Home Blog Page 1141

വീടിന് മുമ്പിൽ നിർത്തിയിട്ട ബൈക്ക് കത്തി നശിച്ച നിലയിൽ; അന്വേഷണം തുടങ്ങി പൊലീസ്

പാലക്കാട്: കിഴക്കഞ്ചേരിയിൽ വീടിന് മുമ്പിൽ നിർത്തിയിട്ട ബൈക്ക് കത്തി നശിച്ച നിലയിൽ കണ്ടെത്തി. കിഴക്കഞ്ചേരി പുത്തൻവീട് വേലപ്പന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം.

പ്രദേശത്ത് ഇന്നലെ രാത്രി ഉത്സവം നടന്നിരുന്നതിനാൽ ധാരാളം ആളുകൾ വീടിനു മുൻവശത്തുണ്ടായിരുന്നതായി കുടുംബം പറയുന്നു. ഇന്ന് പുലർച്ചെ ആഘോഷം കഴിഞ്ഞ് മടങ്ങുന്നവരാണ് ബൈക്ക് കത്തിക്കൊണ്ടിരിക്കുന്ന വിവരം വീട്ടുകാരെ അറിയിച്ചത്. സംഭവത്തിന് പിന്നിൽ സാമൂഹ്യവിരുദ്ധരാണെന്ന് സംശയം. വടക്കഞ്ചേരി പൊലീസെത്തി അന്വേഷണം ആരംഭിച്ചു.

അരിയിൽ തിരയുന്നത് കല്ലല്ല, കോഴിക്കോട് കാരശ്ശേരിയിൽ അപ്രതീക്ഷിത പരിശോധന, അരി ഭരണിയിൽ കണ്ടെത്തിയത് ബ്രൗൺ ഷുഗര്‍

കോഴിക്കോട്: കോഴിക്കോട് കാരശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്‌സിൽ എക്സൈസ് പരിശോധന. പരിശോധനയിൽ ബ്രൗൺ ഷുഗർ കണ്ടെത്തി. അരി സൂക്ഷിച്ച ഭരണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു ബ്രൗൺ ഷുഗർ. കോഴിക്കോട് കാരശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാർട്ടേഴ്സിൽ എക്സൈസ് മിന്നൽ പരിശോധന നടത്തുകയായിരുന്നു.

ലഹരി വസ്തുക്കളുടെ ഉപയോഗം അടക്കം പരിശോധിക്കുന്നതിനായാണ് എക്സൈസ് സംഘം സ്ഥലത്തെത്തിയത്. തുടര്‍ന്ന് വാടക കെട്ടിടത്തിലെ മുറികളിൽ പരിശോധന നടത്തിയപ്പോഴാണ് ബ്രൗണ്‍ ഷുഗര്‍ പിടിച്ചെടുത്തത്. അരി സൂക്ഷിച്ചിരുന്ന ഭരണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു ബ്രൗണ്‍ ഷുഗര്‍. ഭരണയിലെ പൊതി തുറന്ന് പരിശോധിച്ചപ്പോഴാണ് ബ്രൗണ്‍ ഷുഗര്‍ കണ്ടെടുത്തത്. ചെറിയ പ്ലാസ്റ്റിക് കുപ്പികള്‍ക്കുള്ളിലാണ് ബ്രൗണ്‍ ഷുഗര്‍ സൂക്ഷിച്ചിരുന്നത്. അരിയും ചെറിയ കുപ്പികളും ചേര്‍ത്ത് പൊതിഞ്ഞ കവര്‍ ഭരണിക്കുള്ളിലാണ് ഒളിപ്പിച്ചുവെച്ചിരുന്നത്. വീടിനുള്ളിലെ ബാഗുകള്‍ക്കുള്ളിൽ നിന്നും സമാനമായ ചെറിയ കുപ്പികള്‍ കണ്ടെടുത്തു.

വഴിയരികിൽ പ്രസവിച്ച നാടോടി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് ആംബുലൻസ് ജീവനക്കാർ

പാലക്കാട്: വഴിയരികിൽ പ്രസവിച്ച നാടോടി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. പാലക്കാട് ഇന്ദിരാഗാന്ധി സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപം പ്ലാറ്റ്ഫോമിൽ ശനിയാഴ്ച രാവിലെ 8.32നാണ് സംഭവം. പ്ലാറ്റ്ഫോമിന് സമീപം താമസിക്കുന്ന സുധ (40) ആണ് പെൺകുഞ്ഞിന് ജന്മം നൽകിയത്.

