Home Blog Page 1126

ചർമ്മത്തെ സുന്ദരമാക്കാൻ തക്കാളി മാജിക് ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

ചർമ്മത്തിന് തിളക്കം നൽകാനും, എണ്ണമയം കുറയ്ക്കാനും തക്കാളി സഹായിച്ചേക്കാം. തക്കാളിയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് തിളക്കം നൽകുന്നു. ചർമ്മത്തെ സുന്ദരമാക്കാൻ പരീക്ഷിക്കാൻ തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകൾ..

മുഖക്കുരു, കണ്ണിന് ചുറ്റും കറുപ്പ്, വരണ്ട ചർമ്മം പോലുള്ള പ്രശ്നങ്ങൾ ഇന്ന് മിക്കവരിലും കാണുന്നുണ്ട്. ചർമ്മത്തെ സുന്ദരമാക്കാൻ എപ്പോഴും പ്രൃകൃതിദത്ത മാർ​ഗങ്ങൾ പരീക്ഷിക്കുന്നതാണ് ഏറെ നല്ലത്. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, പ്രകൃതിദത്ത ആസിഡുകൾ എന്നിവയാൽ സമ്പന്നമായതിനാൽ തക്കാളി ചർമ്മത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു. വീക്കം കുറയ്ക്കാനും, അൾട്രാവയലറ്റ് രശ്മികൾക്കെതിരെ സംരക്ഷണം നൽകാനും ഇവയ്ക്ക് കഴിയും. ചർമ്മത്തിന് തിളക്കം നൽകാനും, എണ്ണമയം കുറയ്ക്കാനും തക്കാളി സഹായിച്ചേക്കാം. തക്കാളിയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് തിളക്കം നൽകുന്നു. ചർമ്മത്തെ സുന്ദരമാക്കാൻ പരീക്ഷിക്കാൻ തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകൾ..

ഒന്ന്…

രണ്ട് സ്പൂൺ തക്കാളി നീരിലേക്ക് അൽപം അൽപം റോസ് വാട്ടർ ചേർത്ത് യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ഈ പാക്ക് മുഖം സുന്ദരമാക്കാൻ സഹായിക്കും.

രണ്ട്…

രണ്ട് സ്പൂൺ തക്കാളി നീരും അൽപം മഞ്ഞൾ പൊടിയും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ‌ കഴുകി കളയുക. കറുത്ത പാടുകൾക്കും മറ്റ് തരത്തിലുള്ള ഹൈപ്പർപിഗ്മെന്റേഷനും കാരണമാകുന്ന പിഗ്മെന്റ് മെലാനിൻ ഉൽപാദനത്തെ മഞ്ഞൾ തടയുന്നു.

മൂന്ന്…

അൽപം കറ്റാർവാഴ ജെല്ലും തക്കാളി നീരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഈ പാക്ക് ഇടാവുന്നതാണ്.

പുലിപ്പല്ലിന് പിന്നാലെ വനം വകുപ്പ്, ശാസ്ത്രീയ പരിശോധനയ്ക്കയച്ചു; വേടനുമായി ജ്വല്ലറിയിൽ തെളിവെടുപ്പ്

കൊച്ചി: റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിയുമായി വനംവകുപ്പ് തൃശൂരിൽ തെളിവെടുപ്പ് നടത്തി. വേടന്റ മാലയിൽ നിന്ന് കണ്ടെടുത്ത പുലിപ്പല്ല് വെള്ളിയിൽ പൊതിഞ്ഞ വിയ്യൂരിലെ സരസ ജ്വല്ലറിയിലായിരുന്നു തെളിവെടുപ്പ്. ഇന്നത്തെ തെളിവെടുപ്പുകൾ പൂർത്തിയാക്കി വേടനെ കോടതിയിൽ ഹാജരാക്കും. പിന്നാലെ ജയിലിലേക്ക് മാറ്റുമെന്നാണ് വിവരം. നേരത്തെ വേടന്റെ ഫ്ലാറ്റിൽ ഉൾപ്പെടെ വനംവകുപ്പ് പരിശോധന നടത്തിയിരുന്നു. വേടനുമായി തൃശൂർ തിരൂരിലെ വീട്ടിലും തെളിവെടുപ്പ് നടത്തി.

