26.6 C
Kollam
Thursday 25th December, 2025 | 05:59:27 PM
Home Blog Page 1168

ജമ്മുകശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ അപലപിച്ച് നടന്‍ സൂര്യ

ജമ്മുകശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ അപലപിച്ച് നടന്‍ സൂര്യ. ഹൃദയഭേദകവും ആഴത്തില്‍ ഞെട്ടിക്കുന്നതുമാണ് സംഭവമെന്നും ഇനി ആരും ഇത് നേരിടേണ്ടി വരരുതെന്നും സൂര്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
‘ഹൃദയഭേദകവും ആഴത്തില്‍ ഞെട്ടിക്കുന്നതും. ഇനി ആരും ഇത് നേരിടേണ്ടി വരരുത്. ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഇന്ത്യ ഐക്യത്തോടെയും ശക്തമായും നിലകൊള്ളും. സമാധാനത്തിലേക്കുള്ള ശാശ്വതമായ ഒരു പാത ഉദിക്കട്ടെ’, എന്നാണ് സൂര്യയുടെ വാക്കുകള്‍. മോഹന്‍ലാല്‍, മമ്മൂട്ടി, അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍, മഞ്ജു വാര്യര്‍ തുടങ്ങി നിരവധി പേര്‍ ഭീകരാക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു.
ഭീകരാക്രമണത്തിന് ഇരയായവരെയോര്‍ത്ത് തന്റെ ഹൃദയം വേദനിക്കുന്നെന്നും നിരപരാധികളുടെ ജീവന്‍ അപഹരിക്കുന്നതിനെ ഒരു കാരണത്താലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഹൃദയഭേദകമായ സംഭവങ്ങളാണ് പഹല്‍ഗാമില്‍ നടന്നതെന്നും വാക്കുകള്‍ നഷ്ടമാകുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. നഷ്ടപ്പെട്ട ധീരരായ ആത്മാക്കള്‍ക്ക് നീതി ലഭ്യമാക്കാന്‍ സായുധസേനയില്‍ പൂര്‍ണ വിശ്വാസമര്‍പ്പിക്കുന്നുവെന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

കോട്ടയം ഇരട്ടക്കൊലപാതകം: സി സി ടി വി ഹാർഡ് ഡിസ്ക്ക് പുഴയിൽ നിന്ന് കണ്ടെടുത്തു

കോട്ടയം: തിരുവാതുക്കലിലെ ഇരട്ടക്കൊലപാതകത്തിൽ പ്രതി അമിത് ഉറാങ്ങ് പുഴയിൽ എറിഞ്ഞ സി സി ടി വി ഹാർഡ് ഡിസ്ക്ക് കണ്ടെടുത്തു. പളളിക്കോണം തോട്ടിൽ പ്രതി എറിഞ്ഞ് കളത്തഹാർഡ് ഡിസ്ക്ക് തെളിവെടുപ്പിനിടെ ഇന്ന് വൈകിട്ട് 5.15 ഓടെ രണ്ട് യുവാക്കൾ മുങ്ങിയെടുക്കുകയായിരുന്നു.കേസിലെ പ്രധാന തെളിവാകാൻ പോകുന്ന ഹാർഡ് ഡിസ്ക്ക് കണ്ടെടുത്തതിൻ്റെ ആശ്വാസത്തിലാണ് പോലീസ്.ഇന്ന് രാവിലെ തൃശൂർ മാളയിൽ നിന്ന് പിടിയിലായ പ്രതിയെ നാളെ രാവിലെ കോടതിയിൽ ഹാജരാക്കും. മൂന്നു വർഷമായി ഇയാൾ വിജയകുമാറിന്റെ വീട്ടിലും ഓഡിറ്റോറിയത്തിലും ജോലി ചെയ്തിരുന്നു. ഇതിനിടെ വിജയകുമാറിന്റെയും ഭാര്യയുടെയും ഫോണുകൾ മോഷ്ടിച്ചതിനും അതുപയോഗിച്ചു പണം തട്ടിയെടുത്തതിനും ഇയാൾ പിടിയിലായിരുന്നു.

