24.2 C
Kollam
Wednesday 24th December, 2025 | 12:49:27 AM
Home Blog Page 1149

വികാസ് കളിക്കൂടിന് വർണ്ണാഭമായ തുടക്കം

ചവറ. വികാസ് കുട്ടികൾക്കായി ഒരുക്കുന്ന കളിക്കൂടിന് തുടക്കമായി. മൂന്നുദിവസം നീണ്ടുനിൽക്കുന്ന റസിഡൻഷ്യൽ ക്യാമ്പിൽ 50 ഓളം കുട്ടികൾ പങ്കെടുക്കുന്നു. വെള്ളിയാഴ്ച രാവിലെ നടന്ന കളിക്കൂടിന് ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി കുട്ടികൾ ഘോഷയാത്രയായി ചവറ ഭരണിക്കാവിൽ നിന്ന് ആരംഭിച്ച് ബലൂണുകൾ പറത്തി സന്ദേശഗാനങ്ങൾ ആലപിച്ച് വികാസിലെത്തി.

തുടർന്ന് നടന്ന ഉദ്ഘാടന ക്ലാസ് ‘അഭിരുചിയുടെ വേരുകൾ തേടി’ എന്ന വിഷയത്തിൽ തിരുവനന്തപുരം മന്നാനിയ കോളേജ് മലയാള വിഭാഗം അധ്യക്ഷൻ ഡോ.എം.എസ്.നൗഫൽ നയിച്ചു. ഉച്ചയ്ക്കുശേഷം ‘പ്രസംഗം ഒരു കല’ എന്ന വിഷയത്തിൽ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം എബി പാപ്പച്ചൻ, വൈകിട്ട് ‘പാട്ടും കൂത്തും’ നാടക പ്രവർത്തകൻ നിസാർ മുഹമ്മദും ചേർന്ന് അവതരിപ്പിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ കൈരളി ഫീനിക്സ് പുരസ്കാര ജേതാവ് കൃഷ്ണകുമാർ.പി.ശ്രീലത, കൊല്ലം ഡിവിഷണൽ എക്സൈസ് ഇൻസ്‌പെക്ടർ പി.എൽ.വിജിലാൽ, കൊല്ലം ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ തൊടിയൂർ രാധാകൃഷ്ണൻ, പേപ്പർ ക്രാഫ്റ്റ് വിദഗ്ധ രജനി ബിജുകുമാർ തുടങ്ങിയവർ വിവിധ വിഷയങ്ങളുമായി എത്തും. ക്യാമ്പിന്റെ ഇടവേളകളിൽ ആവേശം,നെല്ലിക്ക, വെള്ളിത്തിര,കാഴ്ച തുടങ്ങിയ വ്യത്യസ്ത മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

ക്യാമ്പിന്റെ സമാപന ദിവസം കുട്ടികൾ അവതരിപ്പിക്കുന്ന നാടകാവതരണവുമുണ്ടാകും. കൃത്യനിഷ്ഠ, അച്ചടക്കം, പങ്കാളിത്തം,ടേബിൾ മാനേഴ്സ്,പങ്കിടൽ, മൂല്യവബോധം, കലാബോധം, സാഹിത്യബോധം എന്നീ ആശയങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കുന്നതിനു വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. അതിനുതകുന്ന ക്ലാസുകളും വിഷയങ്ങളുമാണ് ക്യാമ്പിൽ സജ്ജീകരിച്ചിരിക്കുന്നത്.ലഹരി വിരുദ്ധ സന്ദേശങ്ങൾ കുട്ടികളിൽ ഫലപ്രദമായി എത്തിക്കുന്നതിന് വിവിധ പരിപാടികളും സംയോജിപ്പിച്ചിട്ടുണ്ട്.

