21.5 C
Kollam
Saturday 20th December, 2025 | 08:04:22 AM
Home Blog Page 1113

‘എന്റെ മാനസികാവസ്ഥയും ജീവിതവും നിങ്ങളറിയണം’; കുറിപ്പുമായി കൊല്ലം സുധിയുടെ മകൻ

2023ൽ ആയിരുന്നു മലയാളത്തിന്റെ പ്രിയ കലാകാരൻ കൊല്ലം സുധിയുടെ അപ്രതീക്ഷിത വിയോ​ഗം. അതിന് ശേഷം ഭാര്യ രേണു രണ്ട് മക്കളടക്കമുള്ള കുടുംബത്തെ സഹായിക്കാൻ നിരവധി സന്നദ്ധ സംഘടനകൾ രം​ഗത്ത് വരികയും ഒരു വീട് വച്ച് നൽകുകയുമൊക്കെ ചെയ്തിരുന്നു. സുധിയുടെ ആദ്യ വിവാഹത്തിലെ മകനാണ് കിച്ചു എന്ന രാഹുൽ. കൊല്ലത്തൊരു ഇൻസ്റ്റിറ്റ്യൂട്ടിലാണ് രാഹുൽ ഇപ്പോൾ പഠിക്കുന്നത്. അതുകൊണ്ട് തന്നെ സുധിയുടെ വീട്ടിലാണ് രാഹുലുള്ളത്.

കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിൽ രാഹുൽ പങ്കുവച്ചൊരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അച്ഛന്റെ മരണത്തിനുശേഷം ജീവിതത്തിലുണ്ടായ ഉയർച്ചയും താഴ്ച്ചയും നിങ്ങളിലേക്കെത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും തന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തെ ജീവിതവും നേരിടേണ്ടിവന്ന പ്രതിസന്ധികളും അറിയണമെന്ന് തനിക്ക് തോന്നുന്നുവെന്നും രാഹുൽ പറയുന്നു. സുധിയ്ക്ക് ഒപ്പമുള്ള ഫോട്ടോയും രാഹുൽ പങ്കുവച്ചിട്ടുണ്ട്.

“പ്രിയപെട്ടവരെ, ഞാൻ രാഹുൽ ദാസ്,ഒരുപാട് പേർക്ക് എന്നേ അറിയാമെന്ന് വിശ്വസിക്കുന്നു. ഒരു പക്ഷെ അറിയില്ലെങ്കിൽ ഞാൻ എന്നെ ഒന്നു പരിചയപ്പെടുത്തട്ടേ. മരണപെട്ടു പോയ കൊല്ലം സുധിയുടെ മകൻ..എന്റെ പ്രിയ അച്ഛന്റെ മരണത്തിന് ശേഷം എന്റെ ജീവിതത്തിൽ ഉണ്ടായ ഉയർച്ചയും താഴ്ച്ചയും ഏറെ പ്രിയപെട്ടവരായ നിങ്ങളിലേക്ക് എത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തുള്ള ജീവിതവും എനിക്ക് നേരിടേണ്ടിവന്ന പ്രതിസന്ധി ഘട്ടങ്ങളും നിങ്ങൾ അറിയണമെന്ന് എനിക്ക് തോന്നുന്നു. അതിനായി ഒരു വീഡിയോയിലൂടെ നിങ്ങളുടെ മുന്നിലേക്ക് ഞാൻ വരട്ടെ….???”, എന്നാണ് രാഹുൽ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് രാഹുലിനെ പിന്തുണച്ച് രംഗത്ത് എത്തിയത്. പറയാനുള്ളത് എന്തായാലും തുറന്നു പറയണമെന്നും കേൾക്കാൻ തങ്ങൾ തയ്യാറാണെന്നുമാണ് പലരും കമൻറ് ചെയ്തിരിക്കുന്നത്.

