Home Blog Page 1143

മുഖം സുന്ദരമാക്കാൻ അരിപ്പൊടി കൊണ്ടുള്ള ഫേസ് പാക്കുകൾ

മുഖത്തെ ചുളിവുകൾ, വരണ്ട ചർമ്മം, കറുപ്പ് എന്നിവ മാറാൻ മികച്ചൊരു ചേരുവയാണ് അരിപ്പൊടി. വീട്ടിൽ തന്നെ പരീക്ഷിക്കാം അരിപ്പൊടി കൊണ്ടുള്ള വിവിധ ഫേസ് പാക്കുകൾ.

ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും മികച്ചതാണ് അരിപ്പൊടി. മുഖത്തെ ചുളിവുകൾ, വരണ്ട ചർമ്മം, കറുപ്പ് എന്നിവ മാറാൻ മികച്ചൊരു ചേരുവകയാണ് അരിപ്പൊടി. വീട്ടിൽ തന്നെ പരീക്ഷിക്കാം അരിപ്പൊടി കൊണ്ടുള്ള വിവിധ ഫേസ് പാക്കുകൾ.

രണ്ട് സ്പൂൺ കസ്തൂരി മഞ്ഞൾ‌ പൊടിയും ഒരു സ്പൂൺ അരിപ്പൊടിയും അൽപം പാലും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴി‍ഞ്ഞാൽ‌ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ( ശ്രദ്ധിക്കുക, പാച്ച് ടെസ്റ്റ് നടത്തി അലർജി ഇല്ലെന്ന് ഉറപ്പാക്കിയശേഷം മാത്രം ഉപയോഗിക്കുക).

രണ്ട്

രണ്ട് സ്പൂൺ തെെരും രണ്ട് സ്പൂൺ അരിപ്പൊടിയും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 20 മിനുറ്റിന് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. തെെരിൽ അടങ്ങിയിട്ടുള്ള ലാക്റ്റിക് ആസിഡ് പ്രകൃതിദത്തമായ ഒരു മോയ്‌സ്ചറൈസറാണ്. ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്ത് തിളക്കമുള്ള ചർമ്മം സ്വന്തമാക്കാൻ സഹായിക്കുന്നു. ആരോഗ്യകരമായ ചർമ്മ മൈക്രോബയോം നിലനിർത്താനും മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാനും സഹായിക്കുന്ന പ്രോബയോട്ടിക്സും തൈരിൽ അടങ്ങിയിട്ടുണ്ട്.

മൂന്ന്

ഒരു സ്പൂൺ കറ്റാർവാഴ ജെല്ലും അൽപം അരിപ്പൊടിയും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

നാല്

ഒരു സ്പൂൺ അരിപ്പൊടിയും അൽപം തക്കാളി നീരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. മുഖത്തെ കരുവാളിപ്പ് മാറാൻ മികച്ചതാണ് ഈ പാക്ക്.

ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ പെൺകുട്ടിയെ ഓഫീസിലെത്തിച്ച് പീഡിപ്പിച്ച് അമ്മയുടെ അമ്മാവൻ, 67കാരന് 29 വർഷം തടവ്

മലപ്പുറം: ട്യൂഷന്‍ കഴിഞ്ഞ്‌ വീട്ടിലേക്ക്‌ പോകുന്നതിനായി ബസ്‌ സ്‌റ്റാന്റിലെത്തിയ പെണ്‍കുട്ടിയെ ഓഫീസ്‌ റൂമിലേക്ക്‌ നിര്‍ബ്ബന്ധിച്ചു കൂട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്‌ത ബന്ധുവായ 67 കാരന് 29 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ. പതിനാറുകാരിയെയാണ് ഇയാൾ ലൈംഗിക പീഡനത്തിന്‌ വിധേയയാക്കിയത്. മഞ്ചേരി ഫാസ്‌റ്റ് ട്രാക്‌ സ്‌പെഷ്യല്‍ കോടതിയാണ് 29 വര്‍ഷം കഠിന തടവും 100000 രൂപ പിഴയും ശിക്ഷ വിധിച്ചത്.

