27.4 C
Kollam
Thursday 25th December, 2025 | 04:12:30 PM
Home Blog Page 1167

അമ്മയുടെ കയ്യും കാലും മകൻ കോടാലി കൊണ്ട് അടിച്ചൊടിച്ചു

ഇടുക്കി. കട്ടപ്പനയിൽ അമ്മയുടെ കയ്യും കാലും മകൻ കോടാലി കൊണ്ട് അടിച്ചൊടിച്ചു. കുന്തളംപാറ കൊല്ലപ്പള്ളിൽ കമലമ്മയെയാണ് മകൻ പ്രസാദ് കോടാലി ഉപയോഗിച്ച് ക്രൂരമായി മർദിച്ചത്. ഗുരുതരമായി പരിക്കേറ്റ കമലമ്മയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. മകൻ പ്രസാദും കുടുംബവും താമസിക്കുന്ന വീട്ടിലെ പ്രത്യേക മുറിയിലാണ് കമലമ്മ കഴിഞ്ഞിരുന്നത്. രണ്ടു വർഷം മുൻപാണ് സമീപവാസിയും രണ്ടു മക്കളുടെ അമ്മയുമായ രജനി പ്രസാദിനൊപ്പം താമസമാക്കിയത്. അന്നുമുതൽ മാതാപിതാക്കളുമായി ഇരുവരും വഴക്കിടുന്നത് പതിവായിരുന്നു. കോടതി ഉത്തരവ് പ്രകാരമാണ് കമലമ്മക്ക് വീട്ടിൽ പ്രത്യേക മുറി പണിത് നൽകിയത്. സമീപത്തുള്ള ഇളയ മകൻറെ വീട്ടിലാണ് കമലമ്മയുടെ ഭർത്താവ് ദിവാകരൻ താമസിക്കുന്നത്. അച്ഛനും അമ്മയും നടക്കുന്ന വഴിയിൽ കഴിഞ്ഞ ദിവസം പ്രസാദും ഭാര്യയും ചേർന്ന് ഒരു കോഴിക്കൂട് സ്ഥാപിച്ചു. ഇതേച്ചൊല്ലി ഇരു കൂട്ടരും തമ്മിൽ വഴക്കുണ്ടായി. രാവിലെ കോഴിക്കൂടിൻറെ മേൽക്കൂര കമലമ്മ കേടു വരുത്തിയെന്നാരോപിച്ചുണ്ടായ തർക്കത്തിനിടിയിലാണ് പ്രസാദ് അമ്മയെ ക്രൂരമായി മർദ്ദിച്ചത്.
സംഭവമറിഞ്ഞെത്തിയ കട്ടപ്പന പോലീസ് പ്രസാദിനെ കസ്റ്റഡിയിലെടുത്തു. വധ ശ്രമത്തിനാണ് പ്രസാദിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. കമലമ്മയെ കട്ടപ്പന താലൂക്ക് ആശുപത്രിയിലുമെത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജ് അശുപത്രിയിലേക്ക് മാറ്റി. കമലമ്മയുടെ മൊഴി എടുത്ത ശേഷം ആവശ്യമെങ്കിൽ രജനിയെയും പ്രതി ചേർക്കുമെന്ന് കട്ടപ്പന പോലീസ് പറഞ്ഞു.

കുല്‍ഗാമില്‍ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ടിആര്‍എഫ് കമാൻഡറെ സൈന്യം വളഞ്ഞതായി റിപ്പോര്‍ട്ട്

ന്യൂ ഡെൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരരും സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍. ടിആർഎഫ് ഭീകരരെ സൈന്യം വളഞ്ഞതായാണ് റിപ്പോർട്ട്.