പ്രാഥമിക പരിശോധനയിൽ മാലയിൽ നിന്ന് കണ്ടെത്തിയ പല്ല് യഥാർഥ പുലിപ്പല്ല് തന്നെയാണെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ. എന്നാൽ, ഇതിൽ കൂടുതൽ വ്യക്തത വരുത്താനായി പല്ല് ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വരാനുള്ള കാത്തിരിപ്പിലാണ് വനംവകുപ്പ്. പുലിപ്പല്ല് ശരിക്കുള്ളതാണോ എന്ന് തനിക്ക് വ്യക്തമല്ലെന്നും ആരാധകൻ സമ്മാനിച്ചതാണെന്നുമാണ് വേടൻ പറഞ്ഞത്. രണ്ട് ദിവസത്തേക്കായിരുന്നു വേടനെ വനംവകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടിരുന്നത്. ഈ കാലാവധി പൂർത്തിയായതിനാലാണ് ഇന്ന് കോടതിയിൽ ഹാജരാക്കുന്നത്.

അതേസമയം, പുലിപ്പല്ലിൽ വെള്ളികെട്ടിക്കാനായി സമീപിച്ചത് വേടൻ ആയിരുന്നില്ലെന്ന് വിയ്യൂരിലെ ജ്വല്ലറി ഉടമ പറഞ്ഞു. കല്ലിൽ വെള്ളികെട്ടാനെന്നാണ് പറഞ്ഞിരുന്നത്. പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നു. ലോക്കറ്റ് തിരികെ വാങ്ങാനായി വന്നവരിൽ വേടനും ഉണ്ടായിരുന്നെന്നും ജ്വല്ലറി ഉടമ പറഞ്ഞു.

പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തം: 30-ാം പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

കൊല്ലം: പുറ്റിംഗല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസിലെ 30-ാം പ്രതി അടൂര്‍ ഏറം സ്വദേശി അനുരാജിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
പ്രത്യേക കോടതിയുടെ ചുമതലയുള്ള നാലാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജി എസ്. സുഭാഷാണ് പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
ഇനി ഇയാളെ ഒഴിവാക്കിയായിരിക്കും കേസിന്റെ വിചാരണ നടപടികള്‍ ആരംഭിക്കുക. നിരവധി തുടര്‍ നടപടികള്‍ക്ക് ശേഷമാണ് കോടതി ഇന്നലെ അനുരാജിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
അറസ്റ്റിലായി ജാമ്യം ലഭിച്ച ശേഷം ഒളിവില്‍ പോയ പ്രതിയെ വാറണ്ടില്‍ പിടിക്കുന്നതിന് നിര്‍വാഹമില്ലെന്ന് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി അടൂര്‍ ഏറം പഞ്ചായത്തിലെ പ്രതിയുടെ വീട്ടില്‍ പോലീസ് നോട്ടീസ് പതിക്കുകയുണ്ടായി. അറസ്റ്റ് ഭയന്ന് രണ്ട് വര്‍ഷം മുമ്പ് നാടുവിട്ട് പോയതാണെന്നുള്ള ബന്ധുക്കളും നാട്ടുകാരും നല്‍കിയ വിവരങ്ങളും പോലീസ് കോടതിയെ ധരിപ്പിച്ചു.
ഇത് കൂടാതെ പ്രതിയെ വാറണ്ടില്‍ കിട്ടാത്ത വിവരം പോലീസ് ചൂരക്കോട് പഞ്ചായത്ത് വായനശാലയുടെ നോട്ടീസ് ബോര്‍ഡിലും ഏറം പഞ്ചായത്ത് ഓഫീസ് നോട്ടീസ് ബോര്‍ഡിലും പതിക്കുകയുണ്ടായി.
പോലീസിന്റെ അപേക്ഷ പ്രകാരം പ്രതിയുടെ പേരില്‍ സ്ഥാവര ജംഗമ സ്വത്തുക്കള്‍ ഒന്നുമില്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടറും വില്ലേജ് ഓഫീസറും റിപ്പോര്‍ട്ട് നല്‍കുകയുമുണ്ടായി. ഇക്കാര്യങ്ങളെല്ലാം വിശദമാക്കി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ റിപ്പോര്‍ട്ടും സത്യവാങ്മൂലവും ഫയല്‍ ചെയ്തു. തുടര്‍ന്നാണ് പ്രതിയെ ഇന്നലെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് ജഡ്ജി ഉത്തരവായത്.
കേസില്‍ ആകെ 59 പ്രതികളാണുള്ളത്. ഇതില്‍ 13 പേര്‍ മരിച്ചു. 28 പ്രതികള്‍ ഇന്നലെ ഹാജരായി. 17 പ്രതികള്‍ അവധിക്ക് അപേക്ഷ നല്‍കി. 32-ാം പ്രതി ഹാരിസിനെതിരെ കോടതി വാറണ്ടും പുറപ്പെടുവിച്ചു.
പിടി കിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട 30-ാം പ്രതിയുടെ ജാമ്യക്കാരുടെ പിഴ തുക നിശ്ചയിക്കുന്നതിന് കേസ് മേയ് മൂന്നിന് പരിഗണിക്കും. 30-ാം പ്രതിക്കെതിരായ ജപ്തി പ്രഖ്യാപിച്ച് മറ്റു നടപടികള്‍ക്കായി കേസ് മേയ് ഏഴിനും മാറ്റി വച്ചിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.പി. ജബ്ബാര്‍, അഡ്വ.അമ്പിളി ജബ്ബാര്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കമ്മീഷനിംഗ് ചടങ്ങ്; വിഡി സതീശൻ പങ്കെടുത്തേക്കില്ല