പെണ്‍കുട്ടിയുടെ മാതാവിന്റെ അമ്മാവനായ പ്രതിയെയാണ്‌ ജഡ്‌ജി എസ്‌ രശ്‌മി ശിക്ഷിച്ചത്‌. 2022 ജനുവരി 31നാണ്‌ കേസിന് ആസ്പദമായ സംഭവം. വൈകീട്ട്‌ നാലരക്ക്‌ ട്യൂഷന്‍ ക്ലാസ്‌ കഴിഞ്ഞ്‌ വീട്ടിലേക്ക്‌ പോകുന്നതിനായി കൊണ്ടോട്ടി ബസ്‌ സ്‌റ്റാന്റിലെത്തിയതായിരുന്നു പെണ്‍കുട്ടി. ഇവിടെ നിന്നും ബസ്‌ സ്‌റ്റാന്റിനടുത്തുള്ള പ്രതിയുടെ ഓഫീസ്‌ റൂമിലേക്ക്‌ നിര്‍ബ്ബന്ധിച്ചു കൂട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്‌തുവെന്നാണ്‌ കേസ്‌. കൊണ്ടോട്ടി പൊലീസ്‌ സബ്‌ ഇന്‍സ്‌പെക്‌ടറായിരുന്ന ഫാതില്‍ റഹ്‌മാന്‍ രജിസ്‌റ്റര്‍ ചെയ്‌ത് ആദ്യാന്വേഷണം നടത്തി പ്രതിയെ അറസ്‌റ്റ് ചെയ്‌ത കേസില്‍ പോലീസ്‌ ഇന്‍സ്‌പെക്‌ടറായിരുന്ന കെ എന്‍ മനോജ്‌ ആണ്‌ തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്‌.

പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക്‌ പ്രോസീക്യൂട്ടര്‍ അഡ്വ. എ എന്‍ മനോജ്‌ 20 സാക്ഷികളെ കോടതി മുമ്പാകെ വിസ്‌തരിച്ചു. 18 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ അസിസ്‌റ്റന്റ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ ആയിഷ കിണറ്റിങ്ങല്‍ പ്രോസീക്യൂഷനെ സഹായിച്ചു. പോക്‌സോ ആക്‌ടിലെ അഞ്ച്‌ (എന്‍) വകുപ്പു പ്രകാരം 20 വര്‍ഷം കഠിന തടവ്‌, 70000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ ഏഴ്‌ മാസത്തെ അധിക തടവ്, 9 (എന്‍) വകുപ്പ്‌ പ്രകാരം അഞ്ച്‌ വര്‍ഷം കഠിന തടവ്‌, 20000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ രണ്ടു മാസത്തെ അധിക തടവ്‌ എന്നിങ്ങനെയാണ്‌ ശിക്ഷ.

ഇതിനു പുറമെ ഇന്ത്യന്‍ ശിക്ഷാ നിയമം 342 പ്രകാരം കുട്ടിയെ തടഞ്ഞുവെച്ചതിന്‌ ഒരു വര്‍ഷത്തെ കഠിന തടവും 366 വകുപ്പ്‌ പ്രകാരം തട്ടിക്കൊണ്ടു പോയതിന്‌ മൂന്നു വര്‍ഷത്തെ കഠിന തടവ്‌, 10000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ ഒരു മാസത്തെ അധിക തടവ്‌ എന്നിങ്ങനെയും ശിക്ഷയുണ്ട്‌. പ്രതി പിഴയടക്കുകയാണെങ്കില്‍ തുക അതിജീവിതക്ക്‌ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

പമ്പ പൊലീസ് കൺട്രോൾ റൂമിനു മുന്നിലെ സിസിടിവി കല്ലെറിഞ്ഞ് തകർത്തു, 290000 രൂപയുടെ നഷ്ടം, 19കാരൻ അറസ്റ്റിൽ