പ്ലാറ്റ്ഫോമിൽ യുവതി പ്രസവിച്ച് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് കനിവ് 108 ആംബുലൻസിന്റെ സേവനം തേടിയത്. ഉടൻതന്നെ കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം പാലക്കാട് ജില്ലാ ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി.

ആംബുലൻസ് പൈലറ്റ് ശ്രീവത്സൻ എ.ആർ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ പ്രിയങ്ക എസ് എന്നിവർ ഉടൻ സ്ഥലത്തെത്തി. തുടർന്ന് പ്രിയങ്ക അമ്മയും കുഞ്ഞുമായുള്ള പൊക്കുൾകൊടി ബന്ധം വേർപെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. ഉടൻ ഇരുവരെയും ആംബുലൻസ് പൈലറ്റ് ശ്രീവത്സൻ പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ രണ്ട് തവണ സുധയ്ക്ക് ജെന്നി അനുഭവപ്പെട്ടെങ്കിലും എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ പ്രിയങ്ക കൃത്യമായ പരിചരണം നൽകി. അമ്മയും കുഞ്ഞും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

പഹൽഗാം ഭീകരാക്രമണം‌; തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് സുരക്ഷ കൂട്ടി, രാജ്യം ഒറ്റക്കെട്ടായി നിന്നു: രാജ്നാഥ് സിംഗ്

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരിൽ തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് സുരക്ഷ വർദ്ധിപ്പിച്ചു. പ്രധാനപ്പെട്ട റെയിൽവേ ലൈനുകൾക്കും അത് കടന്നുപോകുന്ന ടണലുകൾക്കുമാണ് സിആർപിഎഫ് സുരക്ഷ കൂട്ടിയത്. ഇതിനിടെ ജമ്മു കാശ്മീർ നിയമസഭയുടെ പ്രത്യേകം സമ്മേളനവും ഇന്ന് ചേരും. അതേസമയം, ഇന്നലെ രാത്രിയും ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ വെടിവച്ചു. കുപ്വാര, പൂഞ്ച് മേഖലയിലായിരുന്നു പ്രകോപനം. ഇതിനെതിരെ തിരിച്ചടിച്ചെന്ന് സൈന്യവും വ്യക്തമാക്കി.

പഹൽഗാം ആക്രമണത്തിനു ശേഷം രാജ്യം ഒറ്റക്കെട്ടായി നിന്നു എന്ന് രാജ്നാഥ് സിംഗ് പ്രതികരിച്ചു. മതവ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി നിന്നു. സർവ്വകക്ഷി യോഗത്തിലുയർന്ന നിലപാടുകൾ സ്വാഗതാർഹമെന്നും സർക്കാർ വ്യക്തമാക്കി. ചൈനയുടെ പ്രസ്താവന പരിശോധിക്കുകയാണെന്ന് ഉന്നതവൃത്തങ്ങൾ അറിയിച്ചു. നിലവിൽ അതിർത്തി വഴി 627 പാകിസ്ഥാനികൾ മടങ്ങിയെന്നാണ് റിപ്പോർട്ട്.

അതേസമയം, പഹൽഗാം ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച പാകിസ്ഥാന് ചൈന പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചതിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി. ഭീകരവാദത്തിനു പിന്തുണ നൽകുന്ന നിലപാടാണിതെന്ന വികാരമാണ് വിദേശകാര്യ വൃത്തങ്ങൾക്കുള്ളത്. ഐക്യരാഷ്ട്രരക്ഷാ സമിതി പാസാക്കിയ പ്രമേയത്തിൽ നിന്ന് ഇന്ത്യയുടെ അന്വേഷണവുമായി സഹകരിക്കണം എന്ന ഭാഗം ചൈനയുടെ സഹായത്തോടെ പാകിസ്ഥാൻ മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഇഷാഖ് ധർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ചർച്ച നടത്തിയത്.