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കമ്മീഷനിംഗ് ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പങ്കെടുത്തേക്കില്ല. വിഷയം വിവാദമായപ്പോൾ പ്രതിപക്ഷനേതാവിനെ ക്ഷണിച്ചുവെന്ന് വരുത്തുകയാണ് സർക്കാർ ചെയ്തതെന്നാണ് കോൺഗ്രസിലെ പൊതുവികാരം. അപമാനിക്കാനുള്ള സർക്കാരിന്റെ നീക്കത്തിന് നിന്നുകൊടുക്കേണ്ടതില്ല എന്നാണ് പാർട്ടി വിലയിരുത്തൽ. വി ഡി സതീശൻ ചടങ്ങിൽ പങ്കെടുക്കണമോ വേണ്ടയോ എന്നകാര്യത്തിൽ പാർട്ടി നേതാക്കളുമായി ചർച്ച നടത്തി ഇന്ന് അന്തിമ തീരുമാനം എടുക്കും.

വിഴിഞ്ഞം തുറമുഖപദ്ധതിയുടെ കമ്മീഷനിംഗ് ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ സർക്കാർ ക്ഷണിക്കാത്തതിൽ വലിയ വിമർശനങ്ങളാണ് ഉയർന്നത്. പ്രതിപക്ഷ വിമർശനങ്ങൾക്കൊടുവിൽ ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ സർക്കാർ ക്ഷണിക്കുകയായിരുന്നു. സർക്കാരിന്‍റെ നാലാം വാർഷികാഘോഷത്തിൻറെ ഭാഗമായാണ് കമ്മീഷനിംഗ് എന്നും ആഘോഷം പ്രതിപക്ഷം ബഹിഷ്ക്കരിച്ചത് കൊണ്ട് ക്ഷണിച്ചില്ലെന്നുമായിരുന്നു തുറമുഖ മന്ത്രിയുടെ ആദ്യ വിശീദകരണം. വിവാദമായതിന് പിന്നാലെ തിങ്കളാഴ്ചയിലെ തീയതി വച്ച് ഇന്നലെ ഉച്ചയോടെ പ്രതിപക്ഷനേതാവിന്‍റെ വീട്ടിൽ കത്ത് എത്തിക്കുകയായിരുന്നു.

കാത്തിരിക്കുന്ന സ്വപ്നപദ്ധതിയുടെ കമ്മീഷനെ ചൊല്ലിയാണ് പുതിയ വിവാദവും പ്രതിഷേധവും. പ്രധാനമന്ത്രി കമ്മീഷൻ ചെയ്യുന്ന ചടങ്ങിലേക്ക് പ്രതിപക്ഷത്ത് നിന്ന് ആദ്യം ക്ഷണിച്ചത് സ്ഥലം എംപി ശശി തരൂരിനെയും എംഎൽഎ എം വിൻസെൻറിനെയും മാത്രം. വിഡി സതീശനെ ഒഴിവാക്കാൻ സർക്കാർ നൽകിയ വിശദീകരണമാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്. സർക്കാറിന്‍റെ വാർഷികാഘോഷം പ്രതിപക്ഷം ബഹിഷ്ക്കരിച്ചതാണ് കാരണമെന്നായിരുന്നു തുറമുഖ മന്ത്രിയുടെ രാവിലത്തെ വിശദീകരണം. കോൺഗ്രസ് ശക്തമായി വിമ‍ർശിച്ചതോടെ സർക്കാർ വെട്ടിലായിരിക്കുകയാണ്.