തെക്കൻ കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപമായാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് ലഭ്യമാകുന്ന വിവരം. പഹല്‍ഗാമിന് ശേഷം വീണ്ടും പ്രകോപനപരമായ നിലപാടിലേക്കും ആക്രമം നടത്തുന്നതുമായി ബന്ധപ്പെട്ട ആഹ്വാനങ്ങളിലേക്കും ടിആർഎഫ് നീങ്ങുന്നത് കഴിഞ്ഞ മണിക്കൂറുകളില്‍ കണ്ടിരുന്നു. അതിന് പിന്നാലെയാണ് മറ്റൊരു വിനോദസഞ്ചാര മേഖലയില്‍ സൈന്യം നടത്തിയ തെരച്ചിലിനിടെ വീണ്ടും ഏറ്റുമുട്ടലുണ്ടായിരിക്കുന്നത് എന്നാണ് ദേശീയ വാർത്താ ഏജൻസികള്‍ നല്‍കുന്ന വിവരം.

നിരവധി തവണ വെടിയൊച്ചകള്‍ കേട്ടതായും ടിആർഎഫ് കമാൻഡറെ സൈന്യം വളഞ്ഞതായിട്ടുമുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അബർബല്‍ വെള്ളച്ചാട്ടതിന് സമീപമാണ് ഏറ്റുമുട്ടലുണ്ടായത് എന്നാണ് ലഭ്യമാകുന്ന വിവരം. നേരത്തെ തന്നെ ഈ പ്രദേശങ്ങളില്‍ വലിയ തരത്തിലുള്ള സൈനികനീക്കം ആരംഭിച്ചിരുന്നു. ഭീകരർക്കായുള്ള തെരച്ചില്‍ വളരെ ശക്തമായി പുരോഗമിക്കുകയാണ്.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ കടുത്ത നടപടിക്കൊരുങ്ങിയിരിക്കുകയാണ് ഇന്ത്യ. നയതന്ത്രതലത്തില്‍ ബന്ധം വിച്ഛേദിക്കാനാണ് ആലോചന. സൈനികനടപടിയും ഇന്ത്യയുടെ പരിഗണനയിലുണ്ട്. ആക്രമണത്തിന് പിന്നിലെ സൂത്രധാരനായ ലഷ്കർ ഭീകരൻ സെയ്ഫുള്ള കസൂരിയെ വിട്ടുനല്‍കാനും ഇന്ത്യ ആവശ്യപ്പെടും. പാക് സൈനിക മേധാവി നടത്തിയ പ്രസ്താവനയ്ക്ക് എതിരെയും ഇന്ത്യ പ്രതിഷേധം അറിയിക്കും. ആ പ്രസ്താവന ഗൂഢാലോചനയ്ക്ക് സഹായകമായെന്നാണ് ഇന്ത്യയുടെ നിലപാട്.

ഇന്ത്യയിലെ പാക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരെ പുറത്താക്കുക, പാകിസ്ഥാനിലെ നയതന്ത്ര കാര്യാലയത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുക തുടങ്ങിയ നീക്കങ്ങളാകും ഇന്ത്യ നടപ്പാക്കുകയെന്നാണ് സൂചനകള്‍. ഇന്ത്യയിലെത്താന്‍ പാക് സ്വദേശികള്‍ക്ക് അനുവദിച്ചിരുന്ന വിസകളും റദ്ദാക്കും. ഇന്ത്യക്കാരുടെ പാകിസ്ഥാനിലേക്കുള്ള യാത്രയ്ക്കും വിലക്ക് കൊണ്ടുവന്നേക്കും. പാകിസ്ഥാനുമായുള്ള നേരിട്ടുള്ളതും അല്ലാത്തതുമായ എല്ലാ വ്യാപാരങ്ങളും അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെയ്ക്കും. പാകിസ്ഥാനില്‍ നിന്ന് മറ്റൊരു രാജ്യം വഴി ഇന്ത്യയിലേക്കുള്ള ഇറക്കുമതികളും നിരോധിച്ചേക്കും.