ഇന്ത്യ പ്രത്യാക്രമണത്തിന് തയ്യാറാകുന്നു എന്ന സൂചനകൾക്കിടെയാണ് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ചൈനയുടെ സഹായം തേടിയത്. ചൈനയുടെ പ്രസ്താവനയ്ക്ക് ഇന്ത്യ ഇന്ന് മറുപടി നൽകിയേക്കും. പാകിസ്ഥാൻ പൗരൻമാരുടെ മടക്കം അടക്കമുള്ള വിഷയങ്ങൾ ഇന്ന് ആഭ്യന്തര മന്ത്രാലയം യോഗം ചേർന്ന് വിലയിരുത്തും. സേനാ മേധാവിമാരുമായുള്ള ചർച്ചകൾക്ക് ശേഷം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു.

പഹൽഗാം ഭീകരാക്രമണം; ഭീകരരെ സുരക്ഷാസേന കണ്ടെത്തിയെന്ന് റിപ്പോർട്ട്, വെടിവെയ്പ്പ്, രാത്രി ഭക്ഷണം തേടിയെത്തി

ന്യൂഡൽഹി: പഹൽഗാം ആക്രമണം നടത്തിയ ഭീകരരെ നാലു സ്ഥലങ്ങളിൽ സുരക്ഷ സേന കണ്ടെത്തിയെന്ന് റിപ്പോർട്ട്. ഒരിടത്തുവെച്ച് സുരക്ഷ സേനയും ഭീകരരും തമ്മിൽ വെടിവയ്പ് നടന്നു. ഭീകരർ നിലവിൽ ത്രാൽ കോക്കർനാഗ് മേഖലയിലാണ് ഉള്ളതെന്നും റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. രാത്രി ഭക്ഷണം തേടി ഭീകരർ വീടുകളിലെത്തിയെന്നാണ് സൂചന.

അതേസമയം, പഹൽഗാം ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച പാകിസ്ഥാന് ചൈന പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചതിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി. ഭീകരവാദത്തിനു പിന്തുണ നൽകുന്ന നിലപാടാണിതെന്ന വികാരമാണ് വിദേശകാര്യ വൃത്തങ്ങൾക്കുള്ളത്. ഐക്യരാഷ്ട്രരക്ഷാ സമിതി പാസാക്കിയ പ്രമേയത്തിൽ നിന്ന് ഇന്ത്യയുടെ അന്വേഷണവുമായി സഹകരിക്കണം എന്ന ഭാഗം ചൈനയുടെ സഹായത്തോടെ പാകിസ്ഥാൻ മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഇഷാഖ് ധർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ചർച്ച നടത്തിയത്.

ഇന്ത്യ പ്രത്യാക്രമണത്തിന് തയ്യാറാകുന്നു എന്ന സൂചനകൾക്കിടെയാണ് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ചൈനയുടെ സഹായം തേടിയത്. ചൈനയുടെ പ്രസ്താവനയ്ക്ക് ഇന്ത്യ ഇന്ന് മറുപടി നൽകിയേക്കും. പാകിസ്ഥാൻ പൗരൻമാരുടെ മടക്കം അടക്കമുള്ള വിഷയങ്ങൾ ഇന്ന് ആഭ്യന്തര മന്ത്രാലയം യോഗം ചേർന്ന് വിലയിരുത്തും. സേനാ മേധാവിമാരുമായുള്ള ചർച്ചകൾക്ക് ശേഷം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു.

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലൊടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വടക്കന്‍ കേരളത്തില്‍ ഇന്നു മുതല്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മൂന്നു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.

നാളെ വയനാട്, കണ്ണൂര്‍ ജില്ലകളിലും, ബുധനാഴ്ച മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

തുരുത്തിക്കരയിൽ നിയന്ത്രണം വിട്ട കാർ വീടിൻ്റെ മതിലിൽ ഇടിച്ചു കയറി;കാർ ഓടിച്ചിരുന്ന യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

കുന്നത്തൂർ:കൊട്ടിയത്തു നിന്നും അടൂരിലേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് പാതയോരത്തെ വീട്ടുമതിലിലേക്ക് ഇടിച്ചു കയറി.ഇടിയുടെ ആഘാതത്തിൽ മതിലും കാറും തകർന്നെങ്കിലും കാർ ഓടിച്ചിരുന്ന യുവതി പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.കുന്നത്തൂർ തുരുത്തിക്കരയിൽ ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം.അടൂരിൽ ബാങ്ക് ഉദ്യോഗസ്ഥയായ കൊട്ടിയം പുല്ലിച്ചിറ ഹല്ലേലുയ്യ വീട്ടിൽ നയന ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.കാറിൽ ഇവർ മാത്രമാണ് ഉണ്ടായിരുന്നത്.തുരുത്തിക്കര സ്വദേശി സിന്ധു മോളുടെ മതിലിൻ്റെ ഒരു ഭാഗമാണ് അപകടത്തിൽ തകർന്നത്.