കൊട്ടാരക്കരയിൽ കഴുത്തിന് വെട്ടേറ്റ് കിടപ്പുമുറിയിൽ ഓമനയുടെ മൃതദേഹം, മൂത്തമകളെ വിവരമറിയിച്ചത് പ്രതി തന്നെ

കൊല്ലം: കൊട്ടാരക്കര ചിരട്ടക്കോണത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. 74കാരിയായ ഓമനയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് കുട്ടപ്പനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴുത്തിന് വെട്ടേറ്റ നിലയിലാണ് കിടപ്പുമുറിയിൽ ഓമനയുടെ മൃതദേഹം ഉണ്ടായിരുന്നത്.

രാത്രിയിൽ ഭർത്താവ് വെട്ടുകത്തി കൊണ്ട് ഭാര്യയെ ആക്രമിക്കുകയായിരുന്നു. ഇവരുടെ മകൾ സ്വപ്നയും ഭർത്താവും തൊട്ടടുത്തുള്ള മുറിയിലുണ്ടായിരുന്നെങ്കിലും സംഭവം അറിഞ്ഞിരുന്നില്ല. ഓമന മരിച്ചെന്ന് കുട്ടപ്പൻ മറ്റൊരിടത്ത് താമസിക്കുന്ന മൂത്ത മകളെ ഫോൺ വിളിച്ച് പറയുകയായിരുന്നു. തുടർന്ന് വിവരം അറിഞ്ഞ് മകൾ സ്വപ്ന വാതിൽ തുടർന്ന് നോക്കിയപ്പോഴാണ് ഓമനയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.

ട്യൂഷൻ ക്ലാസിലെ 13കാരനോട് അധ്യാപികയ്ക്ക് പ്രണയം, തട്ടിക്കൊണ്ട് പോയി പീഡനം, പോക്സോ കേസിൽ 23കാരി അറസ്റ്റിൽ

സൂറത്ത്: പഠിപ്പിച്ചുകൊണ്ടിരുന്ന 13 കാരനെ തട്ടിക്കൊണ്ട് പോയി 23കാരിയായ അധ്യാപിക. ആറ് ദിവസത്തെ തെരച്ചിലിന് ഒടുവിൽ 13കാരനെ രക്ഷിച്ച് പൊലീസ്. അധ്യാപികയ്ക്ക് എതിരെ പോക്സോ കേസ്. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. അഞ്ച് വർഷത്തോളമായി 13കാരന് ട്യൂഷൻ നൽകിക്കൊണ്ടിരുന്ന അധ്യാപികയാണ് അറസ്റ്റിലായിട്ടുള്ളത്.

ഏപ്രിൽ 25നാണ് ഇവരെ കാണാതായത്. സൂറത്ത് റെയിൽവേ സ്റ്റേഷനിലെ സിസിടിവിയിൽ നിന്നായിരുന്നു ഒടുവിലായി ഇവരുടെ ദൃശ്യം ലഭിച്ചത്. ഗുജറാത്ത് രാജസ്ഥാൻ അതിർത്തിയിലുള്ള ഷംലാജിക്ക് സമീപത്ത് വച്ച് ഒരു ബസിൽ നിന്നാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. പീഡനം അടക്കമുള്ള വകുപ്പുകളാണ് 23കാരിയായ അധ്യാപികയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. പോക്സോ വകുപ്പും അധ്യാപികയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്.

ഏപ്രിൽ 26നാണ് ട്യൂഷൻ ക്ലാസിന് പോയ മകനെ കാണാതായെന്ന് 13കാരന്റെ പിതാവ് വിശദമാക്കുന്നത്. സംഭവത്തിന് പിന്നിൽ അധ്യാപികയാണെന്നും പരാതിയിൽ ആരോപിച്ചിരുന്നു. രാജസ്ഥാനിലെ ജയ്പൂരിൽ നിന്ന് ആഡംബര ബസിൽ ഇവർ ഗുജറാത്തിലേക്ക് മടങ്ങുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സൂറത്ത് പൊലീസ് ബസ് തടഞ്ഞ് പരിശോധന നടത്തിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തതും വിദ്യാർത്ഥിയെ രക്ഷിച്ചതും.