ലഹരിക്കെതിരെ വലിയപാടം വാർഡിൽ ഞായറാഴ്ച മനുഷ്യച്ചങ്ങലയുമായി ജനജാഗ്രതാ കൂട്ടായ്മ

ശാസ്താംകോട്ട:പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്തിലെ വലിയപാടം വാർഡിൽ വലിയപാടം ജനജാഗ്രതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ഞായറാഴ്ച വൈകിട്ട് 4 ന് മനുഷ്യച്ചങ്ങല തീർക്കുമെന്ന് ഭാരവാഹികളായ ഉഷാലയം ശിവരാജൻ, സി.കെ ഗോപി,സന്തോഷ് എസ്.വലിയപാടം രമേശ് കുന്നപ്പുഴ എന്നിവർ അറിയിച്ചു.ഇതിൻ്റെ ഭാഗമായി ഗൃഹസന്ദർശനം,ബോധവത്ക്കരണ ക്ലാസ് എന്നിവ നടക്കും.കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.ഉഷാലയം ശിവരാജൻ അധ്യക്ഷത വഹിക്കും

പഹൽഗാമിൽ കൊല്ലപ്പെട്ടവർക്കായ്ആദരാഞ്ജലി

കരുനാഗപ്പള്ളി. പഹൽഗാമിൽ കൊല്ലപ്പെട്ടവർക്കായ് ആദിനാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഴുകു തിരി തെളിയിച്ച് ആദരാഞ്ജലി കെ പി സി സി സെക്രട്ടറി എൽ കെ ശ്രീദേവി ഉത്ഘാടനം ചെയ്തു.

സർട്ടിഫിക്കേറ്റ് വിതരണവും അനുമോദനവും

ശാസ്താംകോട്ട. കേരള സർവകലാശാല തുടർ വിദ്യ വ്യാപന കേന്ദ്രം ശാസ്താംകോട്ട യൂ. ഐ. ടി സെന്ററിൽ പഠിച്ചു ലൈബ്രറി സയൻസ് കോഴ്സിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും എഡോവ്മെന്റ് വിതരണവും സെന്റർ കോഴ്സ് കോഡിനേറ്റർ അഡ്വ. ആനയടി സുധികുമാർ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രഫ ആശ്വതി ജെ. എസ് അധ്യക്ഷത വഹിച്ചു. പ്രഫ രാഹുൽ അനുമോദന പ്രസംഗം നടത്തി. മഹേഷ്‌ പി ഭാസ്കർ സ്വാഗതവും പാർവതി നന്ദി യും പറഞ്ഞു.