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കേരള പൊലീസ് സ്ഥാപിച്ചിട്ടുള്ള പമ്പ പൊലീസ് കൺട്രോൾ റൂമിന് മുന്നിലെ സിസിടിവി ക്യാമറ കല്ലെറിഞ്ഞ് കേടുപാട് വരുത്തിയയാളെ അറസ്റ്റ് ചെയ്തു. ളാഹ പെരുനാട് വെട്ടിക്കോട്ടിൽ വീട്ടിൽ വിഷ്ണു (19)വാണ്‌ പമ്പ പൊലീസിന്റെ പിടിയിലായത്. പമ്പ ത്രിവേണിയിൽ 26ന് വൈകുന്നേരം അഞ്ചോടെ മരാമത്തു കോംപ്ലക്സിന് സമീപത്തെ പൊലീസ് കൺട്രോൾ റൂമിനു മുൻവശത്തെ ക്യാമറ മാറ്റി സ്ഥാപിക്കുന്നതിനിടെയാണ് അതിക്രമമുണ്ടായത്.

ജോലിക്കിടെ പാലക്കാട്‌ ഭഗവതി അസോസിയേറ്റ്സ് കമ്പനിയുടെ ടെക്‌നീഷ്യൻ സുജിത്തിനെ ചീത്ത വിളിച്ചുകൊണ്ട് പ്രതി ക്യാമറയുടെ മുന്നിലെ ഗ്ലാസിൽ കല്ലെടുത്തെറിയുകയായിരുന്നു. തുടർന്ന്, ക്യാമറ താഴെവീണു പൊട്ടി സെൻസറുകൾക്ക് ഉൾപ്പെടെ കെടുപാടുകൾ സംഭവിക്കുകയും ചെയ്തു. 290000 രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്.

ഭഗവതി അസോസിയേറ്റ്സിന്റെ സൂപ്പർവൈസർ വർക്കല സ്വദേശി ശരത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊതുമുതൽ നശിപ്പിക്കുന്നതിനെതിരെയുള്ള വകുപ്പുകൾ ചേർത്ത് പമ്പ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്ഥിരമായി ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന ആളാണ് പ്രതിയെന്ന് അന്വേഷണത്തിൽ വ്യക്തമായി. യാതൊരു പ്രകോപനവുമില്ലാതെയാണ് ഇയാൾ അതിക്രമം കാട്ടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

പഹൽ​ഗാം ഭീകരാക്രമണം; വീടുകൾ തകർക്കുന്ന നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ച് ഒമർ അബ്ദുള്ള, ‘നിരപരാധികളെ ബാധിക്കരുത്’

ന്യൂഡൽഹി: കശ്മീരിലെ പഹൽ​ഗാം ഭീകരാക്രമണത്തിന് ശേഷം ഭീകരരുടെ വീടുകൾ തകർക്കുന്ന അധികൃതരുടെ നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഭീകരതയ്ക്കെതിരെ കശ്മീരിലെ ജനം ഒറ്റക്കെട്ടായി നിൽക്കുകയാണ്. ഈ പിന്തുണ നിലനിറുത്തണമെന്നും ജനത്തെ അകറ്റരുതെന്നും ഒമർ അബ്ദുള്ള പറ‍‍ഞ്ഞു. കുറ്റവാളികളെ ദയയില്ലാതെ ശിക്ഷിക്കണം. നിരപരാധികളെ ഇത് ബാധിക്കരുതെന്നും ഒമർ അബ്ദുള്ള സാമൂഹ്യമാധ്യമങ്ങളിൽ പ്രതികരിച്ചു.