13കാരനുമായി അടുത്ത കാലത്ത് പ്രണയത്തിലായ അധ്യാപിക, കുട്ടിയുമായി ശാരീരിക ബന്ധവും പുലർത്തിയിരുന്നു. ഇത് കണ്ടെത്തിയതോടെയാണ് പോക്സോ അടക്കമുള്ള വകുപ്പുകൾ അധ്യാപികയ്ക്കെതിരെ ചുമത്തിയത്. തട്ടിക്കൊണ്ട് പോകലിനും അധ്യാപികയ്ക്കെതിരെ കേസ് ചുമത്തിയിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് അധ്യാപികയെ എസ്എംഐഎംഇആർ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന പൂർത്തിയാക്കിയിരുന്നു.

ട്രെയിനിൽ കയറാനായി അധ്യാപികയും 13കാരനും ഏറെ നേരം സൂറത്ത് റെയിൽവേ സ്റ്റേഷനിൽ കാത്തിരുന്നിരുന്നു. എന്നാൽ തിരക്ക് അധികമാണെന്ന് കണ്ടതോടെ ഇവർ ബസ് മാർഗമാണ് രാജസ്ഥാനിലേക്ക് പോയത്. വസ്ത്രവും സ്വകാര്യ സമ്പാദ്യമായ 25000 രൂപയും അധ്യാപിക കയ്യിൽ കരുതിയിരുന്നു. അഹമ്മദാബാദിലെത്തിയ ശേഷം ഹോട്ടലിൽ താമസിച്ച ശേഷമാണ് ഇരുവരും ദില്ലിയിലേക്കും ഇവിടെ നിന്ന് ജയ്പൂരിലേക്കും എത്തുകയായിരുന്നു.

ഉമ്മ ചക്ക മുറിക്കുന്നതിനിടെ കത്തിയ്ക്ക് മുകളിലേക്ക് വീണ് എട്ടു വയസുകാരന് ദാരുണാന്ത്യം

കാസര്‍കോട്: കാസർകോട് വിദ്യാനഗർ പാടിയിൽ ഉമ്മ ചക്ക മുറിക്കുന്നതിനിടെ കത്തിയ്ക്ക് മുകളിലേക്ക് വീണ് എട്ട് വയസുകാരന് ദാരുണാന്ത്യം. വിദ്യാനഗർ പാടി ബെള്ളൂറടുക്ക സ്വദേശി സുലേഖയുടെ മകൻ ഹുസൈൻ ഷഹബാസ് ആണ് മരിച്ചത്. കളിക്കുന്നതിനിടെ കാൽ തെന്നി അബദ്ധത്തിൽ കുട്ടി കത്തിയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു.

ഇന്നലെ രാത്രിയാണ് സംഭവം. ഇടത് നെഞ്ചിന് താഴെ ആഴത്തിൽ മുറിവ് പറ്റിയ കുട്ടിയെ ഉടൻ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഇരട്ട കുട്ടികളിൽ ഒരാളാണ് ഹുസൈൻ ഷഹബാസ്.കൊടുവാള്‍ ഘടിപ്പിച്ചുവെച്ച പലകയിൽ വെച്ചാണ് ചക്ക മുറിക്കുന്നത്. ഇതിലേക്കാണ് കുട്ടി വീണത്.

പ്രധാനമന്ത്രിയുടെ പരിപാടിയിൽ പ്രധാന താരമായി മോഹൻലാൽ; ഒപ്പം ബച്ചനും രജനിയും ചിരഞ്ജീവിയും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത വേവ്സ് എന്റർടെയ്ൻമെന്റ് സമ്മിറ്റിൽ പ്രധാന താരമായി മോഹൻലാൽ. മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഇന്ത്യയിലെ ആദ്യ വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടെയ്ൻമെന്റ് സമ്മിറ്റിൽ (WAVES) അമിതാഭ് ബച്ചൻ, രജനികാന്ത്, ഷാറുഖ് ഖാൻ, അക്ഷയ് കുമാർ, ചിരഞ്ജീവി അടക്കമുള്ള താരങ്ങൾ പങ്കെടുക്കുന്നുണ്ട്.

രജനികാന്ത്, ചിരഞ്ജീവി, ഹേമമാലിനി, അക്ഷയ് കുമാർ, മിഥുൻ ചക്രബർത്തി എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രം മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്. വേവ് സമ്മിറ്റിൽ പങ്കെടുക്കവെയാണ് ഈ ചിത്രം എടുത്തത്.