സസ്പെൻഷനിലായിരുന്ന മിൽമ ജീവനക്കാരൻ ജീവനൊടുക്കിയ നിലയിൽ

ശാസ്താംകോട്ട:ആനയടി വെള്ളച്ചിറയിൽ സസ്പെൻഷനിലായിരുന്ന മിൽമ ജീവനക്കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.കൊല്ലം ശൂരനാട് വടക്ക് ആനയടി കൊല്ലൻ്റെ പടീറ്റതിൽ സുരേഷ് കുമാറാണ് (55) മരിച്ചത്.വെള്ളച്ചിറ ജംഗ്ഷന് സമീപം വാടകയ്ക്ക് എടുത്ത കെട്ടിടത്തിൻ്റെ മുകൾ നിലയിലെ ഓഫീസായി ഉപയോഗിച്ചിരുന്ന മുറിയിൽ ഇന്ന് വൈകിട്ട് 3 ഓടെ പൊള്ളലേറ്റ് മരിച്ച നിലയിലാണ് സുരേഷ് കുമാറിൻ്റെ മൃതദേഹം കണ്ടെത്തിയത്.താഴത്തെ നിലയിൽ മുൻപ് ഇദ്ദേഹം സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്നു.മുകൾ നിലയിൽ നിന്നും തീയും പുകയും ഉയരുന്നതു കണ്ട് പരിസരവാസികൾ ഓടിയെത്തി തീ അണയ്ക്കുമ്പഴേക്കും പൂർണമായും കത്തിക്കരിഞ്ഞിരുന്നു.ആനയടി ജംഗ്ഷനിൽ ഇവരുടെ ഉടമസ്ഥയിലുള്ള ബേക്കറിയിൽ ഉണ്ടായിരുന്ന ഭാര്യ രാജിയെ നാട്ടുകാർ വിവരമറിയിച്ചു. ശാസ്താംകോട്ടയിൽ നിന്നും ഫയർഫോഴ്സും ശൂരനാട് പൊലീസും സ്ഥലത്തെത്തിയിരുന്നു.വാഹനത്തിൽ ഒഴിക്കുന്ന എഞ്ചിൻ ഓയിൽ ശരീരത്ത് ഒഴിച്ചാണ് തീ കൊളുത്തിയതെന്നാണ് പ്രാഥമിക നിഗമനം.സമീപത്ത് പ്ലാസ്റ്റിക് ഉരുകിയതും കാണാം.പത്തനംതിട്ട തട്ടയിൽ പ്രവർത്തിക്കുന്ന മിൽമ ഡയറിയിലെ ജീവനക്കാരനായിരുന്ന സുരേഷ് കുമാറിനെ ഏതാനും മാസം മുമ്പ് സസ്പെൻഡ് ചെയ്തിരുന്നു.ഇതിലുള്ള മനോവിഷമമാകാം ആത്മഹത്യ ചെയ്യാനുള്ള കാരണമെന്നാണ് വിലയിരുത്തൽ.ഫോറൻസിക് വിഭാഗം അടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.ആദർശ്(നേവി),ആകാശ് ക്രുവൈറ്റ്) എന്നിവർ മക്കളും ഡോ.ആർഷ മരുമകളുമാണ്.

പത്തനാപുരത്ത് കെഎസ്ആര്‍ടിസി ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്

പത്തനാപുരം: പത്തനാപുരത്ത് കെഎസ്ആര്‍ടിസി ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്. ചെങ്ങമനാട് ചേത്തടി ഗുരുമന്ദിരത്തിന് സമീപം ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്. കൊല്ലത്ത് നിന്ന് പത്തനാപുരത്തേക്ക് വന്ന ബസിലേക്ക് അമിതവേഗതയില്‍ വന്ന ടിപ്പര്‍ ലോറി ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു.

മനസമ്മത ചടങ്ങിനിടെ ഫാൻ പൊട്ടി വീണ് അഞ്ച് പേര്‍ക്ക് പരുക്ക്: സംഭവം തൃശൂരില്‍

തൃശൂരില്‍ മനസമ്മത ചടങ്ങിനിടെ ഫാൻ പൊട്ടി വീണ് അഞ്ച് പേർക്ക് പരുക്ക്. കോടശേരി താഴൂർ സെൻറ് മേരീസ് പള്ളിയിലാണ് സംഭവം ഉണ്ടായത്.

ഉച്ചയ്ക്ക് 12 മണിയോടെ നടന്ന മനസമ്മത ചടങ്ങിനിടെയാണ് അപകടം ഉണ്ടായത്. നൂറിലധികം പേർ പങ്കെടുത്ത ചടങ്ങിനിടെയായിരുന്നു സംഭവം. അപകടത്തില്‍ കുട്ടികളടക്കം അഞ്ച് പേർക്കാണ് പരുക്ക് പറ്റിയിരിക്കുന്നത്.