അതേസമയം, ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കശ്മീരിൽ ഭീകരരുടെ വീടുകൾ അധികൃതർ തകർക്കുന്നത് തുടരുകയാണ്. കുപ്വാരയിൽ ഭീകരൻ്റെ വീട് സുരക്ഷാ സേന സ്ഫോടനത്തിൽ തകർക്കുകയായിരുന്നു. ലഷ്കർ ഭീകരൻ ഫാറൂഖ് അഹമ്മദിൻ്റെ വീടാണ് സ്ഫോടനത്തിൽ തകർത്തത്. നിലവിൽ പാക്കിസ്ഥാനിൽ ഭീകര സംഘത്തിനൊപ്പമാണ് ഫാറൂഖ്. പഹൽ​ഗാമിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം ഭീകരരുടെ വീടുകൾ തകർത്തിരുന്നു. കശ്മീരിൽ ഇന്നലെ അഞ്ച് ഭീകരരുടെ വീടുകളാണ് ജില്ലാ ഭരണകൂടം തകർത്തത്. കശ്മീരിലെ ഷോപിയാൻ, കുൽഗാം എന്നീ ജില്ലകളിൽ ഓരോ വീടുകളും പുൽവാമയിൽ മൂന്ന് വീടുകളുമാണ് തകർത്തത്. ഷോപിയാനിൽ മുതിർന്ന ലഷ്കരെ ത്വയ്ബ കമാൻഡർ ഷാഹിദ് അഹ്മദ് കുട്ടേയുടെയും കുൽഗാമിൽ ഭീകരൻ സാഹിദ് അഹമ്മദിന്റെയും വീടുകൾ തകർത്തു. പുൽവാമയിൽ ലഷ്കർ ഭീകരൻ ഇഷാൻ അഹമ്മദ് ഷെയ്ഖ്, ഹാരിസ് അഹമ്മദ്, അഹ്സാൻ ഉൾ ഹഖ് ഷെയ്ഖ് എന്നിവരുടെയും വീടുകൾ കഴിഞ്ഞ ദിവസം തകർത്തിരുന്നു.

ജമ്മു കാശ്മീരിലെ പഹൽ​ഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ പാകിസ്ഥാനി പൗരൻമാരെ കണ്ടെത്താൻ പരിശോധനയുമായി പൊലീസ്. ഡൽഹി പൊലീസാണ് പരിശോധന നടത്തുന്നത്. 5000 പേർ ആകെ ഡൽഹിയിലുണ്ടെന്നാണ് കണക്ക്. പാക് പൗരൻമാർ മടങ്ങിയോ എന്നത് വിലയിരുത്താൻ നാളെ കേന്ദ്രം യോഗം ചേരും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനാൽ പൗരൻമാരോട് രാജ്യം വിടാൻ നിർദേശം നൽകിയിരുന്നു. കേരളത്തിലും കോഴിക്കോട് സ്വദേശികളായ നാലുപേർക്ക് നാടുവിടാൻ ഇന്നലെ നോട്ടീസ് നൽകിയിരുന്നു. സംഭവം പുറത്തായതോടെ നോട്ടീസ് പൊലീസ് പിൻവലിക്കുകയായിരുന്നു

അതേസമയം, പഹൽഗാം ഭീകരാക്രമണത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് എൻഐഎ. ദൃക്സാക്ഷികളുടെ മൊഴിയെടുപ്പ്
തുടരുകയാണ്. ഓരോ ചെറിയ വിവരവും ചോദിച്ചറിയാൻ ശ്രമിക്കുന്നെന്ന് എൻഐഎ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. മുന്നറിയിപ്പില്ലാതെ
കശ്മീരിലെ ഉറി ഡാം തുറന്നു വിട്ട നടപടിയിൽ പ്രതികരണവുമായി പാക്കിസ്ഥാൻ രം​ഗത്തെത്തി. നദീജല കരാരിൽ നിന്ന് ഏകപക്ഷീയമായി പിന്മാറാനാകില്ലെന്ന് പാകിസ്ഥാൻ പറഞ്ഞു.