അതേസമയം, ഏത് അടിയന്തര സാഹചര്യത്തേയും നേരിടാൻ സജ്ജമായിരിക്കണമെന്ന് സൈന്യത്തിന് നിർദേശം. പ്രതിരോധമന്ത്രിയുടെ നേതൃത്വത്തില്‍ ചേർന്ന ഉന്നതതല യോഗത്തിന് ശേഷമാണ് നിർദേശം നല്‍കിയത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സായുധ സേനാ തലവന്മാർ എന്നിവരാണ് യോഗം ചേർന്നത്. ജമ്മുകശ്മീരിലെ സുരക്ഷാ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് രണ്ടര മണിക്കൂറാണ് ചർച്ച നടത്തിയത്.

പിവി അൻവറിന് യുഡിഎഫിൽ സഹയാത്രികനായി തുടങ്ങാം

തിരുവനന്തപുരം. പി.വി അൻവറിന് യു.ഡി.എഫിൽ സഹയാത്രികനായി തുടങ്ങാം. തൃണമൂൽ കോൺഗ്രസിനെ മുന്നണിയിൽ എടുക്കാൻ ആവില്ലെന്ന് പി.വി അൻവറിനെ ഔദ്യോഗികമായി കോൺഗ്രസ് നേതൃത്വം അറിയിച്ചു. കോൺഗ്രസ് നേതാക്കളും പി.വി അൻവറും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ.

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല എന്നിവരാണ് പി വി അൻവറുമായി കൂടിക്കാഴ്ച നടത്തിയത്. ഒരു മണിക്കൂറിലധികം നീണ്ട ചർച്ചയിൽ പി. അന്‍വര്‍ ചില നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു. കോൺഗ്രസ് നേതാക്കളും മുന്നണി പ്രവേശനം സംബന്ധിച്ച വിഷയത്തിൽ നിലപാട് അറിയിച്ചു. ഇക്കാര്യങ്ങളിൽ തുടർ ചർച്ചകൾ ഉണ്ടാവും. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തൽക്കാലം സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയായി. സഹയാത്രികനായി തുടങ്ങുന്ന അൻവറിൻ്റെ മുന്നണി പ്രവേശനം സംബന്ധിച്ച് യുഡിഎഫിൽ ഉൾപ്പെടെ തുടർ ചർച്ചകൾ നടക്കും.

പി.വി അൻവർ ഒരു ഉപാധിയും മുന്നോട്ട് വെച്ചിട്ടില്ലെന്നായിരുന്നു കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്റെ പ്രതികരണം.

ചർച്ചയിൽ പൂർണ്ണ തൃപ്തി എന്ന് പറഞ്ഞ പി.വി അൻവർ തൃണമൂൽ കോൺഗ്രസിനെ ഇട്ടെറിഞ്ഞ് യുഡിഎഫിലേക്ക് പോകാൻ കഴിയില്ലെന്നും വ്യക്തമാക്കി.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുൻപ് പി.വി അൻവറിൻ്റെ യുഡിഎഫ് പ്രവേശനം ഉണ്ടായേക്കില്ല. മുന്നണിക്ക് പുറത്തുനിന്നുള്ള സഹകരണവും, പിന്നാലെ പ്രത്യേക ക്ഷണിതാവ് സ്ഥാനവും ആകും അൻവറിന് എന്നാണ് സൂചന.

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സൈന്യവും, സിആര്‍പിഎഫും ജമ്മു കശ്മീര്‍ പൊലീസുമാണ് ഭീകരരെ നേരിടുന്നത്. നേരത്തെ ബാരാമുള്ളയില്‍ നടന്ന ഏറ്റുമുട്ടലില്‍ 2 ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. ഭീകരവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് സുരക്ഷാ സേന മേഖല വളഞ്ഞിരിക്കുന്നത്. ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പഹല്‍ഗാമില്‍ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തില്‍ വിനോദസഞ്ചാരികളടക്കം 28 പേര്‍ കൊല്ലപ്പെട്ടിരുന്നു. പഹല്‍ഗാം ആക്രമണം നടന്ന് ഒരു ദിവസത്തിനു ശേഷമാണ് കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരിക്കുന്നത്.

അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ കടുത്ത നടപടിക്ക് ഒരുങ്ങി ഇന്ത്യ. പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളില്‍നിന്നുള്ള സൂചന. ഇസ്ലാമാബാദിലെ ഹൈക്കമ്മിഷന്‍ കാര്യാലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിയേക്കും. ഒപ്പം സിന്ധു നദീജല കരാര്‍ റദ്ദാക്കിയേക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

ജമ്മുകശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ അപലപിച്ച് നടന്‍ സൂര്യ

ജമ്മുകശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ അപലപിച്ച് നടന്‍ സൂര്യ. ഹൃദയഭേദകവും ആഴത്തില്‍ ഞെട്ടിക്കുന്നതുമാണ് സംഭവമെന്നും ഇനി ആരും ഇത് നേരിടേണ്ടി വരരുതെന്നും സൂര്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
‘ഹൃദയഭേദകവും ആഴത്തില്‍ ഞെട്ടിക്കുന്നതും. ഇനി ആരും ഇത് നേരിടേണ്ടി വരരുത്. ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഇന്ത്യ ഐക്യത്തോടെയും ശക്തമായും നിലകൊള്ളും. സമാധാനത്തിലേക്കുള്ള ശാശ്വതമായ ഒരു പാത ഉദിക്കട്ടെ’, എന്നാണ് സൂര്യയുടെ വാക്കുകള്‍. മോഹന്‍ലാല്‍, മമ്മൂട്ടി, അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍, മഞ്ജു വാര്യര്‍ തുടങ്ങി നിരവധി പേര്‍ ഭീകരാക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു.
ഭീകരാക്രമണത്തിന് ഇരയായവരെയോര്‍ത്ത് തന്റെ ഹൃദയം വേദനിക്കുന്നെന്നും നിരപരാധികളുടെ ജീവന്‍ അപഹരിക്കുന്നതിനെ ഒരു കാരണത്താലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഹൃദയഭേദകമായ സംഭവങ്ങളാണ് പഹല്‍ഗാമില്‍ നടന്നതെന്നും വാക്കുകള്‍ നഷ്ടമാകുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. നഷ്ടപ്പെട്ട ധീരരായ ആത്മാക്കള്‍ക്ക് നീതി ലഭ്യമാക്കാന്‍ സായുധസേനയില്‍ പൂര്‍ണ വിശ്വാസമര്‍പ്പിക്കുന്നുവെന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

കോട്ടയം ഇരട്ടക്കൊലപാതകം: സി സി ടി വി ഹാർഡ് ഡിസ്ക്ക് പുഴയിൽ നിന്ന് കണ്ടെടുത്തു

കോട്ടയം: തിരുവാതുക്കലിലെ ഇരട്ടക്കൊലപാതകത്തിൽ പ്രതി അമിത് ഉറാങ്ങ് പുഴയിൽ എറിഞ്ഞ സി സി ടി വി ഹാർഡ് ഡിസ്ക്ക് കണ്ടെടുത്തു. പളളിക്കോണം തോട്ടിൽ പ്രതി എറിഞ്ഞ് കളത്തഹാർഡ് ഡിസ്ക്ക് തെളിവെടുപ്പിനിടെ ഇന്ന് വൈകിട്ട് 5.15 ഓടെ രണ്ട് യുവാക്കൾ മുങ്ങിയെടുക്കുകയായിരുന്നു.കേസിലെ പ്രധാന തെളിവാകാൻ പോകുന്ന ഹാർഡ് ഡിസ്ക്ക് കണ്ടെടുത്തതിൻ്റെ ആശ്വാസത്തിലാണ് പോലീസ്.ഇന്ന് രാവിലെ തൃശൂർ മാളയിൽ നിന്ന് പിടിയിലായ പ്രതിയെ നാളെ രാവിലെ കോടതിയിൽ ഹാജരാക്കും. മൂന്നു വർഷമായി ഇയാൾ വിജയകുമാറിന്റെ വീട്ടിലും ഓഡിറ്റോറിയത്തിലും ജോലി ചെയ്തിരുന്നു. ഇതിനിടെ വിജയകുമാറിന്റെയും ഭാര്യയുടെയും ഫോണുകൾ മോഷ്ടിച്ചതിനും അതുപയോഗിച്ചു പണം തട്ടിയെടുത്തതിനും ഇയാൾ പിടിയിലായിരുന്നു.