2023 ൽ ആദ്യ ചരക്ക് കപ്പലെത്തിയപ്പോൾ ചടങ്ങിലേക്ക് പ്രതിപക്ഷനേതാവിന് ക്ഷണമുണ്ടായിരുന്നു. അന്ന് ക്രെഡിറ്റ് മുഴുവൻ ഉമ്മൻചാണ്ടിക്ക് നൽകിയ സതീശന്‍റെ പ്രസംഗത്തിൽ എൽഡിഎഫിന് അതൃപ്തിയുണ്ടായിരുന്നു. കഴിഞ്ഞ വർഷം ട്രയൽ റണ്ണിന് പ്രതിപക്ഷനേതാവിനെ വിളിച്ചിരുന്നില്ല.

തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തൃശൂര്‍: പ്രസിദ്ധമായ തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലുമാണ് കൊടിയേറ്റം നടക്കുക. സാമ്പിള്‍ വെടിക്കെട്ടും ചമയ പ്രദര്‍ശനവും മെയ് നാലിന് നടക്കും. പൂരവിളംബരമായി അഞ്ചിന് രാവിലെ ഒമ്പതിന് കൊമ്പന്‍ എറണാകുളം ശിവകുമാര്‍ തെക്കേഗോപുര നട തുറക്കും. ആറിനാണ് പൂരങ്ങളുടെ പൂരം. ഏഴിന് ഉപചാരം ചൊല്ലി പിരിയും.

തിരുവമ്പാടി ക്ഷേത്രത്തില്‍ ഇന്ന് പകല്‍ 11നും 11.30നും ഇടയ്ക്കും പാറമേക്കാവില്‍ പകല്‍ 12.30നുമാണ് കൊടിയേറ്റം. തിരുവമ്പാടി ക്ഷേത്രത്തില്‍ പൂജകള്‍ക്ക് തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരി മുഖ്യ കാര്‍മികനാവും. പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കല്‍ സുന്ദരനും സുഷിത്തും കൊടിമരം ഒരുക്കും. പകല്‍ മൂന്നിന് ക്ഷേത്രത്തില്‍ നിന്നുള്ള പൂരപ്പുറപ്പാടിന് തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റും. 3.30ന് നായ്ക്കനാലിലും നടുവിലാലിലും പൂരപ്പതാകകള്‍ ഉയരും.
മേയ് അഞ്ചിന് ഉച്ചക്ക് മുമ്പ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പുമായി വരുന്ന ആന വടക്കുംനാഥ ക്ഷേത്രത്തിന്‍റെ തെക്കേ ഗോപുരവാതിൽ തുറന്നിടുന്നതോടെ പൂരത്തിന്‍റെ ചടങ്ങുകൾ ആരംഭിക്കും.

പൂരം നാളായ ആറിന് രാവിലെ നേരത്തേ കണിമംഗലം ശാസ്താവാണ് വടക്കുംനാഥനെ വണങ്ങാൻ ആദ്യം എത്തുക. ഏഴിന് ഉച്ചയോടെ വടക്കുംനാഥന്‍റെ ശ്രീമൂല സ്ഥാനത്ത് പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലുന്നതോടെയാണ് പൂരം അവസാനിക്കുന്നത്.

എഡിഎം നവീൻ ബാബുവിന്റെ മരണം; കൈക്കൂലി ആരോപണം ഉന്നയിച്ച ടിവി പ്രശാന്തിന്റെ സസ്പെൻഷൻ നീട്ടി

കണ്ണൂർ: എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉന്നയിച്ച ടി വി പ്രശാന്തിന്റെ സസ്പെൻഷൻ ആരോ​ഗ്യവകുപ്പ് നീട്ടി. നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് ആറുമാസം മുമ്പാണ് ഇയാളെ സസ്പെന്റ് ചെയ്തിരുന്നത്. പരിയാരം മെഡിക്കൽ കോളേജിലെ ഇലക്ട്രീഷ്യൻ വിഭാഗം ജീവനക്കാരനായിരുന്ന പ്രശാന്തിനെ ജോലിയിൽ നിന്ന് ആറുമാസം മുൻപാണ് ആരോ​ഗ്യവകുപ്പ് സസ്പെൻഡ് ചെയ്തത്. അച്ചടക്കലംഘനവും പെരുമാറ്റ ചട്ടലംഘനവും ചൂണ്ടിക്കാണിച്ചായിരുന്നു സസ്പെൻഷൻ.

ഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നാരോപിച്ച് പെട്രോൾ പമ്പ് ഉടമ ടി വി പ്രശാന്തിന്‍റെ പേരിൽ പരാതി തയ്യാറാക്കിയതിലും പ്രചരിപ്പിച്ചതിലും അടിമുടി ദുരൂഹതയാണ് നിലനിൽക്കുന്നത്. എകെജി സെന്‍ററിലെ ഓഫീസ് സെക്രട്ടറിയും ബന്ധുവുമായ ബിജു കണ്ടക്കൈക്ക് പരാതി വാട്സ് ആപ്പ് വഴി കൈമാറിയെന്നാണ് നവീൻ ബാബുവിന്‍റെ മരണത്തിൽ അന്വേഷണം നടത്തിയ ലാൻഡ് റവന്യു ജോയിന്‍റ് കമ്മീഷണർക്ക് പ്രശാന്ത് മൊഴി നൽകിയത്. വിജിലൻസിനോ മുഖ്യമന്ത്രിയുടെ ഓഫീസിലോ ഒരു പരാതിയും പ്രശാന്ത് നൽകിയിട്ടില്ല. ഇല്ലാത്ത പരാതിയുടെ പേരിലായിരുന്നു നവീൻ ബാബുവിനെതിരായ പ്രചാരണങ്ങൾ.

പെട്രോൾ പമ്പിന്‍റെ അനുമതിക്കായി നവീൻ ബാബുവിന് 98500 രൂപ നൽകിയെന്ന് ടിവി പ്രശാന്ത് ലാൻഡ് റവന്യൂ ജോയിൻറ് കമ്മീഷണർക്ക് നൽകിയ മൊഴിയിൽ ആരോപിക്കുന്നുണ്ട്. പക്ഷേ, പണം നൽകിയതിന് തെളിവില്ലെന്നാണ് മൊഴി. അനുമതി കിട്ടാൻ പണം നൽകിയെന്ന് പി പി ദിവ്യയോടും ബന്ധുവായ ബിജു കണ്ടക്കൈയോടും പറഞ്ഞു. ദിവ്യ പരാതി നൽകാൻ ആവശ്യപ്പെട്ടു. 2024 ഒക്ടോബര്‍ പത്തിന് പരാതി എഴുതിയെങ്കിലും അയച്ചില്ല. അന്ന് തന്നെ ബിജുവിനെ വിളിച്ചപ്പോഴും പരാതി നൽകാനാവശ്യപ്പെട്ടു.

പിറ്റേന്ന് പരാതി ബിജുവിന് വാട്സ് ആപ്പ് ചെയ്തു. പക്ഷെ ചില തിരുത്തലുകൾ ബിജു ആവശ്യപ്പെട്ടു. 12ന് തിരുത്തിയ പരാതിയും ബിജുവിന് വാട്സ്ആപ്പിൽ അയച്ചു. 14ന് വിജിലൻസിൽ നിന്ന് വിളിച്ചെന്നാണ് പ്രശാന്തിന്‍റെ മൊഴി. അപ്പോഴും പണം നൽകിയതിന് തെളിവില്ലെന്നാണ് പ്രശാന്ത് പറഞ്ഞത്. ഇതോടെ വാട്സ് ആപ്പിൽ നൽകിയ പരാതിയല്ലാതെ വിജിലൻസിനോ മുഖ്യമന്ത്രിക്കോ പ്രശാന്ത് പരാതി നൽകിയിട്ടില്ലെന്ന് മൊഴിയിൽ നിന്ന് വ്യക്തമാവുകയാണ്.

പത്തിന് തന്നെ പ്രശാന്ത് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നായിരുന്നു ഇടത് കേന്ദ്രങ്ങളുടെ പ്രചാരണം. പരാതി കിട്ടിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിരുന്നില്ല. പ്രചരിച്ച പരാതിയിലെ പ്രശാന്തിന്‍റെ പേരും ഒപ്പും വ്യാജമാണെന്നും തെളിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം വിജിലൻസും പരാതിയില്ലെന്ന് വ്യക്തമാക്കി. വിവാദ യാത്രയയപ്പിനുശേഷം പിപി ദിവ്യ കണ്ണൂർ കളക്ടറെ വിളിച്ച് നവീൻ ബാബുവിനെതിരെ സർക്കാരിന് പരാതി കിട്ടിയെന്ന് പറഞ്ഞിരുന്നു. അതായത് ആർക്കും കിട്ടാത്ത ഒരു പരാതിയാണ് പിപി ദിവ്യ അടക്കം നവീൻ ബാബുവിനെതിരെ ആയുധമാക്കിയത്. പരാതി തയ്യാറാക്കിയതും പ്രചരിപ്പിച്ചതുമെല്ലാം ആസൂത്രിതമാണെന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്. മരിച്ചിട്ടും ഈ പരാതി ഉയർത്തിയായിരുന്നു എഡിഎമ്മിനെ വേട്ടയാടിയത്.