ഈ കേസിൽ അഞ്ചര മാസത്തോളം ജയിലിലായിരുന്നു. ജയിലിൽ കഴിയുന്ന സമയത്ത് അമിതിനെ ഭാര്യ ഉപേക്ഷിച്ചു പോയെന്നും പറയുന്നു. ഇക്കാരണങ്ങളാലുള്ള വൈരാഗ്യമാകാം കൊലപാതകത്തിനു പിന്നിലെന്നുമാണ് പൊലീസ് നിഗമനം.

വിജയകുമാറിനെയും ഭാര്യ മീരയെയും കൊന്ന കേസിലെ പ്രതി അസം സ്വദേശി അമിത് തന്നെയെന്ന് നേരത്തെ പൊലീസ് സ്ഥിരീകരിച്ചിരുന്നു. കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ് അമിതിന്റേത് തന്നെയാണെന്ന് തെളിഞ്ഞു. അമിത് മോഷണ കേസിൽ അറസ്റ്റിലായപ്പോൾ ശേഖരിച്ച ഫിംഗർ പ്രിന്റ്റും കോടലിയിലെ ഫിംഗർ പ്രിന്റ് മാച്ച് ചെയ്തു. വീടിന്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളിൽ ഫിംഗർ പ്രിന്റ് പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ധരുടെ വിശദമായ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്.

മറുപടി കൊടുത്തിരിക്കും…. രാജ്യത്തിന് ഉറപ്പ് നല്‍കുന്നുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. മറുപടി കൊടുത്തിരിക്കുമെന്ന് രാജ്യത്തിന് ഉറപ്പ് നല്‍കുന്നുവെന്നും ആക്രമണം നടത്തിയവര്‍ മാത്രമല്ല പിന്നില്‍നിന്ന് ആസൂത്രണം ചെയ്തവരും ശിക്ഷിക്കപ്പെടുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ഭീകരാക്രമണത്തിന് പിന്നിലുള്ളവര്‍ക്ക് ശക്തമായ മറുപടി നല്‍കും. ഒരു പ്രത്യേക മതത്തെ ലക്ഷ്യംവച്ചുകൊണ്ടാണ് ഭീകരര്‍ ആക്രമണം നടത്തിയത്. അതില്‍ നമുക്ക് നിരവധി നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടു. സര്‍ക്കാര്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഞാന്‍ ഉറപ്പ് ന്‍കുന്നു. ഉടന്‍ തന്നെ നിങ്ങള്‍ക്ക് ഒരു ദൃഢമായ പ്രതികരണം കാണാന്‍ കഴിയും എന്ന് രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