ജമ്മു കശ്മീരിലെ പഹൽ ഗാമിലെ ഭീകരാക്രമണം ആഴത്തിലുള്ള ദുഃഖമുണ്ടാക്കിയെന്ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എല്ലാ ഇന്ത്യക്കാരുടെ ഉള്ളിലും ആക്രമണത്തിനെതിരെയുള്ള പ്രതിഷേധം ഇരുമ്പുകയാണ്. പഹൽ​ഗാമിലെ ഭീകരാക്രമണം പാകിസ്ഥാന്‍റെ ഭീരുത്വത്തെ കാണിക്കുന്നതാണ്. കശ്മീരിലേക്ക് സമാധാനവും വികസനവും തിരികെയെത്തിയ സമയത്താണ് ആക്രമണം നടത്തിയത്. പഹൽഗാമിൽ ആക്രമണം നടത്തിയവർക്കും പിന്നിൽ പ്രവർത്തിച്ചവര്‍ക്കും ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് രാജ്യം നേരിടുന്ന ഏതൊരു പ്രതിസന്ധിയെയും നേരിടും. ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയിൽ എല്ലാവരും ഒറ്റക്കെട്ടായി ആക്രമണത്തെ അപലപിച്ചുകൊണ്ട് സംസാരിച്ചു. ലോക രാജ്യങ്ങൾ ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ട് ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചു. ഭീകരവാദത്തിന് എതിരായിട്ടുള്ള പോരാട്ടത്തിൽ ലോകം മുഴുവൻ ഇന്ത്യക്കൊപ്പം നിന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണത്തിൽ ഇരയാക്കപ്പെട്ടവർക്ക് നീതി ഉറപ്പാക്കും എന്ന് നരേന്ദ്രമോദി പറഞ്ഞു. ആക്രമണം നടത്തിയവരും ഗൂഢാലോചനയിൽ പങ്കാളികളായ വരും ശക്തമായ തിരിച്ചടി നേരിടുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

വിവാഹസംഘത്തെ പടക്കമെറിഞ്ഞ് ആക്രമിച്ച സംഭവം; പ്രതികളെ പിന്തുടർന്ന 3 പൊലീസുകാർക്ക് പരിക്ക്, 3 പേർ പിടിയിൽ

കോഴിക്കോട്: കൊടുവള്ളിയിൽ‌ വിവാഹസംഘത്തിന്റെ വാഹനത്തിന് നേരെ ആക്രമണം നടത്തിയ മൂന്ന് പ്രതികൾ പിടിയിൽ. കൊളവയൽ അസീസ്, ആട് ഷമീർ, അജ്മൽ എന്നിവരാണ് പിടിയിലായത്. പ്രതികളെ പിന്തുടർന്ന് പിടികൂടുന്നതിനിനിടയിൽ മൂന്ന് പൊലീസുകാർ പരിക്കേറ്റു. വിവാഹ സംഘം സഞ്ചരിച്ച ബസിന് നേർക്ക് പടക്കമെറിഞ്ഞാണ് പ്രതികൾ ആക്രമണം നടത്തിയത്.

പുറത്തിറങ്ങിയവരെ ക്രൂരമായി മർദിച്ചു. ബസ് ഉരസിയതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. കൊടുവള്ളി വെണ്ണക്കാടാണ് സംഭവമുണ്ടായത്. പ്രതികള്‍ക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ആട് ഷമീർ, കൊളവയൽ അസീസ് എന്നിവർക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കൊടുവള്ളിയിൽ ഇവർക്കെതിരെ മുമ്പ് വധശ്രമത്തിനും കേസുണ്ട്. പ്രവാസിയെയാണ് വധിക്കാൻ ശ്രമിച്ചത്. അജ്മലിനെതിരെയുള്ളത് 11 കേസുകളാണ്. അക്രമത്തിൽ പങ്കാളിയായ അമൽ എന്നയാളെയാണ് ഇനി പിടികൂടാനുളളത്.

പ്രതികൾ എങ്ങോട്ടാണ് സഞ്ചരിച്ചത് എന്ന കാര്യം പരിശോധിക്കുകയാണ്. നാട്ടുകാർക്ക് നേരെ എറിഞ്ഞ ബോംബ് പോലെയുള്ള സ്ഫോടക വസ്തു എന്താണെന്ന് വിശദമായി പരിശോധിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. പിടികൂടാൻ ശ്രമിച്ചപ്പോൾ പ്രതികൾ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ വളരെ സാഹസികമായിട്ടാണ് പ്രതികളെ പിടികൂടിയതെന്നും പൊലീസ് കൂട്ടിച്ചേർത്തു.