ഇതുപോലൊരു അവസരം ഇനി ഒരിക്കലും നൽകില്ലെന്ന് കെഎസ്ഇബി ; വമ്പൻ ഇളവുകൾ പ്രഖ്യാപിച്ചു, ഈ അവസരം പാഴക്കല്ലേ…

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻറെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കെഎസ്ഇബി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. മന്ത്രിസഭ അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന 2025 മെയ് 20 മുതൽ മൂന്ന് മാസക്കാലം ഏറ്റവും മികച്ച ഇളവുകളോടെ ഉപഭോക്താക്കൾക്ക് തങ്ങളുടെ ദീർഘകാല കുടിശ്ശിക തീർക്കാൻ കഴിയും. വൈദ്യുതി വകുപ്പ് മന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി കെഎസ്ഇബി തയ്യാറാക്കിയത്.

ഉപഭോക്താക്കൾക്ക് തങ്ങളുടെ കുടിശ്ശിക അനായാസം അടച്ചുതീർക്കാനുള്ള സുവർണ്ണാവസരമാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ കെഎസ്ഇബി ഒരുക്കുന്നത്. രണ്ടു വർഷത്തിനുമേൽ പഴക്കമുള്ള കുടിശ്ശികകളാണ് ഈ പദ്ധതിയിലൂടെ തീർപ്പാക്കാൻ കഴിയുക. വൈദ്യുതി ബിൽ കുടിശ്ശിക കാരണം വിച്ഛേദിക്കപ്പെട്ട കണക്ഷനുകൾ കുടിശ്ശിക അടച്ചുതീർത്ത് പുനഃസ്ഥാപിക്കാനുമാകും.

10 കൊല്ലത്തിനു മുകളിൽ പഴക്കമുള്ള കുടിശ്ശിക തുകയുടെ 18 ശതമാനം നിരക്കിൽ വരുന്ന പലിശ പൂർണ്ണമായും ഒഴിവാക്കി നൽകും. അഞ്ച് മുതൽ 10 വർഷം വരെയുള്ള കുടിശ്ശിക തുകയ്ക്ക് 18 ശതമാനത്തിനു പകരം നാല് ശതമാനം, രണ്ടു മുതൽ അഞ്ചു വർഷം വരെയുള്ള കുടിശ്ശിക തുകയ്ക്ക് 18 ശതമാനത്തിനു പകരം ആറ് ശതമാനം എന്നിങ്ങനെ വളരെ കുറഞ്ഞ പലിശ നിരക്കിൽ ഒറ്റത്തവണയായി തീർപ്പാക്കാൻ കഴിയും.

പലിശ തുക ആറ് മാസത്തെ തുല്യഗഡുക്കളായി അടയ്ക്കാനും അവസരമുണ്ട്. കുടിശ്ശികയായ വൈദ്യുതി ബിൽ തുകയും പദ്ധതിയുടെ ഭാഗമായി ഇളവു കണക്കാക്കിയുള്ള പലിശ തുകയും ചേർത്ത് ഒറ്റത്തവണയായി അടച്ചുതീർക്കുന്നവർക്ക് ആദ്യമായി ബിൽ കുടിശ്ശികയിൽ (Principal Amount) അഞ്ച് ശതമാനം ഇളവും ലഭിക്കും. അതായത് ബിൽ കുടിശ്ശികയുടെ 95 ശതമാനം മാത്രം അടച്ചാൽ മതിയാകും. കെഎസ്ഇബി ഇത്രയേറെ ഇളവുകളോടെ കുടിശ്ശിക തീർപ്പാക്കാൻ അവസരമൊരുക്കുന്നത് ഇതാദ്യമാണ്.