ഉച്ചകോടിയിൽ 42 പ്ലീനറി സെഷനുകൾ, 39 ബ്രേക്ക്ഔട്ട് സെഷനുകൾ, പ്രക്ഷേപണം, ഇൻഫോടെയ്ൻമെന്റ്, AVGC-XR, സിനിമ, ഡിജിറ്റൽ മീഡിയ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലായി 32 മാസ്റ്റർക്ലാസുകൾ സംഘടിപ്പിക്കുന്നു.

അക്ഷയ് കുമാർ മോഡറേറ്ററായി എത്തുന്ന ലെജെൻഡ്സ് ആൻഡ് ലെഗസീസ്: ദ് സ്റ്റോറീസ് ദാറ്റ് ഷെയ്പ്പ് ഇന്ത്യാസ് സോൾ എന്ന സെഷൻ പരിപാടിയുടെ ആകർഷണമാകും. അമിതാഭ് ബച്ചൻ, ഹേമാമാലിനി, മിഥുൻ ചക്രവർത്തി, രജനികാന്ത്, ചിരഞ്ജീവി എന്നിവർക്കൊപ്പം മോഹൻലാലും സ്പീക്കർമാരിൽ ഒരാളായി സെഷനിൽ പങ്കെടുക്കുന്നു.

പ്രതിവർഷം ഏറ്റവും കൂടുതൽ സിനിമകൾ നിർമിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ എന്നുള്ളതുകൊണ്ടുതന്നെ ഇന്ത്യയുടെ മീഡിയ ആൻഡ് എന്റർടൈൻമെന്റ് മേഖലയെ ലോക വേദിയിലേക്ക് ഉയർത്തുന്നതിനായി രൂപകൽപ്പന ചെയ്ത മികവുറ്റ പരിപാടിയായി വേവ്സ് എന്നതിൽ സംശയമില്ല. മാധ്യമ വിനോദ വ്യവസായത്തിൽ ചർച്ചകളും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാന വേദിയായിരിക്കും വേവ്സ്.

‘മാനവികതയ്‌ക്കെതിരായ പ്രവണതകളിൽ നിന്ന് യുവതലമുറയെ രക്ഷിക്കേണ്ടതുണ്ട്’; വേവ്സ് 2025 ഉച്ചകോടിയിൽ പ്രധാനമന്ത്രി

മുംബൈ: മാനവികതയ്‌ക്കെതിരായ പ്രവണതകളിൽനിന്നു യുവതലമുറയെ നാം രക്ഷിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈയിൽ നടന്ന വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടൈൻമെന്റ് സമ്മിറ്റ് 2025 (വേവ്സ് 2025) ഉച്ചകോടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലുടനീളമുള്ള വിവിധ മേഖലകളിൽനിന്നുള്ള പ്രമുഖരും കണ്ടന്റ് ക്രിയേറ്റേഴ്സും പങ്കെടുത്ത സമ്മേളന വേദിയിൽ ഇന്ത്യൻ നിർമിത ഡിജിറ്റൽ ഉള്ളടക്കത്തെക്കുറിച്ചും രാജ്യത്തെ സാമ്പത്തിക കുതിച്ചുചാട്ടത്തിലേക്കു നയിക്കാനുള്ള കണ്ടന്റ് ക്രിയേറ്റർമാരുടെ കഴിവിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ഇന്ത്യയിൽ ഇതാദ്യമായാണ് ഇത്തരത്തിലുള്ള ഒരു ഉച്ചകോടി നടക്കുന്നതെന്നും വേവ്സ് 2025 വേദിയിൽ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ഉച്ചകോടിയിൽ 42 പ്ലീനറി സെഷനുകൾ, 39 ബ്രേക്ക്ഔട്ട് സെഷനുകൾ, ഇൻഫോടെയ്ൻമെന്റ് അധിഷ്ഠിത എവിജിസി – എക്സ് ആർ പരിപാടികൾ, സിനിമകൾ, ഡിജിറ്റൽ മീഡിയ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലായി 32 മാസ്റ്റർ ക്ലാസുകൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ഭാവിയിൽ ‘വേവ്സ്’ എന്ന പേരിൽ ഡിജിറ്റൽ രംഗത്ത് അവാർഡുകൾ നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘സർഗ്ഗാത്മക ഉത്തരവാദിത്തം’ എന്ന ആശയത്തിൽ ഊന്നൽ നൽകിയാണ് മോദി ഉച്ചകോടിയിൽ സംസാരിച്ചത്. ‘‘ചില മനുഷ്യത്വ വിരുദ്ധ ആശയങ്ങളിൽനിന്നു യുവതലമുറയെ രക്ഷിക്കേണ്ടതുണ്ട്. കഥപറച്ചിലിന്റെ പുതിയ വഴികൾ ലോകം തിരയുകയാണ്. ‘ഇന്ത്യയിൽ സൃഷ്ടിക്കുക, ലോകത്തിനായി സൃഷ്ടിക്കുക’ എന്നതിന് ശരിയായ സമയമാണിത്. വേവ്സ് 2025 സർഗ്ഗാത്മകതയുടെ രാജ്യാന്തര ആഘോഷമാണ്. ഇന്ത്യയെ ഒരു രാജ്യാന്തര സർഗ്ഗാത്മക കേന്ദ്രമായി സ്ഥാപിക്കുകയാണ് വേണ്ടത്.’’ – നരേന്ദ്ര മോദി പറഞ്ഞു.