കൊല്ലത്ത് ഇഎസ്‌ഐ മെഡിക്കല്‍ കോളജ് അനുവദിച്ചതായി കേന്ദ്രമന്ത്രി

കൊല്ലത്ത് ഇ എസ് ഐ മെഡിക്കൽ കോളേജ് അനുവദിച്ചതായി കേന്ദ്ര മന്ത്രി മൺസുഖ് മണ്ഡാവിയ പ്രഖ്യാപിച്ചതായി എൻ കെ പ്രേമചന്ദ്രൻ എംപി അറിയിച്ചു. കൊല്ലം ആശ്രാമം ഇ എസ് ഐ മോഡൽ ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി മെഡിക്കൽ കോളേജ് ആയി ഉയർത്തണമെന്ന ആവശ്യം എൻ കെ പ്രേമചന്ദ്രൻ എംപി ഇ എസ് ഐ ഡയറക്ടർ ബോർഡിൽ ഉന്നയിച്ചിരുന്നു. തൊഴിലാളികൾക്കായി സ്ഥാപിച്ച പാരിപ്പള്ളി ഇ എസ് ഐ മെഡിക്കൽ കോളേജ് കേന്ദ്ര സർക്കാരിന്റെ നയം മാറ്റിയതിനാൽ സംസ്ഥാന സർക്കാറിന് കൈമാറേണ്ടി വന്നു. കൊല്ലം ഗവൺമെൻറ് മെഡിക്കൽ കോളേജ് ആയി പ്രവർത്തിക്കുന്നത് ഇ എസ് ഐ പണി പൂർത്തിയാക്കിയ മെഡിക്കൽ കോളേജ് ആണ്. ഈ സാഹചര്യത്തിൽ കൊല്ലത്തെ തൊഴിലാളികൾക്കായി പുതിയ ഇ. എസ്. ഐ മെഡിക്കൽ കോളേജ് വേണമെന്ന എം പി യുടെ ആവശ്യം ബോർഡ് തത്വത്തിൽ അംഗീകരിച്ചത്. എന്നാൽ മന്ത്രി ഇന്നാണ് ആ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇ എസ് ഐ ബോർഡ് ചെയർമാൻ കൂടിയായ കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി കൊല്ലത്ത് പുതിയ മെഡിക്കൽ കോളേജ് ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. കൊല്ലത്തിന് പുറമേ മഹാരാഷ്ട്രയിലെ പൂന നാഗ്പൂർ, ഹരിയാനയിലെ മനേസർ, ഗുജറാത്തിലെ സൂറത്ത്, ആന്ധ്രപ്രദേശിലെ വിശാഖപട്ടണം, ഒഡീഷ്യയിലെ ഭുവനേശ്വർ വെസ്റ്റ്, ബംഗാളിലെ അസാൻ സോൾ, ഉത്തർപ്രദേശിലെ പാണ്ഡ്യ നഗർ, ഗോദയിലെ മഗ് ഗോൺ എന്നിവിടങ്ങളിലാണ് മറ്റു മെഡിക്കൽ കോളേജുകൾ. പുതിയ മെഡിക്കൽ കോളേജുകളിലെ പട്ടികയിൽ മഹാരാഷ്ട്രയും ഹരിയാനയും കഴിഞ്ഞാൽ കേരളത്തിലെ കൊല്ലമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കൊല്ലം ആശ്രമം ഇ എസ് ഐ ആശുപത്രി മെഡിക്കൽ കോളേജ് ഉയർത്തുന്നതിന് കൊല്ലത്ത് പുതിയ ഇഎസ്ഐ മെഡിക്കൽ കോളേജ് അനുവദിച്ച കേന്ദ്രമന്ത്രി മൺസൂഖ് മണ്ഡാവ്യയുടെ തീരുമാനത്തെ എൻ കെ പ്രേമചന്ദ്രൻ എംപി സ്വാഗതം ചെയ്തു.

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ മേട തിരുവാതിര മഹോത്സവത്തിന് കൊടിയേറി

കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ മേട തിരുവാതിര മഹോത്സവത്തിന് കൊടിയേറി. ഇന്നലെ രാത്രി 7.30ന് ക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ ഗോവിന്ദന്‍ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രം മേല്‍ശാന്തി രതീഷ്‌കുമാര്‍ കുടവട്ടൂര്‍, കീഴ്ശാന്തി നാരായണന്‍ നമ്പൂതിരി എന്നിവരുടെ മുഖ്യ കാര്‍മികത്വത്തില്‍ തൃക്കൊടിയേറ്റ് ചടങ്ങ് നടന്നു.
മെയ് 2ന് ആറാട്ട് ഘോഷയാത്രയോടെ ഉത്സവം സമാപിക്കും. തൃക്കൊടിയേറ്റ് ചടങ്ങിനോടനുബന്ധിച്ച് അവണൂര്‍ ചിഞ്ചിലം ട്രൂപ്പിന്റെ വിശേഷാല്‍ പഞ്ചാരി മേളം ഉണ്ടായിരുന്നു. തൃക്കൊടിയേറ്റ് ചടങ്ങില്‍ ഉപദേശക സമിതി പ്രസിഡന്റ് വി. അനില്‍കുമാര്‍, സെക്രട്ടറി സ്മിത രവി, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്. സുഷമ, ഉപദേശക സമിതി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഇന്ന് രാവിലെ 8നും രാത്രി 8നും ശ്രീ ഭൂതബലി എഴുന്നെള്ളത്തും വിളക്കും. വിവിധ കലാപരിപാടികള്‍ക്ക് പുറമെ രാവിലേ 11.30നും വൈകിട്ട് 6.45നും പ്രഭാഷണം. ഉച്ചക്ക് 1ന് അന്നദാനം രാത്രി 8.45ന് ഗാനമേള.