റെവന്യൂ റിക്കവറി നടപടികൾ പുരോഗമിക്കുന്നതോ, കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകളും ഈ പദ്ധതിയിലൂടെ തീർപ്പാക്കാനാകും. കേബിൾ ടിവി ഉടമകളുടെ വൈദ്യുത പോസ്റ്റ് വാടക കുടിശ്ശികയും ഈ പദ്ധതിയുടെ ഭാഗമായി തീർപ്പാക്കാൻ അവസരമുണ്ട്. ലോ ടെൻഷൻ ഉപഭോക്താക്കൾക്ക് അതത് സെക്ഷൻ ഓഫീസിലും ഹൈ ടെൻഷൻ ഉപഭോക്താക്കൾ സ്‌പെഷ്യൽ ഓഫീസർ റവന്യൂ കാര്യാലയത്തിലുമാണ് ഈ സേവനം ലഭ്യമാവുക. https://ots.kseb.in എന്ന പ്രത്യേക വെബ്‌പോർട്ടൽ വഴിയും കുടിശ്ശികയുടെ വിശദാംശങ്ങൾ അറിയാനും പണമടയ്ക്കാനും അവസരമൊരുക്കും. പൂർണ്ണമായ കുടിശ്ശിക നിവാരണം ലക്ഷ്യമിട്ടാണ് ഇത്രയേറെ ഉദാരമായ വ്യവസ്ഥകളിലൂടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി അവതരിപ്പിക്കുന്നത്. ഇനി ഇത്തരമൊരു അവസരം ലഭ്യമാകുന്നതല്ല.

കോട്ടയത്ത് നിന്ന് മടങ്ങും വഴി ആശുപത്രിയിലേക്ക്,എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ കണ്ട് മുഖ്യമന്ത്രി

കോട്ടയം: ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ചികിത്സയിൽ കഴിയുന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ചങ്ങനാശ്ശേരി എൻഎസ്എസ് മിഷൻ ആശുപത്രിയിൽ എത്തിയാണ് സുകുമാരൻ നായരെ കണ്ടത്. കോട്ടയത്തെ പൊതു പരിപാടി കഴിഞ്ഞ് മടങ്ങു വഴിയാണ് മുഖ്യമന്ത്രി സുകുമാരൻ നായരെ കാണാൻ എത്തിയത്.

അക്ഷയ തൃതീയ ആവേശത്തിൽ സ്വർണ വിപണി

അക്ഷയ തൃതീയ ദിനത്തിൽ സ്വർണ വിപണിയിൽ കുതിപ്പ്. കഴിഞ്ഞ ദിവസം രാജ്യാന്തര സ്വർണവിലയിൽ ചാഞ്ചാട്ടം ഉണ്ടായി. ഔൺസിന് 22 ഡോളർ ഇടിഞ്ഞ് 3,313 ഡോളറിലാണ് ഇന്ത്യൻ സമയം ചൊവ്വ വൈകിട്ട് 8.20 വ്യാപാരം നടന്നത്. രാജ്യാന്തര വിലയിൽ ഓരോ ഡോളർ കുറയുമ്പോഴും കേരളത്തിൽ ഗ്രാമിന് ശരാശരി രണ്ടു രൂപയെങ്കിലും കുറയും.

സംസ്ഥാനത്ത് ചൊവ്വാഴ്ച ഗ്രാമിന് 40 രൂപ വർധിച്ച് വില 8,980 രൂപയും പവന് 320 രൂപ ഉയർന്ന് 71,840 രൂപയുമാണ്. ഇക്കുറി അക്ഷയതൃതീയക്ക് കേരളത്തിലെ സ്വർണാഭരണ വിൽപന 1,500 കോടി രൂപ കടന്നേക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. 2023ലും 2024ലും 1,500 കോടി രൂപ കടന്നിരുന്നു.

ഇത്തവണ താരതമ്യേന വില വൻതോതിൽ കൂടി നിൽക്കുന്നുണ്ടെങ്കിലും വിറ്റുവരവിനെ അതു ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. അക്ഷയതൃതീയക്ക് സ്വർണം വാങ്ങുന്നതിനായി മുൻകൂർ ബുക്കിങ്ങുകളും സജീവമായിരുന്നു. സ്വർണനാണയം, മോതിരം, കമ്മൽ, മൂക്കുത്തി എന്നിവയ്ക്കാണ് കൂടുതൽ ഡിമാൻഡ്.