ഈ കേസിൽ അഞ്ചര മാസത്തോളം ജയിലിലായിരുന്നു. ജയിലിൽ കഴിയുന്ന സമയത്ത് അമിതിനെ ഭാര്യ ഉപേക്ഷിച്ചു പോയെന്നും പറയുന്നു. ഇക്കാരണങ്ങളാലുള്ള വൈരാഗ്യമാകാം കൊലപാതകത്തിനു പിന്നിലെന്നുമാണ് പൊലീസ് നിഗമനം.

വിജയകുമാറിനെയും ഭാര്യ മീരയെയും കൊന്ന കേസിലെ പ്രതി അസം സ്വദേശി അമിത് തന്നെയെന്ന് നേരത്തെ പൊലീസ് സ്ഥിരീകരിച്ചിരുന്നു. കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ് അമിതിന്റേത് തന്നെയാണെന്ന് തെളിഞ്ഞു. അമിത് മോഷണ കേസിൽ അറസ്റ്റിലായപ്പോൾ ശേഖരിച്ച ഫിംഗർ പ്രിന്റ്റും കോടലിയിലെ ഫിംഗർ പ്രിന്റ് മാച്ച് ചെയ്തു. വീടിന്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളിൽ ഫിംഗർ പ്രിന്റ് പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ധരുടെ വിശദമായ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്.

മറുപടി കൊടുത്തിരിക്കും…. രാജ്യത്തിന് ഉറപ്പ് നല്‍കുന്നുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. മറുപടി കൊടുത്തിരിക്കുമെന്ന് രാജ്യത്തിന് ഉറപ്പ് നല്‍കുന്നുവെന്നും ആക്രമണം നടത്തിയവര്‍ മാത്രമല്ല പിന്നില്‍നിന്ന് ആസൂത്രണം ചെയ്തവരും ശിക്ഷിക്കപ്പെടുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ഭീകരാക്രമണത്തിന് പിന്നിലുള്ളവര്‍ക്ക് ശക്തമായ മറുപടി നല്‍കും. ഒരു പ്രത്യേക മതത്തെ ലക്ഷ്യംവച്ചുകൊണ്ടാണ് ഭീകരര്‍ ആക്രമണം നടത്തിയത്. അതില്‍ നമുക്ക് നിരവധി നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടു. സര്‍ക്കാര്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഞാന്‍ ഉറപ്പ് ന്‍കുന്നു. ഉടന്‍ തന്നെ നിങ്ങള്‍ക്ക് ഒരു ദൃഢമായ പ്രതികരണം കാണാന്‍ കഴിയും എന്ന് രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