കുണ്ടറയില്‍ ഗതാഗത നിയന്ത്രണം

കുണ്ടറ: ഇളമ്പള്ളൂര്‍ ശ്രീമഹാദേവി ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചയ്ക്ക് 3 മുതല്‍ കുണ്ടറയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കിഴക്കേ കല്ലട ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ പേരയത്തു നിന്നും ഇടത്തോട്ട് തിരിഞ്ഞ് മുളവന-കുണ്ടറ പള്ളിമുക്ക് വഴി പോകേണ്ടതും, കൊട്ടാരക്കര ഭാഗത്തു നിന്നും കൊല്ലം ഭാഗത്തേക്ക് മറ്റും പോകേണ്ട വാഹനങ്ങള്‍ ആശുപത്രി ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മോയ്തീന്‍മുക്ക്-കണ്ണനല്ലൂര്‍ വഴി കൊല്ലത്തേക്ക് പോകേണ്ടതും, അഞ്ചാലുംമൂട് ഭാഗത്തു നിന്നും കൊട്ടാരക്കരയ്ക്ക് വരുന്ന വാഹനങ്ങള്‍ സ്റ്റാര്‍ച്ച് മുക്കില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് കേരളപുരം-പെരുമ്പുഴ വഴി കുണ്ടറ ആശുപത്രി ജംഗ്ഷന്‍ ഭാഗത്തേക്കും, കൊല്ലം ഭാഗത്തു നിന്നും കൊട്ടാരക്കരയ്ക്ക് വരുന്ന വാഹനങ്ങള്‍ കേരളപുരം ജംഗ്ഷന്‍ കഴിഞ്ഞ് വലത്തോട്ട് തിരിഞ്ഞ് പെരുമ്പുഴ വഴി കുണ്ടറ ആശുപത്രി ജംഗ്ഷന്‍ ഭാഗത്തേക്കും, അഞ്ചാലുംമൂട് ഭാഗത്തു നിന്നും ഭരണിക്കാവിന് പോകുന്ന വാഹനങ്ങള്‍ നാന്തിരിക്കല്‍ ജംഗ്ഷനില്‍ നിന്നും ഇടത്ത് തിരിഞ്ഞ് മൃഗാശുപത്രി ജംഗ്ഷന്‍ കച്ചേരിമുക്ക് വഴി പോകേണ്ടതാണ്. കുണ്ടറ മുക്കട ജംഗ്ഷന്‍ മുതല്‍ ഇളംമ്പള്ളൂര്‍ ഗുരുദേവ ആഡിറ്റോറിയം വരെ വാഹന പാര്‍ക്കിംഗ് അനുവദിക്കില്ല.

മിസ്റ്ററി ഫാന്റസി ത്രില്ലര്‍… സംഭവം അദ്ധ്യായം ഒന്ന്…. ചിത്രീകരണം മെയ് 11 മുതല്‍ ധോണി ഫോറസ്റ്റില്‍

കാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന മിസ്റ്ററി ഫാന്റസി ത്രില്ലര്‍ സിനിമയാണ് സംഭവം അദ്ധ്യായം ഒന്ന്. നവാഗതനായ ജിത്തു സതീശന്‍ മംഗലത്താണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. നല്ല സിനിമയുടെ ബാനറിലാണ് നിര്‍മാണം. ചിത്രീകരണം മെയ് പതിനൊന്നു മുതല്‍ പാലക്കാട്ടെ ധോണി ഫോറസ്റ്റില്‍ ആരംഭിക്കുന്നു. ബന്ദിപ്പൂര്‍, തേനി എന്നീ പ്രദേശങ്ങളും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളാണ്. ഇതിനോടകം ഏറെ ശ്രദ്ധ നേടിയ സംഭവം എന്ന ഷോര്‍ട്ട് ഫിലിമിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ അവതരണം.
അഷ്‌കര്‍ അലി, വിനീത് കുമാര്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെന്തില്‍ കൃഷ്ണ, അസ്സീം ജമാല്‍, രാജേഷ് അഴീക്കോടന്‍, ഫഹദ് സിദ്ദിഖ്, ശ്രീകാന്ത് ദാസന്‍, നീതു കൃഷ്ണ, കലേഷ്, ഡാവിഞ്ചി സതീഷ് എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കോ പ്രൊഡ്യൂസര്‍ നവീന്‍ ഊട്ട, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആഷ്ന റഷീദ്. ഛായാഗ്രഹണം നവീന്‍ നജോസ്, എഡിറ്റിങ് അര്‍ജുന്‍ പ്രകാശ്, ബാഗ്രൗണ്ട് സ്‌കോര്‍ ഗോഡ് വിന്‍ തോമസ്, വസ്ത്രാലങ്കാരം സമീറാ സനീഷ്, മേക്കപ്പ് പട്ടണം റഷീദ്, കലാസംവിധാനം – സുജിത്ത് കൊല്ലനണ്ടി, സംഘട്ടനം അഷ്റഫ് ഗുരുക്കള്‍, സ്റ്റീല്‍സ് നിദാദ് കെ. എന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് മെല്‍ബിന്‍ മാത്യു, അനുപ് മോഹന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രവിണ്‍ എടവണ്ണപ്പാറ.

ഡോ.എ.ജയതിലക് സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി

ഡോ.എ.ജയതിലക് സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയാകും. മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. കേരള കേഡറിലെ രണ്ടാമത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ്. 1991 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ്.
നിലവില്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് എ. ജയതിലക്. നിലവിലെ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഈ മാസം വിരമിക്കുന്ന ഒഴിവിലേക്കാണ് ജയതിലക് തിരഞ്ഞെടുക്കപ്പെട്ടത്. 2026 ജൂണ്‍ വരെയാണ് അദ്ദേഹത്തിന്റെ സര്‍വീസ് കാലാവധി.

ഷൈൻ കേസില്‍ പൊലീസിന് പുതിയ ‘ഭയം’; പരിശോധനാ ഫലം നെഗറ്റീവായാല്‍ തിരിച്ചടിയാകും, വലിയ വെല്ലുവിളി

കൊച്ചി: ലഹരിക്കേസില്‍ ഷൈൻ ടോം ചാക്കോയ്ക്ക് എതിരായ നടപടികള്‍ തിരിച്ചടിയാകുമെന്ന ആശങ്കയില്‍ പൊലീസ്. നടൻ ലഹരി ഉപയോഗിച്ചതിന്റെ തെളിവുകള്‍ കണ്ടെത്താൻ പൊലീസിന് ഇനിയും സാധിച്ചിട്ടില്ല.

ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുള്ള ഷൈനിന്റെ മുടി ഉള്‍പ്പടെയുള്ളവയുടെ പരിശോധനഫലം അനുകൂലമായില്ലെങ്കില്‍ പൊലീസിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയാകും.

പരിശോധന ഫലം അനുകൂലമാണെങ്കില്‍ക്കൂടി ഏത് ലഹരി മരുന്നാണ്, എപ്പോഴാണ് ഉപയോഗിച്ചത് എന്നൊക്കെയുള്ള കണ്ടെത്തലുകള്‍ നടത്താൻ സാധിക്കില്ലെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. പൊലീസ് അന്വേഷണത്തിനും തുടർ നടപടികള്‍ക്കും ഇത് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. കേസില്‍ ഏതെങ്കിലും തരത്തിലുള്ള തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ രണ്ടാം ഘട്ട മൊഴിയെടുപ്പ് അടക്കമുള്ള കാര്യങ്ങളുമായി പൊലീസിന് മുന്നോട്ടുപോകാൻ സാധിക്കുകയുള്ളൂ.

