൻസലേഷൻ ചാർജ് ഒഴിവാക്കി യാത്രക്കാരെ സഹായിക്കണം. ശ്രീനഗറിൽ നിന്നുള്ള വിമാന സർവീസുകൾ വർദ്ധിപ്പിക്കുവാൻ നിർദേശം

”നിന്നെ ഞങ്ങൾ കൊല്ലില്ല, പോകൂ, പോയി മോദിയോട് പറയൂ….”

പഹൽഗാമിൽ തന്റെ ഭർത്താവ് ഭീകരവാദിയുടെ വെടിയേറ്റ് കൺമുന്നിൽ കൊല്ലപ്പെടുന്നത് കണ്ട പല്ലവി റാവു ഒന്നേ ആവശ്യപ്പെട്ടുള്ളൂ. തന്നെയും മകനെയും കൂടി വെടിവെച്ച് കൊല്ലൂ…. എന്നാൽ ഞെട്ടിക്കുന്നതായിരുന്നു ഭീകരവാദിയുടെ ഉത്തരം. ”നിന്നെ ഞങ്ങൾ കൊല്ലില്ല, പോകൂ, പോയി മോദിയോട് പറയൂ….” എന്നായിരുന്നു മറുപടി. കർണാടകയിലെ ശിവമോഗയിലെ റിയൽ എസ്റ്റേറ്റുകാരനായ മഞ്ജുനാഥ റാവുവാണ് ഭാര്യക്ക് മുന്നിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്. 

46 വയസ്സിനിടയിൽ ജന്മനാടായ കർണാടകയ്ക്ക് പുറത്ത് കുടുംബസമേതമായുള്ള ആദ്യത്തെ അവധിക്കാലം ആഘോഷമായിരുന്നു മഞ്ജുനാഥയുടേതും പല്ലവിയുടേതും.  കർണാടകയിൽ നിന്നുള്ള രണ്ട് വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്. മഞ്ജുനാഥക്കൊപ്പം ഭരത് ഭൂഷൺ എന്നയാളും കൊല്ലപ്പെട്ടു. മകൻ അഭിജിത്തിന്റെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് ശേഷമാണ് മഞ്ജുനാഥ യാത്ര ബുക്ക് ചെയ്തത്. ഏപ്രിൽ 19 ന് ശിവമോഗയിൽ നിന്ന് പോയ ഒരു സംഘത്തിലാണ് മഞ്ജുനാഥയും കുടുംബവുമുണ്ടായിരുന്നത്. മൽനാട് അരേക്ക മാർക്കറ്റിംഗ് കോ-ഓപ് സൊസൈറ്റിയുടെ ബിരൂർ ബ്രാഞ്ചിന്റെ ബ്രാഞ്ച് മാനേജറാണ് പല്ലവി. മകന് ഭക്ഷണം വാങ്ങാൻ പോയ സമയത്താണ് മഞ്ജുനാഥക്ക് വെടിയേറ്റത്.  

ആക്രമണത്തിന് തൊട്ടുമുമ്പ് വിനോദയാത്രയെക്കുറിച്ച് ഇരുവരും വീഡിയോ പകർത്തിയതും പുറത്തുവന്നു. മൂന്ന് ദിവസം മുമ്പാണ് മഞ്ജുനാഥ് റാവു ഭാര്യ പല്ലവിക്കും കുട്ടികൾക്കുമൊപ്പം ജമ്മു കശ്മീരിലെത്തിയത്. കശ്മീർ വളരെ മനോഹരമായിരുന്നുവെന്നും ബോട്ട്മാൻ മുഹമ്മദ് റഫീഖിനൊപ്പം ശിക്കാര സവാരിയെക്കുറിച്ചുള്ള സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. തീവ്രവാദികൾ പുരുഷന്മാരെ മാത്രമേ ലക്ഷ്യമിട്ടിട്ടുള്ളൂവെന്നും പല്ലവി വ്യക്തമാക്കി.

കാട്ടുപന്നി ബൈക്കിലിടിച്ച് ഷോർട്ട് ഫിലിം സംവിധായകനും മകനും പരുക്ക്

മലപ്പുറം. തിരുവാലി എറിയാട് കാട്ടുപന്നി ബൈക്കിലിടിച്ച് അപകടം. ഷോർട്ട് ഫിലിം സംവിധായകനായ അബ്ദുൽ അഹലയ്ക്കും മകനും പരിക്കേറ്റു. ഇന്നലെ രാത്രി വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ നിന്ന് മകനുമായി വരുമ്പോൾ റോഡിന് കുറുകെ ഓടിയെത്തിയ കാട്ടുപന്നി ബൈക്കിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ ഇരുവരെയും നാട്ടുകാർ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. അഹലയുടെ തോളല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മകന് ഗുരുതര പരിക്കുകളില്ല. സ്ഥലത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.

വർഗ്ഗീയതയും ദേശീയതയും,സെമിനാർ സംഘടിപ്പിച്ചു

ശാസ്താംകോട്ട :കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ താലൂക്ക് സെമിനാർ നടന്നു. വർഗ്ഗീയതയും ദേശീയതയും എന്ന വിഷയത്തിൽ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ആഡിറ്റോറിയത്തിൽ നടന്ന സെമിനാർ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ പി കെ ഗോപൻ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ഡോ എൻ നൗഫൽ വിഷയാവതരണം നടത്തി. താലൂക്ക് പ്രസിഡന്റ് ആർ അജയൻ അധ്യക്ഷത വഹിച്ചു. വായനാ മൽസര വിജയികൾക്കുള്ള സമ്മാനങ്ങൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ സുന്ദരേശൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ചവറ കെ എസ് പിള്ള എന്നിവർ വിതരണം ചെയ്തു. ബി ബിനീഷ്, മനു വി കുറുപ്പ്, ഗിരിജാ ദേവി, തുടങ്ങിയവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി എസ് ശശികുമാർ സ്വാഗതവും ആർ സുജാ കുമാരി നന്ദിയും പറഞ്ഞു

കൈരളി മികച്ച വായനശാല

ശാസ്താംകോട്ട:- പോരുവഴി ഗ്രാമ പഞ്ചായത്തിലെ ഏറ്റവും മികച്ച ഗ്രന്ഥശാലക്കുള്ള ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ 2024 -25 വർഷത്തെ പുരസ്കാരം ഇടയ്ക്കാട് തെക്ക് കൈരളി വായനശാലയ്ക്ക് ലഭിച്ചു.

ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പണികഴിപ്പിച്ച ഇ. വി കൃഷ്ണപിള്ള സ്മാരക ഗ്രന്ഥശാല ഉദ്ഘാടന ചടങ്ങിൽ ആയിരുന്നു പുരസ്കാര വിതരണം കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ പുരസ്കാരം നൽകി.

സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്… പവന് 2200 രൂപ കുറഞ്ഞു

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. പവന് 2200 രൂപയാണ് കുറഞ്ഞത്. നിലവില്‍ തിങ്കളാഴ്ചത്തെ നിരക്കായ 72,120ലേക്കാണ് സ്വര്‍ണവില താഴ്ന്നത്. ഗ്രാമിനും ആനുപാതികമായി വില കുറഞ്ഞു. 275 രൂപയാണ് താഴ്ന്നത്. 9015 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

സ്വര്‍ണവില 75000 കടന്നും കുതിക്കുമെന്ന്് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇന്ന് വില താഴ്ന്നത്. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില താഴ്ന്നത്. 17 ന് 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 71000 കടന്നത്.