അട്ടപ്പാടിയിൽ വീണ്ടും ജീവനെടുത്ത് കാട്ടാന; വിറക് ശേഖരിക്കുന്നതിനിടെ ആക്രമണം, പരിക്കേറ്റയാള്‍ മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. അട്ടപ്പാടി പുതൂർ സ്വർണ ഗദ്ധ ഊരിലെ കാളിയാണ് മരിച്ചത്. കാട്ടാന ആക്രമണത്തിൽ പരുക്കേറ്റതിനെ തുടർന്ന് കാളിയെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

വിറക് ശേഖരിക്കുന്നതിനിടെയാണ് കാളിയെ കാട്ടാന ആക്രമിച്ചത്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. ഇരുകാലുകൾക്കും പരുക്കേറ്റ കാളിയെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദ​ഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നെഞ്ചിന് ആനയുടെ ചവിട്ടേറ്റിരുന്നു. തുമ്പിക്കൈകൊണ്ട് തട്ടി മാറ്റിയപ്പോൾ ഇരുകാലിനും പരിക്കേറ്റിരുന്നു.

ഒമാനിൽ നിന്ന് കാർഗോയിൽ മലപ്പുറത്ത് എത്തിച്ചത് 1.5കിലോ എംഡിഎംഎ, ലഹരി കടത്ത് സംഘത്തിലെ 2 പേർ കൂടി പിടിയിൽ

മലപ്പുറം: അന്താരാഷ്ട്ര ലഹരി കടത്ത് സംഘത്തിലെ രണ്ട് പേർ കൂടി മലപ്പുറത്ത് പിടിയിൽ. ഒമാനിൽ നിന്ന് കാർഗോ വഴി എത്തിച്ച് വീട്ടിൽ സൂക്ഷിച്ച ഒന്നര കിലോയോളം എംഡിഎംഎ പിടികൂടിയ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കോഴിക്കോട് ബേപ്പൂർ സ്വദേശി കല്ലിങ്ങൽ മുഹമ്മദ്‌ സനിൽ (30), കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി കൊട്ടപറമ്പിൽ വീട്ടിൽ നാഫിദ് (27) എന്നിവരാണ് പിടിയിലായത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം മൂന്ന് ആയി.

കഴിഞ്ഞ മാസമാണ് ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന കൊണ്ടോട്ടി മുക്കൂട് മുള്ളൻ മടത്തിൽ ആഷിഖിൻ്റെ വീട്ടിൽ നിന്നും പാർസലിൽ നിന്നുമാണ് എംഡിഎംഎ പിടികൂടിയത്. ഒമാനിൽ നിന്ന് കടത്തിയ എംഡിഎംഎ വില്പന നടത്തുന്നതിനിടെ എറണാകുളത്ത് മട്ടാഞ്ചേരി, പള്ളുരുത്തി, ആലുവ, ഫോർട്ട് കൊച്ചി, പനങ്ങാട് പൊലീസ് സ്റ്റേഷനുകളിലും എക്സൈസും യുവതിയടക്കം 10 ഓളം പേരെ ഏഴ് കേസുകളിലായി പിടികൂടിയിരുന്നു.

തുടർന്ന് ആഷിഖിനെ ഒമാനിൽ നിന്ന് നാട്ടിൽ എത്തിയ സമയം പിടികൂടി റിമാൻ്റിൽ കഴിഞ്ഞു വരികയാണ്. കഴിഞ്ഞ ആഴ്ച്ച ആഷിഖിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിലാണ് ലഹരി കടത്ത് സംഘത്തിൽ ഉൾപ്പെട്ട പ്രധാന കണ്ണികളെ കുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് ഇന്നലെ ഗോവയിൽ നിന്ന് വരുന്ന വഴിയാണ് സനിലിനെ പിടികൂടിയത്. ഈ കേസുമായി ബന്ധപ്പെട്ട് ഇനിയും വിദേശ പൗരനടക്കം ഉള്ള ആളുകളെ പിടികൂടാനുണ്ട്.