വഴക്കിനെ തുടർന്ന് പരസ്പരം കുത്തി; കുവൈത്തിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളികളായ ദമ്പതികളെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിർ ആശുപത്രിയിലെ നഴ്‌സായ കണ്ണൂർ സ്വദേശി സൂരജ്, ഡിഫൻസിൽ നഴ്‌സായ എറണാകുളം കീഴില്ലം സ്വദേശി ഭാര്യ ബിൻസി എന്നിവരെയാണ് അബ്ബാസിയായിലെ താമസിക്കുന്ന ഫ്ലാറ്റിൽ മരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്. ഇരുവരും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ ഫ്ലാറ്റിലെത്തിയതാണെന്നു സുഹൃത്തുകൾ പറഞ്ഞു.

ഓസ്‌ട്രേലിയയിലേക്കു ജോലി മാറാനുള്ള നടപടികൾ നടന്നുവരികയായിരുന്നു. ഇരുവരും വഴക്കിനെ തുടർന്ന് പരസ്പരം കുത്തിയതാണെന്നാണ് പ്രാഥമിക വിവരം. തമ്മിൽ തർക്കിക്കുന്നതും മറ്റും അയൽപക്കത്ത് താമസിക്കുന്നവർ കേട്ടതായി പറയുന്നു.

രാവിലെ കെട്ടിട കാവൽക്കാരൻ വന്നു നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും കൈയിൽ കത്തിയുണ്ടായിരുന്നുവെന്നും വിവരമുണ്ട്. പൊലീസും ഫൊറൻസിക് വിഭാഗവും സ്ഥലത്ത് എത്തി മറ്റു നടപടികൾ സ്വീകരിച്ചു. ദമ്പതികളുടെ മക്കൾ നാട്ടിലാണ്.

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ്

തിരുവനന്തപുരം: അക്ഷയ ത്രിദിയക്ക് ശേഷം സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ്. പവന് ഇന്ന് കുറഞ്ഞത് 1640 രൂപയാണ്. 70,200 രൂപയാണ് ഇന്ന് ഒരു പവൻ്റെ വില.

ഗ്രാമിന് ആനുപാതികമായി 205 രൂപയാണ് കുറഞ്ഞത്. 8775 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതലാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്.

ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. ആറുദിവസത്തിനിടെ 2800 രൂപ കുറഞ്ഞ ശേഷം കഴിഞ്ഞ ദിവസം പവന് 320 രൂപ വര്‍ധിച്ചിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും സ്വര്‍ണവില കനത്ത ഇടിവ് നേരിടുകയായിരുന്നു. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.