സാധാരണ ദിനങ്ങളിൽ കേരളത്തിൽ ശരാശരി 250-300 കോടി രൂപയുടെ സ്വർണാഭരണ വിൽപന നടക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഓരോ സാമ്പത്തിക വർഷത്തെയും ശരാശരി വിറ്റുവരവ് ഒരു ലക്ഷം കോടി രൂപയും. അക്ഷയതൃതീയ ദിനത്തിൽ വിറ്റുവരവ് 1,000 കോടി രൂപ കവിയാറുമുണ്ട്. 2024ലെ അക്ഷയതൃതീയ ദിനമായ മേയ് 10ന് കേരളത്തിൽ പവൻവില 53,600 രൂപയും ഗ്രാം വില 6,700 രൂപയുമായിരുന്നു.

ഇത്തവണയും സംസ്ഥാനത്തെ ചെറുതും വലുതുമായ സ്വർണാഭരണശാലകളെല്ലാം അക്ഷയതൃതീയ ഓഫറുകളുമായി സജീവമാണ്. പണിക്കൂലിയിൽ ഇളവിനു പുറമെ ആകർഷക സമ്മാനങ്ങളും പല ജ്വല്ലറികളും വാഗ്ദാനം ചെയ്യുന്നു. സ്വർണത്തിനു പുറമെ വജ്രാഭരണങ്ങൾക്കും വെള്ളിയാഭരണങ്ങൾക്കും ഓഫറുകളുണ്ട്.

എന്താണ് അക്ഷയതൃതീയ?

ഭാരതീയ വിശ്വാസപ്രകാരം സര്‍വൈശ്വര്യത്തിന്റെ ദിനമാണ് അക്ഷയതൃതീയ. വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തൃതീയയാണിത്. ശുഭകാര്യങ്ങൾക്ക് ഏറ്റവും ഉത്തമമായ മാസമാണത്രേ വൈശാഖം. അക്ഷയതൃതീയ ദിനത്തിൽ ചെയ്യുന്ന സത്കർമങ്ങളുടെ ഫലം മോശമാകില്ലെന്നാണ് വിശ്വാസം. ഈ ദിവസം സ്വർണം, വസ്ത്രം, വീട്, വാഹനം തുടങ്ങിയവ വാങ്ങാൻ ഉത്തമമാണെന്നും വിശ്വസിക്കപ്പെടുന്നു.

ആന്ധ്രാപ്രദേശില്‍ ക്ഷേത്രമതില്‍ ഇടിഞ്ഞ് എട്ട് മരണം

ആന്ധ്രാപ്രദേശില്‍ ക്ഷേത്രമതില്‍ ഇടിഞ്ഞ് എട്ട് മരണം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വിശാഖപട്ടണത്തെ സിംഹാചലം ക്ഷേത്രത്തിലെ പുതുതായി നിര്‍മ്മിച്ച മതില്‍ ഇടിഞ്ഞാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

ചന്ദനോത്സവം ഉത്സവത്തിനിടെ 20 അടി നീളമുള്ള മതിലിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീഴുകയായിരുന്നു. ടിക്കറ്റ് കൗണ്ടറിനടുത്തുള്ള മതില്‍ 20 ദിവസം മുമ്പ് നിര്‍മ്മിച്ചതാണെന്നാണ് വിവരം. ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്) ടീമുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. അപകടത്തില്‍ പരിക്കേറ്റവരെ കിങ് ജോര്‍ജ് ആശുപത്രിയില്‍ (കെജിഎച്ച്) പ്രവേശിപ്പിച്ചു.
അപകട കാരണം വ്യക്തമല്ല. പ്രദേശത്ത് പുലര്‍ച്ചെ 2:30 നും 3:30 നും ഇടയില്‍ ശക്തമായ മഴ പെയ്തതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ശക്തമായ മഴയും കാറ്റും ഉണ്ടായതോടെ ഈ പ്രദേശത്ത് വലിയ വെള്ളക്കെട്ടുണ്ടായിരുന്നതായുമാണ് റിപ്പോര്‍ട്ട്.

ആന്ധ്രാപ്രദേശ് ആഭ്യന്തര മന്ത്രിയും ദുരന്തനിവാരണ മന്ത്രിയുമായ അനിത വന്ഗലപുടി രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കാന്‍ സ്ഥലത്തെത്തി. ചന്ദനോത്സവം ഉത്സവം അഥവാ ചന്ദന യാത്ര ഏപ്രില്‍ 30 നാണ് ക്ഷേത്രത്തില്‍ ആഘോഷിക്കുന്നത്.