കൊല്ലത്ത് ഇഎസ്‌ഐ മെഡിക്കല്‍ കോളജ് അനുവദിച്ചതായി കേന്ദ്രമന്ത്രി

കൊല്ലത്ത് ഇ എസ് ഐ മെഡിക്കൽ കോളേജ് അനുവദിച്ചതായി കേന്ദ്ര മന്ത്രി മൺസുഖ് മണ്ഡാവിയ പ്രഖ്യാപിച്ചതായി എൻ കെ പ്രേമചന്ദ്രൻ എംപി അറിയിച്ചു. കൊല്ലം ആശ്രാമം ഇ എസ് ഐ മോഡൽ ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി മെഡിക്കൽ കോളേജ് ആയി ഉയർത്തണമെന്ന ആവശ്യം എൻ കെ പ്രേമചന്ദ്രൻ എംപി ഇ എസ് ഐ ഡയറക്ടർ ബോർഡിൽ ഉന്നയിച്ചിരുന്നു. തൊഴിലാളികൾക്കായി സ്ഥാപിച്ച പാരിപ്പള്ളി ഇ എസ് ഐ മെഡിക്കൽ കോളേജ് കേന്ദ്ര സർക്കാരിന്റെ നയം മാറ്റിയതിനാൽ സംസ്ഥാന സർക്കാറിന് കൈമാറേണ്ടി വന്നു. കൊല്ലം ഗവൺമെൻറ് മെഡിക്കൽ കോളേജ് ആയി പ്രവർത്തിക്കുന്നത് ഇ എസ് ഐ പണി പൂർത്തിയാക്കിയ മെഡിക്കൽ കോളേജ് ആണ്. ഈ സാഹചര്യത്തിൽ കൊല്ലത്തെ തൊഴിലാളികൾക്കായി പുതിയ ഇ. എസ്. ഐ മെഡിക്കൽ കോളേജ് വേണമെന്ന എം പി യുടെ ആവശ്യം ബോർഡ് തത്വത്തിൽ അംഗീകരിച്ചത്. എന്നാൽ മന്ത്രി ഇന്നാണ് ആ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇ എസ് ഐ ബോർഡ് ചെയർമാൻ കൂടിയായ കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി കൊല്ലത്ത് പുതിയ മെഡിക്കൽ കോളേജ് ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. കൊല്ലത്തിന് പുറമേ മഹാരാഷ്ട്രയിലെ പൂന നാഗ്പൂർ, ഹരിയാനയിലെ മനേസർ, ഗുജറാത്തിലെ സൂറത്ത്, ആന്ധ്രപ്രദേശിലെ വിശാഖപട്ടണം, ഒഡീഷ്യയിലെ ഭുവനേശ്വർ വെസ്റ്റ്, ബംഗാളിലെ അസാൻ സോൾ, ഉത്തർപ്രദേശിലെ പാണ്ഡ്യ നഗർ, ഗോദയിലെ മഗ് ഗോൺ എന്നിവിടങ്ങളിലാണ് മറ്റു മെഡിക്കൽ കോളേജുകൾ. പുതിയ മെഡിക്കൽ കോളേജുകളിലെ പട്ടികയിൽ മഹാരാഷ്ട്രയും ഹരിയാനയും കഴിഞ്ഞാൽ കേരളത്തിലെ കൊല്ലമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കൊല്ലം ആശ്രമം ഇ എസ് ഐ ആശുപത്രി മെഡിക്കൽ കോളേജ് ഉയർത്തുന്നതിന് കൊല്ലത്ത് പുതിയ ഇഎസ്ഐ മെഡിക്കൽ കോളേജ് അനുവദിച്ച കേന്ദ്രമന്ത്രി മൺസൂഖ് മണ്ഡാവ്യയുടെ തീരുമാനത്തെ എൻ കെ പ്രേമചന്ദ്രൻ എംപി സ്വാഗതം ചെയ്തു.

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ മേട തിരുവാതിര മഹോത്സവത്തിന് കൊടിയേറി

കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ മേട തിരുവാതിര മഹോത്സവത്തിന് കൊടിയേറി. ഇന്നലെ രാത്രി 7.30ന് ക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ ഗോവിന്ദന്‍ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രം മേല്‍ശാന്തി രതീഷ്‌കുമാര്‍ കുടവട്ടൂര്‍, കീഴ്ശാന്തി നാരായണന്‍ നമ്പൂതിരി എന്നിവരുടെ മുഖ്യ കാര്‍മികത്വത്തില്‍ തൃക്കൊടിയേറ്റ് ചടങ്ങ് നടന്നു.
മെയ് 2ന് ആറാട്ട് ഘോഷയാത്രയോടെ ഉത്സവം സമാപിക്കും. തൃക്കൊടിയേറ്റ് ചടങ്ങിനോടനുബന്ധിച്ച് അവണൂര്‍ ചിഞ്ചിലം ട്രൂപ്പിന്റെ വിശേഷാല്‍ പഞ്ചാരി മേളം ഉണ്ടായിരുന്നു. തൃക്കൊടിയേറ്റ് ചടങ്ങില്‍ ഉപദേശക സമിതി പ്രസിഡന്റ് വി. അനില്‍കുമാര്‍, സെക്രട്ടറി സ്മിത രവി, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്. സുഷമ, ഉപദേശക സമിതി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഇന്ന് രാവിലെ 8നും രാത്രി 8നും ശ്രീ ഭൂതബലി എഴുന്നെള്ളത്തും വിളക്കും. വിവിധ കലാപരിപാടികള്‍ക്ക് പുറമെ രാവിലേ 11.30നും വൈകിട്ട് 6.45നും പ്രഭാഷണം. ഉച്ചക്ക് 1ന് അന്നദാനം രാത്രി 8.45ന് ഗാനമേള.

കുണ്ടറയില്‍ ഗതാഗത നിയന്ത്രണം

കുണ്ടറ: ഇളമ്പള്ളൂര്‍ ശ്രീമഹാദേവി ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചയ്ക്ക് 3 മുതല്‍ കുണ്ടറയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കിഴക്കേ കല്ലട ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ പേരയത്തു നിന്നും ഇടത്തോട്ട് തിരിഞ്ഞ് മുളവന-കുണ്ടറ പള്ളിമുക്ക് വഴി പോകേണ്ടതും, കൊട്ടാരക്കര ഭാഗത്തു നിന്നും കൊല്ലം ഭാഗത്തേക്ക് മറ്റും പോകേണ്ട വാഹനങ്ങള്‍ ആശുപത്രി ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മോയ്തീന്‍മുക്ക്-കണ്ണനല്ലൂര്‍ വഴി കൊല്ലത്തേക്ക് പോകേണ്ടതും, അഞ്ചാലുംമൂട് ഭാഗത്തു നിന്നും കൊട്ടാരക്കരയ്ക്ക് വരുന്ന വാഹനങ്ങള്‍ സ്റ്റാര്‍ച്ച് മുക്കില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് കേരളപുരം-പെരുമ്പുഴ വഴി കുണ്ടറ ആശുപത്രി ജംഗ്ഷന്‍ ഭാഗത്തേക്കും, കൊല്ലം ഭാഗത്തു നിന്നും കൊട്ടാരക്കരയ്ക്ക് വരുന്ന വാഹനങ്ങള്‍ കേരളപുരം ജംഗ്ഷന്‍ കഴിഞ്ഞ് വലത്തോട്ട് തിരിഞ്ഞ് പെരുമ്പുഴ വഴി കുണ്ടറ ആശുപത്രി ജംഗ്ഷന്‍ ഭാഗത്തേക്കും, അഞ്ചാലുംമൂട് ഭാഗത്തു നിന്നും ഭരണിക്കാവിന് പോകുന്ന വാഹനങ്ങള്‍ നാന്തിരിക്കല്‍ ജംഗ്ഷനില്‍ നിന്നും ഇടത്ത് തിരിഞ്ഞ് മൃഗാശുപത്രി ജംഗ്ഷന്‍ കച്ചേരിമുക്ക് വഴി പോകേണ്ടതാണ്. കുണ്ടറ മുക്കട ജംഗ്ഷന്‍ മുതല്‍ ഇളംമ്പള്ളൂര്‍ ഗുരുദേവ ആഡിറ്റോറിയം വരെ വാഹന പാര്‍ക്കിംഗ് അനുവദിക്കില്ല.