തുഷാരയുടെ ആമാശയത്തിൽ ഭക്ഷണത്തിൻ്റ അംശം പോലുമില്ലായിരുന്നു; ഭാര്യയെ പട്ടിണിക്കിട്ട് കൊന്ന കേസിൽ ശിക്ഷ ഇന്ന്

കൊല്ലം: പൂയപ്പള്ളിയിൽ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഇന്ന് ശിക്ഷ വിധിക്കും. കരുനാഗപ്പള്ളി സ്വദേശി തുഷാരയുടെ മരണത്തിൽ ഭർത്താവ് ചന്തുലാലും അമ്മ ഗീത ലാലിയും കുറ്റക്കാരാന്നെന്ന് കൊല്ലം അഡീഷണൽ ജില്ലാ ജഡ്ജി വിധിച്ചിരുന്നു. സ്ത്രീധനത്തിൻ്റെ പേരിലായിരുന്നു 28 കാരിയായ തുഷാരയെ പ്രതികൾ ക്രൂരമായി കൊലപ്പെടുത്തിയത്.

മനുഷ്യ മനസാക്ഷിയെ മുറിവേൽപ്പിച്ച കൊടുംക്രൂരതയ്ക്ക് കൊല്ലം അഡീഷണൽ ജില്ലാ ജഡ്ജ് ഇന്ന് ശിക്ഷ വിധിക്കുകയാണ്. 2019 മാർച്ച് 21ന് രാത്രിയാണ് 28 കാരിയായ തുഷാര മരണപ്പെട്ട കാര്യം പുറം ലോകം അറിഞ്ഞത്. രാത്രി ഒരു മണിക്ക് കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിയ തുഷാരയുടെ അച്ഛനും അമ്മയും സഹോദരനും ബന്ധുക്കളും കണ്ടത് ശോഷിച്ച മൃതദേഹമായിരുന്നു. പോസ്റ്റ് മോർട്ടത്തിൽ ക്രൂര കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞു. ആമാശയത്തിൽ ഭക്ഷണത്തിൻ്റ അംശം പോലുമില്ല. വയർ ഒട്ടി വാരിയല്ല് തെളിഞ്ഞിരുന്നു. മാംസമില്ലാത്ത ശരീരത്തിൻ്റെ ഭാരം വെറും 21 കിലോ മാത്രമായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ തുഷാരയെ ഭർത്താവ് ചന്തുലാലും അമ്മ ഗീത ലാലിയും ചേർന്ന് പണിക്കിട്ട് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി.

2013ലായിരുന്നു തുഷാരയുടെയും ചന്തു ലാലിൻ്റെയും വിവാഹം. സ്ത്രീധനത്തിൻ്റെ പേരിൽ മൂന്നാം മാസം മുതൽ തുഷാരയെയും കുടുംബത്തെയും ഭർത്താവും അമ്മയും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ആ പീഡനം അവസാനിച്ചത് തുഷാരയുടെ മരണത്തിലായിരുന്നു. തുഷാരയെ സ്വന്തം കുടുംബവുമായി സഹകരിക്കാൻ പ്രതികൾ സമ്മതിച്ചിരുന്നില്ല. തുഷാരയ്ക്ക് രണ്ട് പെൺകുട്ടികൾ ജനിച്ചിരുന്നു. കുട്ടികളെ പോലും തുഷാരയുടെ വീട്ടുകാരെ കാണാൻ അനുവദിച്ചിരുന്നില്ല. അമ്മ കുഞ്ഞുങ്ങളെ ലാളിക്കുന്നത് ഭർത്താവും ഭർതൃമാതാവും വിലക്കി.