കുറ്റിച്ചിറ സ്വദേശി ബേബി , ചെമ്ബൻ കുന്ന് സ്വദേശി വർഗീസ് , താഴൂർ സ്വദേശി ഷീജ പോള്‍ , കളിക്കല്‍ സ്വദേശി ആദിത്യൻ , മാരൻകോട് സ്വദേശിയായ രണ്ട് വയസുകാരി ഇവ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ അഞ്ച് പേരെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഇറാനിലെ തുറമുഖത്ത് സ്‌ഫോടനം; നാല് മരണം; അഞ്ഞൂറിലധികം പേര്‍ക്ക് പരിക്ക്

ഇറാനിലെ ഏറ്റവും വലിയ തുറമുഖമായ ബന്ദര്‍ അബ്ബാസിലുണ്ടായ ഉഗ്ര സ്‌ഫോടനത്തില്‍ നാലു പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. തുറമുഖത്തിന്റെ ഷാഹിദ് രാജീ സെക്ഷനിലാണ് സ്‌ഫോടനം ഉണ്ടായത്.
കണ്ടെയ്‌നറുകളില്‍ സൂക്ഷിച്ചിരുന്ന രാസവസ്തുക്കള്‍ക്ക് തീപിടിച്ചതാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് സൂചന. മോശം സംഭരണ ??രീതികളാണ് സ്ഫോടനത്തിന് കാരണമെന്ന് ഇറാന്റെ ക്രൈസിസ് മാനേജ്മെന്റ് ഓര്‍ഗനൈസേഷന്‍ വക്താവ് ഹൊസൈന്‍ സഫാരി പറഞ്ഞു. ‘കണ്ടെയ്നറുകള്‍ക്കുള്ളിലെ രാസവസ്തുക്കളാണ് സ്ഫോടനത്തിന് കാരണം. അപകടസാധ്യതയെക്കുറിച്ച് മുമ്പ് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നതായും,’ അദ്ദേഹം പറഞ്ഞു.

തീപിടിക്കുന്ന വസ്തുക്കള്‍ കൈകാര്യം ചെയ്ത രീതി അപകടത്തിന് കാരമമായേക്കാമെന്ന് നേരത്തെ തുറമുഖ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. അപകടകരമായ രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന നിരവധി കണ്ടെയ്‌നറുകള്‍ തുറമുഖത്തിന്റെ യാര്‍ഡില്‍ പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ടുണ്ട്.

അതേസമയം, സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. തുറമുഖത്തു നിന്ന് പുക ഉയരുന്നതിന്റെ ഭീതിപരത്തുന്ന ദൃശ്യങ്ങള്‍ സ്റ്റേറ്റ് ടെലിവിഷന്‍ പുറത്തുവിട്ടിരുന്നു. കിലോമീറ്ററുകളോളം ദൂരത്തേക്ക് സ്‌ഫോടനത്തിന്റെ ആഘാതം ഉണ്ടായെന്നാണ് വിവരം. നിരവധി കെട്ടിടങ്ങളുടെ ജനല്‍ ചില്ലുകള്‍ തകരുകയും തുറമുഖത്തിന് 26 കിലോമീറ്റര്‍ അകലെയുള്ള ഖേഷ്ം ദ്വീപില്‍ പോലും ശബ്ദം കേട്ടതായും വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാനിലേക്കുള്ള കണ്ടെയ്‌നര്‍ കയറ്റുമതിയിലെ സുപ്രധാന കേന്ദ്രമാണ് ബന്ദര്‍ അബ്ബാസ്. പ്രതിവര്‍ഷം ഏകദേശം 80 ദശലക്ഷം ടണ്‍ (72.5 ദശലക്ഷം മെട്രിക് ടണ്‍) വസ്തുക്കളാണ് തുറമുഖം കൈകാര്യം ചെയ്യുന്നത്. ടെഹ്റാനില്‍ നിന്ന് ഏകദേശം 1,050 കിലോമീറ്റര്‍ (652 മൈല്‍) തെക്കുകിഴക്കായി, ഹോര്‍മുസ് കടലിടുക്കിന് സമീപമാണ് തുറമുഖം സ്ഥിതിചെയ്യുന്നത്.