നാഫിദിൻ്റെ പേരിൽ വേങ്ങര സ്റ്റേഷനിൽ ലഹരി കടത്തുമായി ബന്ധപ്പെട്ട കേസ് നിലവിൽ ഉണ്ട്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ പിടികൂടാനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലാ പൊലിസ് മേധാവി ആർ വിശ്വനാഥ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡിവൈഎസ്പി സന്തോഷ്, കരിപ്പൂർ ഇൻസ്പക്ടർ അബ്ബാസ് അലി എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും കരിപ്പൂർ പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

കേരളം തീവ്രമാവോയിസ്റ്റ് വിമുക്ത സംസ്ഥാനമെന്ന് കേന്ദ്രം; ഫണ്ട് നഷ്ടമാകും, തണ്ടർബോൾട്ട് നിരീക്ഷണം തുടരും

ന്യൂഡൽഹി: കേരളം തീവ്രമാവോയിസ്റ്റ് വിമുക്ത സംസ്ഥാനമെന്ന് കേന്ദ്ര സർക്കാർ. പശ്ചിമഘട്ട ദളത്തിലെ നേതാക്കൾ കൊല്ലപ്പെടുകയോ, പിടികൂടുകയോ ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രത്തിൻെറ വിലയിരുത്തൽ. പട്ടികയിൽ നിന്ന് ഒഴിവാക്കിയ സാഹചര്യത്തിൽ നക്സൽ വിരുദ്ധ പ്രവ‍ർത്തനങ്ങൾക്ക് കേരളത്തിനുള്ള കേന്ദ്രഫണ്ട് നഷ്ടമാകാനിടയുണ്ട്.

കേരളം, തമിഴ്നാട്, കർണാട സംസ്ഥാനങ്ങളുടെ അതിർത്തിപങ്കിടുന്ന വനമേഖല കേന്ദ്രീകരിച്ചായിരുന്ന മാവോയിസ്റ്റ് ദളം പ്രവർത്തിച്ചിരുന്നത്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിളായിരുന്നു ആദ്യഘട്ടത്തിൽ പ്രവർത്തനം സജീവം. പിന്നീട് മലപ്പുറം, വയനാട് ജില്ലകളിലേക്ക് മാറി, ഏറ്റവും ഒടുവിൽ കണ്ണൂർ, വയനാട് ജില്ലകളിലേക്ക് മാറി. നക്സൽ ബാധിത ജില്ലകളിൽ പലപ്പോഴും പൊലീസും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുകളും ഉണ്ടായിരുന്നു. കർണടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നുള്ള മാവോയിസ്റ്റ് നേതാക്കൾ പരിശീലനം നൽകിയിരുന്ന ദളം സജീവമായിരുന്നു. ചില നേതാക്കൾ ഏറ്റമുട്ടലിൽ മരിച്ചു, ചിലരെ പിടികൂടി, ചിലർ കീഴടങ്ങി. ഇതോടെ മാവോയിസ്റ്റ് പ്രവർത്തനം കേരളത്തിൽ സജീവമല്ലെന്ന നിഗമനത്തിലാണ് കേന്ദ്രമെത്തിയത്.