കുട്ടിയെ നഴ്സറിയിൽ ചേർത്തപ്പോൾ അമ്മയുടെ അഭാവം അന്വേഷിച്ച അധ്യാപികയോട് തുഷാര കിടപ്പു രോഗിയാണെന്ന് പ്രതികൾ ധരിപ്പിച്ചു. മാത്രമല്ല അമ്മയുടെ പേര് രണ്ടാം പ്രതിയുടെ പേരായ ഗീത എന്നാണെന്നും അധ്യാപികയെ വിശ്വസിപ്പിച്ചു. ശാസ്ത്രീയമായ തെളിവുകൾക്ക് ഒപ്പം അയൽക്കാരുടെയും തുഷാരയുടെ മൂന്നര വയസ്സുള്ള കുട്ടിയുടെയും അധ്യാപികയുടെയും മൊഴിയാണ് പ്രതികളെ കുറ്റക്കാരെന്ന് വിധിക്കുന്നതിൽ നിർണായകമായത്.

പാക്കിസ്ഥാന്‍ വ്യോമസേനയ്ക്ക് ചൈനയുടെ സൈനിക സഹായം…പിഎൽ-15 മിസൈലുകൾ കൈമാറി

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ പാക്കിസ്ഥാന്‍ വ്യോമസേനയ്ക്ക് ചൈനയുടെ സൈനിക സഹായം ലഭിച്ചെന്ന് റിപ്പോര്‍ട്ട്.
പാക്കിസ്ഥാന് കഴിഞ്ഞ ദിവസം ചൈന പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ആക്രമണത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട ചൈന തങ്ങളുടെ തന്ത്രപരമായ സഹകരണ പങ്കാളിയായ പാകിസ്ഥാന് പിന്തുണ അറിയിക്കുകയും ചെയ്തു.

ചൈനയുടെ നൂതന എയര്‍–ടു–എയര്‍ ദീര്‍ഘദൂര മിസൈലായ പിഎല്‍-15 മിസൈലുകള്‍ പാക്ക് വ്യോമസേനയ്ക്ക് ലഭിച്ചതായാണ് വിവരം. പാക്ക് വ്യോമസേന പുറത്തുവിട്ട ഏറ്റവും പുതിയ ജെ‌എഫ് -17 ബ്ലോക്ക് III യുദ്ധവിമാനങ്ങളില്‍ പി‌എൽ -15 ബിയോണ്ട് വിഷ്വൽ റേഞ്ച് (ബി‌വി‌ആർ) എയർ-ടു-എയർ മിസൈലുകൾ ഘടിപ്പിച്ചതാണ് ഈ വിലയിരുത്തലിന് പിന്നില്‍. 
പ്രതിരോധ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ക്ലാഷ് പ്രകാരം, പാക്ക് വ്യോമസേന പോര്‍വിമാനങ്ങളില്‍ കണ്ട മിസൈലുകള്‍ ഇറക്കുമതി ചെയ്യുന്ന പിഎല്‍-15ഇ വിഭാഗത്തിലുള്ളവയല്ല. അതിനാല്‍ ചൈനീസ് ലിബറേഷന്‍ ആര്‍മിയുടെ ആഭ്യന്തര സ്റ്റോക്കുകളിൽ നിന്നാണ് ഇത് പാക്ക് സൈന്യത്തിന് ലഭ്യമായതെന്നാണ് വിവരം.

പാഠ പദ്ധതിയില്‍ മുഗളന്മാർ പുറത്ത്

ന്യൂഡെല്‍ഹി. മുഗൾ രാജാക്കന്മാരെ കുറിച്ചുള്ള അധ്യായം ഒഴിവാക്കി NCERT.ഏഴാം ക്ലാസ് സാമൂഹിക പാഠപുസ്തകത്തിൽ നിന്നാണ് അധ്യായം ഒഴിവാക്കിയത്. പകരം മഗധ , മൗര്യ , ശതവാഹന തുടങ്ങയ പുരാതന ഇന്ത്യൻ രാജവംശങ്ങളെ കുറിച്ചുള്ള അധ്യായങ്ങളാണ് ചേർത്തിരിക്കുന്നത്. ഡൽഹിയിലെ മുസ്ലിം ഭരണാധികാരികളെ കുറിച്ചുള്ള പാഠഭാഗവും ഒഴിവാക്കി

2025ലെ മഹാ കുംഭമേളയെ കുറിച്ചുള്ള പരാമർശം പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
പുസ്തകത്തിൻറെ രണ്ടാം ഭാഗവും വൈകാതെ പുറത്തിറങ്ങും.മൂന്നാം ക്ലാസിലെയും ആറാം ക്ലാസിലെയും പാഠപുസ്തകങ്ങൾ NCERT നേരത്തെ പരിഷ്കരിച്ചിരുന്നു