കെസിസി ക്ലർജി കമ്മിഷൻ ഇടുക്കി ജില്ലാ സമ്മേളനം ഏപ്രിൽ 29 ന് കട്ടപ്പനയിൽ

കട്ടപ്പന:കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ സി സി )ക്ലർജി കമ്മീഷൻ ഇടുക്കി ജില്ലാ വൈദിക സമ്മേളനം ഏപ്രിൽ 29 (ചൊവ്വാഴ്ച) രാവിലെ 10 ന് കട്ടപ്പന സി എസ് ഐ ദേവാലയത്തിൽ നടക്കും.

സിഎസ്ഐ ഈസ്റ്റ് കേരള മഹാ ഇടവക ബിഷപ്പ് റൈറ്റ് റവ.വി എസ് ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യും.
കെ സി സി ജനറൽ സെക്രട്ടറി ഡോ പ്രകാശ് പി തോമസ് അധ്യക്ഷനാകും.
വാഴൂർ സോമൻ എം എൽ എ
മുഖ്യ പ്രഭാഷണം നടത്തും. ഓർത്തഡോക്സ് ചർച്ച് ഇടുക്കി രൂപതാ മെത്രാപ്പോലീത്ത ഡോ. സഖറിയാസ് മാർ സേവേറിയോസ് ക്ലാസിന് നേതൃത്വം നൽകും.
രജിസ്ട്രേഷൻ നടപടികൾ രാവിലെ 9 ന് ആരംഭിക്കക്കുമെന്ന്
കെ സി സി ക്ലർജി കമ്മീഷൻ ചെയർമാൻ റവ. എ ആർ നോബിൾ, കെ.സി സി സംസ്ഥാന പ്രോഗ്രാം കോ ഓഡിനേറ്റർ മേജർ റ്റി.ഇ.സ്റ്റീഫൻസൺ, ഇടുക്കി  ജില്ലാ ചെയർമാൻ റവ. ബിനു കുരുവിള എന്നിവർ അറിയിച്ചു.

വീട്ടിലേക്ക് എസി വാങ്ങുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കണം

ചൂട് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ എയര്‍കണ്ടീഷനറുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനയാണുണ്ടായിരിക്കുന്നത്. പണ്ടൊക്കെ വീട്ടില്‍ എസി വെക്കുക എന്നത് ആര്‍ഭാടത്തിന്റെ അടയാളമായിരുന്നു. എന്നാലിന്ന് ചൂട് സഹിക്കാന്‍ വയ്യാതായതോടെയാണ് പല വീടുകളിലും എസി സ്ഥാപിച്ചുതുടങ്ങിയത്. വീട്ടിലേക്ക് എസി വാങ്ങുമ്പോളും ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കണം.

സ്റ്റാര്‍ നോക്കി വാങ്ങാം
കുറഞ്ഞ ഊര്‍ജ ക്ഷമത റേറ്റിംഗോ കുറഞ്ഞ സ്റ്റാറോ ഉള്ള എസികള്‍ താരതമ്യേന വില കുറഞ്ഞതായിരിക്കാം, എന്നാല്‍ സ്റ്റാര്‍ കൂടുന്നതിനനുസരിച്ച് വൈദ്യുതി ഉപഭോഗം കുറയും. വൈദ്യുതി ബില്ല് കൂടുമെന്ന കാര്യത്തില്‍ നിങ്ങള്‍ വിഷമിക്കേണ്ടതുമില്ല. 5 സ്റ്റാര്‍ ഉള്ള എ.സിക്കായിരിക്കും കൂടുതല്‍ കാര്യക്ഷതയുണ്ടാകുന്നത്. അധികം തുക മുടക്കി എ.സി വാങ്ങിയെന്ന് വിഷമം വേണ്ട. ചെലവ് കുറഞ്ഞ എസി വാങ്ങിയാല്‍ വൈദ്യുതി ബില്ലില്‍ അതിന്റെ ഇരട്ടി നല്‍കേണ്ടിവരും. കുറഞ്ഞത് 3 സ്റ്റാര്‍ റേറ്റിംഗുള്ള എസി വാങ്ങാന്‍ ശ്രമിക്കുക.