പുലിപ്പല്ല് കൈവശം വച്ചെന്ന കേസില്‍ റാപ്പര്‍ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് കോടതി

പുലിപ്പല്ല് കൈവശം വച്ചെന്ന കേസില്‍ റാപ്പര്‍ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് കോടതി. നിലവിലെ തെളിവുകള്‍ അനുസരിച്ച് കുറ്റകൃത്യം വനംവകുപ്പിന് തെളിയിക്കാനായില്ല. മാലയിലെ പുലിപ്പല്ല് യഥാര്‍ത്ഥമാണോയെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തണം . പെരുമ്പാവൂര്‍ ജെഎഫ്സിഎം കോടതിയുടെ ജാമ്യ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അതേസമയം പുലിപ്പല്ല് കേസിൽ അന്വേഷണം തത്കാലം തുടരേണ്ടതില്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർക്കിടയിൽ ധാരണ . വകുപ്പ് മന്ത്രിയുടെ നിലപാട് സേനയുടെ വീര്യം കെടുത്തിയെന്നാണ് ഉദ്യോഗസ്ഥർക്കിടെയിലെ അഭിപ്രായം. മന്ത്രിയുടേത് കയ്യടിക്കുവേണ്ടിയുള്ള നിലപാട് മാറ്റം എന്നും വിമർശനം.

പൊതുസമൂഹത്തിന്‍റെ വികാരം മാനിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ബാധ്യതയുണ്ടെന്നും സുരേഷ് ഗോപിക്കും മോഹൻലാലിനോടും കാണിക്കുന്നത് നീതിയാണെങ്കിൽ അത് വേടനും ലഭിക്കണമെന്നുമാണ് വനംമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞത്. പുലിപ്പല്ല് ആരാധകൻ നൽകിയതാണോ എന്നത് വേടൻ കോടതിയിൽ തെളിയിക്കണമെന്നായിരുന്നു വനംമന്ത്രി കഴിഞ്ഞ ദിവസത്തെ പ്രതികരണം.

കേസിൽ ഇന്നലെ വേടന് ജാമ്യം ലഭിച്ചിരുന്നു. പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം നല്‍കരുതെന്ന വനംവകുപ്പിന്‍റെ ആവശ്യം കോടതി തള്ളുകയായിരുന്നു. കർശന ഉപാധികളോടെയാണ് വേടന് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണം, കേരളം വിട്ടു പുറത്തു പോകരുത്, ഏഴുദിവസത്തിനുള്ളിൽ പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം, എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം.

അടിനാശം വെള്ളപ്പൊക്കം:  ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നടി ശോഭന ലോഞ്ച് ചെയ്തു

അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിന് ശേഷം സംവിധായകൻ എ ജെ വർഗീസ് ഒരുക്കുന്ന പുതിയ ചിത്രമാണ് അടിനാശം വെള്ളപ്പൊക്കം. ഉറിയടി ആണ് എജെ വർഗീസിന്റേതായി ഒടുവിലെത്തിയ ചിത്രം. അടിനാശം വെള്ളപ്പൊക്കം എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. മലയാള സിനിമയിലേക്ക് ഒരു പുതിയ നിർമാണ കമ്പനിയുടെ വരവും ഈ സിനിമയിലൂടെ അടയാളപ്പെടുത്തുകയാണ്. സൂര്യ ഭാരതി ക്രിയേഷൻസിൻ്റെ ബാനറിൽ മനോജ് കുമാർ കെ പി ആണ് ചിത്രം നിർമിക്കുന്നത്. നടി ശോഭനയാണ് ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ ലോഞ്ച് ചെയ്തത്. ആർ ജയചന്ദ്രൻ, എസ് ബി മധു, താര അതിയേടത്ത് എന്നിവരാണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, മഞ്ജു പിള്ള, ജോൺ വിജയ്, അശോകൻ, ബാബു ആൻ്റണി, പ്രേം കുമാർ, ശ്രീകാന്ത് വെട്ടിയാർ, വിനീത് മോഹൻ, സഞ്ജയ് തോമസ്, സജിത് തോമസ്, അരുൺ പ്രിൻസ്, ലിസബത് ടോമി, രാജ് കിരൺ തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.