മയക്കുമരുന്ന് കേസില്‍ ഷൈൻ ടോം ചാക്കോയ്ക്ക് എതിരെ ശക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ പറഞ്ഞിരുന്നു. ഷൈൻ മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് വ്യക്തമായിട്ടുണ്ട്. അന്വേഷണവുമായി ഷൈൻ സഹകരിക്കുന്നുണ്ട്. സിനിമാ മേഖലയിലെ മറ്റുള്ളവർ ലഹരി ഉപയോഗിക്കുന്നുവെന്ന തരത്തില്‍ ഷൈൻ മൊഴി നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സിനിമയുടെ ലൊക്കേഷനില്‍ ഷൈൻ ടോം ചാക്കോ നടി വിൻസി അലോഷ്യസിനോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷം നടപടിയെടുക്കാൻ കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്സിന്റെ മോണിറ്ററിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഇരുവരുടെയും മൊഴികള്‍ ഐ.സി.സി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ഐസിസി യോഗത്തില്‍ ഇരുവരും നേരിട്ട് ഹാജരായി.

ലൊക്കേഷനുകളിലെ മയക്കുമരുന്ന് ഉപഭോഗം, നടിമാരോട് മോശം പെരുമാറ്റം തുടങ്ങിയ പരാതികളില്‍ കർശനനടപടി സ്വീകരിക്കണമെന്ന് മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ നിർദ്ദേശമുയർന്നു. മോശമായി പെരുമാറുകയോ ഷൂട്ടിംഗിന് തടസം വരുത്തുകയോ മന:പൂർവം വൈകിപ്പിക്കുകയോ ചെയ്യുന്നവരെ മാറ്റിനിറുത്തണമെന്നും സംഘടനാ പ്രതിനിധികള്‍ നിർദ്ദേശിച്ചു.

പരാതികള്‍ നല്‍കുന്നതിന്റെ നടപടിക്രമങ്ങള്‍ ഉള്‍പ്പെടെ വിശദീകരിച്ച്‌ ലഘുലേഖ തയ്യാറാക്കി താരങ്ങള്‍, സാങ്കേതിക പ്രവർത്തകർ, മറ്റു ജീവനക്കാർ, സംഘടനകള്‍ എന്നിവർക്ക് വിതരണം ചെയ്യാനും തീരുമാനിച്ചു. മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻ ജി.സുരേഷ്‌കുമാറിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. ഫെഫ്ക പ്രതിനിധികള്‍ എത്തിയില്ല.

ഭീകരരുടെ രേഖാചിത്രം സുരക്ഷാസേന പുറത്ത് വിട്ടു

ശ്രീനഗര്‍.ഭീകരരുടെ രേഖാചിത്രം പുറത്ത് വിട്ട് സുരക്ഷാസേന. ആസിഫ് ഫൗജി,സുലൈമാൻ ഷാ,അബു തൽഹാ എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.

അതേസമയം ആഭ്യന്തരമന്ത്രി അമിത് ഷാ പഹൽഗാമിലെ ബൈസ രൺ വാലി സന്ദർശിക്കുന്നു. വിമാന കമ്പനികൾക്ക് നിർദേശവുമായി DGCA ശ്രീനഗറിൽ നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തടസ്സമില്ലാത്ത സർവീസുകൾ ഉറപ്പാക്കണം. വിമാന റി ഷെഡ്യൂൾ , ക്യാൻസലേഷൻ ചാർജ് ഒഴിവാക്കി യാത്രക്കാരെ സഹായിക്കണം. ശ്രീനഗറിൽ നിന്നുള്ള വിമാന സർവീസുകൾ വർദ്ധിപ്പിക്കുവാൻ നിർദേശം