കോപ്പര്‍ കോയിലുകളുള്ള എസി
പുതിയ എസി വാങ്ങാന്‍ പോകുന്നവര്‍ കോപ്പര്‍ കണ്ടന്‍സറുള്ള എ.സി തെരഞ്ഞെടുക്കാം. അലൂമിനിയം കോയിലുകളുള്ള എസികളെ അപേക്ഷിച്ച് കോപ്പര്‍ കോയിലുകളുള്ള എസികള്‍ നല്ല തണുപ്പ് നല്‍കും. കോപ്പര്‍ കോയിലുകളുള്ള എസിക ള്‍ കൂടുതല്‍കാലം ഈടുനില്‍ക്കുന്നതും പരിപാലിക്കാന്‍ എളുപ്പവുമാണ്.അലോയ് കോയിലുള്ള എ.സികള്‍ എളുപ്പത്തില്‍ കേട് വരാനുള്ള സാധ്യതയും കൂടുതലാണ്.

മുറിയുടെ വലിപ്പം അടിസ്ഥാനമാക്കി എസിയുടെ കപ്പാസിറ്റി തീരുമാനിക്കുക
എപ്പോഴും മുറിയുടെ വലുപ്പത്തിന് അനുസരിച്ച് എസിയുടെ ടണ്‍ കപ്പാസിറ്റി തീരുമാനിക്കുക. 140-150 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒരു മുറിക്ക് 1-ടണ്‍ അല്ലെങ്കില്‍ 1.5-ടണ്‍ എസി മതിയാകും. വലിയ മുറിയിലേക്കാണ് നിങ്ങള്‍ എസി വാങ്ങുന്നതെങ്കില്‍ അതില്‍കൂടുതല്‍ കപ്പാസിറ്റിയുള്ള എസി വാങ്ങുക.

സ്പ്ലിറ്റ് അല്ലെങ്കില്‍ വിന്‍ഡോ എസി
വിന്‍ഡോ എസികള്‍ താരതമ്യേന വിലകുറഞ്ഞതും പരിപാലിക്കാന്‍ എളുപ്പവുമാണ്. അതിനാല്‍ നിങ്ങളുടെ മുറിയുടെ ചുമരിനോട് ചേര്‍ന്ന് ജനലോ ഷാഫ്റ്റോ ഉണ്ടെങ്കില്‍, വിന്‍ഡോ എസി വാങ്ങാം. സ്പ്ലിറ്റ് എസികളാണെങ്കില്‍ ചെലവേറിയതാണെങ്കിലും ടണ്‍ കണക്കിന് ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നു. എസിക്ക് വേണ്ടി മുറിക്കുള്ളില്‍ കൂടുതല്‍ സ്ഥലം ആവശ്യമില്ല ആവശ്യമില്ല.

സ്മാര്‍ട്ട് ഫീച്ചറുകള്‍ വേണമെങ്കില്‍ മാത്രം
മിക്ക കമ്പനികളും ഇപ്പോള്‍ എസികളില്‍ നിരവധി സ്മാര്‍ട്ട് ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എസിയുടെ പ്രവര്‍ത്തനങ്ങള്‍ സ്മാര്‍ട്ട്ഫോണും വോയ്സ് അസിസ്റ്റന്റും ഉപയോഗിച്ച് നിയന്ത്രിക്കാനടക്കമുള്ള ഫീച്ചറുകള്‍ നിലവിലുണ്ട്. എന്നാല്‍ അതിനനുസരിച്ച് വിലയും കൂടും. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ മാത്രം ഇത്തരം സ്മാര്‍ട്ട് ഫീച്ചറുകളുള്ള എസികള്‍ തെരഞ്ഞെടുത്താല്‍ മതി.