ഒരു മാസം മുമ്പ് ചേർന്ന യോഗത്തിലും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിലപാട് അറിയിച്ചിരുന്നു. 2026 അവസാനത്തോടെ പരമാവധി ജില്ലകളെ നക്സൽ വിമുക്തമാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യം. ഇതിൻെറ ഭാഗമായി 30 ജില്ലകളെ ഒഴിവാക്കിയപ്പോൾ കേരളത്തിലെ രണ്ടു ജില്ലകളെയും ഒഴിവാക്കി. കഴിഞ്ഞ പത്തുവർഷമായി കേരളത്തിന് മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങൾക്ക് കേന്ദ്ര ഫണ്ട് ലഭിക്കുന്നുണ്ട്. മാവോയിസ്റ്റ് നിരീക്ഷണത്തിനും വിവിഐപി യാത്രക്കുമായി ഹെലികോപ്റ്റർ വാടകക്കെടുത്തതും പൊലീസ് ഫണ്ട് ഉപയോഗിച്ചാണ്. കേന്ദ്രം പട്ടകിയിൽ നിന്ന് ഒഴിവാക്കിയതോടെ ഫണ്ടിലും കുറവുണ്ടാകുമെന്നാണ് സൂചന. എന്നാൽ മാവോയിസ്റ്റ് ബാധിത സ്ഥലങ്ങളിലെ തണ്ടർബോൾട്ടിൻെറ നിരീക്ഷണം തുടരുമെന്ന് പൊലിസ് പറഞ്ഞു. കഴിഞ്ഞ ദിവസം മാവോയിസ്റ്റ് യൂണിഫോമിൽ കണ്ണൂർ വഴിക്കടവിൽ ചിലരെ കണ്ടുവന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ട് പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഡൽഹിയിൽ ചേരിയിലുണ്ടായ തീപിടുത്തത്തിൽ 2 കുട്ടികൾ വെന്തു മരിച്ചു; നിരവധി പേർക്ക് പരിക്ക്

ന്യൂഡൽഹി: ഡൽഹിയിൽ ചേരിയിലുണ്ടായ തീപിടുത്തത്തിൽ 2 കുട്ടികൾ വെന്തു മരിച്ചു. നിരവധി പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഹിണിയിലെ സെക്ടർ 17 ലാണ് തീപിടുത്തം ഉണ്ടായത്. 500ലധികം വീടുകൾ കത്തി നശിച്ചതായി നിഗമനം.

നിലവിൽ അഗ്നിശമനസേന തിയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കുട്ടികളുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, എങ്ങനെയാണ് തീപിടുത്തം ഉണ്ടായതെന്ന് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം തുടങ്ങി.

സംസ്‌കാര ചടങ്ങുകള്‍ക്ക് പണം ചെലവാക്കാന്‍ മടിച്ച് ഒരാള്‍ തന്റെ പിതാവിന്റെ മൃതദേഹം വീട്ടില്‍ ഒളിപ്പിച്ചത് രണ്ട് വര്‍ഷം

സംസ്‌കാര ചടങ്ങുകള്‍ക്ക് പണം ചെലവാക്കാന്‍ മടിച്ച് ഒരാള്‍ തന്റെ പിതാവിന്റെ മൃതദേഹം വീട്ടില്‍ ഒളിപ്പിച്ചത് രണ്ട് വര്‍ഷമാണ്. ജപ്പാനിലാണ് സംഭവം. 56-കാരനായ നോബുഹികോ സുസുകിയാണ് 2023ല്‍ മരിച്ച തന്റെ അച്ഛന്റെ മൃതദേഹം ആരെയും അറിയിക്കാതെ വീട്ടിലെ വാര്‍ഡ്രോബില്‍ ഒളിപ്പിച്ചതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംശയം തോന്നിയ അയല്‍ക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
2023 ജനുവരിയിലാണ് 86-കാരനായ തന്റെ പിതാവ് മരിച്ചതെന്ന് സുസുകി പൊലീസിനോട് പറഞ്ഞത്. താന്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ ചെലവേറിയതാണ്. ഇതുകൊണ്ടാണ് മൃതദേഹം ആരെയും അറിയിക്കാതെ ഒളിപ്പിച്ചുവെക്കാന്‍ തീരുമാനിച്ചത്. ആദ്യമൊക്കെ കുറ്റബോധം തോന്നിയിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
സുസുകിയെ അറസ്റ്റ് ചെയ്തെന്നും സംഭവത്തില്‍ പെന്‍ഷന്‍ തട്ടിപ്പ് അടക്കമുള്ള സാധ്യതകള്‍ പരിശോധിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. സുസുകിയുടെ പിതാവിന്റെ മരണം സ്വാഭാവികമാണോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്.